Wednesday, February 5, 2014

വിസ്മയിപ്പിക്കുന്ന ചിത്രകലാ ക്യാംപ്

കല മനുഷ്യന്റെ വൈകാരികമായ അവസ്ഥയുടെ ബഹിസ്ഫുരണമാണ്. സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, വ്യത്യസ്തമായ ഈ ദർശനങ്ങൾ ചില ബിംബങ്ങളുടെ സഹായത്തോടെ ചിത്രകാരന്മാർ അനാവരണം ചെയ്യുമ്പോൾ  ഭൗതികമായ വ്യാഖ്യാനങ്ങൾ  അനിവാര്യമായിത്തീരുന്നു.  കേവലാനന്ദസംവേധനത്തിനപ്പുറം കലയെ പറ്റി ചിന്തിക്കുകയും പ്രവർത്തിക്കുക്കയും ചെയ്യുന്ന ഒട്ടനവധി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്, ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കുവാനും  അതിനു സുസംഘടിതമായ  ദിശാബോധം നല്കാനും കഴിവുള്ള ചിത്രകാരന്മാരെ തിരിച്ചറിയേണ്ടത് സാമൂഹിക സാംസ്കാരിക സംഘടനകളുടെ കർത്തവ്യമാണ്, ഇതിന്റെ ഭാഗമായി ഫ്രണ്ട്സ് കൾചറൽ സെന്റർ (എഫ് സി സി)  ഖത്തറിലെ  പ്രൽഭരായ ചിത്രകാരന്മാരുടെ  ഒരു സംഗമ വേദി അണിയിച്ചൊരുക്കുകയായിരുന്നു. ആധുനിക ചിത്ര കലയെ അടുത്തറിയാനും അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാനും നവീന ദൃശ്യ ഭാഷാ സംസ്കാരം വളർത്തിയെടുക്കുവാനും ഈ ചിത്ര കലാ ക്യാമ്പിലൂടെ ഇതിന്റെ പ്രവർത്തകർ ശ്രമിച്ചു. ചിത്ര ഭാഷയെന്നത് സാഹസത്തിൽ സാംഷീകരിച്ചെടുക്കാവുന്ന കാഴ്ച്ചയുടെ സംസ്കാരമെന്ന് കരുതുന്ന കലാ കാരന്മാരാണ് അധികവും. ഒരു ഛായാചിത്രം പ്രകൃതി ചിത്രീകരണം എന്നിവ കൊണ്ട് മാത്രം മാധ്യമ ശ്രദ്ധ നേടുക എന്നതിനപ്പുറം ചിത്രകാരെനെന്ന നിലയിൽ ചിരപ്രതിഷ്ഠ നേടാൻ ഇവർക്ക് സാധിക്കുന്നില്ല. വികലമായ ദുർഗ്രഹത സൃഷ്ടിച്ചു പലപ്പോഴും ആസ്വാദകരിൽ നിന്നും അകലുന്നു. ഈ തിരിച്ചറിവായിരിക്കും ഖത്തര്‍ കേരളീയം സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി  ഇത്തരമൊരു ക്യാമ്പിനെ പറ്റി ചിന്തിക്കാൻ എഫ് സി സി യെ പ്രേരിപ്പിച്ചത്. മനുഷ്യസൃഷ്ടിക്കുള്ള ആഹ്വാനമാണ് കല. മുഴുവന്‍ കലാസൃഷ്ടികളും നാം പെടാത്ത ഒരു ലോകത്തെക്കുറിച്ചുള്ള അവബോധമാണ്. മറ്റൊരു ലോകത്തെയും ക്രമത്തെയും സ്വപ്‌നം കണ്ടുകൊണ്ടാണ് ചിത്രകലയെ ചിത്രകാരന്‍ തന്റേതുമാത്രമായ ചിന്തയിലൂടെ ആവിഷ്‌കരിക്കുന്നത്.

കല, കലയ്ക്കുവേണ്ടി എന്നതിനപ്പുറം കല മാനവികതയുടെ ആവിഷ്‌കാരത്തിന് ഉപയോഗപ്പെടുത്തുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. സംഭാഷണരഹിതമായ ചിത്രകലയെ പുതിയലോകത്തെ സൃഷ്ടിക്കാന്‍ ചിത്രകാരന്മാര്‍ക്ക് സാധിക്കണമെന്ന്  എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ ക്യാമ്പ് ഉത്ഘാടന വേളയിൽ പറഞ്ഞു.
ഇന്ത്യയിൽ ജനിച്ചു വളർന്ന ഒട്ടനവധി ചിത്രകാരന്മാർ പ്രവാസികൾക്കിടയിലുണ്ട്. ഈ മേഘലയിൽ കഴിവ് തെളിയിച്ച ചിത്രകാരന്മാരും ചിത്രകാരികളും ഒത്തു ചേരുകയും അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും പൂർവകാല ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു ഈ ക്യാമ്പിലൂടെ.  ഒരോ ചിത്രവും ഓരോ അനുഭവമായിരുന്നു  രൂപങ്ങളെ, വര്‍ണങ്ങളെ, പ്രതലങ്ങളെയൊക്കെ ഭേദിച്ചു കൊണ്ടുള്ള ഒരു ഉത്തമ കലാവിഷ്കാരം. ക്യാമ്പിൽ നിന്നും കാൻവാസിലേക്ക്  വർണ്ണം പകർന്നു തുടങ്ങിയപ്പോൾ അത് ദോഹയിലെ കലാ സാംസ്കാരിക കൂട്ടായ്മയിൽ പുതിയ ചരിത്രവും അനുഭവവുമായി. ഇന്ത്യയിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്ന് കടൽ കടന്നു വന്ന ഇവർ ചിത്ര കലയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരായിരുന്നു. കലയായും ജീവിത ഉപാധിയായും വർണ്ണങ്ങളെ അക്ഷരാർഥത്തിൽ ഉപാസിക്കുന്നവർ. ഇങ്ങനെയുള്ള കുറച്ചു പേര്  ഒരു മുറ്റത്ത് അണിനിരന്നപ്പോൾ അവർ  വരച്ചു തീർത്ത ഇരുപതോളം  ചിത്രങ്ങൾ  ചിത്ര കലയെ സ്നേഹിക്കുന്നവർക്ക്  നിർവചിക്കാനാവാത്ത അനുഭൂതിയാണ് നല്കിയത്.

പൊതുസമൂഹത്തിലെ പല കാര്യങ്ങളോടും ബോധപൂർവ്വം  സൃഷ്ടിക്കാതെതന്നെ  കലാകാരന്റെ  പ്രതിപ്രവര്‍ത്തനം ചിത്രത്തിൽ വന്നു കൊള്ളൂമെന്ന് പറയുന്നത് ശരിക്കും  അന്വർതമാക്കുന്നതായിരുന്നു പല ചിത്രങ്ങളും. ചിത്രകല എന്നത് തികച്ചും വ്യക്തിപരമായ ആവിഷ്കരണമായത് കൊണ്ട് തന്നെ ഓരോരുത്തരും തങ്ങളുടെ സ്വതന്ത്ര ചിന്തയിലൂടെ  സ്വന്തമായ കൈയ്യൊപ്പ് ചാർതുകയായിരുന്നു. ലോകകലാരംഗത്തെ സമകാലികമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങൾ ചിത്രകലയിലെ സജീവമായ വര്‍ത്തമാനം, ആധുനിക  ചിത്രങ്ങള്‍, പ്രവാസ ജീവിതവും  പരിസ്ഥിതിപ്രശ്‌നങ്ങളും കാലാവസ്ഥാമാറ്റവും വ്യതിയാനവും പ്രമേയമാക്കിയ ചിത്രങ്ങൾ ഇങ്ങനെ ഇരുപതോളം ചിത്രങ്ങൾ മൂന്നു ദിവസം കൊണ്ട്  "കളർസ് ഓഫ് പാരഡയ്സ്" എന്ന പേരിലൂടെ   സൃഷ്ടിക്കപ്പെടുകയായിരുന്നു.  ഈ പത്തു  കലാകാരന്മാരിൽ ആറു പേര് മലയാളികളായിരുന്നു.  അസമിൽ നിന്ന് രണ്ടു പേരും ചത്തിസ്ഖഡിൽ നിന്നും  ബംഗാളിൽ നിന്നുമുള്ള ഓരോ കലാ കാരന്മാരും. മലയാളികളുടെ സാന്നിധ്യം ഏറെ സന്തോഷം നല്കി. ഇന്ന് ഇന്ത്യന്‍ ചിത്ര-ശില്പ കലയില്‍ നൂതനമായ പല പരീക്ഷണങ്ങളും നടത്തി അസൂയാവഹമായ പല നേട്ടങ്ങളും ഈ രംഗത്ത് കൈവരിച്ചവരില്‍ അധികവും മലയാളികളാണ് എന്നത് നമുക്ക് ഇവിടെ ഓർക്കാം, അതു തുടരുകയുമാണ്. ഇങ്ങനെ നമ്മുടെ നാട്ടില്‍ പുതിയ തലമുറയില്‍പ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും ഉണ്ടെങ്കിലും അവരില്‍ പലരും നേരിടുന്ന വെല്ലുവിളി സ്വസ്ഥമായി ഇരുന്ന് വരക്കാന്‍ ഒരു ഇടമില്ല എന്നതും അവര്‍ക്ക് സഹായം നല്‍കാനുള്ള സംവിധാനമില്ല എന്നതുമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ഈ അഭാവമാണ്  ഇവരില്‍ പലരെയും മറുനാട്ടില്‍ കുടിയേറാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു ഈ ഒരു പൊരായ്മയെയും നാം കാണേണ്ടതുണ്ട്.

ക്യാമ്പിൽ പങ്കെടുത്ത പത്തിൽ എട്ടു പേരും കലാ അധ്യാപകരും  രണ്ടു പേർ  ഗ്രാഫിക് ഡിസൈനറുമായിരുന്നു  ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദോഹയിലും ചിത്ര പ്രദർശനങ്ങൾ നടത്തിയവരാണ് മിക്കവാറും എല്ലാവരും ചിത്ര കലയിൽ ഉയർന്ന ബിരുദങ്ങൾ കരസ്തമാക്കിയവർ, ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയവർ, മലയാളിയായ  ഷാജി ലളിത കലാ അക്കാദമി സ്റ്റേറ്റ് അവാർഡ്, രാജാരവിവർമാ പുരസ്കാരം, ഐ എച്  ആർ ഡി ഫെല്ലോഷിപ്പ് എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായിരുന്നു. ചിത്രകാരന്മാരോട് സംവദിക്കാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ചിത്രകലയുടെ സംവേദനം, വീക്ഷണം, നൂതനഭാവങ്ങള്‍, 'ആധുനിക ചിത്രകലയും കാലവും' എന്നീ വിഷയങ്ങളിൽ  പഠനാർഹമായ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ അർത്ഥതലം  അന്വേഷിക്കുന്നതിനപ്പുറം  അത് ആസ്വദിക്കാനുള്ളതാണെന്ന വെളിപാട് അനുവാചരിലുണ്ടാക്കാൻ ക്യാമ്പിലൂടെ സാധിച്ചിട്ടുണ്ടന്നു ചിത്രകാരനായ ഷാജി ചേലാട് പറഞ്ഞു,   മലയാളികൾ സാക്ഷരതയിൽ പ്രബുദ്ധരാണങ്കിലും  ചിത്ര  ഭാഷയിൽ അല്പം പിറകോട്ടാണ്. ഇത്തരം ക്യാമ്പുകളിലൂടെ പുതിയ ദൃശ്യാ ഭാഷാ സംസ്കാരത്തിന് രൂപം നല്കാൻ കഴിയുമെന്നു സ്കൊല്ലെഴ്സ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ഷാജി പറഞ്ഞു. മൂന്നു തവണ ലളിത കലാ അക്കാദമി അവാർഡുകൾ നേടിയ അദ്ദേഹം എറണാകുളം കോതമംഗലം സ്വദേശിയാണ്. അദ്ദേഹത്തിൻറെ ചിത്രത്തിൽ പ്രതിഫലിച്ചത്  യന്ത്രവത്കരണ ജീവിതവും  ഗ്രുഹാഹരുതത്വവും   ഒറ്റപ്പെടലുകളും അനുഭവമാക്കുന്ന രൂപങ്ങൾ ആയിരുന്നു, അതിനു വേണ്ടിയുള്ള ബിംബങ്ങൾ ഉപയോഗിച്ചു സമകാലീന ചിത്രകലയിലൂടെ പ്രത്യേക ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു.

ഭവൻസ് സ്കൂളിലെ അധ്യാപകനും അങ്കമാലി സ്വദേശിയുമായ പ്രഹ്ലാദൻ  ലളിത കലാ അക്കാദമി അവാർഡ്  ലഭിച്ച പ്രതിഭയാണ്. കേരളത്തിനകത്തും പുറത്തും ക്യാമ്പുകൾ നടത്തി പരിചയമുള്ള ഈ കലാകാരൻ ചിത്ര രചനയ്ക്ക് പുറമേ ഒരു ശില്പിയും കൂടിയാണ്.  ശില്പമാണ് മുഖ്യവിഷയമെങ്കിലും ചിത്രരചനയിലേക്കു  പ്രവേശിക്കുകയായിരുന്നു.  സര്‍ഗസംവാദത്തിനും ആശയവിനിമയത്തിനും വിപുലമായ ഇടം തേടിയാണ് ചിത്ര രചനയിലേക്ക് പ്രവേശിച്ചതന്ന്  അദ്ദേഹം പറഞ്ഞു. അതിനു പുറമേ പത്തു വർഷത്തോളം മ്യൂസിക്‌ അഭ്യസിച്ച അതുല്യ പ്രതിഭയാണ് ഈ കലകാരൻ ഭീമാകാരമായ കെട്ടിടങ്ങൾ അതിന്റെ സ്വാധീനം ചിത്രത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഇടയിലൂടെ മുസികിന്റെ വേവും അനാവരണം ചെയ്യാൻ ശ്രമിച്ചപ്പോൾ ചിത്രം കാണുന്നവർക്ക്  ഒരു താളാത്മകത അനുഭവവപ്പെടുകയായിരുന്നു

മറ്റൊരു കലാ കാരനായിരുന്ന സന്തോഷ്‌ കൊല്ലം  എം ഇ  എസ് സ്കൂളിലെ ചിത്രാ കലാ അധ്യാപകനാണ്. അദ്ദേഹം നിർമ്മിച്ച ഇന്‍സ്റ്റലേഷൻ വർക്ക്‌ കാഴ്ചക്കാരെ വല്ലാതെ ആകർഷിക്കുന്നതായിരുന്നു. ഒരു പ്രവാസി തന്റെ ആശയും ആഗ്രഹങ്ങളും പെട്ടിക്കകത്ത്  കൊണ്ട് പോകുന്നു. പെട്ടിക്കിടയിൽയിൽ നിന്നും പുറത്തേക്കു ചാടുന്ന ആശകളും ആഗ്രഹങ്ങളും  പ്രവാസികളെ കാത്തിരിക്കുന്ന ചില ചൂഷകന്മാരെയും എടുത്തു കാണിച്ച ഇന്‍സ്റ്റലേഷൻ വർക്ക്‌ വർഷങ്ങളായി ആവർതിക്കപ്പെടുന്ന ഓരോ പ്രവാസിയുടെയും  അനുഭവ യാതാർത്ഥ്യങ്ങളായിരുന്നു.

"അവർ റെസ്പോൻസിബിലിറ്റി"  എന്ന സന്തോഷിന്റെ  ചിത്രം പ്രകൃതിയും  മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നു.  മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയും സന്തുലിതത്തിനു വിഘാതം നില്ക്കുകയും ചെയ്തപ്പോൾ  അതിനെ  സംരക്ഷിക്കേണ്ട ബാധ്യത കൂടി മനുഷ്യന് ഉണ്ട്  എന്ന്  വിളിച്ചറിയിക്കുക്കയാണ്.  മേഘത്തെ താങ്ങി പിടിച്ചു കൊണ്ടുള്ള മനുഷ്യ രൂപം  കാഴ്ചക്കാരെ ചിന്തിപ്പിച്ചു. ഏതു സമയവും ആ മേഘം  നമ്മുടെ തലയിൽ വീഴുമെന്ന രൂപത്തിൽ ആയിരുന്നു ചിത്രം. സന്തോഷിന്റെ തന്നെ മറ്റൊരു ചിത്രവും ഇതേ വിഷയത്തിൽ തന്നെയായിരുന്നു. ചിത്രം ഒരു കവിത വായിക്കുന്ന സുഖമായിരുന്നു നല്കിയത്.   മുളപൊട്ടി വരുന്ന ഒരു തെങ്ങിൻ തൈയുമായി ഇരിക്കുന്ന സ്ത്രീ.  തന്റെ കൊച്ച് കുഞ്ഞിനെ വളർത്തേണ്ട വികാരത്തോടെ അതിനെ നോക്കി കാണുന്നു.  ഇതിനെ വളർത്തി വലുതാക്കാനുള്ള  ബാധ്യത തനിക്കുണ്ടെന്ന്  ചിന്തിക്കുന്ന ആ സ്ത്രീ രൂപം മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം സൂചിപ്പിക്കുകയാണ്.  എല്ലാ ചിത്രങ്ങളും പ്രക്രുത്യുമായി ബന്ധപ്പെട്ടാണ് താൻ വരക്കുന്നത് എന്ന് സന്തോഷ്‌ പറയുന്നു. ബംഗ്ലൂരിൽ ശില്പ കലയുടെ മാസ്റ്റെർ പഠനത്തിനു ചേർന്നത് മുതൽ പ്രകൃതിതത്വമായ മെറ്റീരിയൽ ഉപയോഗിച്ചു ശില്പങ്ങൾ ചെയ്യാൻ തുടങ്ങി, ചിത്ര കലയോടോപ്പം ശില്പ കലയും സന്തോഷ്‌    ചെയ്തിരുന്നു. "അന്ധവിശ്വാസങ്ങളുടെ ബലിയാട്" എന്ന ശില്പത്തിന് ആയിരുന്നു 2001 ലെ ലളിത കലാ അക്കദമി അവാർഡ് ലഭിച്ചത്. മനുഷ്യൻ അന്ധവിശ്വാസത്താൽ  ബാധ ഒഴിപ്പിക്കാൻ മരത്തിൽ ആണി അടിക്കുമ്പോൾ ആ മരം ഇലകൾ കൊഴിഞ്ഞു ഇല്ലാതാകുന്ന ഒരു ശില്പമായിരുന്നു അന്ധവിശ്വാസങ്ങളുടെ ബലിയാട്.

മറ്റൊരു കലാ കാരനായിരുന്നു എം ഇ എസ്  അധ്യാപകനായ എറണാകുളം പനയമ്പള്ളി സ്വദേശി പി എം സഗീര്  പ്രതീക്ഷയും സ്വപ്നവും എന്ന പ്രമേയത്തിലായിരുന്നു ചിത്രം വരച്ചത്. പ്രകൃതിയിലെ മരങ്ങളെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്ന  ചിത്രമായിരുന്നു. മനുഷ്യന്റെ   സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിനു വേണ്ടിയും  സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുധ്യവും  ബന്ധവും സഗീറിന്റെ  ചിത്രം നമുക്ക് പറഞ്ഞു തരുന്നു. വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളില്‍ പ്രതിബിംബിച്ചു.

ഗ്രാഫിക് ഡിസൈനറായ ചേന്ദമങ്ങല്ലൂർ സ്വദേശി എം ബാസിത് ഖാൻ, കണ്ണൂർ സ്വദേശി മഹേഷ്‌ കുമാർ എന്നിവരുടെ വരയും മനോഹരമായിരുന്നു. കഴിഞ്ഞുപോയ ബാല്യങ്ങളും ഇപ്പോൾ ചുറ്റിലും കാണുന്ന ജീർണതകളും ചെറിയ ഒരു പ്രകാശത്തിലൂടെ പ്രതീക്ഷയും സ്വപ്നവും ഒരു മരക്കുതിരയിൽ കണ്ണ് കെട്ടി ഇരിക്കുന്ന കുട്ടിയുടെ ചിത്രത്തിലൂടെ പറയുന്നു. മറ്റൊരു ചിത്രത്തിൽ  കാലുകളിലൂടെ  രക്തമൊലിപ്പിക്കുന്ന ഒരു പ്രാവിലൂടെ  സമാധാനം നഷ്ടപ്പെട്ട ഒരു കാലത്തെ ഭംഗിയായി വരച്ചു കാണിക്കാൻ ശ്രമിക്കുന്നു  "കളർസ് ഓഫ് പാരഡയിസ്" എന്ന  പേരിൽ നടത്തിയ ഈ  ചിത്ര കലാ ക്യാമ്പ് വിജയിപ്പിക്കാൻ നേത്രത്വം നല്കിയത്  ബാസിതായിരുന്നു.

മറ്റൊരു പ്രതിഭയായിരുന്നു അസമിൽ നിന്നുള്ള സായിദ ഷമീം ബിന്ത സാകിയാ കൂട്ടത്തിലെ ഏക പെണ്‍സാന്നിദ്യമായിരുന്നു. ബിർള പബ്ലിക് സ്കൂളിലെ ക്രാഫ്റ്റ് അധ്യാപികയാണ് ഈ കലാകാരി. ബിർള സ്കൂളിലെ ചിത്ര കലാ വിഭാഗം മേധാവിയായ സുമന്‍പാല്‍ അസമിൽ നിന്ന് തന്നെയുള്ള മറ്റൊരു ചിത്രകാരനായിരുന്നു. ഭാരതീയ പാരമ്പര്യത്തനിമ ഉള്‍ക്കൊണ്ട സാംസ്‌കാരിക ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ അമൂർത്ത കലയെ ആസ്വാദമാക്കിയുള്ള  വര്‍ണങ്ങളുടെ സമന്വയയമായിരുന്നു അവരുടെ ചിത്രം. കറുപ്പും സ്വർണനിറവും കലർന്ന ലോഹത്തിൽ വാർത്തെടുത്ത പ്രതിമ പോലുള്ള വിശ്വ രൂപങ്ങളായിരുന്നു ഇവരുടെ ചിത്രം. ആദിത്യ വിക്രം ബിർള കലാ കിരണ്‍ പുരസ്കാരം നേടിയ ചത്തീസ്ഗഡിൽ നിന്നുള്ള അമിത് കുമാർ ചക്രവർത്തി ഡി പി എസ്  മോഡേൻ സ്കൂളിലെ  അധ്യാപകനാണ്. ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റെ നേർകാഴ്ച്ചയെയാണ്  അദ്ദേഹം തന്റെ ചിത്രത്തിൽ പ്രതിഫലിപ്പിച്ചത്.  രോഗികൾക്ക് നല്കുന്ന ഇഞ്ചക്ഷൻ  സിറിഞ്ചുകൾ  തലയിലും മുഖത്തും കുത്തി വെക്കുന്ന രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. ഇത്തരം ബിംബങ്ങളും  അടയാളങ്ങളുമെല്ലാം ദൃശ്യമാക്കി സമകാലീന ചിത്രകലയിലൂടെ പ്രത്യേക ദൃശ്യഭാഷ ചമയ്ക്കുകയാണ് ഈ വലിയ ചിത്രകാരന്‍. ചില അടി ച്ചേൽപ്പിക്കലുകൾ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെ പിറകോട്ടു വലിക്കുന്നതായി ചിത്രം പറയുന്നു. മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോർസ് ഡൽഹി, നാഷണൽ സ്കോളർഷിപ്പ് ആൻഡ്‌  ജൂനിയർ ഫെല്ലോ ഷിപ്പിന് അർഹനായ  കലാകാരനാണ് ഈ ചിത്രകാരൻ. 

രണ്ടായിരത്തി രണ്ടിലെ നന്ദന അവാർഡ്  ലഭിച്ച പശ്ചിമ ബംഗാളിലെ ജൽപാൽ ഗുരിയിൽ നിന്നുള്ള അമിത് മജുംദർ ഡി പി സ് മോഡേണ്‍ സ്കൂളിലെ അധ്യാപകനാണ്. കൂട്ടിലകപ്പെട്ട സ്വാതന്ത്ര്യം  നിഷേധിക്കപ്പെട്ട ഒരു പക്ഷിയുടെ ചിത്രവും, എല്ലാം നോക്കി കാണുകയും വായ്‌ മൂടിക്കെട്ടപ്പെട്ട  ഒരു മുഖവും ഒരു പാട് കാര്യങ്ങൾ കാഴ്ചക്കാരോട് പറയുന്നു. കുതിരയുടെ പകുതി ഭാഗം ഒരു സ്ഫടിക പാത്രത്തിന്റെ അകത്തും പകുതി ഭാഗം പുറത്തും വരച്ചു കൊണ്ട് കാലഘട്ടത്തിന്റെ മാറ്റം വിവരിക്കുകയും പ്രവചിക്കുകയും ചെയ്ത ചിത്രം  കാമ്പിലെ  ഏറ്റവും മനോഹരമായ ചിത്രങ്ങലൊന്നായിരുന്നു. ആക്രിലിക്ക്, കളർ ഓയിൽ മിക്സഡ്‌ മീഡിയം എന്നീ മാധ്യമത്തിലാണ് പത്തു പേരും വരക്കുന്നത്.

ദോഹയിൽ ഇത്തരത്തിൽ ഒരു ഒത്തു ചേരൽ ഇതാദ്യമായിരുന്നു.  കാമ്പ് സമാപന ചടങ്ങിൽ ഖത്തര്‍ കലാ-സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ യൂത്ത് ക്രിയേറ്റീവ് ആര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ മുഅത്വി ചിത്രകലാ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. ആധുനികതയുടെ പുതുഭാവങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ചിത്രകാരന്മാരെ അദ്ദേഹം പരിചയപ്പെട്ടു. നാടക പ്രവര്‍ത്തകനും കുട്ടികളുടെ നാടക പ്രചാരകനുമായ വി.എസ്. ശ്രീകുമാര്‍ കല, ജീവിതം, നാടകം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി, ക്യാമ്പ് കണ്വീനർ  ഷാജി ചേലാട് എന്നിവര്‍ സംസാരിച്ചു. സന്തോഷ്‌കൃഷ്ണ സ്വാഗതവും ആര്‍ട്ടിസ്റ്റ് സുമന്‍പാല്‍ നന്ദിയും പറഞ്ഞു. ബൃഹത്തായ ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ശില്പങ്ങളും ഇനിയും പ്രദർശിപ്പിക്കാൻ ഈ കലാകാരന്മാർക്ക് കഴിയട്ടെ .

Wednesday, January 15, 2014

ഓർമ്മയിലെ സ്മാഷുകൾ


വളരെ ചെറുപ്പത്തിൽ തന്നെ  വൈകുന്നേരങ്ങളില്‍ മുതിർന്നവർ  വോളിബോള്‍ കളിക്കുന്നത്‌ കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഒരു പാട് നല്ല കളിക്കാർ വളർന്നു വന്ന നാടായിരുന്നു ഞങ്ങളുടേത്.   ഇന്നും പല പ്രഗത്ഭ  കളിക്കാരും അവിടെയുണ്ട്.  ഇവരുടെയെല്ലാം കളികള്‍ കണ്ടു വളര്‍ന്നതു കൊണ്ടുതന്നെ വോളിബോളിനെ മറക്കാൻ ഒരിക്കലും  കഴിയില്ല. ഇവിടെ ദോഹയിലെ  തിരക്ക് പിടിച്ച ജീവിതത്തിനിടയിലും വോളിബോള്‍ പ്രേമികല്ക്ക് കളിക്കാനും മത്സരങ്ങൾ കാണാനും സാധിക്കുന്നു എന്നത് വലിയ സന്തോഷം നല്കുന്നു. വോളിബോള്‍ പ്രേമികളെ ഒരുമിച്ചു കൂട്ടി കളിക്കാനും കളി കാണാനും അവസരം ഒരുക്കുന്ന ദോഹയിലെ വോളിഖിന്റെ പ്രവർത്തനം  ശ്ലാഘനിയമാണ്.

ഒരു കാലത്ത് വോളി കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായിരുന്നു അന്ന്  നാട്ടിൻ പുറങ്ങളിൽ വോളിബാൾ കോർട്ടില്ലത്ത ഒരു പ്രദേശം പോലും ഇല്ലായിരുന്നു. ഇന്നു കാലം മാറി പലയിടങ്ങളിലും മറ്റു പല കായിക വിനോദങ്ങൾക്കും വേണ്ടി വോളിബാൾ  വഴി മാറിക്കൊടുക്കയാണ്. പഴയ വോളിബാൾ കോർട്ടുകൾ അതികവും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ നിലങ്ങലിലുമായിരുന്നു ഇന്ന് അവിടെയല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു നില്ക്കുന്നു.  എന്നാലും വോളിബോളിനെ നെഞ്ചോടു ചേർത്തു പിടിക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു എന്നത് വളരെയധികം ആശ്വാസം നല്കുന്നു. ഒരു കാലത്ത് ലോകനിലവാരം പുലര്‍ത്തിയ കളിതന്നെയായിരുന്നു നമ്മുടേത്. മികച്ച പത്തു ലോക കളിക്കാരിൽ ഒരാളാവാൻ അന്ന് ഒരു മലയാളിക്ക് കഴിഞ്ഞിരുന്നു. ആ അതുല്ല്യ പ്രതിഭയായിരുന്നു പേരാവൂർ കാരനായ ജിമ്മി ജോർജ്. ജിമ്മി ജോർജിനെ ഓർക്കാതെ കേരളത്തിലെ വോളിബോളിനെ  കുറിച്ചു സംസാരിക്കാൻ കഴിയില്ല. വോളിബാളിന്റെ സുവർണ കാലഘട്ടമായിരുന്നു ജിമ്മിയുടെത്. അവരുടെ പേരുകൾ ഇന്നത്തെ പോലെ  പത്രങ്ങൾ കൊട്ടി ഘോഷിച്ചിരുന്നില്ല കാരണം അന്ന് മാധ്യമങ്ങൾ  ഇന്നത്തെ പോലെ  സ്പോർടിസിനു അത്രയും പ്രാധാന്യം കൊടുക്കാത്ത ഒരു കാലമായിരുന്നു. കളിയും കളിക്കാരും മാധ്യമങ്ങളിൽ കൊട്ടി ഘോഷിക്കപ്പെടുന്നതിനു മുമ്പേ മറഞ്ഞു പോകാൻ വിധിക്കപ്പെട്ട താരമായി മാറുകയായിരുന്നു ജിമ്മി. ജിമ്മി നമ്മിൽ നിന്നും മറഞ്ഞിട്ട്   27 വർഷം കഴിഞ്ഞു. ഇറ്റാലിയന്‍ ക്ലബ്ബായ യൂറോ സിബയ്ക്കുവേണ്ടി കളിക്കുമ്പോള്‍ 1987 നവംബര്‍ 30ന് മിലാനില്‍ വെച്ചാണ് ജിമ്മി കാറപകടത്തില്‍ മരിച്ചത്.    ലോകത്തിനു മുമ്പിൽ ഇന്ത്യന്‍ വോളിബോളിന്‍റെ കരുത്തറിയിച്ച അർജുന അവാർഡ് ജേതാവായ  ജിമ്മിയെ ഒരിക്കലും മറക്കാൻ കഴിയില്ല.

ഇതുപോലെ ജ്വലിച്ചു നിന്ന വേറെയും ഒരു പാട് താരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ഉദയകുമാർ, സിറിള്‍ സി.വെള്ളൂര്‍, റസാക്ക്, അൻവർ ഹുസൈൻ, ജോബി ജോസഫ്, ടീ ടീ ജോസഫ് (പപ്പൻ), മല്ലപ്പള്ളി വര്ക്കി, കുട്ടി കൃഷ്ണൻ, റഹ്മാൻ  ഇങ്ങനെ ഒരു പാട് പ്രതിഭകൾ ഉദിച്ചുയർന്ന നാടായിരുന്നു  നമ്മുടെത്,  വനിതകളും ഒട്ടും പിന്നിലായിരുന്നില്ല ദേശിയ കിരീടം നേടിയ  വനിതാ കളിക്കാരും നമുക്കുണ്ടായിരുന്നു, ഏലമ്മ, സാലി, സരസമ്മാൾ, ജെയ്സമ്മ മുത്തേടൻ, റോസമ്മ കുര്യൻ, ഗീത വളപ്പിൽ അവരിൽ ചിലരായിരുന്നു. കേരള വനിതാ വോളിയിലെ വെട്ടിത്തിളങ്ങുന്ന താരമായിരുന്നു ഒരു കാലത്ത്  ഏലമ്മ. ഏലമ്മയെ മറികടക്കുന്ന മറ്റൊരു താരം ഇത് വരെ വന്നിട്ടില്ല എന്ന് തന്നെ പറയാം.  അർജുന അവാർഡിനു ആദ്യമായി അർഹയായ വനിതാ താരവും  ഏലമ്മയായിരുന്നു. മലയാളികർക്ക് ആവേശം നല്കിയ ഒരു പാട് ടീമുകളും കേരളത്തിൽ ഉണ്ടായിരുന്നു പ്രീമിയര്‍ ടയേഴ്സ്‌, കേരളപോലീസ്‌, ടൈറ്റാനിയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌, പോര്‍ട്ട്‌ട്രസ്റ്റ്‌, കെ.എസ്‌.ഇ.ബി, ഇവയോക്കെ  വോളിബോൾ പ്രേമികല്ക്ക് ഹരം പകർന്ന കേരത്തിലെ പ്രകൽഭ ടീമുകളായിരുന്നു.

1986 ല്‍ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഏഷ്യൻ ഗയ്മ്സിൽ ഇന്ത്യ ജപ്പാനെ തോല്പിച്ചു വെങ്കലം കരസ്ഥമാക്കിയത് ഇന്ത്യൻ വോളിയുടെ  കരുത്ത് ലോകത്തിനു മുമ്പിൽ കാണിച്ചു കൊണ്ടായിരുന്നു. ആ ആവേശം പിന്നീട് ഇല്ലാതെ പോയി എന്നതാണ് സത്യം. അന്ന് കളിക്കളത്തിൽ ജിമ്മിയും സിറിൽ സി വെള്ളൂർ  ഉദയകുമാർ അടങ്ങിയ മലയാളി താരങ്ങൾ ഉണ്ടായിരുന്നു.  ടീമിന്റെ നട്ടെല്ല്  ജിമ്മിയായിരുന്നു. ഏഷ്യയിലെ കരുത്തരായ ജപ്പാൻ ചൈന കൊറിയ ടീമുകാളോടൊപ്പം ഇന്ത്യയും ഉണ്ടാവുമെന്ന പ്രതീക്ഷ നല്കുന്ന കളിയായിരുന്നു അന്ന് ഇന്ത്യ കാഴ്ചവെച്ചത്. പക്ഷെ പിന്നീട് അത്തരം ഒരു നേട്ടം ഇന്ത്യക്ക് കൈ വരിക്കാൻ സാധിക്കാതെ പോയി. പിന്നീട് അല്പമെങ്കിലും പ്രതീക്ഷ നല്കിയത് ജൂനിയര്‍ ടീമുകളായിരുന്നു.

ഇതൊക്കെയായിരുന്ന് മുൻകാല ചരിത്രമെങ്കിലും  ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കാൻ വളരെ കുറഞ്ഞ പേരെ കേരളത്തിൽ നിന്നും ഉള്ളൂ എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. മലയാളികളിൽ കളിക്കാർ കുറയുകയാണോ. ടോമിനെയും കപിലിനെയും അസീസിനെയും പോലെ കുറച്ചു നല്ല കളിക്കാർ ഇക്കാലത്തും ഉണ്ട് എന്നത് നമുക്ക് സന്തോഷം നല്കുന്നുണ്ടങ്കിലും ഒന്നോ രണ്ടോ മലയാളികല്ക്കെ  ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നുള്ളൂ എന്നത് ഒരു സത്യമാണ്. ഇന്ന് ലോക റാങ്കിങ്ങിൽ  ഇന്ത്യയുടെ സ്ഥാനവും പിന്നിലാണ്. ഇന്ത്യുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കുറച്ചു കൂടെ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.  വോളിബോളില്‍ ഏഷ്യന്‍ നിലവാരത്തില്‍  മുന്നേറാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്ന തിരിച്ചറിവ് നമ്മുടെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.

നാം ആദ്യം ശ്രമിക്കേണ്ടത് ഏഷ്യയിലെ ഏറ്റവും കരുത്തരായ വോളിബോള്‍ ശക്തിയായി മാറാനാണ്. ഇവിടെ നാം മാതൃകയാക്കേണ്ടത് ഇറാനെയാണ്. പിറകിലായിരുന്ന  ഇറാന്‍ കൃത്യമായ ഗെയിം പ്ലാനും ചിട്ടയായ പരിശീലനവും വഴി ഇന്ന് ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ ഏറ്റവും  നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു.  ഈ നേട്ടം അവര്‍ കൈവരിച്ചത്  പടിപടിയായാണ്‌.

അന്താരാഷ്‌ട്ര മത്സരങ്ങളിലെ  പരിചയക്കുറവാണു പലപ്പോഴും നമ്മുടെ ടീം പരാജയപ്പെടാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കാറുള്ള ഒരു പോരായ്മ. പലപ്പോഴും ജൂനിയര്‍ തലങ്ങളില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പോലും മികവു  തെളിയിച്ച  പലരും  സീനിയര്‍  ടീമില്‍ ഇടം കണ്ടെത്തുമ്പോള്‍ അവസരത്തിനൊത്ത് ഉയരുന്നത് കാണാറില്ല എന്നതാണ് സത്യം. സീനിയര്‍ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഇവരെ  നേരെ എറിഞ്ഞു കൊടുക്കുന്ന രീതിയാണ് ഇന്ന് അവലംബിച്ചു പോരുന്നത്. ഇതിനു പകരം ഇവരെ എല്ലാ തരത്തിലും  വാര്‍ത്തെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്ന വിദേശ ടൂറുകള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തിയാൽ ഏറെ പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല. വിവര സാങ്കേതികത ഏറെ വികസിച്ച ഈ കാലത്ത് പോലും   മറ്റു രാജ്യങ്ങള്‍ നല്കുന്നത്  പോലെയുള്ള ആധുനിക രീതിയിലുള്ള പരിശീലനം ലഭിക്കുന്നുണ്ടോ എന്നത് സംശയകരമാണ് .  ശാസ്ത്രീയമായ പരിശീലനത്തിന്റെ കുറവാണ് ഇന്ത്യൻ ടീമിന്റെ പരാജയത്തിനു കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്. വോളിബോളിനെ നെഞ്ചോടു ചേര്‍ക്കുന്ന കേരള ടീമുകൾക്ക് ശാസ്ത്രീയ പരിശീലനക്കളരികളും ആധുനിക സൌകര്യമുള്ള കളിക്കളങ്ങളും ഒരുക്കണം അത് വഴി മറ്റൊരു ജിമ്മിയെയും ഏലിയമ്മയെയും നമുക്ക് വളര്‍ത്തിക്കൊണ്ട് വരാൻ കഴിയും. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തതാണ് നമ്മുടെ കഴിവ് കേട്.  ശോഭനമായ ഭാവിയുള്ള കായിക ഇനങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ട്‌ ലഭ്യമാക്കാതെ ഏതെങ്കിലും ചില കളികളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന അധികാരികളുടെ മനോഭാവവും മാറേണ്ടിയിരിക്കുന്നു.

വോളിയെ നെഞ്ചിലേറ്റുന്ന വോളിഖ്
വോളിബാൾ പ്രേമികല്ക്ക്  വേണ്ടി ദോഹയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വോളിഖ്" വോളിഖിനെ ദോഹയിലെ വോളിബോൾ പ്രേമികളുടെ വലിയൊരു കൂട്ടയ്മയാക്കിയത് വോളിബാൾ കളിക്കാരനായ ആഷിക് അഹ്മദ് ആണ്. ഇന്നും അതിന്റെ ചുക്കാൻ പിടിക്കുന്നത് ആഷിക് തന്നെ. ചെറുപ്പം മുതല്ക്കേ കളിച്ചു വളർന്ന ആഷിക് ഇപ്പോഴും ദോഹയിൽ നടക്കുന്ന എല്ലാ ടൂർണമെന്റികളിലും കളിക്കുകയും മറ്റുള്ളവരെ കളിപ്പിക്കുകയും ചെയ്യുന്നു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭ ടീമുകളെ അണി നിരത്തി തുടർച്ചയായി നാല് തവണ ഇന്റർനാഷനൽ വോളിബോള്‍ ടൂര്‍ണമെന്റ്  വോളിഖ്  നടത്തി.  ഇന്ത്യയിലെ  പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായ  വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്  ഖത്തർ വോളിബാൾ അസോസിയേഷന്റെ സഹകരണത്തോടെ വോളിഖു് സംഘാടകര്‍ ഇവിടെ ഓരോ പ്രാവശ്യവും സംഘടിപ്പിച്ചത്. ഇന്ത്യൻ ടീമിൽ നിന്നും തിരഞ്ഞെടുത്ത കളിക്കാരെ ചേർത്തു കൊണ്ട് ഖത്തർ ടീമുമായി സൗഹ്ര്ദ മത്സരം നടത്താനും വോളിഖിനു കഴിഞ്ഞു. ഇത് മൂലം ഇന്ത്യൻ കളിക്കാർക്ക്  വിദേശ ടീമിനോട് കളിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു വോളിഖു്. ടോം, അസീസ്‌, കപിൽ, കിഷോർ, ശിജാസ് ഇവരുടെ കളികൾ മലയാളികളെ ശരിക്കും ആവേശം കൊള്ളിക്കുകയായിരുന്നു. കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ഖത്തറിലെ സ്റ്റെഡിയം ആരവത്തോടെയും കയ്യടികളോടെയുമായിരുന്നു കളികൾ  വീക്ഷിച്ചത്.

ഖത്തറിലെ  ഇന്ത്യക്കാരായ വോളിബാൾ പ്രേമികളുടെ  ജീവിതത്തിന്റെ  ഭാഗമായി മാറിക്കഴിഞ്ഞ വോളിഖ്  കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി വിവിധ മത്സരങ്ങൾ നടത്തുകയും  കളിക്കാൻ വേദികൾ ഒരുക്കുകയും , യുവതലമുറയെ കായികരംഗത്തേക്ക്‌ ആകര്‍ഷിക്കുന്നതിനായി വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു. ജിമ്മിയുടെ ഇരുപത്തഞ്ചാം ചരമ വാർഷികത്തൊടനുബന്ധിച്ചു ഐഡിയൽ  ഇന്ത്യൻ  സ്കൂളിൽ ജിമ്മിയുടെ കളി പ്രദർഷിപ്പിക്കുകയും അനുസ്മരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.  ഐ സി  സി  നടത്തിയ ഒരു പരിപാടിയിലായിരുന്നു വോളിഖ്  ജിമ്മി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.  ഖത്തർ പ്രവാസി വോളിബോൾ  അസോസിയേഷൻ  ദോഹയിലെ കളിക്കാരെ  ഉൾപെടുത്തി രണ്ടു വർഷങ്ങളിലായി നടത്തിയ കമ്മ്യുനിറ്റി ലീഗ് മത്സരത്തിൽ നിര്‍ണായക ശക്തി ആവാൻ ഇന്ത്യൻ കമ്മ്യുനിറ്റിക്കു കഴിഞ്ഞതും കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായി ഉയരാൻ കഴിഞ്ഞതും വോളിഖിന്റെ ഏകോപനം മൂലമായിരുന്നു.

ഈ വർഷത്തെ  ഖത്തർ നാഷണൽ ഡേയുടെ  ഭാഗമായി മിനിസ്ട്രി ഓഫ് ഇന്റെരിയരിന്റെ സഹകരണത്തോടെ  വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടൂർണമെന്റ് നടത്താൻ വോളിഖിനു സാധിച്ചു, ഫിലിപ്പീന്‍സ്, പാക്കിസ്താന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കളിക്കാരുടെ ഓരോ ടീമുകളും നേപ്പാള്‍ കമ്യൂണിറ്റിയുടെ രണ്ടു ടീമുകളും ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നാല് ടീമുകളുമാണ് അല്‍ വക്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ കളിച്ചത്. ഇതിനു നേത്രത്വം നല്കിയത് വോളിഖിന്റെ ജനറൽ സിക്രട്ടറി ആഷിക് അഹ്മദ് ആയിരുന്നു. കഴിഞ്ഞ വർഷവും വോളിഖ് മത്സരം ഒരുക്കിയിരുന്നു.

കളിയെ സ്നേഹിക്കുന്ന ഏതൊരു  മലയാളിക്കും ഇതിൽ ചേർന്ന് പ്രവർത്തിക്കാമെന്നും നാട്ടിൽ നിന്നും നന്നായി കളിച്ചു ജോലി തേടി ഇവിടെ എത്തിയ കളിക്കാർക്ക്‌  അവരുടെ കളി മുരടിച്ചു പോകാതെ വീണ്ടും കളിയ്ക്കാൻ വോളിക്ക്  ഇവിടെ അവസരം ഒരുക്കുന്നതായും  സംഘാടകർ പറയുന്നു. പൂര്‍ണ ആരോഗ്യമുള്ള ഒരു ശരീരത്തിനുമാത്രമേ നന്നായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ക്രിയാറ്റീവായ കാര്യങ്ങൾ ചെയ്യാനും  കെല്‍പ്പുള്ള ഒരു മനസിന്റെ ഉടമയാകാന്‍ സാധിക്കൂ. കായിക വിനോദം ആരോഗ്യത്തോടൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു. ആരോഗ്യമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്പോർടിസിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   ദോഹയിൽ കായിക പ്രേമികളെ വളർത്തി എടുക്കാനാണ് വോളിക്ക് ലക്ഷ്യമിടുന്നത്.

കളിയുടെ മാറ്റം
1895 ൽ കായികാധ്യാപകനായ മോർഗൻ  സമ്മാനിച്ച കായിക വിനോദമായിരുന്നു വോളിബോൾ, ആർക്കും കളിക്കാൻ കഴിയുന്ന ഒരു നെറ്റിനു മുകളിലൂടെ പന്ത് എറിയുന്ന കളിയായിരുന്നു മോർഗൻ തുടങ്ങിയത്. കാല ക്രമേണ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി. അമേരിക്കൻ  അതിർത്തി കടന്നു മറ്റു രാജ്യങ്ങളിലും വോളിബോളിനു  പ്രചാരം ലഭിച്ചു, 1924 പാരീസ് ഒളിമ്പിക്സിൽ പ്രദർശന മത്സരമായി വോളിബാൾ രംഗത്ത് എത്തുകയും 1964 ടോകിയോ ഒളിമ്പിക്സിൽ ആദ്യമായി  വോളിബാൾ മത്സരങ്ങൾ പുരുഷ വിഭാഗത്തിൽ ഉൾപെടുത്തുകയും ചെയ്തു. 1947 മുതൽ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന ചുമതല  അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ ഏറ്റെടുത്തു. ദോഹയിലെ പഴയ പല പ്രവാസി കളിക്കാരും  കളിച്ചു ശീലിച്ചത് പതിനഞ്ചു സ്കൊരിലായിരുന്നു ഇപ്പോഴും പല നാട്ടിൻ പുറങ്ങളിലും  സാധാരണ കളികളിൽ ഈ  രീതി തന്നെ തുടരുന്നു. പഴയ പതിനഞ്ചു സ്കോറിൽ നിന്നും 25 പോയിന്റിൽ കളി അവസാനിപ്പിക്കുന്ന രീതിയാണിപ്പോൾ,  മുമ്പ് സർവ് ചെയ്തിരുന്ന ടീമിനു മാത്രമേ പോയിന്റ് ലഭിക്കുക  ഉണ്ടായിരുന്നുള്ളു. ഇന്ന് പന്ത് താഴെയിടുന്ന ടീമിന്റെ എതിർ ടീമിന് സർവും പോയിന്റും ലഭിക്കുന്നു. അനന്തമായി നീണ്ടു പൊയ്ക്കൊണ്ടിരുന്ന കളികളെ നിയന്ത്രിക്കാൻ ഈ മാറ്റം മൂലം സാധിച്ചു. പഴയ കളിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഈ കളിയുടെ പുതിയ നിയമത്തിൽ വന്നിട്ടുണ്ട്.

Wednesday, November 6, 2013

പ്രവാസ ലോകവും മലയാളം ബ്ലോഗേർസും

പ്രവാസി വർത്തമാനം
സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും, വികാരങ്ങളും ഉണര്‍ന്ന ഒരു പാട് വലിയ മനുഷ്യര്‍ ജീവിച്ച  സംസ്കാരം ജ്വലിച്ചു നിന്ന മനുഷ്യ രാശിക്ക് ഒരുപാട്  വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത  മണ്ണായിരുന്നു നമ്മുടെത്. വൈദേശികാദിപത്യതില്‍ നിന്നും ജാതിക്കോമാരങ്ങളില്‍ നിന്നും മോചിതരായി, നമുക്ക് ശാന്തിയും സമാധാനവും ലഭിച്ചു. കുട്ടികള്‍ക്ക്  സ്നേഹം ലഭിച്ചു, സ്ത്രീകളെ ആദരിച്ചു, നാട്ടരങ്ങിന്റെ വെളിച്ചവും, കുയിലിന്റെ രാഗവും  നദിയുടെ ഒഴുക്കും വയലേലകളും മരങ്ങളും മനസ്സിന്  ഒരു പാടാനന്ദവും കുളിരും  നല്കി. ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ നാടിനെ സ്വപ്നം കണ്ടു തന്റെ തൂലിക ചലിപ്പിക്കുകയാണ് ഇവിടെ പല ബ്ലോഗേര്‍സും പക്ഷെ മനസ്സിൽ നാടിനെ ഓര്‍ത്തുള്ള ആകുലതകൾ മാത്രം. ബ്ലോഗുകളിൽ കുത്തിക്കുറിക്കാൻ ഇന്ന്  നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ രാഗവും ഇല്ല. എല്ലാം  ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു, വറ്റിപ്പോകുന്ന നദികളോടൊപ്പം  സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചു കൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നു പോയ വഴികളില്‍ ദുഷ്ട രൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു, സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായ അമ്മമാരുടെയും ചോര കുടിക്കാൻ ദാഹാർത്തരായ പിശാചുക്കൾ അലഞ്ഞു നടക്കുന്നു.  വെട്ടി മുറിക്കുന്ന മരങ്ങളോടൊപ്പം  മനസ്സും മരിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുകുന്നു. സ്ത്രീ പീഡനവും ശിശു പീഡനവും ഒരു പാട് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സാംസ്‌കാരിക അധപതനം സംഭവിച്ചു കൊണ്ടിരിക്കുന്നു.  ഈ ഒരു സമൂഹത്തിൽ എങ്ങിനെ നമ്മുടെ കുട്ടികൾ വളരും. അവർക്ക് എന്ത് ധാര്മിക പാഠമാണ് നാം ചൊല്ലി കൊടുക്കുക.  എന്താണ്  നാം ചരിത്രത്തിൽ അടയാളപെടുത്തുക. ഇതാണ്  ഓരോ പ്രവാസി ബ്ലോഗേരുടെയും മുമ്പിലുള്ള നാട്ടിന്റെ മുഖം. കവി സച്ചിദാനന്ദന്റെ വരികളിൽ പറഞ്ഞാൽ
"കട്ട് എടുക്കപ്പെട്ടു
കൈ കാലുകള്‍ കെട്ടി വരിഞ്ഞു
കപ്പലില്‍ വിദേശത്തു വഹിക്കപ്പെടുന്ന
ഊമയായ
ഒരു കറുത്ത കുലദേവത
മലവെള്ളം കയറിയ
സ്വന്തം തട്ടകത്തെ ഓര്‍ക്കും പോലെ
ഞാന്‍ എന്റെ നാടിനെ ഓര്‍കുന്നു

ഈ ഒരവസ്ഥയിൽ ഒഴിവ് സമയങ്ങളില്‍ ബ്ലോഗേര്‍സ് തങ്ങളുടെ വിരല്‍തുമ്പുകളില്‍  നിന്നും വിരിയിച്ചെടുക്കുന്ന  സ്ഥല കാലങ്ങളുടെ പരിവേഷമണിഞ്ഞ ജീവിതങ്ങളും, നാട്ടിലെ ചൂട് പിടിച്ച സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങളും വരയിലൂടെയും എഴുത്തിലൂടെയും കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ തുറന്നു കാണിക്കുമ്പോള്‍ പ്രവാസ വായനാലോകം വീണ്ടും ഉണരുകയാണ്.  നൂതനമായ സംസ്കാര പ്രവാഹത്തില്‍ സ്വയം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ ബ്ലോഗ് സാഹിത്യം. വിശാലമായ മാനവികതയുടെ വിദൂര ചക്രവാളങ്ങളിലേക്ക് കണ്ണു തുറന്നിരിക്കുന്നു. ലോക സാഹിത്യ ചിന്തകളുടെ പ്രകാശ കിരണങ്ങള്‍ ഉള്‍കൊള്ളാന്‍ പുതിയ ബ്ലോഗ് സാഹിത്യത്തിന് കഴിയുന്നു. അറബിക്കടല്‍ കടന്നു അങ്ങ് മരുഭൂമിയില്‍ കഴിഞ്ഞും ഹരിതാഭയുടെ ചുവട്ടില്‍  മലയാളനാട്ടില്‍ ജീവിച്ചും ലോകത്തിന്റെ വിവിധ കോണുകളില്‍ മഞ്ഞിലും ചൂടിലും ഇരുന്നും മലയാളഭാഷയെ ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ ബ്ലോഗേര്‍സും അവരുടെ വിചാര വിത്തുകള്‍  ബ്ലോഗിലൂടെ  വിതറുകയാണ്. ആ വിത്തുകള്‍ ചെടികളായി വളര്‍ന്നു പൂവായി പരിലസിക്കുന്നു.

വ്യത്യസ്ഥ സ്ഥലങ്ങളില്‍  അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ  ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. പദസമ്പത്തിന്റെ  കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു എഴുത്തിലൂടെ അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു. പല ബ്ലോഗര്‍ മാരും ഗൌരവാഹമായ വിഷയങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ഇവിടെ ബ്ലോഗേര്‍സ്, സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും  വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല പല സ്ത്രീ ബ്ലോഗേര്‍സും, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിച്ചിരിക്കുന്നു. ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല ബ്ലോഗേര്‍സും വിഷയമാക്കി മാറ്റിയതായി കാണുന്നു.

കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും മനുഷ്യര്‍ എന്ന വികാരത്തില്‍ ഒതുങ്ങുന്നു. ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു കഥകള്‍ അധികവും. മത വിഷയങ്ങള്‍കപ്പുറം യഥാര്‍ത്ഥ മനുഷ്യരുടെ കഥകളിലേക്ക് നീങ്ങുന്നു, കഥാ പാത്രങ്ങളോടും തന്റെ ആദര്‍ശ വാദത്തോടും ആത്മാര്‍ഥത  കാണിച്ചു കൊണ്ടുള്ള സുന്ദരമായ ആവിഷ്കാരങ്ങള്‍ പലരുടെയും എഴുത്തിലൂടെ വായിക്കാന്‍ നമുക്ക് കഴിയുന്നു. മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ ബ്ലോഗ് എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബ്ലോഗിലൂടെ വരുന്ന ഇത്തരം എഴുത്തുകള്‍ ബ്ലോഗിനെ പരിഹസിക്കുന്നവര്‍ കാണാതെ പോകുന്നു.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മുല്ലപ്പൂ വിപ്ലവം, പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം  രൂപപ്പെടുന്ന  ഉപഭോഗ  ക്രയ വിക്രയങ്ങളിലെ   പ്രശ്നം, കേരളത്തിലെ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, പത്ര ധര്‍മ്മങ്ങളെ  കുറിച്ചും ഒരുപാട് പറയാന്‍ ബ്ലോഗേര്‍സിന് കഴിയുന്നു.

രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ബ്ലോഗറുടെ ധര്‍മ്മം, നല്ല ബ്ലോഗര്‍ സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യുന്നു. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഇത്തരം  ബ്ലോഗേര്‍സിനും കഴിയുന്നു. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ ഇത്തരം എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. 

സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ് എന്നവര്‍ മനസ്സിലാക്കുന്നു.  നവോത്ഥാനത്തിന്റെ  പ്രതി സന്ധിയെ  മുമ്പില്‍ കണ്ടു കൊണ്ട് നമ്മുടെ സ്വപ്നത്തെ രൂപപ്പെടുത്തുന്നതില്‍, സമൂഹത്തിന്റെ നവോത്ഥാനത്തെ കുറിച്ച്  ആലോചിക്കുകയും അതിനനുയോജ്യമായ എഴുത്തുകള്‍ കൂടുതലായി കൊണ്ട് വരേണ്ടതുമായ ബാധ്യത ഓരോ ബ്ലോഗേര്‍സിനുമുണ്ട്. പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്   ആശയ ദാരിദ്ര്യം ബ്ലോഗ്‌ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ  ചിന്തയില്‍നിന്നും  ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും  ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.

ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു.  എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, ചില ബ്ലോഗുകള്‍  വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.

അത്തരം ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ് സംവിധാനം സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.  യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം  ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം, നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് ഇവിടെ സംഭവിക്കുന്നത്. അത് കൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും ബ്ലോഗ് മാധ്യമത്തിലൂടെ  കഴിയണം, ദിനേന അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പാടു  ബ്ലോഗേര്‍മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെ ശബ്ദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന പതിനായിരങ്ങള്‍ വായിക്കുന്ന ബ്ലോഗ് ആയി അവരുടെ ബ്ലോഗുകള്‍ മാറി ക്കൊണ്ടിരിക്കുന്നു, കാലത്തിന്‍റെ ശബ്ദമായി മാറാന്‍ അവര്‍ക്ക് കഴിയുന്നു ..

വൈദേശിക ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യങ്ങളെയും മലയാളിക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതില്‍ ബ്ലോഗ് ഏറെ പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ പ്രധാന കൃതികളെയും പരിചയപ്പെടുത്തുന്ന പല ബ്ലോഗും നമുക്ക് കാണാന്‍ പറ്റും. അതിലൊന്നാണ് പരിഭാഷ ബ്ലോഗ്. ലോക സാഹിത്യത്തിലെ കഴിവുറ്റ എഴുത്തുകാരെയും അവരുടെ രചനകളെയുമാണ് നാം അതിലൂടെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുന്നു. കാഫ്കയുടെയും നിസാര്‍ ഖബ്ബാനിയുടെയും, നരൂദയുടെയും, റൂമിയുടെയും, കൃതികളിലെ  അതീവ തീഷ്ണമായ ചിന്തകളും വരികളും, മലയാളത്തിലൂടെ, രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പദപ്രയോഗ ശൈലിയിലും പുതുമയും ഊര്‍ജ സ്വലതയും കൈ വരുത്തി നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകായാണ് പരിഭാഷ ബ്ലോഗ്. ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുന്ന ബ്ലോഗിനെയും ബ്ലോഗേര്‍സിനെയും എങ്ങിനെ പരിഹസിക്കാന്‍  ചിലർക്ക് കഴിയുന്നു??!!!

എല്ലാ ബ്ലോഗേര്‍സിനും നന്നായി എഴുതാന്‍ കഴിയട്ടെ അവരുടെ ഓരോ രചനകളും പുസ്തകമാകാനുള്ള ആദ്യ പടിയാവട്ടെ എന്നുമാശംസിച്ച്ചു   കൊണ്ട് പൌലോ കോയിലോയുടെ വരികളിലൂടെ ..
അവന്‍ ഒന്നും എഴുതാത്ത ആ വെളുത്ത പുസ്തകത്തിലേക്ക് നോക്കി,
യുവതി അവനോട പറഞ്ഞു എഴുതുക
"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക.
പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും,
പ്രതി സന്ധികളെ മറികടന്ന ഓരോ രംഗങ്ങളും അനുഭവങ്ങളും
വിഹ്വലതകളെയും പ്രയാസങ്ങളെയും  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ,
നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും
തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം
നീ തിരിച്ചറിഞ്ഞപ്പോഴാണ്.
അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,
വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

Thursday, October 31, 2013

മലാല......

പ്രവാസി വർത്തമാനം
ഈ വർഷത്തെ  സമാധാനത്തിനുള്ള  നൊബേല്‍ പുരസ്കാരത്തിന്  നിർദ്ദേശം  ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ബാലിക മലാല യൂസുഫുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചതും  ആ പതിനാറു കാരിക്കായിരുന്നു. രാസായുധ നിരോധന സംഘടനയായ ഒ പി സി ഡബ്ല്യൂ നൊബേല്‍ പുരസ്‌കാരം നേടിയപ്പോഴും വാര്‍ത്തയായത്  മലാല തന്നെ. പുരസ്കാരത്തിനായി ലഭിച്ച പട്ടികയിൽ 259തോളം  പേരായിരുന്നു ഉണ്ടായിരുന്നതെന്ന്  നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. കഴുത്തിനും തലയ്ക്കും വെടിയേറ്റിട്ടും വിദ്യാഭ്യാസ അവകാശ പോരാട്ടത്തില്‍നിന്ന് പിന്മാറാതെ മുന്നേറുന്ന മലാല സ്ത്രീ വിമോജനത്തിന്റെയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെയും പ്രതീകമാണെന്ന് പുരസ്കാരനിര്‍ണയ ചുമതലയുള്ള കമ്മിറ്റിയുടെ തലവനായ ക്രിസ്റ്റണ്‍ ബെര്‍ഗ് ഹര്‍പ്വികെന്‍ പറഞ്ഞു.  

മലാലയുടെ പേര് നോബൽ സമ്മാനത്തിന്   നിർദ്ദേശിക്കപ്പെടാൻ  കാരണം അവരുടെ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. ലോക സമാധാനത്തിനു വിദ്യാഭ്യാസത്തിന്റെ പങ്കു വളരെ വലുതാണ്‌ ലോക സമാധാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യ രാഷ്ട്ര സഭ ഒരു ദിനം തന്നെ തിരഞ്ഞടുത്തിരുന്നു സെപ്റ്റംബർ 21. ഈ ദിനത്തിന് ഈ പ്രാവശ്യം അവർ തിരഞ്ഞെടുത്ത ആപ്തവാക്യം "വിദ്യാഭ്യാസം സമാധാനത്തിനു എന്നതായിരുന്നു"   1981 മുതൽ വിവിധ രാജ്യങ്ങളിൽ വിവിധ സംഘടനകൾ ഈ ദിനം ആചരിച്ചു വരുന്നുണ്ട്, സമാധാനത്തിന്റെ സംസ്കാരം എന്ന പേരിൽ ആചരിച്ച ഈ ദിനം പിന്നീട് ലോക സമാധാനദിനം എന്ന പേരിൽ മാറുകയായിരുന്നു. ഇതിന്റെ ഭാഗമായി  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകളും  സാംസ്കാരിക പരിപാടികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നു. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് മലാല ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ഭീകര പ്രവർത്തനങ്ങൾ  സൃഷ്ടിക്കുന്ന ഒരു സമൂഹത്തിനെതിരായി ആർജവത്തോടെ അവൾ സംസാരിച്ചു. താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയിൽ നിന്നും അവർ വാദിച്ചത് സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു. ആ പോരാട്ടം അവൾ തുടരുകയാണ്. തന്നെ കൊല്ലാന്‍ വരുന്നവരോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുമെന്നാണ് മലാല പറയുന്നത്. താലിബാന്‍ പോരാളികളുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും  ഈയിടെ ഇംഗ്ലണ്ടില്‍ ചാനല്‍ അഭിമുഖത്തില്‍ മലാല പറഞ്ഞു. അവർക്ക്‌  എന്റെ ശരീരത്തിലേക്ക്  വെടിയുണ്ടകൾ അയക്കാൻ കഴിഞ്ഞേക്കും. പേനയ്‌ക്കും പുസ്‌തകത്തിനും അറിവിനും വാളിനേക്കാള്‍  ശക്തിയുണ്ട്. സ്‌ത്രീകളുടെ ശബ്‌ദം ഉയരുന്നത്‌ താലിബാനു   പേടിയാണ്  അതുകൊണ്ടാണ്‌ അവര്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത്. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ അവൾ പറഞ്ഞ ശ്രദ്ധേയമായ  വാക്കുകളായിരുന്നു ഇത്.   

നോബൽ സമ്മാനം  കിട്ടിയില്ലെങ്കിലും ഈ കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ നെറ്റു വർക്ക് സൈറ്റുകളിലും സമാന്തര സോഷ്യല്‍ മീഡിയകളിലും  മലാല നിറഞ്ഞു നില്ക്കുകയായിരുന്നു.  മലാലയ്ക്ക് പുരസ്‌കാരം കിട്ടാൻ ആഗ്രഹിച്ച ഒരു പാട് പേരുണ്ടായിരുന്നു. വിദ്യാഭ്യാസമാണ്  ലോക സമാധാനത്തിനുള്ള ഏക പോം വഴി  എന്നതായിരുന്നു മലാല മുമ്പോട്ട്‌ വെച്ച ചിന്ത,  തോക്കിൻ കുഴലിലൂടെ ഒരിക്കലും സമാധാനം ഉണ്ടാക്കാൻ കഴിയില്ല എന്ന സന്ദേശവും  മലാല ലോകത്തിനു നല്കി. നോബൽ സമ്മാനപ്രഖ്യാപിക്കുന്നതിനു മുമ്പ് യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മനുഷ്യാവകാശ പുരസ്കാരം മലാലയ്കായിരുന്നു  ലഭിച്ചത്, സോവിയറ്റ് ഭൌതിക ശാസ്ത്രജ്ഞനനും  മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ആന്ദ്രെ സഖ്രോവിന്റെ സ്മരണക്കയാണ് എല്ലാവർഷവും ഈ ഈ അവാർഡ് നല്കുന്നത്. ഏകദേശം 45ലക്ഷം രൂപയാണ് സമ്മാനത്തുക. ഈ വർഷത്തെ  ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിൻ  തിരഞ്ഞടുത്തതും മലാലയെ ആയിരുന്നു.
ഇന്ന് ലോകം നേരിടുന്ന  വലിയ പ്രശ്നമാണ്  അസമാധാനവും ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും  ഇതിനു  പരിഹാരം കാണുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ  സംഘടനയും   യു എൻ ഓ യും പല അന്താ രാഷ്ട്ര സംഘടനകളും   ഇതിനു വേണ്ടിയുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും  ചെയ്തു കൊണ്ടിരിക്കുന്നു, വിദ്യാഭ്യാസവും സമാധാനവും ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു, സിറിയയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇറാകിലും ഫലസ്തീനിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും പോഷകാഹാരം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്, ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ താമസിക്കാൻ വീടില്ലാതെ ഉടുക്കാൻ തുണിയില്ലാതെ അവർ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവർക്ക് പഠിക്കാൻ സ്കൂളുകളോ പഠന സൌകര്യങ്ങളോ ഇല്ല.   ദാരിദ്ര്യമാണ്  അവരെ പഠിക്കാൻ  അനുവധിക്കാതതങ്കിൽ മറ്റു ചില സ്തലങ്ങളിൽ മതത്തിന്റെ പേര് പറഞ്ഞു പഠിക്കാൻ പോകുന്ന പെണ്‍കുട്ടികളെ  തടയുന്ന കാര്യം നാം കാണുകയും കേൾക്കുകയും ചെയ്യുന്നു.  വിദ്യഭ്യാസത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച മതമായ ഇസ്ലാമിനെയാണ് ഇതിനു വേണ്ടി  അവർ കൂടുതലായും ദുരുപയോഗം ചെയ്യുന്നത്. ഇസ്ലാം ഒരിക്കലും വിദ്യാഭ്യാസത്തെ തടയുകയോ നിഷേധിക്കുക്കയോ ചെയ്തിട്ടില്ല. മറിച്ചു ആവുന്നത്ര പഠിക്കാൻ  പ്രോത്സാഹിപ്പിച്ചിട്ടെയുള്ളൂ  "നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക" എന്ന പ്രഥമ സൂക്തവുമായി ദിവ്യ വെളിപാടിറങ്ങിയത് ഒരിക്കലും യാദൃശ്ചികമല്ല. ഭാവിയെ സമ്പന്ധിച്ച് സുനിര്‍ണിതമായ ഒരു പ്രവചനത്തിന്റെ മണിമുഴക്കമാണ് അതിൽ നാം ദർശിക്കുന്നത്, വായനയുടെയും പഠനത്തിന്റെയും പ്രാധാന്യമാണ് അത് വിളിച്ചറിയിക്കുന്നത്. എഴുത്തും വായനയും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു പ്രവാചകൻ തന്റെ അനുയായികളോട് പലഘട്ടങ്ങളിലും ഉപദേശിച്ചിരുന്നത്.
     
വിദ്യഭ്യാസം ആർജിക്കുന്നതിലൂടെ രാജ്യ സ്നേഹം മനസ്സിൽ വളർത്താനും   രാജ്യത്തിന്റെ  ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിയാനും  അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യഥാര്‍ത്ഥ ബോധം  സ്വയം സൃഷ്ടിച്ചെടുക്കാനും  സാധിക്കുന്നു. വിദ്യസമ്പന്നർ  ലോകജനതയോടും വിവിധ  സംസ്കാരങ്ങളോടും  സഹാനുഭൂതി പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളിലെ  പാവപ്പെട്ട ജനകോടികളുടെ വിവിദ്യഭ്യാസത്തിനും  സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ മനസ്സ് കാണിക്കണം.
     
ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത് ശാന്തിയും സമാധാനവും ഉത്ഗോഷിക്കുന്ന ഇസ്ലാമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാർതത്തിൽ മതത്തെ  പലരും ദുരുപയോഗം ചെയ്യുകയാണ്, ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്‌   സമാധാനം ആഹ്വാനം ചെയ്യുന്ന ഖുറാനിന്റെ അനുയായിയായ ഒരാൾക്ക്‌ ഒരിക്കലും ഒരു തീവ്രവാദിയോ ഭീകര വാദിയോ ആവാൻ പറ്റില്ല. അവനു സമൂഹത്തിൽ നന്മ ചെയ്യാനേ കഴിയൂ.  ഒരു യഥാർത്ഥ വിശ്വാസിക്കും ഒരാളുടെ പഠന സ്വന്തന്ത്ര്യത്തെ  നിഷേദിക്കാനോ തടയാനോ  ഒരു മതത്തെയോ  മത ചിഹ്നത്തെയോ  നിന്ദിക്കാക്കാനോ അപമാനിക്കാക്കാനോ കഴിയില്ല, അങ്ങിനെ ചെയ്യാൻ മതം അനുവദിക്കുന്നുമില്ല.  മുഴുവൻ മനുഷ്യരോടും സഹജീവികളോടും കരുണയും അനുകമ്പയും നല്കാനെ അവനു കഴിയൂ, തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. 

ഇന്ന് പല ഭീകര സംഘടനകളും ഇസ്ലാമിനെ ദുരുപയോഗം ചെയ്തു അവരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി പ്രവർത്തിച്ചു  കൊണ്ടിരിക്കുന്നു. അവരുടെ ലക്‌ഷ്യം സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുക അസമാധാനം ഉണ്ടാക്കുക എന്നതാണ്, അതിനു വേണ്ടി അവർ പലപ്പോഴും പാവപ്പെട്ടവരെ ബലിയാടാക്കുകയും  മതത്തെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ഭീകര പ്രസ്ഥാനങ്ങളെ നാം കരുതിയിരിക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യണം, അതിനു യഥാർത്ഥ വിദ്യാഭ്യാസം നല്കാൻ നമുക്ക് കഴിയണം. ഇവിടെയാണ്‌ മലാല ശ്രദ്ധിക്കപ്പെടുന്നത്.

ഭീകര വാദികളുടെയും  തീവ്ര വാദികളുടെയും  ആവശ്യം സമൂഹത്തിൽ വിദ്യാഭ്യാസം ഇല്ലാതാക്കുക എന്നതാണ്. അവര്‍ ഇസ്ലാംമതം പഠിച്ചത് ഖുറാനില്‍ നിന്നോ നബിചര്യയില്‍ നിന്നോ അല്ല എന്നാണു നാം മനസ്സിലാക്കേണ്ടത് . ഇസ്ലാമിക വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ചില തീവ്ര വാദ സംഘടനകൾ  നടത്തുന്ന തെറ്റായ സന്ദേശങ്ങളെയും  അവർ സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും അതിനെതിരെ  ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു മലാല എന്ന പെണ്‍കുട്ടി.  എല്ലാ രാജ്യങ്ങളും തീവ്രവാദത്തിനെതിരേ പോരാടി അവിടുത്തെ സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും മലാല തുറന്നു പറയുന്നു. എല്ലാ കുട്ടികളുടേയും ശോഭനമായ ഭാവിക്ക്‌ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്‌.

കാലഘട്ടത്തിന്റെ  പ്രത്യേക സവിശേഷതകൾ  മനസ്സിലാക്കി  ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സമൂഹത്തിന്റെ ഉന്നതിക്കും സമാധാനത്തിനും നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ്  ഓരോരുത്തരുടെയും ഭാഗത്ത് നിന്നുമുണ്ടാവേണ്ടത്. യഥാർത്ഥ  വിദ്യാഭ്യാസം ആര്ജിക്കുന്നതിലൂടെ മാത്രമാണ് ലോക സമാധാനം കൈവരികയുള്ളൂ, അത് രാജ്യങ്ങൾ  രതമ്മിലായാലും മതങ്ങൾ തമ്മിലായാലും കുടുംബങ്ങൾ തമ്മിലായാലും സമാധാനാന്തരീക്ഷം നില നിർത്താൻ വിദ്യാഭ്യാസം വലിയ പങ്കു വഹിക്കാനുണ്ട്,  സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ്. സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കു കുറച്ചു കാണുന്നത് ആത്മഹത്യാപരമാണ്.

സമാധാനം ആഗ്രഹിക്കാത്ത ഒരു സമൂഹവുമില്ല . ഉന്നതിയിൽ എത്താനും  പുരോഗമന പരമായ  കാര്യങ്ങൾ ചെയ്യാനും സമാധാനം അനിവാര്യമാണ്.   സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലങ്കിലും   'ഒരു സമ്മാനം വേണമെന്ന് എന്റെ മനസ്സിലുണ്ട്. അതിനുവേണ്ടി ഞാന്‍ പൊരുതും അതിനു വേണ്ടി ഞാൻ  പ്രചാരണം നടത്തും. ലോകത്തുള്ള മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സ്വാതന്ത്ര്യം അതാണ്‌ എന്റെ ലക്ഷ്യം, എല്ലാ കുട്ടികളും  സ്‌കൂളില്‍ പോവുക എന്നതാണാ സമ്മാനം. അതിനുവേണ്ടിയാണ് എന്റെ ജീവിതം. സ്വപ്നങ്ങളെ തകര്‍ക്കാനാവില്ല. മലാലായുടെ ഈ സ്വപ്നം ലോകത്തിന്റെ  സ്വപ്നമാണ്  ആ സ്വപ്നം സാക്ഷാത്കരിക്കട്ടെ.

പ്രവാസി വർത്തമാനം
മലാലയെ കുറിച്ചല്പം
1997 ജൂലൈ 12ന് സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സ്വാത്ത് ജില്ലയിലെ മിംഗോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. 2011ല്‍ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു. അതേ വര്‍ഷം തന്നെ ദേശീയ യുവജന പുരസ്‌ക്കാരം  മലാലയെ തേടിയെത്തി. സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് മലാലയായിരുന്നു. 2009ലാണ് മലാലയുടെ ഡയറിക്കുറിപ്പുകളുടെ ബ്ലോഗ് ബി ബി സി ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തുടര്‍ന്ന് അവളെ കുറിച്ച് ഡോക്യുമെന്ററി ചിത്രം പുറത്തുവരികയും നിരവധി അഭിമുഖങ്ങള്‍ പ്രസിദ്ധീകരണങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വാത്ത് ജില്ലാ ചൈല്‍ഡ് അസംബ്ലിയുടെ 2009- 11 വര്‍ഷത്തെ ചെയര്‍പേഴ്‌സണായി മലാല യൂസഫ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. സ്വാത് താഴ്‌വരയിലെ പ്രബലമായ ഗോത്ര വിഭാഗമാണ് യൂസഫ്‌സായി. മാതാപിതാക്കളും രണ്ട് അനിയന്മാരുമൊത്തായിരുന്നു മലാല സ്വാതിലെ വീട്ടില്‍ ജീവിച്ചിരുന്നത്.

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി അറിയപ്പെടുന്ന കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. പ്രശസ്ത പഷ്തൂണ്‍ കവി കുഷാല്‍ഖാന്‍ ഖട്ടക്കിന്റെ പേരില്‍ യൂസഫ്‌സായിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. തന്റെ മകള്‍ ഏറെ പ്രത്യേകതകളുള്ള വ്യക്തിയാണെന്ന് സിയാവുദ്ദീന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. സഹോദരങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മലാല പിതാവുമായി ഏറെ നേരം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്രെ! 2008 സെപ്തംബറില്‍ യൂസഫ്‌സായി മകളെ പെഷാവാറിലെ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ മുമ്പിലെത്തിച്ചു. വിദ്യാഭ്യാസത്തിനുള്ള തന്റെ അടിസ്ഥാന അവകാശത്തെ താലിബാന്‍ തടയാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് അവള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വാചാലയായി. പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മുമ്പില്‍ നടത്തുന്ന പ്രഭാഷണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് പിതാവ് മലാലയ്ക്ക് പറഞ്ഞുകൊടുത്തു.

2009ന്റെ തുടക്കത്തിലാണ് പാക്കിസ്താന് പുറത്തുള്ള ബി ബി സി ലേഖകന്‍ അബ്ദുല്‍ ഹായ് കാക്കര്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിദ്യാഭ്യാസ നിഷേധത്തിനെതിരെ ബി ബി സി ഉര്‍ദുവിലേക്ക് എഴുതിത്തരാനുണ്ടാകുമോ എന്ന് സിയാവുദ്ദീനോട് ചോദിക്കുന്നത്. ആയിഷയെന്ന പെണ്‍കുട്ടിയുടെ പേരാണ് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും അവളുടെ രക്ഷിതാക്കള്‍ ഇത്തരമൊരു എഴുത്തിനെ ഭയന്നതിനാല്‍ അവളേക്കാള്‍ നാല് വയസ്സ് പ്രായം കുറവുള്ള മലാല ഇതിനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്വാത് താഴ്‌വരയിലെ പ്രശ്‌നങ്ങളെ കുറിച്ച് ബി ബി സി വിശദമായ വാര്‍ത്തകള്‍ തയ്യാറാക്കാറുണ്ടായിരുന്നെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ശരിയായ വികാരം എന്താണെന്ന് അറിഞ്ഞിരുന്നില്ല. മലാലയുടെ കുറിപ്പുകള്‍ അവളുടെ സുരക്ഷയ്ക്കായി ഗുല്‍മകായി എന്ന തൂലികാ നാമത്തിലായിരുന്നു പുറത്തു വന്നിരുന്നത്. 2009 ജനുവരി മൂന്നിനാണ് മലാലയുടെ ആദ്യ പോസ്റ്റ് ബി ബി സി ഉര്‍ദു ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് മലാലയ്ക്ക് സ്‌കൂള്‍ ബസ്സില്‍ വെച്ച് കഴുത്തിനും തലയ്ക്കും വെടിയേറ്റത്.

Thursday, October 10, 2013

ത്യാഗ ജീവിതത്തിന്റെ ഉപമ


പ്രവാസി വർത്തമാനം
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു.  അത് കൊണ്ട് തന്നെ ഇബ്‌റാഹീം നബി ചരിത്രത്തിന്റെ ഏടുകളിൽ എന്നും  ജ്വലിച്ചു നില്‍ക്കുന്നു. നംറൂദ് ചക്രവര്‍ത്തി ക്കെതിരെശബ്ദിച്ചതും അനീതിക്കെതിരെ പോരാടിയതും കാരണം ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ  സഹിക്കേണ്ടി വന്നു.  നംറൂദ് ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. ഇബ്രാഹീമിനു നേരിടേണ്ടി വന്ന വലിയ  പരീക്ഷണമായിരുന്നു അത്.
 പക്ഷെ ദൈവം അദ്ദേഹത്തെ തീയിൽ നിന്നും രക്ഷിച്ചു. 
"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."
ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘
ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?
ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘
അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .
‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’
ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.
ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.
"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!
ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.

ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു. 
വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു,
മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും.
"മകനെ  ബലിയര്‍പ്പിക്കണമെന്ന്".
 ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"
ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു
`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു.
പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`
ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.
 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".
അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.
പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.
ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".
അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍  മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 
ഇബ്രാഹിം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പാട് ഓർമ്മകൾ ഹജ്ജിലൂടെ ഓരോ ഹാജിമാരും പുതുക്കുകയാണ്, ആ ത്യാഗം സ്വന്തം ജീവിതത്തിൽ നിറവേറ്റാൻ വേണ്ടി മനസ്സിനെ പാകപ്പെടുതുകയാണ്.

ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ്‌ അറഫ. ഈ വര്‍ഷത്തെ  അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കൾ ആണ്, 15ന് ചൊവ്വാഴ്ച  ആയിരിക്കും ബലി പെരുന്നാള്‍. ഹജ്ജിനു ദിവസങ്ങൾ മാത്രം നില്‍ക്കെ ഹജ്ജിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചതായും ഇതിന്റെ മുന്നോടിയായി  കിരീടാവകാശി അമീർ സല്മാൻ ബിന് അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം ഹജ്ജിന്റെ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തിയതായും  സംതൃപ്തി രേഖപ്പെടുത്തിയതായും പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. വിദേശത്ത് നിന്നുള്ള ലക്ഷക്കണക്കിന്  തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.

ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. പരമമായ വിനയത്തിന്‍െറ വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അവിടെ ഒരുമിച്ചു കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്‍െറ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്‍െറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും അല്ലാഹുവിന്‍െറ കരുണയ്ക്കായി  കൈ  ഉയര്‍ത്തി പ്രാർഥിക്കുന്നു.  

ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങലും  സ്തോത്രാലാപനങ്ങലും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം., ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രം. ഒഴുകുന്ന കണ്ണീരുമായി  പാപമോചനത്തിനായി നെഞ്ചുരുകിയുള്ള തേങ്ങലും  കരച്ചിലും മാത്രം.

അറഫയില്‍ പങ്കെടുക്കാത്തവര്‍ക്ക്  അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നോമ്പ്  അനുഷ്ഠിക്കല്‍ ഏറെ പുണ്ണ്യമുള്ള കാര്യമാണ് ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെ പത്തു ദിവസങ്ങള്‍  വളരെ ശ്രേഷ്ടമായ ദിവസങ്ങളാണ്. നരകാഗ്നിയില്‍നിന്ന് അല്ലാഹു തന്‍െറ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം.   അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാണ് താനെന്ന തിരിച്ചറിവ് നല്‍കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു.  ഇസ്‌ലാമികസമൂഹത്തിന്റെ ഐക്യത്തിന്റെയും പരസ്പര സൌഹാര്‍ദത്തിന്റെയും ശക്തിയുടെയും പ്രകടനമാണ് ഹജ്ജ്. എന്നാല്‍, വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്. 

അറഫയില്‍വെച്ച് ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്, അവരുടെ തിരിച്ചു വരവ് ജനിച്ചു വീണ ഒരു കുട്ടിയുടെ മനശുദ്ധിയോടെയാണ്, അങ്ങിനെ  ഓരോരുത്തരും സ്വയം തിരിച്ചറിയുന്നു, സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കുന്നു. അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ചികഞ്ഞെടുക്കുന്നു. അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം.

Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.

Wednesday, September 18, 2013

ജിബ്രാനെ സ്നേഹിച്ച ഷെൽവി


"വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി. കണ്ണീരിന്റെ ആ നദി ഓരോരുത്തരുടെയും ഉള്ളിലൂടെയാണ്" (ഷെൽവി എന്ന പുസ്തകം). ഡയ്സിയുടെ വാക്കുകളിലെ ദുഃഖം അത്  കാണാതിരിക്കാൻ ഒരു വായനക്കാരനും സാധിക്കില്ല. ആ വാക്കുകളിൽ അത്രത്തോളം തീവ്രതയും തീഷ്ണതയുമുണ്ട്. ഈ നദിയുടെ ഓളങ്ങൾ എന്റെ മനസ്സിനെയും തട്ടിയുണർത്തി. വർഷങ്ങൾക്കു മുമ്പുള്ള എന്റെ ഓർമ്മകൾ വീണ്ടും ഇവിടെ ജീവിക്കുകയാണ്.

ഠിക്കുന്ന കാലം ഞങ്ങൾ കുറച്ചു കൂട്ടുകാർ ചേർന്ന് കോളേജ്  ഹൊസ്റ്റലിൽ  നിന്നും  കോഴിക്കോട് ടൌണിലേക്ക് ബസ്സ്  കയറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബസ്സിറങ്ങി.  സ്റ്റേഷനിൽ നിന്നും മൾബറിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മിഠായി തെരുവിലൂടെ ഞങ്ങൾ നടന്നു പഴയ കെട്ടിടങ്ങൾ നിറഞ്ഞ  തിരക്കേറിയ തെരുവ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റോഡിനരുകിലായി നിറയെ വഴിവാണിഭക്കാർ  തുണികളും പാത്രങ്ങളും ചെരിപ്പുകളും നിരത്തി വെച്ചിരുക്കുന്നു. രാധാ തിയ്യേറ്റർ പരിചയമുള്ളത് കൊണ്ട് ഞങ്ങൾക്ക് മൾബറി കണ്ടത്തുക വലിയ പ്രയാസമായിരുന്നില്ല. രാധയോടു ചേർന്നുള്ള  ആര്യ ഭവനിലായിരുന്നു മൾബറി.  മൾബറി സന്ദർശിക്കുക  ജിബ്രാന്റെ പുസ്തകങ്ങൾ വാങ്ങുക അതായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

തിയ്യേറ്ററിനടുത്തത്തിയപ്പോൾ അവിടെ നീണ്ട ക്യു കണ്ടു. ഏതോ  നല്ല പടം കളിക്കുന്നു "ചില  കൂട്ടുകാർ പറഞ്ഞു " നമുക്ക് സിനിമ കണ്ടതിനു ശേഷം മൾബറിയിൽ പോകാം. ഞാൻ പറഞ്ഞു ഞാൻ വരുന്നില്ല. ഞാൻ നേരെ മൾബറിയിലേക്ക് നടന്നു ഒരു പഴയ  കെട്ടിടം അതാണ്‌ ആര്യ ഭവൻ. അതിലായിരുന്നു മൾബറി. ഇരുപത്തഞ്ചാം നമ്പർ മുറി.  മുറിയിൽ  നിറയെ  പുസ്തകങ്ങൾ അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ഒരു ലോകം. പുറത്തു വലിയ ജനത്തിരക്കും ശബ്ദ കോലാഹളങ്ങളുമുണ്ടങ്കിലും  അതൊന്നും അവിടെ കേൾക്കുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം.  കോഴിക്കോടുള്ള  മറ്റു പ്രസാധനാലയത്തിൽ  നിന്നും വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത എനിക്കവിടെ അനുഭവപ്പെട്ടു. മനസ്സിന് വല്ലാതെ ഒരു അനുഭൂതി, ആകർഷകമായ പുസ്തകങ്ങൾ ഓരോ പുസ്തകങ്ങളും ഞാൻ മാറി മാറി  നോക്കി. ഒടുവിൽ പ്രവാചകന്റെ  വില ചോദിച്ചു. ഒപ്പം ഒന്ന് രണ്ടു പുസ്തകങ്ങൾ വേറെയുമെടുത്തു.

പുസ്തകത്തിനു ഡിസ്കൌണ്ട്  ഉണ്ടോ  എന്ന് ഞാൻ ചോദിച്ചു.  ഇത് കേട്ട പുസ്തകക്കെട്ടുകളുടെ മൂലയിൽ ഇരിക്കുന്ന ഇരുണ്ട നിറമുള്ള ഒരാൾ എന്നെ അടുത്ത് വിളിച്ചു. ഞാൻ  അയാളുടെ അടുത്തു ചെന്നു. അയാൾ എന്റെ പേര് ചോദിച്ചു.  കുറച്ചു നേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. സംസാരത്തിനിടയിൽ കൂട്ടുകാരെ പറ്റി അദ്ദേഹത്തോട് ഞാൻ പറഞ്ഞു "ഞങ്ങൾ  ജിബ്രാന്റെ പ്രവാചകൻ വാങ്ങാൻ  വന്നതാണ്". കൂട്ടകാരോടൊപ്പം സിനിമ കാണാൻ പോകതിരുന്നതിനെ പറ്റി അയാൾ  എന്നോട് ചോദിച്ചു. "ആ ടിക്കറ്റിന്റെ പൈസയ്ക്ക് ഒരു പുസ്തകം വാങ്ങാമല്ലോ"   ഞാൻ പറഞ്ഞു. എനിക്ക് ജിബ്രാനെ ഇഷ്ടമാണ്. ഞാൻ ജിബ്രാനെ പഠിച്ചു  കൊണ്ടിരിക്കുകയാണ്  കുറച്ചു പുസ്തകങ്ങൾ വാങ്ങണം. ജിബ്രാന്റെ ഒടിഞ്ഞ ചിറകുകൾ (അജ്നിഹത്തുൽ മുതകസ്സിറഹ്  ബ്രോകൻ വിങ്ങ്സ്) ഞാൻ വായിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന അറബിയിലുള്ള ജിബ്രാന്റെ പുസ്തകങ്ങളെ പറ്റി അദ്ദേഹത്തോട്  പറഞ്ഞു. "ജിബ്രാനെ പറ്റി മറ്റെന്തു അറിയാം" അയാൾ ചോദിച്ചു.

"1883ല്‍ ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് ജിബ്രാന്  കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം. പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍,  ആത്മാവിന്റെ രോദനം  എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯‍ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും മോസിയാദയും ജിബ്രാനും ആശയവിനിമയം നടത്തി".

എല്ലാം കേട്ടതിനു ശേഷം എന്റെ കൈ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു നന്നായി പഠിക്കൂ. അയാളുമായുള്ള സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. ഒഴിവു സമയങ്ങൾ നഷ്ടപ്പെടുത്താതെ വായനക്ക് വേണ്ടി ചിലവയിക്കാൻ എനിക്കത് പ്രേരണയായി. ഞാൻ പുസ്തകത്തിന്റെ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ വിളിച്ചു പറഞ്ഞു. അയാളോട് പൈസ വാങ്ങിക്കേണ്ട. എന്റെ സംസാരം അയാൾക്ക്‌ ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല പൈസ വാങ്ങിക്കാതെ പ്രവാചനടക്കം ഒന്ന് രണ്ടു  പുസ്തകങ്ങൾ വേറെയും അയാൾ എനിക്ക് തന്നു.

മള്‍ബറിയുടെ ജീവനായ ഷെൽവിയോടാണ്  ഞാൻ സംസാരിച്ചതെന്നു പിന്നീടാണ് മനസ്സിലായത്. പിന്നീട് മള്‍ബറിയിൽ പോകുമ്പോഴൊക്കെ  പ്രൂഫുകൾ വായിച്ചിരിക്കുന്ന ഷെല്‍വിയെ കാണാറുണ്ട്‌. അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ലോകത്ത് നിന്നും അറിവിന്റെ വാതായനങ്ങൾ തുറന്നു വായനാ ലോകത്തെ  വിസ്മയത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ  തന്ത്രങ്ങൾ  മെനയുന്ന ഒരാളായിട്ടാണ് എനിക്കദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. കിംഗ്‌ മെമ്പർ ഷിപ്പിലൂടെ കൂടുതൽ വായനക്കാരെ സൃഷ്ടിക്കാനും വായനയെ ജീവിപ്പിക്കാനും ഷെൽവിക്ക്  കഴിഞ്ഞു, തപാൽ മൂലം പുസ്തകങ്ങൾ എത്തിക്കാനും മെമ്പർ മാരുടെ ഫോട്ടോസ് അടങ്ങിയ പുസ്തക കതലോഗ്സ്  അംഗങ്ങൾക്കയച്ചു കൊടുക്കാൻ ഷെൽവി  ശ്രമിച്ചു. അവർക്ക് സമയത്ത് തന്നെ പുസ്തകമെത്തിക്കാനും പുതിയ വിവരങ്ങൾ അറിയാനും അതിലൂടെ കഴിഞ്ഞു. ഓണ്‍ലൈൻ എത്തുന്നതിനു മുമ്പേ ഈ ഒരു രീതിയിലൂടെ  വായനക്കാർക്ക് പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ  എത്തിക്കാൻ ഷെൽവിയുടെ  ഈ പ്രവർത്തനം  കൊണ്ട്  കഴിഞ്ഞു. 

വ്യത്യസ്തവും ആകര്‍ഷകവുമായ നവീനാശയങ്ങള്‍ ഉൾകൊള്ളുന്ന ആധുനിക പുസ്തകങ്ങള്‍ നിരവധി മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. സംസ്കാരങ്ങളുടെ കഥ പറയുന്ന മഹാഗ്രന്ഥങ്ങള്‍ തുടങ്ങി നവീനാശയങ്ങള്‍ വെളിച്ചം പകരുന്ന ഒരു പാട് ആധുനിക പുസ്തകങ്ങളും അന്യഭാഷാ പുസ്തകങ്ങളുടെ പരിഭാഷകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നാം ലോക കഥ, ഭൂമിയുടെ മനസ്സിൽ, മാധവിക്കുട്ടിയുടെ കവിതകൾ ഇവയായിരുന്നു ആദ്യ കാല പ്രസിദ്ധീകരണങ്ങൾ, കാഫ്കയെയും നെരൂദയെയും കാന്റിനെയും ജിബ്രാനെയും മള്‍ബറിയിലൂടെ  മലയാളി അറിഞ്ഞു. ഖലീൽ ജിബ്രാൻ (നാടോടി, അവധൂതന്റെ മൊഴി), ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ, നിഷേധികൾ പ്രവാചകന്റെ ഉദ്യാനം, അലഞ്ഞു തിരിയുന്നവർ, എന്നിവ  ജിബ്രാന്റെ മള്‍ബറിയുടെ 89, 98 കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. യതിയുടെ ഒരു പാട് പുസ്തകങ്ങൾ അദ്ദേഹ പ്രസിദ്ധപ്പെടുത്തി. വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ മാർഗവും  വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി ശ്രമിച്ചു. ഇക്കാരണത്താൽ  തന്നെ മികച്ച പുസ്‌തകനിര്‍മ്മിതിക്കുള്ള ദര്‍ശന അന്തര്‍ദ്ദേശീയ പുരസ്‌കാരം മൂന്നുതവണ മള്‍ബറിക്ക് ലഭിച്ചു.  ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും മള്‍ബറികു ലഭിച്ചു. പുസ്തക പ്രസാധനത്തില്‍ ഒരു പാട് നല്ല നല്ല  മാറ്റങ്ങള്‍ വരുത്താൻ ഷെൽവിക്കു കഴിഞ്ഞു. പഴയ  പുസ്തകനിര്‍മാണ രീതികളെ ഷെല്‍വി മള്‍ബറിയിലൂടെ മാറ്റി. ആകർഷകമായ ലേഔട്ട്‌, കവർ, സ്പയിൻ, പേജ് സെറ്റിംഗ്സ് തുടങ്ങിയ പുസ്തകത്തിന്റെ മട്ടിലും കെട്ടിലും വരെ ഷെൽവി ശ്രദ്ധിച്ചു, പുസ്തകം അതിന്റെ ഉൾകാമ്പിനു പുറമേ കാഴ്ചയിലും മനോഹരമായിരിക്കണം എന്ന  കണിശത അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുസ്തകപ്രസാധനത്തില്‍ കാണുന്ന പല  നവീന രീതികല്ക്കും തുടക്കം കുറിച്ചത്  ഷെൽവിയാണെന്ന് പറയാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുസ്തക പ്രസിദ്ധീകരണ രംഗത്ത് പേരെടുക്കാൻ മള്‍ബറിക്ക് കഴിഞ്ഞു.  പ്രസാധന രംഗത്ത്  തന്റെ പേരടയാളപ്പെടുത്തി  വളരെ പെട്ടെന്ന്  തന്നെ  ഷെൽവി നമ്മെ  വിട്ടു  പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 2003 ഓഗസ്റ്റ് 21-നായിരുന്നു ഷെൽവി നമ്മെ വിട്ടു പിരിഞ്ഞത്.

എന്ത് കൊണ്ട് ഷെൽവി അന്ന് എന്നോട് പൈസ വാങ്ങിയില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും, പിന്നീട് ഡെയ്സിയുടെ പുസ്തകത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു. ''ഞാന്‍ പുസ്‌തകങ്ങളെയാണ്‌ നിര്‍മിക്കുന്നത്‌. മത്തിക്കച്ചോടമല്ല നടത്തുന്നത്‌'' എന്ന  അദ്ദേഹത്തിന്റെ വാക്കുകൾ " പുസ്‌തകപ്രസാധനമെന്ന കലയെ വില്‍പനച്ചരക്കാക്കാന്‍ ഷെൽവി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.  വായനയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധയും. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഈ സമീപനമാണോ അദ്ദേഹത്തെ തകർത്ത് കളഞ്ഞത് എന്ന് പലരും  സംശയിക്കുന്നു. പല എഴുത്തുകാരെയും നശിപ്പിച്ചതുപോലെ തുടര്‍ച്ചയായ മദ്യപാനവും ബിസിനസിലുള്ള അശ്രദ്ധയുമാണ് ഷെല്‍വിയുടെ പരാജയത്തിനു കാരണമെന്ന് പലരും വിലയിരുത്തുന്നു. ഷെല്‍വിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യപാനശീലമായിരുന്നു എന്ന് ഡെയ്‌സി തന്നെ പറയുന്നുണ്ട്. "മദ്യപാനം എഴുത്തുകാരിൽ കണ്ടു വരുന്ന കൂടപ്പിറപ്പായ ഒരു ശീലമാണ്. ഒമർഖയ്യാം വരെ പാന പാത്രം നിറയെ ചുവന്ന വീഞ്ഞ്, സഖീ, പിന്നെയരികിൽ നീയും, ഈ കവിതയുമുണ്ടങ്കിൽ സ്വർഗമെന്തിനു വേറെ എന്ന് പാടിപ്പോയിട്ടുണ്ട്. മദ്യം മനുഷ്യനെ കുടിക്കാതിരുന്നാൽ മതി. പക്ഷെ, കർക്കിടക മഴയിൽ ബിയർ കഴിക്കണമെന്ന തോന്നാൻ തുടങ്ങിയാൽ പിന്നെ ആ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല". (ഷെൽവി എന്ന പുസ്തകം) ഡേയ്സിയുടെ ഈ വാക്കുകൾ മദ്യത്തിൽ അടിമപ്പെടുന്ന ഏതു രംഗത്തുള്ളവർക്കും വലിയൊരു പാഠമാണ്. 

ജിബ്രാൻ എന്ന എഴുത്തുകാരനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അതായിരിക്കും മറ്റൊരു കാരണം എന്ന് ഡേയ്സിയുടെ  ഈ വാക്കുകളിൽ നിന്നും മനസ്സിലാവുന്നു   "ഷെൽവി പറഞ്ഞിട്ടാണ് ഞാൻ ജിബ്രാന്റെ മോസിയാദക്കെഴുതിയ കത്തുകൾ വായിക്കുന്നത്. ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ തുടങ്ങിയ കവിതകളിലെ ജിബ്രാനെക്കാൾ അനുരാഗത്തിന്റെ ചൂടും വെളിച്ചവുമേറ്റ ജിബ്രാനെ ഞാനവിടെ വെച്ചു കണ്ടു " (ഷെൽവി എന്ന പുസ്തകം).  ജിബ്രാന്റെയും മോസിയാദയുടെ എഴുത്തുകൾ അവർ തമ്മിലുള്ള പ്രേമബന്ധം ഏറെ ശക്തി പ്പെടുത്തിയിരുന്നു എന്നത് ഡേയ്സിയുടെ പുസ്തകത്തിൽ നിന്നും വായിക്കാൻ പറ്റുന്നുണ്ട്. "ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?" മോസാദയുടെ ഈ കത്ത് ഇവിടെ വായനക്കാരെ സ്നേഹത്തിനപ്പുറം മറ്റു അർഥ തലങ്ങളിലേകാണ് കൂട്ടി കൊണ്ട് പോകുന്നത്. 

നല്ലൊരു പ്രാസധകൻ എന്നത് പോലെ ഷെൽവി നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു മറ്റുള്ളവരുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നതിനിടയിൽ സ്വന്തം പുസ്തകം പബ്ലിഷ്  ചെയ്യാൻ പലപ്പോഴും അദ്ദേഹത്തിനു സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ "നൊസ്റ്റാൽജിയ" ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ടിക്കുന്നു, നമ്മുടെ ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കവിതയിൽ തന്റേതായ ഒരു വ്യക്തി  മുദ്ര അദ്ദേഹം പതിപ്പിച്ചു, വാക്കുകളുടെ ഭംഗിയും വർണനകളും  വായനക്കാരെ വല്ലാതെ ആക൪ഷിച്ചിരുന്നു. കവിതയിൽ ദുഖവും സന്തോഷവും ജീവിതവും മരണവും എല്ലാം ഇടകലർന്നിരുന്നു.  ഷെൽവിയുടെ മനസ്സിൽ എന്നും കവിതയുടെ കനൽക്കട്ടയുണ്ടായിരുന്നു  പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും കാല്പനികതയ്ക്കപ്പുറം മറ്റെന്തോ ആയി അദ്ദേഹത്തിൻറെ കവിതയിൽ പരിണമിച്ചു.

ഷെൽവി കവിതയെ സ്നേഹിച്ചത് പോലെ സംഗീതത്തെയും ഒരു പാട് സ്നേഹിച്ചിരുന്നു സംഗീതവും അദ്ദേഹത്തിനു ജീവനായിരുന്നു, കിഷോ൪ കുമാറും ജഗത് സിങ്ങും ചിത്രാസിങ്ങും ഒക്കെ നിറഞ്ഞ ഒരു  രാഗ പ്രപഞ്ചം ഷെഹനായി എന്ന് പേരിട്ട വീട്ടിൽ നിറഞ്ഞതായി ഡെയ്സി പറയുന്നു.

ഷെല്‍വി നമ്മെ വിട്ടു പിരിഞ്ഞിട്ട് പത്തു  വർഷം കഴിഞ്ഞു.  ഷെല്‍വിയുടെ പബ്ലിക്കേഷന്‍സിലൂടെ മുഖ്യധാരയിലെത്തിയ പലരും ഷെൽവിയെ മറന്നു എന്നത് ഒരു ദുഃഖ സത്യമാണ്. ഷെല്‍വിയെക്കുറിച്ചു "ഷെൽവി എന്ന പുസ്തകം" എഴുതിയത് ഡെയ്സി തന്നെയാണ്, ഒരു പാട് കാര്യങ്ങൾ ഡെയ്സി അതിൽ   പ്രതിപാതിക്കുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടത്തിനപ്പുറം മനസ്സലിയിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ ഡെയ്സി പറയുന്നുണ്ട്,  വീ ആർ സുദീഷിന്റെ വാക്കുകൾ അതിന്റെ ആഴം നമുക്ക് വ്യക്തമാക്കിത്തരുന്നു  ഡെയ്സി എഴുതുന്നു:""വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി."" പ്രിയപ്പെട്ട ഡെയ്സീ, ആത്മാവിലൂടെ ഒഴുകുന്ന അദൃശ്യയായ ആ നദി ഈ പുസ്തകത്തില്‍ ഞാന്‍ കാണുന്നു. ഡെയ്സി പറയുന്നതുപോലെ പ്രണയമായാലും വിവാഹമായാലും വൈധവ്യമായാലും ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഡെയ്സി എഴുതാതെ പോയ ഷെല്‍വിയുടെ ജീവിതാധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ ഞാന്‍ വായിക്കുന്നുണ്ട്. എന്തുകൊണ്ട് അത് എഴുതാതെ പോകുന്നു എന്ന് നന്നായി തിരിച്ചറിയുന്നുണ്ട്. പലപ്പോഴും ഈ പുസ്തകത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ എന്നെ കരയിച്ചു". സുദീഷിനെ പോലെ ഈ പുസ്തകം വായിക്കുന്ന ആരെയും കരയിപ്പിക്കും എന്നതിൽ സംശയമില്ല.

ആരെയും ആകർഷിക്കുന്ന ഷെല്ലിയുടെ മനോഹരമായ ചില വരികൾ
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്‌
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ്‌ ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ്‌ ഓരോര്‍മ്മയാകുന്നു


മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്‌-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്‌
എല്ലാം...

അദ്ദേഹത്തിന്റെ  ആത്മാവിനു  നിത്യശാന്തി  ലഭിക്കട്ടെ
Related Posts Plugin for WordPress, Blogger...