എത്ര കണ്ടുതീർത്താലും മിഴികൾക്ക് മതിവരാത്ത ചില ദൃശ്യവിസ്മയങ്ങളുണ്ട്. ഈ പകലൊടുങ്ങുമ്പോൾ, സൂര്യൻ തൻ അന്തിമച്ചുംബനം സാഗരത്തിന്റെ നെറ്റിത്തടത്തിൽ ആർദ്രമായി ചാർത്തുകയാണ്. 'നാളെ വീണ്ടും വരാം' എന്ന പ്രണയാതുരമായ വാഗ്ദാനം നൽകി സൂര്യൻ ചക്രവാളത്തിലേക്ക് മാഞ്ഞുപോകുമ്പോൾ, ആകാശം മനോഹരമായ ഒരു വർണ്ണപ്പറവയെ വിണ്ണിലേക്ക് പറത്തിവിടുന്നു. ആ പക്ഷിയുടെ ചിറകടികളിൽ നിന്നുമുതിർന്നു വീഴുന്ന തൂവലുകളാണ് സന്ധ്യയുടെ സുന്ദരവർണ്ണങ്ങളായി വാനിൽ ചിതറിവീഴുന്നത്.
സാഗരം വെറുമൊരു ജലവിസ്താരമല്ല... കാലത്തിന്റെ അനന്ത യാത്രകളിൽ തിരകൾ ചുമന്നുകൊണ്ടുവന്ന ഓർമ്മകളുടെയും നിശ്വാസങ്ങളുടെയും അവസാനമില്ലാത്ത മഹാകാവ്യമാണ്. തീരമണയുന്ന ഓരോ അലമാലയും ആയിരം ആണ്ടുകളുടെ പഴക്കമുള്ള ഏതോ വിസ്മൃതസ്വപ്നത്തിന്റെ നിത്യമായ പുനർവായനയാണ്, കാലമെഴുതിയ മായാത്ത കൈയൊപ്പാണ്. അത്രമേൽ അനുരാഗത്തോടെയെത്തുന്ന ഓരോ തിരയെയും വീണ്ടും വരുമെന്ന വിശ്വാസത്തോടെ നെഞ്ചോടു ചേർക്കുന്ന കര, മണൽപ്പരപ്പല്ല... തിരികെ വരുന്ന ഓരോ തിരയെയും നിശ്ശബ്ദ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന ഒരു അമ്മയുടെ ആർദ്രമായ മടിയാണ്.
ഈ സന്ധ്യാവേളയിൽ ചുറ്റുമുള്ള നിശ്ശബ്ദതയ്ക്ക് ഏതോ പ്രാർത്ഥനയുടെ പരിശുദ്ധിയുണ്ട്. കാറ്റ് തന്റെ ചിറകുകളിൽ ഒളിപ്പിച്ച പഴയ ഓർമ്മകളുമായി വന്ന്, ആരും അറിയാതെ എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു.. ഒരല്പനേരം കൂടി ഈ സാന്ധ്യശോഭ കാലത്തിന്റെ കൈകളിൽ തടഞ്ഞുനിൽക്കട്ടെയെന്ന് മനസ്സ് കൊതിക്കുകയാണ്! ആ സൂര്യന്റെ പൊൻകിരണങ്ങൾ തിരമാലകളുടെ വിടർന്ന കണ്ണുകളിൽ ഒടുവിലത്തെ പ്രണയലേഖനമായി അലിഞ്ഞു ചേരുകയാണ് ...
സൂര്യൻ സാഗരത്തിലേക്ക് ആണ്ടുപോകുമ്പോഴെല്ലാം എന്റെ ഉള്ളിലെ ഏതോ പ്രണയകവാടങ്ങൾ സ്വയം തുറക്കപ്പെടാറുണ്ട്. മഴ നനഞ്ഞു വിറയ്ക്കുന്ന കുരുവികളെ പോലെ ഓർമ്മകൾ ഹൃദയത്തിന്റെ തിണ്ണയിൽ വന്ന് ചിറകടിച്ചുതുടങ്ങും. വിസ്മൃതിയിലാണ്ടുപോയ ചില മുഖങ്ങൾ സാന്ധ്യാകാശത്ത് കടൽക്കാക്കകളെപ്പോലെ വട്ടമിട്ടു പറക്കും. ആരും കേൾക്കാതെ ഉള്ളിലൊതുക്കിയ ചില വാക്കുകൾ മണൽത്തരികൾക്കിടയിൽ ചിപ്പികളായി മിഴിയടച്ചു കിടപ്പുണ്ട്... അല്പം സ്നേഹത്തോടെ കാതോർത്തു നിന്നാൽ അപ്പോഴും കേൾക്കാം, അവയുടെ നിശ്ശബ്ദമായ നിലവിളികൾ!
അസ്തമയമെന്നത് ഒരേ സമയം ഒരു പകലൊടുങ്ങുന്ന അന്ത്യമല്ല, മറിച്ച് വെളിച്ചം ഇരുളിന്റെ മാറിൽ തലചായ്ച്ചുറങ്ങുന്ന ഒരു ദിവ്യമുഹൂർത്തമാണ്. ജീവിതം കടലിനെപ്പോലെയാണ്, കരയിൽ നോക്കിനിൽക്കുന്നവർക്ക് അതിന്റെ ആഴം അളക്കാനാവില്ല. സ്നേഹം ആ അസ്തമയത്തെപ്പോലെയാണ്... അത് വിടപറഞ്ഞ് മറയുമ്പോഴാണ് അതിന്റെ മാസ്മരിക വർണ്ണങ്ങൾ ആത്മാവിൽ മുഴുവൻ പടർന്നുപന്തലിക്കുന്നത്.
എത്ര കണ്ടാലും മതിവരാത്ത ഇത്തരം കാഴ്ചകൾ നാം കാണുന്നത് നമ്മുടെ ഭൗതികമായ കണ്ണുകൾ കൊണ്ടല്ല... അവ നമ്മിലേക്ക് ഉറ്റുനോക്കുന്നത് നമ്മുടെ ആത്മാവിന്റെ ഏറ്റവും നിശ്ശബ്ദമായ ജനാലയിലൂടെയാണ്. അങ്ങനെയൊരു കാഴ്ചയിൽ, കടൽ വെറുമൊരു ജലാശയമാകുന്നില്ല... അത് ദൈവം തൻ അനന്തമായ പ്രപഞ്ചകവിതകൾ കുറിക്കാനായി തുറന്നുവെച്ച പ്രണയത്തിന്റെ നീല മഷിക്കുപ്പിയായി മാറുന്നു.
തിരകൾ പറയുന്ന കഥകൾ കേൾക്കാൻ ഒരുപാടിഷ്ടം ...
No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.