Showing posts with label വാർത്ത വിശേഷം. Show all posts
Showing posts with label വാർത്ത വിശേഷം. Show all posts

Wednesday, May 13, 2015

സൂചനകള്‍ കൈചൂണ്ടുന്നത്


'സമരോത്സുക ജീവിതത്തിന് ഐക്യപ്പെടുക'  എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറില്‍ നടത്തിയ കാംപയിനിന്റെ ഭാഗമായി 'സത്യമേവ ജയതേ' എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി.

മത/ദൈവവിരുദ്ധ പ്രത്യയ ശാസ്ത്രം, പുരോഹിത മതം, സാമ്രാജ്യത്വം എന്നീ മൂന്നു കഥാപാത്രങ്ങള്‍ മതസംഹിത ജീവിത പ്രത്യയശാസ്ത്രത്തെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ഒടുവില്‍ പരാജയം സമ്മതിക്കുന്നതുമാണ് തസ്‌നീമു റഹ്മാന്‍ അഹ്മദ് രചനയും സംവിധാനം ചെയ്ത നാടകത്തിന്റെ കഥാതന്തു. വിശുദ്ധഗ്രന്ഥവും സദ്‌വഴിയും മൂടിവെച്ച് ആളുകളെ ചൂഷണം ചെയ്തു തടിച്ചു കൊഴുക്കാന്‍ ശ്രമിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യുന്ന ഇടയനിലൂടെ വികസിക്കുന്ന കഥ യഥാര്‍ഥ ആത്മീയതയെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഇടയന്റെ 'ധാര്‍ഷ്ട്യ'ത്തില്‍ കലിപൂണ്ട പുരോഹിത വര്‍ഗം ക്രൂരമര്‍ദ്ദനത്തിന് ശേഷം അയാളെ തടങ്കലില്‍ പാര്‍പ്പിക്കുമ്പോള്‍ വിമോചന മേലങ്കിയണിഞ്ഞ വിപ്ലവകാരി പ്രത്യക്ഷപ്പെടുന്നു. മത മൂല്യങ്ങളുടെ അഭാവവും ഭരണ കൂടത്തിന്റെ നിയന്ത്രണമില്ലായ്മയും മുതലാളികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യം തന്റെ തത്വസംഹിതയ്ക്ക് രൂപം നല്കാന്‍ വിപ്ലവകാരിക്ക് എളുപ്പത്തില്‍ കഴിയുന്നു.

അടിമയും ഉടമയും ഇല്ലാത്ത, ദൈവ  നിഷേധത്തില്‍ ഊന്നിയ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ വേണ്ടി പുതിയൊരു തത്വ സംഹിത അവതരിപ്പിക്കുക്കുന്ന വിപ്ലവകാരി മതത്തെ നിഷ്‌കാസനം ചെയ്യാനും ആത്മ ചേതനയുടെ അനശ്വരതയെയും ക്രിയാത്മക മതങ്ങളുടെ ദൈവത്തെയും നിഷേധിക്കാന്‍ കല, വാക്ക് ചാതുര്യം എന്നിവയുടെ മൂര്‍ത്തീകരണത്തിലൂടെ ശ്രമിക്കുന്നതായി നാടകത്തില്‍ ചിത്രീകരിക്കുന്നു. സംസ്‌കൃത ചിത്തരായ യുവാക്കളുടെ ഇടയില്‍ പോലും ഈ ദര്‍ശനം  പരിലസിക്കാന്‍ തുടങ്ങുന്നു. ഈ ദര്‍ശനം സ്ഥാപിക്കുന്ന ഒരു ചുവപ്പിന്റെ പ്രതീകവും മനുഷ്യന്‍ ഇതില്‍ അസ്വസ്ഥനാകുന്നതിനിടയില്‍ കടന്നു വരുന്ന സാമ്രാജ്യത്തിന്റെ പ്രതീകമായ കറുപ്പും സിംബോളിക്കായി അവതരിപ്പിക്കുന്നു.

ഈ പശ്ചാത്തലം ഒരുക്കാന്‍ ഒരു പരിധിവരെ നാടക പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും  ഒരു പ്രത്യേക പ്രത്യശാസ്ത്രത്തെ മാത്രം കടന്നാക്രാമിക്കുക വഴി മതം നേരിടുന്ന മറ്റു സമകാലിക വെല്ലുവിളികളെ നാടകം ശ്രദ്ധിക്കാതെ പോയി. ആ പരിമിതിയെ കൂടി മറികടക്കാന്‍ നാടകത്തിനു സാധിക്കേണ്ടിയിരുന്നു.

വെല്ലുവിളികള്‍ക്ക് മുമ്പില്‍ വാടാതെ മത വേരുകള്‍ വീണ്ടും വീണ്ടും വളര്‍ന്നു വരികയും യഥാര്‍ഥ മത സംഹിതകള്‍ മുറുകെ പിടിച്ചു സത്യം ജയിക്കുക തന്നെ ചെയ്യും എന്ന്  ഉറച്ചു വിശ്വസിക്കുന്ന വിപ്ലവ പോരാളികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവരുടെ  മുമ്പില്‍ സാമ്രാജ്യത്വവും മതവിരുദ്ധ തത്വസംഹിതയും തരിപ്പണമാകുകയും സത്യം പുലരുകയും മിഥ്യ തകരുകയും ചെയ്യുന്ന കാഴ്ച നാടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്.

ചിത്രീകരണത്തില്‍ സൂചിപ്പിച്ചത് പോലെ മത നിഷ്‌കാസനം ഒരു പാട് കാലം മുമ്പേ  ഇവിടെ സംഭവിച്ചിട്ടുണ്ട്. പ്രാചീന കാലത്തെ ഗ്രീസും റോമും ചരിത്രപരമായി ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പുരോഗതി കൈവരിച്ച രാജ്യങ്ങളായിരുന്നു. ഗ്രീസിന് ആഭ്യന്തരമായി ഉയര്‍ച്ചയുണ്ടായത് പെരിക്ലീസിന്റെ കാലത്തും വൈദേശികമായി അലക്‌സണ്ടാരുടെ കാലത്തുമായിരുന്നു. പെരിക്ലീസിന്റെ കാലത്ത് സോഫിസ്റ്റുകള്‍ മതത്തെ നിഷ്‌കാസനം ചെയ്തിട്ടുണ്ട്. ഗ്രീസില്‍ ശക്തി പ്രാപിച്ചുവന്ന സോഫിസ്റ്റുകള്‍ തത്വജ്ഞാനത്തെ മതത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചു. മാറ്റമില്ലാത്ത ദൈവ കല്‍പ്പനകളല്ല യഥാര്‍ഥ നയമെന്നും മറിച്ച് മാറികൊണ്ടിരിക്കുന്ന സാമൂഹ്യ പരിസ്ഥിതികളില്‍ മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി മനുഷ്യര്‍ തന്നെയാണ് നിയമങ്ങളുടെ നിര്‍മാതാക്കളെന്ന വാദം പ്രചരിപ്പിച്ചവരായിരുന്നു സോഫിസ്റ്റുകള്‍. കലയേയും സാഹിത്യത്തേയും പെരിക്ലിസ് ഒരു പാട് പ്രോത്സാഹിപ്പിച്ചു  പുരാതന യവനലോകത്തിലെ വിജ്ഞാന സംസ്‌കാര കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കലയുടെ മൂര്‍ത്തീഭാവമായിരുന്നു അദ്ദേഹത്തിന്റെ യുഗം.


ഇന്ന്  മതത്തെ നിഷ്‌കാസനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനങ്ങളുടെ വളര്‍ച്ച വളരെ കുറവാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ നിലനിലക്കുമ്പോള്‍ അത്തരം സാമൂഹിക വിപത്തുകളെയും സമകാലീന സംഭവങ്ങളെയും സാക്ഷിയാക്കി സമര മുഖത്തേക്ക് കൊണ്ടുവരാന്‍ ചിത്രീകരണത്തിലൂടെ ശ്രമിച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നു.

സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം 
ഇത്തരം ചിന്തകള്‍ മുമ്പോട്ട് വെക്കുമ്പോള്‍ മതത്തിന് പുറമേ സാമൂഹിക മാറ്റത്തിനു മുമ്പോട്ട് വെച്ച ആശയങ്ങളും ചിന്തകളും മതചിന്തകളുമായി താരതമ്യം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങളെയും പുതിയ ചിന്തകളെയും സമൂഹത്തിനു മുമ്പില്‍  അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ട് വന്ന ലിബറിസ്റ്റ് ആശയങ്ങളും  രാഷ്ട്രമീമാംസയില്‍ വലിയ സംഭാവനകള്‍ നല്കി 'സാമൂഹ്യ ഉടമ്പടി' (സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി), അവതരിപ്പിച്ച തോമസ് ഹോബ്‌സിന്റെ ചിന്തകളും പഠന വിധേയമാക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും പ്രാധാന്യത്തിലൂന്നിയുള്ള ഉദാരതാവാദത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും  സാമ്പത്തിക അസ്ഥിരതയും ഫാസിസം, കമ്മ്യൂണിസം, ഏകാധിപത്യം തുടങ്ങിയവ ഉയര്‍ത്തിയ രാഷ്ട്രീയ ദാര്‍ശനിക വെല്ലുവിളികളും സമൂലമായ മാറ്റങ്ങള്‍ വരുത്തി, പഴയ ലിബറിസ്റ്റ് വാദത്തില്‍ നിന്നും മാറി ജെ എസ് മില്‍, ജെ എം കെയിന്‍സ് തുടങ്ങിയ ചിന്തകര്‍ നവഉദാരതാവാദത്തിന്റെ അടിത്തറ പാകുകയായിരുന്നു.

ഹോബ്‌സിന്റെ ലെവിയാത്താന്‍ എന്ന കൃതിയിലൂടെ  പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ 'സാമൂഹ്യ ഉടമ്പടി' എന്ന ആശയത്തിനു തിരി കൊളുത്തുകയായിരുന്നു. യൂറോപ്യന്‍ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുന്നതിൽ  ഈ കൃതി വലിയ പങ്കു വഹിച്ച്ട്ടുണ്ട്. രാഷ്ട്രീയ അധികാരങ്ങള്‍ നല്കാന്‍ പ്രാതിനിധ്യ സ്വഭാവവും ജനസമ്മതിയും വേണം എന്ന കാഴ്ചപ്പാട് ഹോബ്‌സിന്റെ സങ്കല്പത്തില്‍ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു. തത്വചിന്തയിലെ ഭൗതികവാദത്തെ പ്രതിനിധാനം ചെയ്ത ഹോബ്‌സ് രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, ദൈവശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, എന്നീ മേഖലകളില്‍ ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

പ്രായോഗിക നിയമശാസ്ത്രശാഖയിൽ ജേർമി ബൻതാം കൊണ്ട് വന്ന ചിന്തകള് സാമൂഹിക ജീവിതത്തിൽ വലിയ സ്വാദീനം ഉണ്ടാക്കുന്നതായിരുന്നു. ജെ.എസ്. മിലും ഈ രംഗത്ത്  വലിയ സംഭാവനകലാണ് നല്കിയത് . സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, രാഷ്ട്രമീമാംസാ ശാസ്ത്രം, മനഃശാസ്ത്രം, ധര്‍മശാസനകള്‍, മൂല്യബോധങ്ങള്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു ഒരുപാട്  നിയമശാസ്ത്രപഠനവും വിശകലനവും ഇവര്‍ നടത്തിയിട്ടുണ്ട്.   ഭൗതിക നിയമ ശാസ്ത്ര ശാഖയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ഇസ്‌ലാമിക തത്വചിന്തകരുടെ ചിന്തകളും ആധുനിക പാശ്ചാത്യ ചിന്തയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുള്ളതായി കാണാം. ലോകം മുമ്പ് ദര്‍ശിക്കാത്ത പുതിയ അറിവുകള്‍ നല്കിയ ഇസ്‌ലാമിക ചിന്തകനായ ഇബ്‌നു ഖല്ദൂന്റെ മുഖദ്ദിമയും ഈ രംഗത്ത് പഠന വിധേയമാക്കേണ്ടതുണ്ട്. സാമൂഹിക ശാസ്ത്രം എന്ന വിജ്ഞാന ശാഖയുടെ ഉപജ്ഞാതാവ് എന്ന ഖ്യാതിവരെ ഇബ്‌നു ഖല്‍ദൂന് ലഭിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് കാലത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ രചനയായിരുന്നു മുഖദ്ദിമ. അത് പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു മുതല്‍ ദാര്‍ശനികരുടെയും ശാസ്ത്ര പണ്ഡിതന്മാരുടേയും ചിന്തയില്‍ ശക്തമായ സ്വാധീനം ചെലുത്തുകയായിരുന്നു. മനുഷ്യ ചിന്തയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു ആ ഗ്രന്ഥം.

വ്യത്യസ്തതകളുള്ളതോടൊപ്പം തന്നെ മനുഷ്യര്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിക്കാമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയായിരുന്നു ഇസ്‌ലാമിക തത്വ ചിന്തകനായിരുന്ന ഇബ്‌നു തുഫിലിന്റെ തത്വശാസ്ത്രം. യൂറോപ്യന്‍ നവോത്ഥാനത്തിലും യൂറോപ്യന്‍ ധിഷണാജീവിതത്തിലും അവ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

പലപ്പോഴും നാം മറന്നു പോകുന്ന തത്വ ചിന്തയാണ് ഗാന്ധിജിയുടേത്. ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വശാസ്ത്രം ഇന്ത്യയില്‍ മാത്രമല്ല അമേരിക്കന്‍ ദിഷണാ ജീവിതത്തിലും നവോത്ഥാനത്തിലും വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. ഭരണ കാര്യങ്ങളില്‍ ഗാന്ധിജി മാതൃകയാക്കാന്‍ ആഗ്രഹിച്ചത് ഉമറിന്റെ സുരക്ഷിതമായ ഭരണമായിരുന്നു. അമേരിക്കന്‍ നീഗ്രോ വിമോചക സേനയുടെ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വളരെ കാലമായി അദ്ദേഹം അന്വേഷിച്ച സമരായുധങ്ങള്‍ കണ്ടെത്തിയത് മഹാത്മാ ഗാന്ധിയില്‍ നിന്നായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പറയുന്നു 'ബന്താം, ജെ എസ് മില്‍ തുടങ്ങിയവരുടെ ഉദാരതാവാദത്തില്‍ നിന്നോ മാര്‍ക്‌സ് ലെനിന്‍ ചിന്തകരുടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നോ തോമസ് ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയില്‍ നിന്നോ നിഷേയുടെ മനുഷ്യാതീത മനുഷ്യനില്‍ നിന്നോ ലഭിക്കാതിരുന്ന ബൗധിക ധാര്‍മിക സംതൃപ്തി ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രത്തില്‍ നിന്നുമാത്രമാണ് എനിക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത്.

ജെ എസ് മില്ലിന്റെ നവഉദാരതാവാദവും ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയും നിഷേയുടെ മനുഷ്യാതീത മാനുഷിക ചിന്തകളും റൂസ്സോയുടെ ഒപ്ടിമിസവും  ലെനിനിന്റെയും മാര്‍ക്‌സിന്റെയും വിപ്ലവ ചിന്തകളും ഇതുപോലെ മറ്റു ഒരുപാട് ദാര്‍ശനികന്മാരുടെ  ദര്‍ശനങ്ങളും തത്വശാസ്ത്രങ്ങളും പ്ലാറ്റോ, അറിസ്റ്റോട്ടില്‍ മുതലായ പൗരാണിക തത്വചിന്തകളും ഗാന്ധിജിയുടെ അഹിംസാ സമരത്തിന്റെ തത്വ ശാസ്ത്രവും മതവുമായി താരതമ്യം ചെയ്തു പഠിക്കുമ്പോഴാണ് മതം ആവശ്യപ്പെടുന്ന സാമൂഹിക കാര്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. ഇത്തരം ചിത്രീകരണങ്ങളില്‍  അത്തരം ചില സാമൂഹിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാനുള്ള പ്രേരണകള്‍ കൂടി നല്‍കിയാല്‍ നന്നായിരിക്കും.

ചിത്രീകരണത്തിന്റെ മറ്റൊരു ഭാഗത്ത് ബാലിശമായ ജട പൂജയെന്ന നിലക്ക് അസംസ്‌കൃതമായ രൂപത്തില്‍ മനുഷ്യന്റെ ഇന്ദ്രീയ അഭിലാഷങ്ങലെ പൂര്‍ണമായും അടിമപ്പെടുത്തി  തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന മത പുരോഹിതര്‍ക്കെതിരെ പോരാടാനും പോരാട്ടങ്ങളെ  അശക്തമാക്കാന്‍ ശ്രമിക്കുന്ന മറ്റു ശക്തികളെയും മനസ്സിലാക്കി മോചനത്തിനുവേണ്ടി സമരോത്സുകമായ ജീവിതം നയിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.

Wednesday, February 18, 2015

ഖത്തറിന്റെ കായിക കുതിപ്പിനോടൊപ്പം

ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. 2022ലെ ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോകകായിക മേഖലയില്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തറിന്റെ  സ്ഥാനം ഒരുപാട് ഉയരത്തിലാണ്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ആരോഗ്യപരമായ ജീവിത ശൈലി ശീലിപ്പിക്കാനും ആരോഗ്യമുള്ള സമൂഹത്തെ പടുത്തുയര്‍ത്താനും  ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തന്നെ ഖത്തര്‍ മാറ്റിവെച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക  ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 ചൊവ്വാഴ്ചയാണ് ഖത്തര്‍ കായിക ദിനമായി ആഘൊഷിച്ചത്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളിലും സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ സുപ്രധാന ചര്യയാക്കുകയും അതുവഴി വ്യക്തി വികാസവും സാമൂഹിക സഹവര്‍ത്തിത്വം സാധ്യമാക്കുകയും ആരോഗ്യ പൂരണവും സജീവവുമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയുമാണ് കായികദിന പ്രഖ്യാപനത്തിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. മറ്റെല്ലാ മേഖലകളിലും രാജ്യം വികസന ജൈത്രയാത്ര തുടരുമ്പോള്‍ കായിക മേഖലകളിലും ഖത്തര്‍ ഒരുപാട് മുന്നിലാണ്.   രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്താന്‍ ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കേണ്ട ആവശ്യം മനസ്സിലാക്കി രാജ്യത്തെ പൗരന്മാരുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും വ്യായാമത്തിനും കായിക പരിശീലനത്തിനും അവസരവും സൗകര്യവും ഒരുക്കി പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നിരവധി ക്രിയാത്മകമായ കായിക പരിപാടികളാണ് ഖത്തര്‍ ഒരുക്കിയത്. മന്ത്രാലയങ്ങളും സ്വദേശികളും പ്രവാസികളും നിരവധി സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. 
കഴിഞ്ഞ ഒരാഴ്ചക്കാലം ഖത്തര്‍ കായികാഘോഷ ലഹരിയിലായിരുന്നു. കായിക മത്സരങ്ങള്‍ക്കും ബോധവത്ക്കരണങ്ങള്‍ക്കും വേണ്ടി  വിവിധ  ക്ലബുകളും പാര്‍ക്കുകളും ഇന്‍ഡോര്‍ ഹാളുകളും കളി സ്ഥലലങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുകയായിരുന്നു. ആസ്പയര്‍ അക്കാദമി, കത്താറ, ഇസ്‌ലാമിക് ആര്‍ട് മ്യൂസിയം, സൂഖ് വാഖിഫ്, ഒളിംപിക് വില്ലേജ് എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. ആയിരക്കണക്കിന് പേരാണ് ആഘോഷ പരിപാടിയില്‍ പങ്കാളികളായത്.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്‌പോര്‍ട്‌സ് വില്ലേജ് ഏറെ ആകര്‍ഷകമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളും സ്‌പോര്ട്‌സ് വില്ലേജ് സന്ദര്‍ശിച്ചു. കായിക പരിശീലനങ്ങള്‍ പതിവാക്കുക വഴി നല്ല ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് വില്ലേജ് തുറന്നത്. വ്യത്യസ്ത കായികോപകരണങ്ങളും സൗകര്യങ്ങളുമാണ് വില്ലേജില്‍ ഒരുക്കിയിരുന്നു.
ഖത്തര്‍ 2006 ഏഷ്യന്‍ ഗെയിംസ് മുതല്‍ 2015 ഫെബ്രുവരി ആദ്യ ദിനം അവസാനിച്ച  ലോക ഹാന്റ്ബാള്‍ ടൂര്‍ണമെന്റ് വരെ ഖത്തര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കായിക മേളകളും ലോകരാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. ഇതിലെല്ലാം ഖത്തറിന്റെ സംഘാടക മികവ് പ്രകടമായിരുന്നു.
പ്രവാസികളുടെയും സ്വദേശികളുടേയും ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന, അവരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഓരോ വര്‍ഷവും ദേശീയ കായികദിനം ആഘോഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസി സമൂഹം വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് അതിനെ വരവേല്‍ക്കുന്നത്. ഖത്തറിന്റെ കായിക മുന്നേറ്റത്തില്‍ സന്തോഷിക്കുകയും ഖത്തറിന് ലഭിക്കുന്ന നേട്ടത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
ദേശീയ കായിക  ദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകള്‍ നിരവധി സ്‌പോര്‍ട്‌സ് പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ പ്രവാസി  സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥപാനങ്ങളും കായിക ദിനാചാരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. 

യൂത്ത് ഫോറം
യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഖത്തര്‍ ചാരിറ്റി മുഖ്യപ്രായോജകരായി യൂത്ത് ഫോറം സംഘടിപ്പിച്ച മൂന്നാമത് പ്രവാസി കായിക മേള സംഘാടക മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ദിവസങ്ങളായായിരുന്നു മത്സരങ്ങള്‍ നടന്നത്. മേളയുടെ ആദ്യദിവസം ശാന്തിനികേതന്‍ സ്‌കൂളില്‍ വോളിബാള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, ആം റസ്‌ലിംഗ് മത്സരങ്ങളും രണ്ടാം ദിവസം അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍  രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മേളയില്‍ പങ്കെടുത്ത പതിനെട്ട് ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. ബാന്റ്‌വാദ്യം, ശിങ്കാരി മേളം, കോല്‍ക്കളി, ദഫ്മുട്ട്, പുലിക്കളി, ഒപ്പന, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാ- സാംസ്‌കാരിക പ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളും മാര്‍ച്ച് പാസ്റ്റിനു നിറപ്പകിട്ടേകി. ഖത്തര്‍ ചാരിറ്റി  സാമൂഹ്യ വികസന വകുപ്പ് ഉപമേധാവി അലി ഇബ്രാഹിം അല്‍ ഗരീബാണ് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ലോക കായിക ഭൂപടത്തില്‍ ഖത്തര്‍ അനിഷേധ്യ ശക്തിയായി മാറിയതായും രാജ്യത്തിന്റെ മുഴുവന്‍ സംരംഭങ്ങള്‍ക്കും പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യവും പിന്തുണയും അഭിമാനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ആസിഫ് സഹീറാണ് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചത്.
തുടര്‍ന്ന് 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, 4 x 100 മീറ്റര്‍ റിലേ എന്നീ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലെ മത്സരങ്ങളും പഞ്ചഗുസ്തി, വടംവലി എന്നിവയുടെ സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും അരങ്ങേറി. ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മാപ് ഖത്തര്‍, എഡ്മാക് എറണാകുളം, വോളിഖ് ഖത്തര്‍, ഫ്രണ്ട്‌സ് ഓഫ് കേരള, കള്‍ച്ചറല്‍ ഫോറം കോഴിക്കോട്, സ്‌കിയ ഖത്തര്‍, ദിവാ കാസര്‍ഗോഡ്, ഖത്തര്‍ പാലേരി പാറക്കടവ് അസോസിയേഷന്‍, തൃശൂര്‍ യൂത്ത് ക്ലബ്ബ്, ഖത്തര്‍ പൂളപ്പൊയില്‍ അസോസിയേഷന്‍, അല്‍ഖോര്‍ യൂത്ത് ക്ലബ്ബ്, ക്യു സി എം സി ചെറിയകുമ്പളം, ഇമ എടവനക്കാട്, കുറ്റിയാടി സ്‌പോര്‍ട്‌സ് വിംഗ്, വെപെക്‌സ് ഖത്തര്‍, കെ പി എ ക്യു കോഴിക്കോട് എന്നീ ടീമുകളാണ് മേളയില്‍  മാറ്റുരച്ചത്. ഇതിനു പുറമേ നാല്‍പ്പത് വയസിനു മുകളിലുള്ള പ്രവാസികള്‍ക്കാായി നടത്തിയ 800 മീറ്റര്‍ ഓട്ടം കാണികള്‍ക്ക് ആവേശം നല്കി. മേളയുടെ അവസാന ഇനമായിരുന്ന ആവേശകരമായ വടംവലി മത്സരം കാണാന്‍ നൂറുക്കണക്കിന് ആളുകളായിരുന്നു തടിച്ചുകൂടിയത്. നാട്ടിലെത്തിയ ഒരു പ്രതീതിയായിരുന്നു മനസ്സില്‍. ഗ്രാമീണ കായികോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ ഈ മത്സരങ്ങള്‍ക്ക് കഴിഞ്ഞു. ഗ്രാമീണ കായികോത്സവങ്ങളില്‍ കണ്ടുവരാറുള്ള വടംവലി മത്സരം മേളയുടെ ആവേശമായി മാറുകയായിരുന്നു. ഒരു നിമിഷം നാട്ടിലെ ഏതോ ഉത്സവപ്പറമ്പിലേക്ക് ഈ കാഴ്ച കൊണ്ടുപോകുകയായിരുന്നു. കുട്ടികളും യുവാക്കളും പങ്കെടുത്ത സ്‌പോര്‍ട്‌സ് മീറ്റ് നാട്ടിലെ സ്‌കൂള്‍, കോളെജ് കായികോത്സവങ്ങളെ വീണ്ടും തിരികെ കൊണ്ടുവരുന്ന രൂപത്തില്‍ ആയിരുന്നു. നാല്‍പ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് നടത്തിയ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത പലരുടെയും പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. പ്രായം ഒരു പ്രശ്‌നമേ ആയിരുന്നില്ല.  അവരില്‍ ശരീരത്തിന്റെ പ്രായം ഒരുപാട് കുറയുകയായിരുന്നു. മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും സ്‌പോര്‍ട്‌സ് മീറ്റുകള്‍കൊണ്ട് സാധിച്ചു എന്നതില്‍ സംശയമില്ല.
ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ യൂത്ത് ക്ലബ്ബ് 34 പോയിന്റുകളോടെ ചാംപ്യന്‍പട്ടം നേടി. എഡ്മാഖ് എറണാകുളം 25 പോയിന്റുമായി റണ്ണേഴ്‌സ്അപ്പും വെപ്പെക്‌സ് തൃശൂര്‍ 22 പോയിന്റോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വര്‍ണാഭമായ സമാപന ചടങ്ങില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് നാസര്‍ മുഹമ്മദ് അല്‍ മാല്‍കി മുഖ്യാതിഥി ആയിരുന്നു.
യൂത്ത് ഫോറം പ്രസിഡന്റ് എസ് എ ഫിറോസിന്റെ അഭിപ്രായത്തില്‍ കായിക മേഖലയിലെ വലിയ ഒരു സംരംഭവുമായി യൂത്ത് ഫോറം മുമ്പോട്ട് വന്നപ്പോള്‍ സാധാരണ പ്രവാസി യുവാവിനെ കുറിച്ചുള്ള ചിന്ത യൂത്ത് ഫോറത്തിന് സ്വാഭാവികമായും പ്രയോജനമായിട്ടുണ്ടെന്നാണ്. പഴയ കായിക കാലങ്ങളെ ജീവിതത്തിലേക്ക് കോര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പോലെ ഉറക്കെ ആഹ്ലാദിക്കാനും ആകാശത്തിലേക്ക് ഹൃദയംകൊണ്ട് മുഷ്ടി ഉയര്‍ത്താനും ആര്‍പ്പ് വിളിക്കാനും കാത്തിരിക്കുന്ന ഒരുപാട് പേരുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ചുവടുവെപ്പായിരുന്നു ഇതെന്ന് കഴിഞ്ഞ രണ്ടു പ്രവാസി മേളകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിരവധി പ്രവാസി സംഘടനകളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ പ്രധാന ആകര്‍ഷണീയത. ഈ ഒത്തുചേരല്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. കായിക മേഖലയിലെ ഈ ഐക്യവും മുന്നേറ്റവും സമൂഹത്തിന്റെ സര്‍വമേഖലകളിലേയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഫോക്കസ് ഖത്തര്‍
ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സര പരിപാടികള്‍ ലഖ്തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല മുഖ്യാതിഥിയായിരുന്നു. കായിക മത്സരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോക്കസ് ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹമ്മൂദ്, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യു ഐ ഐ സി, ഇന്‍സൈറ്റ് ഖത്തര്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, കമ്പവലി, നടത്ത മത്സരം, സാക്ക് റേസ്, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ് നേടി  മദീന ഖലീഫ ഒന്നാം സ്ഥാനത്ത് എത്തി. 25 പോയിന്റ് നേടി ഇന്‍സൈറ്റ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ ജഷ്മീര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ നാഗേഷ്, നിസ്താര്‍, മുഹമ്മദ് റിസ്‌വാന്‍, ശിഹാബുദ്ദീന്‍, റിയാസ് വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഒ മുനീര്‍ അഹ്മദ്, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം 
ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം മാസ് യോഗയും കൂട്ടനടത്തവും സംഘടിപ്പിച്ചു. കോര്‍ണിഷിലെ 'ഒറി'ക്ക് സമീപം നടന്ന മാസ് യോഗയിലും കൂട്ടനടത്തത്തിലും നൂറുകണക്കിന് ഫ്രട്ടേണിറ്റി വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഹരിതാഭമായ പുല്‍ത്തകിടിയില്‍ വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫ്രട്ടേണിറ്റി വളണ്ടിയര്‍മാരുടെ പ്രകടനത്തിന് വിദേശികള്‍ അടക്കമുള്ള നിരവധി പേര്‍ കാഴ്ചക്കാരായി. യോഗ പ്രദര്‍ശനത്തിന് ശേഷം കോര്‍ണിഷിലൂടെയുള്ള കൂട്ടനടത്തത്തില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി പേര്‍ അണിനിരന്നു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണത്തിനായി ഖത്തറിലെ പ്രമുഖ കമ്പനിയായ കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഫോറം പുറത്തിറക്കിയ 'ഫിറ്റ്‌നസ് ഫസ്റ്റ്' എന്ന കൈപ്പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. യോഗ പ്രദര്‍ശനത്തിന് ടി ഒ ഇസ്മായില്‍, നൗഷാദ് മണ്ണോളി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍ പരിപാടികള്‍ നിയന്ത്രിച്ചു. 

ചാലിയാര്‍
ചാലിയാര്‍ തീരത്തുള്ള 24 പഞ്ചായത്ത് കൂട്ടായ്മയാണ് ചാലിയാര്‍ ദോഹ. മാര്‍ച്ച് പാസ്റ്റ് കൗതുകവും മനോഹരവുമായിരുന്നു. അഞ്ഞൂറോളം കായികതാരങ്ങള്‍ അണിനിരന്ന മത്സരപരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത് മുന്‍ ഇന്ത്യന്‍ താരവും ചാലിയാര്‍ തീരത്തിന് എക്കാലത്തും അഭിമാനക്കാവുന്ന ഫുട്ബാള്‍ ലെജന്റുമായ ആസിഫ് സഹീറായിരുന്നു. അബ്ദുല്ല സാലിം അന്‍സാരി (ഖത്തര്‍ പെട്രോളിയം) മുഖ്യാതിഥിയായി സംബന്ധിച്ചു. നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെ നീണ്ടുനിവര്‍ന്നൊഴുകുന്ന ചാലിയാറിന്റെ ഒഴുക്കിന്റെ രൂപത്തിലായിരുന്നു ടീമുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം വാഴക്കാട് പഞ്ചായത്തിനും മൂന്നാം സ്ഥാനം വാഴയൂര്‍ പഞ്ചായത്തിനും ലഭിച്ചു. വാഴക്കാട് പഞ്ചായത്ത് 51 പോയിന്റുകളോടെ ഓവറോള്‍ ചാംപ്യന്മാരായി. കൊടിയത്തൂര്‍ രണ്ടാം സ്ഥാനത്തും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ ചാംപ്യന്‍ഷിപ്പുള്ള കെ എ റഹ്മാന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി വാഖ് ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടറുമായ ശംസുദ്ദീന്‍ ഒളകര, ഇന്ത്യന്‍ താരം ആസിഫ് സഹീര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.  വക്‌റ സ്‌പോര്ട്‌സ് ക്ലബ്ബ് മാനേജര്‍ അഹമ്മദ് എന്നിവര്‍ ചാലിയാര്‍ ദോഹക്കുള്ള ഉപഹാരം കൈമാറി. ചാലിയാര്‍ ദോഹ പ്രസിഡന്റ് മഷ്്ഹൂദ് തിരുത്തിയാട് യോഗപരിപാടികള്‍ നിയന്ത്രിച്ചു.  കമ്പവലിയിലും ഫുട്ബാളിലും വാഖിന്റെ നേതൃത്വത്തിലുള്ള വാഴക്കാട് അസോസിയേഷന്‍ വിജയികളായി. ഓവറോളിംഗ് ട്രോഫി വാഖ് പ്രസിഡന്റ് അബ്ദുല്‍സത്താര്‍, വൈസ് പ്രസിഡന്റ് ടി പി അക്ബര്‍, ടീം ക്യാപ്റ്റന്‍ ജയ്‌സല്‍ എളമരംഏറ്റുവാങ്ങി.

ക്യു കെ എം സി സ്‌പോര്‍ട്‌സ് വിംഗ് കുറ്റിയാടി
കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്ന ഖത്തറിന്റെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് നൈബേര്‍സ് മീറ്റ് 2015 എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കായികമേള സംഘടിപ്പിച്ചു. അബുഹമൂര്‍ അല്‍ ജസീറ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മേളയില്‍ വോളീബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, വടംവലി, റിലേ, റണ്ണിംഗ് റേസ് തുടങ്ങിയ വിവിധ കായിക മല്‍സരങ്ങളാണ് അരങ്ങേറിയത്. വിവിധ മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തില്‍ ക്യു കെ എം സി കുറ്റിയാടി  ഓവറോള്‍ ചാംപ്യന്‍സ് ട്രോഫിയും ആയഞ്ചേരി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് റണ്ണറപ്പ് ട്രോഫിയും നേടി. മേളയോടൊപ്പം സിജി ഖത്തര്‍ ചാപ്റ്റര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് എക്‌സിബിഷനും ഒരുക്കിയിരുന്നു.

കെ എം സി സി- വോളിഖ്
ഖത്തര്‍ കെ എം സി സിയും വോളിഖും സംയുക്തമായി അല്‍ അറബി വോളിബാള്‍ അസോസിയഷന്‍ ഇന്‍ഡോര്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന വോളിബാള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും മികച്ച സംഘാടനംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നാട്ടിൽ നിന്നും കളിക്കാനെത്തിയ ജൂനിയർ ഇന്ത്യൻ ഇന്റർ നാഷണൽ പ്ലയെർ മർസാദ് സുഹൈൽ അടങ്ങുന്ന നാല് കളിക്കാരോടൊപ്പം ഖത്തറിലെ വോളിഖിന്റെ കളിക്കാരും കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ക്ക് ഹരമായി മാറുകയായിരുന്നു. മുഖ്യ ആകര്‍ഷണമായിരുന്ന കെ എം സി സി ഇന്ത്യന്‍ ടീമും ഖത്തര്‍ ജൂനിയര്‍ ടീമും തമ്മില്‍ നടന്ന മത്സരം കാണാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്ങി നിറയുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ 3-1 ന് ഖത്തര്‍ നാഷണല്‍ ജൂനിയര്‍ ടീം വിജയം വരിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ കെ എം സി ജില്ലാ ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കെ എം സി സി കണ്ണൂര്‍, തൃശൂര്‍ ടീമുകള്‍ സംയുക്ത ജേതാക്കളായി. സമാപനച്ചടങ്ങില്‍ കലാ- കായിക- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ എംസി സി ജില്ലാ- സംസ്ഥാന നേതാക്കളും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തലവന്‍ ലെഫ്റ്റനന്റ് അബ്ദുല്ല ഖമിസ് അല്‍ഹമദ്, ഖത്തര്‍ വോളിബാള്‍ അസോസിയേഷനിലെ ഹുസൈന്‍ ഇമാം അലി, ഖത്തര്‍ ഒളിംപിക് കമ്മിറ്റിയിലെ റാഷിദ് മുഹമ്മദ് മഹ്മൂദ് കഹാര, കെ മുഹമ്മദ് ഈസ, അസീസ് നരിക്കുനി, വോളിഖ് പ്രസിഡന്റ് നജീബ്,  ഉപദേഷിക സമിതി ചെയർമാൻ അബ്ദുള്ള കേളോത്ത്  മറ്റു പ്രധാന വൊലിഖ് ഭാരവാഹികളും പങ്കെടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കെ എം സി സി ഉപദേശക സമിതി അംഗം എസ് എ എം ബഷീര്‍ കായികദിന ഐക്യപ്രസംഗം നടത്തി.
കായിക ദിനത്തോടനുബന്ധിച്ച്ചു പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിപ്യൻ റഹ്മാൻ സ്മാരക സെവന്സ് ഫുട്ബാൾ ടൂർണമെന്റ് ഉൾപടെ വേറെയും നിരവധി പരിപാടികൾ പ്രവാസി മലായളി സംഘടനകൾ സംഘടിപ്പിച്ചട്ടുണ്ട്.  

മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും ഇത്തരം സ്‌പോര്‍ട്‌സ് മീറ്റുകള്‍ കൊണ്ടുകഴിയും എന്നതില്‍ സംശയമില്ല. ഇതിന് അവസരം നല്കുന്ന ഖത്തര്‍ അധികൃതരോട് നാം ഒരുപാട് കടപ്പെട്ടിരിക്കുന്നു.

Wednesday, November 26, 2014

കുട്ടികള്‍ ദൈവത്തിന്റെ മാലാഖമാര്‍

ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത, ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത ആ ചെറു പ്രായം. മഴയും വെയിലും നിലാവുമെല്ലാം മനസ്സിന് പ്രത്യേക ആനന്ദം നല്കിയ കാലം. ഇന്ന് ഓരോ മഴ നൂലുകളും മനസ്സില്‍ നെയ്തു കൂട്ടുന്നത് ഓര്‍മകളുടെ പൂക്കാലമാണ്. ഓര്‍മകളുടെ നഷ്ടവസന്തമാണ്. ചാറ്റല്‍ മഴ നനഞ്ഞും കോരിച്ചൊരിയുന്ന മഴയിലൂടെയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ പള്ളിക്കൂടത്തിന്റെ പടിവാതില്‍ക്കല്‍ നീങ്ങിയ ആ ദിനങ്ങള്‍ അവിടെ നിന്നും ആദ്യമായി നുകര്‍ന്ന അറിവുകള്‍, കടലാസ് തോണിയുണ്ടാക്കി കൂട്ടുകാരികളോടൊപ്പം മഴ നനഞ്ഞു പോയ ആ കാലം ഇന്നും ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടിച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. ഓരോ അധ്യാപകരില്‍ നിന്നും ലഭിച്ച ആ അറിവുകള്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അവിടെ കളിക്കാനും ചിരിക്കാനും ആടാനും പാടാനും അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഉണ്ടായിരുന്നില്ല. കൂട്ടിനു കളിക്കാനായി പൂതുമ്പികളും  പുല്‍മേടുകളും പൂമ്പാറ്റകളും... തികച്ചും സ്വതന്ത്രമായ ഒരു ലോകം. അറിവിന്റെ ലോകത്ത് ആദ്യാക്ഷരങ്ങള്‍ നുകരാന്‍ വന്ന  ഒത്തിരി കൂട്ടുകാരും, ഒന്ന് വേദനിച്ചാല്‍, വീണാല്‍ കരയുമ്പോള്‍ സാന്ത്വനിപ്പിക്കാനും തലോടാനും സ്‌നേഹം നല്കാനും മാത്രം അറിയാവുന്ന അധ്യാപകര്‍.

ഇന്നലെകള്‍
മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് വീട്ടിലിരിക്കുന്ന അമ്മമാര്‍ക്ക് മക്കളുടെ സുരക്ഷയെ കുറിച്ച് അന്ന് വലിയ വേവലാതികള്‍ ഉണ്ടായിരുന്നില്ല. സൗഹാര്‍ദത്തിന്റെ പരസ്പരം സ്‌നേഹിക്കുന്ന ലോകമായിരുന്നു.  അതുകൊണ്ട് ഓരോ കുട്ടിയേയും സ്വന്തം കുട്ടികളെ പോലെയായിരുന്നു ഓരോരുത്തരും കണ്ടിരുന്നത്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പ്രത്യേകം സ്‌കൂള്‍ ബസ്സുകള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ വിട്ടു വീട്ടില്‍ പോകാന്‍ ഒന്നോ  രണ്ടോ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒന്ന് വന്നില്ലങ്കില്‍ തിരിച്ചു വരാന്‍ അടുത്ത ബസ് വരുന്നത് വരെ കാത്തിരിക്കണം. അഞ്ചും പത്തും കിലോമീറ്റര്‍ താണ്ടിയാണ് അന്ന്  സ്‌കൂളില്‍ പോയിരുന്നത്. ബസിറങ്ങിയാല്‍ വീണ്ടും കിലോമീറ്ററുകളോളം നടക്കണം. തിരിച്ചു വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ടിക്കഴിയും. മകന്‍ അല്ലെങ്കില്‍ മകള്‍ ബസ് കിട്ടാതെ വീട്ടിലെത്താന്‍ വൈകിയാല്‍ അവരുടെ ആധി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മക്കള്‍ വഴിയില്‍ വീഴുമോ എന്നായിരുന്നു. നാട്ടുകാരില്‍ ആരുടെയങ്കിലും കൈ പിടിച്ചു സുരക്ഷിതമായി തന്റെ മക്കള്‍ വീട്ടില്‍ എത്തുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. ചെറിയ മേനികളെ കാമ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കാമ വെറിയന്മാരായ മനുഷ്യപിശാചുക്കള്‍ അന്നില്ലായിരുന്നു. തന്റെ മക്കള്‍ പീഡിക്കപ്പെടുവെന്ന പേടി അതുകൊണ്ടുതന്നെ അവര്‍ക്കുണ്ടായിരുന്നില്ല.

സ്‌കൂള്‍ വിട്ടു തിരിച്ചു വരുമ്പോള്‍ മഴ നനയാതിരിക്കാന്‍ പരിചയമില്ലാത്ത ഏതെങ്കിലും വീടിന്റെ  ഉമ്മറത്ത്  കയറിയാല്‍, മഴ തോരാന്‍ ഇത്തിരി വൈകിയാല്‍, അവിടെയുള്ള അമ്മ, വീട് എവിടെയാണ് എന്ന് അന്വേഷിക്കും. നേരം ഇരുട്ടാകുകയാണെങ്കില്‍ അമ്മ, വീട്ടിലുള്ള മുതിര്‍ന്ന മക്കളോട് പറയും 'കുട്ടിയുടെ അമ്മ മകന്‍ വീട്ടില്‍ എത്താത് കൊണ്ട് വിഷമിക്കുന്നുണ്ടാകും. മോനും ഈ കുട്ടിയുടെ വീട് വരെ പോയി സുരക്ഷിതമായി അവനെ വീട്ടില്‍ എത്തിക്കൂ'. അവര്‍  കുട്ടികളുടെ  മതമോ ജാതിയോ നോക്കിയിരുന്നില്ല.   ഇത്തരം സ്‌നേഹ നിധികളായ അമ്മമാരെ ഇന്നും ഓര്‍ക്കുന്നു. മുകളില്‍ എഴുതിയത് ചെറുപ്പ കാലത്തിലെ ഞങ്ങളുടെ നാടായ നാദാപുരത്തിന്റെ ഒരു ചിത്രമാണ്.

ഞെട്ടലുളവാക്കുന്ന വാര്‍ത്തകള്‍
ഇന്ന് ആ ചിത്രം മാറുകയാണോ. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വളരെയധികം ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും വായിച്ചത്. സമാധാനം നഷ്ടപ്പെടുന്ന വാര്‍ത്തകളും കഥകളുമാണ് കേട്ടുകൊണ്ടിരിക്കുന്നത്. നാലര വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിരയായ വാര്‍ത്തയും പീഡനത്തിനിരയായ കൊച്ചുകുട്ടിയെ അപഹസിച്ച് മോശമായ രൂപത്തില്‍  സ്‌കൂള്‍ അധികാരി കൂടിയായ ഒരു പണ്ഡിതന്‍ നടത്തിയ പ്രസംഗവും ഓരോരുത്തരുടെയും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷ കിട്ടേണ്ട സ്ഥലമാണ് വീടും വിദ്യാലയവും സമൂഹവും, അവിടെ ഭയത്തിന്റേയും ഭീഷണിയുടെയും പീഡനത്തിന്റെയും അവസ്ഥ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ വളരെയധികം ദയനീയമാണ്. സ്‌നേഹ വിശ്വാസങ്ങള്‍ ഏറ്റവും കൂടുതല്‍ വേണ്ടിടത്ത് അതില്ലാതാകുമ്പോള്‍ നാം പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ നടക്കുന്നത് നൂറു ശതമാനം സാക്ഷരത നേടിയ അറിവിന്റേയും സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കേരളത്തിലാണ് എന്നത് ഒരു ദുഃഖസത്യമാണ്. ഒരുപാട് നവോഥാന നായകന്മാര്‍ ചേര്‍ന്ന് സമൂഹത്തില്‍ നടമാടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍ത്തലാക്കിയ നാടാണ് നമ്മുടേത്.

സാംസ്‌കാരിക നാദാപുരം
മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ വിജ്ഞാന വിപ്ലവം നയിച്ച പണ്ഡിതര്‍ നവീകരണ പരിഷ്‌കരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മണ്ണായിരുന്നു നാദാപുരം. നാദാപുരം ജുമാമസ്ജിദിലെ ദറസ് കേരളത്തിലാകെ പ്രസിദ്ധമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിവുകള്‍ തേടി വിദ്യാര്‍ഥികള്‍ അവിടെ വന്നിരുന്നു. പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ അവിടെ താമസിച്ചിരുന്നു. സാംസ്‌കാരിക വിപ്ലവങ്ങള്‍ക്ക് വിളക്ക് കൊളുത്താനും നിരവധി  സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം നല്കാനും സാംസ്‌കാരിക വേദികള്‍ ഉണ്ടാക്കാനും ഗ്രന്ഥാലയങ്ങള്‍ നിര്‍മിക്കാനും അവര്‍ക്ക് കഴിഞ്ഞു. വിവിധ വിജ്ഞാന ഗ്രന്ഥങ്ങള്‍ അവിടെ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. സംസ്‌കൃത പണ്ഡിതന്മാരായ ഹിന്ദു വിദ്വാന്മാരുമായി സൗഹൃദ  സംവാദം നടത്തിയിരുന്ന സംസ്‌കൃതം അറിയാവുന്ന പണ്ഡിതര്‍വരെ   അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഹജ്ജ് കര്‍മങ്ങളെ കുറിച്ച് മലയാളത്തില്‍ പുസ്തകം വിരളമായിരുന്ന കാലത്ത് നാദാപുരത്ത് തന്നെയുള്ള പണ്ഡിതനായിരുന്ന ഖാലിദ് (കലന്തന്‍) മുസ്‌ലിയാരുടെ ഹജ്ജ് കര്‍മ്മം  പ്രതിപാദിക്കുന്ന 'ഹാജിമാര്‍ക്ക് ഒരു ഉപഹാരം' അക്കാലത്ത് എഴുതപ്പെട്ടതായിരുന്നു. അക്കാലത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വഴികാട്ടിയായിരുന്നു ആ പുസ്തകം.  പിന്നീട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും വര്‍ത്തമാന പത്രങ്ങളും ഉള്‍പ്പെടുത്തിയ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന  മത സാമൂഹിക സാഹിത്യ ശാസ്ത്രീയ സാമ്പത്തിക വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥാലയം അവിടെ സ്ഥാപിക്കപ്പെട്ടു. വീട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന  വിജ്ഞാന കുതുകികളായ സ്ത്രീകള്‍ക്കും സ്‌കൂള്‍ കോളെജ്  വിദ്യാര്‍ഥികളും യുവജനങ്ങള്‍ക്കും ജാതി മത ഭേദമന്യേ  ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.

ജാതി വ്യവസ്ഥയും ജന്മിത്വ സമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു കുടിയാന്മാര്‍ ജന്മികള്‍ക്ക് മുമ്പില്‍ നേന്ത്രവാഴക്കുലയും പശുവിന്‍ നെയ്യും  കാഴ്ച വെക്കുന്ന കാലം. തൊഴിലാളികളും ജന്മി മുതലാളിമാരും കുടിയാന്മാരും ഉള്‍ക്കൊള്ളുന്ന സമൂഹം  ജാതിയുടെയും വര്‍ഗ്ഗത്തിന്റേയും പേരില്‍ വേര്‍തിരിക്കപ്പെട്ടവര്‍.  ദേശീയ പ്രസ്ഥാനത്തിന്റേയും സാമൂഹ്യനവോത്ഥാന യത്‌നങ്ങളുടെയും ഫലമായി ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ഇവിടെയും ശക്തിപ്പെടുകയായിരുന്നു. സംഘടിത കര്‍ഷകത്തൊഴിലാളി ബഹുജന പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചുവന്നു. ഇതിന്റെ യൊക്കെ പരിണിത ഫലമായി ഒരു പാട് നല്ല മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. നാദാപുരത്തിന്റെ പഴയ സാംസ്‌കാരിക ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി എന്ന് മാത്രം. വടക്കന്‍ പാട്ടിന്റേയും അങ്കത്തട്ടുകളുടേയും കളരി പരമ്പരകളുടേയും ചരിത്രമുറങ്ങുന്ന നാടെന്ന വിശേഷണങ്ങള്‍ കൂടിയുള്ള നാദാപുരത്തിനു നിരവധി സാംസ്‌ക്കാരിക കഥകള്‍ ഇനിയും പറയാനുണ്ട്.

പ്രതികരണം
ഇത്രയും  സാംസ്‌കാരിക പാരമ്പര്യമുള്ള നാട്ടില്‍ ഇത്തരം ഒരു സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. കുട്ടിയുടെ കുടുംബത്തെ അതിക്ഷേപിച്ച് സംസാരിച്ചത്  ഗൗരവകരമാണെന്ന് ബാലാവകാശ കമ്മീഷന്‍  അഭിപ്രായപ്പെട്ടതായി  പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം പീഡന വാര്‍ത്തകള്‍  നാദാപുരത്തിന്റെ ചൈതന്യത്തിനും ഒജസ്സിനും വീണ്ടും മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നതില്‍ മത വിഭാഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാകുന്നത് വേദനാജനകമാണ്. ഇവിടെ മത വിഭാഗങ്ങള്‍ക്കിടയിലുള്ള വഴക്കാവാതെ എല്ലാ മതവിഭാഗങ്ങളും ഈ അനീതിക്കെതിരെ ഒരുമിച്ച് ശബ്ദിക്കേണ്ടിയിരിക്കുന്നു.

ലൈംഗിക പീഡനത്തെ ഒരു സാമൂഹിക വിപത്തായി കണ്ട് ജാതി- മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു. നാളെ നമ്മുടെ ഓരോരുത്തരും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളരാനുള്ള ഇടം സൃഷ്ടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. നമ്മുടെ പ്രതിഷേധങ്ങള്‍ ഏതെങ്കിലും  രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ വ്യക്തി താത്പര്യങ്ങള്‍ക്കോ വേണ്ടി ആവാതെ നാളത്തെ തലമുറയെ രക്ഷിക്കാന്‍ വേണ്ടിയായിരിക്കണം അവര്‍ ഇത്തരം പീഡനത്തിനു ഇരയാകാതിരിക്കാന്‍ വേണ്ടി. എതങ്കിലും ഒരു പണ്ഡിതന്റെ  വില കുറഞ്ഞ വാക്കുകള്‍കൊണ്ട് എല്ലാ പണ്ഡിതന്മാരെയും കുട്ടപ്പെടുത്തുന്നതും ഒരു സ്ഥാപനത്തിന്റെ മോശമായ പ്രവര്‍ത്തികൊണ്ട് മറ്റു  നല്ല സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയും ശരിയല്ല. ഇതിന്റെ പേരില്‍ വല്ലാത്ത ഒരു ഭീതി സൃഷ്ടിക്കാതെ  ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിയമ നടപടികളുമായി മുമ്പോട്ട് പോകുകയാണ് വേണ്ടത്. ഒരു നിരപാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. കുറ്റം ചെയ്തത് ആരായാലും അവരെ ശിക്ഷിക്കുക തന്നെ വേണം.

സാംസ്‌കാരിക അധഃപതനം നേരിടുകയാണോ
സ്വന്തം അസ്തിത്വത്തെ പറ്റി ചിന്തിക്കാന്‍ കഴിയാതെ ഭൗതിക സുഖങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലുകള്‍ക്കിടയില്‍ പുതുതലമുറയുടെ സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ സാംസ്‌ക്കാരിക സംഘടനകളുടെയും ഗ്രന്ഥാലയങ്ങളുടെയും ശിലകള്‍ പോലും ഇന്ന് നഷ്ടപ്പെട്ടു പോകുകയാണ്. സാംസ്‌കാരിക നവോഥാന പണ്ഡിതന്മാരുടെ കഥകള്‍ കേട്ടായിരുന്നു പഴയ തലമുറ  വളര്‍ന്നത്. ഇന്നത്തെ തലമുറ അത് കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. ഗള്‍ഫ്  പണത്തിന്റെ ഫലത്തില്‍ പഴയ സംസ്‌കാരങ്ങളും ജീവിത  നിഷ്ഠയും കുറഞ്ഞു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ സംസ്‌കാരത്തിന്റെ അവകാശ വാദം പറയുമ്പോഴും  സാംസ്‌കാരിക ച്യുതിയിലേക്ക് നീങ്ങുകയാണോ നമ്മള്‍.  ഗള്‍ഫ് പണവും ഭൗതിക സുഖസൗകര്യങ്ങളും കൂടിയപ്പോള്‍ തങ്ങളുടെ കുട്ടികള്‍ ധാര്‍മികത എന്തെന്ന് മറന്നു പോകുന്നു. വളരെ പ്രയാസപ്പെട്ടു ജീവിച്ച പലര്‍ക്കും ഗള്‍ഫിന്റെ വാതിലുകള്‍ തുറന്നു കിട്ടിയപ്പോള്‍ പ്രവാസ ജീവിതം അവര്‍ക്ക് സമ്മാനിച്ചത് വലിയ സൗഭാഗ്യങ്ങളാണ്. ഓലമേഞ്ഞ വീടുകള്‍ കോണ്‍ക്രീറ്റ് സൗധങ്ങളായി, ഗ്രാമ ചിത്രങ്ങള്‍ മാറ്റപ്പെട്ടു, തിരിയിട്ട വിളക്കുകള്‍ക്ക് പകരം ഇലക്ട്രിക് ബള്‍ബുകള്‍ കൊണ്ട് അകത്തളങ്ങള്‍ പ്രകാശ പൂരിതമായി. ചെറുപ്പത്തില്‍ പഠിച്ചിരുന്ന ഓലമേഞ്ഞ സ്‌കൂളുകള്‍ക്ക് പകരം വലിയ സൗകര്യങ്ങളുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയി. കുട്ടികള്‍ക്ക്  വീട്ടിനു മുമ്പില്‍തന്നെ സ്‌കൂള്‍ വാഹനങ്ങള്‍ വരുന്നു, കാലില്‍  ചെളിയും മഴ വെള്ളവും നനയാതെ വിലകൂടിയ വസ്ത്രവും ബാഗും സുഗന്ധങ്ങളും ഉപയോഗിച്ചു ക്ലാസ് റൂമിലേക്ക് പോകാന്‍ കഴിയുന്നു. ഉപയോഗിക്കാന്‍ മൊബൈലും ലാപ് ടോപ്പും ഇന്റര്‍നെറ്റും. പല കുട്ടികളും ഫേസ് ബുക്കിലും  വാട്‌സ് ആപ്പിലും സമയം ചെലവഴിക്കുന്നു. മറ്റ് ഉപയോഗ ശൂന്യമായ കാണാന്‍ പാടില്ലാത്ത  സൈറ്റുകളില്‍ മേയുന്നു. പലപ്പോഴും ഇത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോകുന്നു. മറ്റൊരു വിഭാഗം കുട്ടികള്‍ നാല് ചുവരുകള്‍ക്കിടയില്‍ സൗഹൃദങ്ങളുടെ ലോകം എന്തെന്ന് അറിയാതെ അവരുടെ ചിന്തകളെ തളച്ചിട്ടിരിക്കുന്നു. സ്‌കൂളിന്റേയും വീടിന്റേയും മതിലുകള്‍ക്കുള്ളില്‍ നിന്നും പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ കഴിയാതെ ബന്ധങ്ങളുടെയും തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും വില മനസ്സിലാക്കാന്‍ കഴിയാതെ മാതാപിതാകളുടെ സമ്മര്‍ദ്ദം മൂലം പഠനം എന്നാ ഒരൊറ്റ ചിന്തയുമായി  സമൂഹത്തില്‍ നിന്നും ഒരു പാട് അകന്നു ജീവിക്കുന്നു.

ജീവിത നിലവാരം
ഇവിടെ ജീവിത നിലവാരം ഒരുപാടുയര്‍ന്നപ്പോള്‍ നമ്മുടെ സാമൂഹിക ബന്ധങ്ങളും സംസ്‌കാരവും എത്രത്തോളം ഉയര്‍ന്നിട്ടുണ്ട് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ കണക്കുകളും നിഷ്‌കളങ്ക മനസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരങ്ങളിലേക്ക്  കാമക്കണ്ണുകളോടെ നോക്കുന്ന കാമപൂര്‍ത്തീകരണത്തിനായി കാത്തുനില്‍ക്കുന്ന ക്രൂരന്മാരും കൂടി വരുന്നുണ്ട് എന്നാണ് സമീപകാല ചരിത്രം. അവരില്‍ സമൂഹത്തിലെ  ഉന്നതരുടെ മക്കളാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മറച്ചു വെക്കുകയും ഇരകള്‍ക്ക് കിട്ടേണ്ട നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പ്രവാസികളായ ഓരോ രക്ഷിതാക്കളും കുട്ടികളെ പറഞ്ഞയക്കുന്ന സ്ഥാപനങ്ങള്‍ തികച്ചും സുരക്ഷിതമായ സ്ഥാപനങ്ങള്‍ ആണെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു, മക്കളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം അവര്‍ക്ക്  ധാര്‍മിക ബോധം നല്കുകയും അവരുടെ ജീവിത രീതികള്‍ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

തന്റെ മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുമ്പോള്‍  കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്കാന്‍ കഴിയാതെ പട്ടിണി കിടന്നു തെരുവില്‍ കഴിയേണ്ടി വരുന്ന ഒരുപാട് മാതാപിതാക്കള്‍ ഉണ്ട്.  അവര്‍ക്ക് സ്വപ്നം കാണാന്‍ ഒരു നേരത്തെ ഭക്ഷണവും താമസിക്കാന്‍ ഒരിടവും മാത്രം അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, സ്വന്തം മക്കളെ ആര്‍ഭാടത്തോടെ വളര്‍ത്തുമ്പോള്‍ ഇത്തരം പാവപ്പെട്ട കുട്ടികളെ കണ്ടില്ല എന്ന് നടിക്കാതെ അവരെ സഹായിച്ചു അവരുടെ സ്വപ്നങ്ങളിലും പങ്കു ചേരാന്‍ നമുക്ക് കഴിയണം.

ദൈവത്തിന്റെ മാലാഖമാര്‍
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണ്. അവരാണ് നാളെ ഈ ലോകം നിയന്ത്രിക്കേണ്ടത്. അവരെ ഒരിക്കലും ക്രൂശിച്ചു കൂടാ. ബാലവേലകള്‍ ചെയ്യുന്ന അടിമ വേലകള്‍ ചെയ്യേണ്ടി വരുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ മോചിപ്പിക്കാന്‍ കഴിയണം. ആരോരുമറിയാതെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ലൈംഗികപീഡനം അനുഭവിക്കുന്ന  കുട്ടികളുണ്ടെങ്കില്‍ അവര്‍ എവിടെയായാലും അവര്‍ക്ക് സംരക്ഷണം നല്കണം. അവര്‍ മാനസിക വൈകൃതങ്ങള്‍ ഉള്ളവരായി വളരേണ്ട ഒരവസ്ഥ ഉണ്ടായാല്‍, ഭാവിയില്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരായി അവര്‍ വളര്‍ന്നാല്‍ അതിനുത്തരവാദികള്‍ സമൂഹം തന്നെയാണ്.

ഈ പ്രവാസ ലോകത്ത് നിന്നും ചെറിയ കുഞ്ഞങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങളെല്ലാം ഒരുവേള അലിഞ്ഞില്ലാതാകുന്നു. അത്രയും പവിത്രമായതാണ് അവരുടെ മുഖം.  അവര്‍ ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരാണ്  എന്ന് നാം അറിയുന്നു. ഈ കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ ഓര്‍മ വരുന്നു നമ്മുടെ ആ കുട്ടിക്കാലം. ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത നിഷ്‌കളങ്കമായ ആ ചെറു പ്രായം.  ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടി ച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്ക്കുന്ന ആ കുട്ടിക്കാലം! ഇത്തരം നിഷ്‌കളങ്കരായ കുട്ടികളെ പീഡിപ്പിക്കാന്‍ എങ്ങിനെ സാധിക്കുന്നു. അവര്‍ക്കെതിരെ സംസാരിക്കാന്‍ എങ്ങനെ കഴിയുന്നു.

Saturday, October 8, 2011

നന്നായിരിക്കുന്നു കുറ്റിയാടി ഓണ്‍ ലൈന്‍.............. നന്നായിരിക്കുന്നു

നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും  പരിഹരിക്കാത്ത പ്രശ്നം ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു  കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത്   കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു  അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍ അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം........
നന്നായിരിക്കുന്നു  കുറ്റിയാടി ഓണ്‍ ലൈന്‍.............. നന്നായിരിക്കുന്നു
 ബസ് യാത്രാപ്രശ്ന പരിഹാരത്തിന് പലപ്പോഴും  നാം കേള്‍ക്കുകയും  കാണുകയും  ചെയ്തിട്ടുള്ള  തെറ്റായ ചില സമര മാര്‍ഗങ്ങളാണ്  ബസ്സിനുകല്ലെറിയുക,  കടകള്‍ അടപ്പിക്കുക, റോഡുകള്‍ ബ്ലോക്ക് ചെയ്യുക, ഹര്‍ത്താല്‍ ആചരിക്കുക,  ജനജീവിതം സ്തംഭിപ്പിക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു പ്രശ്ന പരിഹാരത്തിന് മറ്റു 100 പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സമര രീതികള്‍.  ഇതിനു തികച്ചും വിപരീതമായി മാതൃകാപരമായ രൂപത്തില്‍ ഒരു നാട്ടിലെ ബസ് യാത്ര പ്രശ്നത്തിന്  പരിഹാരം കണ്ടിരിക്കുകയാണ് ഇവിടെ. കല്ലും വടിയും  ഒന്നുമില്ലാതെ നൂതന ടെക്നോളജി ഉപയോഗിച്ചാണ്  പ്രശ്നം പരിഹരിച്ചിരിക്കുന്നത്. തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു  നിവാസികള്‍ക്ക് ഇന്ത്യ വിഷ്യനോടും  കുറ്റിയാടി ഓണ്‍ലൈനിന്നോടും മുഖ്യ മന്ത്രിയുടെ വെബ്‌ സൈറ്റിനോടും ഇനി നന്ദി പറയാം.
പ്രശ്നപരിഹാരങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി തുടങ്ങിയ വെബ്‌ സൈറ്റ്  പരക്കെ സ്വഗതാര്‍ഹമായിരുന്നു. ഇതിനകം ഒരു പാട് പ്രശ്നങ്ങള്‍ പരിഹരിക്കാനും ജനങ്ങള്‍ക്ക്‌ നേരിട്ട്  മുഖ്യ മന്ത്രിയോട് കാര്യങ്ങള്‍ സംസാരിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഇത് മൂലം സാധിച്ചു.
കുറ്റിയാടിക്കടുത്ത്  തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു ഭാഗത്ത് സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്ന കാരണത്താല്‍ ജീപ്പില്‍ കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കുത്തി നിറച്ചു അപകടമുണ്ടാക്കും വിധത്തില്‍ നടത്തുന്ന ജീപ്പ് യാത്ര ഇന്ത്യ
വിഷ്യന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ തൂങ്ങി പ്പിടിച്ചു യാത്ര ചെയ്യുന്ന കാഴ്ച വളരെയധികം ദയനീയവും അപകടകരവുമായിരുന്നു, ഈ  ദ്ര്ശ്യം സോഷ്യല്‍ നെറ്റ് വര്‍കായ ഫേസ് ബൂകിലൂടെ കുറ്റിയാടി ഓണ്‍ ലൈന്‍ ചര്‍ച്ച ചെയ്തു, 1500 ലധികം അംഗങ്ങളുള്ള ഈ ഓണ്‍ ലൈന്‍ കൂട്ടം ഇന്ത്യവിഷ്യന്‍ പുറത്ത് വിട്ട വാര്‍ത്ത‍ ദ്ര്ശ്യങ്ങള്‍ സഹിതം മുഖ്യ മന്ത്രിയുടെ വെബ്‌ സൈറ്റിലേക്ക് പരാതി  അയച്ചു. വളരെ പെട്ടന്ന് തന്നെ മുഖ്യ മന്ത്രി പരിഹാരം കാണാനുള്ള വഴി ഒരുക്കി, മുഖ്യ മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് ഇമെയില്‍ നിര്‍ദേശം നല്‍കി ഉടനെ തന്നെ കമ്മീഷന്‍ വടകര ആര്‍ ടി ഓ വിനു ഇമെയില്‍ മുഖേന നിര്‍ദേശങ്ങള്‍ അയച്ചു, ആര്‍ ടി ഓ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങി, അതിന്റെ ഭാഗമായി സ്ഥിരമായി ട്രിപ്പുകള്‍ മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു ഇതിന്റെ നടപടിയും റിപ്പോര്‍ട്ടും വെബ്‌ സൈറ്റ് ലുണ്ടന്നു ഇന്ത്യ വിഷിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.
   
നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത പ്രശ്നം  ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു  കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു  അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍  അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം. കുറ്റിയാടി ഓണ്‍ലൈന്‍ അംഗങ്ങള്‍ക്ക് അഭിവാദനങ്ങള്‍. സാമൂഹ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അതിനെതിരെ പ്രതികരിക്കാനും  അതിലൂടെ സമാധാന  രൂപത്തില്‍ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാന്നാനും ഇത്തരം ഓണ്‍ ലൈന്‍ കൂട്ടായ്മകള്‍ക്ക്  കഴിയട്ടെ. കുറ്റിയാടി ഓണ്‍ ലൈന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും മാത്രകയാകുമെന്നു  നമുക്ക് പ്രതീക്ഷിക്കാം.
Related Posts Plugin for WordPress, Blogger...