Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Wednesday, September 10, 2014

ഒരു യാത്ര; സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും

ഒരു മാതാവ് തന്റെ ചെറു പൈതലിനെ പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.  "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്‍", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ഹയ്യിന്റെ അനന്യമായ ജീവിതത്തെയും ഹയ്യ്‌  തന്റെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ വിജന ദ്വീപിന്റെ മനോഹാരിതയെയും  അഞ്ഞൂർ വർഷങ്ങൾ മുമ്പ് വാക്കുകളിൽ വർണിച്ച് ലോകസാഹിത്യ നായകരായി എണ്ണപ്പെട്ട പാശ്ചാത്യ എഴുത്തുകാരെ വരെ അമ്പരപ്പിച്ചിട്ടുണ്ട് ഇബ്നു തുഫൈൽ.
​​
അഞ്ഞൂറു വർഷം മുമ്പ് വെളിച്ചം കണ്ട ഇബ്നു തുഫൈലിന്റെ മാസ്മരിക സൃഷ്ടി ചിത്രീകരിച്ച ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപ്‌ അറബിയിൽ സറൻദ്വീപ് എന്ന് വിളിക്കപ്പെടുന്ന ശ്രീലങ്കയാണെന്ന് കരുതപ്പെടുന്നു. തന്റെ പ്രിയ എഴുത്തുകാരൻ വർണിച്ച ദ്വീപു കാണാൻ പ്രായം മറന്നു കാതങ്ങൾ താണ്ടിയ അനുഭവം പങ്കു വെക്കുകയായിരുന്നു ടി കെ ഇബ്രാഹിം എന്ന എഴുത്തുകാരനും ചിന്തകനും. ഇബ്നു തുഫൈലിന്റെ നോവൽ  പാശ്ചാത്യരിൽ വരുത്തിയ സ്വാധീനത്തെ പറ്റി  "ലോക സാഹിത്യത്തിൽ ഹയ്യിബ്നു യക്ടാന്റെ സ്വാധീനം"  എന്ന പേരിൽ ഈയിടെയായി അറബിയിൽ പുസ്തകം പുറത്തിറക്കുകയം, പ്രബോധനം ആഴ്ചപ്പതിപ്പിൽ "ലോകം  ഒരു ഇബ്നു തുഫയിലിനെ കാത്തിരിക്കുന്നു" എന്ന ശീർഷകത്തിൽ  ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്  ചിന്തകനും മാധ്യമ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും  പുസ്തക രചയിതവുമായ  ഇബ്രാഹിം ടൊറന്റോ.

സ്മാർ അത്താർ എഴുതിയ  The Vital Roots of European Enlightenment: Ibnu Tufail's Influence on Modern Western Thought (യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകള്‍: ആധുനിക പാശ്ചാത്യ ചിന്തയില്‍ ഇബ്‌നുതുഫൈലിന്റെ സ്വാധീനം) എന്ന പുസ്തകത്തിൽ ഊന്നിയായിരുന്നു ഇബ്നു തുഫൈലിനെ കുറിച്ച ചർച്ചകൾ. തന്റെ ദീര്‍ഘമായ ഗവേഷണത്തിലൂടെയും വസ്തുനിഷ്ഠമായ പഠനത്തിലൂടെയും  ഹയ്യ്ബ്‌നുയഖ്‌ളാന്‍ പാശ്ചാത്യ പ്രതിഭാമണ്ഡലത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അത് മറച്ചുവെക്കാനും തമസ്‌കരിക്കാനും പാശ്ചാത്യ ബുദ്ധിജീവികളും ജ്ഞാനോദയ നായകരും എത്രമാത്രം ശ്രമിച്ചിട്ടുണ്ടെന്നും സ്മാർ അത്താർ വിശദമായി വിവരിക്കുന്നതായി ഇബ്രാഹിം പറഞ്ഞു. വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മുമ്പിലത്തെ ഉദാഹരണമാണ് ഹയ്യ്ബ്‌നു യഖ്‌ളാന്‍. ആയിരം ഗ്രന്ഥങ്ങള്‍ക്ക് ജന്മം നല്‍കിയ ഗ്രന്ഥമായിരുന്നു ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാന്‍ എന്ന് അത്താർ പറയുന്നു.

നോവലിന്റെ സ്വാധീനത്താൽ കഥാ പാത്രം ജീവിച്ചു  എന്ന് പറയപ്പെടുന്ന സറൻദ്വീപ്‌  സന്ദർശിച്ചതിനെ  പറ്റിയും  ഈ നോവൽ പാശ്ചാത്യരിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും സംസാരം തുടർന്നു. ശ്രീലങ്കയുടെ അറബി നാമമാണ് മുത്തുകളുടെ ദ്വീപ്‌ എന്നർത്ഥം വരുന്ന സറദ്വീപ്  ചരിത്രത്തിൽ സറദ്വീപിനു വലിയ  സ്ഥാനവും പ്രശസ്തിയുമുണ്ട്. ഹയ്യിന്റെ കഥക്ക് ഏറ്റവും അനുയോജ്യമായ ദ്വീപാണ് സിലോണ്‍. ആദിമമനുഷ്യന്‍ പാദമൂന്നിയ സ്ഥലം എന്ന് പറയപ്പെടുന്നത് കൊണ്ട്  അതിന് കൂടുതല്‍ പ്രസക്തിയുമുണ്ട്. ഇന്ത്യൻ സമുദ്രവുമായി വ്യത്യസ്ത പൌരാണിക നാഗരിതകല്ക്ക് വാണിജ്യ ബന്ധം ഉണ്ടായിരുന്നതായി നാണയ പരവും ശിലാലെഖനപരവുമായ തെളിവുകൾ സ്ഥാപിച്ചിട്ടുണ്ട്. സുമേറിയൻ ഇന്ത്യൻ നാഗരികതകൾക്കിടയിൽ വാണിജ്യ ക്രയ വിക്രയങ്ങൾ നടത്തിയിരുന്നു. ഫിനീശ്യക്കാർ  ഹദരമൌതിലെ സെബിയൻസ് പേർഷ്യക്കാർ ഇവരൊക്കെ ഈ വാണിജ്യ പ്രക്രിയയിലെ പങ്കാളികളായിരുന്നു. ക്രിസ്തു വർഷം നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ പേർഷ്യ ജയിച്ചടക്കിയതിൽ പിന്നെ ഗ്രീക്ക്കാരും റോമാക്കാരും ഇതിൽ പങ്കു ചേർന്നു. ഈ പൌരാണിക നാഗരികതകൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം അതിന്റെ അത്യുജ്ജലമായ വ്യാപനവും കച്ചവട പ്രക്രിയയിൽ  പങ്കാളികളായ ഈ ഭൂഭാഗത്തെ വ്യത്യസ്ത ജനങ്ങളെ ആദർശ പരമായ സാഹോദര്യത്തിൽ കോർത്തിണക്കി. അവർ പൂർണമായും മുസ്ലിംകൾ ആയിരുന്നില്ലങ്കിലും നല്ലൊരു വിഭാഗം മുസ്ലിം മതാനുയായികൾ ആവുകയായിരുന്നു.

സറൻദ്വീപിലേക്കുള്ള യാത്ര :
ഞങ്ങൾ ആദം മലയിലേക്കു പുറപ്പെട്ടു ആദം മലയുടെ അടിവാരത്തിൽ നിന്നു വീണ്ടും മൂന്നു മണിക്കൂർ യാത്ര ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചുരങ്ങളിലൂടെയായി യാത്ര. സമുദ്ര വിതാനത്തിൽ നിന്ന് 4000 അടി ഉയരത്തിൽ, ഉയരങ്ങൾ താണ്ടുമ്പോൾ താഴെ പച്ച പരവതാനി വിരിച്ച പർവ്വത നിരകൾ കണ്ണത്താ ദൂരത്തിൽ മനോഹരമായ കാഴ്ചകൾ. കളംവരമ്പ്  കത്രിച്ചു മോടി  കൂട്ടിയ ഹരിതവര്‍ണ്ണമാര്‍ന്ന ചായ ത്തോട്ടങ്ങൾ പർവ്വതങ്ങളുടെ കൊടിമുടി വരെ പരന്നു കിടക്കുന്നു. കുറച്ചു കൂടി ഉയരംതാണ്ടിയപ്പോൾ ദൂരെ ഒരു പർവ്വത മുകളിൽ നിവർത്തി വെച്ച ഗ്രന്ഥം പോലെ ഒരു ദൃശ്യം ബ്രിട്ടീഷുകാർ അതിനെ  "ബൈബ്ൾ റോക്ക്" എന്ന് പേരിട്ടു വിളിച്ചു. ചുരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആദം മല അകന്നു അകന്നു പോകുമ്പോലെ തോന്നി, ദൂരത്താൽ കണ്ണത്താ ദൂരം പറയാനില്ലല്ലോ. ആദ്യപിതാവ് നമ്മിൽ നിന്ന് ദശ ലക്ഷം സഹസ്രാബ്ദങ്ങൾ അകലത്തല്ലേ, എങ്കിലും അദ്ദേഹം പാദമൂന്നിയ പർവ്വതം പന്ത്രണ്ടു കിലോമീറ്റർ  അകലെ ഞങ്ങളുടെ മുമ്പിലുള്ള ആശ്വാസം. നടത്തത്തിനു വേഗത കൂട്ടി, ഇപ്പോൾ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട്  5000 അടി മുകളിലാണ്, കുറെ കൂടി മുമ്പോട്ട് ചെന്നപ്പോൾ ബുദ്ധന്റെ ഒരു പ്രതിമ  കണ്ടു. പിന്നിൽ ഒരു ബുദ്ധ ദേവാലയവും മറ്റൊരിടത്ത് ബുദ്ധൻ നിവർന്നു കിടക്കുന്ന മറ്റൊരു  പ്രതിമയും. അവിടെയൊന്നും പള്ളികാളോ അമ്പലങ്ങളോ കണ്ടില്ല. വീണ്ടും യാത്ര തുടർന്നു. വൈകുന്നേരം അഞ്ചു മണിയായി കാണും, ഇനി മൂൂന്നു കിലോ മീറ്റർ നടന്നാൽ ആദം മലയുടെ അടിവാരത്തെത്താം, നടക്കാൻ കഴിയുമോ, കൂട്ടത്തിലെ പ്രായ കൂടിയ എന്നോടവർ ചോദിച്ചു.  ഞാൻ സമ്മതം മൂളി, അടിവാരത്തിൽ നിന്നും മല മുകളിലേക്ക് പിന്നെയും നാലു കിലോമീറ്റർ ഉണ്ടന്ന് അവർ പറഞ്ഞു. ഒരു രാത്രി അവിടെ ചിലവഴിച്ചാലെ അതിനു സാധ്യമാകുമായിരുന്നുള്ളൂ, അതെന്നെ കൊണ്ട് കഴിയുമായിരുന്നില്ല, ഞങ്ങൾ നടത്തം തുടർന്നു  കുറച്ചു കൂടെ നടന്നപ്പോൾ ദൂരെ നിന്നും ആദം മല ദൃശ്യമായി അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു ഞങ്ങൾ തിരികെ പോന്നു.

അല്പം ദീർഘശ്വാസം വലിച്ചു കൊണ്ട് കുറച്ചു നേരം സംസാരം നിറുത്തി.  എന്തോ ഓർത്തതിന് ശേഷം അദ്ദേഹം വീണ്ടും സംസാരം തുടർന്നു.  ഞങ്ങൾ ആദംമല കയറി ഇറങ്ങി തിരിച്ചു വരുമ്പോൾ സഹയാത്രികരിൽ ഒരാൾ എന്നോട്  പറഞ്ഞു. ഇനി റൂമിൽ എത്തി വിശ്രമിക്കുംപോഴായിരിക്കും കാലിനും കൈക്കുമെല്ലാം വേദന അനുഭവിക്കുക, ഞങ്ങൾ വിശ്രമ സ്ഥലത്തെത്തി പക്ഷെ അനുഭവപ്പെട്ടത് നേരെ മറിച്ചായിരുന്നു. ഒരു ക്ഷീണവും തളർച്ചയും തോന്നിയില്ല. ആ മലകയറ്റവും നീണ്ട നടത്തവും നല്ലൊരു വ്യായാമാമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. കുറെ ദിവസത്തേക്കുള്ള വ്യായാമം, ശരീരം മാത്രമല്ല മനസ്സും ഊർജ്ജിതമായി. എന്നിലെ ഭാവന ഉണർന്നു, ഉയർന്നു പറക്കാൻ തുടങ്ങി. ഹയ്യിബിൻ യക്ടാൻ നിഴൽ പോലെ എന്നെ പിന്തുടരുന്നതായി എനിക്ക് തോന്നി. ത്യാഗപൂർണവും പരീക്ഷണ സമ്പന്നവും സംഭവ ബഹുലവുമായ നീണ്ട കുറെ വർഷത്തെ ജീവിതത്തിനു ശേഷം ഹയ്യുബിൻ യക്ലാൻ എത്തിച്ചേർന്നത് സൃഷ്ടി കർത്താവായ പ്രപഞ്ച  നിയന്താവായ ആദിയും അന്ത്യവുമില്ലാത്ത സർവ്വ ശക്തന്റെ അടുത്തെക്കാണല്ലൊ.  ജനൽ പാളികളിലൂടെ ആകാശത്ത് നിന്നും നക്ഷത്രങ്ങളും ചന്ദ്രനും എന്നെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു, നിലാവെളിച്ചത്തിലൂടെ എന്റെ മനസ്സ് അതി വേഗം  സഞ്ചരിക്കാൻ തുടങ്ങി. പകലിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ, അത് ഹയ്യിനു  ദർശനം ലഭിച്ച താഴ്വരയായി എനിക്ക് തോന്നി,  എന്റെ മനസ്സിനു വല്ലാത്തൊരു അനുഭൂതി.  ഒരു നിമിഷം ഞാൻ ഹയ്യിനൊടൊപ്പമായി.  ഹയ്യിനു ലഭിച്ച ആനന്ദത്തെ പറ്റി എന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി "ദീപിന്റെ ഏതോ കോണിൽ ഹയ്യ് മൌനമിരുന്നപ്പോള്‍ ആത്മാവ് വിചിത്രവീണയും സപ്തസ്വരങ്ങളും ഹയ്യിനെ കേൾപ്പിച്ചതും, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറിഅകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നതും, ആ ജാലകത്തിലൂടെ മഴയുടെ താളവും, നിലാവിന്റെ പരാഗങ്ങളും, ധൂസരമേഘങ്ങളുടെ വിഷാദങ്ങളും  ദർശിച്ചതും, ഒടുവില്‍ ഹയ്യിന് ബോദ്യമായതും - ഹയ്യിനെയും  ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്,  ഹയ്യിന് ലഭിച്ച ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞ ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ആയിരുന്നു ഹയ്യിന് അനുഭവപ്പെട്ടത്, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. ഹയ്യിനു ലഭിച്ച അനുഭൂതിയിൽ ഒരു നിമിഷം എന്റെ മനസ്സും ആനന്ദം കൊള്ളുകയായിരുന്നു.

എന്റെ മനസ്സിന്റെ സഞ്ചാരം വീണ്ടും തുടർന്നു.   യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മര്‍മപ്രധാനമായ വേരുകളിലേക്ക്  എന്റെ മനസ്സ് സഞ്ചരിച്ചു. ഈ നോവൽ ലോകത്തെ പ്രമുഖ എഴുത്ത് കാരെ സ്വധീനിച്ച ഓരോ ഘടകങ്ങളിലെക്കും  എഴുത്ത് കാരിലെക്കും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി, മനസ്സ്  ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയും സ്പൈനിലെയും  എഴുതുകാരിലേക്ക് നീങ്ങി. 
പാശ്ചാത്യലോകത്തെ ഉന്നത പ്രതിഭാശാലികളും സാഹിത്യനായകന്മാരുമായ ഫ്രാന്‍സിസ് ബേക്കന്‍, മില്‍ട്ടന്‍, റൂസോ, വോള്‍ട്ടയര്‍, തോമസ് മൂര്‍, സ്പിനോസാ, വിര്‍ജീനിയാ വൂള്‍ഫ്, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് അക്വയനസ്, ഡെക്കാര്‍ട്ട്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരെല്ലാം ഇബ്‌നുതുഫൈലിന്റെ തത്വചിന്താനോവലിന്റെ സ്വാധീനവലയത്തില്‍ പെട്ടവരായിരുന്നു. ഫ്രെഡറിക് നീഷേയില്‍ പോലും അദ്ദേഹം സ്വാധീനം ചെലുത്തി. ഡാനിയല്‍ ഡിഫോ തന്റെ ഏറ്റവും പ്രശസ്തമായ നോവല്‍, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന റോബിന്‍സന്‍ ക്രൂസോ  എഴുതാനിരിക്കുമ്പോള്‍ ഇബ്‌നുതുഫൈലിന്റെ ഹയ്യ്ബ്‌നു യഖഌന്‍ നൂറ്റാണ്ടുകളായി ബെസ്റ്റ് സെല്ലറായിക്കഴിഞ്ഞിരുന്നു. ഡാനിയല്‍ ഡിഫോവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലീനരായ യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിലെ കവികളെയും ചിന്തകരെയും എഴുത്തുകാരെയും അതാകര്‍ഷിച്ചിരുന്നു.

വീണ്ടും സമാര്‍ അത്താറിന്റെ വരികളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി ''രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇബ്‌നുതുഫൈല്‍ ഒരു ബഹുസ്വരസമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നത്. സ്‌പെയിനില്‍ അറബികളും ബാര്‍ബറുകളും മററു സ്പാനിഷ് വിഭാഗങ്ങളും യൂറോപ്യന്മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും അടുത്തടുത്തും വേറിട്ടും ജീവിച്ചു (മതസഹിഷ്ണുതക്കും ബഹുസ്വരതക്കും സുവര്‍ണമാതൃക കാണിച്ച മുസ്‌ലിം സ്‌പെയിന്‍ തകർക്കപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട ആ ഉത്തമമാതൃകയുടെ പുനരുത്ഥാനമാണ് ഇബ്‌നുതുഫൈലിന്റെ തത്വശാസ്ത്രം). യൂറോപ്യന്‍ നവോത്ഥാനത്തില്‍ മാത്രമല്ല, പൊതുവേ യൂറോപ്യന്‍ ധിഷണാജീവിതത്തില്‍ തന്നെ ഈ സമൂഹമോഡല്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അവിടെ നിന്നും എന്റെ മനസ്സ് നേരെ സഞ്ചരിച്ചത് ഇംഗ്ലണ്ടിലെക്കും, ഇറ്റലിയിലെക്കും, ഫ്രാന്‍സിലേക്കും സ്പൈനിലേക്കുമായിരുന്നു. അറബി - ലാറ്റിന്‍ ഭാഷകളിലുള്ള ഹയ്യ്ബ്‌നു യഖ്‌ളാന്റെ ഒരു വാല്യം എഡ്‌വാര്‍ഡ് പീകോക്ക് ജൂനിയര്‍ 1671 ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരം 1703-ലാണ് പ്രത്യക്ഷപ്പെട്ടത്. റോബിന്‍സണ്‍ ക്രൂസോ പ്രത്യക്ഷപ്പെടുന്നതിന്റെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് പണ്ഡിതനും പ്രസിദ്ധീകരണപ്രിയനുമായ  പിതാവ് എഡ്വേര്‍ഡ് പീകോക്ക് തന്റെ മകന്റെ ലാറ്റിന്‍ പരിഭാഷ യൂറോപ്പിലെ മുഴുവന്‍ ഉദ്ബുദ്ധ വിഭാഗങ്ങള്‍ക്കും അയച്ചു കൊടുത്തിരുന്നു.  അതേപോലെ എംപയറിസിസത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഫ്രാന്‍സിസ് ബേക്കന്‍ തന്റെ ഉട്ടോപ്പിയന്‍ നോവലായ ന്യൂ അറ്റ്‌ലാന്റിസില്‍   ഒരു കാല്‍പനിക  ദ്വീപ് ഭാവന ചെയ്യുകയുണ്ടായി. ഹയ്യ്ബ്‌നുയഖ്‌ളാനിന്റെ സ്വാധീനം അതില്‍ പ്രകടമാണ്. മതഭക്തരായ അതിലെ നിവാസികള്‍ ശുദ്ധ-ശാസ്ത്രീയ വിജ്ഞാനത്തിന്റെയും ഭക്തരാണ്.

ഇറ്റലിയിലെ ദാര്‍ശനികനും തത്വചിന്തകനുമായിരുന്നു പികോ മിരാന്‍ഡോളാ 1493-ല്‍ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ആദ്യത്തെ ലാറ്റിന്‍ പരിഭാഷ പ്രസിദ്ധീകരിച്ചു. (പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയുടെ തത്വശാസ്ത്രങ്ങളോട് പൗരസ്ത്യരീതിയിലുള്ള ചില സിദ്ധാന്തങ്ങള്‍ സങ്കലനം ചെയ്തുണ്ടാക്കിയ നവീനതത്വശാസ്ത്രമാണ് നിയോപ്ലാറ്റോനിസം). മറ്റൊരു ലാറ്റിന്‍ തത്വചിന്തകനായ അലമാനോ ഹയ്യ്ബ്‌നുയഖ്‌ളാന്റെ പ്രമേയവും തലക്കെട്ടും തന്റെ നിരുപമ ഗ്രന്ഥമായ  'അമര്‍ത്യനി'ല്‍  അനുകരിച്ചിട്ടുണ്ട്. അറബി-ജൂത തത്ത്വശാസ്ത്രങ്ങള്‍ പഠിച്ച അദ്ദേഹം പരിപൂര്‍ണത അഥവാ ദൈവവുമായുള്ള ലയനം എങ്ങനെ സാധിക്കുമെന്ന് കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരളവോളം ഹയ്യ്ബ്‌നു യഖ്‌ളാനെപ്പോലെ ശാസ്ത്രീയവും ആത്മീയവുമായ തീക്ഷ്ണ ചിന്താമനനങ്ങളുടെ ജീവിതം നയിച്ചുകൊണ്ട് മനുഷ്യര്‍ക്ക് ഭൗതിക ലോകത്തിനപ്പുറത്തേക്കുയരാനും ദൈവലയനം ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. എല്ലാ അപൂര്‍ണതകളില്‍ നിന്നും മുക്തനായി എകനായ ഒരുവനുമായുള്ള അഭേദ്യബന്ധത്തിലൂടെ നാം അവനുമായി ലയനം നേടുന്നു-ഇബ്‌നു തുഫൈല്‍ ഇതാണ് സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇബ്‌നുതുഫൈലിന്റെ ഇസ്‌ലാമിക പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണ് അലമാനോവിന്റെ പ്രശ്‌നമെന്ന് പറയാം; രണ്ടുപേരുടെയും ചിന്തകളില്‍ പല സാദൃശ്യങ്ങളും ഉള്ളതോടൊപ്പം തന്നെ. ഇബ്‌നുതുഫൈലിന്റെ സ്വാധീനം ഫ്‌ളോറന്‍സിന്റെയും ഇറ്റാലിയന്‍ അര്‍ധദ്വീപിന്റെയും അതിര്‍ത്തികള്‍ അതിലംഘിച്ച് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു.

1596ല്‍ ജനിച്ച റേഷനലിസത്തിന്റെ (ശാസ്ത്രീയമായി പഠിക്കാതെ അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും ആശ്രയിച്ചുള്ള ചിന്താരീതി - അനുഭവവാദം) പിതാവായി അറിയപ്പെട്ട റനേ ഡെക്കാട്ട്, 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഇബ്‌നുതുഫൈലിനെ സ്വാംശീകരിക്കുകയായിരുന്നു. സ്‌പെയിനിലെ തത്വജ്ഞാനിയായിരുന്ന ഗ്രേസിയന്‍സി ന്റെ കാല്‍പനിക നോവലായ ദക്രിട്ടിക്കിലെ നായകന്‍ വളര്‍ന്നത് ഒരു വന്യജന്തുവിന്റെ കൂടെയായിരുന്നു. മനുഷ്യനാഗരികതയെന്തെന്നറിയാതെ തന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം ഏകാന്തനായി ഒരു ദ്വീപിലെ ഗുഹയില്‍ കഴിച്ചുകൂട്ടി. സമൂഹം അദ്ദേഹത്തിന് അനാകര്‍ഷകമായി അനുഭവപ്പെട്ടു. പകരം പ്രകൃതിയിലേക്ക് മടങ്ങി. ദൈവത്തെക്കുറിച്ച പരമാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഗ്രേസിയന്‍സ് ഹയ്യ്ബ്‌നുയഖ്‌ളാനെ അനുകരിച്ചുവെന്ന കാര്യത്തില്‍ ആധുനിക സാഹിത്യവിമര്‍ശകര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും 1681-ല്‍ ദ ക്രിട്ടിക് ഇംഗ്ലീഷ് ഭാഷാന്തരം ചെയ്ത ചരിത്രകാരന്‍ പോള്‍ റെയ്കാന്റെ അഭിപ്രായത്തില്‍, ഇബ്‌നുതുഫൈലിന്റെ കഥാപാത്രമായ ഹയ്യ്ബ്‌നു യഖ്‌ളാന്റെ ചരിത്രത്തില്‍ നിന്നാണ് ഗ്രേസിയന്‍സ് തന്റെ സ്വപ്നം നെയ്‌തെടുത്തത്.

വീണ്ടും എന്റെ മനസ്സ് പകൽ ഞങ്ങൾ നടന്ന കുന്നിൻ ചെരിവിലേക്ക്  തന്നെ തിരിച്ചു വന്നു.ഈ ദ്വീപിൽ നിന്നും ഹയ്യിനെ വളർത്തിയ മാനിനേയും അതിന്റെ മരണവും നേരിൽ കാണുമ്പോലെ തോന്നി  "ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണം ഹയ്യിനെ  വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തിയ നിമിഷം, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി". നോവലിലെ ഈ  ഒരു ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു  ഒരു നിമിഷം ആ ഓർമ്മകൾ എന്നെയും ഒരു പാട് സങ്കടപ്പെടുത്തി എല്ലാം നേരിൽ കാണുമ്പോലെ എനിക്ക് തോന്നി.

ഇത്രയും ഉള്ളുതുറന്നു പറഞ്ഞപ്പോൾ ഇബ്രാഹീമിനോടൊപ്പം ഞാനും ഹയ്യിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു സറന്‍ദ്വീപിലൂടെയുള്ളയുള്ള ഈ സഞ്ചാരം ശരിക്കും  ലോക സാഹിത്യത്തിലൂടെയൂടെയുള്ള സഞ്ചാരമായി എനിക്കനുഭവപ്പെടുകയായിരുന്നു.

Wednesday, September 3, 2014

ജിബ്രാന്റെ കഥകൾ

ശില്പങ്ങൾ .....

മനോഹര ശിൽപം
ഒരു താഴ്വരയിൽ താമസിച്ച ഒരു കർഷകന്റെ വീട്ടു മുറ്റത്ത് ഒരു പഴയ മനോഹരമായ ശിൽപം അസ്ഥാനത്ത് വീണു കിടക്കുന്നുണ്ടായിരുന്നു. ആ ശില്പത്തെ അയാൾ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.  അച്ചനപ്പൂപ്പന്മാരുടെ കാലത്തെ അതെവിവിടെയുയുണ്ടായിരുന്നു. ഒരിക്കൽ ഒരു നഗരവാസി അയാളുടെ വീടിനരികിലൂടെ നടക്കുന്നതിനിടയിൽ ആ ശിൽപം കണ്ടു. അയാൾ അതിൽ ആകൃഷ്ടനായി. കർഷകനോടു ആ ശിൽപം വിൽക്കുമോ എന്ന് ചോദിച്ചു. കർഷകൻ പറഞ്ഞു "ഈ പഴയ ശിൽപം ആര് വാങ്ങാനാണ്" നഗരവാസി പറഞ്ഞു എങ്കിൽ "ഞാൻ അതിനു ഒരു വെള്ളി നാണയം" നല്കാം. അയാൾ ആശ്ചര്യപ്പെട്ടു. ഞാൻ ഇത് വരെ തിരിഞ്ഞു നോക്കാത്ത ഈ കല്ലിനു വെള്ളി നാണയമോ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. സന്തോഷത്തോടെ ഒരു വെള്ളി നാണയത്തിന്  ശിൽപം അയാൾ നഗരവാസിക്ക് വിറ്റു. നഗരവാസി ആ ശില്പത്തെ ആനപ്പുറത്തെറ്റി നഗരത്തിലെത്തിച്ചു. കുറച്ച് കാലത്തിനു ശേഷം ഗ്രാമീണ കർഷകൻ നഗരത്തിലേക്ക് പോകാൻ ഇടയായി. തെരുവിലൂടെ നടക്കുന്നതിനിടയിൽ മനോഹരമായ കെട്ടിടത്തിനു താഴെ വലിയ തിരക്ക് കണ്ടു. ഒരാൾ വിളിച്ചു പറയുന്നു "കടന്നു വരൂ കടന്നു വരൂ ലോകത്തെ ഏറ്റവും മനോഹരമായ നിങ്ങളെ വിസ്മയിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു കലാ സൃഷ്ടി കാണാൻ, ഒരു മഹാ ശില്പിയുടെ കര വിരുതുകൾ കൊണ്ട് രൂപപ്പെടുത്തിയ മനോഹരമായ കാഴ്ച കാണാൻ വെറും രണ്ടു വെള്ളി നാണയങ്ങൾ മാത്രം" ഗ്രാമീണ മനുഷ്യനും രണ്ടു വെള്ളി നാണയം കൊടുത്ത് അകത്തേക്ക് കടക്കാനുള്ള ടിക്കറ്റ് വാങ്ങിച്ചു. അകത്തേക്ക് പ്രവേശിച്ചു. താൻ ഒരു വെള്ളി നാണയത്തിന് വിറ്റ ശില്പമായിരുന്നു അയാൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞത് .

മൂല്യ ബോധം
ഒരാൾക്ക്‌, തന്റെ നിലം ഉഴുതു മറിക്കുന്നതിനടയിൽ മനോഹരമായ ഒരു പ്രതിമ കിട്ടി, ഏതോ ഒരു വലിയ ശില്പി മാർബിൾ കൊണ്ട് തീർത്ത മനോഹരമായ ഒരു പ്രതിമ. കൗതുക വസ്തുക്കളും പ്രതിമകളും ഇഷ്ടപ്പെടുക്കുകയും അത് വിലയ്ക്ക് വാങ്ങുകയും ചെയ്യുന്ന ഒരാളെ കണ്ടത്തി വലിയ തുകയ്ക്ക് അയാൾ അത് വിറ്റു. ആ പണവുമായി വീട്ടിലേക്കു തിരിക്കുമ്പോൾ അയാൾ ചിന്തിച്ചു. ഇത്രയും പണം കൊണ്ട് ജീവിതത്തിൽ എന്തല്ലാം ചെയ്തു തീർക്കാം ഏതോ കാലത്തെ, ചെളിയിൽ കിടന്ന ജീവനില്ലാത്ത ഒരു പ്രതിമക്കു വേണ്ടി ഇത്രയും പണം എങ്ങിനെ ഒരാൾക്ക്‌ ചിലവഴിക്കാൻ കഴിയുന്നു. അത് വാങ്ങിയ ആ മനുഷ്യൻ ആ പ്രതിമയെ നോക്കിക്കൊണ്ട്‌ സ്വയം പറഞ്ഞു എന്തൊരു സൌന്ദര്യമാണിതിനു ജീവൻ തുടിച്ചു നില്ക്കുന്ന ഈ പ്രതിമ ഏതോ ഒരു ശില്പിയുടെ സ്വപ്ന സാക്ഷാല്ക്കാരമായിരുന്നു. കാലങ്ങളോളം ചെളിയിൽ പുരണ്ട, ഇപ്പോൾ ഇത്രയും തിളക്കമാർന്ന ഈ ശില്പത്തെ നിർജീവമായ കുറെ നാണയത്തുണ്ടുകൾക്ക് പകരം എങ്ങിനെ ഒരാൾക്ക്‌ വിൽക്കാൻ കഴിയുന്നു .

Wednesday, August 27, 2014

നിസാർ ഖബ്ബാനി - കവിതകൾ



നിസാർ ഖബ്ബാനി - കവിതകൾ


















കൊർഡോവ

ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ  
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
യൗവനത്തിന്റെ നൈർമ്മല്യവും
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ  
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിനേറ്റ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്,
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ?
അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

----------------------------------------------------------------------------------------------------------

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ 

നിനക്കായ് ഞാൻ എഴുതട്ടെ
ആരും എഴുതാത്ത വരികൾ
നിനക്ക് മാത്രമായി പുതിയൊരു ഭാഷ
ഞാൻ നെയ്തെടുക്കയാണ് 
അക്ഷരങ്ങളുടെ നിഘണ്ടുവിൽ നിന്നും
ഞാൻ യാത്രയാകുന്നു

എന്റെ നാവിനെ ഞാൻ ബന്ധിക്കുകയാണ്
ചുണ്ടുകൾ തളർന്നിരിക്കുന്നു
ഞാൻ ഉദ്ദേശിക്കുമ്പോൾ തീപ്പെട്ടിയായി,
അരളി മരമായി മാറുന്ന
മറ്റൊരധരത്തെ ഞാൻ  അന്വേഷിക്കുകയാണ്.

കടൽ പരപ്പിൽ നിന്നും മേല്പോട്ടുയരുന്ന
ജലകന്യകയെ പോലെ
മജീഷിയന്റെ തൊപ്പിയിൽ നിന്നും പുറത്തേക്ക് വരുന്ന
വെള്ളരി പ്രാവ് പോലെ
അക്ഷരങ്ങൾ പുറത്തു വരുന്ന പുതിയൊരധരത്തെ
ഞാൻ തേടുന്നു

കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ
നോട്ടു പുസ്തകങ്ങൾ വ്യാകരണങ്ങൾ
പേനയും പെൻസിലും ചോക്കും സ്ലേറ്റും എല്ലാം
എന്നിൽ നിന്നും നിങ്ങൾ എടുത്തു മാറ്റൂ.
പുതിയ അക്ഷരങ്ങൾ  എന്നെ പഠിപ്പിക്കൂ

എന്റെ പ്രേമഭാജനത്തിന്റെ കാതിൽ തൂങ്ങി ക്കിടക്കുന്ന
കമ്മലു പോലെ അതിനെ തൂക്കിയിടൂ
പുതു വഴിയിലൂടെ എഴുതാൻ കഴിയുന്ന
വിരലുകളെ ഞാൻ തേടുകയാണ്
നീണ്ടതും കുറിയതുമാല്ലാത്ത വിരലുകളെ വളർച്ച മുരടിച്ച
വൃക്ഷങ്ങളെ വെറുക്കുമ്പോലെ ഞാൻ വെറുക്കുന്നു
 ജിറാഫിന്റെ കഴുത്തു പോലെ നീളമുള്ള
പുതിയ വിരലുകളെ ഞാൻ തേടുന്നു.

കവിതകൾ കൊണ്ട് നിനക്ക് ഞാൻ 
വസ്ത്രങ്ങൾ നെയ്യുകയാണ്
ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങൾ
നിനക്ക് മാത്രമായി ഞാൻ പുതിയ അക്ഷരങ്ങൾ
നിർമ്മിക്കുകയാണ്‌
ഇത് വരെ ആരും കാണാത്ത അക്ഷരങ്ങൾ
അതിൽ മഴയുടെ താളമുണ്ട്
ചന്ദ്രനിലെ പൊടി പടലങ്ങലുണ്ട്
ഇരുണ്ട മേഘങ്ങളുടെ ദുഃഖമുണ്ട്
ശരല്കാല  ചക്രങ്ങളുടെ ചുവട്ടിൽ
ഇലപൊഴിക്കും അരളി മരങ്ങളുടെ
വേദനയുണ്ട്  ...

 ---------------------------------------------------------------------------




Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.

Monday, January 21, 2013

കാലത്തിന്റെ കണ്ണുനീര്‍

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ  വേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ ജനാലയിലൂടെ പൂന്തോട്ടത്തിലേക്ക് നോക്കി. തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് അയാള്‍ കണ്ടു, അഴുകിക്കീറിയ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.............
അറിയപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്ന മുസ്തഫാ ലുത്ഫി മന്‍ഫലൂതിയുടെ "അബ്രത് അല്‍ ദഹര്‍"
എന്ന കഥ മലയാളീകരിച്ഛത്

കാലത്തിന്റെ  കണ്ണുനീര്‍
ഒരാള്‍ പച്ചപ്പുകള്‍ നിറഞ്ഞ തന്റെ തോട്ടത്തിന്റെ നടുവില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ചു, അതില്‍ നക്ഷത്ര രശ്മികള്‍ തട്ടി മിന്നിത്തിളങ്ങുന്ന ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം പടുത്തുയര്‍ത്തി, ആ ഗോപുരം ദൂരെ നിന്ന് നോക്കിയാല്‍ ജുസാ നക്ഷത്രത്തിന്റെ ചെവിയില്‍  തൂക്കിയിട്ട  കമ്മലാണെന്നു തോന്നും, നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന  ഗോപുരത്തിന്റെ മുകള്‍ഭാഗം ആകാശത്തെ സ്പര്‍ശിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഓരോ തൂണുകളും മുറികളും ചുമരുകളും മേല്‍തട്ടും കൃത്യമായും പ്രക്രുത്യലഭ്യമായ ചായങ്ങളുപയോഗിച്ചു വരച്ചിരിക്കുന്നു. ഓരോ വരകളും പൂര്‍ണമാണ്, ഭംഗിയുള്ള ചുവര്‍ ചിത്രങ്ങള്‍. പൂമുഖവാതിലിലൂടെ കൊട്ടാരത്തിനുള്ളിലേക്ക്  പ്രവേശിക്കുന്നവര്‍ വിവിധ നിറത്തിലുള്ള പൂവുകള്‍ നിറഞ്ഞ ഉദ്യാനത്തില്‍ നിന്നും ചെന്നായ്ക്കളും പുലികളും വിഹരിക്കുന്ന വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇരുണ്ട കാടുകളിലേക്ക് പ്രവേശിക്കുകയാണോ എന്നു തോന്നും, ചിലയിടങ്ങളില്‍ പുല്ലുകളും മാന്‍ പേടകളും  നിറഞ്ഞ കളി സ്ഥലമായി അനുഭവപ്പെടും, അത്രയും മനോഹരമാണ് ഓരോ വരകളും. വിശാലമായ മുറ്റത്തു ഗോളാകൃതിയില്‍  മാര്‍ബിളുകള്‍ കൊണ്ടൊരു ജലസംഭരണി നിര്‍മിച്ചിരിക്കുന്നു, അതില്‍ ന്യത്തം വയ്ക്കുന്ന ജലധാരകളും, ഉറയില്‍ നിന്നും ഊരിയെടുത്ത വാള്  പോലെ, തൊടുത്ത്  വിടുന്ന അമ്പു പോലെ  വെട്ടിത്തിളങ്ങുന്നു ആ ജലധാരകൾ, ജലധാര നിര്‍മിച്ച ജലസംഭരണിക്ക് ചുറ്റും വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. വെള്ളം മുകളിലേക്ക് പോകുമ്പോള്‍ അതില്‍വീശിയെത്തുന്ന കാറ്റില്‍  മരത്തിന്റെ ഇലകളും  കായ്കനികള്‍ നിറഞ്ഞ ചെടികളും  പൂക്കളും  നൃത്തം ചെയ്യുന്നു. ഇത് കാണുമ്പോള്‍ മരച്ചില്ലയിലുള്ള പക്ഷികള്‍ ഈണത്തില്‍  രാഗങ്ങള്‍ പൊഴിച്ചു ആനന്ദ നൃത്തമാടുന്നു.  

നയന സുഖമേകുന്ന ഈ ഉദ്യാനത്തില്‍ മാര്‍ബിളിലും സ്പടികത്തിലും പണിതീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങളും, നിറയെ ചാര് കസേരകളും പ്രതിമകളും, സ്വര്‍ണത്തില്‍ തീര്‍ത്ത തലയിണകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിരിക്കുന്നു,  കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത്  പുള്ളിപ്പുലികളും സിംഹങ്ങളും മറ്റു വന്യ മൃഗങ്ങളും താമസിക്കുന്ന കൂടുകള്‍ കാണാം, പരുന്തിനേയും പ്രാവിനെയും  മറ്റു പക്ഷികളെയും അവിടെ വളര്‍ത്തുന്നു.   ഓരോ ഭാഗങ്ങളിലായി വിലയേറിയ കുതിരകളും കുതിരവണ്ടിയും കാളവണ്ടിയും അലങ്കാരത്തിനായി വച്ചിരിക്കുന്നു, രുചിയേറിയ ഭക്ഷണങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളും കോപ്പകളും ആയിരക്കണക്കിന് വേലക്കാരികളും സ്വര്‍ഗത്തില്‍ പറയപ്പെട്ടത് പോലെയുള്ള ചെറിയ കുട്ടികളും ആ കൊട്ടാര റൂമുകളിലുണ്ട്..

അതി ശൈത്യമായ  കൂരിരിരുട്ടുള്ള ഒരു രാത്രി കൊട്ടാരത്തിന്റെ ഉടമസ്ഥന്‍ തന്റെ കിടപ്പ് മുറിയിലെ  വിരിപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പല്ലുകള്‍ നഷ്ടപ്പെട്ട കറുത്ത കാപ്പിരിയായ വേലക്കാരന്‍ ബിലാലിനെ അല്ലാതെ വേറെയാരെയും ചുറ്റും കാണുന്നില്ല, താന്‍ വളര്‍ത്തിയ കാപ്പിരിയായ ബിലാലിനോട് അദ്ദേഹം പറഞ്ഞു, ബിലാല്‍ അല്പം വെള്ളം തരൂ, ബിലാലിന്റെ മടിയില്‍ തല ചായ്ച്ചു അയാള്‍ വെള്ളം കുടിച്ചു, വെള്ളം കുടിച്ചപ്പോള്‍ നാവിന്റെ കെട്ടൊന്നു അഴിഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ബിലാല്‍, രാത്രിയുടെ ഏതു യാമത്തിലാണ്  നാമിപ്പോള്‍ ?
ബിലാല്‍ പറഞ്ഞു : യജമാനാ രാത്രിയുടെ അന്ത്യ യാമത്തിലാണ്  നാമിപ്പോള്‍
നിന്റെ യജമാനത്തി എവിടെ ബിലാല്‍ ? അവള്‍ പുറത്തു പോയിതിരിച്ചു വന്നിട്ടില്ല
ഇത്ര സമയമായിട്ടും അവള്‍ തിരിച്ചു വന്നിട്ടില്ലേ ? ഇല്ല
അയാള്‍  നീണ്ട ഒരു നെടുവീര്‍പോടെ ഗാഡമായി ശ്വസിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഒരു രോഗിയാണെന്നും എന്നെ ശുശ്രൂഷിക്കാന്‍ ഉറക്കമൊഴിഞ്ഞു ഒരാള്‍ വേണമെന്നും ഈ കൊട്ടാരവാസികളില്‍ അവളേക്കാള്‍ അതിനര്‍ഹരായി മറ്റാരും ഇല്ലന്നും അവള്‍ക്കു നന്നായി അറിയാം, ജീവിതത്തിന്റെ മുഴുവന്‍ സമയങ്ങളിലും അവള്‍  ഉരുവിടാറുള്ള കരാര്‍ എവിടെ പോയി? ഇനി ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരില്ലെന്ന് അവള്‍ മനസ്സിലാക്കിയോ? ഞാന്‍ അവള്‍ക്കു ഒരു ഭാരമായോ? എന്റെ ഈ കിടപ്പ് അവളെ മടുപ്പിച്ചൊ? ഓരോ രാത്രികളിലും ജീവിതാസ്വാദനങ്ങളും തേടി അവള്‍ എന്നില്‍ നിന്നും ഓടി മറയുന്നു. ആഹ് !!!  ജിവിതം എത്ര ദൂരം  ... മരണം ഒരു പാട് അകലെയാണോ... !!!!

നാവുകള്‍ തളരുന്നത് വരെ  അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ശരീരം ചുട്ടു  പൊള്ളാന്‍ തുടങ്ങി, പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ ശരീരം തിളച്ചു മറിയാന്‍ തുടങ്ങി, വിരിപ്പിലേക്ക് മറിഞ്ഞുവീണു മരണത്തിന്റെ കയ്പ്പ് നീര്‍ അയാള്‍ ഇറക്കി ക്കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞു  രണ്ടാമതും മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു  ചുറ്റിലും നോക്കി  അടുത്തു നില്‍ക്കുന്ന ബിലാലിനോടയാള്‍ ചോദിച്ചു. ബിലാല്‍ നിന്റെ യജമാനത്തി എവിടെ പോയെന്നു നിനക്കറിയുമോ?
യജമാനാ അവളെ പ്രതീക്ഷിക്കാതിരിക്കുന്നതാണ്  നിങ്ങള്‍ക്കു നല്ലത്, നിങ്ങളില്‍ നിന്നും അകന്നു പോയതില്‍ നിങ്ങള്‍ അവളെ ആക്ഷേപിക്കാതിരിക്കുക, അവള്‍ക്കു ചില കടങ്ങളുണ്ട് അത് വീട്ടാന്‍ വേണ്ടിയാണ് അവള്‍ എല്ലാ രാത്രികളിലും പുറത്ത് പോകുന്നത്. അവള്‍ക്ക് ഇങ്ങനെ ഒരു കടമുള്ളത് ഇന്ന് വരെ ഞാന്‍ അറിഞ്ഞില്ലല്ലോ? എപ്പോഴാണ് ഒരു കടക്കാരന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ കടം വീട്ടാന്‍ തുടങ്ങിയത് ? അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഇവിടെ അവള്‍ക്കാരുമില്ലന്നായൊ? അവള്‍ തന്നെ അതിനുവേണ്ടി പോകേണ്ടതുണ്ടോ? പൂര്‍ണമായി ഒരു വര്‍ഷം ഇങ്ങനെ പോയിട്ടും അവളുടെ കടം വീട്ടി തീര്‍ന്നില്ലേ?

ബിലാല്‍ പറഞ്ഞു യജമാനാ അവളുടെയും കടക്കാരന്റെയും ഇടയില്‍ വ്യക്തമായ ഒരു  രേഖയും കരാറുമുണ്ട്,  കടം അവളില്‍ നിന്നും ഓരോ രാത്രി ഓരോ ഓഹരിയായി വാങ്ങുമെന്നും, അവളുടെ കൈകൊണ്ടു തന്നെയാകണമെന്നും കരാര്‍ പൂര്‍ത്തികരിക്കേണ്ട സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലായിരിക്കണമെന്നുമാണ്. അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു "ഈ കടത്തെയും  അതിലെ കരാറിനെക്കാളും അത്ഭുതം നിറഞ്ഞ മറ്റൊരു കാര്യത്തെപറ്റി എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേട്ടിട്ടില്ല, ആരാണ് ആ കടക്കാരന്‍" ? ബിലാല്‍ പറഞ്ഞു "താങ്കള്‍ തന്നെയാണ് ആ കടക്കാരന്‍".

യജമാനന്‍ ബിലാലിനെ ഒന്ന് നോക്കി, ബിലാല്‍ നീ എന്നെ പരിഹസിക്കുകയാണോ അതോ പിച്ചും പിഴയും പറയുകയാണോ ? യജമാനാ, ഞാന്‍ താങ്കളെ ഒരിക്കലും പരിഹസിക്കുകയില്ല അതിനെനിക്ക് കഴിയില്ല, ഞാന്‍ പറയുന്നത് പിച്ചും പിഴയും അല്ല, യജമാനത്തി താങ്കളില്‍ നിന്നും ഒരു പാട്  പ്രതീക്ഷിച്ച രാവുകളുണ്ടായിരുന്നു താങ്കളുമായി സുഖം പങ്കിടുവാന്‍ ഒരുപാടാഗ്രഹിച്ച തണുത്ത് വിറച്ച രാത്രികള്‍.. അന്ന് അവള്‍ കിടന്നിരുന്നത് നിങ്ങള്‍ കിടക്കുന്ന ഇതേ കട്ടിലിലായിരുന്നു. നിങ്ങള്‍ അവളെ ഈ കട്ടിലില്‍ തനിച്ചാക്കി മദ്യശാപ്പുകളിലും മധുശാലകളിലും പോയി നിങ്ങളുടെ സമ്പത്ത് വാരിവിതറി, കോപ്പകള്‍ കൂട്ടിയുരച്ച് നിങ്ങളുടെ വികാരങ്ങളും  ആഗ്രഹങ്ങളും തീര്‍ത്ത ഇത് പോലെയുള്ള ദീര്‍ഘമായ രാത്രികളെ താങ്കള്‍ ഓര്‍ക്കുന്നില്ലേ, താങ്കള്‍ അന്ന് കവര്‍ന്നെടുത്ത ആ രാത്രികള്‍ ഇന്ന് അവള്‍ക്കു കടമായി മാറിയിരിക്കുന്നു, അവള്‍ക്കുനഷ്ടപ്പെട്ട ഓരോ രാത്രികളും ഓരോന്നായി അവള്‍ തിരിച്ചു വാങ്ങുകയാണ്. ഒരു ഒരു പാവം യുവാവിനെ ബന്ധസ്തനാക്കി അയാളുടെ ഭാര്യയെ കവര്‍ന്ന ആ രാത്രികള്‍ താങ്കള്‍ ഓര്‍ക്കുന്നില്ലേ. ഇന്ന് അയാള്‍ താങ്കളുടെ ഭാര്യയെ കവര്‍ന്നു കടം തീര്‍ക്കുകയാണ്, ശരിക്കും നീതിയുക്തമായ രീതിയില്‍ തന്നെയാണ് താങ്കളില്‍നിന്നും കടങ്ങള്‍ തിരിച്ചു വാങ്ങുന്നത് .

നിര്‍ത്തൂ ബിലാല്‍, എനിക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് താങ്കളുടെ വാക്കുകള്‍, ബിലാല്‍ നീ എന്റെ മകനെ വിളിക്കൂ,  താങ്കള്‍ പറഞ്ഞു വിട്ട സ്ഥലത്ത് നിന്നും മകന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഞാന്‍ എവിടെയും അവനെ പറഞ്ഞയച്ചതായി ഓര്‍ക്കുന്നില്ലല്ലോ? അവന്‍ എവിടെ പോയി? അവന്‍ മധുശാലയിലെ മദ്യക്കോപ്പകള്‍ക്കിടയിലാണ്, ദാഹം തീര്‍ന്നാലല്ലാതെ അവന്‍ തിരിച്ചു വരില്ല,  ദാഹം തീര്‍ന്നാല്‍ അവനു തനിച്ചു തിരിച്ചു വരാനും കഴിയില്ല, ചീത്ത കൂട്ടുകാരില്‍ നിന്നും മകനെ നിങ്ങള്‍ അകറ്റണമെന്ന് പല തവണ ഞാന്‍ യജമാനനോട് പറഞ്ഞിരുന്നു, അന്നൊക്കെ താങ്കള്‍ എന്നില്‍ നിന്നും മുഖം തിരിച്ചു, അമിത സ്വാതന്ത്ര്യം നല്‍കി, അവനെ പഠിപ്പിക്കാന്‍ സംസ്കാരസമ്പന്നനാക്കാന്‍ ഞാന്‍ നിങ്ങളോട് ഒരുപാട് പറഞ്ഞിരുന്നു. അന്ന് നിങ്ങള്‍ പറഞ്ഞത് "പഠിക്കേണ്ടത് അത് കൊണ്ട് ജോലി ചെയ്തു സമ്പാദിക്കേണ്ടവരാണ്, എന്റെ മകന് അതിന്റെ ആവശ്യമില്ല, ഇഷ്ടം പോലെ ഞാന്‍ അവനു വേണ്ടി കരുതി വെച്ചിട്ടുണ്ട്". അത് കൊണ്ട് നിങ്ങളാണ്  അവനെ ഈ രാത്രി  മധുശാലയിലേക്ക്  പറഞ്ഞയച്ചത്, നിങ്ങള്‍ക്ക് അവനാവശ്യമായ ഈ സമയത്ത് അവനെ നിങ്ങളില്‍ നിന്നും അകറ്റിയത് താങ്കള്‍ തന്നെയാണ്.

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന എത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ ശരീരവേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ പൂന്തോട്ടത്തിലേക്ക് നോക്കി. അദ്ദേഹം തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് കണ്ടു, അഴുകിക്കീറിയ വസ്തരമാണ് അവര്‍ ധരിച്ചിരിക്കുന്നത്, കാര്‍മേഘത്തിനിടയില്‍  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ അവളുടെ മനസ്സിലെ സൗഭാഗ്യം പ്രതിഫലിക്കുന്നതായി അയാള്‍ കണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുക്കയോ  കുത്ത് വാക്കുകള്‍  പറയുകയോ ചെയ്യുന്നില്ല, എന്തൊരു സ്നേഹം, എന്തൊരു വിനയം എല്ലാം അയാള്‍ നോക്കിക്കണ്ടു, അവര്‍ രണ്ടു പേരും ദുഖത്തെകുറിച്ചു ആവലാതി പെടുകയോ അവര്‍ക്ക് ലഭിക്കാത്ത സമ്പത്തിനെ പറ്റി ആകുലപ്പെടുകയോ ചെയ്യുന്നില്ല, വളരെ ഉന്മേഷവാന്മാരായി അവിടെ ഇരിക്കൂന്നു, ദൈവം അവര്‍ക്ക് നല്‍കിയ പരുക്കന്‍ വസ്ത്രങ്ങളിലും ഭക്ഷണത്തിലും അവര്‍ സന്തോഷിക്കുന്നു, അവര്‍ രണ്ടു പേരും ഈ കൊട്ടാരത്തിലേക്ക് വിഷമത്തോടെ നോക്കുന്നില്ല അതിനു വേണ്ടി കൊതിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, രണ്ടു പേരുടെയും സംസാരം അദ്ദേഹം ചെവിയോര്‍ത്തു.

തോട്ടക്കാരന്‍ തന്റെ ഭാര്യയോട് പറഞ്ഞു "ആ വഞ്ചകിയായ സ്ത്രീ അടക്കം എനിക്കീ കൊട്ടാരവും അതിലെ പാത്രങ്ങളും ഉദ്യാനങ്ങളും എല്ലാ വസ്തുക്കളും ദാനമായി തന്നാലും ദൈവത്തെ സത്യം അതില്‍ താമസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എതങ്കിലും തായ് വരയിലോ കുന്നിന്‍ മുകളിലോ താമസിക്കുന്നതാണ് , ഈ മനുഷ്യന്‍ ദുഖിക്കുന്നതും വ്യസനിക്കുന്നതും കാണുന്നില്ലേ". ഭാര്യ പറഞ്ഞു "ശരിയാണ്  യജമാനത്തിയില്‍ നിന്നും നമ്മുടെ യജമാനന്‍ രക്ഷപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കഴിയുന്നു, അദ്ദേഹത്തിന്റെ  ബലഹീനത അധികരിക്കുകയല്ലാതെ കുറയുന്നില്ല". തോട്ടക്കാരന്‍ "ചികിത്സിക്കുന്ന കൊട്ടാരവൈദ്യര്‍  പോലും അദ്ദേഹത്തെ കൈഒഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിനു ഇനി നിരാശ മാത്രമേ ബാക്കിയുള്ളൂ, അതില്‍ അത്ഭുതമില്ല, കാരണം അദ്ദേഹം തന്നെയാണ്‌ അദ്ദേഹത്തെ ചതിച്ചത്". ഭാര്യ "എത്ര ദൌര്‍ഭാഗ്യകരം അല്ലെ  വലിയൊരു പരീക്ഷണം തന്നെ" തോട്ടക്കാരന്‍  "അദ്ദേഹത്തിന്റെ സമ്പത്തും പ്രതാപവും അന്തസ്സും അയാളെ വഞ്ചിച്ചു  ശാന്തിക്കും സമാധാനത്തിനുംവേണ്ടി കാലത്തോട് കരാര്‍ ചെയ്യാമെന്ന് അയാള്‍ കരുതി  സ്വന്തത്തെ പറ്റി അയാള്‍  ചിന്തിച്ചില്ല, ഇപ്പോള്‍ ഇതാ കുഴിയില്‍ വീണിരിക്കുന്നു". തോട്ടക്കാരന്റെ മടിയില്‍ ചേര്‍ന്നിരുന്നുകൊണ്ട് ഭാര്യ ചോദിച്ചു "അപ്പോള്‍ അദ്ദേഹത്തിന്റെ കാല ശേഷം ആ കൊട്ടാരത്തിന്റെ അവസ്ഥ എന്തായിരിക്കും" തോട്ടക്കാരന്റെ മറുപടി അയാളുടെ മക്കള്‍ക്ക്‌ ലഭിക്കും. അപ്പോള്‍ ഭാര്യ പറഞ്ഞു "അല്ല ഞാന്‍ അറിഞ്ഞത് അങ്ങിനെയല്ല ഞാന്‍ അറിഞ്ഞത് യജമാനത്തിയുടെ കൂട്ടുകാരനായിരിക്കുമെന്നാണ് അവര്‍ തമ്മില്‍ വിവാഹാലോചന വരെ നടന്നു കഴിഞ്ഞു, ഇയാളുടെ മരണ ശേഷം അദ്ദേഹമായിരിക്കും അവളുടെ  ഭര്‍ത്താവ് .

ഇത്രയും കേള്‍ക്കുമ്പോഴേക്കും അയാളുടെ  മനസ്സ് തകര്‍ന്നു, കസേരയില്‍ നിന്നും താഴെ വീണു അയാള്‍ പറഞ്ഞു എന്റെ ജീവിതത്തിലെ ദൌര്‍ഭാഗ്യത്തെ പറ്റി ഞാന്‍ സാക്ഷിയായി നില്‍ക്കുന്നു, അയാള്‍ ബോധക്ഷയനായി .. കുറച്ചു കഴിഞ്ഞു അദ്ദേഹം വീണ്ടും  കണ്ണ് തുറന്നു, അപ്പോള്‍  അദ്ദേഹം കണ്ട കാഴ്ച  അയാളുടെ മനസ്സ് തകര്‍ക്കുന്നതായിരുന്നു. കൊട്ടാരത്തിലെ യുവതികളുമായി ഉല്ലസിച്ചു കൊണ്ട് തന്റെ മകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു, തന്റെ ഭാര്യ കൊട്ടാരത്തിലെ കൂട്ടുകാരുമായി ആര്‍തുല്ലസിച്ച് ചിരിക്കുന്നു, എന്റെ മരണവും കാത്ത് അവരെല്ലാം എന്റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ. കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് തന്റെ സുഹൃത്ത് നിലയുറപ്പിച്ചിരിക്കുന്നു മരണ വെപ്രാളത്തില്‍  ഇതൊക്കെ കാണുമ്പോള്‍ ..

മുകളില്‍നിന്നും അശരീരി അയാള്‍ കേട്ടു ഹേ മനുഷ്യ!!! നിന്റെ ഭാര്യയോട്‌ നീ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നങ്കില്‍  നിന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു നീ നിന്റെ ശരീരത്തോട് കാരുണ്യം കാണിചിരുന്നങ്കില്‍ നിന്റെ ജീവിതം നഷ്ടത്തിലാവുമായിരുന്നില്ല.  അദ്ദേഹം കണ്ണടച്ചു തന്റെ കൊട്ടാരത്തില്‍ നിന്നും തോട്ടത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും മകനില്‍ നിന്നും വേദന നിറഞ്ഞ ജീവിതത്തില്‍ നിന്നും ആ പാവം എന്നെന്നേക്കും യാത്രയായി .....

Friday, December 23, 2011

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 2


മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി......
കഥ തുടരുന്നു
മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II
ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. 
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. 
ജീവിതത്തിന്റെ  പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി.

മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല  ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു,  കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും,  വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാനിന്റെ  ഉള്ളറ മുഴുവന്‍  പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ  രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.

തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു.  നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അവന്റെ  ചിന്ത സസ്യങ്ങളിലും  ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ  കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ്  ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍  നിന്നുള്ള  ജല്പനങ്ങള്‍  അവന്‍ കേട്ടുകൊണ്ടിരുന്നു. ന്തരാത്മാവിനും അനുഭൂതികള്‍ക്കും  ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍  മനോഹരമായ പച്ചപ്പിലേക്കും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,  കിളികളോടു തത്തകളോടും  കുരുവികളോടും  നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍  അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു  ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. 

പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു  പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ  കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും  നിലാവിലും  സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ  കണ്ടത്തി.

തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി  പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി,  നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല,  ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം.
ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ്  ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു.

നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു  ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ ജീവിക്കുന്ന ഉസാലിനെയും, സലാമാനെയും...........
ഉസാല്‍ സലാമാനെ വിട്ടു ധ്യാനത്തില്‍ മുഴുകാനായി മറ്റൊരു ദ്വീപ്  അന്വേഷിച്ചു, അങ്ങനെ ഉസാല്‍  ഹയ്യിന്‍റെ ദ്വീപില്‍ എത്തുകയും ഹയ്യിനെ കണ്ടുമുട്ടുകയും ചെയ്യുന്നു .....

Tuesday, October 25, 2011

പൗലോ കൊയ്‌ലോ

ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എവിടെയോ വായിച്ചതായി  ഓര്‍ത്തു പോയി,....
പൗലോ കൊയ്‌ലോ
പതിവ് പോലെ ഞാന്‍ കടല്‍തീരത്ത്‌ ഇരിക്കുകയായിരുന്നു നല്ല തണുത്ത കാറ്റ്, സമയം ഏറെ വൈകിയിരിക്കുന്നു, നല്ല നിലാവുണ്ട്, മടിയിൽ ഒരു യുവതിയുമായി ഇരിക്കുന്ന പൂർണ്ണ ചന്ദ്രൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, കുറച്ചു നേരം ഞാന്‍ അവളെത്തന്നെ നോക്കി, മടിത്തട്ടിൽ നിന്നും പതുക്കെ എഴുന്നേറ്റു അവള്‍ എന്റെ മുമ്പില്‍ വന്നു, സുന്ദരിയായ യുവതി. വിശ്വോത്തര ബ്രസീലിയന്‍ എഴുത്തുകാരന്റെ ഭാവനയുടെ ചിറകുകള്‍ എന്നെ തലോടുന്നതായി എനിക്ക് അനുഭവപ്പെട്ടു, ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനു വേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓർമയിൽ നിറഞ്ഞു.  ശരിക്കും ഇദ്ദേഹത്തിന്റെ ഓരോ രചനയും അത്രമാത്രം സ്വാദീനമുള്ളവയായിരുന്നു. ഓരോ രചനക്കും  വേണ്ടി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെയാണ് വായനക്കാര്‍ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല.

എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സുന്ദരി അയാള്‍ പറഞ്ഞുവിട്ട യുവതി തന്നെ, സംശയമില്ല. അവളുടെ നോട്ടവും കടലിനടിയില്‍ നിന്നുള്ള ക്ഷേത്ര മണി മുഴക്കവും, കടല്‍ കാറ്റും  എന്നെ കൂട്ടിക്കൊണ്ടു  പോയത്  അദ്ദേഹം മുമ്പ് പറഞ്ഞ, ഇത് പോലെ കടല്‍ തീരത്ത് സംസാരിച്ച യുവതിയുടെയും ആ കുട്ടിയുടെയും അടുത്തേക്കായിരുന്നു. അദ്ദേഹത്തിന്റെ  വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയിലെക്ക്), ഒരു പക്ഷ ആ യുവതി എന്നെ പോലെ മില്യന്‍ കണക്കിന് വായനക്കാരുടെ മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവാം ....  
ആ യുവതിയുടെയും കുട്ടിയുടെയും അടുത്തേക്ക് പോകാന്‍ എന്റെ വായനക്കാരെ  ഞാനും  ക്ഷണിക്കുകയാണ്. ഒരിക്കല്‍ കൂടി artofwave ലേക്ക്  സ്വാഗതം...
ശ്രദ്ധിച്ചാല്‍ ഈ തിരകള്‍കിടയിലൂടെ നിങ്ങള്‍ക്കും ഈ കടലിനടിയില്‍ അകപ്പെട്ടുപോയ ദ്വീപില്‍ നിന്നുള്ള ക്ഷേത്ര മണിമുഴക്കം കേള്‍ക്കാനാവും ....

കടല്‍ തീരത്ത് ഇരുന്ന ബാലനോട്  സുന്ദരിയായ  യുവതി പറഞ്ഞു
ഈകടലിനുള്ളിലോട്ട്  പടിഞ്ഞാര്‍ഭാഗത്ത്  ഒരു ദ്വീപുണ്ട്, അതില്‍ ഒരു പാട്  മണികളുള്ള ഒരു വലിയ ക്ഷേത്രമുണ്ട്,  നീ ആ ക്ഷേത്രത്തില്‍  പോകണം, നീ അതിനെ കുറിച്ച് എന്ത് മനസ്സില്ലാക്കി എന്ന്  എന്നോട് പറയണം, ഇതും പറഞ്ഞു ആ സുന്ദരി അവിടെ നിന്നും അപ്രത്യക്ഷമായി. 

ഈ കൊച്ചു ബാലന്‍ ആ കടല്‍തീരത്ത്  ദിവസവും പോയിരിക്കും, കടല്‍ തുരുത്തില്‍ നിന്നും മുഴങ്ങുന്ന മണി നാദം കേള്‍ക്കാന്‍, പക്ഷെ അവന്‍ ആ തിരകള്‍കിടയിലൂടെ  വരുന്ന അലയോലികള്‍ക്കിടയില്‍ മണി നാദം കേട്ടില്ല, ഇന്നലെവരെ കണ്ടിട്ടുള്ളതല്ലാത്ത പുതുതായൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല,

അവന്‍ നിരാശനായി, അടുത്തുള്ള ചില മീന്‍ പിടുത്തക്കാരോട്  ഈ ഗ്രാമത്തെ പറ്റിയും ക്ഷേത്രത്തെ പറ്റിയും ചോദിച്ചു, ആര്‍ക്കും അറിയുമായിരുന്നില്ല, ഒരു കിഴവന്‍ ആ കുട്ടിയോട് പറഞ്ഞു: "വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഒരു
ദ്വീപുള്ളതായും ഒരു ഭൂമി കുലുക്കത്തിന്റെ ഫലമായി ആ ദ്വീപ് കടലിനടിയിലെക്ക് മുങ്ങി പോയതുമായ  കഥ എന്റെ അപ്പൂപന്മാര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടിണ്ട്".
എന്നാലും ശ്രദ്ധിച്ചാല്‍,  കടലില്‍ മുങ്ങിപ്പോയ ദ്വീപില്‍ നിന്നുള്ള മണിയൊച്ച  ഇപ്പോഴും കേള്‍ക്കാന്‍ പറ്റും.

ബാലന്‍ വീണ്ടും കടല്‍ തീരത്തേക്ക് തന്നെ മടങ്ങി, ക്ഷേത്ര മണിയൊച്ചക്ക് കാതോര്‍ത്തു, പക്ഷെ കേട്ടത് കടല്‍പക്ഷികളുടെയും തിരമാലകളുടെയും ശബ്ദം മാത്രം, അവന്‍ ദിവസവും രാവിലെ കടല്‍ തീരത്ത് പോയിരുന്നു. എന്നങ്കിലും ആ  സുന്ദരിയോട് "മണിയൊച്ച കേട്ടു" എന്നെനിക്കു പറയാന്‍ കഴിയണം.

ഈ ഒരു  ലക്ഷ്യം മാത്രമായി ആ  ബാലനില്‍. മാസങ്ങള്‍ കഴിഞ്ഞു, ഒന്ന് കൂടി ചോദിയ്ക്കാന്‍ വീണ്ടും ആസ്ത്രീയെ അവന്‍ കണ്ടില്ല. കൂടുകാരോട് കളിക്കാനോ, പഠിക്കാനോ അവനു തല്പര്യമില്ലതായി.

മുങ്ങിപ്പോയ 
ദ്വീപില്‍നിന്ന്   മണിയൊച്ച  കേള്‍ക്കാന്‍ അവനു പറ്റിയില്ലങ്കിലും, തിരമാലയുടെ ശബ്ദവും, കാക്കയുടെ കരച്ചിലും, പ്രകൃതിയുടെ വ്യത്യസ്ഥ സ്വരങ്ങളും അവന്‍ പഠിച്ചെടുത്തു. മീന്‍ പിടുത്തക്കാരന്‍ കിഴവന്‍ ആ ശബ്ദം കേട്ടിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും അവനോടു പറഞ്ഞങ്കിലും ഒരു പ്രാവശ്യം പോലും  അവനു  കേള്‍ക്കാന്‍ പറ്റിയില്ല.

അവന്‍ വീണ്ടും ചിന്തിച്ചു ഞാ
ന്‍ "ഒരു മുക്കുവനായി" ഇവിടെ മീന്‍ പിടിക്കാന്‍ കടലിലേക്ക് ഇറങ്ങിയാല്‍ എനിക്ക് ആ ശബ്ദം  കേള്‍ക്കാന്‍ പറ്റിയേക്കും,

അല്ലങ്കില്‍ വേണ്ട, ഇത്  വല്ല "കെട്ടു
കഥയുമായിരുക്കും".

അവന്‍ കടലിനോട്  വിടപറഞ്ഞു, തിരിച്ചു വരുമ്പോള്‍ കടല്‍ കാക്കയുടെ  ശബ്ദവും തിരയുടെ ഇരമ്പലും കേട്ടു, കുട്ടികളുടെ കളിയും ചിരിയും അവന്‍ കേട്ടു,  പ്രകൃതിയുടെ  എല്ലാ സ്വരങ്ങളും അവനു കേള്‍ക്കാന്‍ പറ്റി.

അവന്റെ മനസ്സില്‍ ഇത്രയും നാളില്ലത്ത സന്തോഷം തോന്നിത്തുടങ്ങി, മറ്റുകുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചു, അതോടൊപ്പം യുവതി പറഞ്ഞ മണിയൊച്ചയും കേള്‍ക്കാന്‍ അവനു കഴിഞ്ഞു, സന്തോഷത്തോടെ  ജീവിച്ചു മണികളെക്കുറിച്ചും  ക്ഷേത്രത്തെ പറ്റിയും  അവന്‍ മറന്നു.
 
വളര്‍ന്നു വലുതായി, അവന്‍ ഓര്‍ത്തു ഞാന്‍ ചെറുപ്പത്തില്‍ തിരഞ്ഞ  മണിയും ക്ഷേത്രവുമെല്ലാം ഒരു സാങ്കല്പിക കഥ മാത്രമായിരുന്നു....

അവന്‍ വീണ്ടും ഒരിക്കല്‍ കൂടി  ആ കടല്‍ തീരത്തേക്ക് നടക്കാന്‍ തീരുമാനിച്ചു, മണി മുഴക്കെത്തെയോ ദ്വീപിനെയോ അന്വേഷിക്കാന്‍ ആയിരുന്നില്ല. കടല്‍ തീരത്ത്‌ എത്തിയപ്പോള്‍ അവന്‍ അത്ഭുതപ്പെട്ടു. 

അവനെ അത്ഭുതപ്പെടുത്തി കൊണ്ട് വളരെ കാലം മുമ്പ് കണ്ട ആ യുവതി ഒരു മാറ്റവുമില്ലാതെ അതിലേറേ സുന്ദരിയായി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? അവന്‍ ചോദിച്ചു.

യുവതി പറഞ്ഞു. ഞാന്‍ നിങ്ങളെ കാത്തു നില്‍ക്കുകയായിരുന്നു, എന്തിനുവേണ്ടി ?

അവള്‍ ഒരു പുസ്തകം അവനു നേരെ നീട്ടി. ഒന്നും എഴുതാത്ത പുസ്തകമായിരുന്നു അത്. അവള്‍ പറഞ്ഞു എഴുതൂ, വെളിച്ചത്തിന്റെ പോരാളി കുട്ടികളുടെ കണ്ണുകളെ വിലമതിക്കുന്നു, കാരണം അവര്‍ക്ക് കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നു.

വെളിച്ചത്തിന്റെ പോരാളി,  അതാരാണ് ? അവള്‍ പറഞ്ഞു, നിനക്കറിയാം ജീവിതത്തെ മുഴുവനായും മനസ്സിലാക്കാന്‍ പറ്റുന്നവനാണവന്‍, ലക്ഷ്യ സക്ഷാല്‍കരതിനുവേണ്ടി മരിക്കുംവരെ പോരാടാന്‍  കഴിവുള്ളവനാ
വന്‍,
തിരമാലകള്‍ക്കടിയിലെ മണി മുഴക്കം ശ്രവിക്കാന്‍ കഴിവു
ള്ളവന്‍, അവന്റെ ചിന്തകള്‍ മുഴുവന്‍ ആയുവതി  അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് പോലെ അവനു തോന്നി.

എല്ലാവരും വെളിച്ചത്തിന്റെ പോരാളികളാണ് . അവന്‍ ആ എഴുതാത്ത  പുസ്തകത്തിലേക്ക് നോക്കി, യുവതി അവനോട പറഞ്ഞു എഴുതുക.

"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക. അവള്‍ വീണ്ടും അപ്രത്യക്ഷമായി.

പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും, പ്രതിസന്ധികളില്‍  കാലിടറി വീഴാത്ത അനുഭവങ്ങളും സംഘര്‍ഷങ്ങളെ  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കഥയുടെ അവസാന വീണ്ടും ആ യുവതി രംഗത്ത് വരികയാണ്, അവന്‍ അവളോട്‌ ചോദിച്ചു.

നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും പരസ്പര വൈരുദ്യങ്ങളാണല്ലോ ?

യുവതി  പറഞ്ഞു, കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ, നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം നീ തിരിച്ചറിഞ്ഞപ്പോഴാണ്.

അത് പോലെ തന്റെ ചുറ്റുമുള്ള സകലതും, വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

നീ ആരാണന്നു ആ യുവതിയോടു അയാള്‍ ചോദിക്കുന്നതോട് കൂടെ അവള്‍ വീണ്ടും തിരമാലകല്‍ക്കിടയിലൂടെ ആകാശത്ത് ഉദിച്ചുയര്‍ന്ന ചന്ദ്രനിലേക്ക് 
അപ്രത്യക്ഷമാവുന്നു.

ഇതായിരുന്നു വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയുടെ ആമുഖത്തില്‍ നമുക്ക് പൗലോ കൊയ്‌ലോ പറഞ്ഞു തന്നത്. 

എന്റെ മുമ്പില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സുന്ദരി  എന്തോ എന്റെ കാതില്‍ മന്ദ്രിച്ചു പക്ഷെ എനിക്കത്  വ്യക്തമല്ലായിരുന്നു.  അത് വ്യക്തമാകാന്‍ വേണ്ടി,
ഒരിക്കല്‍ കൂടി അവളെ കാണാന്‍ എന്നും ഞാന്‍ കടല്‍ തീരത്ത്  പോകുന്നു.

ഇങ്ങനെ ഓരോ വായനക്കാരിലും തന്റെ കഥാപാത്രങ്ങളെ ജീവിപ്പിക്കുകയാണ്  പൗലോ കൊയ്‌ലോ, എന്ന വിഖ്യാത എഴുത്തുകാരന്‍ .... 

ഈ പുസ്തകം പൂര്‍ണമായും മലയാളത്തിലേക്ക്  ഫിലിപ് എം പ്രസാദ് തര്‍ജമ ചെയ്തിട്ടുണ്ട്   പബ്ലിഷ് ചെയ്തത് ഡി സി ബുക്സ്.  

Related Posts Plugin for WordPress, Blogger...