Thursday, June 7, 2012

സര്‍ഗ്ഗ സായാഹ്നം

"ഇന്ന് ഞാന്‍ കുറച്ചു മനുഷ്യരെ കണ്ടു. മരുഭൂമിയില്‍ മരുപ്പച്ച വിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ കാര്യങ്ങള്‍ നടത്തിയവര്‍, അവരാരും വല്ല്യ സംഘാടകരോ അല്ലെങ്കില്‍ വല്ല്യ വല്ല്യ സ്ഥാപനങ്ങളില്‍ ഉന്നത പോസ്റ്റുകളില്‍ ജോലി ഒന്നും ഇല്ലാതെ ഫ്രീ ആയി ഇരിക്കുന്നവരോ അല്ല.. അവനവന്റെ ജോലിയും, കുടുംബ കാര്യങ്ങളും കഴിഞ്ഞു മിച്ചം വരുന്ന സമയം കൊണ്ട് ഒരു പരിപാടി ഭംഗിയായി നടത്തിക്കാണിച്ചവര്‍. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, ഒരിക്കല്‍ കൂടി എന്നെ എന്റെ പഴയ ക്ലബ്ബിന്റെ വാര്‍ഷികാഘോഷ വേളയില്‍ എത്തിച്ചതിനു നന്ദി,. ഒരു അഞ്ചാറു മണിക്കൂര്‍ പിവിസി പൈപ്പിന്റെയും, ഫിറ്റിങ്ങ്സിന്റെയും ഓര്‍മകളില്‍ നിന്നും എന്നെ മാറ്റി നിറുത്തിയതിന്) അഭിനന്ദനങള്‍ നിങ്ങളുടെ സംഘാടക മികവിന്, നിങ്ങളുടെ സ്നേഹത്തിനു, നിങ്ങളുടെ ആത്മാര്‍ഥതക്ക് ♥"
പരിപാടിയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഈ വാക്കുകളാണ് .... എന്നെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെയും വിനോദ യാത്രകളുടെയും ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ്  ഐ സി സി അശോക ഹാളില്‍ സംടിപ്പിച്ച   "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച  കുട്ടികൾക്ക് നാസര്‍ മാസ്റ്റര്‍  ഉപഹാരങ്ങള്‍ നല്‍കി. പ്രവാസത്തിനിടയില്‍  നാട്ടിലെ പഴയ ക്ലബ്ബുകളുടെ വാര്‍ഷികവും സ്കൂള്‍ കോളേജ് കലോത്സവങ്ങളും ഒരിക്കല്‍ക്കൂടി  സദസ്സിന്റെ ഓര്‍മ്മകളില്‍  പുനര്‍ജനിപ്പിക്കും വിധമായിരുന്നു പരിപാടികള്‍. പൂര്‍ണ്ണമായും കലയുടെ  വ്യത്യസ്തമായ ഒരു ആഘോഷത്തിന്‍റെ തുടക്കമായിരുന്നു ക്യു മലയാളം സംടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം". അത് എല്ലാവരിലും  കലാ ആഘോഷങ്ങളില്‍ താല്‍പര്യം ഉണര്‍ത്തി. കലയെ  നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ധൈഷണിക വിപ്ലവത്തിന് നേതൃത്വം നല്‍കാനും  പ്രേരിപ്പിക്കുക എന്നതായിരുന്നു സര്‍ഗ്ഗ സായാഹ്നം നല്‍കിയ  സന്ദേശം, സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കാനുതകുന്ന നാടകം അഭിനയ മികവു കൊണ്ടും ആശയ സമ്പുഷ്ടി കൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഗാനങ്ങള്‍, നൃത്തങ്ങള്‍, കവിത ചൊല്ലല്‍, കഥപറയല്‍ മോണോആക്ട്‌ മാജിക് കുട്ടികളുടെ സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സതീഷ്‌ മിരാണ്ട "ക്രിസ്റ്റഫര് ‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റെര്‍സ്" എന്ന നാടകത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍  കലാസ്വാദകര്‍ ഹര്ഷാരവങ്ങളോടെ അതിനെ സ്വീകരിക്കുകയായിരുന്നു, 23 വര്‍ഷത്തെ ലൌകിക സുഖത്തിനു  വേണ്ടി തന്റെ ആത്മാവിനെ സാത്താന് മുമ്പില്‍ പണയപ്പെടുത്തുകയും ഉടമ്പടി കഴിഞ്ഞപ്പോള്‍ സാത്താന്‍ ഫോസ്റ്ററിനെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ ദൂതനെ അയക്കുന്നതും അന്തിമ നിമിഷത്തില്‍ ഫോസ്റ്റെര്‍ നിലവിളിക്കുന്നതുമായ രംഗമായിരുന്നു സതീഷ്‌ അവതരിപ്പിച്ചത്, കൊച്ചുമോള്‍ പൂജയുടെ ഓര്‍മ്മ  ശക്തിയും സാന്ദ്രയുടെ വയലിന്‍ വായനയും സദസ്സിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു, നിലവാരമുള്ള ഒട്ടേറെ കവിതകളും കഥകളും, ഇമ്പമാര്‍ന്ന ഗസലുകളും ഗാനങ്ങളും കഴിവുറ്റ കലാകാരന്മാര്‍ സദസ്സിനു സമ്മാനിച്ചു. ഔപചാരികതകള്‍ ഒന്നുമില്ലാതെ ആറു  മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു.  മുന്നൂറിലധികം പേര്‍ ഒത്തു ചേര്‍ന്ന ഈ സര്‍ഗ്ഗസായാഹ്നത്തിന്റെ സംഘാടനം ഫേസ് ബൂക് കൂട്ടായമയിലൂടെ നല്‍കിയ ക്ഷണമല്ലാതെ മറ്റൊരു മാധ്യമങ്ങളുടേയും സഹായമില്ലാതെയായിരുന്നു. ഊര്‍ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു ചേരലില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ ഇത്രയും തഴച്ചുവളരുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയുട്ടുണ്ടാവില്ല. ഇതിന്റെ ശില്പികള്‍ക്ക് ഏറെ അഭിമാനിക്കാനാവുന്ന നിമിഷങ്ങളായിരുന്നു കലയുടെ മഴ വര്ഷിച്ച ആ മണിക്കൂറുകള്‍. 

പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?.ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 
മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന  പ്രവാസികള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്.  അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക്  ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ  തടവിലിടാന്‍ ശ്രമിക്കുകയാണവര്‍, സ്വാര്‍ത്ഥതയുടെ പര്യായം തേടി അലയേണ്ടതില്ലാത്ത വിധം കാലം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാറുന്ന ലോകത്തിന്റെ ഇത്തരം കാഴ്ചകള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച അനേകം ചെറുപ്പക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇവിടെ വീര്‍പു മുട്ടുകയാണ്.  ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന സ്വന്തം മജ്ജയും മാംസവുമായ സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തിരയുകയാണിവര്‍, ഇവിടെയാണ്‌ ഇത്തരം കൂട്ടായ്മയുടെയും കലയുടെയും പ്രസക്തി വിളിച്ചറിയിക്കുന്നത്.  മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാനും ഒരു ഇടം അന്വേഷിക്കുന്ന മനുഷ്യ സ്നേഹികള്‍ക്ക്  നല്ല കൂട്ടായ്മകള്‍ ഉണ്ടായേ തീരൂ. പ്രവാസി  ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത്‌ അടച്ചിട്ട റൂമില്‍ ഏകാന്തനായി കഴിയേണ്ടവനല്ല. സമൂഹത്തില്‍ അവനു ചില ബാധ്യതകള്‍ ഉണ്ട്, അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദിയില്ലാതെ ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. അനീതിക്കെതിരെ  ശബ്ദിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും  ഉള്ളു തുറന്നു സംസാരിക്കാനും പരസ്പരം സ്നേഹിക്കാനും സൌഹൃദം പങ്കിടാനും  പറ്റുന്ന ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ക്യു മലയാളം. നഷ്ടപ്പെട്ടു പോകുന്ന നാടന്‍ കലകളെ ജീവിപ്പിക്കാനും സാഹിത്യ തല്‍പരര്‍ക്ക് സര്‍ഗശേഷി വളര്‍ത്താനും മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വം എന്ന മൂല്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് പോകുന്ന ഈ കൂട്ടായ്മ മറ്റു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. സമൂഹത്തെ സംസ്കരിക്കുന്നതിന് കലയ്ക്ക് നല്ലൊരു പങ്കുണ്ടന്നവര്‍ മനസ്സിലാക്കുന്നു. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന ആര്‍ണോള്‍ഡ്‌ ഹൊയ്സരിന്റെ  വാക്കുകള്‍ അടിവരയിടുന്നതാണ് ക്യു മലയാളത്തിന്റെ കലാപരമായ പ്രവര്‍ത്തനങ്ങള്‍. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല എന്ന്  വിശ്വസിക്കുന്നവരാണ്  ഈ  കൂട്ടായ്മയിലുള്ളവര്‍.  ഇവിടെ ഒരേ മനസ്സുമായി രാമനും നിക്സനും മുഹമ്മദും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  മനുഷ്യ നന്മ മാത്രം ലക്ഷ്യം കണ്ടുകൊണ്ടാണ്.

Monday, March 19, 2012

"സിക്രീത്തിലേക്കൊരു" വിനോദ യാത്ര


സുഹൃത്ത്  സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത പല  വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു.
 2012 March 16. ഖത്തറിലെ ദുഖാനിലെ "സിക്രീത്തിലേക്കൊരു" 
വിനോദ യാത്ര
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത "ക്യു മലയാളം വിനോദ യാത്ര" ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവമായി... പകുതിയിലധികം പേരും ദോഹയിലെ ക്യു മലയാളം ഗ്രൂപ്പിലെ ബ്ലോഗ്ഗേര്‍സ് ആയിരുന്നു. നേരത്തെ പറഞ്ഞത് പോലെ എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍  എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ വേണം അവിടെ നിന്നും ദുഖാനില്‍ എത്താന്‍.  ദുഖാനിലേക്ക് മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു.

ദുഖാനില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ ഈ യാത്രയുടെ ഉപദേഷ്ടാവായ സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍  ജുമുഅ നമസ്കാരത്തിന് സമയമായി. പ്രാര്‍ഥനക്ക് പോകേണ്ടവര്‍ നേരെ പള്ളിയിലേക്ക് പോയി, മറ്റ് സുഹൃത്തുക്കള്‍ സൈഫിന്റെ വീട്ടില്‍ ഇരുന്നു. പള്ളിയില്‍നിന്നും മടങ്ങി വന്നതിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. ശേഷം എല്യാസ് ഇസക്കും, ജലീല്‍ സാഹിബും ചേര്‍ന്ന് ചെറിയ കലാ വിരുന്നു ഒരുക്കി  കൊച്ചുകുട്ടികളുടെ ഗാനാലാപനവും സന്‍സീതയുടെ കഥ പറച്ചിലും സലാഹിന്റെയും തന്‍സീമിന്റെയും പാട്ടും ഏറെ ഹരം പകര്‍ന്നു. അതിനു ശേഷം  ഒരു ഫോട്ടോ സെഷന്‍ ഒരുക്കി. ഏതാണ്ട് 2.35നു ഞങ്ങള്‍ അവിടെ നിന്നും ലക്ഷ്യ സ്ഥലത്തേക്കു പുറപ്പെട്ടു. 

സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍
കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. എന്റെ സുഹൃത്ത് തന്‍സീം ഉച്ചഭാഷിണിയിലൂടെ അവിടെ നിന്നും മറ്റ് സ്ഥലത്തേക്കു നീങ്ങാം എന്നു സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്  അദ്ദേഹത്തിന്  ഇഷ്ടമായില്ല.  എന്താണ് പറഞ്ഞത് എന്നു തന്‍സീം അയാളോട് അറബിയില്‍ പറഞ്ഞു കൊടുത്തു എന്നിട്ടും അയാള്‍ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഉച്ച ഭാഷിണിയുടെ ശബ്ദം അയാള്‍ക്കത്ര  ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

ഒന്നു വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങി നേരെ ഒരു വലിയ കുന്നിന്‍ മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

സുഹൃത്ത് സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  എന്റെ സ്മ്ര്‍തി പഥത്തില്‍ നൂഹിന്റെ (a) കപ്പല്‍  വിഹരിക്കാന്‍ തുടങ്ങി. ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. എത്ര ശ്രമിച്ചിട്ടും ആ കപ്പല്‍ ഭാവനയിലേക്ക് കൊണ്ടുവരാന്‍ എനിക്കു കഴിഞ്ഞില്ല. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്ര പ്രവാജകന്‍മാര്‍, എത്ര രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ഈ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  

ഈ ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും നമ്മുടെ പ്രൊഫെഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകര്‍ത്തി. 

നടന്നു അല്പം ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു.
ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട്  ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും  പരസ്പരം സ്നേഹം പങ്ക് വെച്ചു. ആ ചങ്ങല വേദിയാക്കി ഒരു കളി സംഘടിപ്പിക്കാന്‍ ഈ യുള്ളവന്‍ ശ്രമിച്ചങ്കിലും സമയക്കുറവ്മൂലം അത് വേണ്ടന്നു വെച്ചു. പിന്നീട് അത് ഒഴിവാക്കി കുട്ടികള്‍ക്കും സ്ത്രീകളുക്കും വേണ്ടി ഒരു നാരങ്ങ യത്ന പരിപാടി നടത്തി. അതില്‍ പങ്കെടുത്ത എല്ലാവരെയും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. ആ കായിക വിനോദം എല്ലാവരെയും സന്തോഷിപ്പിച്ചു അപ്പോഴേക്കും സമയം 5.30പലരും  കടലില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ വഴികാട്ടിയായ സൈഫ് പറഞ്ഞു ഈ സമയത്ത് കടലില്‍ പോകുന്നത് നല്ലതല്ല ഏതായാലും നിര്‍ബന്ധമാണങ്കില്‍ ഒരു 15 മിനിറ്റ് കടലില്‍ കുളിക്കാം അതില്‍കൂടുതല്‍ ആവരുത്. ഞങ്ങള്‍  കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്.

6മണി വരെ പലരും കടല്‍ വെള്ളത്തില്‍ കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ഈയാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി  ഈ യാത്ര ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നിന്‍ല്‍ക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയിലൂടെ വാഹനങ്ങള്‍
സമയം 6 മണി ഞങ്ങളുടെ കോര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ വിളിച്ചു പറഞ്ഞു ..
എല്ലാവരും നേരെ വീണ്ടും അവരവര്‍ വന്ന വാഹനങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. പിന്നീട് മടക്ക യാത്ര രാത്രിയിലായിരുന്നു. രാത്രിയായത് കൊണ്ട് ആ മരുഭൂമിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.  മൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക്  വഴി തെറ്റി. ഓരോ സ്ഥലത്തും പല വാഹനങ്ങളും വഴിതെറ്റി നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ രാമചന്ദ്രന്‍ ഓരോ വാഹത്തിലുള്ളവരെയും വിളിച്ചു ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു അതിനു വേണ്ടി തന്റെ ഫോര്‍വീലുമായി സൈഫ് ആ മരുഭൂമിയിലൂടെ കറങ്ങി.

ആമരുഭൂമിയില്‍ നിന്നും നാഷനല്‍ ഹൈവയുടെ അടുത്തായി നിര്‍മിച്ചിരിക്കുന്ന ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന അണ്ടര്‍ പാസ്സിനടുത്ത് ഒരുമിച്ച് ചേരുകയും എല്ലാ വാഹനങ്ങളും വന്നു എന്നുറപ്പു വരുത്തിയതോടെ ഒരു ആര്‍പ്പ് വിളിയോടെ അടുത്ത് തന്നെ വീണ്ടും കാണാം എന്നു പറഞ്ഞു സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും പിരിഞ്ഞു.

Tuesday, March 6, 2012

തിരിച്ചു പോക്ക്

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ
കുതിര്‍ത്ത മണ്ണില്‍
ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു
അവളും വിതറി ഓരോ വിത്തുകള്‍ ..
അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു
പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു
അമ്മേ ആ വിത്തുകള്‍ മുളച്ചു കാണുമോ
ഇലകള്‍ വന്നിരിക്കുമോ അമ്മേ?
ഈ കുട്ടിയുടെ കാര്യം അത്  സമയമാകുമ്പോള്‍  മുളക്കും
ഒന്നു കിടന്നുറങ്ങൂ മോളെ "അമ്മ പറഞ്ഞു"

അവള്‍  ഓരോ ഇലകള്‍ മുളക്കുന്നതും കാത്തിരുന്നു
അച്ഛനോടൊപ്പം വെള്ളവും വളവും നല്കി
ഹായി അമ്മേ !
അമ്മേ പൂവിട്ടു! ചെടിയില്‍ പൂവിട്ടു!
സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു.
ജനല്‍ പാളികളിലൂടെ അമ്മ അവളുടെ സന്തോഷം നോക്കിക്കണ്ടു

അമ്മേ, അച്ഛന്‍ വരട്ടെ അച്ഛന് കാണിച്ചു കൊടുക്കണം
അച്ഛന് വലിയ സന്തോഷമാകും
അന്ന് അച്ഛനെയും കാത്തു അവള്‍ ഗെയ്റ്റിനടുത്ത്  തന്നെ ഇരുന്നു
അച്ഛാ നമ്മുടെ ചെടിയില്‍ പൂവിട്ടു
ഒഫീസില്‍  നിന്നും വന്ന അച്ഛനെ
നേരെ ചെടിയുടെ അടുത്ത് കൊണ്ട് പോയി.
ആ പൂവ് കാണിച്ചു കൊടുത്തു.

അച്ഛാ അമ്മ പറയുന്നു ഇനി ഒരാഴ്ച്ചക്കുള്ളില്‍ നിറയെ കായ്കള്‍ ഉണ്ടാവും
ശരിയാണോ അച്ഛാ?
"അതേ ശരിയാണ് മോളെ"
അത് പറയുമ്പോള്‍ അച്ചന്റെ  മനസില്‍ ഒരു വിങ്ങലായിരുന്നു
ഈ ചെടിയില്‍ കായ്കള്‍ ഉണ്ടായിക്കാണാനുള്ള  സമയം പോലും ഇല്ലല്ലോ...
"ദുഖം മനസ്സില്‍ കടിച്ചമര്‍ത്തി".

അയാള്‍ തന്റെ പത്നിയുടെ അടുത്ത് പോയി.
തന്റെ സാമീപ്യം അവളുടെ ഹൃത്തില്‍ വസന്തത്തിന്റെ പൂവിത്തുകള്‍ വിടരുന്നത് അയാള്‍ക്ക് കാണാമായിരുന്നു
അവള്‍ അവന്റെ ഹൃത്തിലും, 

അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു, 
അവളുടെ ഓരോ ശ്വാസവും അയാള്‍ക്ക്  പുതിയ ഉണര്‍വ് നല്കിയിരുന്നു. അവള്‍ തന്റെ പ്രിയതമന്റെ മാറില്‍ തല ചായിച്ചു കിടന്നു. 
അവളുടെ സ്പര്‍ശനങ്ങളും തലോടലും അന്ന് അയാള്‍ക്കുണര്‍വേകിയില്ല. ചെടികളില്‍ നിന്നും ഇളം തെന്നലിലൂടെ ആ പൂവ് അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു. 
മകളുടെ മനസ്സായി അയാളുടേതും
തന്റെ പ്രിയതമന്റെ മങ്ങിയ മുഖം നോക്കി അവള്‍ ചോദിച്ചു 

"നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ"?
പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത അവളുടെ ചോദ്യം അവനെ വീണ്ടും തളര്‍ത്തി.


കവിളില്‍ ഉമ്മവെച്ചു കൊണ്ട് "അയാള്‍ പറഞ്ഞു"
നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് ഇവിടെ ബാക്കിയാക്കാം,
നാട്ടിലെ പുതിയ വീടും പ്ലാനും ഒക്കെ തല്ക്കാലം നമുക്ക് മടക്കി വെക്കാം,
നിന്റെ കാലിന്റെ ചികിത്സ നമുക്ക് നാട്ടില്‍ നിന്നും തുടരാം പ്രിയേ ...

ഒരു നിമിഷം അവര്‍ രണ്ടു പേരും അവരുടെ കഴിഞ്ഞ കാലം ഓര്‍ത്തു,
സ്വന്തം വീടും ബന്ധുക്കളും ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍.....

രണ്ടു പേരും നീണ്ട ഒരു നെടു വീര്‍പ്പിട്ടു,
ഒന്നുംമിണ്ടാതെ മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു.
ഒടുവില്‍ അയാള്‍ അവളെ "തലോടികൊണ്ട് പറഞ്ഞു"
നാം ജീവിച്ചു വളര്‍ന്ന നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ....

ഈ കാലയളവില്‍ അതങ്കിലും ചെയ്യാന്‍ നമുക്ക് കഴിഞ്ഞല്ലോ

നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
കലങ്ങിയ കണ്ണുകളുമായി അവള്‍ മകളെ നോക്കി.
പാവം ഇപ്പോഴും ആ ചെടിയുടെ പിറകിലാണ് ..

പൊന്നുമോള്‍ അന്നും പതിവ് പോലെ  ചെടിയുടെ അടുത്ത് പോയി
അവള്‍ ഞെട്ടിപ്പോയി !
ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു !
ഒരു ജെ‌സി‌ബി  മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു
അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

പത്താം തരത്തില്‍ പഠിക്കുന്ന മകനെയും അപകടത്തില്‍  നടക്കാന്‍ വയ്യാതെ ചികിത്സയില്‍ കിടക്കുന്ന ഭാര്യയെയും കൊച്ചുമോളെയും കൂട്ടി ഇനി എവിടെ താമസിക്കും,
കുതിച്ചുയര്‍ന്ന വാടക കാരണം ഇത് പോലെ നിസ്സാര വാടകയില്‍ മറ്റൊരു വീട് എവിടെ ലഭിക്കാനാണ്.
ദൂരെ എവിടയങ്കിലും വീട് കിട്ടിയാലും  കാര്യമില്ലല്ലോ,

പ്രിയയുടെ ഓരോ ആവശ്യങ്ങള്‍ക്കും സഹായം നല്കാന്‍ ഒഫ്ഫീസില്‍ നിന്നും ഓടിയെത്താന്‍ എനിക്കു കഴിയില്ലല്ലോ "അയാളുടെ മനസ്സ് മന്ത്രിച്ചു"

നമുക്ക് പോകാം പ്രിയേ.....
ആ അനാഥാലയത്തിലേക്ക് തന്നെ നമുക്ക് മടങ്ങാം "അയാള്‍ പറഞ്ഞു"
നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ  അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
വലിയ വാടകയില്‍ ഒഫ്ഫീസിനടുത്ത് മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു .. 

പോകാന്‍ മടിച്ചു നില്ക്കുന്ന പൊന്നുവിന്റെ മനസ്സ് മുഴുവന്‍
ആ മണ്ണിന്റെ സുഗന്ധവും ജെ‌സി‌ബി തകര്‍ത്ത ചെടികളുമായിരുന്നു   
 

Saturday, February 25, 2012

ഓര്‍മ്മകള്‍
വീട്ടിന്റെ മുന്‍ഭാഗത്ത് കൂടെ വരാന്‍ പേടിയായത് കൊണ്ട്
പതിവ് പോലെ അടുക്കള ഭാഗത്ത് കൂടെ കയറി,
രാമ രാമ രാമ......
ഹോ ഇവന്‍ ഇന്നും എന്നെ തല്ല് കൊള്ളിക്കും
നേരെ കുളിമുറിയിലേക്ക് ഓടി കുളിച്ചു ഡ്രസ്സ് മാറ്റി വാതില്‍ക്കല്‍ വന്നു
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് ഉപ്പ നമസ്കാരം കഴിഞ്ഞു,
ഉമ്മയും ഉമ്മാമയും ഉപ്പയുടെ നേരെ പിന്നിലിരുന്നു സലാം വീട്ടി

ഇവനിന്നും കളിച്ചു എത്തിയില്ലെ ഉപ്പയുടെ ചോദ്യം ?
അയലത്തെ വീട്ടില്‍ നിന്നും ദിനേശന്‍ രാമ രാമ രാമ......
ഉറക്കെ  ചൊല്ലാന്‍  തുടങ്ങി
എന്തു നല്ല കുട്ടിയാ അവന്‍...
കുളിച്ച്  വിളക്ക്  കത്തിച്ചു സന്ധ്യാ നാമം ചൊല്ലിത്തുടങ്ങി
രാമ  രാമ  രാമ  .......
അവന്‍  ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു
ഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ ...

ഉമ്മ പറഞ്ഞു മഗ്രിബ് ബാങ്ക് വിളിച്ചു നിസ്കാരം കഴിഞ്ഞു
എന്നിട്ടും ഇവിടെയുള്ളവന്റെ കുളി ഇത് വരെ കഴിഞ്ഞിട്ടില്ല.....
ഞാന്‍ ഇവിടെ ഉണ്ട് എന്നറിയിക്കാന്‍ ഉറക്കെ ഉമ്മയോട് ചോദിച്ചു
"എന്റെ ഖുറാന്‍ കണ്ടിരുന്നോ" ഉമ്മാ?
ഉമ്മ പറഞ്ഞു ഇതാ ഇവിടെയുണ്ട്.
ഹോ ആശ്വാസമായി ഇന്ന് ദേഷ്യത്തില്‍ അല്ല
ഉമ്മയുടെ അടുത്തു ചെന്നു ഖുറാന്‍ എടുത്തു വായിക്കാന്‍ തുടങ്ങി

ആരോ വീട്ടില്‍ വന്നു ഉപ്പ ഇരിക്കാന്‍ പറഞ്ഞു
ദിനേശന്റെ അച്ഛന്‍ സഹായക്കുറിയുടെ കത്തുമായി വന്നതായിരുന്നു
ഉമ്മ വേഗം അടുക്കളയിലേക്ക് പോയി ..
ഒരു കപ്പ് ചായ അച്ഛനും ഉപ്പയ്ക്കും കൊടുത്തു  കൂട്ടാന്‍ ഇത്തിരി മിച്ചറും ....
ഉമ്മാമയും അച്ഛനും പഴയ കഥകള്‍ പറയാന്‍ തുടങ്ങി

ദിനേശന്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി
ഉണരുവിന്‍ വേഗം ..... ഉണരുവിന്‍ സ്വരാ .... മൊട്ടുകളെ ..
ദിനേശന്‍ ജപിച്ച് കഴിഞ്ഞു പഠനവും തുടങ്ങി. ഉമ്മ പറഞ്ഞു
ശരിയാ അവനു പഠിക്കാന്‍ വലിയ ഇഷ്ടാ
പഠിച്ചു ഒരു മാഷവാനാണ് അവന് താത്പര്യം അച്ഛന്‍ പറഞ്ഞു.

മണ്ണെണ്ണ വെളിച്ചത്തില്‍ ഞാനും  വായിക്കാന്‍ തുടങ്ങി
പഠനം കഴിഞ്ഞാല്‍ ഉമ്മാമയുടെ രസകരമായ  കഥകള്‍ കേള്‍ക്കാം
എന്തു രസമാണണോ ഓരോ കഥകളും 
കഥകള്‍ കാണാന്‍ അന്ന് ടി‌വി ഇല്ലായിരിന്നു....
ജീന്നിന്റെയും ഇഫ്രീത്തിന്റെയും കഥകള്‍
മൂസയുടെയും ഫറോവയുടെയും കഥകള്‍ .....

ദിനേശന്‍ അവന്റെ അമ്മൂമ പറഞ്ഞു കൊടുക്കുന്ന രാമായണ കഥകളും
മഹാഭാരത കഥകളും എനിക്കു പറഞ്ഞു തരുമായിരുന്നു
ഞങ്ങള്‍ കഥ പുസ്തകങ്ങള്‍ പരസ്പരം കൈ മാറി വായിച്ചു.
ആ വായനകള്‍ മനസ്സിന് ആനന്ദമേകിയിരുന്നു
അമ്മൂമയുടെ കഥകള്‍ മനസ്സിന് കൂളിരേകിയിരുന്നു
സ്കൂളില്‍ നിന്നു പഠിക്കുന്ന കവിത ചൊല്ലാനും കേള്‍ക്കാനും പ്രത്യേക രസമായിരുന്നു

എന്നാല്‍ പുതിയ തലമുറ മുത്തശ്ശി  മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടോ ...?
സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ...

മുത്തശ്ശി മാരുടെ കഥകള്‍ക്ക് പകരം സീരിയലില്‍ കരയുന്ന അമ്മമാരും അനിയത്തി മാരും ......
ഗല്‍ഫിലെ പല കുട്ടികള്‍ക്കും അമ്മൂമയെയും  മുത്തച്ഛന്‍മാരെയും അറിയില്ല..
അവരില്‍ നിന്നും കഥകള്‍ കേട്ടിട്ടില്ല..
എല്ലാം ഒരു കsങ്കഥപോലെ ..............

Saturday, February 11, 2012

ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് മീറ്റില്‍ കേട്ട വേറിട്ട ചില ശബ്ദങ്ങള്‍


ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും  നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം...........
2012 ഫെബ്രുവരി 10 :  ഇന്നലെ ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ നടത്തിയ ബ്ലോഗ് മീറ്റ് ദോഹയിലെ ബ്ലോഗ്ഗേര്‍സിന് മറക്കാനാവാത്ത അനുഭവമായി മാറി, സ്നേഹ സൌഹൃദങ്ങൾ കൊണ്ട് ധന്യമായ ഒരു ദിനം സമ്മാനിച്ച ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് കൂട്ടായ്മ എക്കാലത്തും മധുരിക്കുന്ന ഓര്‍മയായി അവശേഷിക്കും  എന്നതില്‍ സംശയമില്ല.

ഒത്തു ചേരലുകള്‍ നടന്നു, ഗൌരവമായ ചര്‍ച്ചകള്‍ നടന്നു, നല്ല എഴുത്തുകളെ കുറിച്ചു പലരും വാചാലമായി, ഉത്തമ സാഹിത്യങ്ങളെ സൈദ്ധാന്തിക തലത്തില്‍ നിര്‍വചിച്ചു. പുതിയലോകക്രമത്തില്‍ ക്രിയാത്മകമായ മൂല്യബോധം സ്വയംസൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയോടെ സന്തോഷത്തോടെ ഓരോരുത്തരും പിരിഞ്ഞു.

മീറ്റില്‍ കേട്ട ചില ശബ്ദങ്ങള്‍ 
ബ്ലോഗ് എഴുത്തുകാര്‍  സമൂഹത്തെ അറിയണം, നിര്‍മലമായും ഗാഢമായും ചിന്തിക്കുന്നവരായിരിക്കണം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യണം. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഓരോ ബ്ലോഗേര്‍സിനും കഴിയണം. ഓരോ വരികളും അനീതിക്കും ജീര്‍ണതകള്‍ക്കുമെതിരിലുള്ള ശബ്ദമായി മാറണം, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാരന്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ്.

എഴുത്തുകാരില്‍ സാമൂഹിക അറിവും ദര്‍ശനവും കൊഴിഞ്ഞു പോകുമ്പോള്‍ എഴുത്തിന്റെ ലോകത്ത് ജീര്‍ണതകള്‍  ഉടലെടുക്കുന്നു. സമൂഹത്തിന് വേണ്ട അറിവും വെളിച്ചവും നല്കാന്‍ എഴുത്തുകാര്‍ക്കു കഴിയണം. എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരിക്കമെന്നും സ്വപ്നങ്ങള്‍ക്ക് ജീവനുള്ള തേജോ നിര്‍ഭരമായ ഭാവിയുടെ വഴി കാട്ടിയായ ഒരു പുതിയ ഭൂലോകത്തെ സൃഷ്ടിക്കാന്‍ ബൂലോക എഴുത്തുകാര്‍ക്കു കഴിയുമെന്നും പലരും പ്രത്യാശിച്ചു.

പരസ്പരം സുഖിപ്പിക്കുന്ന പുകഴ്ത്തുന്ന ഒരു രീതി സാമ്രാജ്യ ശക്തികള്‍ ലോകത്തിന് മുമ്പില്‍ കാഴ്ച വെക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍, നാം അതില്‍ അടിമപ്പെടാതെ നോക്കണം. നമ്മുടെ ബ്ലോഗില്‍ പോലും പലരും ആ രീതി തുടരുന്നു. വെറും പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരം അത്തരം പുറം ചൊറിയലിന്റെ ഭാഗമാകാതെ, ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം.

അന്ധമായ വിമര്‍ശനങ്ങളെ അതിജീവിക്കാനും, ഇച്ചയും സഹനശക്തിയും മാനുഷികമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള മനസ്സും ഉണ്ടാവണം, വിവേകമെന്ന മാനസിക പ്രഭ നമ്മില്‍ എപ്പോഴും ഉണരണം. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വാക്കും വചനവും, വരകളും വരികളും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നാം കഴിവതും ശ്രമിക്കണം.
ബ്ലോഗിലെ പലരും അക്കാഡെമിക് ബിരുദം നേടിയവര്‍ അല്ലങ്കിലും സമകാലിക വാര്‍ത്തകളില്‍ അവര്‍ക്ക് അവഗാഹമുണ്ടായിരിക്കണം ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, മാധ്യമ ധര്‍മങ്ങളെ  കുറിച്ചും പല ബ്ലോഗ്ഗേര്‍സും അവരുടെ പരിചയപ്പെടുത്തലിനിടയില്‍ പ്രതിപാദിച്ചതായി കണ്ടു,  ബ്ലോഗ് എഴുത്തുകാര്‍ക്ക്  രോഗാതുരയായ സമൂഹത്തെ ചികിത്സിക്കാനും അവര്‍ക്ക് ശരിയായ  ദിശാബോധം നല്കാനും കഴിയണം.

ബ്ലോഗ് എഴുത്തില്‍  സ്ത്രീകള്‍, അവരുടെ സാന്നിധ്യം നന്നായി അറിയിച്ചുകൊണ്ടിരിക്കുന്നു.  സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് വനിതാ ബ്ലോഗേര്‍സിന്റെ ഇടപെടലുകള്‍ ഏറെ  ശ്രദ്ധേയമായിരുന്നു.
സ്ത്രീ വിമോചനത്തിനു ശേഷവും, ഫെമിനസത്തിന്റെ വ്യാപനത്തിനും ശേഷവും, വലിയ എഴുത്ത് കാരികളുടെ വരവിനു ശേഷവും, സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ശീലയുടെയും സ്മിത ആദര്‍ശിന്റെയും, മാധവിക്കുട്ടിയുടെയും  ഷാഹിദാ ജലീലിന്റെയും വാക്കുകള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
 
ശക്തമായ ജീവിതാനുഭവങ്ങളാണ് പലരുടെയും വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്. ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ ജീവിത അനുഭവങ്ങളും പലരും പങ്ക് വെച്ചു. സമയ പരിമിതി കാരണം, പറയാന്‍ ആഗ്രഹിച്ചതും പറയേണ്ടതുമായിരുന്ന  പലതും പലര്‍ക്കും  പറയാന്‍ കഴിഞ്ഞില്ല.

കൂട്ടായ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട ഒരാള്‍ക്ക് ഒരു ലാപ് ടോപ് അയച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ നല്ല കാര്യമായി.  മീറ്റിന്റെ ഭാഗമായി ഇത്തരം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് ശരിക്കും മാതൃകാ പരമാണെന്ന്  പലരും സൂചിപ്പിച്ചു.


നേരത്തെ നിശ്ചയിച്ചത് പ്രകാരം ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം, സാഹിത്യം, സാമൂഹ്യ പ്രശ്നങ്ങൾ  എന്നിവയെ പരാമർശിച്ച് നാമൂസും ഹബീബും,  ഖത്തര്‍ മലയാളം ബ്ലോഗേര്‍സിനെ കുറിച്ചു ശഫീഖും സംസാരിച്ചു.

ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും ടോയ്ലറ്റ് സാഹിത്യമാണെന്നും വിശേഷിപ്പിച്ച ഇന്ദുമേനോന്റെ ബ്ലോഗിലേക്കുള്ള തിരിച്ചുവരവിനെയും ബ്ലോഗിനെ വിമര്‍ശിക്കുന്ന ചിലമുഖ്യധാരാ എഴുത്തുകാരെ   വിമര്‍ശിക്കാനും ചിലര്‍ സമയം കണ്ടെത്തി. ലോകത്ത് ബ്ലോഗും ഫേസ് ബൂക്കും ചെലുത്തിയ സ്വാധീനം വളരെ വലുതാണ്, അതിനെ കുറിച്ച് വ്യാപകവും ഗാഢവുമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവത്തെ അവര്‍ ഉദാഹരിച്ചു.
 
രാവിലെ 9 മുതല്‍ 11 മണി വരെ നടന്ന ഫോട്ടോ പ്രദര്‍ശനവും ഫോട്ടോ ഗ്രാഫി എക്സിബിഷനും  അണിയറ പ്രവര്‍ത്തകരുടെ കഴിവും മികവും വിളിച്ചറിയിക്കുന്നതായിരുന്നു. അത്രയും മനോഹരമായിട്ടാണ് ഓരോ ഫോട്ടോകളും അവര്‍ ക്രമീകരിച്ചിരുന്നത്. വ്യാഴായ്ച്ച  വൈകുന്നേരം മുതല്‍ നേരം പുലരുവോളം അവരുടെ വിലപ്പെട്ട സമയം ഈ ക്രമീകരണത്തിന് വേണ്ടി അവര്‍ സ്കില്‍സ് സെന്ററിന്‍റെ ഹാളില്‍ ചിലവഴിക്കുകയായിരുന്നു. ഫോട്ടോ ഗ്രാഫിയുടെ സാങ്കേതികവും വൈദഗ്ദ്യവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വളരെയധികം പ്രയോജനപ്പെട്ടു . സാങ്കേതിക സംശയങ്ങള്‍ക്കുള്ള മറുപടി ഈ രംഗത്തെ വിദഗ്ധര്‍ കൃത്യമായി തന്നെ നല്കി.
സിന്ധു രാമചന്ദ്രന്‍ ഒരുക്കിയ കുട്ടികളുടെ കാര്‍ണിവലും  രണ്ടു കൊച്ചു കുട്ടികള്‍ (സന്‍സീത, സാന്ദ്ര) അവരെയും അവരുടെ  ബ്ലോഗിനെ പരിചയപ്പെടുത്തിയതും അവരുടെ കൊച്ചു വര്‍ത്തമാനങ്ങളും  ബ്ലോഗേര്‍സിന്  ഏറെ കൌതുകമായി. ഇങ്ങിനെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫോട്ടോ ഗ്രാഫെര്‍സിന്റെയും നിറഞ്ഞ പങ്കാളിത്തമുള്ള വളരെ രസകരമായ ഒരു മീറ്റായി മാറുകയായിരുന്നു.  

ഷമീറിന്റെയും നാമൂസിന്റേയും ഹബീബിന്റെയും ഒരു ബ്ലോഗര്‍ അല്ലാതെ നമ്മുടെ അതിഥിയായി എത്തിയ രാജന്‍  ജൊസേഫിന്റെയും  വാക്കുകള്‍  ഏറെ ശ്രദ്ധേയമായിരുന്നു. 

രാജന്‍  ജൊസേഫിന്റെ  വാക്കുകള്‍
ബ്ലോഗുകളെ കുറിച്ച് പരസ്പരം നല്ലത് മാത്രം പറയുന്ന കേവലം അരാഷ്ട്രീയ സുഖിപ്പിക്കലുകളായി നമ്മുടെ കൂട്ടായ്മകള്‍ മാറാതെ സൂക്ഷിക്കണം..എന്റെ ബ്ലോഗിനെകുറിച്ച് നീയും, നിന്റെ ബ്ലോഗിനെകുറിച്ച് ഞാനും പരസ്പരം പുകഴ്ത്താം..അങ്ങനെ നമുക്ക് ഉദാത്ത സാഹിത്യകാരന്മാരെന്നു ആത്മരതിയടയാം എന്നതാകരുത് നമ്മുടെ എഴുത്തിന്റെ ലോകം..
ക്രിയാത്മക വിമര്‍ശനത്തിന്റെ ജാലക വാതിലുകള്‍ തുറന്നിടാനും, കഥയും കവിതയുമെല്ലാം സസൂക്ഷ്മായ നിരൂപണത്തിന് വിധേയമാക്കാനും അത് വഴി നമ്മുടെ ബ്ലോഗ്ഗെഴുതുകാരിലെ സര്‍ഗ്ഗപ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയണം.. 
അക്ഷരങ്ങള്‍ക്ക് ഉറച്ച നിലപാടുകള്‍ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്..രാഷ്ട്രീയ വ്യക്തതയും ദാര്‍ശനിക ദൃഡതയുമുള്ള എഴുത്തുകളാണ് ഈ കാലം നിങ്ങളോട് ആവശ്യപ്പെടുന്നത്.. വ്യക്തിത്വത്തിലും എഴുത്തിലും ഒരു പോലെ അടിയുറച്ച നിലപാടുകളും, അചഞ്ചലമായ പക്ഷവും നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌..അപ്പോള്‍ മാത്രമേ താന്‍ ജീവിച്ചിരിക്കുന്ന കാലത്തില്‍ തന്റെ വിരലടയാളം ചാര്‍ത്താനും, കാലത്തെ ഗുണപരമായി സ്വാധീനിക്കാനും എഴുത്തുകാരന് കഴിയൂ.. നടന്നു പോകുന്ന വഴികളില്‍ നിങ്ങളുടെ കാല്പാടുകള്‍ വരും തലമുറയ്ക്ക് വേണ്ടി അടയാളപ്പെടുത്താന്‍, നനവ്‌ തീരെയില്ലാത്ത പ്രവാസ മണ്ണില്‍ നനവേറെയുള്ള സുമനസ്സുകളുടെ ഈ നന്മയുടെ സംഗമം സഹായിക്കട്ടെയെന്നു രാജന്‍ ജോസെഫ് ആശംസിച്ചു.

രക്ത ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് പോലെ, ഉപ്പ് ബന്ധവും നാം കാത്തു സൂക്ഷിക്കണം, ഉപ്പിന്റെ വിലയെ ഷമീര്‍ എടുത്തു പറഞ്ഞു. പ്രവാസികള്‍ അവരുടെ അദ്ധ്വാനത്തിന്റെ  വില ശരിക്കും അറിഞ്ഞവരാണ്. ഇത്തരം കൂട്ടായ്മയുടെ ഒത്തുചേരലിന്റെ പിന്നിലും ഒരു പാടു അദ്ധ്വാനമുണ്ട്, അവരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പിന്റെ രസം ഉപ്പാണ്, ആ ഉപ്പ് പരസ്പരം പങ്ക് വെക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ രുചി വര്‍ദ്ധിക്കുന്നു.

ഓ എന്‍ വി യുടെ വാക്കുകള്‍ ശമീര്‍ ഈണത്തില്‍ പാടിയപ്പോള്‍ സദസ്സാകെ ഹര്‍ഷാരവം മുഴക്കി.
പ്ലാവിലകോട്ടിയ കുമ്പിളില്‍ തുമ്പപോലിത്തിരി ഉപ്പുതരിയടുത്ത്
ആവിപാറുന്ന പൊടിക്കഞ്ഞിയില്‍തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചെര്‍ത്താലേ രുചിയുള്ളൂ
കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോം മട്ടിലെന്നുണ്ണി
നിന്‍മുത്തശ്ശിയും ഒരുനാള്‍ മറഞ്ഞു പോമെങ്കിലും
നിന്നിലെഉപ്പായിരിക്കും ഈമുത്തശ്ശി എന്നുണ്ണിയെ വിട്ടെങ്ങുപോകുവാന്‍.....


ഈ മീറ്റ് വിജയിപ്പിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും  ആശംസകളും ഭാവുകങ്ങളും നേരുന്നു. 

ബ്ലോഗ് മീറ്റില്‍ സംസാരിച്ചവര്‍Wednesday, January 11, 2012

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 3

ഹയ്യിനു ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, തന്റെ ദര്‍ശനങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു.....
രണ്ടാം ഭാഗം വായിക്കാന്‍ 
കഥ തുടരുന്നു
ഹയ്യും ഉസാലും
നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍  എത്തിയ  ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.

ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന്‍ നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും  തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍  ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ  ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.

ചുറ്റും വിജനതയായിരുന്നു.  തന്റെ ചുറ്റുപാടുകളെ  ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ  തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

പുറംലോകത്തിന്റെ ആരവങ്ങളില്‍  നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ  വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍  ആവിർഭവിച്ചു. ഹയ്യ്  ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു.

കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്,  തിന്മകള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം  ഉസാലിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന്‍ പറഞ്ഞു,  ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു.

മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു.  മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി  ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്‍റെ മനസ്സില്‍ ഒന്നുരണ്ടു  ചോദ്യങ്ങള്‍ ബാക്കിയായി,  പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു  അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം  ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്കുന്നുണ്ട്.

ഉസാലിന്റെ ദ്വീപിലേക്ക്  പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക്  അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന്‍ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............

ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ   ഹയ്യ്  സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു  പ്രയോജനവുമില്ലന്നു  വിശ്വസിക്കുകയും  ഇതാണ്  ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍  തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി  ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി. 

മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മ
ത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.  .വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".

Related Posts Plugin for WordPress, Blogger...