Tuesday, August 18, 2026

ക്റാബിയിലേക്കൊരു യാത്ര

 ക്റാബിയിലേക്കൊരു യാത്ര 


തായ്‌ലാൻഡിലേക്ക് ഒരു ചെറുയാത്ര നടത്താൻ കഴിഞ്ഞു.  മനസ്സിൽ ഏറെക്കാലം മായാതെ നിൽക്കുന്ന നിരവധി അനുഭവങ്ങൾ സമ്മാനിച്ച യാത്രയായിരുന്നു അത്.

തായ്‌ലാൻഡിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള ക്രാബി, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അതിമനോഹരമായ പ്രകൃതിയുടെ ഒരു വിസ്മയലോകമാണ്. അവിടെയെത്തിയപ്പോൾ ആദ്യം മനസ്സിൽ പതിഞ്ഞത് കടൽജലത്തിന്റെ നിറമായിരുന്നു. സ്ഫടികം പോലെ തെളിഞ്ഞ നീലനിറം കണ്ണുകൾക്ക് നൽകുന്ന കുളിർമ പറഞ്ഞറിയിക്കാനാവാത്തതാണ്. കടലിൽ തലയുയർത്തി നിൽക്കുന്ന പച്ചപ്പണിഞ്ഞ കൂറ്റൻ പാറക്കെട്ടുകളും, അവയ്ക്കിടയിലൂടെ നീങ്ങുന്ന ചെറുബോട്ടുകളും, ദൂരെ ദൂരെ പരന്നുകിടക്കുന്ന ദ്വീപുകളും ചേർന്ന് വരച്ചുകാട്ടുന്ന കാഴ്ച അതിമനോഹരമായിരുന്നു.

ആ നീലക്കടലിലൂടെ ബോട്ടിൽ ദ്വീപുകൾക്കിടയിലൂടെ സഞ്ചരിച്ച് ഞങ്ങൾ പതിനാലു  ദ്വീപുകൾ സന്ദർശിച്ചു. ഓരോ ദ്വീപിനും ഓരോ ഭാവമായിരുന്നു. യാത്രയ്ക്കിടയിൽ കണ്ട അസ്തമയസൂര്യനും സന്ധ്യയുടെ ആകാശവും ആ കാഴ്ചകളെ വീണ്ടും മറ്റൊരു ലോകമാക്കി മാറ്റി. സൂര്യൻ ചക്രവാളത്തിലേക്ക് പതിയെ മറയുമ്പോൾ ആകാശത്ത് പടർന്ന നിറങ്ങൾ വാക്കുകൾകൊണ്ട് വിവരിക്കാനാവാത്തതായിരുന്നു. ഇത്രയും ചായം പൂശിയതുപോലെ മനോഹരമായ ഒരു ആകാശം അതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് തന്നെ ഓർത്തുപോയി.

ഇടയ്ക്കിടെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞതും, തനതായ രുചികളുള്ള ഭക്ഷണം ആസ്വദിച്ചതും, നാട്ടുകാരുടെ ഊഷ്മളമായ ആതിഥ്യമര്യാദ അനുഭവിച്ചതുമെല്ലാം യാത്രയുടെ മനോഹരമായ ഓർമ്മകളായി. സ്നോർക്കലിങ്ങിനിടെ കടലിന്റെ അടിത്തട്ടിലെ മറ്റൊരു ലോകം നേരിൽ കാണാനും, പവിഴപ്പുറ്റുകൾക്കിടയിലൂടെ പല വർണങ്ങളിലുള്ള മത്സ്യങ്ങൾ നീന്തുന്നത് ആസ്വദിക്കാനും കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നു.

എന്നാൽ ആ യാത്രയിലെ ഏറ്റവും മാന്ത്രികമായ അനുഭവങ്ങളിലൊന്ന് ബയോലുമിനസെൻസിന്റെ (Bioluminescence) അത്ഭുതക്കാഴ്ചയായിരുന്നു. ഇരുണ്ട കടലിൽ വെള്ളത്തെ ഒന്നു തൊടുമ്പോഴേക്കും നീലനിറത്തിലുള്ള പ്രകാശം തിരമാലകളിൽ പടരുകയും, മിന്നാമിനുങ്ങുകളെപ്പോലെ എണ്ണമറ്റ ചെറു പ്രകാശകണങ്ങൾ വെള്ളത്തിനുള്ളിൽ തിളങ്ങുകയും ചെയ്തു. കൈവിരലുകൾ വെള്ളത്തിൽ ചലിപ്പിക്കുമ്പോൾ പോലും ആ നീലവെളിച്ചം കൂടെ ഒഴുകിയെത്തുന്നതുപോലെ തോന്നി. ഇരുട്ടിന്റെ നടുവിൽ കടൽ തന്നെ സ്വന്തം വെളിച്ചത്തിൽ തിളങ്ങുന്നതുപോലെ തോന്നിയ ആ കാഴ്ച, പ്രകൃതി ഒരുക്കിയ ഒരു അപൂർവ മായാജാലം തന്നെയായിരുന്നു. യാത്രയുടെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന ഒരു മാന്ത്രിക നിമിഷം.

യാത്രയുടെ മറ്റൊരു ആവേശകരമായ അനുഭവം വിശാലമായ കായലിലൂടെ നടത്തിയ കയാക്കിങ്ങായിരുന്നു. ചുറ്റുമുള്ള പച്ചപ്പും ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകളും നിശ്ശബ്ദമായ ജലാശയവും ചേർന്ന് ആ യാത്രയ്ക്ക് ഒരു പ്രത്യേക ഭംഗി നൽകി. പ്രകൃതിയുടെ വഴികളിലൂടെ നടത്തിയ ATV റൈഡും വേറിട്ടൊരു ആവേശം പകർന്നു. കൂടാതെ, ഒരു എലിഫന്റ് സങ്കേതം സന്ദർശിച്ച് ആനകളോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനും കഴിഞ്ഞത് യാത്രയെ കൂടുതൽ വ്യത്യസ്തവും ഓർമ്മയിൽ നിൽക്കുന്നതുമാക്കി.

ക്രാബിയുടെ ശാന്തമായ പ്രകൃതിസൗന്ദര്യത്തിൽ നിന്ന് പിന്നീട് ഞങ്ങൾ ബാങ്കോക്കിന്റെ തിരക്കേറിയ നഗരജീവിതത്തിലേക്ക് യാത്ര തിരിച്ചു. ക്രാബിയിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു ലോകമായിരുന്നു ബാങ്കോക്ക്. വിശാലമായ ഷോപ്പിംഗ് സെന്ററുകൾ, മെട്രോ, തിരക്കേറിയ തെരുവുകൾ, രാത്രിയിലെ നൈറ്റ് മാർക്കറ്റുകൾ, പ്രകാശപൂരിതമായ നഗരവീഥികൾ എല്ലാം ചേർന്ന് നഗരത്തിന്റെ സ്വന്തം ഒരു താളം അനുഭവിക്കാൻ കഴിഞ്ഞു. ഐക്കൺസ്യാമിലെ വിശാലമായ ആപ്പിൾ ഷോറൂം സന്ദർശിച്ചതും പ്രത്യേക അനുഭവമായി.

ബാങ്കോക്കിലൂടെ നടത്തിയ ബോട്ട് യാത്രകൾക്കും അതിന്റേതായൊരു ഭംഗിയുണ്ടായിരുന്നു. വിശാലമായ നഗരത്തിനിടയിലൂടെ വെള്ളത്തിലൂടെ സഞ്ചരിച്ച് നഗരത്തിന്റെ മറ്റൊരു മുഖം കാണാൻ കഴിഞ്ഞു. വെള്ളത്തിനരികിലെ കെട്ടിടങ്ങളും പാലങ്ങളും തിരക്കേറിയ ജീവിതവും ബോട്ടിൽ നിന്ന് നോക്കുമ്പോൾ നഗരത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാനായി. രാത്രിയിൽ പ്രകാശപൂരിതമായ നഗരവും സജീവമായ  മാർക്കറ്റുകളും ബാങ്കോക്കിന്റെ മറ്റൊരു മുഖം കൂടി പരിചയപ്പെടുത്തി.

ക്രാബിയിലെ കടൽത്തീരത്ത് സന്ധ്യാസമയത്ത് കണ്ട ഫയർ ഷോയും യാത്രയിലെ മറക്കാനാവാത്ത കാഴ്ചകളിലൊന്നായിരുന്നു. ഇരുണ്ട ആകാശത്തിന്റെയും വിശാലമായ കടലിന്റെയും പശ്ചാത്തലത്തിൽ തീയുടെ വർണങ്ങൾ ഉയർന്നുയർന്നപ്പോൾ, ആ നിമിഷവും മനസ്സിൽ പതിഞ്ഞ മറ്റൊരു മനോഹരമായ ഓർമ്മയായി.

പ്രകൃതിയുടെ അത്ഭുതങ്ങൾ, കടലിന്റെ സൗന്ദര്യം, മഴയുടെ നനവ്, തനതായ ഭക്ഷണത്തിന്റെ രുചി, സാഹസികമായ അനുഭവങ്ങൾ, നഗരജീവിതത്തിന്റെ തിരക്ക്ഇ വയെല്ലാം ചേർന്നാണ് ഞങ്ങൾ തായ്‌ലാൻഡിൽ നിന്ന് മടങ്ങിയത്. യാത്ര അവസാനിച്ചെങ്കിലും, കണ്ട കാഴ്ചകളും അനുഭവിച്ച നിമിഷങ്ങളും മനസ്സിൽ ഇപ്പോഴും തുടരുന്നുണ്ട്.

അനന്തമായ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന തായ്‌ലാൻഡിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഈ യാത്രയിൽ കാണാൻ കഴിഞ്ഞുള്ളൂ. പലരും പറഞ്ഞുകേട്ടിരുന്ന പാട്ടായ, ഫുക്കറ്റിന്റെ ഭാഗങ്ങൾ ഇത്തവണ യാത്രാപദ്ധതിയിൽ നിന്ന് ഒഴിവാക്കി, പകരം ക്രാബി തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ, ആ തീരുമാനം ഒരിക്കലും നഷ്ടമായി തോന്നിയില്ല. മറിച്ച്, പ്രകൃതിയോട് കൂടുതൽ അടുത്തുനിൽക്കാനും, കടലിന്റെ അത്ഭുതങ്ങൾ അനുഭവിക്കാനും, സാഹസികതയുടെ നിമിഷങ്ങൾ ആസ്വദിക്കാനും, മനസ്സിൽ സൂക്ഷിക്കാനാവുന്ന ഒരുപാട് ഓർമ്മകൾ സ്വന്തമാക്കാനും കഴിഞ്ഞു.

അതുകൊണ്ടുതന്നെ, തായ്‌ലാൻഡിൽ കണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ക്രാബി ഒരു സ്ഥലം മാത്രമല്ല  അനുഭവിച്ച നിമിഷങ്ങളുടെ പേരാണ്. ക്രാബിയിലേക്കുള്ള ആ യാത്ര ഒരിക്കലും നഷ്ടമായില്ല മറിച്ച്, വീണ്ടും വീണ്ടും ഓർത്തെടുക്കാൻ തോന്നുന്ന ഒരു മനോഹര യാത്രയായി അത് മനസ്സിൽ അവശേഷിച്ചു.






































Thursday, August 6, 2026

തിരകൾ പറയുന്ന കഥകൾ കേൾക്കാൻ ഒരുപാടിഷ്ടം ...

 

എത്ര കണ്ടുതീർത്താലും മിഴികൾക്ക് മതിവരാത്ത ചില ദൃശ്യവിസ്മയങ്ങളുണ്ട്. ഈ പകലൊടുങ്ങുമ്പോൾ, സൂര്യൻ തൻ അന്തിമച്ചുംബനം സാഗരത്തിന്റെ നെറ്റിത്തടത്തിൽ ആർദ്രമായി ചാർത്തുകയാണ്. 'നാളെ വീണ്ടും വരാം' എന്ന പ്രണയാതുരമായ വാഗ്ദാനം നൽകി സൂര്യൻ  ചക്രവാളത്തിലേക്ക് മാഞ്ഞുപോകുമ്പോൾ, ആകാശം  മനോഹരമായ ഒരു വർണ്ണപ്പറവയെ വിണ്ണിലേക്ക് പറത്തിവിടുന്നു. ആ പക്ഷിയുടെ ചിറകടികളിൽ നിന്നുമുതിർന്നു വീഴുന്ന തൂവലുകളാണ് സന്ധ്യയുടെ സുന്ദരവർണ്ണങ്ങളായി വാനിൽ ചിതറിവീഴുന്നത്.

സാഗരം വെറുമൊരു ജലവിസ്താരമല്ല... കാലത്തിന്റെ അനന്ത യാത്രകളിൽ തിരകൾ ചുമന്നുകൊണ്ടുവന്ന ഓർമ്മകളുടെയും നിശ്വാസങ്ങളുടെയും അവസാനമില്ലാത്ത മഹാകാവ്യമാണ്. തീരമണയുന്ന ഓരോ അലമാലയും ആയിരം ആണ്ടുകളുടെ പഴക്കമുള്ള ഏതോ വിസ്മൃതസ്വപ്നത്തിന്റെ നിത്യമായ പുനർവായനയാണ്, കാലമെഴുതിയ മായാത്ത കൈയൊപ്പാണ്. അത്രമേൽ അനുരാഗത്തോടെയെത്തുന്ന ഓരോ തിരയെയും വീണ്ടും വരുമെന്ന വിശ്വാസത്തോടെ നെഞ്ചോടു ചേർക്കുന്ന കര, മണൽപ്പരപ്പല്ല... തിരികെ വരുന്ന ഓരോ തിരയെയും നിശ്ശബ്ദ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന ഒരു അമ്മയുടെ ആർദ്രമായ മടിയാണ്.

ഈ സന്ധ്യാവേളയിൽ ചുറ്റുമുള്ള നിശ്ശബ്ദതയ്ക്ക് ഏതോ പ്രാർത്ഥനയുടെ പരിശുദ്ധിയുണ്ട്. കാറ്റ്  തന്റെ ചിറകുകളിൽ ഒളിപ്പിച്ച പഴയ ഓർമ്മകളുമായി വന്ന്, ആരും അറിയാതെ എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു.. ഒരല്പനേരം കൂടി ഈ സാന്ധ്യശോഭ കാലത്തിന്റെ കൈകളിൽ തടഞ്ഞുനിൽക്കട്ടെയെന്ന് മനസ്സ് കൊതിക്കുകയാണ്! ആ സൂര്യന്റെ പൊൻകിരണങ്ങൾ തിരമാലകളുടെ വിടർന്ന കണ്ണുകളിൽ ഒടുവിലത്തെ പ്രണയലേഖനമായി അലിഞ്ഞു ചേരുകയാണ് ...

സൂര്യൻ സാഗരത്തിലേക്ക് ആണ്ടുപോകുമ്പോഴെല്ലാം എന്റെ ഉള്ളിലെ ഏതോ പ്രണയകവാടങ്ങൾ സ്വയം തുറക്കപ്പെടാറുണ്ട്. മഴ നനഞ്ഞു വിറയ്ക്കുന്ന കുരുവികളെ പോലെ ഓർമ്മകൾ ഹൃദയത്തിന്റെ തിണ്ണയിൽ വന്ന് ചിറകടിച്ചുതുടങ്ങും. വിസ്മൃതിയിലാണ്ടുപോയ ചില മുഖങ്ങൾ സാന്ധ്യാകാശത്ത് കടൽക്കാക്കകളെപ്പോലെ വട്ടമിട്ടു പറക്കും. ആരും കേൾക്കാതെ ഉള്ളിലൊതുക്കിയ ചില വാക്കുകൾ മണൽത്തരികൾക്കിടയിൽ ചിപ്പികളായി മിഴിയടച്ചു കിടപ്പുണ്ട്... അല്പം സ്നേഹത്തോടെ കാതോർത്തു നിന്നാൽ അപ്പോഴും കേൾക്കാം, അവയുടെ നിശ്ശബ്ദമായ നിലവിളികൾ!

അസ്തമയമെന്നത് ഒരേ സമയം ഒരു പകലൊടുങ്ങുന്ന അന്ത്യമല്ല, മറിച്ച് വെളിച്ചം ഇരുളിന്റെ മാറിൽ തലചായ്ച്ചുറങ്ങുന്ന ഒരു ദിവ്യമുഹൂർത്തമാണ്. ജീവിതം കടലിനെപ്പോലെയാണ്, കരയിൽ നോക്കിനിൽക്കുന്നവർക്ക് അതിന്റെ  ആഴം അളക്കാനാവില്ല. സ്നേഹം ആ അസ്തമയത്തെപ്പോലെയാണ്... അത് വിടപറഞ്ഞ് മറയുമ്പോഴാണ് അതിന്റെ മാസ്മരിക വർണ്ണങ്ങൾ ആത്മാവിൽ മുഴുവൻ പടർന്നുപന്തലിക്കുന്നത്.

എത്ര കണ്ടാലും മതിവരാത്ത ഇത്തരം കാഴ്ചകൾ നാം കാണുന്നത് നമ്മുടെ ഭൗതികമായ കണ്ണുകൾ കൊണ്ടല്ല... അവ നമ്മിലേക്ക് ഉറ്റുനോക്കുന്നത് നമ്മുടെ ആത്മാവിന്റെ ഏറ്റവും നിശ്ശബ്ദമായ ജനാലയിലൂടെയാണ്. അങ്ങനെയൊരു കാഴ്ചയിൽ, കടൽ വെറുമൊരു ജലാശയമാകുന്നില്ല... അത് ദൈവം തൻ അനന്തമായ പ്രപഞ്ചകവിതകൾ കുറിക്കാനായി തുറന്നുവെച്ച പ്രണയത്തിന്റെ നീല മഷിക്കുപ്പിയായി മാറുന്നു.


തിരകൾ പറയുന്ന കഥകൾ കേൾക്കാൻ ഒരുപാടിഷ്ടം ...

Wednesday, June 24, 2026

അമീർ താജ് അൽ സിറിന്റെ 366

പ്രശസ്ത സുഡാനി എഴുത്തുകാരനായ അമീർ താജ് അൽ സിറിന്റെ കത്താറ പുരസ്കാര കൃതിയായ '366' എന്ന നോവലിനെക്കുറിച്ചു അല്പം 

അറബ് സാഹിത്യലോകത്തെ ഏറ്റവും മൂല്യമേറിയ കത്താറ ഫിക്ഷൻ പ്രൈസ് (2015) നേടിയ അമീർ താജ് അൽ സിറിന്റെ '366' എന്ന നോവൽ, കേവലമൊരു പ്രണയകഥയ്ക്കപ്പുറം മനുഷ്യന്റെ ആത്മീയമായ ഏകാന്തതയുടെയും വിരഹവേദനയുടെയും തീക്ഷ്ണമായ ആവിഷ്കാരമാണ്. 

ഒരു അധിവർഷത്തിലെ (Leap Year) 366 ദിവസങ്ങളെ പശ്ചാത്തലമാക്കി എഴുതപ്പെട്ടിട്ടുള്ള ഈ കൃതി, പ്രണയത്തെ ഒരു ഉന്മാദമായും ഒടുവിൽ അതൊരു ആത്മത്യാഗമായും പരിവർത്തിപ്പിക്കുന്ന നായകന്റെ മാനസികാവസ്ഥകളെ അതിസൂക്ഷ്മമായി വരച്ചുകാട്ടുന്നു.

ഒരു സാധാരണ പ്രണയ നോവലിന്റെ ഘടനയല്ല ഈ കൃതിക്കുള്ളത്. നായകൻ താൻ ജീവനതുല്യം സ്നേഹിക്കുന്ന 'അസ്മാ' എന്ന പെൺകുട്ടിക്ക് എഴുതുന്ന ദീർഘമായ കത്തുകളുടെ രൂപത്തിലാണ് നോവൽ വികസിക്കുന്നത്. എന്നാൽ, ഈ കത്തുകൾ കേവലം വികാരപ്രകടനങ്ങളല്ല. മറിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം ഒരു 'മർഹൂം' (പരേതൻ) ആയി പ്രഖ്യാപിച്ച, മരണത്തിലേക്ക് നടന്നുപോകുന്ന ഒരു മനുഷ്യന്റെ ആത്മവിചാരണകളും അവസാനത്തെ വിൽപത്രവുമാണ്.

അധിവർഷത്തിന്റെ തുടക്കത്തിൽ ഒരു ഇറ്റാലിയൻ ക്ലബ്ബിലെ വിവാഹച്ചടങ്ങിൽ വെച്ച് അസ്മായെ ആദ്യമായി കാണുന്നതോടെയാണ് നായകന്റെ പ്രണയദിനങ്ങൾ ആരംഭിക്കുന്നത്. ആ ഒറ്റനോട്ടത്തിൽ തുടങ്ങിയ പ്രണയം പിന്നീട് ഒരുതരം മാനസിക ഉന്മാദമായി മാറുന്നു. പ്രണയിനിയുടെ സാന്നിധ്യമില്ലാതെ, അവൾ പോലുമറിയാതെ അവളിലേക്ക് ആഴ്ന്നിറങ്ങുന്ന നായകന്റെ ഭാവനയാണ് നോവലിന്റെ കാതൽ.

നോവലിൽ 'സുഗന്ധം' എന്ന ഘടകത്തിന് വലിയൊരു പ്രതീകാത്മക മൂല്യമുണ്ട്. അസ്മായുടെ ഓർമ്മകളെയും അവൾ സൃഷ്ടിച്ച വിരഹവേദനയെയും 'അസ്മായുടെ സുഗന്ധം' എന്നാണ് നായകൻ വിശേഷിപ്പിക്കുന്നത്. 

ഈ വേദനയെ പ്രണയിച്ചുകൊണ്ട് അയാൾ സ്വന്തം ഹൃദയത്തിൽ പുതിയ സുഗന്ധക്കൂട്ടുകൾ നിർമ്മിക്കുന്നു. ലോകം മുഴുവൻ മണത്തറിഞ്ഞിട്ടും, അതിന് കാരണക്കാരിയായ പെൺകുട്ടി മാത്രം അറിയാതെ പോകുന്ന ആ ദിവ്യപ്രണയം വായനക്കാരനിൽ തീവ്രമായ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നുണ്ട്. 

നിരാശാജനകമായ ഈ പ്രണയത്തിന്റെ കനലുകൾ കെട്ടുപോകാതിരിക്കാൻ സ്വന്തം വേദനകളുടെ വിറകുകൊള്ളികൾ അതിലേക്ക് എറിഞ്ഞുകൊടുക്കുന്ന നായകന്റെ ചിത്രം എഴുത്തുകാരന്റെ മികച്ചൊരു ദാർശനിക ഭാവനയാണ്.

നായകന്റെ സാങ്കൽപ്പികവും സ്വകാര്യവുമായ പ്രണയലോകത്തിലേക്ക് അയൽക്കാരായ കൊളംബസും ഭാര്യയും നടത്തുന്ന കടന്നുകയറ്റം നോവലിലെ ശ്രദ്ധേയമായ ഒരു സാമൂഹിക വശമാണ്. അയാളുടെ വീടിന്റെ സ്വകാര്യതകളിലേക്ക് അതിക്രമിച്ചു കയറി, തന്റെ ഇഷ്ടങ്ങളെ ഹനിക്കുന്ന ആ ദമ്പതികൾ യഥാർത്ഥത്തിൽ നായകന് ചുറ്റുമുള്ള ശല്യപ്പെടുത്തുന്ന ബാഹ്യലോകത്തിന്റെ പ്രതീകങ്ങളാണ്. 

പ്രണയക്കണ്ണീരും ഉമിനീരും വീണുകിടക്കുന്ന തലയിണയിൽ കിടന്ന് ലഹരി പുകയ്ക്കുന്ന കൊളംബസ് നായകന്റെ ആത്മീയലോകത്തെ കൂടുതൽ തളർത്തുകയും അയാളെ മരണത്തിലേക്ക് വേഗത്തിൽ നയിക്കുകയും ചെയ്യുന്നു.

നോവലിന്റെ ക്ലൈമാക്സ് അതീവ ഹൃദയസ്പർശിയും ദാർശനികവുമാണ്. അസ്മാ മറ്റൊരാളുടെ വധുവാകുന്ന അതേ രാത്രിയിലാണ് നായകൻ കത്ത് പൂർത്തിയാക്കുന്നത്. അത് പ്രണയത്തിന്റെ ഒന്നാം വാർഷികവും ഒപ്പം അയാളുടെ ജീവിതത്തിന്റെ അവസാന ദിവസവുമായി മാറുന്നു.

മരണത്തിന് തൊട്ടുമുമ്പ് നായകൻ നടത്തുന്ന ആത്മശുദ്ധീകരണം (Purification) ശ്രദ്ധേയമാണ്തന്റെ വസ്ത്രങ്ങളും വസ്തുക്കളും പഴയൊരു ബാഗിലേക്ക് മാറ്റുന്നു. സ്വന്തം ചിത്രങ്ങളും പ്രിയപ്പെട്ട അമ്മയുടെ ചിത്രവും കത്തിച്ചു ചാമ്പലാക്കുന്നു. ഓർമ്മകളെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് ഭൗതികമായ എല്ലാറ്റിനോടും വിടപറയുന്നു.

അറുപത് ഉറക്കഗുളികകൾ വിഴുങ്ങി, തന്റെ മരണവിധി സ്വയം ഒപ്പുവെച്ച് കിടക്കയിലേക്ക് കിടക്കുന്ന നായകന്റെ ചിത്രം കേവലമൊരു ആത്മഹത്യയല്ല  മറിച്ച് പ്രണയത്തിന്റെ അതിതീവ്രതയിൽ ലോകത്തോട് വിടപറയുന്ന ഒരു ആത്മാവിന്റെ മോചനമാണ്.

അമീർ താജ് അൽ സിറിന്റെ '366' എന്ന നോവൽ വായന പൂർത്തിയായ ശേഷവും വായനക്കാരന്റെ മനസ്സിൽ ദീർഘകാലം വിങ്ങലായി അവശേഷിക്കുന്ന ഒന്നാണ്. നായകന്റെ മുറിയിൽ പുകയുന്ന കരിഞ്ഞ ചിത്രങ്ങളുടെ ചാരമണവും, അവൻ ഹൃദയത്തിൽ തളിച്ച അസ്മായുടെ സുഗന്ധവും വായനക്കാരനെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കും. വിരഹത്തെയും ഏകാന്തതയെയും ഇത്രമേൽ കാവ്യാത്മകമായും അതേസമയം ദയനീയമായും ആവിഷ്കരിച്ച, അറബ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളിൽ ഒന്നാണ് '366'. ഈ ആവിഷ്കാര തീക്ഷ്ണത തന്നെയാണ് ഈ കൃതിയെ കത്താറ പുരസ്കാരം പോലുള്ള ഉന്നത അന്താരാഷ്ട്ര അംഗീകാരങ്ങൾക്ക് അർഹമാക്കിയതും


മജീദ് നാദാപുരം 

Tuesday, June 16, 2026

ഹസൻ നഅമ: ഇന്ത്യയെ പ്രണയിച്ച കവി

പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്റെ വസന്തം തീര്‍ത്ത മൂന്ന് ദിവസം നീണ്ടുനിന്ന 'അക്ഷര പ്രവാസം 2015 ന്  ഇന്തോ- അറബ് സമ്മേളനത്തോടെയായിരുന്നു  തുടക്കം കുറിച്ചത്. 

മലയാള സാഹിത്യത്തിലെ  മഹാരഥന്‍മാരും അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന ഉദ്ഘാടനസമ്മേളനം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബ്- മലയാള സംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി. 

ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ലയായിരുന്നു ത്രിദിന സാഹിത്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ ആശംസ പ്രസംഗം നടത്തി. 

'അറബ് സാഹിത്യത്തില്‍ ഇന്ത്യന്‍ സ്വാധീനം' എന്ന വിഷയത്തില്‍ വി എ കബീര്‍ പ്രബന്ധം അവതരിപ്പിച്ചു. അറബ് സാഹിത്യ മേഖലയിലെ പ്രമുഖരായ ഖത്തര്‍ ന്യൂസ് ഏജന്‍സി എഡിറ്റര്‍ ഖാലിദ് സിയാറ,  നാസിര്‍ അബ്ദുല്ല അല്‍ കഅബി, ഡോ. ഹുദ അബ്ദുറഹ്മാന്‍ അസ്സബീഹ, ജാസിം ഇബ്രാഹിം ഫക്രു, ഡോ. അബ്ദുല്ല ഫറജ് അല മര്‍സൂക്കി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായ മൊയ്തീന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടി തുടങ്ങിയത്.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡഡന്റും മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍, കവിതയിലൂടെ പ്രതിരോധം തീര്‍ത്ത മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന്‍, മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇന്ദുമേനോന്‍, മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനായ ഡോ. എം തോമസ് മാത്യു, അറബി എഴുത്തുകാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന വി എ കബീര്‍ എന്നിവരായിരുന്നു കേരള സാഹിത്യ അക്കാദമിയെ പ്രതിനിധീകരിച്ച് ദോഹയിലെത്തിയത്.

ഈ ഒരു പരിപാടിയിൽ വി എ കബീർ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങൾ ഖാലിദ് സിയാറ തന്റെ തൂലികയിലൂടെ അറബ് പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി അതിന്റെ ഒരു പരിഭാഷയാണ് താഴെ ചേർത്തിരിക്കുന്നത് .

ഹസൻ നഅമ: ഇന്ത്യയെ പ്രണയിച്ച കവി

ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രണ്ട്സ്  കൾച്ചറൽ സെന്റർ (FCC) സംഘടിപ്പിച്ച പ്രൗഢഗംഭീരമായൊരു സാംസ്കാരിക സദസ്സിന് കഴിഞ്ഞ രാത്രി സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുള്ള പ്രമുഖരായ നാല് എഴുത്തുകാരും സാംസ്കാരിക നായകന്മാരും അതിഥികളായെത്തിയ ആ വേദിയിൽ ഖത്തറിലെ ഏതാനും മാധ്യമപ്രവർത്തകരും സാഹിത്യകാരന്മാരും ഒപ്പമുണ്ടായിരുന്നു. അവരുടെ സാഹിത്യ സംഭാവനകളെ അടുത്തറിയുന്നതിനൊപ്പം, പൊതുവെ അറബ് ലോകവും പ്രത്യേകിച്ച് ഗൾഫ് ജനതയും ഇന്ത്യയുമായി  പുലർത്തുന്ന നൂറ്റാണ്ടുകളുടെ ആഴമേറിയ ചരിത്രബന്ധത്തിന്റെ നേർക്കാഴ്ച കൂടിയായി ആ ചടങ്ങ് മാറി.

പണ്ടുകാലം തൊട്ടേ അറബ് എഴുത്തുകാരുടെയും സഞ്ചാരികളുടെയും സ്വപ്നഭൂമിയായിരുന്നു ഇന്ത്യ ഇന്നും ആ മാസ്മരികത  ഒട്ടും ചോർന്നുപോകാതെ തുടരുന്നു. പണ്ട് ഇബ്നു ബത്തൂത്തയും അൽ-ഇദ്രീസിയും ഇന്ത്യയിൽ എത്തുകയും വിവിധ ദേശങ്ങളിലൂടെ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. അവർ അവിടുത്തെ ജനതയുടെ വൈവിധ്യമാർന്ന സംസ്കാരവും ജീവിതരീതികളും തങ്ങളുടെ തൂലികയിലൂടെ അറബ് വായനക്കാരിലേക്ക് പകർന്നുനൽകി.

ഈ സാംസ്കാരിക സംഗമത്തിലെ മുഖ്യാതിഥിയായിരുന്ന ഇന്ത്യൻ എഴുത്തുകാരനും നോവലിസ്റ്റുമായ വി. എ. കബീർ അവതരിപ്പിച്ച പ്രബന്ധത്തിൽ ഹൃദയസ്പർശിയായ ഒരു ചരിത്രം പങ്കുവെക്കുകയുണ്ടായി:

"ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, പ്രശസ്ത സുഡാനി നോവലിസ്റ്റ് ത്വയ്യിബ് സാലിഹ് സൗദി മാസികയായ 'അൽ-മജല്ല'യിൽ 'ഇലൽ ആഫാഖ്'   എന്ന പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ പരമ്പരയായി എഴുതിയിരുന്നു. ആ കുറിപ്പുകളിൽ, അക്കാലത്ത് ഇന്ത്യയിലെ ഖത്തർ അംബാസഡറായിരുന്ന പ്രശസ്ത കവിയും നയതന്ത്രജ്ഞനുമായ ഡോ. ഹസൻ നഅമയുമായി ബന്ധപ്പെട്ട ഒരു അപൂർവ്വവിശേഷം അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഡോ. നഅമയ്ക്ക് ഇന്ത്യയിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് സ്ഥലംമാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിക്കുമ്പോഴൊക്കെ, ആ ഉത്തരവ് റദ്ദാക്കിക്കുന്നതിനായി അദ്ദേഹം അക്കാലത്തെ (എൺപതുകളിലെ) ഖത്തർ അമീറിനെ നേരിട്ട് കാണാൻ ദോഹയിലേക്ക് ഓടിയെത്തുമായിരുന്നുവെന്ന് ത്വയ്യിബ് സാലിഹ് ഓർക്കുന്നു. കാരണം, ഡോ. നഅമ ഇന്ത്യയെ അത്രമേൽ  പ്രണയിച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന ചെറുതും വലുതുമായ സാംസ്കാരിക പരിപാടികളിൽ വലിയ ആവേശത്തോടെ അദ്ദേഹം പങ്കുചേരുമായിരുന്നു. ഇന്ത്യ അദ്ദേഹത്തിന് കേവലമൊരു താവളമായിരുന്നില്ല, മറിച്ച് തന്റെ രണ്ടാം ജന്മനാടും ഒട്ടും വേർപിരിയാൻ കഴിയാത്ത ആത്മബന്ധവുമായിരുന്നു."

ഡോ. നഅമയെ അടുത്തറിയുന്നവർക്ക്, ഇന്ത്യയെയും അതിന്റെ സംസ്കാരത്തെയും കുറിച്ച് അത്യധികം വാചാലനാകുന്ന, അതിനെ പാടിപ്പുകഴ്ത്തുന്ന ഒരു മഹാകവിയെ അദ്ദേഹത്തിൽ ദർശിക്കാൻ കഴിയും. സാംസ്കാരിക പ്രമുഖരും പണ്ഡിതരും ഒത്തുചേരുന്ന ഒരു സ്നേഹസാമ്രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചെടുത്തിരുന്നു, പല വേദികളിലും അദ്ദേഹം തന്റെ സ്നേഹം  പ്രകടിപ്പിച്ചിട്ടുമുണ്ട്.  ഈ കാര്യത്തിൽ ഡോ. നഅമ ഒരു ഒറ്റപ്പെട്ട വ്യക്തിത്വമല്ല  മറിച്ച് ഇന്ത്യയോടും ഇന്ത്യയുടെ സംസ്കാരത്തോടും തങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ സ്നേഹവും ആദരവും സൂക്ഷിക്കുന്ന നിരവധി അറബ് എഴുത്തുകാരും സാഹിത്യകാരന്മാരും ചരിത്രത്തിലുടനീളമുണ്ട്.

ഹൃദയങ്ങളെ കാന്തംപോലെ ആകർഷിക്കുന്ന ഇന്ത്യയുടെ മാസ്മരിക ശക്തിയുടെ തെളിവായിട്ടാണ് ത്വയ്യിബ് സാലിഹ് തന്റെ ഓർമ്മക്കുറിപ്പുകളിൽ ഈ സംഭവം ഉദ്ധരിച്ചത്. ആ ഓർമ്മകളിൽ, അദ്ദേഹം തന്റെ സ്വന്തം ഇന്ത്യൻ സന്ദർശനാനുഭവങ്ങളും അനുസ്മരിക്കുന്നുണ്ട്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ചേരിചേരാ പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തെയും അദ്ദേഹം അതിൽ എടുത്തുപറയുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ 'ലോട്ടസ്' (താമര) എന്ന പേരിൽ വികാരനിർഭരമായ കവിതയെഴുതിയ ഖത്തറി കവയിത്രി ഡോ. സകിയ മാൽ അല്ലാഹിനെക്കുറിച്ചും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. 'രാജീവ്' എന്ന സംസ്കൃത വാക്കിന്റെ അർത്ഥം 'താമര' (ലോട്ടസ്) എന്നാണ് എന്നത് ഇവിടെ ഏറെ ശ്രദ്ധേയമായ ഒരു കാവ്യചിന്തയാണ്.

ഇന്ത്യ എക്കാലത്തും അനേകം കവികൾക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. സഹോദര രാജ്യമായ ബഹ്റൈനിലെ അന്തരിച്ച പ്രശസ്ത കവി ഇബ്രാഹിം അൽ-അരീദ് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയിൽ തന്റെ കുട്ടിക്കാലം ചെലവഴിച്ച അദ്ദേഹത്തിന്റെ സമൃദ്ധമായ കവിതകളെക്കുറിച്ചും ഇന്ത്യയുടെ മനോഹരമായ പ്രകൃതിയെക്കുറിച്ചുള്ള വർണ്ണനകളെക്കുറിച്ചും വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ട്.

അതേസമയം, മധ്യേഷ്യയിൽ നിന്നുള്ള മഹാനായ പണ്ഡിതൻ അബൂറൈഹാൻ അൽ-ബിറൂനിയാകട്ടെ, ഇന്ത്യൻ തത്ത്വചിന്തയെയും ശാസ്ത്രത്തെയും വിശ്വാസങ്ങളെയും കുറിച്ച് വളരെ കൃത്യതയോടും വിശ്വസ്തതയോടും കൂടി സമഗ്രമായ വിശകലനം നടത്തി. അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥമായ 'കിതാബുൽ ഹിന്ദ്' (ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം) ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലൊന്നായ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഖത്തറിലെ   'ഖലീജ് അൽ-യൗം'   പത്രത്തിന്റെ  എഡിറ്റോറിയൽ   അംഗവും പ്രശസ്ത പണ്ഡിതനുമായിരുന്ന ഡോ. മുഹിയുദ്ദീൻ ആലുവായി ആയിരുന്നു ഈ മഹദ്ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

ഖത്തറിന്റെ പ്രിയ കവി ഡോ. ഹസൻ നഅമ ഇന്ത്യയോടുള്ള സ്നേഹത്തിൽ ഒരു ജീവിക്കുന്ന വിജ്ഞാനകോശം തന്നെയാണ്. വരുംതലമുറകൾക്ക് അദ്ദേഹത്തിന്റെ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പ്രയോജനം നേടുന്നതിനായി, അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കാൻ മാത്രമായി ഒരു ദിവസം മാറ്റിവെക്കാൻ  സാധിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.


എല്ലാവര്ക്കും  നന്മകൾ നേരുന്നു.


മജീദ് നാദാപുരം 

Saturday, January 17, 2026

നക്ഷത്രങ്ങളുടെ കൂടാരം

 ലോകപ്രശസ്ത എഴുത്തുകാരൻ മുസ്തഫ ലുത്ഫി അൽ മൻഫലൂത്തിയുടെ 'ധനികനും പാവപ്പെട്ടവനും' എന്ന വിഖ്യാതമായ കഥയിലെ ഒരു പരാമർശമുണ്ട് : "അൽ ബത്നത്തു ലിൽ ഗനിയ്യി, ഇന്തികാമുൻ ലി ജുഇൽ ഫക്കീർ". അതായത്, "ധനികന്റെ വയർ സ്തംഭനം പാവപ്പെട്ടവന്റെ വിശപ്പിന്റെ ശിക്ഷയാണ്".

ഒരു ഭാഗത്ത് അമിതമായി ആഹാരം പാഴാക്കപ്പെടുമ്പോൾ മറുഭാഗത്ത് പാവപ്പെട്ടവർ വിശന്നു മരിക്കേണ്ടി വരുന്ന സാമൂഹികാവസ്ഥയെയാണ് അദ്ദേഹം അവിടെ അടയാളപ്പെടുത്തിയത്.
ഇതിനോട് ചേർത്തു വായിക്കാൻ പറ്റുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു രാജാവ് തന്റെ പണ്ഡിതന്മാരോട് ചോദിച്ചു: "ഈ ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സംഗീതം ഏതാണ്? അതുപോലെ ഏറ്റവും ആനന്ദകരമായ ശബ്ദം ഏതാണ്?"
പലരും പല ഉത്തരങ്ങൾ പറഞ്ഞു. കൂട്ടത്തിൽ ഒരു പണ്ഡിതൻ പറഞ്ഞ മറുപടി രാജാവിനെ ചിന്തിപ്പിച്ചു. അദ്ദേഹം പറഞ്ഞു:
"പ്രഭോ, വിശന്നു വലയുന്ന ഒരു കുട്ടി അടുത്തിരിക്കെ കുട്ടിയെ നോക്കാതെ വെള്ളിത്തളികയിൽ സ്പൂൺ തട്ടി ഭക്ഷണം കഴിക്കുന്ന ശബ്ദമാണ് ഈ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട സംഗീതം."
അപരന്റെ വേദന കാണാതെ പോകുന്ന സുഖാഡംബരങ്ങൾ അത്രമേൽ അരോചകമാണ്. എന്നാൽ ആ പണ്ഡിതൻ തുടർന്നു പറഞ്ഞു: "ഈ ലോകത്തെ ഏറ്റവും ആനന്ദകരമായ സംഗീതം, അത്തരം വേദനകളെ ഇല്ലാതാക്കുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹായത്തിന്റെയും ശബ്ദമാണ്. പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ നീളുന്ന കൈകളുടെ ശബ്ദവും, സങ്കടപ്പെടുന്നവരുടെ മുഖത്ത് വിരിയിക്കുന്ന പുഞ്ചിരിയുടെ ശബ്ദം . ഇതിനേക്കാൾ മനോഹരമായ മറ്റൊരു ശബ്ദമില്ലന്നു ആ പണ്ഡിതൻ തുടർന്നു.
ഇന്ന് കാലം ഏറ്റവും ആവശ്യപ്പെടുന്നത് ഈ ശബ്ദമാണ് ഈ സംഗീതമാണ്,
ഇത്തരം ശബ്ദം നല്കുന്നവരെയാണ് സമൂഹത്തിനാവശ്യം അനാഥ മക്കളെ സ്വന്തം മക്കളെ പോലെ നോക്കിയ കുട്ടികളുടെ ജമാലുപ്പാപ്പ യെ പറ്റി എനിക്ക് മുമ്പ് സംസാരിച്ച ഓരോരുത്തരും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സേവനത്തിന്റെ വലിപ്പം എത്ര ആയിരുന്നു എന്നോർക്കുക ആയിരുന്നു ഈ പുസ്തകത്തിൽ ഏറ്റവും ആവർത്തിച്ച പേരും അത് തന്നെയാണ്. എന്നാൽ ആ വലിയ മനുഷ്യനോടൊപ്പം കൂടുതൽ സമയവും പ്രവർത്തിച്ച ഇപ്പോൾ അനാഥ കുട്ടികൾക്കായി ജീവിതം മാറ്റി വെച്ച വ്യക്തിത്വമാണ് ഇന്നത്തെ ഈ വേദിയിലെ അതിഥി . അദ്ദേഹം കോർത്തിണക്കിയ നക്ഷത്രങ്ങളുടെ കൂടാരം എന്ന പുസ്തകം ഇവിടെ പ്രകാശനം ചെയ്യപ്പെടുകയാണ്, ഈ ഒരു ധന്യ മുഹ്‌റുത്തതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
സേവനത്തെയും കാരുണ്യത്തെയും കുറിച്ച് പറയുമ്പോൾ പുണ്യ പ്രവാചകൻ്റെ മുഹമ്മദ് നബി സ യുടെ ഒരു വചനം കൂടി നമുക്ക് ഓർക്കാം.
തന്റെ ചൂണ്ടുവിരലും നടുവിരലും ചേർത്തു പിടിച്ചുകൊണ്ട് പ്രവാചകൻ (സ) പറഞ്ഞു:

"അനാ വ കാഫിലുൽ യതീമി ഫിൽ ജന്നത്തി ഹാകദ" (ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ദാ ഇതുപോലെ ഒന്നിച്ചുണ്ടാകും).
പരസ്പരം ചേർന്നുനിൽക്കുന്ന ആ വിരലുകൾ നൽകുന്ന സന്ദേശം സ്നേഹത്തിൻ്റെയും ചേർത്തുപിടിക്കലിൻ്റെയുമാണ്. അശരണർക്കും അനാഥർക്കും തണലായി നിൽക്കുന്നവർക്കുള്ള ഏറ്റവും വലിയ അംഗീകാരമാണത്.

ഇന്ന് എനിക്ക് മറ്റൊരു സന്തോഷം കൂടെ ഉണ്ട് എന്റെ ചെറുപ്പകാലത്ത് ഞാൻ കേട്ട പേരുകളിൽ ഒന്നായിരുന്നു ഇന്നത്തെ നമ്മുടെ അതിഥിയായ മായൻ കായുടേത് ഒരു കാലത്ത് നാദാപുരത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം, പലരും പല കാരണങ്ങളാലും വികലമായി കേട്ടിട്ടുള്ള ഒരു പേരായിരിക്കാം 'നാദാപുരം'. എന്നാൽ ആ നാടിന്റെ യഥാർത്ഥ മുഖം മറ്റൊന്നാണ്.ഒരു കാലത്തു നാദാപുരത്തെ വലിയ പള്ളിക്ക് മുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ അഗാധമായ പഠനങ്ങൾ നടന്നിരുന്നു. ദൂര നാടുകളിൽ നിന്ന് പോലും അവിടെ പഠിതാക്കൾ എത്തിയിരുന്നു. നാടിന്റെ വലിയ വെളിച്ചം ആയിരുന്നു അവിടത്തെ പഠനം ...
പക്ഷേ, ആ ജ്ഞാനത്തിന്റെ വെളിച്ചം പള്ളിമുറ്റങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും തീരുമാനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. . വിസി ഇഖ്‌ബാൽ, കുഞ്ഞാലി മാസ്റ്റർ അബ്ദുല്ല കുരുമ്പേത്ത് ഇങ്ങനെ ഒരു പാട് പേരുകൾ ....അവർക്ക് വലിയ സപ്പോർട്ട് ആയി നമ്മുടെ ഇന്നത്തെ അതിഥി ഉണ്ടായിരുന്നു. അന്ന് എന്റെ ആ ചെറുപ്പ കാലത്ത് ഞാൻ കേട്ട ഒരു നാമം ആയിരുന്നു മായൻ മണിമ എന്നത്, അക്കാലത്ത് അവർ നാട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടാക്കി. ചെറിയ കുട്ടികൾക്കായി നഴ്സറികൾ തുടങ്ങി. കേവലം മതപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ സാഹിത്യ സദസ്സുകളും വലിയ സംവാദങ്ങളും സംഘടിപ്പിച്ചു.
വീടിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്ന സ്ത്രീകൾക്ക് പോലും വായനയുടെ ലോകം തുറന്നുനൽകാൻ ആ ലൈബ്രറികൾക്ക് സാധിച്ചു.

ഞാൻ വായിച്ചു വളർന്നത് അവർ സ്ഥാപിച്ച ഐഡിയൽ ലൈബ്രറിയിൽ നിന്നായിരുന്നു . ഇബ്നു ഖൽദൂനിന്റെ 'മുഖദ്ദിമ' ഞാൻ ആദ്യമായി കൈയിലെടുക്കുന്നത് അവിടെ വെച്ചാണ്. ഇന്ന് ലോകത്തിന്റെ ഏത് കോണിൽ പോയാലും എന്റെ പേരിനൊപ്പം 'നാദാപുരം' എന്ന് ചേർക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് അവിടുത്തെ ആ മഹത്തായ സാഹിത്യ-സാംസ്കാരിക അന്തരീക്ഷമാണ്. ഞാൻ എന്നും ആഗ്രഹിക്കുന്ന ആ മഹത്തായ സാഹിത്യ സാംസ്കാരിക അന്തരീക്ഷം സ്നേഹത്തിന്റെ സമത്വത്തിന്റെ മത സൗഹാർദത്തിന്റെ ആ മധുരാർദ്ധമായ അന്തരീക്ഷം അതിനു പിന്നിൽ പ്രവർത്തിച്ച ഒരാൾ എന്ന നിലക്ക് ഒരു പാട് ബഹുമാനത്തോടെയാണ് മായ്‌നിക്കയെ ഞാൻ കാണുന്നത്.
ഇന്ന് അദ്ദേഹം എഡിറ്റ് ചെയ്ത "നക്ഷത്രങ്ങളുടെ കൂടാരം" എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്. ശൂന്യമായ ആകാശത്ത് വെളിച്ചം നൽകുന്ന നക്ഷത്രങ്ങളെപ്പോലെ, സമൂഹത്തിനു വെളിച്ചം നൽകുന്ന വലിയ മനുഷ്യനായിരിക്കുന്നു അദ്ദേഹം. ഞാൻ എന്റെ വാക്കുകൾ ദീർഘിപ്പിക്കുന്നില്ല ചുരുക്കുകയാണ്‌
എന്റെ ബാല്യത്തിൽ എന്നെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ച, ഞങ്ങൾക്കൊക്കെ വലിയൊരു മോട്ടിവേഷനായിരുന്ന അദ്ദേഹത്തെ ഇന്ന് വീണ്ടും ഈ വേദിയിൽ നേരിൽ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കാണുന്നു.
വാക്കുകളിലല്ല, പ്രവൃത്തിയിൽ കാരുണ്യം നിറച്ച ഈ വലിയ മനുഷ്യസ്നേഹിയുടെ പുസ്തകത്തിനും അദ്ദേഹത്തിന്റെ ഇനിയുള്ള സേവനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. അറിവിന്റെയും നന്മയുടെയും ഈ പ്രയാണം ഇനിയും തുടരട്ടെ.
മജീദ് നാദാപുരം
Related Posts Plugin for WordPress, Blogger...