Wednesday, May 27, 2015

വസന്തം പെയ്തിറങ്ങിയ മൂന്ന് ദിനങ്ങള്‍


പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്റെ വസന്തം തീര്‍ത്ത മൂന്ന് ദിവസം നീണ്ടുനിന്ന 'അക്ഷര പ്രവാസം 2015'ന്  ഇന്തോ- അറബ് സമ്മേളനത്തോടെയായിരുന്നു  തുടക്കം കുറിച്ചത്. മലയാള സാഹത്യത്തിലെ മഹാരഥന്‍മാരും അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന ഉദ്ഘാടനസമ്മേളനം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബ്- മലയാള സംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി. ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ലയായിരുന്നു ത്രിദിന സാഹിത്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ ആശംസ പ്രസംഗം നടത്തി. 'അറബ് സാഹിത്യത്തില്‍ ഇന്ത്യന്‍ സ്വാധീനം' എന്ന വിഷയത്തില്‍ വി എ കബീര്‍ പ്രബന്ധം അവതരിപ്പിച്ചു. അറബ് സാഹിത്യ മേഖലയിലെ പ്രമുഖരായ ഖത്തര്‍ ന്യൂസ് ഏജന്‍സി എഡിറ്റര്‍ ഖാലിദ് സിയാറ,  നാസിര്‍ അബ്ദുല്ല അല്‍ കഅബി, ഡോ. ഹുദ അബ്ദുറഹ്മാന്‍ അസ്സബീഹ, ജാസിം ഇബ്രാഹിം ഫക്രു, ഡോ. അബ്ദുല്ല ഫറജ് അല മര്‍സൂക്കി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായ മൊയ്തീന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടി തുടങ്ങിയത്.
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡഡന്റും മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍, കവിതയിലൂടെ പ്രതിരോധം തീര്‍ത്ത മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന്‍, മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇന്ദുമേനോന്‍, മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനായ ഡോ. എം തോമസ് മാത്യു, അറബി എഴുത്തുകാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന വി എ കബീര്‍ എന്നിവരായിരുന്നു കേരള സാഹിത്യ അക്കാദമിയെ പ്രതിനിധീകരിച്ച് ദോഹയിലെത്തിയത്.

വിമര്‍ശനത്തിന്റെ വഴികള്‍:  തോമസ് മാത്യു
നമ്പൂതിരി നന്നായി ആസ്വദിച്ച് സദ്യ കഴിച്ചു. എല്ലാ വിഭവങ്ങളും കഴിച്ചതിനു ശേഷം ബാക്കി ഉണ്ടായിരുന്ന പഴപ്രദമന്‍ കൂടെ കഴിച്ചു. ഒരു ഏമ്പക്കം വിട്ടു കൊണ്ടു നമ്പൂതിരി പറഞ്ഞു: 'പഴപ്രദമന്‍ ഉണ്ടാക്കിയ വാഴയ്ക്ക് ഒരു നന കൂടിയാവാമായിരുന്നു'
ഓരോ അനുഭവത്തെയും ആശയമായി പരിവര്‍ത്തിപ്പിക്കുന്ന ആശയവത്കരണവുമായി മനുഷ്യനില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിമര്‍ശന ബുദ്ധിയാണ് നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ പ്രയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്. സാഹിത്യവിമര്‍ശനം ആദ്യത്തെ സാഹിത്യ കൃതി ഉണ്ടായത് മുതല്‍ ആരംഭിച്ചിരിക്കുന്നു. സൃഷ്ടി രചിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ സൃഷ്ടിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ ആസ്വാദനത്തില്‍ വന്ന കാര്യങ്ങള്‍ വ്യക്തമായ പഠനത്തിലൂടെ എന്താണ് താന്‍ ആസ്വദിക്കാനുണ്ടായ ഘടകങ്ങള്‍ എന്ന് സൂക്ഷ്മ പരിശോധന നടത്തുകയാണ് നിരൂപകന്‍ ചെയ്യുന്നത്. ചിന്താശൈലികള്‍, വ്യത്യസ്തമായ ആവിഷ്‌കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ ഇവ പരിശോധിക്കുന്നു. സൃഷ്ടികള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള സൃഷ്ടികളില്‍  നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താനും നല്ല നിരൂപകന് കഴിയുന്നു. ഇത്തരം സൂക്ഷ്മ പരിശോധനകള്‍കൊണ്ട് ഒരു കലാ സൃഷ്ടിയുടെ രഹസ്യങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍  കഴിയുന്നു. എന്താണ് വായന എന്താണ് സംവേദനം എങ്ങനെയാണ് വായിക്കുന്നത് സൃഷ്ടിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ സ്വയം അറിയണം.
പ്രാകൃത മനുഷ്യന്‍ പാറയില്‍ മനുഷ്യന്റെ രൂപം വരച്ചു. അവന്‍ ആദ്യം വട്ടത്തില്‍ തല വരച്ചു. പിന്നീട് നീണ്ട രണ്ടു വരകള്‍ താഴോട്ട് വരച്ചു. ചിത്രത്തില്‍ മനുഷ്യനെ സംഭവിക്കുന്ന നിര്‍വചനമുണ്ടായി വിചാര ബിംബമായി മനസ്സിലുണ്ടാക്കുന്ന സൃഷ്ടിയില്‍ അന്തര്‍ഭവിച്ച ആദ്യത്തെ  വിമര്‍ശനമാണ് ഇത്. പറയുന്നവനും കേള്‍ക്കുന്നവനും രണ്ടുലോകത്ത് നില്‍ക്കുന്നു എന്നത്, സംവേദനം അസാധ്യമാക്കുന്നു. അതുകൊണ്ടാണ് പറയുന്ന വാക്കുകള്‍ ഒരിടത്തും എത്താതെ പോകുന്നത്. 1945 കാലഘട്ടത്തില്‍ ശാസ്ത്രത്തിന്റെ വാര്‍ത്താ മാധ്യമങ്ങളിലെ പുരോഗതി കണ്ട നിരൂപകന്‍ പറഞ്ഞു: 'ശാസ്ത്രം ഈ രീതിയില്‍ മുമ്പോട്ട് പോകുകയാണെങ്കില്‍ സമീപ ഭാവിയില്‍ മനുഷ്യന്‍ ഉപഗ്രഹം ഉപയോഗിച്ചു ആശയ വിനിമയം നടത്തും. അന്ന് അദ്ദേഹത്തിന്റെ ഒരു ഊഹമായിരുന്നു ഇതെങ്കിലും പിന്നീട് അത് ഏറെ ശ്രദ്ധിക്കപ്പെട്ടു.    1958ല്‍ അമേരിക്കന്‍ പ്രസിഡന്റ് കൃസ്തുമസ് സന്ദേശം നല്കിയത് ഉപഗ്രഹ കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ചായിരുന്നു.
വായന മാറുന്നതിനനുസരിച്ച് വ്യാഖ്യാനങ്ങളും മാറുന്നു. വിമര്‍ശകന്‍ ഒരു കൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ പല അര്‍ഥ തലങ്ങളിലേക്കും പോകുന്നു. മഹാഭാരതത്തില്‍ ദുര്യോധനന്‍ ഗാന്ധാരിയോട് യുദ്ധം ജയിക്കാന്‍ പ്രാര്‍ഥിക്കാന്‍ പറയുമ്പോള്‍ ഗാന്ധാരി പറയും ധര്‍മം ജയിക്കും. പതിനെട്ടു പ്രാവശ്യം ദുര്യോധനന്‍ ഇത് ആവര്‍ത്തിച്ചു. ഇത് ഗാന്ധാരിയുടെ മാത്രം ധര്‍മ ബോധമല്ല. ദുര്യോധനന്റെ ധര്‍മ ബോധം കൂടിയാണ് എന്ന് കുട്ടികൃഷ്ണ മാരാര്‍ ചൂണ്ടിക്കാണിക്കുന്നത് വരെ ആരും മനസ്സിലാക്കിയിരുന്നില്ല. നിരൂപകന് സാധാരണ വായനക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത അര്‍ഥതലങ്ങള്‍ കൂടെ കണ്ടത്താന്‍  കഴിയും. പുതിയ ഭാവനകളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും സൗന്ദര്യ ശാസ്ത്രത്തിലേക്ക് പ്രവേശിക്കുക എന്നത് വിമര്‍ശനത്തിന്റെ ഭാഗമാണ്. ഓരോ സൃഷ്ടി ഉണ്ടാകുമ്പോഴും ഭാവുകത്വത്തിന്റെ വിപുലീകരണവും വികാസവും ഉണ്ടാകുന്നു. അതിനെ എങ്ങനെ സ്വാംശീകരിച്ചു എടുക്കാമെന്നും വിന്യസിക്കാന്‍ പറ്റുമെന്നും വിമര്‍ശകന്‍ പറഞ്ഞു തരുന്നു. പാരമ്പര്യ സാഹിത്യ സിദ്ധാന്തത്തിലും നിരൂപണ സാഹിത്യത്തിലുമുള്ള നിരൂപകന്റെ അവഗാഹം സൃഷ്ടി അനുകരണമാണോ മൗലികമാണോ എവിടെയല്ലാം വ്യാപരിച്ചിരിക്കുന്നു എന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു. ചുരുക്കത്തില്‍ സൂക്ഷ്മമായ ഒരു വിശകലന പദ്ധതി നിരൂപണ കലയില്‍  അന്തര്‍ലീനമായിട്ടുണ്ട്. പഠനങ്ങളും നിരൂപണ ഗ്രന്ഥങ്ങളുടെ വായനയും എഴുത്തിന്റെ വികാസത്തിന് ഉപകരിക്കും.

കഥ; അനുഭവം, വ്യാഖ്യാനം:  സി രാധാകൃഷ്ണന്‍
'ഒരു കഥ എങ്ങനെയായിരിക്കണം': ഞാന്‍ ഉറൂബിനോട് ചോദിച്ചു.
പുഞ്ചിരിച്ചു കൊണ്ട് അല്‍പനേരം എന്റെ  മുഖത്ത് നോക്കി ഉറൂബ് പറഞ്ഞു: 'കഥയില്‍ പുതുമ വേണം. വായനക്കാരെ രസിപ്പിക്കണം. കഥയുടെ രസതന്ത്രം ഇപ്പോള്‍ മനസ്സിലായോ? മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഒരു കഥ പറഞ്ഞു തരാം.' ചിരിച്ചു കൊണ്ട് ഉറൂബ് പറഞ്ഞു. 'ഇല്ലത്തെ ഒരു നമ്പൂതിരിയുടെ കഥ. നമ്പൂതിരിക്ക് ഒരു കാര്യസ്ഥനുണ്ടായിരുന്നു. കാര്യസ്ഥന് പ്രായമായി.  ജോലി ചെയ്യാന്‍ പ്രയാസം അനുഭവപ്പെട്ടു. അവശത അനുഭവപ്പെടുന്ന കാര്യസ്ഥന്‍ തന്റെ അനന്തരവനെ പകരം പറഞ്ഞു വിടാന്‍ തീരുമാനിച്ചു. അനന്തരവനാണെങ്കില്‍ കുഴി മടിയനും മണ്ടനുമായിരുന്നു. കാര്യസ്ഥന്‍ അനന്തരവനെ ജോലിക്ക് പറഞ്ഞയക്കാൻ  തീരുമാനിച്ചു. തിരുമേനിയോട് കാര്യസ്ഥന്‍ പറഞ്ഞു, വയ്യ തിരുമേനി എനിക്ക് വയസ്സായിരിക്കുന്നു. നാളെ മുതല്‍ ഞാന്‍ എനിക്ക് പകരം എന്റെ അനന്തരവനെ ഇവിടെയുള്ള ജോലി ചെയ്യാന്‍ പറഞ്ഞയക്കാം.  തിരുമേനി ചോദിച്ചു. നിന്നെ പോലെ ബുദ്ധിമാനാണോ. അതോ മണ്ടനോ നിന്റെ അനന്തരവന്‍? അവന്‍ നല്ല ബുദ്ധിമാനാണ്- കാര്യസ്ഥന്‍ പറഞ്ഞു.
ശരി, എങ്കില്‍ നാളെ പറഞ്ഞു  വിടൂ, നാം നോക്കട്ടെ- തിരുമേനി പറഞ്ഞു.
ജോലിക്ക് പോകുന്നതിനു മുമ്പ് അനന്തരവന്‍ കാര്യസ്ഥനോട് പറഞ്ഞു- എനിക്ക് പേടിയാകുന്നു ഒരു ജോലിയും അറിയാത്ത ഞാന്‍ എങ്ങനെ തിരുമേനിയുടെ അടുത്ത് പോകും. കാര്യസ്ഥന്‍ പറഞ്ഞു. നീ പേടിക്കേണ്ട. ഞാനൊരു സൂത്രം പറഞ്ഞു തരാം.
തിരുമേനി കുളി കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കും. അപ്പോള്‍ തിരുമേനിക്ക്  കഥ പറഞ്ഞു കൊടുക്കണം. കഥകള്‍ കേള്‍ക്കാന്‍ തിരുമേനിക്കിഷ്ടമാണ്. കഥയിലൂടെ നീ തിരുമേനിയെ കയ്യിലെടുക്കണം.
അതിന് എനിക്ക് കഥ അറിയില്ലല്ലോ. കഥ വേണ്ട നല്ല നുണ പറയുന്നത് അറിയാമല്ലോ. ഒരു നുണ പറയുക. ഞാന്‍ പറഞ്ഞു തരുന്നത് പോലെ പറഞ്ഞാല്‍ മതി കാര്യസ്ഥന്‍ പറഞ്ഞു. ഞാന്‍ ഇന്ന്  വരുന്ന വഴിയില്‍ ഒരു സായിപ്പിനെ കണ്ടു. സായിപ്പിന്റെ കയ്യില്‍ നീളമുള്ള ഒരു തോക്കുണ്ടായിരുന്നു. പെട്ടെന്ന് സായിപ്പിന്റെ മുമ്പിലൂടെ ഒരു മുട്ടനാട് ഓടിവന്നു. അത് നേര്‍ച്ചക്കുട്ടനായിരുന്നു. സായിപ്പ് തന്റെ തോക്ക് ആ  മുട്ടന് നേരെ ചൂണ്ടി ഒരൊറ്റ വെടി. ആടിന്റെ കണ്ണിനും കുളമ്പിനും തന്നെ ആ വെടിയുണ്ടകൊണ്ടു. ഇങ്ങനെ തിരുമേനിയോട് പറയണം.
കാര്യസ്ഥന്‍ തിരുമേനിയുടെ അടുത്തുപോയി. കുളി കഴിഞ്ഞ് ഉമ്മറത്ത് എത്തിയ തിരുമേനിയോട് കഥ പറഞ്ഞു. കാര്യസ്ഥന്‍ പറഞ്ഞത് ഒരു വള്ളി പോലും തെറ്റാതെ അനന്തരവന്‍ തിരുമേനിയോട് പറഞ്ഞു. എല്ലാംകേട്ട തിരുമേനി ചിരിച്ചു കൊണ്ട് അനന്തരവനോടു പറഞ്ഞു: താനൊരു ഭൂലോക  മണ്ടന്‍ തന്നെ. എങ്ങനെയാടോ കുളമ്പിനും കണ്ണിനും ഒരേ സമയം വെടി കൊള്ളുക? അനന്തരവന് കഥയിലെ തെറ്റ് മനസ്സിലായി. ഇനി രക്ഷയില്ല എന്ന് മനസ്സിലാകി തിരുമേനിയുടെ അടുത്തുനിന്നും നേരെ വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങി.
ഇതെല്ലാം ദൂരെ നിന്ന് കാര്യസ്ഥന്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. പന്തികേട് മനസ്സിലാക്കിയ കാര്യസ്ഥന്‍ തിരുമേനിയുടെ അടുത്തുപോയി. തിരുമേനി കാര്യസ്ഥനോട് പറഞ്ഞു- നിന്റെ അനന്തരവന്‍ ഒരു തിരുമണ്ടന്‍ തന്നെ. അനന്തരവന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്- കാര്യസ്ഥന്‍ പറഞ്ഞു
നീയും മണ്ടനായോ? താഴെ കിടക്കുന്ന കുളമ്പും മുകളില്ലുള്ള കണ്ണിനും എങ്ങിനെയാടോ ഒരേ സമയം വെടി കൊള്ളുക? തിരുമേനി ചോദിച്ചു.
കാര്യസ്ഥന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: സായിപ്പ് വെടി വെക്കുമ്പോള്‍ ആട് കുളമ്പുകൊണ്ട് കണ്ണ് ചൊറിയുകയായിരുന്നു.'
കഥയില്‍ യുക്തിഭദ്രത വേണം. കഥയുടെ മറ്റൊരു തലമാണ് ഭൗതികത.   ഒരു അയഥാര്‍ഥത്തെ യഥാര്‍ഥമാക്കുകയാണ് കഥയിലൂടെ ചെയ്യുന്നത്.  നമ്മള്‍ ചെറുപ്പം മുതലേ കേള്‍ക്കുന്ന മുത്തശ്ശി പറഞ്ഞു തരുന്ന കഥയാണ് കരിയിലയുടേയും മാണ്ണാങ്കട്ടയുടെയും ശരിക്കും യഥാര്‍ഥ കഥയാണെന്ന് നമ്മെ തോന്നിപ്പിക്കുന്നത്. ആ രൂപത്തിലാണ് മുത്തശ്ശി  കഥ പറഞ്ഞു തരുന്നത്. ഇപ്പോഴും കഥ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. അതില്‍ നിന്നും ഒരു അനുഭൂതി നമുക്ക് ലഭിക്കുന്നുണ്ട്. ആ ഒരു അനുഭൂതിയാണ് കഥയെ നില നിര്‍ത്തുന്നത്.  

കഥയുടെ ജീവശാസ്ത്രം 
കഥയ്ക്കും ഒരു ജീവ ശാസ്ത്രമുണ്ട്. ജീവന്റെ ഉത്പത്തി എവിടെ നിന്ന് എന്ന ചോദ്യത്തിന് വേദാന്തം ഉത്ഭവമില്ല എന്ന് പറയുന്നു. ഇത് കഥയുടെ കാര്യത്തിലും സ്വീകരിക്കാം. പ്രതിഭ എന്നുണ്ടായോ അന്ന് കഥയും ഉണ്ടായി. ജീവിത പരിസരത്തില്‍ നിന്നും ജീവി വളരുന്നു. അത് പോലെ കഥയും വികസിക്കുന്നു. മനസ്സില്‍ ഏതങ്കിലും നിമിഷങ്ങളില്‍ ഉണ്ടായ  അസ്വാരസ്യങ്ങളായിരിക്കാം കഥയുടെ ബീജം. കുറേക്കാലം അത് മനസ്സില്‍ കൊണ്ടുനടക്കുന്നു. സമയമെത്തുമ്പോള്‍ നാം അതിനെ നൊന്തു പ്രസവിക്കുന്നു. ഒരു കുഞ്ഞിനെ സംരക്ഷിക്കുംപോലെ നാം ആ കഥയും സംരക്ഷിച്ചു വളര്‍ത്തുന്നു. സൃഷ്ടിയെ നേരെയാക്കാന്‍ കഴിയുക അത് സൃഷ്ടിക്കുന്ന ആള്‍ക്ക് തന്നെയാണ്. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ എഴുതാനുള്ള കാര്യക്ഷമതയും ലഭിക്കുന്നു. ഇന്ന് എഴുത്തില്‍ ധാരാളിത്വവും ഉണര്‍വും കുറഞ്ഞു വരുമ്പോലെ അനുഭവപ്പെടുന്നു. കൂടുതലും ഉണര്‍വ് കാണാന്‍ കഴിയുന്നത് ബ്ലോഗുകളിലും പ്രവാസികളിലുമാണ്. സ്വന്തം പരിസരത്തു നിന്നും പറിച്ചുനടപ്പെടുമ്പോഴാണ് നഷ്ടപ്പെടുന്ന വേരുകളെ കുറിച്ചുള്ള ബോധ്യവും  യഥാര്‍ഥ സ്വത്തത്തെയും  നമുക്ക് മനസ്സിലാകുന്നത്. കൂടുതല്‍ ചിന്തിക്കാനും സങ്കല്‍പ്പിക്കാനും എഴുതുവാനുമുള്ള പരിസരം ലഭിക്കുന്നു. അനുഭങ്ങളും വ്യഥകളും പ്രവാസിക്ക് ധാരാളമുണ്ട്. നമ്മുടെ നാട് പോലെ സാംസ്‌കാരികമായ സമവായം ഉണ്ടായ വേറെ നാട് ഇല്ല. മലയാളിക്ക് പുറത്ത് എവിടെ പോയാലും അന്യതാബോധം അനുഭവപ്പെടാതിരിക്കുന്നത് ഒരു ലോക പൗരത്വം ഉള്ളത് കൊണ്ടാണ്. അംബാസഡര്‍ ഉദ്യോഗം മലയാളിയെ പോലെ ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. മലയാളി എവിടെ പോയാലും അവന്‍ അവിടെ സ്വീകാര്യവാനാകുന്നു.
ഒരു കഥ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും മനസ്സിലാകുന്ന രൂപത്തിലായിരിക്കണം എഴുതേണ്ടത്. കഥയിലൂടെ മാനസികമായി ഒരു ലോകം ഉണ്ടാക്കാന്‍ കഴിയുന്നു. ഒരു മനസ്സില്‍ അനേകം കോടി ലോകങ്ങള്‍ ഉണ്ട്. കഥയിലൂടെ ഒരുപാട് സമാന്തര ലോകങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. നമ്മുടെ ലക്ഷ്യം  സാംസ്‌കാരികമായ പ്രതിരോധത്തിനായിരിക്കണം. വിപ്ലവങ്ങള്‍ പരാജയപ്പെടുന്നത് സാംസ്‌കാരികമായ പ്രതിരോധം ഇല്ലാത്തത് കൊണ്ടാണ്. എഴുത്തിലൂടെ സംസ്‌കാരം ഉണ്ടാക്കാന്‍ പറ്റും. നിയമംകൊണ്ട് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ല. സാംസ്‌കാരികമായി മാത്രമേ സമാധാനം കൈവരിക്കാന്‍ പറ്റുകയുള്ളൂ.

കവിതയും പ്രതിരോധവും: സച്ചിദാനന്ദന്‍
ഒരു ഉത്തമ കാവ്യാസ്വാദകന്‍ താന്‍ ആദരിക്കുന്ന, ബഹുമാനിക്കുന്ന കവിയെ വൃത്തിഹീനമായ തെരുവില്‍ കണ്ടുമുട്ടുന്നു. ആസ്വാദകന് അത്ഭുതം തോന്നി കവിയോട് ചോദിച്ചു: ഈ വൃത്തിഹീനമായ തെരുവില്‍ എന്തിനാണ് നിങ്ങള്‍ അലയുന്നത്? താങ്കള്‍ ഇവിടെ എത്തിപ്പെടാനുള്ള കാരണമെന്താണ്?'. കവി പറഞ്ഞു: 'എനിക്ക് കവി എന്ന നിലയ്ക്ക് ഒരു പരിവേഷമുണ്ടായിരുന്നു. ആ പരിവേഷം എന്നെ ഒരു ഉയര്‍ന്ന പീഢത്തില്‍ ഇരുത്തുകയായിരുന്നു. പക്ഷെ യാഥാര്‍ഥ്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അസാധാരണമായ മഴവില്ലില്‍ പറക്കുന്ന ഒരു വിചിത്ര ജീവിയായിട്ടായിരുന്നു എന്നെ കണ്ടിരുന്നത്. ഇന്നലെ റോഡിലൂടെ ഞാന്‍ നടന്നു പോകുമ്പോള്‍ ആ പരിവേഷം തലയില്‍ നിന്നും റോഡില്‍ വീണുടഞ്ഞു. പരിവേഷം നഷ്ടപ്പെട്ടതോടെ, ഇതുവരെ എത്തിപ്പെടാന്‍ കഴിയാത്ത വഴികളില്‍ എനിക്ക് എത്താന്‍ കഴിയുന്നു. ഇപ്പോഴാണ് കവിയുടെ നിയോഗം ഞാന്‍ പൂര്‍ത്തീകരിക്കുന്നത്. ബോദ്‌ലയരുടെ പരിവേഷത്തിന്റെ നഷ്ടം എന്ന  കവിത സാധാരണ ജനങ്ങളോട് സംസാരിക്കാനും പ്രശ്‌നങ്ങള്‍ പങ്കിടാനും പാര്‍ശ്വവത്കരിക്കപ്പെടുന്ന ജീവിതങ്ങളെ പറ്റി സംസാരിക്കാനും തുടങ്ങുകയായിരുന്നു. കവിതയെ കുറിച്ചുള്ള അനിവാര്യമായ ബന്ധത്തെ കുറിച്ചാണ് കവി ഈ കവിതയിലൂടെ സൂചനകള്‍ നല്കിയത്.പാരമ്പര്യം
മലയാളത്തില്‍ അംഗീകരിച്ച കവികളെല്ലാം നീതി ബോധത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകങ്ങളായിരുന്നു. എല്ലാവരും നീതി പൂര്‍വമായ സമസ്യ കാഴ്ചവെക്കുന്നു. പാരമ്പര്യം സ്വീകരിക്കുമ്പോഴും ആവര്‍ത്തനം ഇല്ലാതെയാകുന്നത് മാനുഷിക ഭാവങ്ങളുടെ വ്യത്യസ്തമായ രീതിയിലുള്ള ആവിര്‍ഭാവമാണ്. പാരമ്പര്യം എന്ന് പറയുന്നത് കഴിഞ്ഞുപോയ കാലത്ത് മാത്രം നില്‍ക്കുന്ന ഒന്നല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന പുതിയ കാര്യങ്ങളാണ്. എല്ലാവരും നവീകരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ശൈലി, പുതിയ താളം ഈ നവീകരണങ്ങളുടെ തുടര്‍ച്ചയാണ് പാരമ്പര്യം. ആധുനികതയും ഉത്തരാധുനികതയുമെല്ലാം പാരമ്പര്യത്തിന്റെ ഭാഗമാണ്. വരുന്ന തലമുറയും അതിന്റെ ഭാഗമാകുകയാണ്.  പ്രകൃതിക്ക് ആവശ്യമായ ഒഴിഞ്ഞ താളിലൂടെ നാം മുന്നേറണം. ആരും എഴുതാത്ത തന്റേതായ ഒരിടം ഉണ്ടാകണം. ഒഴിഞ്ഞ താളുകളുമായുള്ള പേനയുടെ ഏറ്റു മുട്ടലുകളിലൂടെ കവിതയെ ആവിഷ്‌കരിക്കണം. പാരമ്പര്യങ്ങള്‍ മനസ്സിലാക്കാന്‍ നിരന്തരമായി വായിച്ചു കൊണ്ടിരിക്കണം. ഉത്തമ കവിതകള്‍ വ്യത്യസ്തതകള്‍ സൃഷ്ടിക്കുന്നു.

വിവര്‍ത്തന കല
കവിതാ വിവര്‍ത്തനം പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുന്നു. ഹൈസ്‌കൂള്‍ പഠന കാലത്ത് ഞാന്‍ ഉമര്‍ ഖയാമിന്റെ റുബാഇയാത് പരിഭാഷപ്പെടുത്തിയിരുന്നു. വിവര്‍ത്തനത്തിലൂടെ എങ്ങനെയാണ് കവി പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ചത്, ബിംബങ്ങള്‍ രൂപകല്പന ചെയ്തത് എന്ന് മനസ്സിലാക്കാന്‍ പറ്റുന്നു. പുതിയ പദങ്ങള്‍ കണ്ടത്താന്‍ കഴിയുന്നു. മുമ്പ് ഉപയോഗിച്ച പതിവ് ശൈലികള്‍ നമ്മള്‍ മാറ്റണം. അനേകം പേര്‍ ഉപയോഗിച്ച ഭാഷയും ശൈലിയും പ്രയോഗവും ഒഴിവാക്കാന്‍ നാം ശ്രമിക്കണം.

ഭാഷ
ഭാഷ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഭാഷയുടെ സംഗീതവും സംഗീതത്തിന്റെ വിവിധ രൂപങ്ങളും അറിഞ്ഞിരിക്കണം. ഓരോ വാക്കും  മാറുന്നതും വിഭിന്നമായ അര്‍ഥ വ്യത്യാസങ്ങള്‍, മനസ്സില്‍ ഉണര്‍ത്തിയേക്കാവുന്ന പദങ്ങളും അറിയണം. ഭാഷകള്‍ക്ക് അനേകം തലങ്ങളുണ്ട്. വരമൊഴി ഭേദങ്ങളുണ്ട്. ഭാഷയെ വീഴ്ത്താനുള്ള കഴിവുണ്ടാകുമ്പോഴാണ് ഭാഷയുടെ രഹസ്യങ്ങള്‍ അറിയാവുന്ന കവിയായി മാറുന്നത്. അതുകൊണ്ട് ഭാഷാജ്ഞാനം നിര്‍ബന്ധമാണ്.

പ്രതിരോധം
വിപ്ലവം എന്ന അര്‍ഥത്തിലല്ല ഇവിടെ ഞാന്‍ പ്രതിരോധത്തെ കാണുന്നത്. എല്ലാ വിപ്ലവങ്ങളും നിമിഷങ്ങളാണ്. മനുഷ്യ ഭാവിയുടെ നീതിക്ക് വേണ്ടി മുമ്പോട്ട് പോകുന്നത് കൊണ്ടാണ് വിപ്ലവങ്ങളുടെ മൂല്യം കുറയാത്തത്. മനുഷ്യനിലുള്ള പ്രതീക്ഷ നിലനില്ക്കുന്നത് പ്രതിരോധത്തിലൂടെയാണ്. പ്രതിരോധം എന്നത് സാര്‍വ്വലൗകികമാണ്. പ്രണയ കവിതകള്‍ പോലും  പ്രതിരോധമാകാറുണ്ട് .  ഒരു കര്‍ഷകന്‍ ഒരിക്കല്‍ ഗോര്‍കിയോട് ചോദിക്കുന്നുണ്ട്, അങ്ങ് എന്താണ് സൗഹൃദത്തെ കുറിച്ചു എഴുതാത്തത്. ആത്യന്തികമായി പ്രതിരോധകല ചിലപ്പോള്‍ നീതിവ്യവസ്ഥക്ക് എതിരാകാം. സ്വതന്ത്രമായ ആവിഷ്‌കാരങ്ങളിലൂടെ അത് നല്‍കുന്ന സന്ദേശം സമത്വത്തിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും. അനീതിക്കെതിരെ കലാപം ചെയ്യുക എന്ന എഴുപതിലെ മുദ്രാവാക്യം ഇന്നും അപ്രസക്തമാകുന്നില്ല. പുതിയ സങ്കല്പത്തിന് വേണ്ടി ജീവിതത്തിലെ യാഥാസ്ഥിതികളെ ഒഴിവാക്കണം. കാലം മാറുമ്പോള്‍ ഭാഷയുടെ ഘടനയും മാറുന്നു.  ഇവിടെയാണ് ഒഴിഞ്ഞ താളുകളില്‍ കവിത സൃഷ്ടിക്കേണ്ടത്. നാം പ്രതിരോധിക്കേണ്ടത് ഹിംസയെയാണ്. ഭൂതകാലം മറക്കാന്‍ പ്രേരിപ്പിക്കുന്ന ആഗോളവത്കരണങ്ങളെയും പുരുഷാധിപത്യത്തേയും ഫാസിസ മനോഭാവത്തെയും നാം പ്രതിരോധിക്കണം. സ്ത്രീകള്‍ക്ക് എതിരെയുള്ള വിവേചനാം  ഹിംസയുടെ ഭാഗമാണ്. ഫാസിസത്തിന്റെ അടിച്ചമര്‍ത്തലുകളിലും  ലഹളകളിലും പലപ്പോഴും ഇരകളാകുന്നത് സ്ത്രീകളും മത ന്യൂനപക്ഷങ്ങളും സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും എഴുത്തുകാരുമാണ്. അത്‌പോലെ ജാതീയതയ്ക്കും വംശീയതയ്ക്കുമെതിരെയും കവിത കൊണ്ട് പ്രതിരോധം തീര്‍ക്കണം. പല ആക്രമണങ്ങളും  കവിതക്കെതിരായുള്ള വെടിയുണ്ടകളായി മാറാറുണ്ട്. ഇരകളോടൊപ്പം കവിതയും മരിക്കുന്നു. ഓരോ മരത്തിനു മേല്‍ കത്തി വെക്കുമ്പോഴും അത് കവിതയുടെ മുകളിലാണ്.

കഥാനുഭവം:  പെരുമ്പടവം ശ്രീധരന്‍
മനോഹരങ്ങളായ കഥകള്‍ ശില്പശാലയില്‍ അവതരിപ്പിച്ചു. ബഷീറിന്റെ പോക്കറ്റടിക്കാരന്‍, തകഴിയുടെ വെള്ളപ്പോക്കത്തിലെ നായ, ടോള്‍സ്റ്റോയിയുടെ മനുഷ്യന് എത്ര മണ്ണ്  വേണം എന്ന ചോദ്യം, മഹാദുരന്തത്തിന്റെ മുമ്പില്‍ മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയില്‍ കഴിയുന്ന ജീവാത്മാവിന്റെ  കഥയായിരുന്നു  തകഴിയുടെ വെള്ളപ്പൊക്കം,  ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നു, എല്ലാവരും അവരുടെ വീടുകളില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് നീങ്ങുന്നു. വീട്ടിനു മുകളില്‍ ഒരു നായ മാത്രം ബാക്കിയാകുന്നു. ആ നായയുടെ നിസ്സഹായാവസ്ഥയിലൂടെ ദുരന്തങ്ങളുടെ ഭീകരാവസ്ഥ തകഴി തന്റെ വെള്ളപ്പൊക്കം എന്ന കഥയിലൂടെ വരച്ചു കാണിക്കുന്നു.
ബഷീര്‍ തന്റെ കഥയില്‍ പറയുന്നു: അദ്ദേഹം ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായി. കയ്യില്‍ പണമില്ലാത്തത് തന്നെ കാരണം. ഒരു ദിവസം മനിയോര്‍ഡറായി കുറച്ചു പൈസ വന്നു. പൈസ തന്റെ പേഴ്‌സിലിട്ട് കീശയില്‍ വെച്ചു നേരെ ഹോട്ടലിലേക്ക് പോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാന്‍ നോക്കുമ്പോഴാണ് അറിയുന്നത് പേഴ്‌സ് നഷ്ടപ്പെട്ട വിവരം. ഉടുത്ത ജുബ്ബ അഴിച്ചു വെക്കാനും തുണി അഴിക്കാനും ഹോട്ടലുടമ പറഞ്ഞു. ബഷീര്‍ കേണുകൊണ്ട് പറഞ്ഞു- ഉടുത്ത തുണി അഴിപ്പിക്കരുതേ. വേറെ എന്തെങ്കിലും ചെയ്‌തോളൂ. എങ്കില്‍ അടുക്കള ഭാഗത്ത് പോയി പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കൂ. അടുക്കളയില്‍ പോകുന്നതിനിടയില്‍ ഒരാള്‍ ബഷീറിന്റെ അടുത്ത് വന്നു ബഷീര്‍ കഴിച്ച ഭക്ഷണത്തിന് പൈസ കൊടുത്തു. അയാള്‍ ബഷീറിനെയും കൂട്ടി ഹോട്ടലിനു  പുറത്തേക്ക് നടന്നു. അനേകം പേഴ്‌സുകള്‍ കാണിച്ചുകൊണ്ട് അയാള്‍ ബഷീറിനോട് ചോദിച്ചു- ഇതില്‍ നിങ്ങളുടെ പേഴ്‌സ് എതാണ്? ഈ കഥയിലൂടെ ഒരു കള്ളനും അലിയുന്ന മനസ്സുണ്ടാകുമെന്ന് ചിത്രീകരിക്കുകയാണ് ബഷീര്‍.
മനുഷ്യന് ഭൂമിയോടുള്ള ആര്‍ത്തി  കാണിക്കാന്‍ ആറടി മണ്ണ് മതി എന്ന് കാണിക്കുന്ന മനോഹരമായ ടോള്‍സ്റ്റോയിയുടെ കഥ, തന്റെ അടുത്ത് ഒരു കൊച്ചു  വീട് നിര്‍മിക്കാന്‍ അല്പം മണ്ണ് ആവശ്യപ്പെട്ടു വന്ന പാവപ്പെട്ട മനുഷ്യനോടു ധനികനായ മനുഷ്യന്‍ പറഞ്ഞു- ഈ കാണുന്ന ഭൂമി മുഴുവനും എന്റേതാണ്. രാവിലെ മുതല്‍ നടന്നു എവിടെ വരെ നിനക്ക് എത്താന്‍ കഴിയുമോ അത്രയും നിനക്കുള്ളതാണ്. ആ മനുഷ്യന്‍ രാവിലെ മുതല്‍ സന്ധ്യ ആകുന്നത് വരെ ഓടി. അവസാനം എവിടെയും എത്താതെ കുഴഞ്ഞു വീണു. ഒടുവില്‍ അയാള്‍ക്ക് ലഭിച്ചത് ആറടി മണ്ണായിരുന്നു.

കഥ ആഖ്യാനത്തിന്റെ രസതന്ത്രം:  ഇന്ദുമേനോന്‍
ഭാവനയും ഭാഷയും ചേര്‍ത്തു മനോഹരമായി നെയ്തുണ്ടാക്കുന്ന കൊച്ചു കൊച്ചു നുണകളാണ് ചെറുകഥ. ഒരു നടന്ന സംഭവം ആവിഷ്‌കരിക്കുന്നതിനെ ആഖ്യാനം എന്ന് പറയാം. ആഖ്യാനത്തിന്റെ പ്രധാന ഘടകങ്ങളാണ് പ്രമേയം, ഇതിവൃത്തം, കഥാ പാത്രങ്ങള്‍, സംഭാഷണം, സംഘര്‍ഷം, കാഴ്ചപ്പാട്, സമയം, അന്തരീക്ഷം, പ്രതീകങ്ങള്‍, ഭാഷ, മിത്തുക തുടങ്ങിയവ.  ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും  കഥയുടെ പ്രധാന മറ്റു ഘടകങ്ങളാണ്.

സി രാധാകൃഷ്ണന്‍
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് സി രാധാകൃഷ്ണന്‍. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപ സമിതിയംഗമായും ജോലി ചെയ്ത ഇദ്ദേഹം പത്രപ്രവര്‍ത്തനവും എഴുത്തും മുഖ്യകര്‍മ്മമണ്ഡലമാക്കി. ശാസ്ത്രബോധവും കല്പനയും ഒരു പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകള്‍, നമ്മുടെ കാലത്തിന്റെ വികാര വിചാരധാരകളെ ഒരുപോലെ  ആവാഹിച്ചവയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ വള്ളുവനാടന്‍ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ് ഉപയോഗിച്ചിട്ടുള്ളത്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് അദ്ദേഹം നടത്തിയത്. തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി എന്നിവ അദ്ദേഹത്തിന്റെ ഏറെ വായിക്കപ്പെട്ട പ്രശസ്തമായ കൃതികളാണ്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉള്‍ക്കാഴ്ചകള്‍ ഈ രചനകളില്‍ പശ്ചാത്തലമായി നിലക്കൊള്ളുന്നു. ജ്ഞാനപീഠ സമിതി നല്‍കുന്ന മൂര്‍ത്തീദേവി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, മഹാകവി ജി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാള മനോരമ, വീക്ഷണം, മാധ്യമം എന്നീ പത്രങ്ങള്‍ അവയില്‍ പെടും. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡ് കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു

പെരുമ്പടവം ശ്രീധരന്‍
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ പെരുമ്പടവം ശ്രീധരന്‍ മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ്. 1993ല്‍ പുറത്തുവന്ന ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് മലയാള സാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഈ നോവലിന്  ഇപ്പോള്‍ അമ്പത്തിലേറെ  പതിപ്പുകള്‍ ആയി. ഒരു സങ്കീര്‍ത്തനം പോലെ, അഷ്ടപദി, വാള്‍മുനയില്‍ വച്ച മനസ്സ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, പിന്നെയും പൂക്കുന്ന കാട് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വി ടി ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം, കേരളാ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം, മഹാകവി ജി സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി  ഏറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം നിര്‍ദ്ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി.

സച്ചിദാനന്ദന്‍
മലയാളത്തിന്റെ പ്രിയകവിയായ സച്ചിദാനന്ദന്‍ കവിതയിലൂടെ പ്രതിരോധം തീര്‍ത്ത ചിന്തകന്‍ കൂടെയാണ്. ജനകീയ സാംസ്‌കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് 'മറന്നു വച്ച വസ്തുക്കള്‍' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു. തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മഹ്മൂദ് ദര്‍വീഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ കേരളത്തിലെ സാഹിത്യ പ്രേമികള്‍ക്കു പരിചയപ്പെടുത്തി. എഴുത്തച്ഛനെഴുതുമ്പോള്‍,സച്ചിദാ
നന്ദന്റെ കവിതകള്‍, ദേശാടനം, മറന്നു വച്ച വസ്തുക്കള്‍,കവി ബുദ്ധന്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും തര്‍ജ്ജമകളും നാടകങ്ങളും ഗദ്യ കൃതികളും ഉള്‍പ്പടെ  അമ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കുമാരനാശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഇന്ദുമേനോന്‍
മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ഇന്ദുമേനോന്‍. പുതിയ കഥയുടെ സങ്കീര്‍ണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദുമേനോന്റെ കഥകളില്‍ കാണുന്നത്. ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധ സമീപനം എന്നിവ അവരുടെ രചനകളില്‍ പ്രകടമാണ്. ലെസ്ബിയന്‍ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരു ലെസ്ബിയന്‍ പശു, സംഘപരിവാര്‍, ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷന്‍, ഇന്ദു മേനോന്റെ കഥകള്‍, ചുംബന ശബ്ദതാരാവലി തുടങ്ങിയവ അവരുടെ പ്രസിദ്ധീകരിച്ച കൃതികളാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം, മാതൃഭൂമി ചെറുകഥാ അവാര്‍ഡ്, പൂര്‍ണ്ണ ഉറൂബ് കഥാപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്‌കാരം തുടങ്ങി ഏറെ ബഹുമതികള്‍ നേടിയിട്ടുണ്ട്

പ്രൊഫ. എം തോമസ് മാത്യു
മലയാള സാഹിത്യത്തിലെ പ്രശസ്തനായ നിരൂപകനാണ് ഡോ. എം തോമസ് മാത്യു. 1965ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജില്‍ അധ്യാപകനായി. തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളെജും എറണാകുളം മഹാരാജാസ് കോളെജും ഉള്‍പ്പെടെ കേരളത്തിലെ നിരവധി സര്‍ക്കാര്‍ കലാലയങ്ങളില്‍ പ്രൊഫസറായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മാരാര്‍, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്റെ വാല്‍മീകമെവിടെ, സാഹിത്യ ദര്‍ശനം, ആത്മാവിന്റെ മുറിവുകള്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. വയലാര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സിബികുമാര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Wednesday, May 13, 2015

സൂചനകള്‍ കൈചൂണ്ടുന്നത്


'സമരോത്സുക ജീവിതത്തിന് ഐക്യപ്പെടുക'  എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറില്‍ നടത്തിയ കാംപയിനിന്റെ ഭാഗമായി 'സത്യമേവ ജയതേ' എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി.

മത/ദൈവവിരുദ്ധ പ്രത്യയ ശാസ്ത്രം, പുരോഹിത മതം, സാമ്രാജ്യത്വം എന്നീ മൂന്നു കഥാപാത്രങ്ങള്‍ മതസംഹിത ജീവിത പ്രത്യയശാസ്ത്രത്തെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ഒടുവില്‍ പരാജയം സമ്മതിക്കുന്നതുമാണ് തസ്‌നീമു റഹ്മാന്‍ അഹ്മദ് രചനയും സംവിധാനം ചെയ്ത നാടകത്തിന്റെ കഥാതന്തു. വിശുദ്ധഗ്രന്ഥവും സദ്‌വഴിയും മൂടിവെച്ച് ആളുകളെ ചൂഷണം ചെയ്തു തടിച്ചു കൊഴുക്കാന്‍ ശ്രമിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യുന്ന ഇടയനിലൂടെ വികസിക്കുന്ന കഥ യഥാര്‍ഥ ആത്മീയതയെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഇടയന്റെ 'ധാര്‍ഷ്ട്യ'ത്തില്‍ കലിപൂണ്ട പുരോഹിത വര്‍ഗം ക്രൂരമര്‍ദ്ദനത്തിന് ശേഷം അയാളെ തടങ്കലില്‍ പാര്‍പ്പിക്കുമ്പോള്‍ വിമോചന മേലങ്കിയണിഞ്ഞ വിപ്ലവകാരി പ്രത്യക്ഷപ്പെടുന്നു. മത മൂല്യങ്ങളുടെ അഭാവവും ഭരണ കൂടത്തിന്റെ നിയന്ത്രണമില്ലായ്മയും മുതലാളികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യം തന്റെ തത്വസംഹിതയ്ക്ക് രൂപം നല്കാന്‍ വിപ്ലവകാരിക്ക് എളുപ്പത്തില്‍ കഴിയുന്നു.

അടിമയും ഉടമയും ഇല്ലാത്ത, ദൈവ  നിഷേധത്തില്‍ ഊന്നിയ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ വേണ്ടി പുതിയൊരു തത്വ സംഹിത അവതരിപ്പിക്കുക്കുന്ന വിപ്ലവകാരി മതത്തെ നിഷ്‌കാസനം ചെയ്യാനും ആത്മ ചേതനയുടെ അനശ്വരതയെയും ക്രിയാത്മക മതങ്ങളുടെ ദൈവത്തെയും നിഷേധിക്കാന്‍ കല, വാക്ക് ചാതുര്യം എന്നിവയുടെ മൂര്‍ത്തീകരണത്തിലൂടെ ശ്രമിക്കുന്നതായി നാടകത്തില്‍ ചിത്രീകരിക്കുന്നു. സംസ്‌കൃത ചിത്തരായ യുവാക്കളുടെ ഇടയില്‍ പോലും ഈ ദര്‍ശനം  പരിലസിക്കാന്‍ തുടങ്ങുന്നു. ഈ ദര്‍ശനം സ്ഥാപിക്കുന്ന ഒരു ചുവപ്പിന്റെ പ്രതീകവും മനുഷ്യന്‍ ഇതില്‍ അസ്വസ്ഥനാകുന്നതിനിടയില്‍ കടന്നു വരുന്ന സാമ്രാജ്യത്തിന്റെ പ്രതീകമായ കറുപ്പും സിംബോളിക്കായി അവതരിപ്പിക്കുന്നു.

ഈ പശ്ചാത്തലം ഒരുക്കാന്‍ ഒരു പരിധിവരെ നാടക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും  ഒരു പ്രത്യേക പ്രത്യശാസ്ത്രത്തെ മാത്രം കടന്നാക്രാമിക്കുക വഴി മതം നേരിടുന്ന മറ്റു സമകാലിക വെല്ലുവിളികളെ നാടകം ശ്രദ്ധിക്കാതെ പോയി. ആ പരിമിതിയെ കൂടി മറികടക്കാന്‍ നാടകത്തിനു സാധിക്കേണ്ടിയിരുന്നു.

വെല്ലുവിളികള്‍ക്ക് മുമ്പില്‍ വാടാതെ മത വേരുകള്‍ വീണ്ടും വീണ്ടും വളര്‍ന്നു വരികയും യഥാര്‍ഥ മത സംഹിതകള്‍ മുറുകെ പിടിച്ചു സത്യം ജയിക്കുക തന്നെ ചെയ്യും എന്ന്  ഉറച്ചു വിശ്വസിക്കുന്ന വിപ്ലവ പോരാളികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവരുടെ  മുമ്പില്‍ സാമ്രാജ്യത്വവും മതവിരുദ്ധ തത്വസംഹിതയും തരിപ്പണമാകുകയും സത്യം പുലരുകയും മിഥ്യ തകരുകയും ചെയ്യുന്ന കാഴ്ച നാടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്.

ചിത്രീകരണത്തില്‍ സൂചിപ്പിച്ചത് പോലെ മത നിഷ്‌കാസനം ഒരു പാട് കാലം മുമ്പേ  ഇവിടെ സംഭവിച്ചിട്ടുണ്ട്. പ്രാചീന കാലത്തെ ഗ്രീസും റോമും ചരിത്രപരമായി ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പുരോഗതി കൈവരിച്ച രാജ്യങ്ങളായിരുന്നു. ഗ്രീസിന് ആഭ്യന്തരമായി ഉയര്‍ച്ചയുണ്ടായത് പെരിക്ലീസിന്റെ കാലത്തും വൈദേശികമായി അലക്‌സണ്ടാരുടെ കാലത്തുമായിരുന്നു. പെരിക്ലീസിന്റെ കാലത്ത് സോഫിസ്റ്റുകള്‍ മതത്തെ നിഷ്‌കാസനം ചെയ്തിട്ടുണ്ട്. ഗ്രീസില്‍ ശക്തി പ്രാപിച്ചുവന്ന സോഫിസ്റ്റുകള്‍ തത്വജ്ഞാനത്തെ മതത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചു. മാറ്റമില്ലാത്ത ദൈവ കല്‍പ്പനകളല്ല യഥാര്‍ഥ നയമെന്നും മറിച്ച് മാറികൊണ്ടിരിക്കുന്ന സാമൂഹ്യ പരിസ്ഥിതികളില്‍ മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി മനുഷ്യര്‍ തന്നെയാണ് നിയമങ്ങളുടെ നിര്‍മാതാക്കളെന്ന വാദം പ്രചരിപ്പിച്ചവരായിരുന്നു സോഫിസ്റ്റുകള്‍. കലയേയും സാഹിത്യത്തേയും പെരിക്ലിസ് ഒരു പാട് പ്രോത്സാഹിപ്പിച്ചു  പുരാതന യവനലോകത്തിലെ വിജ്ഞാന സംസ്‌കാര കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കലയുടെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹത്തിന്റെ യുഗം.


ഇന്ന്  മതത്തെ നിഷ്‌കാസനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനങ്ങളുടെ വളര്‍ച്ച വളരെ കുറവാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ നിലനിലക്കുമ്പോള്‍ അത്തരം സാമൂഹിക വിപത്തുകളെയും സമകാലീന സംഭവങ്ങളെയും സാക്ഷിയാക്കി സമര മുഖത്തേക്ക് കൊണ്ടുവരാന്‍ ചിത്രീകരണത്തിലൂടെ ശ്രമിച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നു.

സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം 
ഇത്തരം ചിന്തകള്‍ മുമ്പോട്ട് വെക്കുമ്പോള്‍ മതത്തിന് പുറമേ സാമൂഹിക മാറ്റത്തിനു മുമ്പോട്ട് വെച്ച ആശയങ്ങളും ചിന്തകളും മതചിന്തകളുമായി താരതമ്യം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങളെയും പുതിയ ചിന്തകളെയും സമൂഹത്തിനു മുമ്പില്‍  അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ട് വന്ന ലിബറിസ്റ്റ് ആശയങ്ങളും  രാഷ്ട്രമീമാംസയില്‍ വലിയ സംഭാവനകള്‍ നല്കി 'സാമൂഹ്യ ഉടമ്പടി' (സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി), അവതരിപ്പിച്ച തോമസ് ഹോബ്‌സിന്റെ ചിന്തകളും പഠന വിധേയമാക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും പ്രാധാന്യത്തിലൂന്നിയുള്ള ഉദാരതാവാദത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും  സാമ്പത്തിക അസ്ഥിരതയും ഫാസിസം, കമ്മ്യൂണിസം, ഏകാധിപത്യം തുടങ്ങിയവ ഉയര്‍ത്തിയ രാഷ്ട്രീയ ദാര്‍ശനിക വെല്ലുവിളികളും സമൂലമായ മാറ്റങ്ങള്‍ വരുത്തി, പഴയ ലിബറിസ്റ്റ് വാദത്തില്‍ നിന്നും മാറി ജെ എസ് മില്‍, ജെ എം കെയിന്‍സ് തുടങ്ങിയ ചിന്തകര്‍ നവഉദാരതാവാദത്തിന്റെ അടിത്തറ പാകുകയായിരുന്നു.

ഹോബ്‌സിന്റെ ലെവിയാത്താന്‍ എന്ന കൃതിയിലൂടെ  പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ 'സാമൂഹ്യ ഉടമ്പടി' എന്ന ആശയത്തിനു തിരി കൊളുത്തുകയായിരുന്നു. യൂറോപ്യന്‍ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുന്നതിൽ  ഈ കൃതി വലിയ പങ്കു വഹിച്ച്ട്ടുണ്ട്. രാഷ്ട്രീയ അധികാരങ്ങള്‍ നല്കാന്‍ പ്രാതിനിധ്യ സ്വഭാവവും ജനസമ്മതിയും വേണം എന്ന കാഴ്ചപ്പാട് ഹോബ്‌സിന്റെ സങ്കല്പത്തില്‍ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു. തത്വചിന്തയിലെ ഭൗതികവാദത്തെ പ്രതിനിധാനം ചെയ്ത ഹോബ്‌സ് രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, ദൈവശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, എന്നീ മേഖലകളില്‍ ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

പ്രായോഗിക നിയമശാസ്ത്രശാഖയിൽ ജേർമി ബൻതാം കൊണ്ട് വന്ന ചിന്തകള് സാമൂഹിക ജീവിതത്തിൽ വലിയ സ്വാദീനം ഉണ്ടാക്കുന്നതായിരുന്നു. ജെ.എസ്. മിലും ഈ രംഗത്ത്  വലിയ സംഭാവനകലാണ് നല്കിയത് . സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, രാഷ്ട്രമീമാംസാ ശാസ്ത്രം, മനഃശാസ്ത്രം, ധര്‍മശാസനകള്‍, മൂല്യബോധങ്ങള്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു ഒരുപാട്  നിയമശാസ്ത്രപഠനവും വിശകലനവും ഇവര്‍ നടത്തിയിട്ടുണ്ട്.   ഭൗതിക നിയമ ശാസ്ത്ര ശാഖയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ഇസ്‌ലാമിക തത്വചിന്തകരുടെ ചിന്തകളും ആധുനിക പാശ്ചാത്യ ചിന്തയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുള്ളതായി കാണാം. ലോകം മുമ്പ് ദര്‍ശിക്കാത്ത പുതിയ അറിവുകള്‍ നല്കിയ ഇസ്‌ലാമിക ചിന്തകനായ ഇബ്‌നു ഖല്ദൂന്റെ മുഖദ്ദിമയും ഈ രംഗത്ത് പഠന വിധേയമാക്കേണ്ടതുണ്ട്. സാമൂഹിക ശാസ്ത്രം എന്ന വിജ്ഞാന ശാഖയുടെ ഉപജ്ഞാതാവ് എന്ന ഖ്യാതിവരെ ഇബ്‌നു ഖല്‍ദൂന് ലഭിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് കാലത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ രചനയായിരുന്നു മുഖദ്ദിമ. അത് പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു മുതല്‍ ദാര്‍ശനികരുടെയും ശാസ്ത്ര പണ്ഡിതന്മാരുടേയും ചിന്തയില്‍ ശക്തമായ സ്വാധീനം ചെലുത്തുകയായിരുന്നു. മനുഷ്യ ചിന്തയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു ആ ഗ്രന്ഥം.

വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയായിരുന്നു ഇസ്‌ലാമിക തത്വ ചിന്തകനായിരുന്ന ഇബ്‌നു തുഫിലിന്റെ തത്വശാസ്ത്രം. യൂറോപ്യന്‍ നവോത്ഥാനത്തിലും യൂറോപ്യന്‍ ധിഷണാജീവിതത്തിലും അവ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

പലപ്പോഴും നാം മറന്നു പോകുന്ന തത്വ ചിന്തയാണ് ഗാന്ധിജിയുടേത്. ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വശാസ്ത്രം ഇന്ത്യയില്‍ മാത്രമല്ല അമേരിക്കന്‍ ദിഷണാ ജീവിതത്തിലും നവോത്ഥാനത്തിലും വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. ഭരണ കാര്യങ്ങളില്‍ ഗാന്ധിജി മാതൃകയാക്കാന്‍ ആഗ്രഹിച്ചത് ഉമറിന്റെ സുരക്ഷിതമായ ഭരണമായിരുന്നു. അമേരിക്കന്‍ നീഗ്രോ വിമോചക സേനയുടെ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വളരെ കാലമായി അദ്ദേഹം അന്വേഷിച്ച സമരായുധങ്ങള്‍ കണ്ടെത്തിയത് മഹാത്മാ ഗാന്ധിയില്‍ നിന്നായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പറയുന്നു 'ബന്താം, ജെ എസ് മില്‍ തുടങ്ങിയവരുടെ ഉദാരതാവാദത്തില്‍ നിന്നോ മാര്‍ക്‌സ് ലെനിന്‍ ചിന്തകരുടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നോ തോമസ് ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയില്‍ നിന്നോ നിഷേയുടെ മനുഷ്യാതീത മനുഷ്യനില്‍ നിന്നോ ലഭിക്കാതിരുന്ന ബൗധിക ധാര്‍മിക സംതൃപ്തി ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രത്തില്‍ നിന്നുമാത്രമാണ് എനിക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത്.

ജെ എസ് മില്ലിന്റെ നവഉദാരതാവാദവും ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയും നിഷേയുടെ മനുഷ്യാതീത മാനുഷിക ചിന്തകളും റൂസ്സോയുടെ ഒപ്ടിമിസവും  ലെനിനിന്റെയും മാര്‍ക്‌സിന്റെയും വിപ്ലവ ചിന്തകളും ഇതുപോലെ മറ്റു ഒരുപാട് ദാര്‍ശനികന്മാരുടെ  ദര്‍ശനങ്ങളും തത്വശാസ്ത്രങ്ങളും പ്ലാറ്റോ, അറിസ്റ്റോട്ടില്‍ മുതലായ പൗരാണിക തത്വചിന്തകളും ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രവും മതവുമായി താരതമ്യം ചെയ്തു പഠിക്കുമ്പോഴാണ് മതം ആവശ്യപ്പെടുന്ന സാമൂഹിക കാര്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. ഇത്തരം ചിത്രീകരണങ്ങളില്‍  അത്തരം ചില സാമൂഹിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാനുള്ള പ്രേരണകള്‍ കൂടി നല്‍കിയാല്‍ നന്നായിരിക്കും.

ചിത്രീകരണത്തിന്റെ മറ്റൊരു ഭാഗത്ത് ബാലിശമായ ജട പൂജയെന്ന നിലക്ക് അസംസ്‌കൃതമായ രൂപത്തില്‍ മനുഷ്യന്റെ ഇന്ദ്രീയ അഭിലാഷങ്ങലെ പൂര്‍ണമായും അടിമപ്പെടുത്തി  തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന മത പുരോഹിതര്‍ക്കെതിരെ പോരാടാനും പോരാട്ടങ്ങളെ  അശക്തമാക്കാന്‍ ശ്രമിക്കുന്ന മറ്റു ശക്തികളെയും മനസ്സിലാക്കി മോചനത്തിനുവേണ്ടി സമരോത്സുകമായ ജീവിതം നയിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.

Wednesday, February 18, 2015

ഖത്തറിന്റെ കായിക കുതിപ്പിനോടൊപ്പം

ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. 2022ലെ ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോകകായിക മേഖലയില്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തറിന്റെ  സ്ഥാനം ഒരുപാട് ഉയരത്തിലാണ്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ആരോഗ്യപരമായ ജീവിത ശൈലി ശീലിപ്പിക്കാനും ആരോഗ്യമുള്ള സമൂഹത്തെ പടുത്തുയര്‍ത്താനും  ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തന്നെ ഖത്തര്‍ മാറ്റിവെച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക  ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 ചൊവ്വാഴ്ചയാണ് ഖത്തര്‍ കായിക ദിനമായി ആഘൊഷിച്ചത്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളിലും സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ സുപ്രധാന ചര്യയാക്കുകയും അതുവഴി വ്യക്തി വികാസവും സാമൂഹിക സഹവര്‍ത്തിത്വം സാധ്യമാക്കുകയും ആരോഗ്യ പൂരണവും സജീവവുമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയുമാണ് കായികദിന പ്രഖ്യാപനത്തിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. മറ്റെല്ലാ മേഖലകളിലും രാജ്യം വികസന ജൈത്രയാത്ര തുടരുമ്പോള്‍ കായിക മേഖലകളിലും ഖത്തര്‍ ഒരുപാട് മുന്നിലാണ്.   രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്താന്‍ ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കേണ്ട ആവശ്യം മനസ്സിലാക്കി രാജ്യത്തെ പൗരന്മാരുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും വ്യായാമത്തിനും കായിക പരിശീലനത്തിനും അവസരവും സൗകര്യവും ഒരുക്കി പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നിരവധി ക്രിയാത്മകമായ കായിക പരിപാടികളാണ് ഖത്തര്‍ ഒരുക്കിയത്. മന്ത്രാലയങ്ങളും സ്വദേശികളും പ്രവാസികളും നിരവധി സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. 
കഴിഞ്ഞ ഒരാഴ്ചക്കാലം ഖത്തര്‍ കായികാഘോഷ ലഹരിയിലായിരുന്നു. കായിക മത്സരങ്ങള്‍ക്കും ബോധവത്ക്കരണങ്ങള്‍ക്കും വേണ്ടി  വിവിധ  ക്ലബുകളും പാര്‍ക്കുകളും ഇന്‍ഡോര്‍ ഹാളുകളും കളി സ്ഥലലങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുകയായിരുന്നു. ആസ്പയര്‍ അക്കാദമി, കത്താറ, ഇസ്‌ലാമിക് ആര്‍ട് മ്യൂസിയം, സൂഖ് വാഖിഫ്, ഒളിംപിക് വില്ലേജ് എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. ആയിരക്കണക്കിന് പേരാണ് ആഘോഷ പരിപാടിയില്‍ പങ്കാളികളായത്.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്‌പോര്‍ട്‌സ് വില്ലേജ് ഏറെ ആകര്‍ഷകമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളും സ്‌പോര്ട്‌സ് വില്ലേജ് സന്ദര്‍ശിച്ചു. കായിക പരിശീലനങ്ങള്‍ പതിവാക്കുക വഴി നല്ല ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് വില്ലേജ് തുറന്നത്. വ്യത്യസ്ത കായികോപകരണങ്ങളും സൗകര്യങ്ങളുമാണ് വില്ലേജില്‍ ഒരുക്കിയിരുന്നു.
ഖത്തര്‍ 2006 ഏഷ്യന്‍ ഗെയിംസ് മുതല്‍ 2015 ഫെബ്രുവരി ആദ്യ ദിനം അവസാനിച്ച  ലോക ഹാന്റ്ബാള്‍ ടൂര്‍ണമെന്റ് വരെ ഖത്തര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കായിക മേളകളും ലോകരാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. ഇതിലെല്ലാം ഖത്തറിന്റെ സംഘാടക മികവ് പ്രകടമായിരുന്നു.
പ്രവാസികളുടെയും സ്വദേശികളുടേയും ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന, അവരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഓരോ വര്‍ഷവും ദേശീയ കായികദിനം ആഘോഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസി സമൂഹം വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് അതിനെ വരവേല്‍ക്കുന്നത്. ഖത്തറിന്റെ കായിക മുന്നേറ്റത്തില്‍ സന്തോഷിക്കുകയും ഖത്തറിന് ലഭിക്കുന്ന നേട്ടത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
ദേശീയ കായിക  ദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകള്‍ നിരവധി സ്‌പോര്‍ട്‌സ് പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ പ്രവാസി  സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥപാനങ്ങളും കായിക ദിനാചാരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. 

യൂത്ത് ഫോറം
യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഖത്തര്‍ ചാരിറ്റി മുഖ്യപ്രായോജകരായി യൂത്ത് ഫോറം സംഘടിപ്പിച്ച മൂന്നാമത് പ്രവാസി കായിക മേള സംഘാടക മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ദിവസങ്ങളായായിരുന്നു മത്സരങ്ങള്‍ നടന്നത്. മേളയുടെ ആദ്യദിവസം ശാന്തിനികേതന്‍ സ്‌കൂളില്‍ വോളിബാള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, ആം റസ്‌ലിംഗ് മത്സരങ്ങളും രണ്ടാം ദിവസം അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍  രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മേളയില്‍ പങ്കെടുത്ത പതിനെട്ട് ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. ബാന്റ്‌വാദ്യം, ശിങ്കാരി മേളം, കോല്‍ക്കളി, ദഫ്മുട്ട്, പുലിക്കളി, ഒപ്പന, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാ- സാംസ്‌കാരിക പ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളും മാര്‍ച്ച് പാസ്റ്റിനു നിറപ്പകിട്ടേകി. ഖത്തര്‍ ചാരിറ്റി  സാമൂഹ്യ വികസന വകുപ്പ് ഉപമേധാവി അലി ഇബ്രാഹിം അല്‍ ഗരീബാണ് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ലോക കായിക ഭൂപടത്തില്‍ ഖത്തര്‍ അനിഷേധ്യ ശക്തിയായി മാറിയതായും രാജ്യത്തിന്റെ മുഴുവന്‍ സംരംഭങ്ങള്‍ക്കും പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യവും പിന്തുണയും അഭിമാനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ആസിഫ് സഹീറാണ് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചത്.
തുടര്‍ന്ന് 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, 4 x 100 മീറ്റര്‍ റിലേ എന്നീ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലെ മത്സരങ്ങളും പഞ്ചഗുസ്തി, വടംവലി എന്നിവയുടെ സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും അരങ്ങേറി. ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മാപ് ഖത്തര്‍, എഡ്മാക് എറണാകുളം, വോളിഖ് ഖത്തര്‍, ഫ്രണ്ട്‌സ് ഓഫ് കേരള, കള്‍ച്ചറല്‍ ഫോറം കോഴിക്കോട്, സ്‌കിയ ഖത്തര്‍, ദിവാ കാസര്‍ഗോഡ്, ഖത്തര്‍ പാലേരി പാറക്കടവ് അസോസിയേഷന്‍, തൃശൂര്‍ യൂത്ത് ക്ലബ്ബ്, ഖത്തര്‍ പൂളപ്പൊയില്‍ അസോസിയേഷന്‍, അല്‍ഖോര്‍ യൂത്ത് ക്ലബ്ബ്, ക്യു സി എം സി ചെറിയകുമ്പളം, ഇമ എടവനക്കാട്, കുറ്റിയാടി സ്‌പോര്‍ട്‌സ് വിംഗ്, വെപെക്‌സ് ഖത്തര്‍, കെ പി എ ക്യു കോഴിക്കോട് എന്നീ ടീമുകളാണ് മേളയില്‍  മാറ്റുരച്ചത്. ഇതിനു പുറമേ നാല്‍പ്പത് വയസിനു മുകളിലുള്ള പ്രവാസികള്‍ക്കാായി നടത്തിയ 800 മീറ്റര്‍ ഓട്ടം കാണികള്‍ക്ക് ആവേശം നല്കി. മേളയുടെ അവസാന ഇനമായിരുന്ന ആവേശകരമായ വടംവലി മത്സരം കാണാന്‍ നൂറുക്കണക്കിന് ആളുകളായിരുന്നു തടിച്ചുകൂടിയത്. നാട്ടിലെത്തിയ ഒരു പ്രതീതിയായിരുന്നു മനസ്സില്‍. ഗ്രാമീണ കായികോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ ഈ മത്സരങ്ങള്‍ക്ക് കഴിഞ്ഞു. ഗ്രാമീണ കായികോത്സവങ്ങളില്‍ കണ്ടുവരാറുള്ള വടംവലി മത്സരം മേളയുടെ ആവേശമായി മാറുകയായിരുന്നു. ഒരു നിമിഷം നാട്ടിലെ ഏതോ ഉത്സവപ്പറമ്പിലേക്ക് ഈ കാഴ്ച കൊണ്ടുപോകുകയായിരുന്നു. കുട്ടികളും യുവാക്കളും പങ്കെടുത്ത സ്‌പോര്‍ട്‌സ് മീറ്റ് നാട്ടിലെ സ്‌കൂള്‍, കോളെജ് കായികോത്സവങ്ങളെ വീണ്ടും തിരികെ കൊണ്ടുവരുന്ന രൂപത്തില്‍ ആയിരുന്നു. നാല്‍പ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് നടത്തിയ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത പലരുടെയും പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. പ്രായം ഒരു പ്രശ്‌നമേ ആയിരുന്നില്ല.  അവരില്‍ ശരീരത്തിന്റെ പ്രായം ഒരുപാട് കുറയുകയായിരുന്നു. മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും സ്‌പോര്‍ട്‌സ് മീറ്റുകള്‍കൊണ്ട് സാധിച്ചു എന്നതില്‍ സംശയമില്ല.
ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ യൂത്ത് ക്ലബ്ബ് 34 പോയിന്റുകളോടെ ചാംപ്യന്‍പട്ടം നേടി. എഡ്മാഖ് എറണാകുളം 25 പോയിന്റുമായി റണ്ണേഴ്‌സ്അപ്പും വെപ്പെക്‌സ് തൃശൂര്‍ 22 പോയിന്റോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വര്‍ണാഭമായ സമാപന ചടങ്ങില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് നാസര്‍ മുഹമ്മദ് അല്‍ മാല്‍കി മുഖ്യാതിഥി ആയിരുന്നു.
യൂത്ത് ഫോറം പ്രസിഡന്റ് എസ് എ ഫിറോസിന്റെ അഭിപ്രായത്തില്‍ കായിക മേഖലയിലെ വലിയ ഒരു സംരംഭവുമായി യൂത്ത് ഫോറം മുമ്പോട്ട് വന്നപ്പോള്‍ സാധാരണ പ്രവാസി യുവാവിനെ കുറിച്ചുള്ള ചിന്ത യൂത്ത് ഫോറത്തിന് സ്വാഭാവികമായും പ്രയോജനമായിട്ടുണ്ടെന്നാണ്. പഴയ കായിക കാലങ്ങളെ ജീവിതത്തിലേക്ക് കോര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പോലെ ഉറക്കെ ആഹ്ലാദിക്കാനും ആകാശത്തിലേക്ക് ഹൃദയംകൊണ്ട് മുഷ്ടി ഉയര്‍ത്താനും ആര്‍പ്പ് വിളിക്കാനും കാത്തിരിക്കുന്ന ഒരുപാട് പേരുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ചുവടുവെപ്പായിരുന്നു ഇതെന്ന് കഴിഞ്ഞ രണ്ടു പ്രവാസി മേളകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിരവധി പ്രവാസി സംഘടനകളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ പ്രധാന ആകര്‍ഷണീയത. ഈ ഒത്തുചേരല്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. കായിക മേഖലയിലെ ഈ ഐക്യവും മുന്നേറ്റവും സമൂഹത്തിന്റെ സര്‍വമേഖലകളിലേയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഫോക്കസ് ഖത്തര്‍
ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സര പരിപാടികള്‍ ലഖ്തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല മുഖ്യാതിഥിയായിരുന്നു. കായിക മത്സരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോക്കസ് ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹമ്മൂദ്, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യു ഐ ഐ സി, ഇന്‍സൈറ്റ് ഖത്തര്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, കമ്പവലി, നടത്ത മത്സരം, സാക്ക് റേസ്, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ് നേടി  മദീന ഖലീഫ ഒന്നാം സ്ഥാനത്ത് എത്തി. 25 പോയിന്റ് നേടി ഇന്‍സൈറ്റ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ ജഷ്മീര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ നാഗേഷ്, നിസ്താര്‍, മുഹമ്മദ് റിസ്‌വാന്‍, ശിഹാബുദ്ദീന്‍, റിയാസ് വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഒ മുനീര്‍ അഹ്മദ്, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം 
ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം മാസ് യോഗയും കൂട്ടനടത്തവും സംഘടിപ്പിച്ചു. കോര്‍ണിഷിലെ 'ഒറി'ക്ക് സമീപം നടന്ന മാസ് യോഗയിലും കൂട്ടനടത്തത്തിലും നൂറുകണക്കിന് ഫ്രട്ടേണിറ്റി വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഹരിതാഭമായ പുല്‍ത്തകിടിയില്‍ വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫ്രട്ടേണിറ്റി വളണ്ടിയര്‍മാരുടെ പ്രകടനത്തിന് വിദേശികള്‍ അടക്കമുള്ള നിരവധി പേര്‍ കാഴ്ചക്കാരായി. യോഗ പ്രദര്‍ശനത്തിന് ശേഷം കോര്‍ണിഷിലൂടെയുള്ള കൂട്ടനടത്തത്തില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി പേര്‍ അണിനിരന്നു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണത്തിനായി ഖത്തറിലെ പ്രമുഖ കമ്പനിയായ കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഫോറം പുറത്തിറക്കിയ 'ഫിറ്റ്‌നസ് ഫസ്റ്റ്' എന്ന കൈപ്പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. യോഗ പ്രദര്‍ശനത്തിന് ടി ഒ ഇസ്മായില്‍, നൗഷാദ് മണ്ണോളി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍ പരിപാടികള്‍ നിയന്ത്രിച്ചു. 

ചാലിയാര്‍
ചാലിയാര്‍ തീരത്തുള്ള 24 പഞ്ചായത്ത് കൂട്ടായ്മയാണ് ചാലിയാര്‍ ദോഹ. മാര്‍ച്ച് പാസ്റ്റ് കൗതുകവും മനോഹരവുമായിരുന്നു. അഞ്ഞൂറോളം കായികതാരങ്ങള്‍ അണിനിരന്ന മത്സരപരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത് മുന്‍ ഇന്ത്യന്‍ താരവും ചാലിയാര്‍ തീരത്തിന് എക്കാലത്തും അഭിമാനക്കാവുന്ന ഫുട്ബാള്‍ ലെജന്റുമായ ആസിഫ് സഹീറായിരുന്നു. അബ്ദുല്ല സാലിം അന്‍സാരി (ഖത്തര്‍ പെട്രോളിയം) മുഖ്യാതിഥിയായി സംബന്ധിച്ചു. നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെ നീണ്ടുനിവര്‍ന്നൊഴുകുന്ന ചാലിയാറിന്റെ ഒഴുക്കിന്റെ രൂപത്തിലായിരുന്നു ടീമുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം വാഴക്കാട് പഞ്ചായത്തിനും മൂന്നാം സ്ഥാനം വാഴയൂര്‍ പഞ്ചായത്തിനും ലഭിച്ചു. വാഴക്കാട് പഞ്ചായത്ത് 51 പോയിന്റുകളോടെ ഓവറോള്‍ ചാംപ്യന്മാരായി. കൊടിയത്തൂര്‍ രണ്ടാം സ്ഥാനത്തും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ ചാംപ്യന്‍ഷിപ്പുള്ള കെ എ റഹ്മാന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി വാഖ് ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടറുമായ ശംസുദ്ദീന്‍ ഒളകര, ഇന്ത്യന്‍ താരം ആസിഫ് സഹീര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.  വക്‌റ സ്‌പോര്ട്‌സ് ക്ലബ്ബ് മാനേജര്‍ അഹമ്മദ് എന്നിവര്‍ ചാലിയാര്‍ ദോഹക്കുള്ള ഉപഹാരം കൈമാറി. ചാലിയാര്‍ ദോഹ പ്രസിഡന്റ് മഷ്്ഹൂദ് തിരുത്തിയാട് യോഗപരിപാടികള്‍ നിയന്ത്രിച്ചു.  കമ്പവലിയിലും ഫുട്ബാളിലും വാഖിന്റെ നേതൃത്വത്തിലുള്ള വാഴക്കാട് അസോസിയേഷന്‍ വിജയികളായി. ഓവറോളിംഗ് ട്രോഫി വാഖ് പ്രസിഡന്റ് അബ്ദുല്‍സത്താര്‍, വൈസ് പ്രസിഡന്റ് ടി പി അക്ബര്‍, ടീം ക്യാപ്റ്റന്‍ ജയ്‌സല്‍ എളമരംഏറ്റുവാങ്ങി.

ക്യു കെ എം സി സ്‌പോര്‍ട്‌സ് വിംഗ് കുറ്റിയാടി
കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്ന ഖത്തറിന്റെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് നൈബേര്‍സ് മീറ്റ് 2015 എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കായികമേള സംഘടിപ്പിച്ചു. അബുഹമൂര്‍ അല്‍ ജസീറ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മേളയില്‍ വോളീബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, വടംവലി, റിലേ, റണ്ണിംഗ് റേസ് തുടങ്ങിയ വിവിധ കായിക മല്‍സരങ്ങളാണ് അരങ്ങേറിയത്. വിവിധ മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തില്‍ ക്യു കെ എം സി കുറ്റിയാടി  ഓവറോള്‍ ചാംപ്യന്‍സ് ട്രോഫിയും ആയഞ്ചേരി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് റണ്ണറപ്പ് ട്രോഫിയും നേടി. മേളയോടൊപ്പം സിജി ഖത്തര്‍ ചാപ്റ്റര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് എക്‌സിബിഷനും ഒരുക്കിയിരുന്നു.

കെ എം സി സി- വോളിഖ്
ഖത്തര്‍ കെ എം സി സിയും വോളിഖും സംയുക്തമായി അല്‍ അറബി വോളിബാള്‍ അസോസിയഷന്‍ ഇന്‍ഡോര്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന വോളിബാള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും മികച്ച സംഘാടനംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നാട്ടിൽ നിന്നും കളിക്കാനെത്തിയ ജൂനിയർ ഇന്ത്യൻ ഇന്റർ നാഷണൽ പ്ലയെർ മർസാദ് സുഹൈൽ അടങ്ങുന്ന നാല് കളിക്കാരോടൊപ്പം ഖത്തറിലെ വോളിഖിന്റെ കളിക്കാരും കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ക്ക് ഹരമായി മാറുകയായിരുന്നു. മുഖ്യ ആകര്‍ഷണമായിരുന്ന കെ എം സി സി ഇന്ത്യന്‍ ടീമും ഖത്തര്‍ ജൂനിയര്‍ ടീമും തമ്മില്‍ നടന്ന മത്സരം കാണാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്ങി നിറയുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ 3-1 ന് ഖത്തര്‍ നാഷണല്‍ ജൂനിയര്‍ ടീം വിജയം വരിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ കെ എം സി ജില്ലാ ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കെ എം സി സി കണ്ണൂര്‍, തൃശൂര്‍ ടീമുകള്‍ സംയുക്ത ജേതാക്കളായി. സമാപനച്ചടങ്ങില്‍ കലാ- കായിക- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ എംസി സി ജില്ലാ- സംസ്ഥാന നേതാക്കളും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തലവന്‍ ലെഫ്റ്റനന്റ് അബ്ദുല്ല ഖമിസ് അല്‍ഹമദ്, ഖത്തര്‍ വോളിബാള്‍ അസോസിയേഷനിലെ ഹുസൈന്‍ ഇമാം അലി, ഖത്തര്‍ ഒളിംപിക് കമ്മിറ്റിയിലെ റാഷിദ് മുഹമ്മദ് മഹ്മൂദ് കഹാര, കെ മുഹമ്മദ് ഈസ, അസീസ് നരിക്കുനി, വോളിഖ് പ്രസിഡന്റ് നജീബ്,  ഉപദേഷിക സമിതി ചെയർമാൻ അബ്ദുള്ള കേളോത്ത്  മറ്റു പ്രധാന വൊലിഖ് ഭാരവാഹികളും പങ്കെടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കെ എം സി സി ഉപദേശക സമിതി അംഗം എസ് എ എം ബഷീര്‍ കായികദിന ഐക്യപ്രസംഗം നടത്തി.
കായിക ദിനത്തോടനുബന്ധിച്ച്ചു പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിപ്യൻ റഹ്മാൻ സ്മാരക സെവന്സ് ഫുട്ബാൾ ടൂർണമെന്റ് ഉൾപടെ വേറെയും നിരവധി പരിപാടികൾ പ്രവാസി മലായളി സംഘടനകൾ സംഘടിപ്പിച്ചട്ടുണ്ട്.  

മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും ഇത്തരം സ്‌പോര്‍ട്‌സ് മീറ്റുകള്‍ കൊണ്ടുകഴിയും എന്നതില്‍ സംശയമില്ല. ഇതിന് അവസരം നല്കുന്ന ഖത്തര്‍ അധികൃതരോട് നാം ഒരുപാട് കടപ്പെട്ടിരിക്കുന്നു.

Wednesday, November 26, 2014

കുട്ടികള്‍ ദൈവത്തിന്റെ മാലാഖമാര്‍

ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത, ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത ആ ചെറു പ്രായം. മഴയും വെയിലും നിലാവുമെല്ലാം മനസ്സിന് പ്രത്യേക ആനന്ദം നല്കിയ കാലം. ഇന്ന് ഓരോ മഴ നൂലുകളും മനസ്സില്‍ നെയ്തു കൂട്ടുന്നത് ഓര്‍മകളുടെ പൂക്കാലമാണ്. ഓര്‍മകളുടെ നഷ്ടവസന്തമാണ്. ചാറ്റല്‍ മഴ നനഞ്ഞും കോരിച്ചൊരിയുന്ന മഴയിലൂടെയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ പള്ളിക്കൂടത്തിന്റെ പടിവാതില്‍ക്കല്‍ നീങ്ങിയ ആ ദിനങ്ങള്‍ അവിടെ നിന്നും ആദ്യമായി നുകര്‍ന്ന അറിവുകള്‍, കടലാസ് തോണിയുണ്ടാക്കി കൂട്ടുകാരികളോടൊപ്പം മഴ നനഞ്ഞു പോയ ആ കാലം ഇന്നും ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടിച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. ഓരോ അധ്യാപകരില്‍ നിന്നും ലഭിച്ച ആ അറിവുകള്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അവിടെ കളിക്കാനും ചിരിക്കാനും ആടാനും പാടാനും അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഉണ്ടായിരുന്നില്ല. കൂട്ടിനു കളിക്കാനായി പൂതുമ്പികളും  പുല്‍മേടുകളും പൂമ്പാറ്റകളും... തികച്ചും സ്വതന്ത്രമായ ഒരു ലോകം. അറിവിന്റെ ലോകത്ത് ആദ്യാക്ഷരങ്ങള്‍ നുകരാന്‍ വന്ന  ഒത്തിരി കൂട്ടുകാരും, ഒന്ന് വേദനിച്ചാല്‍, വീണാല്‍ കരയുമ്പോള്‍ സാന്ത്വനിപ്പിക്കാനും തലോടാനും സ്‌നേഹം നല്കാനും മാത്രം അറിയാവുന്ന അധ്യാപകര്‍.

ഇന്നലെകള്‍
മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് വീട്ടിലിരിക്കുന്ന അമ്മമാര്‍ക്ക് മക്കളുടെ സുരക്ഷയെ കുറിച്ച് അന്ന് വലിയ വേവലാതികള്‍ ഉണ്ടായിരുന്നില്ല. സൗഹാര്‍ദത്തിന്റെ പരസ്പരം സ്‌നേഹിക്കുന്ന ലോകമായിരുന്നു.  അതുകൊണ്ട് ഓരോ കുട്ടിയേയും സ്വന്തം കുട്ടികളെ പോലെയായിരുന്നു ഓരോരുത്തരും കണ്ടിരുന്നത്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പ്രത്യേകം സ്‌കൂള്‍ ബസ്സുകള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ വിട്ടു വീട്ടില്‍ പോകാന്‍ ഒന്നോ  രണ്ടോ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒന്ന് വന്നില്ലങ്കില്‍ തിരിച്ചു വരാന്‍ അടുത്ത ബസ് വരുന്നത് വരെ കാത്തിരിക്കണം. അഞ്ചും പത്തും കിലോമീറ്റര്‍ താണ്ടിയാണ് അന്ന്  സ്‌കൂളില്‍ പോയിരുന്നത്. ബസിറങ്ങിയാല്‍ വീണ്ടും കിലോമീറ്ററുകളോളം നടക്കണം. തിരിച്ചു വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ടിക്കഴിയും. മകന്‍ അല്ലെങ്കില്‍ മകള്‍ ബസ് കിട്ടാതെ വീട്ടിലെത്താന്‍ വൈകിയാല്‍ അവരുടെ ആധി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മക്കള്‍ വഴിയില്‍ വീഴുമോ എന്നായിരുന്നു. നാട്ടുകാരില്‍ ആരുടെയങ്കിലും കൈ പിടിച്ചു സുരക്ഷിതമായി തന്റെ മക്കള്‍ വീട്ടില്‍ എത്തുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. ചെറിയ മേനികളെ കാമ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കാമ വെറിയന്മാരായ മനുഷ്യപിശാചുക്കള്‍ അന്നില്ലായിരുന്നു. തന്റെ മക്കള്‍ പീഡിക്കപ്പെടുവെന്ന പേടി അതുകൊണ്ടുതന്നെ അവര്‍ക്കുണ്ടായിരുന്നില്ല.

സ്‌കൂള്‍ വിട്ടു തിരിച്ചു വരുമ്പോള്‍ മഴ നനയാതിരിക്കാന്‍ പരിചയമില്ലാത്ത ഏതെങ്കിലും വീടിന്റെ  ഉമ്മറത്ത്  കയറിയാല്‍, മഴ തോരാന്‍ ഇത്തിരി വൈകിയാല്‍, അവിടെയുള്ള അമ്മ, വീട് എവിടെയാണ് എന്ന് അന്വേഷിക്കും. നേരം ഇരുട്ടാകുകയാണെങ്കില്‍ അമ്മ, വീട്ടിലുള്ള മുതിര്‍ന്ന മക്കളോട് പറയും 'കുട്ടിയുടെ അമ്മ മകന്‍ വീട്ടില്‍ എത്താത് കൊണ്ട് വിഷമിക്കുന്നുണ്ടാകും. മോനും ഈ കുട്ടിയുടെ വീട് വരെ പോയി സുരക്ഷിതമായി അവനെ വീട്ടില്‍ എത്തിക്കൂ'. അവര്‍  കുട്ടികളുടെ  മതമോ ജാതിയോ നോക്കിയിരുന്നില്ല.   ഇത്തരം സ്‌നേഹ നിധികളായ അമ്മമാരെ ഇന്നും ഓര്‍ക്കുന്നു. മുകളില്‍ എഴുതിയത് ചെറുപ്പ കാലത്തിലെ ഞങ്ങളുടെ നാടായ നാദാപുരത്തിന്റെ ഒരു ചിത്രമാണ്.

ഞെട്ടലുളവാക്കുന്ന വാര്‍ത്തകള്‍
ഇന്ന് ആ ചിത്രം മാറുകയാണോ. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വളരെയധികം ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും വായിച്ചത്. സമാധാനം നഷ്ടപ്പെടുന്ന വാര്‍ത്തകളും കഥകളുമാണ് കേട്ടുകൊണ്ടിരിക്കുന്നത്. നാലര വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിരയായ വാര്‍ത്തയും പീഡനത്തിനിരയായ കൊച്ചുകുട്ടിയെ അപഹസിച്ച് മോശമായ രൂപത്തില്‍  സ്‌കൂള്‍ അധികാരി കൂടിയായ ഒരു പണ്ഡിതന്‍ നടത്തിയ പ്രസംഗവും ഓരോരുത്തരുടെയും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷ കിട്ടേണ്ട സ്ഥലമാണ് വീടും വിദ്യാലയവും സമൂഹവും, അവിടെ ഭയത്തിന്റേയും ഭീഷണിയുടെയും പീഡനത്തിന്റെയും അവസ്ഥ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ വളരെയധികം ദയനീയമാണ്. സ്‌നേഹ വിശ്വാസങ്ങള്‍ ഏറ്റവും കൂടുതല്‍ വേണ്ടിടത്ത് അതില്ലാതാകുമ്പോള്‍ നാം പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ നടക്കുന്നത് നൂറു ശതമാനം സാക്ഷരത നേടിയ അറിവിന്റേയും സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കേരളത്തിലാണ് എന്നത് ഒരു ദുഃഖസത്യമാണ്. ഒരുപാട് നവോഥാന നായകന്മാര്‍ ചേര്‍ന്ന് സമൂഹത്തില്‍ നടമാടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍ത്തലാക്കിയ നാടാണ് നമ്മുടേത്.

സാംസ്‌കാരിക നാദാപുരം
മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ വിജ്ഞാന വിപ്ലവം നയിച്ച പണ്ഡിതര്‍ നവീകരണ പരിഷ്‌കരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മണ്ണായിരുന്നു നാദാപുരം. നാദാപുരം ജുമാമസ്ജിദിലെ ദറസ് കേരളത്തിലാകെ പ്രസിദ്ധമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിവുകള്‍ തേടി വിദ്യാര്‍ഥികള്‍ അവിടെ വന്നിരുന്നു. പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ അവിടെ താമസിച്ചിരുന്നു. സാംസ്‌കാരിക വിപ്ലവങ്ങള്‍ക്ക് വിളക്ക് കൊളുത്താനും നിരവധി  സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം നല്കാനും സാംസ്‌കാരിക വേദികള്‍ ഉണ്ടാക്കാനും ഗ്രന്ഥാലയങ്ങള്‍ നിര്‍മിക്കാനും അവര്‍ക്ക് കഴിഞ്ഞു. വിവിധ വിജ്ഞാന ഗ്രന്ഥങ്ങള്‍ അവിടെ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. സംസ്‌കൃത പണ്ഡിതന്മാരായ ഹിന്ദു വിദ്വാന്മാരുമായി സൗഹൃദ  സംവാദം നടത്തിയിരുന്ന സംസ്‌കൃതം അറിയാവുന്ന പണ്ഡിതര്‍വരെ   അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഹജ്ജ് കര്‍മങ്ങളെ കുറിച്ച് മലയാളത്തില്‍ പുസ്തകം വിരളമായിരുന്ന കാലത്ത് നാദാപുരത്ത് തന്നെയുള്ള പണ്ഡിതനായിരുന്ന ഖാലിദ് (കലന്തന്‍) മുസ്‌ലിയാരുടെ ഹജ്ജ് കര്‍മ്മം  പ്രതിപാദിക്കുന്ന 'ഹാജിമാര്‍ക്ക് ഒരു ഉപഹാരം' അക്കാലത്ത് എഴുതപ്പെട്ടതായിരുന്നു. അക്കാലത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വഴികാട്ടിയായിരുന്നു ആ പുസ്തകം.  പിന്നീട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും വര്‍ത്തമാന പത്രങ്ങളും ഉള്‍പ്പെടുത്തിയ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന  മത സാമൂഹിക സാഹിത്യ ശാസ്ത്രീയ സാമ്പത്തിക വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥാലയം അവിടെ സ്ഥാപിക്കപ്പെട്ടു. വീട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന  വിജ്ഞാന കുതുകികളായ സ്ത്രീകള്‍ക്കും സ്‌കൂള്‍ കോളെജ്  വിദ്യാര്‍ഥികളും യുവജനങ്ങള്‍ക്കും ജാതി മത ഭേദമന്യേ  ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.

ജാതി വ്യവസ്ഥയും ജന്മിത്വ സമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു കുടിയാന്മാര്‍ ജന്മികള്‍ക്ക് മുമ്പില്‍ നേന്ത്രവാഴക്കുലയും പശുവിന്‍ നെയ്യും  കാഴ്ച വെക്കുന്ന കാലം. തൊഴിലാളികളും ജന്മി മുതലാളിമാരും കുടിയാന്മാരും ഉള്‍ക്കൊള്ളുന്ന സമൂഹം  ജാതിയുടെയും വര്‍ഗ്ഗത്തിന്റേയും പേരില്‍ വേര്‍തിരിക്കപ്പെട്ടവര്‍.  ദേശീയ പ്രസ്ഥാനത്തിന്റേയും സാമൂഹ്യനവോത്ഥാന യത്‌നങ്ങളുടെയും ഫലമായി ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ഇവിടെയും ശക്തിപ്പെടുകയായിരുന്നു. സംഘടിത കര്‍ഷകത്തൊഴിലാളി ബഹുജന പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചുവന്നു. ഇതിന്റെ യൊക്കെ പരിണിത ഫലമായി ഒരു പാട് നല്ല മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. നാദാപുരത്തിന്റെ പഴയ സാംസ്‌കാരിക ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി എന്ന് മാത്രം. വടക്കന്‍ പാട്ടിന്റേയും അങ്കത്തട്ടുകളുടേയും കളരി പരമ്പരകളുടേയും ചരിത്രമുറങ്ങുന്ന നാടെന്ന വിശേഷണങ്ങള്‍ കൂടിയുള്ള നാദാപുരത്തിനു നിരവധി സാംസ്‌ക്കാരിക കഥകള്‍ ഇനിയും പറയാനുണ്ട്.

പ്രതികരണം
ഇത്രയും  സാംസ്‌കാരിക പാരമ്പര്യമുള്ള നാട്ടില്‍ ഇത്തരം ഒരു സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. കുട്ടിയുടെ കുടുംബത്തെ അതിക്ഷേപിച്ച് സംസാരിച്ചത്  ഗൗരവകരമാണെന്ന് ബാലാവകാശ കമ്മീഷന്‍  അഭിപ്രായപ്പെട്ടതായി  പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം പീഡന വാര്‍ത്തകള്‍  നാദാപുരത്തിന്റെ ചൈതന്യത്തിനും ഒജസ്സിനും വീണ്ടും മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നതില്‍ മത വിഭാഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാകുന്നത് വേദനാജനകമാണ്. ഇവിടെ മത വിഭാഗങ്ങള്‍ക്കിടയിലുള്ള വഴക്കാവാതെ എല്ലാ മതവിഭാഗങ്ങളും ഈ അനീതിക്കെതിരെ ഒരുമിച്ച് ശബ്ദിക്കേണ്ടിയിരിക്കുന്നു.

ലൈംഗിക പീഡനത്തെ ഒരു സാമൂഹിക വിപത്തായി കണ്ട് ജാതി- മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു. നാളെ നമ്മുടെ ഓരോരുത്തരും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളരാനുള്ള ഇടം സൃഷ്ടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. നമ്മുടെ പ്രതിഷേധങ്ങള്‍ ഏതെങ്കിലും  രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ വ്യക്തി താത്പര്യങ്ങള്‍ക്കോ വേണ്ടി ആവാതെ നാളത്തെ തലമുറയെ രക്ഷിക്കാന്‍ വേണ്ടിയായിരിക്കണം അവര്‍ ഇത്തരം പീഡനത്തിനു ഇരയാകാതിരിക്കാന്‍ വേണ്ടി. എതങ്കിലും ഒരു പണ്ഡിതന്റെ  വില കുറഞ്ഞ വാക്കുകള്‍കൊണ്ട് എല്ലാ പണ്ഡിതന്മാരെയും കുട്ടപ്പെടുത്തുന്നതും ഒരു സ്ഥാപനത്തിന്റെ മോശമായ പ്രവര്‍ത്തികൊണ്ട് മറ്റു  നല്ല സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയും ശരിയല്ല. ഇതിന്റെ പേരില്‍ വല്ലാത്ത ഒരു ഭീതി സൃഷ്ടിക്കാതെ  ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിയമ നടപടികളുമായി മുമ്പോട്ട് പോകുകയാണ് വേണ്ടത്. ഒരു നിരപാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. കുറ്റം ചെയ്തത് ആരായാലും അവരെ ശിക്ഷിക്കുക തന്നെ വേണം.

സാംസ്‌കാരിക അധഃപതനം നേരിടുകയാണോ
സ്വന്തം അസ്തിത്വത്തെ പറ്റി ചിന്തിക്കാന്‍ കഴിയാതെ ഭൗതിക സുഖങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലുകള്‍ക്കിടയില്‍ പുതുതലമുറയുടെ സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ സാംസ്‌ക്കാരിക സംഘടനകളുടെയും ഗ്രന്ഥാലയങ്ങളുടെയും ശിലകള്‍ പോലും ഇന്ന് നഷ്ടപ്പെട്ടു പോകുകയാണ്. സാംസ്‌കാരിക നവോഥാന പണ്ഡിതന്മാരുടെ കഥകള്‍ കേട്ടായിരുന്നു പഴയ തലമുറ  വളര്‍ന്നത്. ഇന്നത്തെ തലമുറ അത് കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. ഗള്‍ഫ്  പണത്തിന്റെ ഫലത്തില്‍ പഴയ സംസ്‌കാരങ്ങളും ജീവിത  നിഷ്ഠയും കുറഞ്ഞു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ സംസ്‌കാരത്തിന്റെ അവകാശ വാദം പറയുമ്പോഴും  സാംസ്‌കാരിക ച്യുതിയിലേക്ക് നീങ്ങുകയാണോ നമ്മള്‍.  ഗള്‍ഫ് പണവും ഭൗതിക സുഖസൗകര്യങ്ങളും കൂടിയപ്പോള്‍ തങ്ങളുടെ കുട്ടികള്‍ ധാര്‍മികത എന്തെന്ന് മറന്നു പോകുന്നു. വളരെ പ്രയാസപ്പെട്ടു ജീവിച്ച പലര്‍ക്കും ഗള്‍ഫിന്റെ വാതിലുകള്‍ തുറന്നു കിട്ടിയപ്പോള്‍ പ്രവാസ ജീവിതം അവര്‍ക്ക് സമ്മാനിച്ചത് വലിയ സൗഭാഗ്യങ്ങളാണ്. ഓലമേഞ്ഞ വീടുകള്‍ കോണ്‍ക്രീറ്റ് സൗധങ്ങളായി, ഗ്രാമ ചിത്രങ്ങള്‍ മാറ്റപ്പെട്ടു, തിരിയിട്ട വിളക്കുകള്‍ക്ക് പകരം ഇലക്ട്രിക് ബള്‍ബുകള്‍ കൊണ്ട് അകത്തളങ്ങള്‍ പ്രകാശ പൂരിതമായി. ചെറുപ്പത്തില്‍ പഠിച്ചിരുന്ന ഓലമേഞ്ഞ സ്‌കൂളുകള്‍ക്ക് പകരം വലിയ സൗകര്യങ്ങളുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയി. കുട്ടികള്‍ക്ക്  വീട്ടിനു മുമ്പില്‍തന്നെ സ്‌കൂള്‍ വാഹനങ്ങള്‍ വരുന്നു, കാലില്‍  ചെളിയും മഴ വെള്ളവും നനയാതെ വിലകൂടിയ വസ്ത്രവും ബാഗും സുഗന്ധങ്ങളും ഉപയോഗിച്ചു ക്ലാസ് റൂമിലേക്ക് പോകാന്‍ കഴിയുന്നു. ഉപയോഗിക്കാന്‍ മൊബൈലും ലാപ് ടോപ്പും ഇന്റര്‍നെറ്റും. പല കുട്ടികളും ഫേസ് ബുക്കിലും  വാട്‌സ് ആപ്പിലും സമയം ചെലവഴിക്കുന്നു. മറ്റ് ഉപയോഗ ശൂന്യമായ കാണാന്‍ പാടില്ലാത്ത  സൈറ്റുകളില്‍ മേയുന്നു. പലപ്പോഴും ഇത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോകുന്നു. മറ്റൊരു വിഭാഗം കുട്ടികള്‍ നാല് ചുവരുകള്‍ക്കിടയില്‍ സൗഹൃദങ്ങളുടെ ലോകം എന്തെന്ന് അറിയാതെ അവരുടെ ചിന്തകളെ തളച്ചിട്ടിരിക്കുന്നു. സ്‌കൂളിന്റേയും വീടിന്റേയും മതിലുകള്‍ക്കുള്ളില്‍ നിന്നും പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ കഴിയാതെ ബന്ധങ്ങളുടെയും തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും വില മനസ്സിലാക്കാന്‍ കഴിയാതെ മാതാപിതാകളുടെ സമ്മര്‍ദ്ദം മൂലം പഠനം എന്നാ ഒരൊറ്റ ചിന്തയുമായി  സമൂഹത്തില്‍ നിന്നും ഒരു പാട് അകന്നു ജീവിക്കുന്നു.

ജീവിത നിലവാരം
ഇവിടെ ജീവിത നിലവാരം ഒരുപാടുയര്‍ന്നപ്പോള്‍ നമ്മുടെ സാമൂഹിക ബന്ധങ്ങളും സംസ്‌കാരവും എത്രത്തോളം ഉയര്‍ന്നിട്ടുണ്ട് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ കണക്കുകളും നിഷ്‌കളങ്ക മനസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരങ്ങളിലേക്ക്  കാമക്കണ്ണുകളോടെ നോക്കുന്ന കാമപൂര്‍ത്തീകരണത്തിനായി കാത്തുനില്‍ക്കുന്ന ക്രൂരന്മാരും കൂടി വരുന്നുണ്ട് എന്നാണ് സമീപകാല ചരിത്രം. അവരില്‍ സമൂഹത്തിലെ  ഉന്നതരുടെ മക്കളാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മറച്ചു വെക്കുകയും ഇരകള്‍ക്ക് കിട്ടേണ്ട നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പ്രവാസികളായ ഓരോ രക്ഷിതാക്കളും കുട്ടികളെ പറഞ്ഞയക്കുന്ന സ്ഥാപനങ്ങള്‍ തികച്ചും സുരക്ഷിതമായ സ്ഥാപനങ്ങള്‍ ആണെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു, മക്കളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം അവര്‍ക്ക്  ധാര്‍മിക ബോധം നല്കുകയും അവരുടെ ജീവിത രീതികള്‍ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

തന്റെ മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുമ്പോള്‍  കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്കാന്‍ കഴിയാതെ പട്ടിണി കിടന്നു തെരുവില്‍ കഴിയേണ്ടി വരുന്ന ഒരുപാട് മാതാപിതാക്കള്‍ ഉണ്ട്.  അവര്‍ക്ക് സ്വപ്നം കാണാന്‍ ഒരു നേരത്തെ ഭക്ഷണവും താമസിക്കാന്‍ ഒരിടവും മാത്രം അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, സ്വന്തം മക്കളെ ആര്‍ഭാടത്തോടെ വളര്‍ത്തുമ്പോള്‍ ഇത്തരം പാവപ്പെട്ട കുട്ടികളെ കണ്ടില്ല എന്ന് നടിക്കാതെ അവരെ സഹായിച്ചു അവരുടെ സ്വപ്നങ്ങളിലും പങ്കു ചേരാന്‍ നമുക്ക് കഴിയണം.

ദൈവത്തിന്റെ മാലാഖമാര്‍
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണ്. അവരാണ് നാളെ ഈ ലോകം നിയന്ത്രിക്കേണ്ടത്. അവരെ ഒരിക്കലും ക്രൂശിച്ചു കൂടാ. ബാലവേലകള്‍ ചെയ്യുന്ന അടിമ വേലകള്‍ ചെയ്യേണ്ടി വരുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ മോചിപ്പിക്കാന്‍ കഴിയണം. ആരോരുമറിയാതെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ലൈംഗികപീഡനം അനുഭവിക്കുന്ന  കുട്ടികളുണ്ടെങ്കില്‍ അവര്‍ എവിടെയായാലും അവര്‍ക്ക് സംരക്ഷണം നല്കണം. അവര്‍ മാനസിക വൈകൃതങ്ങള്‍ ഉള്ളവരായി വളരേണ്ട ഒരവസ്ഥ ഉണ്ടായാല്‍, ഭാവിയില്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരായി അവര്‍ വളര്‍ന്നാല്‍ അതിനുത്തരവാദികള്‍ സമൂഹം തന്നെയാണ്.

ഈ പ്രവാസ ലോകത്ത് നിന്നും ചെറിയ കുഞ്ഞങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങളെല്ലാം ഒരുവേള അലിഞ്ഞില്ലാതാകുന്നു. അത്രയും പവിത്രമായതാണ് അവരുടെ മുഖം.  അവര്‍ ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരാണ്  എന്ന് നാം അറിയുന്നു. ഈ കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ ഓര്‍മ വരുന്നു നമ്മുടെ ആ കുട്ടിക്കാലം. ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത നിഷ്‌കളങ്കമായ ആ ചെറു പ്രായം.  ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടി ച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്ക്കുന്ന ആ കുട്ടിക്കാലം! ഇത്തരം നിഷ്‌കളങ്കരായ കുട്ടികളെ പീഡിപ്പിക്കാന്‍ എങ്ങിനെ സാധിക്കുന്നു. അവര്‍ക്കെതിരെ സംസാരിക്കാന്‍ എങ്ങനെ കഴിയുന്നു.

Wednesday, October 22, 2014

"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല"


നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്, അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത് നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.

ലോകത്ത്  ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഖലീല്‍ ജിബ്രാന്‍്റെ പ്രവാചകനിലെ വരികളാണിവ. ജിബ്രാന്‍്റെ ജീവിത ദര്‍ശനങ്ങളുടെ സമാഹാരമാണ്
"പ്രവാചകന്‍". നാല്‍പ്പതിലധികം ഭാഷകളിലേക്കാണ് പുസ്തകം തര്‍ജമ ചെയ്യപ്പട്ടത്. ഇതുവരെ പുസ്തകത്തിന്‍്റെ നൂറു മില്ല്യനിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ദുഖത്തിന്‍്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുന്നത്,  ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട്  നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്‍്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്.  യുദ്ധത്തിന്‍്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്‍്റെ  മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്.  അത് കൊണ്ടായിരിക്കാം  മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്.

ജീവിതത്തിന്‍്റെ വിവിധ ഘട്ടങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ പ്രവാചകനിലൂടെ ജിബ്രാന് കഴിഞ്ഞു, ജീവിതത്തില്‍ തുടങ്ങി മരണത്തില്‍ വരെ എത്തുന്ന വിഭിന്ന വിഷയങ്ങള്‍. അല്‍മിത്ര എന്ന കഥാപാത്രം  ആവശ്യപ്പെടുന്നത് ജീവിതത്തെയും സ്നേഹത്തെയും മരണത്തെയും  കുറിച്ച് പറയാനാണ്. പുസ്തകത്തിന്‍്റെ ആദ്യത്തിലും അവസാനത്തിലും  അല്‍മിത്ര വരുന്നുണ്ട്.  ഈ  കഥാ പാത്രം നല്കുന്ന ജീവിത  ദര്‍ശനം ഒരു പാട് ആഴത്തിലുളളതാണ്, കഥയുടെ പശ്ചാതലത്തിനു എത്രത്തോളം ശക്തി പകരാന്‍ കഴിയുമെന്നു തെളിയുക്കുന്നതാണ് ജിബ്രാന്‍്റെ പ്രവാചകന്‍്റെ പാശ്ചാത്തലം.ജിബ്രാനെയും പൌലോ കൊയ്ലോയെയും  പോലെയുള്ള വിശ്വവിഖ്യാതരായ എഴുത്തുകാരുടെ പ്രത്യകേതയും അതുതന്നെയാണ്.

ദീര്‍ഘനാളുകള്‍ തങ്ങളോടൊപ്പം ജീവിച്ച, എന്നാല്‍ സ്വയം അകന്ന് താഴ്വാരത്തും  വൃക്ഷത്തണലുകളിലും  ജീവിതം ചിലവഴിച്ച  ഓര്‍ഫിലീസിലെ മുസ്തഫാപ്രവാചകനോട് വേര്‍പാടിന്‍്റെ ദിവസമത്തെിയപ്പോള്‍  ജനനമരണങ്ങള്‍ക്കിടയിലെ ജീവിതസത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെടുകയാണ്. പന്ത്രണ്ടു വര്‍ഷം ചിലവഴിച്ച ഓര്‍ഫലീസില്‍ നിന്നും ജനിച്ച നാട്ടിലേക്ക് പോകാൻ  വേണ്ടി കപ്പല്‍ കാത്തിരിക്കുകയാണ് പന്ത്രണ്ടാമത്തെ വര്‍ഷം വിളവെടുപ്പു മാസം കപ്പല്‍ തീരത്ത്് നങ്കൂരമിടുമ്പോള്‍, താഴ്വരയിലൂടെ നടക്കുകയാണ് പ്രവാചകന്‍. കടലിനഭിമുഖമത്തെിയപ്പോള്‍ തുറമുഖമണയുന്ന കപ്പലും അമരത്ത് തന്‍്റെ സ്വന്തം രാജ്യത്ത് നിന്നുള്ള നാവികരെയും കാണുന്നു.

മനസ്സില്‍  പന്ത്രണ്ടു വര്‍ഷത്തെ ദു:ഖവും സന്തോഷവും ഇടകലര്‍ന്നു തുടങ്ങി.
എങ്ങിനെ, ഇവിടം വിട്ടു പോകാനെനിക്ക് കഴിയും?
ഏകാന്തമായി ദീര്‍ഘ കാലം ദുഖത്തിലും സന്തോഷത്തിലും ചെലവഴിച്ച ഈ പട്ടണം എങ്ങിനെ എനിക്കുപേക്ഷിക്കാന്‍ പറ്റും?
എങ്കിലും പോയെ പറ്റൂ. തീരത്തേക്ക്  നടന്നു,
കപ്പല്‍ തീരത്തേക്ക് അടുത്ത് വരുന്നു.
അപ്പോഴാണ് താഴ്വരയുടെ അടുത്തു കൂടെ ജനക്കൂട്ടം ധൃതിയില്‍ വരുന്നത് അയാള്‍ കാണുന്നത്.
ഈ വേര്‍പിരിയലിന്‍്റെ ദിവസം ഞാനെന്താണ് അവര്‍ക്ക്  നല്കുക?
അവനെ ദര്‍ശിക്കാനത്തെിയ ജനങ്ങള്‍ ഏക സ്വരത്തില്‍ "അവനെ വിളിച്ചു കേഴാന്‍ തുടങ്ങി".
ഞങ്ങള്‍ക്ക് നീ അന്യനല്ല ഞങ്ങളുടെ  ആത്മ മിത്രമാണ് താങ്കള്‍.
കടല്‍തിരകള്‍ നമ്മളെ തമ്മില്‍ വേര്‍പിരിക്കാതിരിക്കട്ടെ,
ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച വര്‍ഷങ്ങള്‍ ഓര്‍മ മാത്രമാകാതിരിക്കട്ടെ.

അവന്‍ അവരോടൊപ്പം  പ്രാര്‍ത്ഥനാലയത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനാലയത്തില്‍ നിന്നും ഒരുവള്‍ പുറത്തു വന്നു. 
"അവളായിരുന്നു അല്‍മിത്ര"  അവള്‍ മുസ്തഫാ പ്രവാചകനോട്  ചോദിക്കുന്നു.

ഇക്കാല മാത്രയും നിങ്ങൾ  സത്യാന്യേഷനതിനായുള്ള ധ്യാനത്തിലായിരുന്നല്ലോ? 
പരമായതിനെ കണ്ടത്തിയ നിങ്ങൾക്ക് യാത്രയാകാനുള്ള കപ്പൽ ഇപ്പോഴിതാ തീരത്തണഞ്ഞിരിക്കുന്നു. നിനക്ക് പോകുവാൻ സമയമായിരിക്കുന്നു.
പോകുന്നതിനു മുമ്പ്  നീ കണ്ട സത്യങ്ങൾ ഞങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തൂ,
നിങ്ങള്‍ കണ്ട കാഴ്ചകളും ജീവിത സത്യത്തെ പറ്റിയും ഞങ്ങല്ക്ക്  പറഞ്ഞു തരൂ?
ഞങ്ങളത് മക്കളിലൂടെ അടുത്ത തലമുറയ്ക്കു കൈമാറും.

അവൻ പറഞ്ഞു. ഞാനെന്താണ് സംസാരിക്കുക?
അപ്പോള്‍ "അല്‍മിത്ര പറഞ്ഞു"
ഞങ്ങളോട് സ്നേഹത്തെ  കുറിച്ചു പറഞ്ഞാലും, 
അവന്‍ സ്നേഹത്തെ കുറിച്ചു സംസാരിച്ചു. 
ശേഷം ഓരോരുത്തരായി ചോദിക്കുന്ന ചോദ്യങ്ങളും അതിനു നല്കുന്ന   മനോഹരവും ചിന്തോദ്ധീപകവുമായ ഉത്തരങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.  ചോദ്യകര്‍ത്താക്കളില്‍ കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ പറയുന്ന അമ്മയും ദാനത്തെക്കുറിച്ച് പറയാനാവശ്യപ്പെടുന്ന ധനികനും ഭക്ഷണ പാനീയത്തെ പറ്റി ചോദിക്കുന്ന സത്ര സൂക്ഷിപ്പുകാരിയും ജോലിയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ഷകനുമുണ്ട്.

വീടുകളെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന കല്‍പ്പണിക്കാരന്‍, വസ്ത്രങ്ങളെക്കുറിച്ച് ചോദിക്കുന്ന നെയ്ത്തുകാരന്‍, വിപണനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന വ്യാപാരി, തെറ്റും ശരിയും  എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ന്യായാധിപന്‍, നിയമങ്ങളെന്താണെന്ന് ചോദിക്കുന്ന അഭിഭാഷകന്‍, അധ്യാപനത്തെ കുറിച്ചു പഠിക്കാനൊരുങ്ങിയ അദ്ധ്യാപകന്‍ എന്നിവരെയും കാണാം.

ദുഖത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും അറിയാന്‍ കൊതിക്കുന്ന സ്ത്രീയും മതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന പുരോഹിതയും യുക്തിയെ കുറിച്ചും വികാരത്തെ പറ്റിയും ചോദിക്കുന്ന പുരോഹിതയും സൗഹൃദമെന്തന്നെ് തിരക്കുന്ന യുവാവും വേദനയുടെ പൊരുൾ തേടുന്ന സ്ത്രീയുമുണ്ട് ആ കൂട്ടത്തില്‍. ഇവര്‍ക്കൊക്കെയും ദാര്‍ശനികമായ  ഉത്തരം നല്‍കി മുസ്തഫാ പ്രവാചകന്‍.

ഒടുവിൽ അവൻ പറഞ്ഞു. നമുക്ക് പിരിയാന്‍ സമയമായിരിക്കുന്നു, ഓര്‍മയുടെ അരണ്ടവെളിച്ചത്തില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെങ്കില്‍ നമുക്ക് ഇനിയും സംസാരിക്കാം.  അവൻ നാവികരെ വിളിച്ചു, കപ്പലില്‍ കയറി അവിടെ നിന്നും ദൂരത്തേക്ക് നീങ്ങി, ജനങ്ങളില്‍ നിന്നും ഒരേ സ്വരത്തില്‍ രോദനം ഉയര്‍ന്നു. കപ്പല്‍ അപ്രത്യക്ഷമാകുന്നത് വരെ അല്‍മിത്ര മാത്രം മിണ്ടാതിരുന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞു പോയിട്ടും അവന്‍്റെ വചനം മാത്രം ഓര്‍ത്ത് കൊണ്ട് കടല്‍ഭിത്തിയില്‍ അവള്‍ മാത്രം നിശ്ചലയായി ഇരുന്നു.
കൈ കുഞ്ഞുമായി വന്ന യുവതി കുഞ്ഞുങ്ങളെ പറ്റി പറയാൻ ആവശ്യപ്പെട്ടപ്പോൾ ജിബ്രാൻ പറഞ്ഞത് നോക്കൂ.
"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല
ജീവിതത്തിന്, ജീവിതത്തോടുള്ള പ്രണയത്തില്‍ ജനിച്ചവരാണവര്‍
അവര്‍ വന്നത് നിങ്ങളിലൂടെയാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല
അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്,
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത്
നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും  അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം   
ഒരിക്കലും  അവരെ നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്."
 
വർത്തമാന കാലത്തെ  രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു കൊണ്ട് എഴുതിയ വരികൾ ആണോ ഇതെന്ന് തോന്നും ജിബ്രാന്റെ  ഈ വരികൾ വായിക്കുമ്പോൾ.

തന്റെ മക്കൾ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വളരണമെന്നു ചിന്തിക്കുന്ന രക്ഷിതാക്കൾ, സ്കൂളിന്റെ ശിക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ അദ്ധ്യാപകരിൽ നിന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ,   പരീക്ഷയ്ക്കും മത്സരത്തിനും ഒന്നാമാനാക്കുക, അതിനു കഴിവുണ്ടോ ഇല്ലയോ എന്ന് നോക്കാതെ അവരുടെ  അഭിരുജി പരിഗണിക്കാതെ മക്കളെ നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. സ്കൂളിന്റെയും  വീടിന്റെയും മതിലുകൾക്കുള്ളിൽ നിന്നും പുറത്തുള്ള കാഴ്ചകൾ കാണാൻ കഴിയാതെ  ബന്ധങ്ങളുടെയും  തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൌഹ്ര്ടത്തിന്റെയും സ്നേഹത്തിന്റെയും വില മനസ്സിലാക്കാൻ  കഴിയാതെ സമൂഹത്തിൽ നിന്നും ഒരു പാട് അകലുന്ന കുട്ടികൾ.  മലയാളം പറഞ്ഞതിന്റെ പേരിൽ കുട്ടിയുടെ മുടി മുണ്ഡനം ചെയ്യപ്പെട്ടതും, ഡ്രസ്സ്‌ അഴിച്ചു  മാറ്റി  മറ്റു കുട്ടികളുടെ മുമ്പിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയതും അവസാനമായി കുട്ടിയെ പട്ടി ക്കൂട്ടിൽ അടച്ച വാർത്തകൾ നാം വായിച്ചതും കേട്ടതും നമ്മുടെ പ്രഭുദ്ധ കേരളത്തിൽ നിന്നാണെന്നത്  നമ്മെ ഒരു പാട് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ നിന്നും വല്ലാതെ വീർപ്പു മുട്ടുകയാണ് കുട്ടികൾ, ബാങ്ക് ലോണ്‍ എടുത്തും കടം  വാങ്ങിയും  താങ്ങാവുന്നതിലധികം  ഫീസ്‌  കൊടുത്ത്   വലിയ സ്കൂളുകളിൽ  തങ്ങളുടെ  മക്കളെ  പഠിപ്പിക്കാൻ  മത്സരിക്കുന്ന  രക്ഷിതാക്കൾ, അത് മൂലം കുട്ടികളെ കച്ചവടച്ഛരക്കായി കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒരുപാട്  വളർന്നു വരികയും സർടിഫികട്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു യന്ത്രമായി കുട്ടികളെ മാറ്റുകയും ചെയ്യുമ്പോൾ  മുകളിൽ എഴുതിയ ജിബ്രാന്റെ ചില വരികൾ ഈ വർത്തമാന കാലത്തും ഏറെ പ്രശസ്ത മാകുകയാണ്.

എന്ത് കൊണ്ട് ജിബ്രാന്‍ സ്നേഹത്തെ കുറിച്ചു പറഞ്ഞുകൊണ്ട്  സംസാരം തുടങ്ങി? മനുഷ്യരാശിക്ക് നഷ്ടമാവാന്‍ പാടില്ലാത്ത അമൂല്യ സ്വത്ത് സ്നേഹമാണ്. യുദ്ധത്തിന്‍െറ അലയൊലികൾ നിലക്കാത്ത ലോകത്ത് പരസ്പരസ്നേഹം നിലനില്‍ക്കല്‍ അനിവാര്യമാണെന്ന് കരുതിയതിനാലാവാം. മനുഷ്യ രാശിയുടെ ആതുരതകളെ മുഴുവൻ സ്നേഹത്തിന്റെ പൊൻതൂവൽ കൊണ്ട്  തുടച്ചു നീക്കാനുള്ള മാന്ത്രിക മൊഴികൾ നല്കാൻ  പ്രവാചകനിലൂടെ ജിബ്രാൻ ശ്രമിച്ചത്.  ഒടിഞ്ഞ ചിറകുകളില്‍ സല്‍മാ കറാമ എന്ന കഥാപാത്രത്തിലൂടെ  പ്രേമത്തെ കുറിച്ചു പറഞ്ഞ ജിബ്രാന്‍ തികച്ചും വ്യത്യസ്തമായ ദാര്‍ശനിക തലത്തില്‍ നിന്നുകൊണ്ടാണ് പ്രവാചകനില്‍ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്.

കെ ടി സൂപ്പി തന്‍്റെ പഠനത്തില്‍ പറഞ്ഞത് പോലെ  "നവോഥാനത്തിലൂടെ പുഷ്പിച്ചുതുടങ്ങിയ പാശ്ചാത്യസംസ്കൃതി അതിന്‍്റെ ഉത്തുംഗതയില്‍ പരിലസിച്ചുനിന്ന ശാസ്ത്രകാലമായിരുന്നു ഇരുപതാം നൂറ്റാല്‍ിന്‍്റെ ആദ്യദശകം. ശാസ്ത്രം അതിന്‍്റെ മാന്ത്രിക വെളിച്ചത്താല്‍ മനുഷ്യനെ മോചിപ്പിക്കുമെന്ന് മോഹിച്ചുപോയ മനുഷ്യവസന്തം. ആ പ്രതീക്ഷ അസ്ഥാനത്താക്കി, ശാസ്ത്രീയനേട്ടങ്ങള്‍ മനുഷ്യക്കുരുതിക്ക് വഴിയൊരുക്കുമെന്ന് ഒന്നാംലോകമഹായുദ്ധം തെളിയിച്ചു. അധികാരികളുടെ ഉപകരണമായി ശാസ്ത്രം തരംതാണു. യുദ്ധടാങ്കുകള്‍ മനുഷ്യചരിത്രം ക്രൂരമായി തിരിച്ചഴെുതി. ടി.എസ്. എലിയറ്റ്-'ദ വെയ്സ്റ്റ് ലാന്‍ഡും', ഓസ്‌വാള്‍ഡ് സ്‌പെന്‍ഗ്ലര്‍-'ദി ഡിക്ലയിന്‍ ഓഫ് ദി വെസ്റ്റും' എഴുതിയത് ഈ അസുരനാളുകളിലാണ്. 'ക്രൂരമായ ഏപ്രില്‍ മാസ'ത്തെക്കുറിച്ച് മഹാകവി എലിയറ്റ് വാചാലമായ സമകാലീന ബോധത്തില്‍നിന്നുതന്നെയാണ്  ജിബ്രാന്‍ ഇംഗ്ലീഷ് ഭാഷയില്‍ 'ദ പ്രോഫറ്റ്' രചിക്കുന്നതും. യുദ്ധത്തെക്കുറിച്ച് പ്രത്യക്ഷത്തിലൊന്നും  പറയാതെ, അതിന്നെതിരെ ശക്തമായ ഒരു ആത്മീയ പ്രതിരോധം തീര്‍ക്കുകയായിരുന്നു അദ്ദഹേം. യുദ്ധക്കളത്തില്‍നിന്നും ഇത്തിരി മാറി സ്നേഹത്തിന്‍്റെ  പച്ചത്തുരുത്തില്‍ ദിവ്യമായ ഒരു പൂവാടി ഒരുക്കുകയായിരുന്നു ഈ മഹാകവി. മഹായുദ്ധങ്ങളെല്ലാം കഴിഞ്ഞാലും മനുഷ്യന് പിന്നെയും തിരിച്ചുനടക്കാനാവുക ജീവിതശേഷിപ്പിന്‍്റെ ഈ പൂന്തോട്ടത്തിലേക്കുതന്നെയായിരിക്കും".

സ്നേഹത്തെ പറ്റിയും ജീവിത സൌന്ദര്യത്തെ പറ്റിയും ഇത്രയും വിശാലമായി പറഞ്ഞ ജിബ്രാന്റെ ഓരോ കൃതികളും ഈ  പ്രവാസജീവിതത്തിനിടയിൽ  വായിക്കുമ്പോള്‍ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നു. സ്വപ്നച്ചൂടില്‍ തിളക്കുന്ന പ്രവാസ മനസ്സിനെ കുളിര്‍പ്പിക്കാന്‍ ജിബ്രാന്‍്റെ ഓരോവരികള്‍ക്കും കഴിയുന്നു. ജീവിത സൌന്ദര്യത്തെ കുറിച്ചു ജിബ്രാൻ എഴുതി ജീവിതത്തിന്‍്റെ ഹൃദയം കണ്ടത്തെുമ്പോള്‍ നഗ്നമായ കണ്ണുകളില്‍പോലും  നാം സൗന്ദര്യം ദര്‍ശിക്കുന്നു. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൗന്ദര്യം. മറ്റുളളവ നമ്മുടെ ഭാവനയിലെ രൂപങ്ങള്‍ മാത്രമാണ്, വാക്കുകളില്‍ കോറിയിടുന്ന അഭിപ്രായങ്ങളല്ല  രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗങ്ങളാണ് കവിതകള്‍ എന്ന് ജിബ്രാന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ജിബ്രാന്‍്റെ പ്രവാചകന്‍ ഇന്ന് ചലച്ചിത്രത്തിലൂടെയും നമ്മോട് സംവദിക്കുന്നു. പ്രവാചകന്‍െറ ചലച്ചിത്രാവിഷ്കാരം ദോഹയിലെ സിനിമാ പ്രേമികള്‍ക്ക് ഡിസംബറില്‍ നടക്കാനിരിക്കുന്ന ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അജയാന്‍ യൂത്ത് ഫിലിം ഫെസ്റ്റിന്‍്റെ സമാപനം ചടങ്ങില്‍ കാണാം. എണ്‍പത്തി നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ടൊറന്‍്റോ അന്തര്‍ദേശീയ ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് ദോഹയില്‍ നടക്കുന്നത്. ജിബ്രാന്‍്റെ പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ പോലെ തന്നെ പ്രണയം, ജോലി, നന്മ, തിന്മ, മരണം, സ്വാതന്ത്ര്യം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ തന്മയത്വത്തോടെ ചലച്ചിത്രം പ്രമേയവല്‍ക്കരിച്ചിരിക്കുന്നു. ഡി ലയണ്‍ കിംഗ് എന്ന സിനിമയുടെ സംവിധായകന്‍ റോജർ അല്ലയെസ് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്, സിനിമയുടെ നിര്‍മ്മാണം ലോക പ്രശസ്ത നടിയും സംവിധായകയുമായ സൽമ ഹയ്ക് നിര്‍വഹിച്ചിരിക്കുന്നു. തന്‍്റെ ലബനാന്‍ പൈത്രുകത്തിലെക്കുള്ള എത്തി നോട്ടം  കൂടിയാണ് സിനിമ എന്നും അറബ് വനിതയായ  തനിക്കു സിനിമയില്‍ എങ്ങിനെ സാന്നിധ്യമറിയിക്കാമെന്ന ചോദ്യത്തിന്‍്റെ മറുപടി കൂടിയാണ് ചലച്ചിത്രമെന്നും സൽമ ഹയ്ക് പറയുന്നു. അറബ് കുടുംബത്തിനും കുട്ടികള്‍ക്കുമായി അജിയാൽ യൂത്ത് ഫിലിം ഫെസ്റ്റില്‍ മനോഹരമായ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും അവര്‍ പറഞ്ഞു.

Thursday, October 2, 2014

അറഫയിലെ വെള്ളരി പ്രാവുകൾ

ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. ഇപ്രാവശ്യത്തെ അറഫ ദിനം (ഒക്ടോബർ 3 വെള്ളിയാഴ്ച)  നാളെയാണ്. പരമമായ വിനയത്തിന്‍െറ വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അറഫാ മൈതാനിയിൽ ഒരുമിച്ചു  കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്‍െറ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്‍െറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും ദൈവത്തിന്റെ  കരുണയ്ക്കായി കൈ ഉയര്‍ത്തി പ്രാർഥിക്കുന്നു.

ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങളും  സ്തോത്രാലാപനങ്ങളും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം.

 ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങൾ മാത്രം. ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്. സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കി  അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ഓർത്തെടുത്ത്  അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ പ്രാർതനയാൽ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം. പ്രാര്‍ഥിച്ചും ധ്യാനിച്ചും ദൈവത്തിന് മുന്നില്‍ സ്വയം സമര്‍പ്പിച്ചും ഒരു പകല്‍ മുഴുവന്‍ അറഫ മൈതാനിയില്‍ അവർ ചിലവഴിക്കുന്നു.

അറഫയില്‍ പങ്കെടുക്കാത്ത വിശ്വാസികൾക്ക് അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്  നോമ്പ് അനുഷ്ടിക്കൽ പുണ്യ കർമമാണ്   ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  നരകാഗ്നിയില്‍നിന്ന് ദൈവം തന്‍െറ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം. അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും വില എന്താണ് മനസ്സിലാക്കിക്കൊടുക്കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു. വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്.

ബലി പെരുന്നാൾ
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു. നമ്രൂടിന്റെ ബിംബങ്ങൾ ഇബ്രാഹിം തച്ചുടചപ്പോൾ  നംറൂദ്   ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. പക്ഷെ ദൈവം ഇബ്രാഹിമിനെ  തീയിൽ നിന്നും രക്ഷിച്ചു.
"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."
ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘
ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?
ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘
അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .
‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’
ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.
ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.

"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!

ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.
ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു.

വീണ്ടും മറ്റൊരു പരീക്ഷണം
വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു, മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും. "മകനെ  ബലിയര്‍പ്പിക്കണമെന്ന്".
ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"

ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു
`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു
.
പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`
ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.
 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".
അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.
പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.
ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".
അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍ ബലി അറുക്കുന്നതും ബലിപെരുന്നാള്‍ ആഘോഷിക്കുന്നതും 

Wednesday, September 24, 2014

ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ. നമ്മുടെ രാജ്യത്തിന്റെ ചരിത്ര വിജയത്തിൽ നമുക്ക് അഭിമാനിക്കാം. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണിത്.

ആദ്യ ദൌത്യത്തിൽ തന്നെ  മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയിരിക്കുന്നു.  അനേകം ശാസ്ത്രഞ്ജന്മാരുടെ ദീർഘ കാലത്തെ പരിശ്രമ ഫലമായാണ്‌ ഈ വിജയം. ഈ ദൌത്യത്തിൽ പങ്കെടുത്ത മുഴുവൻ ശാസ്ത്രഞ്ജന്മാരെയും നമുക്ക് അഭിനന്ദിക്കാം.

2013 നവംബർ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഒരുപാട് വെല്ലു വിളികൾ അതിജയിച്ചാണ് ഇന്ന് (2014 സെപ്റ്റംബർ 25 നു) അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷ ഘടന, ജീവന്റെ സ്പന്ദനം (മുന്‍കാലങ്ങളില്‍ ഇവിടെ  സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ) ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കുറിച്ചു പഠിക്കാൻ മംഗള്‍യാന്‍ സഹായമാകുമെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഇതുമൂലം പുതിയ കണ്ടത്തലുകൾ നടത്താനും ശാസ്ത്ര ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കാനും നമ്മുടെ ശാസ്ത്രഞ്ജർക്ക് കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ഈ ഒരു വിജയത്തിലൂടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ യശസ്സ് വീണ്ടും ഒരു പാട് ഉയർന്നിരിക്കുകയാണ്, ഇനിയും ഒരു പാട് ഉയരത്തിൽ എത്താൻ നമ്മുടെ രാജ്യത്തിന്‌ കഴിയട്ടെ.

നിലവിൽ ചൊവ്വ ദൗത്യം വിജയിച്ച രാജ്യങ്ങളായ റഷ്യ അമേരിക്ക, യൂറോപിയൻ സ്പേസ് ഏജൻസി ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇനി നമ്മുടെ രാജ്യത്തിന്റെ പേരും. വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇതോടെ ഇന്ത്യ മാറി.

ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറഞ്ഞ പണം ചിലവഴിച്ചു വിജയം കണ്ടു എന്ന പ്രത്യേകതയും, ദൗത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം എന്ന പതവിയും നമ്മുടെ രാജ്യത്തിനു സ്വന്തം. ഇതിനു വേണ്ടി പ്രവർത്തിച്ച ഐ എസ് ആര്‍ ഒ  ശാസ്ത്രലോകത്തിന് ഒരിക്കൽ കൂടെ എല്ലാ വിധ ആശംസകളും.

  •  ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിക്ഷേപിച്ച രാജ്യം
  • ആദ്യ പരീക്ഷണത്തിൽ വിജയിച്ചു
  • ദൌത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം
  • നാലാമത്തെ ശക്തി (മറ്റു മൂന്നു ശക്തികൾ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് എജെൻസി)
Related Posts Plugin for WordPress, Blogger...