Thursday, August 11, 2016

അയാള്‍ ശരിക്കും ക്യാപ്റ്റനായിരുന്നു

സ്വപ്‌നങ്ങളുടെ ആകാശത്തേക്ക് ഒരായിരം പേരെ പറത്താന്‍ കഴിയുന്ന പൈലറ്റായിരുന്നു അയാള്‍- ക്യാപ്റ്റന്‍ അബൂ റായിദ്. ശരിക്കും അയാള്‍ ക്യാപ്റ്റനായിരുന്നില്ല, വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരന്‍ മാത്രമായിരുന്നു. എന്നിട്ടും വിമാനത്താവളത്തിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും കിട്ടിയ ക്യാപ്റ്റന്റെ ഒരു പഴയ തൊപ്പി അയാളെ കുട്ടികള്‍ക്കിടയിലെ ഹീറോയാക്കുന്നു. അയാള്‍കുട്ടികളുടെ മാത്രം ഹീറോ ആയിരുന്നില്ല, ജീവിതത്തിലും ഹീറോ തന്നെയായിരുന്നു. 

ക്യാപ്റ്റന്‍ അബൂ റായിദ് എന്ന ചലച്ചിത്രം കാഴ്ചക്കാരനെ കൊണ്ടുപോകുന്നത് അതിമനോഹരമായ ഇതിവൃത്തത്തിലേക്കാണ്. പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറാദ് ചെറിയൊരു കുട്ടിയായിരുന്നു. അബൂ റായിദ് എന്ന 'ക്യാപ്റ്റന്‍ അബൂ റായിദ്' കുട്ടികള്‍ക്കു കഥപറഞ്ഞും മുതിര്‍ന്നവരുടെ ലോകത്ത് ഇടപെട്ടും കഴിഞ്ഞിരുന്ന അക്കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 

മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഈ ചലച്ചിത്രത്തിന് വേണ്ടി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജോര്‍ദാനിയന്‍ സ്വദേശി അമിന്‍ മതാല്‍ഖാ രചനയും സംവിധാനവും നിര്‍വഹിച്ച ക്യാപ്റ്റന്‍ അബു റായിദ് 2007ലാണ് പുറത്തിറങ്ങിയത്. 27ലേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച അറബിക് സിനിമയില്‍ അബു റായിദായി നദീം സ്വാല്‍ഹയാണ് വേഷമിട്ടത്. റനാ സുല്‍ത്താന്‍ നൂറയായും ഹുസൈന്‍ അല്‍സൂസ് മുറാദായും ഉദയ് അല്‍ ഖുദ്‌സി താരിഖായും ഗാന്ധി സാബിര്‍ അബു മുറാദായും ദിനാ രഅദ് ഉമ്മു മുറാദായും അഭിനയിച്ചിരിക്കുന്നു. 

അബൂ റായിദ് താമസിക്കുന്ന മനോഹരമായ പഴയ വീടിനടുത്ത് കുറേ കുട്ടികള്‍ കളിക്കാറുണ്ട്. അവര്‍ റായിദുമായി വളരെ വേഗത്തിലാണ് അടുപ്പത്തിലാകുന്നത്. പ്രസന്നമായ മുഖമുള്ള അബൂ റായിദ് എപ്പോഴും പുഞ്ചിരിയോടെയാണ് സംസാരിക്കുക. ഒറ്റ നോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്ന മുഖത്തോടെയുള്ള മധ്യവയസ്‌കനാണ് അദ്ദേഹം.

വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരനാണ് അബു റായിദ്. ഒരു ദിവസം അദ്ദേഹത്തിന് എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും ക്യാപ്റ്റന്റെ പഴയയൊരു തൊപ്പി ലഭിക്കുന്നു. അതും ധരിച്ചെത്തുന്ന അബൂ റായിദിനെ കാണുന്ന കുട്ടികള്‍ അദ്ദേഹം പൈലറ്റാണെന്ന് വിശ്വസിക്കുകയും ക്യാപ്റ്റനെന്ന് വിളിക്കുകയും ചെയ്യുന്നു. താരിഖ് എന്ന കുട്ടി അബൂ റായിദിനോട് നിങ്ങള്‍ കാപ്റ്റനല്ലേയെന്ന് ചോദിക്കുന്നുമുണ്ട്. അതിനദ്ദേഹം അല്ല എന്നാണ് മറുപടി നല്കുന്നതെങ്കിലും അത് വിശ്വസിക്കാന്‍ താരീഖ് തയ്യാറാകുന്നില്. താരിഖ് മറ്റു കുട്ടികളെയും കൂട്ടി അബൂ റായിദിന്റെ അടുത്ത വരികയും എല്ലാവരും ചേര്‍ന്ന് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു അബൂ റായിദിന്റെ കൂടെ ഇരിക്കുകയുമാണ്. ഈണത്തില്‍ അവര്‍ പാട്ടുകള്‍ പാടുന്ന അവരോടൊപ്പം ഡിങ് ഡിങ് ടോം ടോം, ഡിങ് ഡിം ഡോങ് ടോമെന്ന് അബൂറായിദും കൂടുന്നുണ്ട്. 

കുട്ടികളുമായി കളി ചിരിയുമായി കഴിയുന്ന രംഗം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമാനം പറക്കുന്നതിനെ കുറിച്ച് അബൂ റായിദിനോട് ചോദിക്കുന്ന കുട്ടികള്‍ സാഹസികതയെ കുറിച്ചും ഓരോന്നായി അന്വേഷിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ വിമാനം പറത്തിയിട്ടുണ്ടെന്നുള്‍പ്പെടെയുള്ള കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ റായിദിനെ അത്ഭുതപ്പെടുത്തുന്നു. അതിനെല്ലാം രസകരമായ മറുപടിയാണ് അദ്ദേഹം നല്കുന്നത്. യഥാര്‍ഥത്തില്‍ അമ്മാന്‍ എയര്‍പോര്‍ട്ടിലെ ക്ലീനിംഗ് ജോലിക്കാരനാണെങ്കിലും കുട്ടികളുടെ ആകാംക്ഷയും അതവരില്‍ നിറക്കുന്ന പ്രതീക്ഷയും മനസ്സിലാക്കി അബൂ റായിദ് അവരുടെ മുമ്പാകെ ക്യാപ്റ്റനായി മാറുകയായിരുന്നു.


എന്നും കലഹമുണ്ടാക്കുന്ന ഒരു കുടുംബമായിരുന്നു അബൂ റായിദിന്റെ അയല്‍പക്കത്തുണ്ടായിരുന്നത്. കുടുംബനാഥനായ അബൂ മുറാദ് എന്നും കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്നയാളാണ്. കലഹത്തിന്റെ ശബ്ദം പലപ്പോഴും അബൂ റായിദിന് അസഹ്യമായിരുന്നു. 


കുട്ടികളില്‍ മുറാദ് എന്ന മുതിര്‍ന്ന കുട്ടി മാത്രം അബൂ റായിദിന്റെ സംസാരം കേള്‍ക്കാതെ മാറി ഇരിക്കുകയാണ്. അബൂ റായിദ് ക്യാപ്റ്റനല്ലെന്ന് മനസ്സിലാക്കിയ മുറാദ് മറ്റു കുട്ടികളോട് ഇക്കാര്യം പറയുന്നു. മുറാദിന്റെ വാക്കുകള്‍ മറ്റു കുട്ടികള്‍ വിശ്വസിക്കാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നും പിതാവിന്റെ പണം മോഷ്ടിച്ചു മൂന്നു കുട്ടികളെയും കൂട്ടി മുറാദ് ടാക്‌സിയില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് എയര്‍പോര്‍ട്ടിലേക്ക് പോവുകയാണ്. അവിടെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ട റായിദിനെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും മറ്റു കുട്ടികളുടെ മനസ്സില്‍ അത് വല്ലാത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. 

തന്റെ ജോലിക്കിടയില്‍ വ്യത്യസ്തരായ നിരവധി പ്രമുഖരെ അബൂ റായിദ് കാണുന്നുണ്ട്. വ്യത്യസ്ത ഭാഷകളില്‍ കൊച്ചു പദങ്ങള്‍ ഉപയോഗിക്കാനും റായിദിന് കഴിയുന്നുണ്ട്. ഒരു ഫ്രഞ്ച് യാത്രക്കാരനോടുള്ള സംസാരത്തിലൂടെയാണ് സംവിധായകന്‍ അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കുന്നത്. അതിനിടയില്‍ അബൂ റായിദ് യഥാര്‍ഥ പൈലറ്റായ നൂറയെ പരിചയപ്പെടുകയാണ്. അബൂ റായിദിനോടൊപ്പം ഒരു ബസ് യാത്ര ചെയ്യാന്‍ ഇടയായ നൂറ, ഇത്രയും അറിവും ബുദ്ധിയും ഉണ്ടായിട്ടും നിങ്ങള്‍ എന്താണ് ക്ലീനിംഗ് ജോലി ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ട്. അതിന് വ്യക്തമായ ഉത്തരം നല്‍കാതെ ജീവിതത്തിന്റെ മറ്റു മേഖലയിലേക്കുള്ള ചിന്തയിലേക്ക് നീങ്ങുകയാണ് റായിദ്. നൂറയോടൊപ്പം ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ റായിദ് പുസ്തകം വായിക്കുകയായിരുന്നു. ഏതു പുസ്തകമാണ് താങ്കള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്ന നൂറയുടെ ചോദ്യത്തിന് 'മൗസിമുല്‍ ഹിജ്‌റത് ഇല ഷമാല്‍' എന്ന പേരാണ് അബൂ റായിദ് മറുപടിയായി പറയുന്നത്. ത്വയ്യിബ് സാലിഹിന്റെ പുസ്തകമല്ലേ ഇതെന്ന നൂറയുടെ ചോദ്യത്തിന് അതെയെന്ന് പറയുന്നു. (അറബി ഭാഷയിലെ വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ് അത്). രണ്ടായിരത്തോളം പ്രശസ്തമായ പുസ്തകങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നും അബൂ റായിദ് നൂറയോട് പറയുന്നുണ്ട്. ആ സംസാരത്തില്‍ നിന്നും നൂറയ്ക്ക് റായിദിനോടുള്ള ബഹുമാനം വര്‍ധിക്കുകയാണ്. 

ഒരു ദിവസം തന്റെ മുറി സന്ദര്‍ശിക്കുന്ന നൂറയുമായി റായിദ് വീടിന്റെ മുകളിലെ ടെറസ്സിലേക്ക് പോകുന്നു. തനിക്ക് ലോകം കാണണമെന്ന് തോന്നുമ്പോള്‍ ഈ ടെറസ്സില്‍ മലര്‍ന്നു കിടക്കുമെന്നും അമ്മാനിന്റെ മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ നിന്നും കാണാമെന്നും അദ്ദേഹം പറയുന്നു. കുറച്ചു നേരം അവിടെ ഇരുന്ന നൂറ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നുണ്ട്. റായിദാകട്ടെ മകന്‍ നഷ്ടപ്പെട്ട കഥയും ഭാര്യയുടെ മരണത്തെ കുറിച്ചുമാണ് നൂറയോട് സംസാരിക്കുന്നത്. 

മദ്യപിച്ച് വന്ന അബൂ മുറാദ് ഭാര്യയേയും മക്കളേയും തല്ലുന്നു. കൈക്ക് മുറിവേറ്റ് മുറാദ് വേദന സഹിക്കാതെ റായിദിന്റെ വീട്ടിലേക്കാണ് പോയത്. റായിദ് മുറാദിന്റെ മുറിവ് വെച്ച് കെട്ടുകയാണ്. മുറാദ് തന്റെ പഴയകാല പ്രവര്‍ത്തനങ്ങളില്‍ റായിദിനോട് ക്ഷമ ചോദിക്കുന്നുണ്ട്. 

സ്‌കൂളില്‍ പോകാതെ ബിസ്‌കറ്റ് വിറ്റു നടക്കുന്ന താരിഖിനെ കാണുന്ന റായിദ് മുഴുവന്‍ ബിസ്‌കറ്റും വില കൊടുത്തു വാങ്ങി അവനെ സഹായിക്കുകയാണ്. അവനോട് സ്‌കൂളില്‍ പോകാന്‍ പറയുകയും താരിഖിന്റെ പിതാവിനെ കാണാന്‍ പോവുകയും ചെയ്യുന്നു. താരിഖിനെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അബു റായിദ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ മകന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുട്ടികളുടെ പ്രതീക്ഷകളെയും അവര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന കഴിവുകളെയും അബൂ റായിദിന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നല്‍കുന്ന ചിന്തകള്‍ വലിയ മാറ്റത്തിന് സാധ്യമാകുന്നു. ഇത്തരം സാമൂഹിക പാശ്ചാലത്തില്‍ അബൂ റായിദിനെ പോലെയുള്ളവര്‍ ജീവിക്കേണ്ട ആവശ്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന് കഴിയുന്നു എന്നത് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ വിജയമാണ്.  


അബൂ മുറാദിന്റെ പീഡനം സഹിക്കവയ്യാതായ ഭാര്യയേയും കുടുംബത്തേയും രക്ഷപ്പെടുത്താന്‍ നുറ തയ്യാറാവുകയാണ്. അബൂ മുറാദ് വീട്ടില്‍ തിരികെയെത്തുന്നതിന് മുമ്പ് നൂറയോടൊപ്പം പോകാന്‍ തയ്യാറാകുന്ന മുറാദ് യാത്രയ്ക്കു മുമ്പ് അബൂ റായിദിന്റെ പഴയ ക്യാപ്റ്റന്‍ തൊപ്പി അദ്ദേഹത്തിന് തിരികെ നല്കുകയാണ്. എന്നാല്‍ ഈ തൊപ്പി മുറാദിന്റെ തലയില്‍വെച്ചുകൊടുത്താണ് അബൂ റായിദ് അവരെ യാത്രയയക്കുന്നത്. 

അബൂ മുറാദിന്റെ വരവും കാത്ത് അബൂ റായിദാണ് അവരുടെ വീട്ടിലിരിക്കുന്നത്. ഭാര്യയേയും മക്കളേയും കാണാതെ അബൂ റായിദിനെ മാത്രം കാണുന്ന അബു മുറാദ് ദേഷ്യപ്പെടുകയാണ്. തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അബു റായിദിനുനേരെ വലിയൊരു വടിയുമായി അബു മുറാദ് തിരിയുകയാണ്. അടഞ്ഞുകിടക്കുന്ന വാതിലിനപ്പുറത്തി നിന്നുള്ള ബഹളം മാത്രമാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്.

പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 

2007ല്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍, 2008ല്‍ ഡര്‍ബന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, ഹേര്‍ട്ട്‌ലാന്റ് ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റര്‍ ഹേര്‍ട്ട് അവാര്‍ഡ്, ന്യൂപോര്‍ട്ട്ബീച്ച് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള ജൂറി പുരസ്‌ക്കാരം, സെറ്റില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് തുടങ്ങിയവ ക്യാപ്റ്റന്‍ അബു റായിദ് കരസ്ഥമാക്കിയിട്ടുണ്ട്.

Related Posts Plugin for WordPress, Blogger...