Wednesday, September 18, 2013

ജിബ്രാനെ സ്നേഹിച്ച ഷെൽവി


"വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി. കണ്ണീരിന്റെ ആ നദി ഓരോരുത്തരുടെയും ഉള്ളിലൂടെയാണ്" (ഷെൽവി എന്ന പുസ്തകം). ഡയ്സിയുടെ വാക്കുകളിലെ ദുഃഖം അത്  കാണാതിരിക്കാൻ ഒരു വായനക്കാരനും സാധിക്കില്ല. ആ വാക്കുകളിൽ അത്രത്തോളം തീവ്രതയും തീഷ്ണതയുമുണ്ട്. ഈ നദിയുടെ ഓളങ്ങൾ എന്റെ മനസ്സിനെയും തട്ടിയുണർത്തി. വർഷങ്ങൾക്കു മുമ്പുള്ള എന്റെ ഓർമ്മകൾ വീണ്ടും ഇവിടെ ജീവിക്കുകയാണ്.

ഠിക്കുന്ന കാലം ഞങ്ങൾ കുറച്ചു കൂട്ടുകാർ ചേർന്ന് കോളേജ്  ഹൊസ്റ്റലിൽ  നിന്നും  കോഴിക്കോട് ടൌണിലേക്ക് ബസ്സ്  കയറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബസ്സിറങ്ങി.  സ്റ്റേഷനിൽ നിന്നും മൾബറിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മിഠായി തെരുവിലൂടെ ഞങ്ങൾ നടന്നു പഴയ കെട്ടിടങ്ങൾ നിറഞ്ഞ  തിരക്കേറിയ തെരുവ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റോഡിനരുകിലായി നിറയെ വഴിവാണിഭക്കാർ  തുണികളും പാത്രങ്ങളും ചെരിപ്പുകളും നിരത്തി വെച്ചിരുക്കുന്നു. രാധാ തിയ്യേറ്റർ പരിചയമുള്ളത് കൊണ്ട് ഞങ്ങൾക്ക് മൾബറി കണ്ടത്തുക വലിയ പ്രയാസമായിരുന്നില്ല. രാധയോടു ചേർന്നുള്ള  ആര്യ ഭവനിലായിരുന്നു മൾബറി.  മൾബറി സന്ദർശിക്കുക  ജിബ്രാന്റെ പുസ്തകങ്ങൾ വാങ്ങുക അതായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

തിയ്യേറ്ററിനടുത്തത്തിയപ്പോൾ അവിടെ നീണ്ട ക്യു കണ്ടു. ഏതോ  നല്ല പടം കളിക്കുന്നു "ചില  കൂട്ടുകാർ പറഞ്ഞു " നമുക്ക് സിനിമ കണ്ടതിനു ശേഷം മൾബറിയിൽ പോകാം. ഞാൻ പറഞ്ഞു ഞാൻ വരുന്നില്ല. ഞാൻ നേരെ മൾബറിയിലേക്ക് നടന്നു ഒരു പഴയ  കെട്ടിടം അതാണ്‌ ആര്യ ഭവൻ. അതിലായിരുന്നു മൾബറി. ഇരുപത്തഞ്ചാം നമ്പർ മുറി.  മുറിയിൽ  നിറയെ  പുസ്തകങ്ങൾ അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ഒരു ലോകം. പുറത്തു വലിയ ജനത്തിരക്കും ശബ്ദ കോലാഹളങ്ങളുമുണ്ടങ്കിലും  അതൊന്നും അവിടെ കേൾക്കുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം.  കോഴിക്കോടുള്ള  മറ്റു പ്രസാധനാലയത്തിൽ  നിന്നും വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത എനിക്കവിടെ അനുഭവപ്പെട്ടു. മനസ്സിന് വല്ലാതെ ഒരു അനുഭൂതി, ആകർഷകമായ പുസ്തകങ്ങൾ ഓരോ പുസ്തകങ്ങളും ഞാൻ മാറി മാറി  നോക്കി. ഒടുവിൽ പ്രവാചകന്റെ  വില ചോദിച്ചു. ഒപ്പം ഒന്ന് രണ്ടു പുസ്തകങ്ങൾ വേറെയുമെടുത്തു.

പുസ്തകത്തിനു ഡിസ്കൌണ്ട്  ഉണ്ടോ  എന്ന് ഞാൻ ചോദിച്ചു.  ഇത് കേട്ട പുസ്തകക്കെട്ടുകളുടെ മൂലയിൽ ഇരിക്കുന്ന ഇരുണ്ട നിറമുള്ള ഒരാൾ എന്നെ അടുത്ത് വിളിച്ചു. ഞാൻ  അയാളുടെ അടുത്തു ചെന്നു. അയാൾ എന്റെ പേര് ചോദിച്ചു.  കുറച്ചു നേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. സംസാരത്തിനിടയിൽ കൂട്ടുകാരെ പറ്റി അദ്ദേഹത്തോട് ഞാൻ പറഞ്ഞു "ഞങ്ങൾ  ജിബ്രാന്റെ പ്രവാചകൻ വാങ്ങാൻ  വന്നതാണ്". കൂട്ടകാരോടൊപ്പം സിനിമ കാണാൻ പോകതിരുന്നതിനെ പറ്റി അയാൾ  എന്നോട് ചോദിച്ചു. "ആ ടിക്കറ്റിന്റെ പൈസയ്ക്ക് ഒരു പുസ്തകം വാങ്ങാമല്ലോ"   ഞാൻ പറഞ്ഞു. എനിക്ക് ജിബ്രാനെ ഇഷ്ടമാണ്. ഞാൻ ജിബ്രാനെ പഠിച്ചു  കൊണ്ടിരിക്കുകയാണ്  കുറച്ചു പുസ്തകങ്ങൾ വാങ്ങണം. ജിബ്രാന്റെ ഒടിഞ്ഞ ചിറകുകൾ (അജ്നിഹത്തുൽ മുതകസ്സിറഹ്  ബ്രോകൻ വിങ്ങ്സ്) ഞാൻ വായിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന അറബിയിലുള്ള ജിബ്രാന്റെ പുസ്തകങ്ങളെ പറ്റി അദ്ദേഹത്തോട്  പറഞ്ഞു. "ജിബ്രാനെ പറ്റി മറ്റെന്തു അറിയാം" അയാൾ ചോദിച്ചു.

"1883ല്‍ ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് ജിബ്രാന്  കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം. പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍,  ആത്മാവിന്റെ രോദനം  എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯‍ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും മോസിയാദയും ജിബ്രാനും ആശയവിനിമയം നടത്തി".

എല്ലാം കേട്ടതിനു ശേഷം എന്റെ കൈ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു നന്നായി പഠിക്കൂ. അയാളുമായുള്ള സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. ഒഴിവു സമയങ്ങൾ നഷ്ടപ്പെടുത്താതെ വായനക്ക് വേണ്ടി ചിലവയിക്കാൻ എനിക്കത് പ്രേരണയായി. ഞാൻ പുസ്തകത്തിന്റെ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ വിളിച്ചു പറഞ്ഞു. അയാളോട് പൈസ വാങ്ങിക്കേണ്ട. എന്റെ സംസാരം അയാൾക്ക്‌ ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല പൈസ വാങ്ങിക്കാതെ പ്രവാചനടക്കം ഒന്ന് രണ്ടു  പുസ്തകങ്ങൾ വേറെയും അയാൾ എനിക്ക് തന്നു.

മള്‍ബറിയുടെ ജീവനായ ഷെൽവിയോടാണ്  ഞാൻ സംസാരിച്ചതെന്നു പിന്നീടാണ് മനസ്സിലായത്. പിന്നീട് മള്‍ബറിയിൽ പോകുമ്പോഴൊക്കെ  പ്രൂഫുകൾ വായിച്ചിരിക്കുന്ന ഷെല്‍വിയെ കാണാറുണ്ട്‌. അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ലോകത്ത് നിന്നും അറിവിന്റെ വാതായനങ്ങൾ തുറന്നു വായനാ ലോകത്തെ  വിസ്മയത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ  തന്ത്രങ്ങൾ  മെനയുന്ന ഒരാളായിട്ടാണ് എനിക്കദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. കിംഗ്‌ മെമ്പർ ഷിപ്പിലൂടെ കൂടുതൽ വായനക്കാരെ സൃഷ്ടിക്കാനും വായനയെ ജീവിപ്പിക്കാനും ഷെൽവിക്ക്  കഴിഞ്ഞു, തപാൽ മൂലം പുസ്തകങ്ങൾ എത്തിക്കാനും മെമ്പർ മാരുടെ ഫോട്ടോസ് അടങ്ങിയ പുസ്തക കതലോഗ്സ്  അംഗങ്ങൾക്കയച്ചു കൊടുക്കാൻ ഷെൽവി  ശ്രമിച്ചു. അവർക്ക് സമയത്ത് തന്നെ പുസ്തകമെത്തിക്കാനും പുതിയ വിവരങ്ങൾ അറിയാനും അതിലൂടെ കഴിഞ്ഞു. ഓണ്‍ലൈൻ എത്തുന്നതിനു മുമ്പേ ഈ ഒരു രീതിയിലൂടെ  വായനക്കാർക്ക് പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ  എത്തിക്കാൻ ഷെൽവിയുടെ  ഈ പ്രവർത്തനം  കൊണ്ട്  കഴിഞ്ഞു. 

വ്യത്യസ്തവും ആകര്‍ഷകവുമായ നവീനാശയങ്ങള്‍ ഉൾകൊള്ളുന്ന ആധുനിക പുസ്തകങ്ങള്‍ നിരവധി മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. സംസ്കാരങ്ങളുടെ കഥ പറയുന്ന മഹാഗ്രന്ഥങ്ങള്‍ തുടങ്ങി നവീനാശയങ്ങള്‍ വെളിച്ചം പകരുന്ന ഒരു പാട് ആധുനിക പുസ്തകങ്ങളും അന്യഭാഷാ പുസ്തകങ്ങളുടെ പരിഭാഷകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നാം ലോക കഥ, ഭൂമിയുടെ മനസ്സിൽ, മാധവിക്കുട്ടിയുടെ കവിതകൾ ഇവയായിരുന്നു ആദ്യ കാല പ്രസിദ്ധീകരണങ്ങൾ, കാഫ്കയെയും നെരൂദയെയും കാന്റിനെയും ജിബ്രാനെയും മള്‍ബറിയിലൂടെ  മലയാളി അറിഞ്ഞു. ഖലീൽ ജിബ്രാൻ (നാടോടി, അവധൂതന്റെ മൊഴി), ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ, നിഷേധികൾ പ്രവാചകന്റെ ഉദ്യാനം, അലഞ്ഞു തിരിയുന്നവർ, എന്നിവ  ജിബ്രാന്റെ മള്‍ബറിയുടെ 89, 98 കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. യതിയുടെ ഒരു പാട് പുസ്തകങ്ങൾ അദ്ദേഹ പ്രസിദ്ധപ്പെടുത്തി. വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ മാർഗവും  വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി ശ്രമിച്ചു. ഇക്കാരണത്താൽ  തന്നെ മികച്ച പുസ്‌തകനിര്‍മ്മിതിക്കുള്ള ദര്‍ശന അന്തര്‍ദ്ദേശീയ പുരസ്‌കാരം മൂന്നുതവണ മള്‍ബറിക്ക് ലഭിച്ചു.  ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും മള്‍ബറികു ലഭിച്ചു. പുസ്തക പ്രസാധനത്തില്‍ ഒരു പാട് നല്ല നല്ല  മാറ്റങ്ങള്‍ വരുത്താൻ ഷെൽവിക്കു കഴിഞ്ഞു. പഴയ  പുസ്തകനിര്‍മാണ രീതികളെ ഷെല്‍വി മള്‍ബറിയിലൂടെ മാറ്റി. ആകർഷകമായ ലേഔട്ട്‌, കവർ, സ്പയിൻ, പേജ് സെറ്റിംഗ്സ് തുടങ്ങിയ പുസ്തകത്തിന്റെ മട്ടിലും കെട്ടിലും വരെ ഷെൽവി ശ്രദ്ധിച്ചു, പുസ്തകം അതിന്റെ ഉൾകാമ്പിനു പുറമേ കാഴ്ചയിലും മനോഹരമായിരിക്കണം എന്ന  കണിശത അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുസ്തകപ്രസാധനത്തില്‍ കാണുന്ന പല  നവീന രീതികല്ക്കും തുടക്കം കുറിച്ചത്  ഷെൽവിയാണെന്ന് പറയാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുസ്തക പ്രസിദ്ധീകരണ രംഗത്ത് പേരെടുക്കാൻ മള്‍ബറിക്ക് കഴിഞ്ഞു.  പ്രസാധന രംഗത്ത്  തന്റെ പേരടയാളപ്പെടുത്തി  വളരെ പെട്ടെന്ന്  തന്നെ  ഷെൽവി നമ്മെ  വിട്ടു  പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 2003 ഓഗസ്റ്റ് 21-നായിരുന്നു ഷെൽവി നമ്മെ വിട്ടു പിരിഞ്ഞത്.

എന്ത് കൊണ്ട് ഷെൽവി അന്ന് എന്നോട് പൈസ വാങ്ങിയില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും, പിന്നീട് ഡെയ്സിയുടെ പുസ്തകത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു. ''ഞാന്‍ പുസ്‌തകങ്ങളെയാണ്‌ നിര്‍മിക്കുന്നത്‌. മത്തിക്കച്ചോടമല്ല നടത്തുന്നത്‌'' എന്ന  അദ്ദേഹത്തിന്റെ വാക്കുകൾ " പുസ്‌തകപ്രസാധനമെന്ന കലയെ വില്‍പനച്ചരക്കാക്കാന്‍ ഷെൽവി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.  വായനയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധയും. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഈ സമീപനമാണോ അദ്ദേഹത്തെ തകർത്ത് കളഞ്ഞത് എന്ന് പലരും  സംശയിക്കുന്നു. പല എഴുത്തുകാരെയും നശിപ്പിച്ചതുപോലെ തുടര്‍ച്ചയായ മദ്യപാനവും ബിസിനസിലുള്ള അശ്രദ്ധയുമാണ് ഷെല്‍വിയുടെ പരാജയത്തിനു കാരണമെന്ന് പലരും വിലയിരുത്തുന്നു. ഷെല്‍വിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യപാനശീലമായിരുന്നു എന്ന് ഡെയ്‌സി തന്നെ പറയുന്നുണ്ട്. "മദ്യപാനം എഴുത്തുകാരിൽ കണ്ടു വരുന്ന കൂടപ്പിറപ്പായ ഒരു ശീലമാണ്. ഒമർഖയ്യാം വരെ പാന പാത്രം നിറയെ ചുവന്ന വീഞ്ഞ്, സഖീ, പിന്നെയരികിൽ നീയും, ഈ കവിതയുമുണ്ടങ്കിൽ സ്വർഗമെന്തിനു വേറെ എന്ന് പാടിപ്പോയിട്ടുണ്ട്. മദ്യം മനുഷ്യനെ കുടിക്കാതിരുന്നാൽ മതി. പക്ഷെ, കർക്കിടക മഴയിൽ ബിയർ കഴിക്കണമെന്ന തോന്നാൻ തുടങ്ങിയാൽ പിന്നെ ആ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല". (ഷെൽവി എന്ന പുസ്തകം) ഡേയ്സിയുടെ ഈ വാക്കുകൾ മദ്യത്തിൽ അടിമപ്പെടുന്ന ഏതു രംഗത്തുള്ളവർക്കും വലിയൊരു പാഠമാണ്. 

ജിബ്രാൻ എന്ന എഴുത്തുകാരനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അതായിരിക്കും മറ്റൊരു കാരണം എന്ന് ഡേയ്സിയുടെ  ഈ വാക്കുകളിൽ നിന്നും മനസ്സിലാവുന്നു   "ഷെൽവി പറഞ്ഞിട്ടാണ് ഞാൻ ജിബ്രാന്റെ മോസിയാദക്കെഴുതിയ കത്തുകൾ വായിക്കുന്നത്. ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ തുടങ്ങിയ കവിതകളിലെ ജിബ്രാനെക്കാൾ അനുരാഗത്തിന്റെ ചൂടും വെളിച്ചവുമേറ്റ ജിബ്രാനെ ഞാനവിടെ വെച്ചു കണ്ടു " (ഷെൽവി എന്ന പുസ്തകം).  ജിബ്രാന്റെയും മോസിയാദയുടെ എഴുത്തുകൾ അവർ തമ്മിലുള്ള പ്രേമബന്ധം ഏറെ ശക്തി പ്പെടുത്തിയിരുന്നു എന്നത് ഡേയ്സിയുടെ പുസ്തകത്തിൽ നിന്നും വായിക്കാൻ പറ്റുന്നുണ്ട്. "ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?" മോസാദയുടെ ഈ കത്ത് ഇവിടെ വായനക്കാരെ സ്നേഹത്തിനപ്പുറം മറ്റു അർഥ തലങ്ങളിലേകാണ് കൂട്ടി കൊണ്ട് പോകുന്നത്. 

നല്ലൊരു പ്രാസധകൻ എന്നത് പോലെ ഷെൽവി നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു മറ്റുള്ളവരുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നതിനിടയിൽ സ്വന്തം പുസ്തകം പബ്ലിഷ്  ചെയ്യാൻ പലപ്പോഴും അദ്ദേഹത്തിനു സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ "നൊസ്റ്റാൽജിയ" ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ടിക്കുന്നു, നമ്മുടെ ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കവിതയിൽ തന്റേതായ ഒരു വ്യക്തി  മുദ്ര അദ്ദേഹം പതിപ്പിച്ചു, വാക്കുകളുടെ ഭംഗിയും വർണനകളും  വായനക്കാരെ വല്ലാതെ ആക൪ഷിച്ചിരുന്നു. കവിതയിൽ ദുഖവും സന്തോഷവും ജീവിതവും മരണവും എല്ലാം ഇടകലർന്നിരുന്നു.  ഷെൽവിയുടെ മനസ്സിൽ എന്നും കവിതയുടെ കനൽക്കട്ടയുണ്ടായിരുന്നു  പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും കാല്പനികതയ്ക്കപ്പുറം മറ്റെന്തോ ആയി അദ്ദേഹത്തിൻറെ കവിതയിൽ പരിണമിച്ചു.

ഷെൽവി കവിതയെ സ്നേഹിച്ചത് പോലെ സംഗീതത്തെയും ഒരു പാട് സ്നേഹിച്ചിരുന്നു സംഗീതവും അദ്ദേഹത്തിനു ജീവനായിരുന്നു, കിഷോ൪ കുമാറും ജഗത് സിങ്ങും ചിത്രാസിങ്ങും ഒക്കെ നിറഞ്ഞ ഒരു  രാഗ പ്രപഞ്ചം ഷെഹനായി എന്ന് പേരിട്ട വീട്ടിൽ നിറഞ്ഞതായി ഡെയ്സി പറയുന്നു.

ഷെല്‍വി നമ്മെ വിട്ടു പിരിഞ്ഞിട്ട് പത്തു  വർഷം കഴിഞ്ഞു.  ഷെല്‍വിയുടെ പബ്ലിക്കേഷന്‍സിലൂടെ മുഖ്യധാരയിലെത്തിയ പലരും ഷെൽവിയെ മറന്നു എന്നത് ഒരു ദുഃഖ സത്യമാണ്. ഷെല്‍വിയെക്കുറിച്ചു "ഷെൽവി എന്ന പുസ്തകം" എഴുതിയത് ഡെയ്സി തന്നെയാണ്, ഒരു പാട് കാര്യങ്ങൾ ഡെയ്സി അതിൽ   പ്രതിപാതിക്കുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടത്തിനപ്പുറം മനസ്സലിയിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ ഡെയ്സി പറയുന്നുണ്ട്,  വീ ആർ സുദീഷിന്റെ വാക്കുകൾ അതിന്റെ ആഴം നമുക്ക് വ്യക്തമാക്കിത്തരുന്നു  ഡെയ്സി എഴുതുന്നു:""വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി."" പ്രിയപ്പെട്ട ഡെയ്സീ, ആത്മാവിലൂടെ ഒഴുകുന്ന അദൃശ്യയായ ആ നദി ഈ പുസ്തകത്തില്‍ ഞാന്‍ കാണുന്നു. ഡെയ്സി പറയുന്നതുപോലെ പ്രണയമായാലും വിവാഹമായാലും വൈധവ്യമായാലും ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഡെയ്സി എഴുതാതെ പോയ ഷെല്‍വിയുടെ ജീവിതാധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ ഞാന്‍ വായിക്കുന്നുണ്ട്. എന്തുകൊണ്ട് അത് എഴുതാതെ പോകുന്നു എന്ന് നന്നായി തിരിച്ചറിയുന്നുണ്ട്. പലപ്പോഴും ഈ പുസ്തകത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ എന്നെ കരയിച്ചു". സുദീഷിനെ പോലെ ഈ പുസ്തകം വായിക്കുന്ന ആരെയും കരയിപ്പിക്കും എന്നതിൽ സംശയമില്ല.

ആരെയും ആകർഷിക്കുന്ന ഷെല്ലിയുടെ മനോഹരമായ ചില വരികൾ
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്‌
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ്‌ ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ്‌ ഓരോര്‍മ്മയാകുന്നു


മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്‌-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്‌
എല്ലാം...

അദ്ദേഹത്തിന്റെ  ആത്മാവിനു  നിത്യശാന്തി  ലഭിക്കട്ടെ

Thursday, September 5, 2013

നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും ചരിത്ര ശേഷിപ്പുകളും

പ്രവാസി വർത്തമാനം
നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും
ചരിത്ര ശേഷിപ്പുകളും  

പ്രശസ്ത സിറിയൻ കവി നിസാർ  ഖബ്ബാനി ഒരിക്കൽ പാടി ....
ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ   
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ   
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിന്റെ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ

അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.  കിഴക്കു ഭാഗത്ത് ഇറാഖ്, തെക്കു ജോർദ്ദനും പടിഞ്ഞാറുഭാഗത്ത് ലബ്നാനും  തെക്ക്  പടിഞ്ഞാറ് ഇസ്രായേലും  വടക്കുഭാഗത്ത് തുർക്കിയുമാണ്. തലസ്ഥാന നഗരം  ദമാസ്കസ്. ഇന്ന് സിറിയൻ തെരുവുകളിൽ രക്തവും കണ്ണ് നീരും നീർചാലുകളായി ഒഴികിക്കൊണ്ടിരിക്കുന്നു. കുട്ടികൾ അനാഥരാകുന്നു. സ്ത്രീകൾ വിധവകളാകുന്നു. കെട്ടിടങ്ങൾ  ചാമ്പലാക്കപ്പെടുന്നു, മാനവിക സ്നേഹത്തിന്റെ  സർവ്വ മൂല്യങ്ങളും  നഷ്ടമാവുന്നു, ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ലക്ഷക്കണക്കിന്‌ ജനങ്ങൾ അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നു. വീടും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഓടിപ്പോകുന്ന സ്ത്രീകളെയും വൃദ്ധന്മാരെയും ഉൾകൊള്ളാൻ പറ്റാത്ത വിധം ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു, അവരുടെ ഉരുകുന്ന വേദനകളും കണ്ണുനീരും തളം കെട്ടി നില്ക്കുകയാണ്. ആഭ്യന്തര കലാപംമൂലം എത്ര നിരപരാധികരികളായ പാവങ്ങളാണ് മരിച്ചു വീഴുന്നത്, എത്ര ഗ്രാമങ്ങളും പട്ടണങ്ങളും വീടുകകളുമാണ്  നശിക്കുന്നത്. രാസായുധങ്ങൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ട  കുഞ്ഞുങ്ങളുടെ മുഖം മറക്കാൻ ആർക്കു കഴിയും. ഒരു വ്യവസ്ഥിക്കെതിരെയുള്ള  സമരത്തിനും യുദ്ധത്തിനും വില കൊടുക്കുന്നത് എത്ര എത്ര മനുഷ്യ ജീവനാണ്,  ഇനിയുമൊരു  യുദ്ധത്തിനു ആ നാടിനു ശേഷിയുണ്ടോ,  യുദ്ധത്തിനു പദ്ധതിയിടുന്ന ലോക ശക്തികൾ  കണ്ണ്  തുറക്കേണ്ടിയിരിക്കുന്നു.

ആഭ്യന്തര കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന മനുഷ്യ ജീവനു  വില കല്പിക്കാതെയോ അതിൽ പ്രയാസമില്ലതെയൊ അല്ല ഈ കുറിപ്പ് എഴുതുന്നത് മനസ്സു മുഴുവൻ അവിടെ മരിച്ചു വീഴുന്ന കുട്ടികളിലും സ്ത്രീകളിലുമാണ്.

ചരിത്രത്തിന്റെ ചിറകിലേറി സിറിയക്കു  മുകളിലൂടെ പറക്കുമ്പോൾ കാണാൻ നഷ്ടങ്ങൾ മാത്രം, എങ്ങും വിഷാദിച്ചിരിക്കുന്ന  സന്ധ്യകളും  പ്രഭാതങ്ങളും, വെറുങ്ങലിച്ചു നില്ക്കുന്ന ദുഖത്തിന്റെ നിഴല്പാടുകളും മാത്രം. അരുവികളുടെയും മലകളുടെയും ചുണ്ടിൽ ശോക ഗാനത്തിന്റെ ഈരടികൾ മാത്രം, ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ സഞ്ചരിച്ചാൽ ഒരു പാട് നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകൾ കണ്ടത്താൻ നമുക്ക് കഴിയും  യുഗ യുഗാന്തരങ്ങളായി കാത്തു സൂക്ഷിച്ച  സ്മാരകങ്ങളും ചരിത്രാവിഷിടങ്ങളും ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാവുന്നത് മനുഷ്യകുലത്തിന്റെ അടിവേരുകൾ തന്നെയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മധ്യവയവസ്കരുടെയും യുവാക്കളുടെയും വൃദ്ധരുടെയും കരച്ചിലുകളോടൊപ്പം തന്നെ ചരിത്രാതീത കാലത്തിന്റെ സംസ്കാരങ്ങളുടെയും സ്മാരകങ്ങളുടെയും പൈത്രുകങ്ങളുടെയും തേങ്ങലുകൾ അവിടെ നിന്നും കേൾക്കാം. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരുപാട്  ഭരണ മാറ്റങ്ങളും വ്യവസ്ഥിതി മാറ്റങ്ങളും ഉണ്ടായതായി കാണാം. അതൊക്കെ അവിടെ  അടയാളപ്പെടുതിയതായും  നമുക്ക് കാണാം, ആ മാറ്റങ്ങളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളും നാഗരിതകളും അവിടെ  ഉയര്ന്നു വന്നു. പക്ഷെ ഇന്ന് ആ അവസ്ഥ ആകെ മാറുകയാണ്,   ഷെല്ലും ബോംബും  ഉപയോഗിച്ചു കൊണ്ടുള്ള ഇന്നത്തെ ഈ വ്യവസ്ഥിതി മാറ്റത്തിനും  ഭരണ മാറ്റത്തിനും വേണ്ടിയുള്ള യുദ്ധവും കലാപവും ഈ ഒരു  കാലത്തെ മാത്രമല്ല നശിപ്പിക്കുന്നത്, ആയിരം വർഷങ്ങൾ കാത്തു സൂക്ഷിച്ച സാംസ്കാരിക പൈത്രുകങ്ങളും കൂടിയാണ്, അതിന്റെ കെടുതികൾ അനുഭവിക്കേണ്ടത്  ഇന്നത്തെ തലമുറയോടൊപ്പം തന്നെ  ഭാവിയിൽ വരാൻ പോകുന്ന തലമുറ കൂടിയാണ്. ആ രാഷ്ട്രത്തെ തകര്ക്കാൻ ശ്രമിക്കുമ്പോൾ അവിടെ അവശേഷിക്കുന്ന ചരിത്രത്തിന്റെ വേരുകൾ പിഴുതെറിയപ്പെടുകയാണ്. വേരുകൾ പിഴുതെറിയപ്പെടുമ്പോൾ മാനവികതയുടെയും നാഗരികതയുടെയും നാശമാണ് സംഭവിക്കുന്നത്.

 ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ സിറിയൻ സംസ്കാരം  കൃസ്തുവിനു 2500 വർഷങ്ങൾ  മുമ്പത്തെ  പഴക്കമുണ്ട്. ഒരു പാട് നാഗരിതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട് ഒഗരിത്, മാരി, ഹമൂകർ, ഘസാന, അഫാമിയാ, അര്ഫാദ്, രസാഫ, അര്വാദ്, അര്ബൂസ്, ബസരി, സര്ജീല, ശഹ്ബ, കനവാത്, രാമീന, തടാമുർ, ഖുത്നാ, അബല, ഇവയൊക്കെ  അവിടെയുണ്ടായിരുന്ന  മഹത്തായ നാഗരികതയുടെ അറിയപ്പെട്ട പട്ടണങ്ങളായിരുന്നു. ക്രിസ്തുവിനു 2500 വർഷങ്ങൾക്ക് പിറകിലേക്കാണ് അവർ സംസ്കാരങ്ങൾ തുടങ്ങുന്നത്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാരുടേതാതാണ്‌  ക്രി.മു തന്നെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. സുമാറിയൻ, അകാദിയൻ, അമൂരിയൻ,  ബാബ്ലിയൻ,  അറാമിയൻ, അശൂരിയൻ, പേര്ഷിയൻ, ഗ്രീക്ക് കൃസ്തു വിനു മുമ്പ് തന്നെ ഉടലെടുത്ത സാമ്രാജ്യങ്ങളായിരുന്നു.  അസീറിയക്കാരും ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും  സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട്  അബ്ബാസി അമവി  അയ്യൂബി  മമാലീക് , ഉത്മാനികളും.  ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ഇവിടെ ഇസ്ലാം മതം പ്രചരിച്ചു. ഏഴാം നൂറ്റാണ്ടിൽ ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ  വൻ പുരോഗതിയുണ്ടായി.  ഈ കാലയളവിൽ  ഒരു പാട് പള്ളികളും പൌരാണിക കെട്ടിടങ്ങളും  ഗ്രന്ഥാലയങ്ങളും അവിടെ നിർമ്മിക്കപ്പെട്ടു . പിന്നീട്  ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ശേഷം  സിറിയയിൽ  ഫ്രഞ്ചുകാർ അവരുടെ കോളനികൾ സ്ഥാപിച്ചു.  അവസാനം സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയായിരുന്നു. ക്രിസ്തുമതവും ഇസ്ലാമും സിറിയൻ സംസ്കാരത്തിന്  വലിയ സംഭാവനകളാണ് നല്കിയത്,  ഈ അവശേഷിപ്പുകലാണ് മുഖ്യമായും ആഭ്യന്തരയുദ്ധത്താൽ ഇന്ന് തകർക്കപ്പെടുന്നത്, ചുരുക്കത്തിൽ  ബാബിലോണിയക്കാരും   പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും അമവികളും ഉത്മാനികളും സിറിയയെ സ്വന്തമാക്കുകയും  അവരൊക്കെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സംസ്കാരങ്ങൾ നെയ്തെടുക്കുകയും തങ്ങളുടെ സംസ്കാരത്തിന്റെ പാദമുദ്രകൾ സിറിയയിൽ പതിപ്പിക്കുകയും ചെയ്തു.

പൌരാണിക ദമാസ്കസ് പട്ടണവും ആലപ്പയും ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര സംസ്കാര പൈത്രുകങ്ങളായി  കണക്കാക്കപ്പെട്ടു, ഇന്ന് അറിയപ്പെടുന്ന ഇരുപതിലധികം ചരിത്ര മ്യൂസിയങ്ങൾ സിറിയയിൽ ഉണ്ട്,  ഹോംസ് അതിൽ പ്രധാനമാണ്  ‘ഹമാ’ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന  എട്ടാം നൂറ്റാണ്ടിലെ പല അമൂല്യ നിധികളും ആഭ്യന്തര യുദ്ധത്തിനിടയിൽ കൊള്ളയടിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിൽ ശില്പങ്ങളും പാത്രങ്ങളും ആഭരണങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. അത് പോലെ  ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും ഇന്ന് നഷ്ടമാവുകയാണ്. അറബ് ഫിലോസഫരും ചിന്തകനുമായ "രിസാലത്തുൽ ഗഫ്രാനിലൂടെ" പുതിയ  ചിന്ത ലോകത്തിനു മുമ്പിൽ സമർപ്പിച്ച അന്ധനായിരുന്ന അബുൽ അഅലാ അൽ  മഅരിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടതായി വാർത്തകളിൽ കണ്ടു, അദ്ദേഹത്തിന്റെ ദർശനത്തോടു പൂർണമയും ജോജിക്കുന്നില്ലങ്കിലും, ഒരു കാലത്തെ സാഹിത്യ ലോകത്തിന്റെ വളർച്ചയുടെ  പ്രതീകമായിരുന്നു ആ പ്രതിമ,  കവികളുടെയും   പണ്ഡിതരുടെയും  ശില്പങ്ങൾ ഓരോ കാലത്തും അവർ ജീവിച്ച സംസ്കാരങ്ങളുടെയും മുദ്രകളായിരുന്നു. ആ മുദ്രകളാണ് ഇന്ന് തകർക്കപ്പെടുന്നത്, മുതനനബ്ബിയുടെയും അബുൽ അഅലാ അൽ  മഅരിയുടെയും ജാഹിളിന്റെയും മറ്റു അനവധി ദാര്ശനികരുടെയും  പൌരാണിക ഗ്രന്ഥങ്ങളും കൈയ്യെഴുത്തു പ്രതികളും ശില്പങ്ങളും പത്താം നൂറ്റാണ്ടിലും  പതിനൊന്നാം  നൂറ്റാണ്ടിലും ജീവിച്ച പല തത്വ ചിന്തകരുടെയും ദർശനികരുടെയും ചിന്തകളും മറ്റു അമൂല്യ വസ്തുക്കളും  അവിടെയുള്ള മ്യുസിയങ്ങളിലും ലൈബ്രരികളിലുമുണ്ട്. നിസാര് ഖബ്ബനിയും, ശൌകി ബാഗ്ദാദ്,  അലി അഹ്മദ് സാദ്,  ഗാദ അൽ സമാൻ മുതലായ   ലോകോത്തര കവികല്ക്കും ജന്മം നല്കിയ മണ്ണാണത്. യുനസ്കോ പോലുള്ള സംഘടനകൾ അവിടെ നഷ്ടമാവുന്ന സംസ്കാരങ്ങളെയും  പൈതൃകങ്ങളെയും പറ്റി  ആശങ്കപ്പെടുന്നുണ്ട്. ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടനവധി ചരിത്ര ശേഷിപ്പുകളാണ് ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ നഷ്ടമാവാൻ സാധ്യത കല്പിക്കുന്നത്, വടക്കൻ സിറിയയിലെ പുരാവസ്തു ഗ്രാമങ്ങൾ, ബസ്ര പട്ടണം, പാൽമിറയിലെ റോമൻ കേന്ദ്രം, പുരാതന ഡമാസ്കസ് നഗരം, പുരാതന ആലപ്പോ നഗരം എന്നിവ ചരിത്രത്തിൽ ഇടം നേടിയ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ്.  കാലത്തിന്റെ സാക്ഷിയായി  മാറിയ ഈ സംസ്കാര പൈത്രകങ്ങളും  അവശേഷിപ്പുകളും  നഷ്ടമാവുമ്പോൾ അതിനു പകരമായി മറ്റൊന്ന് കണ്ടത്താൻ ലോകത്തിനു സാധിക്കില്ല, ആ ഒരു ചിന്ത ചരിത്രകാരന്മാരെ ഏറെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ' നഗരത്തിലെ ഉമയ്യ മസ്ജിദും അവിടെയുള്ള മനോഹരമായ ചര്ച്ച്കളും നഷ്ടമാവുമോ എന്ന പേടിയിലാണ്, അതിന്റെ നിർമ്മാണ ഭംഗി  ചരിത്രത്തിന്റെ വിസ്മയ കാഴ്ചകളാണ്. അതി മനോഹരമായ മാർബിൾ കൊണ്ട് നിര്മ്മിച്ച മതിലുകൾ, മനോഹരമായ കൊത്തു പണികൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ് ആ "ഉമയ്യ  മോസ്ക്" ചരിത്രത്തിന്റെ ഓർമകളാവുകയാണോ? ഇറാക്ക് യുദ്ധ കാലത്ത്  സംഭവിച്ചത് നമുക്കറിയാം എത്ര വിലപിടിപ്പുള്ള അമൂല്യ ചരിത്ര വസ്തുക്കളാണ്  അവിടത്തെ  മ്യുസങ്ങളിൽ നിന്നും മറ്റും നഷ്ടമായത്. ഒട്ടനവധി വിദേശ സന്ദർശകർ വിനോദ സഞ്ചാരത്തിനും ചരിത്ര പഠനത്തിനും അവിടെ വരാറുണ്ടായിരുന്നു ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കെടുപോൾ നഷ്ടമാകുന്നത് നാം ഊഹിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദമാസ്കസിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ.

വീണ്ടും നിസാർ ഖബ്ബാനിയുടെ വരികളിലേക്ക് തന്നെ മടങ്ങാം
ഹംറയുടെ കവാടത്തിൽ ദമസ്കിയാൻ വദനം കാണാൻ ഇനി  സാധിക്കുമോ ?
ഈ ചോദ്യം അവശേഷിക്കുന്ന രൂപത്തിലാണ് ചരിത്രത്തിന്റെ നിയോഗം
ഇനി ദാമാസ്കസിന്റെ കവാടത്തിൽ നിന്നും കണ്ടു മുട്ടുക
മറ്റൊരു പേരക്കുട്ടിയെ ആയിരിക്കും
ആലിംഗനം ചെയ്യാൻ മറ്റൊരു താരിക്കുമുണ്ടാകും
ചരിത്രമൊരു ചാരത്തിന്റെ കൂന പോലെ
ശില്പ കലാ വേലകളുടെ ഹൃദയ മിടുപ്പുകൾ കേൾക്കുമ്പോൾ
പറയപ്പെടും  ഇതാണ് "ദമാസ്കസ്"
ഞങ്ങളുടെ മഹിമയും പൊലിമയും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!

ഹംറയെ ഓർത്ത്‌ എന്റെ മനസ്സും വേദനിച്ചു
ഇനി ദമസ്കസും അങ്ങിനെയാവുമൊ എന്ന ഭയവും

-------


Wednesday, August 21, 2013

അറബ് സാഹിത്യ ലോകവും പ്രവാസികളും

അറബ് സാഹിത്യ ലോകവും പ്രവാസികളും

പ്രവാസി വർത്തമാനത്തിൽ വന്ന ലേഖനം. 
പ്രവാസ ലോകത്ത് ഒരു പാട് പുതിയ  എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും  മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ  ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല, എന്തിന് അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍  നാം മടിക്കണം.

ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകള്‍ക്ക് ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെ മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും  അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം.

വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും  രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു എന്നത് നമുക്ക് ഓര്‍ക്കാം, കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്‍മാരുടെയും ആചാര്യന്‍മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോളും, പ്രകൃതിക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന്‍ പലര്‍ക്കും കഴിയുന്നില്ല, നമ്മുടെ എഴുത്ത് അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിക്കാനുമുള്ളതു മാവണം.

ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും  വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ  പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക്  കാണിക്കുകയും ചെയ്തു എന്നതാണ്. അങ്ങിനെ വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ബെന്യാമിന് കഴിഞ്ഞു. ബെന്യാമിന്റെ ഈ വാക്കുകള്‍ നമുക്ക് ഒരു പാടു കരുത്തേകും എന്നതില്‍ സംശയമില്ല. "എത്ര ലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു, എത്ര ലക്ഷം പേര്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു, അവരില്‍ എത്ര പേര്‍ സത്യമായും മരുഭൂമിയുടെ തീഷ്ണത അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. നജീബിന്റെ ജീവിതത്തിന് മേല്‍ വായനക്കാരന്റെ രസത്തിന് വേണ്ടി  കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെ ഒന്നും വെച്ചു കെട്ടുവാന്‍ എനിക്കു തോന്നിയില്ല അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്". പ്രവാസത്തിന്റെ ചൂടും മണവും അല്പം പോലും ചോരാതെ അനുഭവങ്ങളായും കഥയായും ഇനിയും ഭൂലോകത്തെ വായനക്കാരില്‍ എത്തിക്കാന്‍ ഓരോ പ്രവാസി എഴുത്ത്കാരനും കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം .... 

ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി  അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. അത് പോലെ മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. "പ്രവാസി വർത്തമാനത്തിൽ" ഖത്തറിലെ  അറബി കവിതകളെ കുറിച്ചു ഡോക്ട്രറ്റ് എടുത്ത ഹിലാൽ അഴിയൂരിന്റെ ലേഖനം ഈ വിഷയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും നാം  പരിചയപ്പെട്ടു, നമ്മൾ അറിയാത്ത  അറിയേണ്ടതായ ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും   ശ്രമിക്കേണ്ടതുണ്ട്‌  അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ  വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

നമ്മുടെ പൂർവികന്മാർ അതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തിയിരുന്നു. അന്യ ഭാഷകളും അവരുടെ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുമ്പോൾ അവര്ക്ക് പ്രോത്സാഹനങ്ങൾ കൊടുക്കുന്നതിനു പകരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതായി കാണാറുണ്ട്‌, വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ടാണ് പലരും മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരിക്കുന്നത്  അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ  വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നമുക്ക് നന്മകൾ നേരാം. അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുത്തോലകളും  പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യംമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ കൃതികളും മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി.

പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു, ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി. സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല പ്രവാസി എഴുത്തുകാരും  വിവര്‍ത്തനം ചെയ്തതായി കണ്ടു.  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. ഇത് പോലെ ഇനിയും ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കയ്യി എടുത്തു ചെയ്യേണ്ട സമയം  അതി ക്രമിച്ചിരിക്കുന്നു. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും  എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക്  കഴിയട്ടെ .

Friday, August 2, 2013

ഇബുനു റുശ്ദ്ന്റെ ദാർശനികത

ഇബുനു റുശ്ദ്ന്റെ ദാർശനികത

ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കിയ മുസ്ലിം സമൂഹം പുറകോട്ട പോകുകയാണോ? യഥാര്‍ത്ഥ ഇസ്ലാമിനെ മറ്റുള്ളവർക്ക്‌ അറിയിച്ചു കൊടുക്കാൻ  കഴിയാതെ തെറ്റിദ്ധരിക്കപ്പെട്ടു പോകുന്ന ഒരു കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു പാശ്ചാത്യരിൽ,  ഈ ഒരവസ്ഥയ്ക്ക് മാറ്റം വരാനും അസ്ഥിത്വം നില നിർത്താനും  നവീനമായ ഒരു ചിന്തയ്ക്ക് രൂപം കൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. പല നിലയിലും തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിനെ പാശ്ചാത്യരിൽ സത്യം തുറന്നു കാണിക്കാനും അവരുടെ തെറ്റിദ്ധാരണകളെ മറികടക്കാനും മുസ്ലിംകൾ രംഗത്ത് വരേണ്ടിയിരിക്കുന്നു, പൂര്വികരുടെ ചരിത്രപരവും ദാർശനികവും ശാസ്ത്ര സംബന്ധവുമായ  സംഭാവനകൾ പുതിയ ലോക വീക്ഷണത്തിനു ശക്തി പകരണം അതിലൂടെ ഇന്നിന്റെ സന്ദിഗ്ധതതകളെ മറികടക്കാൻ ആത്മ പരിശോധനയിൽ ഊന്നിയ ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ച പരലോക വിജയം നേടാവുന്ന പുതിയൊരു ജീവിത രീതി അനിവാര്യമായിരിക്കുന്നു. പൂർവ്വീകർ അവരുടെ  പഠനങ്ങളുടെ ഭാഗമായി ലോകത്തിനു നല്കിയ സംഭാവനകളുടെ ഫലമായിരുന്നു ഇന്നത്തെ പല ടെക്നോലജികളുടെയും വളർച്ചയ്ക്ക് കാരണം. അവർ ലോകത്തിനു നല്കിയ സംഭാവനകളെ കുറിച്ചും അവർക്കത്തിനു സാദ്യമായത്  എങ്ങിനെയായിരുന്നുവെന്നും പഠന വിഷയമാക്കെണ്ടതുണ്ട്, അവർ അവരുടെ ജീവിത വ്യാപാരവുമായി ബന്ധപ്പെടുത്തിയായിരുന്നു  പല കണ്ടത്തലുകളും നടത്തിയത്, ഇന്നത്തെ പോലെ ദിശ നിർണയിക്കാനും സമയം കണ്ടത്താനും ഉപകരണങ്ങളില്ലാത്ത  കാലത്ത്  സമയവും കാലവും ദിശയും അറിയാൻ മുസ്ലിംകൾ നിർബന്ധിതരായിരുന്നു  പ്രാർഥിക്കാൻ കിബ്ലയുടെ സ്ഥാനവും സമയവും ഹജ്ജിനു പോകാൻ  ദിശയും കാലാവസ്ഥയും ഭൂഗർഭ ജലത്തെ പറ്റിയും  കടലിലൂടെയുള്ള  യാത്രയ്ക്ക് കാറ്റിന്റെ ഗതി വിഗതികളെയും അറിയണമായിരുന്നു, പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവുമായി ബന്ധപ്പെട്ടിരുന്നത് കൊണ്ട് അവർ ഇത്തരം കണ്ടത്തലുകളുടെ പുറകെ പോകുകയായിരുന്നു, ഇസ്ലാമിക രാജ്യം വിശാലമായ കാലത്ത്  ഭരണാധികാരികൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ഖലീഫ ഹാറൂന്‍ റഷീദിന്റെ പുത്രനായ മാമൂണ്‍  ഗ്രീക്ക് ഗ്രന്ഥങ്ങളും മറ്റു  അന്യ ഭാഷാ പുസ്തകങ്ങളും  വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട് മെന്റിന്  രൂപം നല്കുകയായിരുന്നു, ടോളമിയുടെ ഗോള ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം  ചെയ്തതോടെ  ഭൂമി ശാസ്ത്രം എന്ന ഒരു ശാഖ അറബി വിജ്ഞാന ശാഖയിൽ ഇടം കണ്ടത്തുകയായിരുന്നു.  ഗ്രീക്ക് ചിന്തകർക്ക് പറ്റിയ പല തെറ്റുകളും  മുസ്ലിംകൾ തിരുത്തുകയും  ടോളമിയുടെ പല ചിന്തകളും അവർ പരീക്ഷിക്കുകയും ചെയ്തു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" ആയിരുന്നു ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത് .

വിശുദ്ധ ഖുറാന്റെ ആയത്തുകളും അവരെ ഗോള ശാസ്ത്ര  ഭൂമി ശാസ്ത പഠനത്തിനു പ്രേരിപ്പിക്കുകയായിരുന്നു ഭൂമിയെ സംബന്ധിച്ചും കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ചുമുള്ള ഖുറാന്റെ പ്രസ്താവനകൾ പഠന നിരീക്ഷണങ്ങൾ നടത്തുന്നതിനു മുസ്ലിംകളെ പ്രേരിപ്പിച്ചു, സൂര്യ ഗോളങ്ങളുടെ ചലനങ്ങളെ പറ്റി നിരീക്ഷണങ്ങൾ നടത്തി. പ്രകൃതിയെ  കുറിച്ചും പ്രപഞ്ചത്തെ  കുറിച്ചും രാപകലുകൾ മാറുന്നതിനെ  കുറിച്ചും വിവിധ  ജന്തു ജാലങ്ങളെ പറ്റിയും ഖുറാനിൽ വന്ന ആയത്തുകൾ അവർ പഠന വിഷയമാക്കി, ഓരോന്നിനും പ്രത്യേകം പ്രത്യേകം ശാസ്ത്ര ശാഖകൾ  തന്നെ അവർ കൂട്ടിച്ചേര്ത്തു, ഗോള ശാസ്ത്രം വൈദ്യ ശാസ്ത്രം  ഇങ്ങനെ വിവിധ വിഷയങ്ങൾ അവഗാഹമായി പഠിക്കുകയും അതിലൂടെ വിലപ്പെട്ട സംഭാവനകൾ  അവർ ലോകത്തിനു നല്കുകയും ചെയ്തു.  ഗ്രീകിലെ പല തത്വ ചിന്തകന്മാരുടെയും പ്രധാന കൃതികൾ അറബിയിലേക്ക് തർജമ ചെയ്യുകയും, അത്തരം പുസ്തകങ്ങളുടെ വായനയുടെ ഫലമായി പുതിയ കണ്ടത്തലുകൾ നടത്താനും പുതിയ ഒരു ചിന്ത ലോകത്തിനു നല്കാനും അറബ് തത്വ ചിന്തകന്മാര്ക്ക് സാധിച്ചു. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,  അരിസ്റ്റോടലിന്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു. അക്കാലത്താണ് വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത് എന്ന് പറയാം. അങ്ങിനെ അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നിവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ്, ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, മ്യൂസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മ്യൂസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. മറ്റൊരു  ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു    ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോകത്തിനു നല്കി, ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളിലും  വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം ദാർശനികനായ അല്‍ബൈറൂനി   ലോകത്തിനു വിലമാധിക്കാന്‍ പറ്റാത്ത സംഭാവനകളായിരുന്നു  നല്കിയത്.

ഇബ്നു റുശ്ദ്
ദാർശനികനായിരുന്ന ഇബ്നു തുഫയിലിന്റെ  നിർദേശ പ്രകാരം ഇബ്നു റുശ്ദ് അരിസ്റ്റൊട്ടലിന്റെ കൃതികൾ വായിച്ചു സംഗ്രഹിച്ചു. നൂതനമായ ഒരു കാഴ്ചപ്പാടോടെ  മനുഷ്യ ചിന്തയുടെ വളർച്ചയിൽ സ്വതന്ത്രമായ ഒരു ചിന്ത മുമ്പോട്ട്‌ വെച്ച ഇബ്നു റുശ്ദിന്റെ പ്രവർത്തനം വളരെയധികം പ്രശംസിക്കപ്പെട്ടു, അരിസ്റ്റൊട്ടൽ കൃതികളുടെ വ്യഖ്യാതാവ് എന്ന നിലക്കാണ് പാശ്ചാത്യലോകത്ത് ഇബ്നു റുശ്ദ് അറിയപ്പെടുന്നത്. സ്പൈനിലെ ഏറ്റവും വലിയ സംസ്കാരിക്ട കേന്ദ്രമായി അറിയപ്പെട്ട ഗൊർതൊബയിൽ 1126ൽ ആണ് ഇബ്നു റുശ്ദ് ജനിക്കുന്നത്, പിതാവും പ്രപിതാവും പണ്ഡിതന്മാരയിരുന്നു, അത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ പൂന്തോട്ടത്തിലായിരുന്നു  ഇബ്നു റുശ്ദ് വളർന്നത്, മാലികീ കർമാശാസ്ത്രം അവഘാഹമായി പഠിച്ചതിനു ശേഷം മറ്റു വിഷയങ്ങളിലേക്ക് മുഴുകി, അധ്യാപകനെ കവച്ചു വെക്കുന്ന ശിഷ്യനായി മാറുകയായിരുന്നു ഇബ്നു റുശ്ദ്, എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായി. ആദ്യമായി വൈദ്യ ശാസ്ത്രത്തിൽ അദ്ദേഹം കുല്ലിയ്യാത് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു  പാശ്ചാത്യർ അതിനെ കൊല്ലിഗേറ്റ്  എന്ന് വിളിക്കുന്നു. ഇബ്നു റുശ്ദിന്റെ പണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഭരണാധികാരി അബൂ യാക്കൂബ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി,  ആദരിക്കുകയും ഉന്നത പദവികൾ നല്കുകയും ചെയ്തു. 1169l ഇഷ്ബീളിയയിലും 1171 ഗോര്ടോബ യിലും ചീഫ് ജസ്റ്റിസ്  ആയി അദ്ദേഹത്തെ നിയോഗിച്ചു. 1182ൽ  കൊട്ടാരത്തിലേക്ക്  തന്നെ തിരിച്ചു വിളിക്കുകയും കൊട്ടാരത്തിൽ വൈദ്യ ശാസ്ത്ര മേഖലയിൽ  സമയം ചിലവയിക്കാൻ രാജാവ് ആവശ്യപ്പെട്ടു, അങ്ങിനെ കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിച്ചു.

ഫിലോസഫർമാർക്ക് ഭരണാധികാരികൾ വലിയ സ്ഥാനം നല്കുന്നത് മത പണ്ഡിതന്മാരെ പ്രകോപിപ്പിച്ചു, ഇബ്നു റുശ്ദ്ന്റെ ചിന്തകളോട് അന്നത്തെ പല പണ്ഡിതന്മാർക്കും യോചിപ്പുണ്ടായിരുന്നില്ല. അവർ ഇബ്നു റുശ്ദ് നെതിരെ പരസ്യമായി രംഗത്ത് വന്നു, പണ്ഡിതന്മാരുടെ പ്രീതി നേടേണ്ടത് രാജാവിനാവശ്യമായി വന്നു. അവരുടെ പ്രീതിക്ക് വേണ്ടി  ഖലീഫ ഇബ്നു റുശ്ദ്നെ പള്ളിയിലേക്ക് വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും പളളിയിൽ നിന്നും പുറത്താക്കുകയും വൈദ്യ ശാസ്ത്ര ഗ്രന്ഥവും  ഖിബ്‌ലയും സമയമറിയാനുള്ള പുസ്തകവും  ഒഴികെ മറ്റു ഗ്രന്ഥങ്ങൾ എല്ലാം  ചുട്ടുകരിക്കാൻ രാജാവ് ഉത്തരവ് നല്കുകയും അല്യസാന എന്ന ജൂത പ്രദേശത്തേക്ക്  നാട് കടത്തുകയും ചെയ്തു. ഇത് തെറ്റായി പോയി എന്ന് പിന്നീടു രാജാവിന് ബോധ്യമാവുകയും രാജാവ് അദ്ദേഹത്തെ കാണാൻ പോയിരുന്നു എന്നും പറയപ്പെടുന്നു.

പാശ്ചാത്യർ അദ്ദേഹത്തെ "അവറോസ്" എന്നാണു വിളിക്കുന്നത് വൈദ്യ ശാസ്ത്രത്തിൽ മാത്രം പതിനെട്ടോളം പ്രസിദ്ധമായ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ജോണ്‍ റോബര്ട്ട്സൻ റുശ്ദിനെ ഏറ്റവും  പ്രസിദ്ധനായ മുസ്ലിം തത്വ ചിന്തകൻ  എന്ന്  വിശേഷിപ്പിക്കുന്നു, പ്രൊഫസർ മൈകൾ  ഹെര്നെട്സും  ഇബ്നു റുശ്ദിനെ പ്രശംസിച്ചിട്ടുണ്ട്‌, ഇവരുടെ പ്രശംസകൾ പാശ്ചാത്യർ  അദ്ദേഹത്തിനു നല്കിയ അംഗീകാരത്തിന്റെ  തെളിവാണ്,   മതവും തത്വ ചിന്തയും തമ്മിൽ വൈരുധ്യമില്ല എന്ന് തെളിയിക്കുന്ന ഇബ്നു റുശ്ദിന്റെ കൃതിയാണ്  "ഫസ്ലുൽ മകാൽ". പ്രപഞ്ചം അനാദിയാണന്നു ഇബ്നു റുശ്ദ് വിശ്വസിക്കുന്നു. ദൈവത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്തയായിരുന്നു ഇബ്നു റുശ്ദിന്റെത് അത് ഒരിക്കലും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല ശൂന്യത എന്ന ഒരവസ്ഥ ഈ പ്രപഞ്ചത്തിനില്ല എന്ന വീക്ഷണമാണ് രുശ്ടിന്റെത് ഇതിന്റെ മൂലകം ദൈവത്തോടൊപ്പമുണ്ട് അതിന്റെ ചലനത്തിന്റെ കാരണം ദൈവമാണ്. ഇത് പ്രപഞ്ചം ദൈവ സൃഷ്ടിയാണന്ന വിശ്വാത്തിനെതിരല്ല  എന്നാണു ഇബ്നു റുശ്ദിന്റെ വാദം. ഇമാം ഗസാലി തത്വ ചിന്തകല്ക്കെതിരെ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു  കൊണ്ട് തഹാഫത്തുൽ ഫലാസ്സിഫ എന്ന  ഒരു ഗ്രന്ഥം രചിച്ചിരുന്നു,  തത്വ ചിന്തയ്ക്കും മുസ്ലിം ദാർശനികതയ്ക്കും എതിരിൽ എഴുതിയ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് മറുപടിയായി  ഇബ്നു രുശ്ദ്  തഹാഫത്തുൽ തഹാഫത്തു എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. അതോടോപ്പം തന്നെ ഗസാലിയുടെ  മുസ്തസ്ഫ എന്ന ഗ്രന്ഥത്തിന് സംഗ്രഹവും എഴുതുകയും ചെയ്തു.

ദാർശനിക ചിന്തകളെ സംഗ്രഹിച്ചതും  അന്ധവിശ്വാസങ്ങല്ക്ക് മോചനം നല്കിയതും യാഥാസ്ഥികരായ  പണ്ഡിതന്മാർക്കെതിരെ തന്റെ സ്വതന്ത്ര ചിന്തയിലൂടെ ദാര്ശനിക വിപ്ലവത്തിന് ഒരുങ്ങിയതും, ശരീഅത്ത് വിഷയത്തിൽ മത പണ്ഡിതന്മാർക്ക് മാതൃകാ പരമായ "ബിദായതുൽ മുജ്തഹിദ് വ നിഹായത്തുൽ മുഖ്തസിദ്" പോലെയുള്ള  ഘഹനമായ ഗ്രന്ഥങ്ങൾ രചിച്ചതും, ഇമാം ഗസാലിയുടെ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് തന്റെ തഹാഫത്തുൽ തഹാഫതിലൂടെ ശക്തമായി മറുപടി നല്കിയതും  മതവും ഫിലോസഫിയും തമ്മിൽ ഏകോപിപ്പിച്ചു  ഉറച്ച നിലപാട്  വ്യക്തമാക്കിയതും   വൈദ്യ ശാസ്ത്ര രംഗത്ത്  നല്കിയ അമൂല്യ ഗ്രന്ഥങ്ങളും ചരിത്രത്തിൽ എന്നും  ഓർമിക്കപ്പെടുന്ന വ്യക്തിയായി ഇബ്നു രുഷ്ദിനെ മാറ്റുകയായിരുന്നു. മറാകിശിലാണ് അദ്ദേഹം .......
തുടരും 

Tuesday, June 4, 2013

സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റെർ ....ആൻഡ്‌ സ്പ്രിംഗ്



ഗുരു ബാലികയോട്  ചോദിച്ചു അസുഖം ഇപ്പോൾ ഭേദപ്പെട്ടില്ലേ, അവൾ പറഞ്ഞു അതെ, എങ്കിൽ ഇനി എത്രയും പെട്ടെന്ന് നിനക്ക് തിരിച്ചു പോകാം ഗുരു പറഞ്ഞു, ഗുരുവിനോടൊപ്പം അവൾ തോണിയിൽ കയറി  പ്രാര്‍ത്ഥനാ മുറിയിലായിരുന്ന ബാലൻ പുറത്തു വരുമ്പോഴേക്കും ഗുരു ബാലികയുമായി കവാടത്തിനടുത്തു  എത്തിയിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ അവനു കഴിഞ്ഞില്ല....

പ്രശസ്ത കൊറിയൻ സംവിധായകനായ  കിം കി - ഡുകിന്റെ എക്കാലത്തെയും മികച്ച ചിത്രമായ സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റെർ ....ആൻഡ്‌ സ്പ്രിംഗ് നെ കുറിച്ചു  അല്പം. 2003ലാണു ഈ  ചിത്രം പുറത്തിറങ്ങിയത് ..കഥയും സംവിധാനവും ഡൂക്ക് തന്നെ, അഞ്ചു കാലങ്ങളിലായാണ് ഡുക് കഥ അവതരിപ്പിക്കുന്നത് ഓരോ കാലവും കഥാ പാത്രത്തിന്റെ ജീവിത ഘട്ടങ്ങളാണ്,  കഥയിലേക്ക് പോകാം....

സ്പ്രിംഗ്
മനോഹരമായ ഒരു കവാടം കവാടത്തിനു രണ്ടു വാതിലുകൾ, ശില്പ ഭംഗിയിൽ നിർമ്മിച്ച  വാതിലുകൾതുറന്നാൽ നേരെ കാണുന്നത് സുന്ദരമായ ഒരു  ആശ്രമമാണ്.  കൊത്തു പണികൊണ്ടു അലങ്കൃതമായ വെള്ളത്തിനു മുകളിൽ നിർമ്മിച്ച കൊറിയൻ വാസ്തു ശില്പകലയിൽ പണിത ഒരു ബുദ്ധാശ്രമം. ചുറ്റും മലകളും കുന്നുകളും, കുന്നിൻ ചെരിവിലെ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നീരുറവകൾ. മരങ്ങൾ, മഞ്ഞയും തവിട്ടും കലർന്ന ഇലകൾ, പൂവുകൾ നിറഞ്ഞ ചെടികൾ, നദിയെ  തൊട്ടുതലോടിക്കൊണ്ടിരിക്കുന്ന മരച്ചില്ലകൾ, മഞ്ഞു പൊഴിയുന്ന  കുന്നിൻ മുകളിൽനിന്നും നദിയിലേക്ക്  ഒഴുകിയെത്തുന്ന നീർചാലുകൾ  പ്രകൃതിയുടെ എല്ലാ സൌന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന അതി മനോഹരമായ സ്ഥലത്താണ് ഈ ആശ്രമം. കവാടത്തിന്റെ  ഇരു വശവും നിറയെ വെള്ളമാണ്, ആ വാതിൽ തുറന്നാലെ ആശ്രമത്തിലേക്കു പ്രവേശിക്കാൻ കഴിയൂ കവാടത്തിൽ നിന്നും ആശ്രമത്തിലേക്കു പോകുന്നത്  ഒരു ചെറു തോണിയിലൂടെയാണ്. കവാടത്തിന്റെ അകവും  പുറവും വ്യത്യസ്തമായ രണ്ടു ലോകം പോലെ.

ആശ്രമത്തിൽ ഗുരുവും തന്റെ ഏക ശിഷ്യനായ ബാലനും മാത്രമേയുള്ളൂ, ഒപ്പം ഒരു പൂച്ചയും പൂവൻ കോഴിയും കുറെ ബുദ്ധ ശില്പങ്ങളും, ബാലൻ പ്രാർഥിക്കുന്നതും വൈകുന്നേരങ്ങളിൽ ആശ്രമത്തിനു പുറത്തു പോകുന്നതും ചെറുതോണിയിൽ ഗുരുവിനോടോപ്പംതന്നെ, ചെറിയ കുട്ടികളുടെ മനുഷ്യ സഹജമായ ചില വികൃതികളൊക്കെ ഈ കൊച്ചു ബാലൻ കാണിക്കുന്നു, മറ്റു ജീവികളെ ബുദ്ധിമുട്ടിക്കുന്ന വികൃതി പാടില്ല എന്ന് ഗുരു പഠിപ്പിക്കുന്നു,  ഒരിക്കൽ ബാലൻ പാറക്കെട്ടിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ഒരു   മീനിനെ പിടിച്ചു നൂലെടുത്തു  ഒരു ചെറു കല്ലിനോട്  ചേർത്തു കെട്ടി, കല്ല്‌ വലിച്ചു നീങ്ങുന്ന മീനിനെ നോക്കി രസിച്ചു അത് കഴിഞ്ഞു ഒരു  തവളയെയെയും  പാമ്പിനെയും കല്ലിൽ കെട്ടി, അവ പ്രയാസപ്പെട്ടു ഇഴയുന്നത് നോക്കി  കൊച്ചു ബാലൻ ചിരിച്ചു കളിച്ചു. കുട്ടിയുടെ ഈ കുസൃതി ഗുരുവിനു ഇഷ്ടമായില്ല.

അന്ന് രാത്രി ഗുരു ബാലന്റെ  അരയിൽ ഒരു വലിയ കല്ല്‌  വെച്ചു കെട്ടി, നേരം വെളുത്തപ്പോൾ ബാലന്  പിറകിൽ വെച്ചു കെട്ടിയ കല്ലുമായി  നടക്കാൻ പ്രയാസമായി ഗുരു പറഞ്ഞു, നീ ആ പാമ്പിനെയും മീനിനെയും തവളയെയും പോയി  രക്ഷിക്കണം, അതിലെതങ്കിലും ഒന്നിന്റെ ജീവൻ  നഷ്ടപ്പെട്ടാൽ  നിന്റെ ഹൃദയത്തിൽ ഈ ഭാരം എന്നുമുണ്ടാവും. അവൻ കളിച്ച പാറക്കെട്ടിനടുത്ത് നടന്നു, പാറക്കെട്ടിനടിയിൽ ചെറു ഒഴുക്കിൽ കിടന്ന മീനിനെയും  തവളയെയും പാമ്പിനെയും രക്ഷിക്കാൻ ശ്രമിച്ചു .  മീനിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു, തവളയെ അവൻ രക്ഷിച്ചു, മറ്റേതോ  ജീവിയുടെ ആക്രമത്തിൽ നിന്നും രക്ഷനേടാൻ കഴിയാതെ ചോര പുരണ്ടുകിടന്ന  പാമ്പിനെ കണ്ടപ്പോൾ  കുറെ നേരം കരഞ്ഞു അകലെ നിന്നും ഗുരു അവന്റെ കരച്ചിൽ നോക്കിക്കാണുന്നുണ്ടായിരുന്നു.

സമ്മർ

ഒരു ദിവസം  കവടത്തിനടുത്തു പട്ടണ വാസികളായ പരിഷ്കൃത വേഷത്തിൽ ഒരു ബാലികയും അവരോടൊപ്പം ഒരു സ്ത്രീയും  അവിടെയത്തി, ഗുരു രണ്ടു പേരെയും ചെറുതോണിയിൽ  ആശ്രമത്തിലേക്കു കൂട്ടി കൊണ്ട് വന്നു.  പെണ്‍കുട്ടിക്ക് ഏതോ ജ്വരം ബാധിച്ചുത് കൊണ്ട് ഗുരുവിൽ നിന്നും ചികിത്സ തേടി വന്നതാണെന്ന് ആ സ്ത്രീ പറഞ്ഞു, ബാലികയുടെ അമ്മയായിരുന്നു ഒപ്പമുണ്ടായിരുന്നത്,  ബാലികയെ ഗുരുവിനെ ഏല്പിച്ചു അവർ തിരിച്ചു പോയി, ഗുരു അവരുടെ അസുഖം ഭേദമാക്കാമെന്ന്  പറഞ്ഞു, ചികിത്സ തുടങ്ങി. ശിഷ്യൻ ബാലികയുടെ ശരീരാകൃതിയിൽ ആക്രഷ്ടനായി, അവളോട്‌ അനുകമ്പയും അനുരാഗവും തോന്നിത്തുടങ്ങി, ഒരു ദിവസം വാതിലിനിടയിലൂടെ അവൾ വസ്ത്രം  മാറുന്നത്  ബാലൻ കാണാനിടയായി,  പ്രാര്ഥനാ മുറിയിൽ ക്ഷീണിതയായി കിടന്ന അവളുടെ മാറിടം പുതപ്പിച്ചു ശേഷം അറിയാതെ അവളെ സ്പര്‍ശിക്കാന്‍ ബാലൻ ശ്രമിച്ചു. ഞെട്ടിയുണർന്ന അവൾ അവനെ തള്ളി മാറ്റി മുഖത്തടിച്ചു, ജാള്യത മറക്കാൻ കഴിയാതെ അവൻ കരഞ്ഞു കൊണ്ട് പ്രാർഥിക്കാൻ തുടങ്ങി അസമയത്തുള്ള പ്രാർത്ഥന ഗുരു ശ്രദ്ധിച്ചു. ക്രമേണ അവൾക്കും അവനോടു അനുരാഗം തോന്നി, ബാലൻ അവൾക്കു മരുന്നുണ്ടാക്കാൻ ഇലകൾ പറിക്കുന്നതിലും അതരക്കുന്നതിലും സന്തോഷവാനായി. മനസ്സറിഞ്ഞു പച്ചിലയരക്കാൻ ഗുരു ബാലനെ ഉണർത്തിയത് അവനെ കൂടുതൽ സന്തോഷവാനാക്കി.

രണ്ടു പേരും ഒന്നിച്ചു ചെറു തോണിയിലൂടെ  വൈകുന്നേരങ്ങളിൽ അരുവിക്ക്‌ ചുറ്റും പാറക്കെട്ടിനിടയിലും കറങ്ങി നടന്നു, പൂത്തു നില്ക്കുന്ന മരങ്ങളും കുളിർക്കാറ്റും അവർക്ക് ആനന്ദമേകി,  താനൊരു ബുദ്ധ ശിഷ്യനാണെന്ന കാര്യം അവർ മറന്നു, ലോകത്തിലെ സമ്പന്നരായ പ്രണയിനികള്‍ക്ക് അവരുടെ ഏറ്റവും വിലപിടിച്ച മധുവിധു അനുഭവം പകരുന്ന  വെനെസിലിയൻ നൌക പോലെ അനുഭവപ്പെട്ടു  അവർക്കാ ചെറുതോണി, അവരതിൽ ഉല്ലസിച്ചു,  താഴ്വരയിലെ പാറക്കെട്ടിനിടയിൽ വെച്ചു  അവരുടെ മനസ്സും ശരീരവും ഒന്നിച്ചു.  അവരുടെ ബന്ധം ദിവസം കഴിയും തോറും കൂടി കൂടി വന്നു, രാത്രികളിൽ ഗുരു ഉറങ്ങിയാൽ  പതുക്കെ അവളുടെ മുറിയിലേക്ക് പ്രവേശിക്കാൻ അവൻ ശ്രമിച്ചു,  ഒരു ദിവസം രാത്രി അവർ രണ്ടുപേരും ആശ്രമത്തിനു പുറത്തു നിലാവിന്റെ കുളിർമഴ ഏറ്റു ആ അരുവിയിലൂടെ രാത്രി സഞ്ചാരം നടത്തി തോണിയിൽ തന്നെ കിടന്നുറങ്ങി, പാതിരാത്രിയിൽ ഗുരു എഴുന്നേറ്റു പുറത്തു നോക്കിയപ്പോൾ  തോണിയിൽ കിടക്കുന്ന ശിഷ്യനെയും ബാലികയെയും കണ്ടു, തോണി ബന്ധിക്കാതെ ഇത്തിരി മാറി നില്ക്കുന്നത് കണ്ട ഗുരു  തന്റെ കോഴിയെ തോണിയിലേക്ക് പറപ്പിച്ചു കോഴി തോണിയിൽ പറന്നു ചെന്നു നിന്നപ്പോൾ കോഴിയെ ബന്ധിച്ച കയറിന്റെ അറ്റം പതുക്കെ വലിച്ചു തോണിയെ ആശ്രമത്തിനടുത്തെക്ക് ബന്ധിപ്പിച്ചു.  വെള്ളം കയറാനുള്ള ദ്വാരം തുറന്നു വെച്ചു ഗുരു തിരിച്ചു പോയി,  വെള്ളം ശരീരത്തെ നനച്ചപ്പോൾ രണ്ടു പേരും ഞെട്ടിയുണർന്നു ആശ്രമത്തിലേക്കു പോയി.  


പിറ്റേ ദിവസം ഗുരു ബാലികയോട്  ചോദിച്ചു അസുഖം ഇപ്പോൾ ഭേദപ്പെട്ടില്ലേ, അവൾ പറഞ്ഞു അതെ, എങ്കിൽ ഇനി എത്രയും പെട്ടെന്ന് നിനക്ക് തിരിച്ചു പോകാം ഗുരു പറഞ്ഞു, ഗുരു അവളെ തോണിയിൽ കയറ്റി കവാടത്തിനപ്പുറം  കൊണ്ട് വിട്ടു, പ്രാര്ഥനാ മുറിയിലായിരുന്ന ബാലൻ പുറത്തു വരുമ്പോഴേക്കും ഗുരു ബാലികയുമായി കവാടത്തിനടുത്തു  എത്തിയിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ അവനു കഴിഞ്ഞില്ല അന്ന് രാത്രി തന്നെ അവനും അവിടെ നിന്ന് ഒരു ബുദ്ധശില്പവും പൂവൻ കോഴിയെയും എടുത്ത്  പുറത്തേക്ക് പോയി.

ഫാൾ
കുറെ കാലം ഗുരു ഒറ്റയ്ക്ക് താമസിച്ചു. ഒരു ദിവസം ഗുരു ഗ്രാമീണരുടെ  കടയിൽ നിന്നും  ഒരു കഷ്ണം അപ്പം വാങ്ങിച്ചു, അപ്പം പൊതിഞ്ഞ കടലാസ്സു മുറിച്ചു ഒരു കഷ്ണം അപ്പം ഗുരു തിന്നു, അപ്പം പൊതിഞ്ഞ കടലാസ്സിൽ  തന്റെ ശിഷ്യന്റെ പടം കണ്ടു. അടിയിൽ എഴുതിയിരിക്കുന്നു "ഭാര്യയെ കൊന്ന ഈ ഫോട്ടോയിൽ കാണുന്നയാളെ പോലിസ് തിരയുന്നു". ഈ വാർത്ത കണ്ടു ഒന്ന് രണ്ടു ദിവസത്തിനു ശേഷം ശിഷ്യൻ ആശ്രമത്തിലേക്കു വന്നു, മുടി വളർത്തി ജീൻസും ഷർട്ടും ധരിച്ചു കയ്യിൽ  ഒരു ബാഗുമായി, പഴയ വേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷം, ഗുരു അവനെ സ്വീകരിച്ചു, നീ ഒരു പാട് വലുതായല്ലോ ഗുരു പറഞ്ഞു, ഗുരു പുതിയ ജീവിതത്തെ പറ്റി ശിഷ്യനോട് ചോദിച്ചു,  അവൻ ഗുരുവിനോട് ദേഷ്യത്തിലും ഉച്ചത്തിലും സംസാരിച്ചു, ഗുരു എല്ലാം ശ്രദ്ധയോടെ കേട്ടു അവൻ പറഞ്ഞു എന്റെ സ്നേഹവും ജീവിതവും ഞാൻ അവൾക്കു നല്കി, അവൾ  എന്നെ വഞ്ചിച്ചു. ഗുരു ചോദിച്ചു നീ ചിന്തിക്കുന്നത് പോലെ മറ്റുള്ളവരും ചിന്തിക്കുമെന്ന് നീ കരുതിയോ, അവൻ തുടർന്നു  അവൾ പലരെയും സ്നേഹിച്ചു  മറ്റൊരു  പുരുഷന്റെ കൂടെ  പോകുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളെ കൊന്നു, അവൻ അവന്റെ  കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും പ്രതിമയെടുത്തു  മുറിയിൽ വെച്ചു, ബാഗിൽ നിന്നെടുത്ത ചോര പുരണ്ട കത്തിയുമായി, മുറിയിൽ നിന്നും പുറത്തിറങ്ങി. സങ്കടം സഹിക്കാനാവാതെ  നിലത്തു ആഞ്ഞു കുത്തിക്കൊണ്ടിരുന്നു, നേരെതോണിയുമെടുത്തു പാറക്കെട്ടിനടിയിലെ നീരുറവയിൽ പോയി, ഗുരുവിനെ വിളിച്ചു പൊട്ടി പൊട്ടിക്കരഞ്ഞു, ദൂരെ നിന്നും ഇതൊക്കെ ഗുരു നോക്കിക്കണ്ടു. അവൻ ആശ്രമത്തിലേക്കു തന്നെ തിരിച്ചു, കണ്ണും മൂക്കും വായും അടച്ചു (കണ്ണിലും മുഖത്തും കൊറിയാൻ ലിപിയിൽ എഴുതിയ പേപ്പർ ഒട്ടിച്ചു) പ്രാര്ഥനാ മുറിയൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് ഗുരു കണ്ടു, ഗുരു അവനെ അതിൽ നിന്നും തടഞ്ഞു. ഗുരു അവന്റെ കയ്യും കാലും ബന്ധസ്തനാക്കി, കുറെ തല്ലി കെട്ടിത്തൂക്കി, കയറിനു താഴെ ഒരു മെഴുകി തിരി കത്തിച്ചു വെച്ചു, കത്തിചു വെച്ച മെഴുകുതിരി കയറിനെ അറുത്തു മുറിക്കുന്നത് വരെ അവൻ ആ കയറിൽ തൂങ്ങി ക്കിടന്നു, കയറു പൊട്ടി നിലത്തു വീണ ബാലൻ ചോര പുരണ്ട കത്തിയെടുത്തു തന്റെ മുടി വെട്ടി മുറിച്ചു, പഴയ വസ്ത്രം വീണ്ടും ധരിച്ചു പുറത്തേയ്ക്ക് വന്നു.

ഗുരു പുറത്ത് പൂച്ചയുടെ വാല് കറുത്ത മഷിയിൽ മുക്കി അവിടെ നിറയെ അക്ഷരങ്ങൾ എഴുതി വെക്കുകയായിരുന്നു, അത് മുഴുവൻ കത്തി കൊണ്ട് കൊത്തിയെടുക്കാൻ ഗുരു അവനോടു കല്പ്പിച്ചു, അവൻ അക്ഷരങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങി,  അക്ഷരങ്ങൾ  കൊത്തിയെടുക്കുന്നതിനിടയിൽ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ തോക്കുമായി ശിഷ്യനെ അന്വേഷിച്ചു വന്നു, ഗുരു പറഞ്ഞു അവനെ ഇന്ന് കൊണ്ട് പോകാൻ പറ്റില്ല ഞാൻ അവനൊരു ശിക്ഷ കൊടുത്തിരിക്കുന്നു അത് കഴിഞ്ഞാൽ നിങ്ങൾക്കവനെ കൊണ്ട് പോകാം,  പോലിസ് ചോദിച്ചു എപ്പോൾ അത് കഴിയും നാളെ രാവിലെ, അവൻ മുഴുവനും കൊത്തിയെടുത്തു. അറിയാതെ  ഉറങ്ങിപ്പോയി, ഗുരു  അവൻ കൊത്തി വെച്ച അക്ഷരങ്ങളിൽ ചായം പൂശാൻ തുടങ്ങി, ഇത് കണ്ട പോലീസുകാരും ഗുരുവിനു കൂടെ ചേർന്നു. കൊത്തി വെച്ച  അക്ഷരങ്ങൾക്കു വിവിധ വർണങ്ങൾ നല്കി,  ചായം പൂശി കഴിഞ്ഞപ്പോൾ ഗുരു ശിഷ്യനെ വിളിച്ചുണർത്തി. അവനോടു പറഞ്ഞു  നിനക്കിനി ഇവരോടൊപ്പം പോകാം പോലീസുകാര്‍  അവനെയും കൂട്ടി അവിടെ നിന്നും പുറപ്പെട്ടു.
കുറച്ചു ദിവസത്തിനു ശേഷം ഗുരു കൊറിയൻ ലിപിയിൽ എഴുതിയ പേപ്പർ കൊണ്ട് കണ്ണും ചെവിയും മൂക്കും വായും അടച്ചു, ചെറു തോണിയിൽ ചിതയൊരുക്കി അതിനു തീ കൊളുത്തി തന്റെ ജീവൻ ആ തോണിയിൽ അവസാനിപ്പിച്ചു.

വിന്റെർ
കുറെ കാലത്തിനു ശേഷം ബാലൻ വീണ്ടും ആശ്രമത്തിലേക്കു വരികയാണ്. ഇപ്പോൾ മധ്യ വയസ്കനായിരിക്കുന്നു കവാടം തുറന്നു കിടക്കുന്നു, തുറന്നിട്ട കവാടത്തിനു മുമ്പിൽ നിന്നും ആശ്രമത്തെ വണങ്ങി, മുമ്പത്തെ പോലെ കവാടത്തിനു ചുറ്റും വെള്ളമില്ല, അരുവിയില്ല മലകളിൽ നിന്നും വരുന്ന നീരുറവകളില്ല എല്ലാം ഉറച്ചു ഐസ് പാറകളായിരിക്കുന്നു. അവൻ ഐസ് പാറകളിലൂടെ ആശ്രമത്തിലേക്കു നടന്നു, ആശ്രമത്തിൽ പ്രവേശിക്കുന്നതിന്  മുമ്പ്  ഐസ്  കട്ടയിൽ  ഉറച്ചു നിന്ന തോണിയുടെ ഭാഗത്തേയ്ക്ക് നീങ്ങി  തോണിയുടെ നേരെ കൈ കൂപ്പി ഗുരുവിനു പ്രണാമം അർപ്പിച്ഛതിനു ശേഷം നേരെ ആശ്രമത്തിലേക്കു പ്രവേശിച്ചു, വിളക്കു കത്തിച്ചതിനു ശേഷം അവിടെ ഉണ്ടായിരുന്ന പ്രതിമകളും മറ്റും എടുത്തു  പ്രാര്ഥനാ മുറി സജ്ജമാക്കി അവിടെ നിന്നും  ഗുരുവിന്റെ പുസ്തകം ലഭിച്ചു, ആയോധന കലയും യോഗയും അഭ്യസിക്കാനും അതിലൂടെ മനസ്സ് ശക്തിപ്പെടുത്തണമെന്നും അവൻ മനസ്സിലാക്കി. ഉറച്ച ഐസ് പാറയിൽ നിന്നും  വെള്ളം ലഭിക്കാൻ ചെറിയ ഒരു കുഴി ഉണ്ടാക്കി, മലമുകളിൽ നിന്നും ഒഴുകിയിരുന്ന ഐസ് പാറയായി മാറിയ നീരുറവ  ഒരു ഉളിയുടെ സഹായത്തോടെ പൊട്ടിച്ചു. മനസ്സ് ശക്തിപ്പെടുത്താൻ  സൂര്യ പ്രകാശത്തിൽ ആയോധന കല പ്രാക്ടീസ് ചെയ്തു. ആശ്രമത്തിൽ നിന്നും ഉറച്ചു കിടക്കുന്ന ഐസ് പാറയിലേക്ക്‌ ചാടുമ്പോൾ, ഐസ്  കട്ടകൾ അല്പാല്പം ഉരുകി ഒലിക്കാൻ തുടങ്ങി. മഞ്ഞു കട്ടകൾ വെള്ളമായി മാറിത്തുടങ്ങി.

യോഗയും പ്രാർത്ഥനയുമായി ആശ്രമത്തിൽ കഴിയുന്നതിനിടയിൽ മുഖമൂടി അണിഞ്ഞ ഒരു സ്ത്രീ ചെറിയ കുട്ടിയുമായി അവിടെ വന്നു, രണ്ടു പേരും തണുത്തു വിറച്ചിരുന്നു, തണുപ്പകറ്റാൻ അവൾക്കു വിറക് കത്തിച്ചു കൊടുത്ത്  സ്ത്രീ കുഞ്ഞുമായി തീയുടെ അടുത്തിരുന്നു. കുറെ നേരം കുട്ടിയെ നോക്കി അവർ കരഞ്ഞു കുട്ടിയെ അവിടെ കിടത്തി, ഉറച്ച ഐസ് പ്രതലങ്ങളിലൂടെ  അവൾ പുറത്തേയ്ക്ക് ഓടി, ഓടുന്നതിനിടയിൽ വെള്ളം ലഭിക്കാൻ കുഴിച്ച കുഴിയിൽ അവൾ വീണു, കുഞ്ഞും അവരുടെ പിറകെ പുറത്തേയ്ക്ക് നിരങ്ങി നീങ്ങി, കുഞ്ഞിന്റെ കരച്ചിൽ കേട്ട  പ്രാര്ഥനാ മുറിയിൽ നിന്നും പുറത്തിറങ്ങിയ ബുദ്ധ ശിഷ്യൻ സ്ത്രീയുടെ ചെരുപ്പ് ആ വെള്ളത്തിൽ പൊങ്ങി ക്കിടന്നത് കണ്ടു, ഓടി ച്ചെന്നു, കുഴിയിൽ നിന്നും സ്ത്രീയുടെ ശരീരം പുറത്തെടുത്ത്, സ്ത്രീ മരിച്ചു കഴിഞ്ഞിരുന്നു അവരുടെ മുഖമൂടി അഴിച്ചു, പെട്ടെന്ന് ആ കുഴിയിൽ ഒരു ബുദ്ധ ശില്പമാണ് കാണുന്നത് നേരെ ആശ്രമത്തിലേക്കു ഓടി, കറുത്ത നിറത്തിലുള്ള ബുദ്ധ പ്രതിമയെടുത്തു  തന്റെ അരയിൽ ഭാരമുള്ള അരക്കു കല്ല്‌ കെട്ടി അത് വലിച്ചു കൊണ്ട്  കുന്നിൻ ചെരിവിലേക്ക് നടന്നു, കുറ്റബോധത്താൽ  ഗുരു പണ്ട് പറഞ്ഞ കാര്യം അവൻ ഓർത്തു. കല്ലും മുള്ളും മരങ്ങളും ഐസു കട്ടയും നിറഞ്ഞ വഴികളിലൂടെ  മലമുകളിലേക്ക് പ്രയാസപ്പെട്ടു  വേദനകൾ സഹിച്ചു കൊണ്ട്  നടന്നു  പലതവണ താഴെ വീണു,

ക്ഷീണിച്ചു അവശനായി വീണ്ടും വീണ്ടും  മുമ്പോട്ട്‌ തന്നെ നടന്നു. അവസാനം ആ പ്രതിമ മലയുടെ ഏറ്റവും മുകളിൽ  ഈ ആശ്രമം കാണുന്ന രൂപത്തിൽ  സ്ഥാപിച്ചു, അവിടെ നിന്ന് നോക്കിയാൽ ആ ആശ്രമവും  അരുവിയും ശരിക്കും ദര്‍ശിക്കാന്‍ കഴിയും.

സ്പ്രിംഗ്
അദ്ദേഹം വീണ്ടും തിരിച്ചു ആശ്രമത്തിലേക്കു വരുന്നു, ആശ്രമത്തിൽ ഗുരുവിനോടൊപ്പം ആ കുട്ടി വളരുന്നു കുട്ടി കുട്ടിയുടെ വികൃതികൾ വീണ്ടും തുടരുന്നു, കുട്ടി പാമ്പിന്റെയും തവളയുടെയും മീനിന്റെയും വായിൽ ചെറു കല്ലുകൾ വെച്ചു കളിക്കുന്നതാണ് കാണിക്കുന്നത് ....
ഇങ്ങനെ ചാക്രീയമായി സ്പ്രിംഗ് സമ്മർ ഫാൾ വിന്റെർ തുടർന്ന് കൊണ്ടേയിരിക്കും ......എന്ന സന്ദേശത്തോടെ കഥയവസാനിക്കുന്നു.
1960 തിൽ  കൊറിയയിൽ ജനിച്ച  ഡുക്  - സംവിധായകൻ കഥാകൃത്ത്‌ എഡിറ്റർ ചിത്രകാരൻ എല്ലാ നിലയിലും ലോക ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനായിരുന്നു.
പ്രശസ്തമായ മറ്റു ചിത്രങ്ങൾ ....
‘ക്രോക്കൊഡൈല്‍ ‘വൈല്‍ഡ് അനില്‍മസ്’,. (Crocodile , Wild Animals1996)    ‘ബ്രിഡ്കേജ് ഇന്‍ (Birdcage 1998)’, ‘റിയല്‍ ഫിക്ഷന്‍’(Real Fiction 2000) ‘ത്രി അയേണ്‍’(3-Iron 2004), ‘ബ്രീത്ത്’(Breath,2007) ‘ഡ്രീം’ (Dream2008) പിയാത്ത,(Pietà2012 )

ദൂക് ഇന്ത്യയിൽ വന്നിരുന്നു ..... അദ്ദേഹത്തിൻറെ ഏറ്റവും നല്ല ചിത്രമായ പിയാത്ത കാണാൻ വലിയ തിരക്കായിരുന്നു പിയാതയെ കുറിച്ചും ദൂകിനെ കുറിച്ചും കൂടുതൽ അറിയാൻ ......

Thursday, May 2, 2013

നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും


അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വർഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില്‍ ഏറെ പ്രശസ്തമായ "Solitude"," The Winds of Fate" എക്കാലവും  ഓർമിക്കപ്പെടുന്നു."Solitude"ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി.
നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും

ഇന്നലെ എനിക്ക് ഒരു കത്ത് പൊസ്റ്റലായി കിട്ടി അയച്ചയാളുടെ പേരോ ലഭിക്കേണ്ടയാളുടെ പേരോ കവറിൽ എഴുതിയിട്ടുണ്ടായിരുന്നില്ല സ്ഥലപ്പേരും പോസ്റ്റ്‌ ബോക്സ്‌ നമ്പറും മാത്രം .

ഓഫീസ് തിരക്കായത് കൊണ്ട് പിന്നീട് വായിക്കാമെന്നു കരുതി കത്ത് പോക്കറ്റിൽ ഇട്ടു, ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ കാറിൽ കയറിയപ്പോഴാണ് കത്തിന്റെ കാര്യം ഓർമ്മ വന്നത്, ഞാൻ കവർ പൊട്ടിച്ചു, കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.

പ്രിയ സുഹൃത്തെ
ഇത് വായിക്കാൻ താങ്കൾക്ക് അറിയുമോ എന്നെനിക്കറിയില്ല, ഇത് ആരുടെ പോസ്റ്റ്‌ ബോക്സ്‌ ആണ്, ആർക്കാണ് ഈ കത്ത് ലഭിക്കുക എന്നൊന്നും  എനിക്കറിയില്ല,  ഒരു മലയാളിക്ക് കിട്ടട്ടെ എന്ന് ആശിച്ചു കൊണ്ട് എഴുതിയതാണ്, എന്റെ പേര് ശുകൂർ ഞാൻ ഇരുപത്തഞ്ചു  വർഷത്തോളമായി സൌദിയിൽ ജോലി ചെയ്തു വരികയായിരുന്നു, കഴിഞ്ഞ മാസം നിതാകാത് മൂലം എന്നെ സൗദി പോലിസ് പിടികൂടി രണ്ടു ദിവസം അവരുടെ കസ്ടടിയിൽ താമസിച്ചതിനു ശേഷം നേരെ എയർപൊർട്ടിലേക്കു  എന്നെ കൊണ്ട് വന്നു, എയർപോർട്ടിൽ എന്റെ കൂട്ടുകാരൻ വന്നു എന്റെ ബാഗും പഴയ ചില വസ്ത്രങ്ങളും എന്നെ ഏല്പിച്ചു. ഒരു വിധം ജീവൻ തിരിച്ചു കിട്ടിയത് പോലെ എനിക്ക് തോന്നി, കയ്യിൽ  ഒന്നുമില്ല, കൂട്ടുകാരൻ എയർപോർടിൽ എത്തിച്ചു തന്ന ഒരു ചെറിയ ബാഗ് മാത്രം. കൂട്ടുകാരനോട് ഞാൻ പറഞ്ഞു ഞാൻ നാട്ടിൽ എത്തുന്ന വിവരം നീ എന്റെ വീട്ടിൽ വിളിച്ചു പറയണം.

സുഹൃത്തെ, ഇത് പതിമൂന്നാമത്തെ തവണയാണ് ഞാൻ നാട്ടിലേക്ക് പോകുന്നത് കയ്യിൽ ഒരു പെട്ടിപോലും ഇല്ലാത്ത ആദ്യത്തെ യാത്ര, എന്നും പോകുമ്പോൾ ഞാൻ ബന്ധപ്പെട്ടവരെയൊക്കെ വിളിക്കാറുണ്ടായിരുന്നു, നാട്ടിൽ നിന്നും നീണ്ട ഒരു ലീസ്റ്റ് തന്നെ എനിക്ക് കിട്ടാറുണ്ടായിരുന്നു, ഇപ്രാവശ്യം അവർക്ക് ഒന്നും വാങ്ങാൻ കഴിഞ്ഞില്ലല്ലോ എന്ന പ്രയാസമായിരുന്നു മനസ്സ് നിറയെ, കയ്യിൽ പൈസയില്ലത്ത വിഷമവും,  സാരമില്ല നാട്ടിൽ എനിക്ക് കുറെ കൂട്ടുകാരും അളിയന്മാരും ജേഷ്ടനും അനുജനും ഉണ്ടല്ലോ അവരെ ഓർത്ത്‌  സമാധാനിച്ചു,  ഇതുവരെ വീട് നിർമിക്കാനും കാർ വാങ്ങാനും അവരെ ഒരു പാട് സഹായിച്ചതല്ലെ, അവരുടെ സഹായം തല്കാലം എനിക്ക് കിട്ടും അങ്ങിനെ ഞാൻ ആശ്വസിച്ചു.

കഴിഞ്ഞ വർഷം മൂത്ത അളിയന്റെ ഇന്നോവയിൽ ആയിരുന്നു പോയത് ഇപ്രാവശ്യം ചെറിയ അളിയന്റെ സ്വിഫ്റ്റ്ൽ പോകാം അവനു പ്രയാസാമാവേണ്ട മാത്രമല്ല സ്വിഫ്റ്റ്ന്റെ പകുതി പൈസ ഞാൻ കൊടുത്തതാണല്ലോ, ഈ മുഷിഞ്ഞ ഡ്രസ്സ്‌ മാറ്റാൻ ആദ്യം റെഡിമയ്ട് ഷോപ്പിൽ കൊണ്ട് പോകുക മൂത്ത  അളിയനായിരീക്കും അവർക്ക് ഈ ഡ്രസ്സ്‌ കാണുമ്പോൾ പ്രയാസമാവതിരുന്നാൽ മതിയായിരുന്നു.  ഇങ്ങനെ ഓരോന്നു ചിന്തിച്ചു ഞാൻ കാലീക്കറ്റ് ഐയർപോർട്ടിൽ എത്തി. എന്നെ കൂട്ടാൻ പതിവ് പോലെ വരുന്ന അളിയൻമാരെയും ജേഷ്ടനെയും അനുജനെയും ഭാര്യയേയും പ്രതീക്ഷിച്ചു പുറത്തിറങ്ങി.

കുറെ നേരം എയർ പോര്ട്ടിന് പുറത്ത് നിന്ന് ആരെയും കാണുന്നില്ലല്ലോ? ഇനി  കൂട്ടുകാരാൻ വിളിച്ചു പറയാൻ  മറന്നോ? സംശയിച്ചു നിൽക്കുന്നതിനിടയിലാണ്  ജീപ്പ് ഡ്രൈവർ അയല്വാസി നാസിർ എന്നെ  വിളിക്കുന്നത് പോകുകയല്ലേ ?

എവിടെ അളിയന്മാർ ഞാൻ ചോദിച്ചു ?
അവരൊന്നും വന്നിട്ടില്ല നിങ്ങളുടെ ഭാര്യ എന്നെ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ജീപുമായി പോന്നു. അവർ പറഞ്ഞത് "ഇനി നീ എന്നും ഇവിടെ തന്നെയുണ്ടാവുമല്ലോ പിന്നെ എന്തിനാ കൂട്ടാൻ പോകുന്നത്," അനുജൻ പറഞ്ഞത്  "അവനു വഴി അറിയാമല്ലോ ഒറ്റയ്ക്ക് ഇങ്ങ് വന്നു കൊള്ളും"

ഞാൻ  ഓർത്തു മുമ്പ് ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ അളിയന്മാരുടെയും ജേഷ്ടന്റെയും പെങ്ങന്മാരുടെയും ബഹളമായിരുന്നു.  അളിയന്റെ ഇനോവയിൽ കയറണോ അതോ അനുജന്റെ സ്വിഫ്റ്റിൽ കയറണോ അവർ തമ്മിൽ പിടിയും വലിയുമായിരുന്നു പെട്ടി പിടിക്കാൻ കൂട്ടുകാരും. നിതാകാതിന്റെ ഫലമായി വെറും കയ്യോടെ വരുന്ന കാര്യം അവർ മനസ്സിലാക്കി കാണും.

സുഹൃത്തെ, ഞാൻ  വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഞാൻ നാട്ടിൽ എത്തിയാൽ  എന്റെ പിന്നാലെ കൂടാറുള്ള രാഷ്ട്രീയക്കാരെയും പള്ളി പ്പിരിവുകാരെയും ആരെയും കാണാനില്ല, സ്വന്തം ഭാര്യക്ക് പോലും പഴയ ഒരു ഉണര്വ് ഇല്ലാത്തത് പോലെ, ആവശ്യത്തിലധികം ഷുഗറും പ്രഷറും നരച്ച മുടിയും  അവർക്ക് പോലും ഒരു അധികപ്പറ്റായത് പോലെ, നിതകാത് മൂലം വിസ നിഷേധിച്ചത് സൗദിയാണങ്കിലും  ഇകാമ നഷ്ടപ്പെട്ടത് ശരിക്കും നാട്ടിൽ  നിന്നാണ് എന്ന് തോന്നി.

സുഹൃത്തെ, ഇത് താങ്കൾക്കു  ഞാൻ എഴുതിയത് എന്റെ വിഷമം  താങ്കളെ അറിയിക്കാനല്ല  എനിക്ക് ഇതിൽ  ഒരു പ്രയാസവുമില്ല, ഞാൻ ഇപ്പോഴും സന്തോഷവാനാണ്. ലോകം  ഇതാണ്  എന്ന് താങ്കളെ  അറിയിക്കാൻ  വേണ്ടി മാത്രമാണ്. പറ്റുമെങ്കിൽ മറ്റു സുഹൃത്തുക്കൾക്കും ഈ സന്ദേശം എത്തിച്ചു കൊടുക്കുക. കത്ത് വായിച്ചു കഴിഞ്ഞു ഒരു നെടുവീർപ്പോടെ ഞാൻ അൽപനേരം കാറിൽ ഇരുന്നു, റേഡിയോ ഓണ്‍ ചെയ്തു.

റേഡിയോയിൽ  രമേഷിന്റെ ശബ്ദം ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് കടൽ എന്ന ചിത്രത്തിൽ ജാനകിയമ്മ ഈണം പകർന്ന ശ്രീ കുമാരാൻ തമ്പിയുടെ മനോഹരമായവരികളാണ് , ഈ ഗാനത്തെ പറ്റിയുള്ള വിശേഷണം അവതാരകൻ പറഞ്ഞിട്ടും പറഞ്ഞിട്ടും നിർത്തുന്നില്ല ഒപ്പം ഇത് കേട്ട ചില ശ്രോതാക്കളും  ഒടുവിൽ ഗാനം പ്ലേ ചെയ്തു.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .......

ഈ ഗാനവും മുകളിലെ കുറിപ്പും വായിച്ചപ്പോൾ  അമേരിക്കൻ കവിയത്രി Ella Wheeler Wilcox നെ നേരിൽ കാണുമ്പോലെ എനിക്ക് തോന്നി അവർ നേരിട്ട് എന്റെ കാതിൽ അവരുടെ ചിന്തകൾ പങ്കു വെക്കുകയാണോ എന്ന് തോന്നി.  അവരുടെ  " Solitude"ലെ  വരികൾ എന്റെ മനസ്സിലേക്ക്  ഓടിയെത്തി ...എത്ര അർത്ഥവത്തായ വരികളായിരുന്നു അവരുടെത്

"ചിരിച്ചാല്‍ ലോകം നിങ്ങളോടൊപ്പം ചിരിക്കും.
കരഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്ക് കരയും

"Laugh, and the world laughs with you;
Weep, and you weep alone".


സന്തോഷത്തിന്റെ ആഴം അവർ അളക്കും
ദുഖത്തിൽ നിന്നോരംശവും അവർക്കു വേണ്ട
സന്തോഷത്തിൽ പങ്കു ചേരാൻ ഒത്തിരി പേരെ കാണാം
ദുഖത്തിൽ അവർ പങ്കു ചേരില്ല
നിങ്ങളോടോത്തു അവർ വീഞ്ഞ്കുടിക്കും അതിനവർക്ക്  മടിയില്ല
കയ്പ്പ് നീര് കുടിക്കാൻ അവരോപ്പമുണ്ടാവില്ല  അത് സ്വന്തം കുടിച്ചു തന്നെ തീർക്കണം
സന്തോഷ വേളയിൽ നിങ്ങളുടെ തീന്മേഷകളിൽ ആളുകൾ നിറയും
പട്ടിണിയിൽ ഒരാളെയും കൂടെ കാണില്ല
വിജയിക്കൂ, നല്കൂ. ജീവിക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.
മരിക്കാന്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല...


They want full measure of all your pleasure
But they do not need your woe
Be glad, and your friends are many
Be sad, and you lose them all
There are none to decline your nectared wine
But alone you must drink life's gall
Feast, and your halls are crowded
Fast, and the world goes ബൈ
Succeed and give, and it helps you live
But no man can help you die


ജീവിതം ഒരു ഗാനം പോലെ ഒഴുകുമ്പോള്‍
സന്തോഷമായിരിക്കുവാന്‍ അത് ധാരാളമാണ്
എന്നാല്‍, എല്ലാ കാര്യങ്ങളും തലകീഴായി മാറുമ്പോൾ
ചിരിക്കുവാന്‍ കഴിയുന്നവനായിരിക്കണം അതാണ്‌ ഏറ്റവും വലിയ സമ്പത്ത്

It is easy enough to be pleasant,
When life flows by like a song,
But the man worth while is one who will smile,
When everything goes dead wrong.


ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്റെ യഥാർത്ഥ അവസ്ഥയല്ലേ അവർ ശരിക്കും ഇവിടെ വരച്ചിട്ടിരിക്കുന്നത് . സന്തോഷം ലഭിക്കുമ്പോൾ കൂടെ കൂടാൻ ഒരു പാട് പേരുണ്ടാവും, ദുഖത്തിൽ പങ്കു ചേരാൻ വളരെ കുറച്ചു പേരും, ഇത് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റുന്നവരും  അനുഭവിച്ചു അറിയുന്നവരുമാണ് നമ്മൾ പ്രവാസികൾ, പ്രവാസികളായ നമ്മുടെ വിഷയത്തിൽ   ഇടപെടാൻ ഒട്ടും സമയം കാണാത്തവരായി നാം മാറിക്കൊണ്ടിരിക്കുന്നു, ഫാസ് ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയകൾ ഇതിന്റെ ആഴം കുറക്കുകയും കൂട്ടുകയും ചെയ്യുന്നു എന്നത് ഇക്കാലത്തെ ഒരു പ്രത്യേകതയാണ്.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .....
പാട്ട് മനോഹരമാണ് വരികൾ മനോഹരമാണ് എന്നൊക്കെ ഒരു പാട് പുകഴ്ത്തി മലയാളികൾ നടക്കുമ്പോഴും ഇതിനൊരു മാറ്റത്തെ പറ്റി  സോഷ്യൽ മീഡിയകൾ വൻ സ്വാധീനം ലഭിച്ച ഇക്കാലത്തു പോലും നാം ചിന്തിക്കുന്നില്ല എന്നതാണ് സത്യം,  പലപ്പോഴും ഈ പറഞ്ഞതിൽ നിന്നും ഒരു പടി കൂടെ മുന്നിലാണ് പല മലയാളികളും,  ഇതിൽ നിന്നും വിപരീതമായി പ്രവർത്തിക്കുന്ന നല്ലവരായ ഒരു പാട് പേരുണ്ട് അവർക്കു നമുക്ക് നന്മകൾ നേരാം. പ്രവാസികൾ അല്പം കൂടി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

 -------------------------------------------------------------------------------------
Ella Wheeler Wilcox നെ പറ്റി അല്പം
ചെറുപ്പം മുതലേ കവിതകൾ എഴുതിയ Ella Wheeler Wilcox  അമേരിക്കൻ ജനതയ്ക്ക്  ഏറ്റവും ഇഷ്ടപ്പെട്ട കവിയത്രിയായിരുന്നു. Marcus H. Wheelerന്റെയും Sarah Pratt Wheelerന്റെയും മകളായി 1850 തിൽ വിസ്കോൻസിലെ  Janesvilleയിൽ കർഷക കുടുംബത്തിലാണ് wheeler  ജനിക്കുന്നത്. കവിതകൾ  മാത്രമല്ല നല്ല നല്ല ഒരു പാട് ലേഖനങ്ങളും Ella എഴുതിയിട്ടുണ്ട്  The Heart of New Thought അതിൽ പ്രസിദ്ധമായിരുന്നു പതിനാലു വയസ്സ് ആകുമ്പോഴേക്കും അവരുടെ അനേകം കൃതികൾ ‘New York Mercury’. പ്രസിദ്ധീകരിച്ചു.

അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വര്ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത് . Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില ഏറെ പ്രശസ്തമായ "Solitude",  "The Winds of Fate" എക്കാലവും  ഓര്മിക്കപ്പെടുന്നു. "Solitude", ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി. അനിതരസാധാരണമായ കവിത്വശക്തിയും പ്രതിഭാപ്രകര്‍ഷവും 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  അല്പം പോലും നിറം മങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ...
എന്നും  ഓർക്കാൻ  പറ്റിയ  കുറെ സ്വര്‍ണ്ണ വരികൾ നല്കി  1919 ഒക്ടോബർ 30 തിനു  അവർ ഈ മണ്ണിൽ നിന്നും യാത്രയായി .


ഒറ്റ നോട്ടത്തിൽ
1850 തിൽ ജനിച്ചു
1864 ൽ ‘New York Mercury’ പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു
1883 മാസ്റ്റർ പീസായ " Solitude", "Poems of Passion " പബ്ലിഷ് ചെയ്തു
1884  മെയ്‌ 1 Robert Wilcox മായി വിവാഹം
1916 Robert Wilcox മരിച്ചു
1919 തിൽ 69 മത്തെ വയസ്സിൽ Ella Wheeler Wilcox ഈ മണ്ണിൽ നിന്നും യാത്രയായി .

പ്രസിദ്ധമായ പുസ്തകങ്ങൾ
The Heart of New Thought,
The Worlds and I

പ്രധാന കവിതകൾ
    "It Might Have Been"
    A Baby In The House
    A Fable
    A Fallen Leaf
    A Fatal Impress
    A Fisherman's Baby
    A Girl's Autumn Reverie
    A Glass Of Wine
    A Golden Day
    A Grey Mood
    A Holiday
    A Leaf
    A Lovers' Quarrel
    A Maiden To Her Mirror



Monday, January 21, 2013

കാലത്തിന്റെ കണ്ണുനീര്‍

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ  വേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ ജനാലയിലൂടെ പൂന്തോട്ടത്തിലേക്ക് നോക്കി. തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് അയാള്‍ കണ്ടു, അഴുകിക്കീറിയ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.............
അറിയപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്ന മുസ്തഫാ ലുത്ഫി മന്‍ഫലൂതിയുടെ "അബ്രത് അല്‍ ദഹര്‍"
എന്ന കഥ മലയാളീകരിച്ഛത്

കാലത്തിന്റെ  കണ്ണുനീര്‍
ഒരാള്‍ പച്ചപ്പുകള്‍ നിറഞ്ഞ തന്റെ തോട്ടത്തിന്റെ നടുവില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ചു, അതില്‍ നക്ഷത്ര രശ്മികള്‍ തട്ടി മിന്നിത്തിളങ്ങുന്ന ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം പടുത്തുയര്‍ത്തി, ആ ഗോപുരം ദൂരെ നിന്ന് നോക്കിയാല്‍ ജുസാ നക്ഷത്രത്തിന്റെ ചെവിയില്‍  തൂക്കിയിട്ട  കമ്മലാണെന്നു തോന്നും, നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന  ഗോപുരത്തിന്റെ മുകള്‍ഭാഗം ആകാശത്തെ സ്പര്‍ശിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഓരോ തൂണുകളും മുറികളും ചുമരുകളും മേല്‍തട്ടും കൃത്യമായും പ്രക്രുത്യലഭ്യമായ ചായങ്ങളുപയോഗിച്ചു വരച്ചിരിക്കുന്നു. ഓരോ വരകളും പൂര്‍ണമാണ്, ഭംഗിയുള്ള ചുവര്‍ ചിത്രങ്ങള്‍. പൂമുഖവാതിലിലൂടെ കൊട്ടാരത്തിനുള്ളിലേക്ക്  പ്രവേശിക്കുന്നവര്‍ വിവിധ നിറത്തിലുള്ള പൂവുകള്‍ നിറഞ്ഞ ഉദ്യാനത്തില്‍ നിന്നും ചെന്നായ്ക്കളും പുലികളും വിഹരിക്കുന്ന വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇരുണ്ട കാടുകളിലേക്ക് പ്രവേശിക്കുകയാണോ എന്നു തോന്നും, ചിലയിടങ്ങളില്‍ പുല്ലുകളും മാന്‍ പേടകളും  നിറഞ്ഞ കളി സ്ഥലമായി അനുഭവപ്പെടും, അത്രയും മനോഹരമാണ് ഓരോ വരകളും. വിശാലമായ മുറ്റത്തു ഗോളാകൃതിയില്‍  മാര്‍ബിളുകള്‍ കൊണ്ടൊരു ജലസംഭരണി നിര്‍മിച്ചിരിക്കുന്നു, അതില്‍ ന്യത്തം വയ്ക്കുന്ന ജലധാരകളും, ഉറയില്‍ നിന്നും ഊരിയെടുത്ത വാള്  പോലെ, തൊടുത്ത്  വിടുന്ന അമ്പു പോലെ  വെട്ടിത്തിളങ്ങുന്നു ആ ജലധാരകൾ, ജലധാര നിര്‍മിച്ച ജലസംഭരണിക്ക് ചുറ്റും വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. വെള്ളം മുകളിലേക്ക് പോകുമ്പോള്‍ അതില്‍വീശിയെത്തുന്ന കാറ്റില്‍  മരത്തിന്റെ ഇലകളും  കായ്കനികള്‍ നിറഞ്ഞ ചെടികളും  പൂക്കളും  നൃത്തം ചെയ്യുന്നു. ഇത് കാണുമ്പോള്‍ മരച്ചില്ലയിലുള്ള പക്ഷികള്‍ ഈണത്തില്‍  രാഗങ്ങള്‍ പൊഴിച്ചു ആനന്ദ നൃത്തമാടുന്നു.  

നയന സുഖമേകുന്ന ഈ ഉദ്യാനത്തില്‍ മാര്‍ബിളിലും സ്പടികത്തിലും പണിതീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങളും, നിറയെ ചാര് കസേരകളും പ്രതിമകളും, സ്വര്‍ണത്തില്‍ തീര്‍ത്ത തലയിണകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിരിക്കുന്നു,  കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത്  പുള്ളിപ്പുലികളും സിംഹങ്ങളും മറ്റു വന്യ മൃഗങ്ങളും താമസിക്കുന്ന കൂടുകള്‍ കാണാം, പരുന്തിനേയും പ്രാവിനെയും  മറ്റു പക്ഷികളെയും അവിടെ വളര്‍ത്തുന്നു.   ഓരോ ഭാഗങ്ങളിലായി വിലയേറിയ കുതിരകളും കുതിരവണ്ടിയും കാളവണ്ടിയും അലങ്കാരത്തിനായി വച്ചിരിക്കുന്നു, രുചിയേറിയ ഭക്ഷണങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളും കോപ്പകളും ആയിരക്കണക്കിന് വേലക്കാരികളും സ്വര്‍ഗത്തില്‍ പറയപ്പെട്ടത് പോലെയുള്ള ചെറിയ കുട്ടികളും ആ കൊട്ടാര റൂമുകളിലുണ്ട്..

അതി ശൈത്യമായ  കൂരിരിരുട്ടുള്ള ഒരു രാത്രി കൊട്ടാരത്തിന്റെ ഉടമസ്ഥന്‍ തന്റെ കിടപ്പ് മുറിയിലെ  വിരിപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പല്ലുകള്‍ നഷ്ടപ്പെട്ട കറുത്ത കാപ്പിരിയായ വേലക്കാരന്‍ ബിലാലിനെ അല്ലാതെ വേറെയാരെയും ചുറ്റും കാണുന്നില്ല, താന്‍ വളര്‍ത്തിയ കാപ്പിരിയായ ബിലാലിനോട് അദ്ദേഹം പറഞ്ഞു, ബിലാല്‍ അല്പം വെള്ളം തരൂ, ബിലാലിന്റെ മടിയില്‍ തല ചായ്ച്ചു അയാള്‍ വെള്ളം കുടിച്ചു, വെള്ളം കുടിച്ചപ്പോള്‍ നാവിന്റെ കെട്ടൊന്നു അഴിഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ബിലാല്‍, രാത്രിയുടെ ഏതു യാമത്തിലാണ്  നാമിപ്പോള്‍ ?
ബിലാല്‍ പറഞ്ഞു : യജമാനാ രാത്രിയുടെ അന്ത്യ യാമത്തിലാണ്  നാമിപ്പോള്‍
നിന്റെ യജമാനത്തി എവിടെ ബിലാല്‍ ? അവള്‍ പുറത്തു പോയിതിരിച്ചു വന്നിട്ടില്ല
ഇത്ര സമയമായിട്ടും അവള്‍ തിരിച്ചു വന്നിട്ടില്ലേ ? ഇല്ല
അയാള്‍  നീണ്ട ഒരു നെടുവീര്‍പോടെ ഗാഡമായി ശ്വസിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഒരു രോഗിയാണെന്നും എന്നെ ശുശ്രൂഷിക്കാന്‍ ഉറക്കമൊഴിഞ്ഞു ഒരാള്‍ വേണമെന്നും ഈ കൊട്ടാരവാസികളില്‍ അവളേക്കാള്‍ അതിനര്‍ഹരായി മറ്റാരും ഇല്ലന്നും അവള്‍ക്കു നന്നായി അറിയാം, ജീവിതത്തിന്റെ മുഴുവന്‍ സമയങ്ങളിലും അവള്‍  ഉരുവിടാറുള്ള കരാര്‍ എവിടെ പോയി? ഇനി ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരില്ലെന്ന് അവള്‍ മനസ്സിലാക്കിയോ? ഞാന്‍ അവള്‍ക്കു ഒരു ഭാരമായോ? എന്റെ ഈ കിടപ്പ് അവളെ മടുപ്പിച്ചൊ? ഓരോ രാത്രികളിലും ജീവിതാസ്വാദനങ്ങളും തേടി അവള്‍ എന്നില്‍ നിന്നും ഓടി മറയുന്നു. ആഹ് !!!  ജിവിതം എത്ര ദൂരം  ... മരണം ഒരു പാട് അകലെയാണോ... !!!!

നാവുകള്‍ തളരുന്നത് വരെ  അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ശരീരം ചുട്ടു  പൊള്ളാന്‍ തുടങ്ങി, പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ ശരീരം തിളച്ചു മറിയാന്‍ തുടങ്ങി, വിരിപ്പിലേക്ക് മറിഞ്ഞുവീണു മരണത്തിന്റെ കയ്പ്പ് നീര്‍ അയാള്‍ ഇറക്കി ക്കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞു  രണ്ടാമതും മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു  ചുറ്റിലും നോക്കി  അടുത്തു നില്‍ക്കുന്ന ബിലാലിനോടയാള്‍ ചോദിച്ചു. ബിലാല്‍ നിന്റെ യജമാനത്തി എവിടെ പോയെന്നു നിനക്കറിയുമോ?
യജമാനാ അവളെ പ്രതീക്ഷിക്കാതിരിക്കുന്നതാണ്  നിങ്ങള്‍ക്കു നല്ലത്, നിങ്ങളില്‍ നിന്നും അകന്നു പോയതില്‍ നിങ്ങള്‍ അവളെ ആക്ഷേപിക്കാതിരിക്കുക, അവള്‍ക്കു ചില കടങ്ങളുണ്ട് അത് വീട്ടാന്‍ വേണ്ടിയാണ് അവള്‍ എല്ലാ രാത്രികളിലും പുറത്ത് പോകുന്നത്. അവള്‍ക്ക് ഇങ്ങനെ ഒരു കടമുള്ളത് ഇന്ന് വരെ ഞാന്‍ അറിഞ്ഞില്ലല്ലോ? എപ്പോഴാണ് ഒരു കടക്കാരന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ കടം വീട്ടാന്‍ തുടങ്ങിയത് ? അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഇവിടെ അവള്‍ക്കാരുമില്ലന്നായൊ? അവള്‍ തന്നെ അതിനുവേണ്ടി പോകേണ്ടതുണ്ടോ? പൂര്‍ണമായി ഒരു വര്‍ഷം ഇങ്ങനെ പോയിട്ടും അവളുടെ കടം വീട്ടി തീര്‍ന്നില്ലേ?

ബിലാല്‍ പറഞ്ഞു യജമാനാ അവളുടെയും കടക്കാരന്റെയും ഇടയില്‍ വ്യക്തമായ ഒരു  രേഖയും കരാറുമുണ്ട്,  കടം അവളില്‍ നിന്നും ഓരോ രാത്രി ഓരോ ഓഹരിയായി വാങ്ങുമെന്നും, അവളുടെ കൈകൊണ്ടു തന്നെയാകണമെന്നും കരാര്‍ പൂര്‍ത്തികരിക്കേണ്ട സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലായിരിക്കണമെന്നുമാണ്. അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു "ഈ കടത്തെയും  അതിലെ കരാറിനെക്കാളും അത്ഭുതം നിറഞ്ഞ മറ്റൊരു കാര്യത്തെപറ്റി എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേട്ടിട്ടില്ല, ആരാണ് ആ കടക്കാരന്‍" ? ബിലാല്‍ പറഞ്ഞു "താങ്കള്‍ തന്നെയാണ് ആ കടക്കാരന്‍".

യജമാനന്‍ ബിലാലിനെ ഒന്ന് നോക്കി, ബിലാല്‍ നീ എന്നെ പരിഹസിക്കുകയാണോ അതോ പിച്ചും പിഴയും പറയുകയാണോ ? യജമാനാ, ഞാന്‍ താങ്കളെ ഒരിക്കലും പരിഹസിക്കുകയില്ല അതിനെനിക്ക് കഴിയില്ല, ഞാന്‍ പറയുന്നത് പിച്ചും പിഴയും അല്ല, യജമാനത്തി താങ്കളില്‍ നിന്നും ഒരു പാട്  പ്രതീക്ഷിച്ച രാവുകളുണ്ടായിരുന്നു താങ്കളുമായി സുഖം പങ്കിടുവാന്‍ ഒരുപാടാഗ്രഹിച്ച തണുത്ത് വിറച്ച രാത്രികള്‍.. അന്ന് അവള്‍ കിടന്നിരുന്നത് നിങ്ങള്‍ കിടക്കുന്ന ഇതേ കട്ടിലിലായിരുന്നു. നിങ്ങള്‍ അവളെ ഈ കട്ടിലില്‍ തനിച്ചാക്കി മദ്യശാപ്പുകളിലും മധുശാലകളിലും പോയി നിങ്ങളുടെ സമ്പത്ത് വാരിവിതറി, കോപ്പകള്‍ കൂട്ടിയുരച്ച് നിങ്ങളുടെ വികാരങ്ങളും  ആഗ്രഹങ്ങളും തീര്‍ത്ത ഇത് പോലെയുള്ള ദീര്‍ഘമായ രാത്രികളെ താങ്കള്‍ ഓര്‍ക്കുന്നില്ലേ, താങ്കള്‍ അന്ന് കവര്‍ന്നെടുത്ത ആ രാത്രികള്‍ ഇന്ന് അവള്‍ക്കു കടമായി മാറിയിരിക്കുന്നു, അവള്‍ക്കുനഷ്ടപ്പെട്ട ഓരോ രാത്രികളും ഓരോന്നായി അവള്‍ തിരിച്ചു വാങ്ങുകയാണ്. ഒരു ഒരു പാവം യുവാവിനെ ബന്ധസ്തനാക്കി അയാളുടെ ഭാര്യയെ കവര്‍ന്ന ആ രാത്രികള്‍ താങ്കള്‍ ഓര്‍ക്കുന്നില്ലേ. ഇന്ന് അയാള്‍ താങ്കളുടെ ഭാര്യയെ കവര്‍ന്നു കടം തീര്‍ക്കുകയാണ്, ശരിക്കും നീതിയുക്തമായ രീതിയില്‍ തന്നെയാണ് താങ്കളില്‍നിന്നും കടങ്ങള്‍ തിരിച്ചു വാങ്ങുന്നത് .

നിര്‍ത്തൂ ബിലാല്‍, എനിക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് താങ്കളുടെ വാക്കുകള്‍, ബിലാല്‍ നീ എന്റെ മകനെ വിളിക്കൂ,  താങ്കള്‍ പറഞ്ഞു വിട്ട സ്ഥലത്ത് നിന്നും മകന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഞാന്‍ എവിടെയും അവനെ പറഞ്ഞയച്ചതായി ഓര്‍ക്കുന്നില്ലല്ലോ? അവന്‍ എവിടെ പോയി? അവന്‍ മധുശാലയിലെ മദ്യക്കോപ്പകള്‍ക്കിടയിലാണ്, ദാഹം തീര്‍ന്നാലല്ലാതെ അവന്‍ തിരിച്ചു വരില്ല,  ദാഹം തീര്‍ന്നാല്‍ അവനു തനിച്ചു തിരിച്ചു വരാനും കഴിയില്ല, ചീത്ത കൂട്ടുകാരില്‍ നിന്നും മകനെ നിങ്ങള്‍ അകറ്റണമെന്ന് പല തവണ ഞാന്‍ യജമാനനോട് പറഞ്ഞിരുന്നു, അന്നൊക്കെ താങ്കള്‍ എന്നില്‍ നിന്നും മുഖം തിരിച്ചു, അമിത സ്വാതന്ത്ര്യം നല്‍കി, അവനെ പഠിപ്പിക്കാന്‍ സംസ്കാരസമ്പന്നനാക്കാന്‍ ഞാന്‍ നിങ്ങളോട് ഒരുപാട് പറഞ്ഞിരുന്നു. അന്ന് നിങ്ങള്‍ പറഞ്ഞത് "പഠിക്കേണ്ടത് അത് കൊണ്ട് ജോലി ചെയ്തു സമ്പാദിക്കേണ്ടവരാണ്, എന്റെ മകന് അതിന്റെ ആവശ്യമില്ല, ഇഷ്ടം പോലെ ഞാന്‍ അവനു വേണ്ടി കരുതി വെച്ചിട്ടുണ്ട്". അത് കൊണ്ട് നിങ്ങളാണ്  അവനെ ഈ രാത്രി  മധുശാലയിലേക്ക്  പറഞ്ഞയച്ചത്, നിങ്ങള്‍ക്ക് അവനാവശ്യമായ ഈ സമയത്ത് അവനെ നിങ്ങളില്‍ നിന്നും അകറ്റിയത് താങ്കള്‍ തന്നെയാണ്.

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന എത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ ശരീരവേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ പൂന്തോട്ടത്തിലേക്ക് നോക്കി. അദ്ദേഹം തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് കണ്ടു, അഴുകിക്കീറിയ വസ്തരമാണ് അവര്‍ ധരിച്ചിരിക്കുന്നത്, കാര്‍മേഘത്തിനിടയില്‍  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ അവളുടെ മനസ്സിലെ സൗഭാഗ്യം പ്രതിഫലിക്കുന്നതായി അയാള്‍ കണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുക്കയോ  കുത്ത് വാക്കുകള്‍  പറയുകയോ ചെയ്യുന്നില്ല, എന്തൊരു സ്നേഹം, എന്തൊരു വിനയം എല്ലാം അയാള്‍ നോക്കിക്കണ്ടു, അവര്‍ രണ്ടു പേരും ദുഖത്തെകുറിച്ചു ആവലാതി പെടുകയോ അവര്‍ക്ക് ലഭിക്കാത്ത സമ്പത്തിനെ പറ്റി ആകുലപ്പെടുകയോ ചെയ്യുന്നില്ല, വളരെ ഉന്മേഷവാന്മാരായി അവിടെ ഇരിക്കൂന്നു, ദൈവം അവര്‍ക്ക് നല്‍കിയ പരുക്കന്‍ വസ്ത്രങ്ങളിലും ഭക്ഷണത്തിലും അവര്‍ സന്തോഷിക്കുന്നു, അവര്‍ രണ്ടു പേരും ഈ കൊട്ടാരത്തിലേക്ക് വിഷമത്തോടെ നോക്കുന്നില്ല അതിനു വേണ്ടി കൊതിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, രണ്ടു പേരുടെയും സംസാരം അദ്ദേഹം ചെവിയോര്‍ത്തു.

തോട്ടക്കാരന്‍ തന്റെ ഭാര്യയോട് പറഞ്ഞു "ആ വഞ്ചകിയായ സ്ത്രീ അടക്കം എനിക്കീ കൊട്ടാരവും അതിലെ പാത്രങ്ങളും ഉദ്യാനങ്ങളും എല്ലാ വസ്തുക്കളും ദാനമായി തന്നാലും ദൈവത്തെ സത്യം അതില്‍ താമസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എതങ്കിലും തായ് വരയിലോ കുന്നിന്‍ മുകളിലോ താമസിക്കുന്നതാണ് , ഈ മനുഷ്യന്‍ ദുഖിക്കുന്നതും വ്യസനിക്കുന്നതും കാണുന്നില്ലേ". ഭാര്യ പറഞ്ഞു "ശരിയാണ്  യജമാനത്തിയില്‍ നിന്നും നമ്മുടെ യജമാനന്‍ രക്ഷപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കഴിയുന്നു, അദ്ദേഹത്തിന്റെ  ബലഹീനത അധികരിക്കുകയല്ലാതെ കുറയുന്നില്ല". തോട്ടക്കാരന്‍ "ചികിത്സിക്കുന്ന കൊട്ടാരവൈദ്യര്‍  പോലും അദ്ദേഹത്തെ കൈഒഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിനു ഇനി നിരാശ മാത്രമേ ബാക്കിയുള്ളൂ, അതില്‍ അത്ഭുതമില്ല, കാരണം അദ്ദേഹം തന്നെയാണ്‌ അദ്ദേഹത്തെ ചതിച്ചത്". ഭാര്യ "എത്ര ദൌര്‍ഭാഗ്യകരം അല്ലെ  വലിയൊരു പരീക്ഷണം തന്നെ" തോട്ടക്കാരന്‍  "അദ്ദേഹത്തിന്റെ സമ്പത്തും പ്രതാപവും അന്തസ്സും അയാളെ വഞ്ചിച്ചു  ശാന്തിക്കും സമാധാനത്തിനുംവേണ്ടി കാലത്തോട് കരാര്‍ ചെയ്യാമെന്ന് അയാള്‍ കരുതി  സ്വന്തത്തെ പറ്റി അയാള്‍  ചിന്തിച്ചില്ല, ഇപ്പോള്‍ ഇതാ കുഴിയില്‍ വീണിരിക്കുന്നു". തോട്ടക്കാരന്റെ മടിയില്‍ ചേര്‍ന്നിരുന്നുകൊണ്ട് ഭാര്യ ചോദിച്ചു "അപ്പോള്‍ അദ്ദേഹത്തിന്റെ കാല ശേഷം ആ കൊട്ടാരത്തിന്റെ അവസ്ഥ എന്തായിരിക്കും" തോട്ടക്കാരന്റെ മറുപടി അയാളുടെ മക്കള്‍ക്ക്‌ ലഭിക്കും. അപ്പോള്‍ ഭാര്യ പറഞ്ഞു "അല്ല ഞാന്‍ അറിഞ്ഞത് അങ്ങിനെയല്ല ഞാന്‍ അറിഞ്ഞത് യജമാനത്തിയുടെ കൂട്ടുകാരനായിരിക്കുമെന്നാണ് അവര്‍ തമ്മില്‍ വിവാഹാലോചന വരെ നടന്നു കഴിഞ്ഞു, ഇയാളുടെ മരണ ശേഷം അദ്ദേഹമായിരിക്കും അവളുടെ  ഭര്‍ത്താവ് .

ഇത്രയും കേള്‍ക്കുമ്പോഴേക്കും അയാളുടെ  മനസ്സ് തകര്‍ന്നു, കസേരയില്‍ നിന്നും താഴെ വീണു അയാള്‍ പറഞ്ഞു എന്റെ ജീവിതത്തിലെ ദൌര്‍ഭാഗ്യത്തെ പറ്റി ഞാന്‍ സാക്ഷിയായി നില്‍ക്കുന്നു, അയാള്‍ ബോധക്ഷയനായി .. കുറച്ചു കഴിഞ്ഞു അദ്ദേഹം വീണ്ടും  കണ്ണ് തുറന്നു, അപ്പോള്‍  അദ്ദേഹം കണ്ട കാഴ്ച  അയാളുടെ മനസ്സ് തകര്‍ക്കുന്നതായിരുന്നു. കൊട്ടാരത്തിലെ യുവതികളുമായി ഉല്ലസിച്ചു കൊണ്ട് തന്റെ മകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു, തന്റെ ഭാര്യ കൊട്ടാരത്തിലെ കൂട്ടുകാരുമായി ആര്‍തുല്ലസിച്ച് ചിരിക്കുന്നു, എന്റെ മരണവും കാത്ത് അവരെല്ലാം എന്റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ. കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് തന്റെ സുഹൃത്ത് നിലയുറപ്പിച്ചിരിക്കുന്നു മരണ വെപ്രാളത്തില്‍  ഇതൊക്കെ കാണുമ്പോള്‍ ..

മുകളില്‍നിന്നും അശരീരി അയാള്‍ കേട്ടു ഹേ മനുഷ്യ!!! നിന്റെ ഭാര്യയോട്‌ നീ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നങ്കില്‍  നിന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു നീ നിന്റെ ശരീരത്തോട് കാരുണ്യം കാണിചിരുന്നങ്കില്‍ നിന്റെ ജീവിതം നഷ്ടത്തിലാവുമായിരുന്നില്ല.  അദ്ദേഹം കണ്ണടച്ചു തന്റെ കൊട്ടാരത്തില്‍ നിന്നും തോട്ടത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും മകനില്‍ നിന്നും വേദന നിറഞ്ഞ ജീവിതത്തില്‍ നിന്നും ആ പാവം എന്നെന്നേക്കും യാത്രയായി .....

Thursday, June 7, 2012

സര്‍ഗ്ഗ സായാഹ്നം





"ഇന്ന് ഞാന്‍ കുറച്ചു മനുഷ്യരെ കണ്ടു. മരുഭൂമിയില്‍ മരുപ്പച്ച വിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ കാര്യങ്ങള്‍ നടത്തിയവര്‍, അവരാരും വല്ല്യ സംഘാടകരോ അല്ലെങ്കില്‍ വല്ല്യ വല്ല്യ സ്ഥാപനങ്ങളില്‍ ഉന്നത പോസ്റ്റുകളില്‍ ജോലി ഒന്നും ഇല്ലാതെ ഫ്രീ ആയി ഇരിക്കുന്നവരോ അല്ല.. അവനവന്റെ ജോലിയും, കുടുംബ കാര്യങ്ങളും കഴിഞ്ഞു മിച്ചം വരുന്ന സമയം കൊണ്ട് ഒരു പരിപാടി ഭംഗിയായി നടത്തിക്കാണിച്ചവര്‍. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, ഒരിക്കല്‍ കൂടി എന്നെ എന്റെ പഴയ ക്ലബ്ബിന്റെ വാര്‍ഷികാഘോഷ വേളയില്‍ എത്തിച്ചതിനു നന്ദി,. ഒരു അഞ്ചാറു മണിക്കൂര്‍ പിവിസി പൈപ്പിന്റെയും, ഫിറ്റിങ്ങ്സിന്റെയും ഓര്‍മകളില്‍ നിന്നും എന്നെ മാറ്റി നിറുത്തിയതിന്) അഭിനന്ദനങള്‍ നിങ്ങളുടെ സംഘാടക മികവിന്, നിങ്ങളുടെ സ്നേഹത്തിനു, നിങ്ങളുടെ ആത്മാര്‍ഥതക്ക് ♥"
പരിപാടിയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഈ വാക്കുകളാണ് .... എന്നെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെയും വിനോദ യാത്രകളുടെയും ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ്  ഐ സി സി അശോക ഹാളില്‍ സംടിപ്പിച്ച   "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച  കുട്ടികൾക്ക് നാസര്‍ മാസ്റ്റര്‍  ഉപഹാരങ്ങള്‍ നല്‍കി. പ്രവാസത്തിനിടയില്‍  നാട്ടിലെ പഴയ ക്ലബ്ബുകളുടെ വാര്‍ഷികവും സ്കൂള്‍ കോളേജ് കലോത്സവങ്ങളും ഒരിക്കല്‍ക്കൂടി  സദസ്സിന്റെ ഓര്‍മ്മകളില്‍  പുനര്‍ജനിപ്പിക്കും വിധമായിരുന്നു പരിപാടികള്‍. പൂര്‍ണ്ണമായും കലയുടെ  വ്യത്യസ്തമായ ഒരു ആഘോഷത്തിന്‍റെ തുടക്കമായിരുന്നു ക്യു മലയാളം സംടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം". അത് എല്ലാവരിലും  കലാ ആഘോഷങ്ങളില്‍ താല്‍പര്യം ഉണര്‍ത്തി. കലയെ  നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ധൈഷണിക വിപ്ലവത്തിന് നേതൃത്വം നല്‍കാനും  പ്രേരിപ്പിക്കുക എന്നതായിരുന്നു സര്‍ഗ്ഗ സായാഹ്നം നല്‍കിയ  സന്ദേശം, സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കാനുതകുന്ന നാടകം അഭിനയ മികവു കൊണ്ടും ആശയ സമ്പുഷ്ടി കൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഗാനങ്ങള്‍, നൃത്തങ്ങള്‍, കവിത ചൊല്ലല്‍, കഥപറയല്‍ മോണോആക്ട്‌ മാജിക് കുട്ടികളുടെ സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സതീഷ്‌ മിരാണ്ട "ക്രിസ്റ്റഫര് ‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റെര്‍സ്" എന്ന നാടകത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍  കലാസ്വാദകര്‍ ഹര്ഷാരവങ്ങളോടെ അതിനെ സ്വീകരിക്കുകയായിരുന്നു, 23 വര്‍ഷത്തെ ലൌകിക സുഖത്തിനു  വേണ്ടി തന്റെ ആത്മാവിനെ സാത്താന് മുമ്പില്‍ പണയപ്പെടുത്തുകയും ഉടമ്പടി കഴിഞ്ഞപ്പോള്‍ സാത്താന്‍ ഫോസ്റ്ററിനെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ ദൂതനെ അയക്കുന്നതും അന്തിമ നിമിഷത്തില്‍ ഫോസ്റ്റെര്‍ നിലവിളിക്കുന്നതുമായ രംഗമായിരുന്നു സതീഷ്‌ അവതരിപ്പിച്ചത്, കൊച്ചുമോള്‍ പൂജയുടെ ഓര്‍മ്മ  ശക്തിയും സാന്ദ്രയുടെ വയലിന്‍ വായനയും സദസ്സിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു, നിലവാരമുള്ള ഒട്ടേറെ കവിതകളും കഥകളും, ഇമ്പമാര്‍ന്ന ഗസലുകളും ഗാനങ്ങളും കഴിവുറ്റ കലാകാരന്മാര്‍ സദസ്സിനു സമ്മാനിച്ചു. ഔപചാരികതകള്‍ ഒന്നുമില്ലാതെ ആറു  മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു.  മുന്നൂറിലധികം പേര്‍ ഒത്തു ചേര്‍ന്ന ഈ സര്‍ഗ്ഗസായാഹ്നത്തിന്റെ സംഘാടനം ഫേസ് ബൂക് കൂട്ടായമയിലൂടെ നല്‍കിയ ക്ഷണമല്ലാതെ മറ്റൊരു മാധ്യമങ്ങളുടേയും സഹായമില്ലാതെയായിരുന്നു. ഊര്‍ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു ചേരലില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ ഇത്രയും തഴച്ചുവളരുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയുട്ടുണ്ടാവില്ല. ഇതിന്റെ ശില്പികള്‍ക്ക് ഏറെ അഭിമാനിക്കാനാവുന്ന നിമിഷങ്ങളായിരുന്നു കലയുടെ മഴ വര്ഷിച്ച ആ മണിക്കൂറുകള്‍. 

പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?.ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 
മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന  പ്രവാസികള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്.  അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക്  ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ  തടവിലിടാന്‍ ശ്രമിക്കുകയാണവര്‍, സ്വാര്‍ത്ഥതയുടെ പര്യായം തേടി അലയേണ്ടതില്ലാത്ത വിധം കാലം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാറുന്ന ലോകത്തിന്റെ ഇത്തരം കാഴ്ചകള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച അനേകം ചെറുപ്പക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇവിടെ വീര്‍പു മുട്ടുകയാണ്.  ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന സ്വന്തം മജ്ജയും മാംസവുമായ സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തിരയുകയാണിവര്‍, ഇവിടെയാണ്‌ ഇത്തരം കൂട്ടായ്മയുടെയും കലയുടെയും പ്രസക്തി വിളിച്ചറിയിക്കുന്നത്.  മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാനും ഒരു ഇടം അന്വേഷിക്കുന്ന മനുഷ്യ സ്നേഹികള്‍ക്ക്  നല്ല കൂട്ടായ്മകള്‍ ഉണ്ടായേ തീരൂ. പ്രവാസി  ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത്‌ അടച്ചിട്ട റൂമില്‍ ഏകാന്തനായി കഴിയേണ്ടവനല്ല. സമൂഹത്തില്‍ അവനു ചില ബാധ്യതകള്‍ ഉണ്ട്, അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദിയില്ലാതെ ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. അനീതിക്കെതിരെ  ശബ്ദിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും  ഉള്ളു തുറന്നു സംസാരിക്കാനും പരസ്പരം സ്നേഹിക്കാനും സൌഹൃദം പങ്കിടാനും  പറ്റുന്ന ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ക്യു മലയാളം. നഷ്ടപ്പെട്ടു പോകുന്ന നാടന്‍ കലകളെ ജീവിപ്പിക്കാനും സാഹിത്യ തല്‍പരര്‍ക്ക് സര്‍ഗശേഷി വളര്‍ത്താനും മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വം എന്ന മൂല്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് പോകുന്ന ഈ കൂട്ടായ്മ മറ്റു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. സമൂഹത്തെ സംസ്കരിക്കുന്നതിന് കലയ്ക്ക് നല്ലൊരു പങ്കുണ്ടന്നവര്‍ മനസ്സിലാക്കുന്നു. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന ആര്‍ണോള്‍ഡ്‌ ഹൊയ്സരിന്റെ  വാക്കുകള്‍ അടിവരയിടുന്നതാണ് ക്യു മലയാളത്തിന്റെ കലാപരമായ പ്രവര്‍ത്തനങ്ങള്‍. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല എന്ന്  വിശ്വസിക്കുന്നവരാണ്  ഈ  കൂട്ടായ്മയിലുള്ളവര്‍.  ഇവിടെ ഒരേ മനസ്സുമായി രാമനും നിക്സനും മുഹമ്മദും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  മനുഷ്യ നന്മ മാത്രം ലക്ഷ്യം കണ്ടുകൊണ്ടാണ്.

Related Posts Plugin for WordPress, Blogger...