Thursday, September 5, 2013

നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും ചരിത്ര ശേഷിപ്പുകളും

പ്രവാസി വർത്തമാനം
നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും
ചരിത്ര ശേഷിപ്പുകളും  

പ്രശസ്ത സിറിയൻ കവി നിസാർ  ഖബ്ബാനി ഒരിക്കൽ പാടി ....
ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ   
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ   
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിന്റെ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ

അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.  കിഴക്കു ഭാഗത്ത് ഇറാഖ്, തെക്കു ജോർദ്ദനും പടിഞ്ഞാറുഭാഗത്ത് ലബ്നാനും  തെക്ക്  പടിഞ്ഞാറ് ഇസ്രായേലും  വടക്കുഭാഗത്ത് തുർക്കിയുമാണ്. തലസ്ഥാന നഗരം  ദമാസ്കസ്. ഇന്ന് സിറിയൻ തെരുവുകളിൽ രക്തവും കണ്ണ് നീരും നീർചാലുകളായി ഒഴികിക്കൊണ്ടിരിക്കുന്നു. കുട്ടികൾ അനാഥരാകുന്നു. സ്ത്രീകൾ വിധവകളാകുന്നു. കെട്ടിടങ്ങൾ  ചാമ്പലാക്കപ്പെടുന്നു, മാനവിക സ്നേഹത്തിന്റെ  സർവ്വ മൂല്യങ്ങളും  നഷ്ടമാവുന്നു, ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ലക്ഷക്കണക്കിന്‌ ജനങ്ങൾ അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നു. വീടും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഓടിപ്പോകുന്ന സ്ത്രീകളെയും വൃദ്ധന്മാരെയും ഉൾകൊള്ളാൻ പറ്റാത്ത വിധം ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു, അവരുടെ ഉരുകുന്ന വേദനകളും കണ്ണുനീരും തളം കെട്ടി നില്ക്കുകയാണ്. ആഭ്യന്തര കലാപംമൂലം എത്ര നിരപരാധികരികളായ പാവങ്ങളാണ് മരിച്ചു വീഴുന്നത്, എത്ര ഗ്രാമങ്ങളും പട്ടണങ്ങളും വീടുകകളുമാണ്  നശിക്കുന്നത്. രാസായുധങ്ങൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ട  കുഞ്ഞുങ്ങളുടെ മുഖം മറക്കാൻ ആർക്കു കഴിയും. ഒരു വ്യവസ്ഥിക്കെതിരെയുള്ള  സമരത്തിനും യുദ്ധത്തിനും വില കൊടുക്കുന്നത് എത്ര എത്ര മനുഷ്യ ജീവനാണ്,  ഇനിയുമൊരു  യുദ്ധത്തിനു ആ നാടിനു ശേഷിയുണ്ടോ,  യുദ്ധത്തിനു പദ്ധതിയിടുന്ന ലോക ശക്തികൾ  കണ്ണ്  തുറക്കേണ്ടിയിരിക്കുന്നു.

ആഭ്യന്തര കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന മനുഷ്യ ജീവനു  വില കല്പിക്കാതെയോ അതിൽ പ്രയാസമില്ലതെയൊ അല്ല ഈ കുറിപ്പ് എഴുതുന്നത് മനസ്സു മുഴുവൻ അവിടെ മരിച്ചു വീഴുന്ന കുട്ടികളിലും സ്ത്രീകളിലുമാണ്.

ചരിത്രത്തിന്റെ ചിറകിലേറി സിറിയക്കു  മുകളിലൂടെ പറക്കുമ്പോൾ കാണാൻ നഷ്ടങ്ങൾ മാത്രം, എങ്ങും വിഷാദിച്ചിരിക്കുന്ന  സന്ധ്യകളും  പ്രഭാതങ്ങളും, വെറുങ്ങലിച്ചു നില്ക്കുന്ന ദുഖത്തിന്റെ നിഴല്പാടുകളും മാത്രം. അരുവികളുടെയും മലകളുടെയും ചുണ്ടിൽ ശോക ഗാനത്തിന്റെ ഈരടികൾ മാത്രം, ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ സഞ്ചരിച്ചാൽ ഒരു പാട് നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകൾ കണ്ടത്താൻ നമുക്ക് കഴിയും  യുഗ യുഗാന്തരങ്ങളായി കാത്തു സൂക്ഷിച്ച  സ്മാരകങ്ങളും ചരിത്രാവിഷിടങ്ങളും ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാവുന്നത് മനുഷ്യകുലത്തിന്റെ അടിവേരുകൾ തന്നെയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മധ്യവയവസ്കരുടെയും യുവാക്കളുടെയും വൃദ്ധരുടെയും കരച്ചിലുകളോടൊപ്പം തന്നെ ചരിത്രാതീത കാലത്തിന്റെ സംസ്കാരങ്ങളുടെയും സ്മാരകങ്ങളുടെയും പൈത്രുകങ്ങളുടെയും തേങ്ങലുകൾ അവിടെ നിന്നും കേൾക്കാം. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരുപാട്  ഭരണ മാറ്റങ്ങളും വ്യവസ്ഥിതി മാറ്റങ്ങളും ഉണ്ടായതായി കാണാം. അതൊക്കെ അവിടെ  അടയാളപ്പെടുതിയതായും  നമുക്ക് കാണാം, ആ മാറ്റങ്ങളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളും നാഗരിതകളും അവിടെ  ഉയര്ന്നു വന്നു. പക്ഷെ ഇന്ന് ആ അവസ്ഥ ആകെ മാറുകയാണ്,   ഷെല്ലും ബോംബും  ഉപയോഗിച്ചു കൊണ്ടുള്ള ഇന്നത്തെ ഈ വ്യവസ്ഥിതി മാറ്റത്തിനും  ഭരണ മാറ്റത്തിനും വേണ്ടിയുള്ള യുദ്ധവും കലാപവും ഈ ഒരു  കാലത്തെ മാത്രമല്ല നശിപ്പിക്കുന്നത്, ആയിരം വർഷങ്ങൾ കാത്തു സൂക്ഷിച്ച സാംസ്കാരിക പൈത്രുകങ്ങളും കൂടിയാണ്, അതിന്റെ കെടുതികൾ അനുഭവിക്കേണ്ടത്  ഇന്നത്തെ തലമുറയോടൊപ്പം തന്നെ  ഭാവിയിൽ വരാൻ പോകുന്ന തലമുറ കൂടിയാണ്. ആ രാഷ്ട്രത്തെ തകര്ക്കാൻ ശ്രമിക്കുമ്പോൾ അവിടെ അവശേഷിക്കുന്ന ചരിത്രത്തിന്റെ വേരുകൾ പിഴുതെറിയപ്പെടുകയാണ്. വേരുകൾ പിഴുതെറിയപ്പെടുമ്പോൾ മാനവികതയുടെയും നാഗരികതയുടെയും നാശമാണ് സംഭവിക്കുന്നത്.

 ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ സിറിയൻ സംസ്കാരം  കൃസ്തുവിനു 2500 വർഷങ്ങൾ  മുമ്പത്തെ  പഴക്കമുണ്ട്. ഒരു പാട് നാഗരിതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട് ഒഗരിത്, മാരി, ഹമൂകർ, ഘസാന, അഫാമിയാ, അര്ഫാദ്, രസാഫ, അര്വാദ്, അര്ബൂസ്, ബസരി, സര്ജീല, ശഹ്ബ, കനവാത്, രാമീന, തടാമുർ, ഖുത്നാ, അബല, ഇവയൊക്കെ  അവിടെയുണ്ടായിരുന്ന  മഹത്തായ നാഗരികതയുടെ അറിയപ്പെട്ട പട്ടണങ്ങളായിരുന്നു. ക്രിസ്തുവിനു 2500 വർഷങ്ങൾക്ക് പിറകിലേക്കാണ് അവർ സംസ്കാരങ്ങൾ തുടങ്ങുന്നത്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാരുടേതാതാണ്‌  ക്രി.മു തന്നെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. സുമാറിയൻ, അകാദിയൻ, അമൂരിയൻ,  ബാബ്ലിയൻ,  അറാമിയൻ, അശൂരിയൻ, പേര്ഷിയൻ, ഗ്രീക്ക് കൃസ്തു വിനു മുമ്പ് തന്നെ ഉടലെടുത്ത സാമ്രാജ്യങ്ങളായിരുന്നു.  അസീറിയക്കാരും ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും  സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട്  അബ്ബാസി അമവി  അയ്യൂബി  മമാലീക് , ഉത്മാനികളും.  ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ഇവിടെ ഇസ്ലാം മതം പ്രചരിച്ചു. ഏഴാം നൂറ്റാണ്ടിൽ ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ  വൻ പുരോഗതിയുണ്ടായി.  ഈ കാലയളവിൽ  ഒരു പാട് പള്ളികളും പൌരാണിക കെട്ടിടങ്ങളും  ഗ്രന്ഥാലയങ്ങളും അവിടെ നിർമ്മിക്കപ്പെട്ടു . പിന്നീട്  ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ശേഷം  സിറിയയിൽ  ഫ്രഞ്ചുകാർ അവരുടെ കോളനികൾ സ്ഥാപിച്ചു.  അവസാനം സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയായിരുന്നു. ക്രിസ്തുമതവും ഇസ്ലാമും സിറിയൻ സംസ്കാരത്തിന്  വലിയ സംഭാവനകളാണ് നല്കിയത്,  ഈ അവശേഷിപ്പുകലാണ് മുഖ്യമായും ആഭ്യന്തരയുദ്ധത്താൽ ഇന്ന് തകർക്കപ്പെടുന്നത്, ചുരുക്കത്തിൽ  ബാബിലോണിയക്കാരും   പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും അമവികളും ഉത്മാനികളും സിറിയയെ സ്വന്തമാക്കുകയും  അവരൊക്കെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സംസ്കാരങ്ങൾ നെയ്തെടുക്കുകയും തങ്ങളുടെ സംസ്കാരത്തിന്റെ പാദമുദ്രകൾ സിറിയയിൽ പതിപ്പിക്കുകയും ചെയ്തു.

പൌരാണിക ദമാസ്കസ് പട്ടണവും ആലപ്പയും ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര സംസ്കാര പൈത്രുകങ്ങളായി  കണക്കാക്കപ്പെട്ടു, ഇന്ന് അറിയപ്പെടുന്ന ഇരുപതിലധികം ചരിത്ര മ്യൂസിയങ്ങൾ സിറിയയിൽ ഉണ്ട്,  ഹോംസ് അതിൽ പ്രധാനമാണ്  ‘ഹമാ’ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന  എട്ടാം നൂറ്റാണ്ടിലെ പല അമൂല്യ നിധികളും ആഭ്യന്തര യുദ്ധത്തിനിടയിൽ കൊള്ളയടിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിൽ ശില്പങ്ങളും പാത്രങ്ങളും ആഭരണങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. അത് പോലെ  ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും ഇന്ന് നഷ്ടമാവുകയാണ്. അറബ് ഫിലോസഫരും ചിന്തകനുമായ "രിസാലത്തുൽ ഗഫ്രാനിലൂടെ" പുതിയ  ചിന്ത ലോകത്തിനു മുമ്പിൽ സമർപ്പിച്ച അന്ധനായിരുന്ന അബുൽ അഅലാ അൽ  മഅരിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടതായി വാർത്തകളിൽ കണ്ടു, അദ്ദേഹത്തിന്റെ ദർശനത്തോടു പൂർണമയും ജോജിക്കുന്നില്ലങ്കിലും, ഒരു കാലത്തെ സാഹിത്യ ലോകത്തിന്റെ വളർച്ചയുടെ  പ്രതീകമായിരുന്നു ആ പ്രതിമ,  കവികളുടെയും   പണ്ഡിതരുടെയും  ശില്പങ്ങൾ ഓരോ കാലത്തും അവർ ജീവിച്ച സംസ്കാരങ്ങളുടെയും മുദ്രകളായിരുന്നു. ആ മുദ്രകളാണ് ഇന്ന് തകർക്കപ്പെടുന്നത്, മുതനനബ്ബിയുടെയും അബുൽ അഅലാ അൽ  മഅരിയുടെയും ജാഹിളിന്റെയും മറ്റു അനവധി ദാര്ശനികരുടെയും  പൌരാണിക ഗ്രന്ഥങ്ങളും കൈയ്യെഴുത്തു പ്രതികളും ശില്പങ്ങളും പത്താം നൂറ്റാണ്ടിലും  പതിനൊന്നാം  നൂറ്റാണ്ടിലും ജീവിച്ച പല തത്വ ചിന്തകരുടെയും ദർശനികരുടെയും ചിന്തകളും മറ്റു അമൂല്യ വസ്തുക്കളും  അവിടെയുള്ള മ്യുസിയങ്ങളിലും ലൈബ്രരികളിലുമുണ്ട്. നിസാര് ഖബ്ബനിയും, ശൌകി ബാഗ്ദാദ്,  അലി അഹ്മദ് സാദ്,  ഗാദ അൽ സമാൻ മുതലായ   ലോകോത്തര കവികല്ക്കും ജന്മം നല്കിയ മണ്ണാണത്. യുനസ്കോ പോലുള്ള സംഘടനകൾ അവിടെ നഷ്ടമാവുന്ന സംസ്കാരങ്ങളെയും  പൈതൃകങ്ങളെയും പറ്റി  ആശങ്കപ്പെടുന്നുണ്ട്. ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടനവധി ചരിത്ര ശേഷിപ്പുകളാണ് ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ നഷ്ടമാവാൻ സാധ്യത കല്പിക്കുന്നത്, വടക്കൻ സിറിയയിലെ പുരാവസ്തു ഗ്രാമങ്ങൾ, ബസ്ര പട്ടണം, പാൽമിറയിലെ റോമൻ കേന്ദ്രം, പുരാതന ഡമാസ്കസ് നഗരം, പുരാതന ആലപ്പോ നഗരം എന്നിവ ചരിത്രത്തിൽ ഇടം നേടിയ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ്.  കാലത്തിന്റെ സാക്ഷിയായി  മാറിയ ഈ സംസ്കാര പൈത്രകങ്ങളും  അവശേഷിപ്പുകളും  നഷ്ടമാവുമ്പോൾ അതിനു പകരമായി മറ്റൊന്ന് കണ്ടത്താൻ ലോകത്തിനു സാധിക്കില്ല, ആ ഒരു ചിന്ത ചരിത്രകാരന്മാരെ ഏറെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ' നഗരത്തിലെ ഉമയ്യ മസ്ജിദും അവിടെയുള്ള മനോഹരമായ ചര്ച്ച്കളും നഷ്ടമാവുമോ എന്ന പേടിയിലാണ്, അതിന്റെ നിർമ്മാണ ഭംഗി  ചരിത്രത്തിന്റെ വിസ്മയ കാഴ്ചകളാണ്. അതി മനോഹരമായ മാർബിൾ കൊണ്ട് നിര്മ്മിച്ച മതിലുകൾ, മനോഹരമായ കൊത്തു പണികൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ് ആ "ഉമയ്യ  മോസ്ക്" ചരിത്രത്തിന്റെ ഓർമകളാവുകയാണോ? ഇറാക്ക് യുദ്ധ കാലത്ത്  സംഭവിച്ചത് നമുക്കറിയാം എത്ര വിലപിടിപ്പുള്ള അമൂല്യ ചരിത്ര വസ്തുക്കളാണ്  അവിടത്തെ  മ്യുസങ്ങളിൽ നിന്നും മറ്റും നഷ്ടമായത്. ഒട്ടനവധി വിദേശ സന്ദർശകർ വിനോദ സഞ്ചാരത്തിനും ചരിത്ര പഠനത്തിനും അവിടെ വരാറുണ്ടായിരുന്നു ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കെടുപോൾ നഷ്ടമാകുന്നത് നാം ഊഹിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദമാസ്കസിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ.

വീണ്ടും നിസാർ ഖബ്ബാനിയുടെ വരികളിലേക്ക് തന്നെ മടങ്ങാം
ഹംറയുടെ കവാടത്തിൽ ദമസ്കിയാൻ വദനം കാണാൻ ഇനി  സാധിക്കുമോ ?
ഈ ചോദ്യം അവശേഷിക്കുന്ന രൂപത്തിലാണ് ചരിത്രത്തിന്റെ നിയോഗം
ഇനി ദാമാസ്കസിന്റെ കവാടത്തിൽ നിന്നും കണ്ടു മുട്ടുക
മറ്റൊരു പേരക്കുട്ടിയെ ആയിരിക്കും
ആലിംഗനം ചെയ്യാൻ മറ്റൊരു താരിക്കുമുണ്ടാകും
ചരിത്രമൊരു ചാരത്തിന്റെ കൂന പോലെ
ശില്പ കലാ വേലകളുടെ ഹൃദയ മിടുപ്പുകൾ കേൾക്കുമ്പോൾ
പറയപ്പെടും  ഇതാണ് "ദമാസ്കസ്"
ഞങ്ങളുടെ മഹിമയും പൊലിമയും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!

ഹംറയെ ഓർത്ത്‌ എന്റെ മനസ്സും വേദനിച്ചു
ഇനി ദമസ്കസും അങ്ങിനെയാവുമൊ എന്ന ഭയവും

-------


14 comments:

  1. കൌതുകകരവും വിജ്ഞാനപ്രദവുമായ ലേഖനം

    ReplyDelete
  2. സിറിയയെക്കുറിച്ച് പല കാര്യങ്ങളും അറിയാനായി.

    ReplyDelete
  3. ഇന്‍ഡ്യയില്‍ നിന്ന് ചിലര്‍ സിറിയന്‍ ഭരണത്തിനെതിരായി അവിടെ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സിറിയന്‍ അംബാസഡര്‍ പറഞ്ഞിട്ടുണ്ട് ഇന്ന്!

    ReplyDelete
  4. യുദ്ധങ്ങളും കലാപങ്ങളും ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയും തന്നെയാണ് എന്നത് ഒരു ദുഃഖസത്യം തന്നെയാണ്. യുദ്ധങ്ങളിലൂടെ നശിപ്പിക്കപ്പെടുന്നത് സംസ്കാരങ്ങളും....

    ലേഖനം നന്നായി ട്ടോ...

    ReplyDelete
  5. ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കെടുപോൾ നഷ്ടമാകുന്നത് നാം ഊഹിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദമാസ്കസിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ.

    അതെ, സിറിയയുടെ അടയാളങ്ങൾ അടർത്തി മാറ്റപ്പെടാതിരിക്കട്ടെ.
    ഈ "പ്രവാസ വർത്തമാനത്തിനും" ലേഖകനും' ആശംസകൾ

    ReplyDelete
  6. മാനവനാഗരികതയുടെ കളിത്തൊട്ടിലുകളായ സിറിയ പോലുള്ള സ്ഥലങ്ങളിലെ പൗരാണിക സ്മാരകങ്ങൾ മാനവരാശിയുടെ മുഴുവൻ പൊതുസ്വത്താണ്. അവ തകർക്കപ്പെടുമ്പോൾ നമ്മുടെ പൈതൃകങ്ങളും, അതിന്റെ ചരിത്രവുമാണ് ഇല്ലാതാക്കപ്പെടുന്നത്....

    വാർത്തകളിൽ ദമാസ്കസും സിറിയയും കൂടുതലായി സ്ഥാനം പിടിച്ചു തുടങ്ങിയപ്പോൾ ആ നാടിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സന്ദർഭോജിതമായ ഈ ലേഖനം വളരെയേറെ ഉപകാരപ്രദം...

    ReplyDelete
  7. സിറിയയെ കുറിച്ച് പലതും അറിയാന്‍ കയിഞ്ഞു ..ആശംസകള്‍ നേരുന്നു മജീദ്‌ ...

    ReplyDelete
  8. ഹൊ ഒരുപാട് കാര്യങ്ങൾ അടങ്ങിയ ഒരു എഴുത്ത്

    ആശംസകൾ

    ReplyDelete
  9. അനവധി പുതുഅറിവുകള്‍ സമ്മാനിച്ച പോസ്റ്റ്‌ ! എഴുത്തിനെ ഗൌരവമായി സമീപിക്കുന്ന മജീദ്‌ ഭായിക്ക് അഭിനന്ദനം.

    ReplyDelete
  10. സംസ്കാരത്തോടൊപ്പം അസഹിഷ്ണുതയും ആ സമൂഹത്തില്‍ വേരുപിടച്ചതെങ്ങിനെ?
    യുദ്ധം ചരിത്രത്തിന്റെ വേരുകളല്ല മനുഷ്യത്ത്വത്തിന്റെ വേരുകളാണ് പിഴുതെറിയുന്നത്.

    ReplyDelete
  11. Timely and informative.

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...