Wednesday, February 18, 2015

ഖത്തറിന്റെ കായിക കുതിപ്പിനോടൊപ്പം

ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. 2022ലെ ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോകകായിക മേഖലയില്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തറിന്റെ  സ്ഥാനം ഒരുപാട് ഉയരത്തിലാണ്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ആരോഗ്യപരമായ ജീവിത ശൈലി ശീലിപ്പിക്കാനും ആരോഗ്യമുള്ള സമൂഹത്തെ പടുത്തുയര്‍ത്താനും  ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തന്നെ ഖത്തര്‍ മാറ്റിവെച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക  ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 ചൊവ്വാഴ്ചയാണ് ഖത്തര്‍ കായിക ദിനമായി ആഘൊഷിച്ചത്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളിലും സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ സുപ്രധാന ചര്യയാക്കുകയും അതുവഴി വ്യക്തി വികാസവും സാമൂഹിക സഹവര്‍ത്തിത്വം സാധ്യമാക്കുകയും ആരോഗ്യ പൂരണവും സജീവവുമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയുമാണ് കായികദിന പ്രഖ്യാപനത്തിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. മറ്റെല്ലാ മേഖലകളിലും രാജ്യം വികസന ജൈത്രയാത്ര തുടരുമ്പോള്‍ കായിക മേഖലകളിലും ഖത്തര്‍ ഒരുപാട് മുന്നിലാണ്.   രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്താന്‍ ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കേണ്ട ആവശ്യം മനസ്സിലാക്കി രാജ്യത്തെ പൗരന്മാരുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും വ്യായാമത്തിനും കായിക പരിശീലനത്തിനും അവസരവും സൗകര്യവും ഒരുക്കി പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നിരവധി ക്രിയാത്മകമായ കായിക പരിപാടികളാണ് ഖത്തര്‍ ഒരുക്കിയത്. മന്ത്രാലയങ്ങളും സ്വദേശികളും പ്രവാസികളും നിരവധി സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. 
കഴിഞ്ഞ ഒരാഴ്ചക്കാലം ഖത്തര്‍ കായികാഘോഷ ലഹരിയിലായിരുന്നു. കായിക മത്സരങ്ങള്‍ക്കും ബോധവത്ക്കരണങ്ങള്‍ക്കും വേണ്ടി  വിവിധ  ക്ലബുകളും പാര്‍ക്കുകളും ഇന്‍ഡോര്‍ ഹാളുകളും കളി സ്ഥലലങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുകയായിരുന്നു. ആസ്പയര്‍ അക്കാദമി, കത്താറ, ഇസ്‌ലാമിക് ആര്‍ട് മ്യൂസിയം, സൂഖ് വാഖിഫ്, ഒളിംപിക് വില്ലേജ് എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. ആയിരക്കണക്കിന് പേരാണ് ആഘോഷ പരിപാടിയില്‍ പങ്കാളികളായത്.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്‌പോര്‍ട്‌സ് വില്ലേജ് ഏറെ ആകര്‍ഷകമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളും സ്‌പോര്ട്‌സ് വില്ലേജ് സന്ദര്‍ശിച്ചു. കായിക പരിശീലനങ്ങള്‍ പതിവാക്കുക വഴി നല്ല ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് വില്ലേജ് തുറന്നത്. വ്യത്യസ്ത കായികോപകരണങ്ങളും സൗകര്യങ്ങളുമാണ് വില്ലേജില്‍ ഒരുക്കിയിരുന്നു.
ഖത്തര്‍ 2006 ഏഷ്യന്‍ ഗെയിംസ് മുതല്‍ 2015 ഫെബ്രുവരി ആദ്യ ദിനം അവസാനിച്ച  ലോക ഹാന്റ്ബാള്‍ ടൂര്‍ണമെന്റ് വരെ ഖത്തര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കായിക മേളകളും ലോകരാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. ഇതിലെല്ലാം ഖത്തറിന്റെ സംഘാടക മികവ് പ്രകടമായിരുന്നു.
പ്രവാസികളുടെയും സ്വദേശികളുടേയും ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന, അവരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഓരോ വര്‍ഷവും ദേശീയ കായികദിനം ആഘോഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസി സമൂഹം വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് അതിനെ വരവേല്‍ക്കുന്നത്. ഖത്തറിന്റെ കായിക മുന്നേറ്റത്തില്‍ സന്തോഷിക്കുകയും ഖത്തറിന് ലഭിക്കുന്ന നേട്ടത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
ദേശീയ കായിക  ദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകള്‍ നിരവധി സ്‌പോര്‍ട്‌സ് പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ പ്രവാസി  സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥപാനങ്ങളും കായിക ദിനാചാരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. 

യൂത്ത് ഫോറം
യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഖത്തര്‍ ചാരിറ്റി മുഖ്യപ്രായോജകരായി യൂത്ത് ഫോറം സംഘടിപ്പിച്ച മൂന്നാമത് പ്രവാസി കായിക മേള സംഘാടക മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ദിവസങ്ങളായായിരുന്നു മത്സരങ്ങള്‍ നടന്നത്. മേളയുടെ ആദ്യദിവസം ശാന്തിനികേതന്‍ സ്‌കൂളില്‍ വോളിബാള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, ആം റസ്‌ലിംഗ് മത്സരങ്ങളും രണ്ടാം ദിവസം അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍  രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മേളയില്‍ പങ്കെടുത്ത പതിനെട്ട് ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. ബാന്റ്‌വാദ്യം, ശിങ്കാരി മേളം, കോല്‍ക്കളി, ദഫ്മുട്ട്, പുലിക്കളി, ഒപ്പന, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാ- സാംസ്‌കാരിക പ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളും മാര്‍ച്ച് പാസ്റ്റിനു നിറപ്പകിട്ടേകി. ഖത്തര്‍ ചാരിറ്റി  സാമൂഹ്യ വികസന വകുപ്പ് ഉപമേധാവി അലി ഇബ്രാഹിം അല്‍ ഗരീബാണ് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ലോക കായിക ഭൂപടത്തില്‍ ഖത്തര്‍ അനിഷേധ്യ ശക്തിയായി മാറിയതായും രാജ്യത്തിന്റെ മുഴുവന്‍ സംരംഭങ്ങള്‍ക്കും പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യവും പിന്തുണയും അഭിമാനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ആസിഫ് സഹീറാണ് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചത്.
തുടര്‍ന്ന് 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, 4 x 100 മീറ്റര്‍ റിലേ എന്നീ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലെ മത്സരങ്ങളും പഞ്ചഗുസ്തി, വടംവലി എന്നിവയുടെ സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും അരങ്ങേറി. ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മാപ് ഖത്തര്‍, എഡ്മാക് എറണാകുളം, വോളിഖ് ഖത്തര്‍, ഫ്രണ്ട്‌സ് ഓഫ് കേരള, കള്‍ച്ചറല്‍ ഫോറം കോഴിക്കോട്, സ്‌കിയ ഖത്തര്‍, ദിവാ കാസര്‍ഗോഡ്, ഖത്തര്‍ പാലേരി പാറക്കടവ് അസോസിയേഷന്‍, തൃശൂര്‍ യൂത്ത് ക്ലബ്ബ്, ഖത്തര്‍ പൂളപ്പൊയില്‍ അസോസിയേഷന്‍, അല്‍ഖോര്‍ യൂത്ത് ക്ലബ്ബ്, ക്യു സി എം സി ചെറിയകുമ്പളം, ഇമ എടവനക്കാട്, കുറ്റിയാടി സ്‌പോര്‍ട്‌സ് വിംഗ്, വെപെക്‌സ് ഖത്തര്‍, കെ പി എ ക്യു കോഴിക്കോട് എന്നീ ടീമുകളാണ് മേളയില്‍  മാറ്റുരച്ചത്. ഇതിനു പുറമേ നാല്‍പ്പത് വയസിനു മുകളിലുള്ള പ്രവാസികള്‍ക്കാായി നടത്തിയ 800 മീറ്റര്‍ ഓട്ടം കാണികള്‍ക്ക് ആവേശം നല്കി. മേളയുടെ അവസാന ഇനമായിരുന്ന ആവേശകരമായ വടംവലി മത്സരം കാണാന്‍ നൂറുക്കണക്കിന് ആളുകളായിരുന്നു തടിച്ചുകൂടിയത്. നാട്ടിലെത്തിയ ഒരു പ്രതീതിയായിരുന്നു മനസ്സില്‍. ഗ്രാമീണ കായികോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ ഈ മത്സരങ്ങള്‍ക്ക് കഴിഞ്ഞു. ഗ്രാമീണ കായികോത്സവങ്ങളില്‍ കണ്ടുവരാറുള്ള വടംവലി മത്സരം മേളയുടെ ആവേശമായി മാറുകയായിരുന്നു. ഒരു നിമിഷം നാട്ടിലെ ഏതോ ഉത്സവപ്പറമ്പിലേക്ക് ഈ കാഴ്ച കൊണ്ടുപോകുകയായിരുന്നു. കുട്ടികളും യുവാക്കളും പങ്കെടുത്ത സ്‌പോര്‍ട്‌സ് മീറ്റ് നാട്ടിലെ സ്‌കൂള്‍, കോളെജ് കായികോത്സവങ്ങളെ വീണ്ടും തിരികെ കൊണ്ടുവരുന്ന രൂപത്തില്‍ ആയിരുന്നു. നാല്‍പ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് നടത്തിയ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത പലരുടെയും പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. പ്രായം ഒരു പ്രശ്‌നമേ ആയിരുന്നില്ല.  അവരില്‍ ശരീരത്തിന്റെ പ്രായം ഒരുപാട് കുറയുകയായിരുന്നു. മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും സ്‌പോര്‍ട്‌സ് മീറ്റുകള്‍കൊണ്ട് സാധിച്ചു എന്നതില്‍ സംശയമില്ല.
ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ യൂത്ത് ക്ലബ്ബ് 34 പോയിന്റുകളോടെ ചാംപ്യന്‍പട്ടം നേടി. എഡ്മാഖ് എറണാകുളം 25 പോയിന്റുമായി റണ്ണേഴ്‌സ്അപ്പും വെപ്പെക്‌സ് തൃശൂര്‍ 22 പോയിന്റോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വര്‍ണാഭമായ സമാപന ചടങ്ങില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് നാസര്‍ മുഹമ്മദ് അല്‍ മാല്‍കി മുഖ്യാതിഥി ആയിരുന്നു.
യൂത്ത് ഫോറം പ്രസിഡന്റ് എസ് എ ഫിറോസിന്റെ അഭിപ്രായത്തില്‍ കായിക മേഖലയിലെ വലിയ ഒരു സംരംഭവുമായി യൂത്ത് ഫോറം മുമ്പോട്ട് വന്നപ്പോള്‍ സാധാരണ പ്രവാസി യുവാവിനെ കുറിച്ചുള്ള ചിന്ത യൂത്ത് ഫോറത്തിന് സ്വാഭാവികമായും പ്രയോജനമായിട്ടുണ്ടെന്നാണ്. പഴയ കായിക കാലങ്ങളെ ജീവിതത്തിലേക്ക് കോര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പോലെ ഉറക്കെ ആഹ്ലാദിക്കാനും ആകാശത്തിലേക്ക് ഹൃദയംകൊണ്ട് മുഷ്ടി ഉയര്‍ത്താനും ആര്‍പ്പ് വിളിക്കാനും കാത്തിരിക്കുന്ന ഒരുപാട് പേരുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ചുവടുവെപ്പായിരുന്നു ഇതെന്ന് കഴിഞ്ഞ രണ്ടു പ്രവാസി മേളകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിരവധി പ്രവാസി സംഘടനകളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ പ്രധാന ആകര്‍ഷണീയത. ഈ ഒത്തുചേരല്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. കായിക മേഖലയിലെ ഈ ഐക്യവും മുന്നേറ്റവും സമൂഹത്തിന്റെ സര്‍വമേഖലകളിലേയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഫോക്കസ് ഖത്തര്‍
ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സര പരിപാടികള്‍ ലഖ്തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല മുഖ്യാതിഥിയായിരുന്നു. കായിക മത്സരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോക്കസ് ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹമ്മൂദ്, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യു ഐ ഐ സി, ഇന്‍സൈറ്റ് ഖത്തര്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, കമ്പവലി, നടത്ത മത്സരം, സാക്ക് റേസ്, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ് നേടി  മദീന ഖലീഫ ഒന്നാം സ്ഥാനത്ത് എത്തി. 25 പോയിന്റ് നേടി ഇന്‍സൈറ്റ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ ജഷ്മീര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ നാഗേഷ്, നിസ്താര്‍, മുഹമ്മദ് റിസ്‌വാന്‍, ശിഹാബുദ്ദീന്‍, റിയാസ് വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഒ മുനീര്‍ അഹ്മദ്, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം 
ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം മാസ് യോഗയും കൂട്ടനടത്തവും സംഘടിപ്പിച്ചു. കോര്‍ണിഷിലെ 'ഒറി'ക്ക് സമീപം നടന്ന മാസ് യോഗയിലും കൂട്ടനടത്തത്തിലും നൂറുകണക്കിന് ഫ്രട്ടേണിറ്റി വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഹരിതാഭമായ പുല്‍ത്തകിടിയില്‍ വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫ്രട്ടേണിറ്റി വളണ്ടിയര്‍മാരുടെ പ്രകടനത്തിന് വിദേശികള്‍ അടക്കമുള്ള നിരവധി പേര്‍ കാഴ്ചക്കാരായി. യോഗ പ്രദര്‍ശനത്തിന് ശേഷം കോര്‍ണിഷിലൂടെയുള്ള കൂട്ടനടത്തത്തില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി പേര്‍ അണിനിരന്നു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണത്തിനായി ഖത്തറിലെ പ്രമുഖ കമ്പനിയായ കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഫോറം പുറത്തിറക്കിയ 'ഫിറ്റ്‌നസ് ഫസ്റ്റ്' എന്ന കൈപ്പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. യോഗ പ്രദര്‍ശനത്തിന് ടി ഒ ഇസ്മായില്‍, നൗഷാദ് മണ്ണോളി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍ പരിപാടികള്‍ നിയന്ത്രിച്ചു. 

ചാലിയാര്‍
ചാലിയാര്‍ തീരത്തുള്ള 24 പഞ്ചായത്ത് കൂട്ടായ്മയാണ് ചാലിയാര്‍ ദോഹ. മാര്‍ച്ച് പാസ്റ്റ് കൗതുകവും മനോഹരവുമായിരുന്നു. അഞ്ഞൂറോളം കായികതാരങ്ങള്‍ അണിനിരന്ന മത്സരപരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത് മുന്‍ ഇന്ത്യന്‍ താരവും ചാലിയാര്‍ തീരത്തിന് എക്കാലത്തും അഭിമാനക്കാവുന്ന ഫുട്ബാള്‍ ലെജന്റുമായ ആസിഫ് സഹീറായിരുന്നു. അബ്ദുല്ല സാലിം അന്‍സാരി (ഖത്തര്‍ പെട്രോളിയം) മുഖ്യാതിഥിയായി സംബന്ധിച്ചു. നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെ നീണ്ടുനിവര്‍ന്നൊഴുകുന്ന ചാലിയാറിന്റെ ഒഴുക്കിന്റെ രൂപത്തിലായിരുന്നു ടീമുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം വാഴക്കാട് പഞ്ചായത്തിനും മൂന്നാം സ്ഥാനം വാഴയൂര്‍ പഞ്ചായത്തിനും ലഭിച്ചു. വാഴക്കാട് പഞ്ചായത്ത് 51 പോയിന്റുകളോടെ ഓവറോള്‍ ചാംപ്യന്മാരായി. കൊടിയത്തൂര്‍ രണ്ടാം സ്ഥാനത്തും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ ചാംപ്യന്‍ഷിപ്പുള്ള കെ എ റഹ്മാന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി വാഖ് ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടറുമായ ശംസുദ്ദീന്‍ ഒളകര, ഇന്ത്യന്‍ താരം ആസിഫ് സഹീര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.  വക്‌റ സ്‌പോര്ട്‌സ് ക്ലബ്ബ് മാനേജര്‍ അഹമ്മദ് എന്നിവര്‍ ചാലിയാര്‍ ദോഹക്കുള്ള ഉപഹാരം കൈമാറി. ചാലിയാര്‍ ദോഹ പ്രസിഡന്റ് മഷ്്ഹൂദ് തിരുത്തിയാട് യോഗപരിപാടികള്‍ നിയന്ത്രിച്ചു.  കമ്പവലിയിലും ഫുട്ബാളിലും വാഖിന്റെ നേതൃത്വത്തിലുള്ള വാഴക്കാട് അസോസിയേഷന്‍ വിജയികളായി. ഓവറോളിംഗ് ട്രോഫി വാഖ് പ്രസിഡന്റ് അബ്ദുല്‍സത്താര്‍, വൈസ് പ്രസിഡന്റ് ടി പി അക്ബര്‍, ടീം ക്യാപ്റ്റന്‍ ജയ്‌സല്‍ എളമരംഏറ്റുവാങ്ങി.

ക്യു കെ എം സി സ്‌പോര്‍ട്‌സ് വിംഗ് കുറ്റിയാടി
കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്ന ഖത്തറിന്റെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് നൈബേര്‍സ് മീറ്റ് 2015 എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കായികമേള സംഘടിപ്പിച്ചു. അബുഹമൂര്‍ അല്‍ ജസീറ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മേളയില്‍ വോളീബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, വടംവലി, റിലേ, റണ്ണിംഗ് റേസ് തുടങ്ങിയ വിവിധ കായിക മല്‍സരങ്ങളാണ് അരങ്ങേറിയത്. വിവിധ മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തില്‍ ക്യു കെ എം സി കുറ്റിയാടി  ഓവറോള്‍ ചാംപ്യന്‍സ് ട്രോഫിയും ആയഞ്ചേരി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് റണ്ണറപ്പ് ട്രോഫിയും നേടി. മേളയോടൊപ്പം സിജി ഖത്തര്‍ ചാപ്റ്റര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് എക്‌സിബിഷനും ഒരുക്കിയിരുന്നു.

കെ എം സി സി- വോളിഖ്
ഖത്തര്‍ കെ എം സി സിയും വോളിഖും സംയുക്തമായി അല്‍ അറബി വോളിബാള്‍ അസോസിയഷന്‍ ഇന്‍ഡോര്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന വോളിബാള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും മികച്ച സംഘാടനംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നാട്ടിൽ നിന്നും കളിക്കാനെത്തിയ ജൂനിയർ ഇന്ത്യൻ ഇന്റർ നാഷണൽ പ്ലയെർ മർസാദ് സുഹൈൽ അടങ്ങുന്ന നാല് കളിക്കാരോടൊപ്പം ഖത്തറിലെ വോളിഖിന്റെ കളിക്കാരും കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ക്ക് ഹരമായി മാറുകയായിരുന്നു. മുഖ്യ ആകര്‍ഷണമായിരുന്ന കെ എം സി സി ഇന്ത്യന്‍ ടീമും ഖത്തര്‍ ജൂനിയര്‍ ടീമും തമ്മില്‍ നടന്ന മത്സരം കാണാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്ങി നിറയുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ 3-1 ന് ഖത്തര്‍ നാഷണല്‍ ജൂനിയര്‍ ടീം വിജയം വരിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ കെ എം സി ജില്ലാ ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കെ എം സി സി കണ്ണൂര്‍, തൃശൂര്‍ ടീമുകള്‍ സംയുക്ത ജേതാക്കളായി. സമാപനച്ചടങ്ങില്‍ കലാ- കായിക- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ എംസി സി ജില്ലാ- സംസ്ഥാന നേതാക്കളും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തലവന്‍ ലെഫ്റ്റനന്റ് അബ്ദുല്ല ഖമിസ് അല്‍ഹമദ്, ഖത്തര്‍ വോളിബാള്‍ അസോസിയേഷനിലെ ഹുസൈന്‍ ഇമാം അലി, ഖത്തര്‍ ഒളിംപിക് കമ്മിറ്റിയിലെ റാഷിദ് മുഹമ്മദ് മഹ്മൂദ് കഹാര, കെ മുഹമ്മദ് ഈസ, അസീസ് നരിക്കുനി, വോളിഖ് പ്രസിഡന്റ് നജീബ്,  ഉപദേഷിക സമിതി ചെയർമാൻ അബ്ദുള്ള കേളോത്ത്  മറ്റു പ്രധാന വൊലിഖ് ഭാരവാഹികളും പങ്കെടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കെ എം സി സി ഉപദേശക സമിതി അംഗം എസ് എ എം ബഷീര്‍ കായികദിന ഐക്യപ്രസംഗം നടത്തി.
കായിക ദിനത്തോടനുബന്ധിച്ച്ചു പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിപ്യൻ റഹ്മാൻ സ്മാരക സെവന്സ് ഫുട്ബാൾ ടൂർണമെന്റ് ഉൾപടെ വേറെയും നിരവധി പരിപാടികൾ പ്രവാസി മലായളി സംഘടനകൾ സംഘടിപ്പിച്ചട്ടുണ്ട്.  

മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും ഇത്തരം സ്‌പോര്‍ട്‌സ് മീറ്റുകള്‍ കൊണ്ടുകഴിയും എന്നതില്‍ സംശയമില്ല. ഇതിന് അവസരം നല്കുന്ന ഖത്തര്‍ അധികൃതരോട് നാം ഒരുപാട് കടപ്പെട്ടിരിക്കുന്നു.

1 comment:

  1. തീര്‍ച്ചയായും മനസ്സിനും,ശരീരത്തിനും ശക്തിയും,ഓജസ്സും ഉല്ലാസവും നല്‍കാന്‍ ഉപകരിക്കുന്നതാണ് സ്പോര്‍ട്സ് മീറ്റുകള്‍....
    ആശംസകള്‍

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...