Showing posts with label പൊയ്ത്തും കടവ്. Show all posts
Showing posts with label പൊയ്ത്തും കടവ്. Show all posts

Thursday, June 19, 2014

മലയാളത്തിന്റെ സ്വന്തം പൊയ്ത്തും കടവ്

ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ചു ഒരു പാട് രചനകൾ ലോക സാഹിത്യത്തിലും മലയാളത്തിലും ഉണ്ടായിട്ടുണ്ട്, ചക്രവാളത്തിന്റെ അനന്ത വിഹായസ്സിലൂടെ  ആത്മാവുകൾ സഞ്ചരിരിക്കാറുണ്ട്, ആത്മാവിനെ സ്വയം കണ്ടത്താൻ ശ്രമിച്ച  ഇബ്നു തുഫയിലിന്റെ ഹയ്യുബിൻ യക്ടാനും, ഹയ്യിനെ വളർത്തിയ മാൻപേടയെയും ഹയ്യ്‌ ഒറ്റയ്ക്ക് വളർന്ന സങ്കല്പ ദീപും, അബുൽ അലാ മഅരിയുടെ യുടെ രിസാലത്തുൽ ഗഫ്രാനും, ജിബ്രാന്റെ കഥകളും, പൌലോകൊയ്ലൂടെ ആൽകെമിസ്റ്റിലെ ആട്ടിടയനും, ഗാബോയുടെ  മക്കൊണ്ട എന്ന സങ്കല്പ നഗരവും ഉത്സുലയും പ്രോടെൻഷിയോ അഗ്വലരുടെ അലയുന്ന ആത്മാവും  ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു.
വിഖ്യാത നോവലുകളും കഥകളും  വായിക്കുമ്പോൾ പുതുമ നിറഞ്ഞ സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ  വിസ്മയ കാഴ്ചകളിലൂടെ  നാം കടന്നു പോകാറുണ്ട്. വായനക്കാരെ  വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തിയാണ് അവരുടെ കഥകളിലും നോവലുകളിലും. അത്തരം ഒരു വശീകരണ ശൈലി ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ  പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നു. മലയാളത്തിൽ ഫാന്റസികഥകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ശിഹാബ്. 
ശിഹാബിന്റെ  ഫാന്റസി സ്വഭാവമുള്ള  ഒരു കഥയാണ്  "കത്തുന്ന തലയിണ" കത്തുന്ന തലയിണയിലെ  വരികൾ നമ്മെ കൂട്ടികണ്ട്‌ പോകുന്നത് വിസ്മൃതി നിറഞ്ഞ മറ്റൊരു ലോകതെയ്ക്കാണ്, ഇവിടെ  പല വിസ്മയ കാഴ്ചകളും നമുക്ക് കാണാൻ കഴിയുന്നു. രൂപമില്ലാത്ത രൂപ മായും ഭാവമില്ലാത്ത ഭാവമായും മാന്ത്രികമായ ചുവടു വെയ്പുകളോടെ ഭ്രാന്ത് തന്നിലേക്ക് വരികയും പിന്നീടത് ചിറകില്ലാതെ തനിക്ക് ചുറ്റും  പറന്നു കളിക്കുന്നതും അതെ  താഴ്വാരങ്ങളിൽ മഞ്ഞും ആട്ടിടയന്മാർ കടന്നു പോകുന്നതും പറഞ്ഞു കൊണ്ടാണ് കത്തുന്ന തലയിണയിലൂടെ ശിഹാബ് കഥ തുടങ്ങുന്നത്. കഥയുടെ മധ്യ ഭാഗത്ത് എത്തുമ്പോൾ വരികൾക്ക് കൂടുതൽ തീഷ്ണത അനുഭവപ്പെടുന്നു ഭാവനയുടെ ചിറകുകൾ നമ്മെ മറ്റൊരു ലോകത്തേയ്ക്ക് വീണ്ടും കൊണ്ട് പോകുന്നു. "താഴ്വാരങ്ങളിലൂടെ കടന്നു പോയ മനുഷ്യാത്മാക്കൾ വെറും റാന്തൽ വിളക്കായി.  ഞാൻ ആശ്രയമില്ലാതെ കേണു. ഭൂമിയുടെ പുതപ്പുകൾ  വലിച്ചു മൂടിക്കിടക്കാൻ ശ്രമിച്ചു. മേൽ മണ്ണ്  പരിഹാസ്യമാം വിധം അടർന്നു പൊടിഞ്ഞു, ഭ്രാന്ത്  പതുക്കെ എന്റെ  തോളിൽ കൈ വെച്ചു എനിക്ക് തളർച്ചയുടെ പാനിയം തന്നു, ഞാനെഴുന്നെൽക്കുംപോൾ പ്രഭാതം. ഭ്രാന്ത് പോയി കഴിഞ്ഞിരുന്നു. ഭൂമിയിലാകെ  മതിലുകളും അഴികളും കാട് പോലെ നിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടു. കറുത്ത രാത്രിയിൽ മുളച്ചതാണിവയൊക്കെ  ഭൂമിയിലെ ഇരുമ്പഴികൾ പാതാളത്തോളം  അമർന്നു കിടന്നു. എനിക്കതിനെ എങ്ങിനെ നേരിടാനാവും അപ്പോഴേക്കും അവനെത്തി, പേടിക്കേണ്ട ഞാനുണ്ട്, എനിക്ക് എത്ര ശ്രമിച്ചിട്ടും വാക്കുകളെ ഒളിപ്പിക്കാൻ ആയില്ല "നീ ദയാ വായ്പില്ലത്ത  പലിശക്കാരനാണ്, പരപീഡയിൽ പുളച്ചു രസിക്കുന്ന ആത്മാവ്. നീ വെളിച്ചം തന്നു പകരം എന്റെ കണ്ണുകൾ ചോദിക്കും, ശബ്ദം തന്നു കാതുകൾ പറിച്ചെടുക്കും" 
മറ്റൊരു ഫാന്റസി കഥയായ പ്രണയത്തിന്റെ കഥ പറഞ്ഞ  "കാവല്‍പുര". കാവൽ പുരയിൽ ശിഹാബ് പറയുന്നത് ഒരു ചെറുപ്പക്കാരനായ വാച്ച് മാന്റെ സ്വപ്നമാണ്, ഏകാന്തതയില്‍ അയാള്‍ക്ക് തോന്നുന്ന ഭ്രമ കല്പനകൾ വിഷയമാകുമ്പോൾ വായനക്കാരെ താനുദ്ദേശിക്കുന്ന  ഭാഗത്തേക്ക് കൊണ്ട് പോകാൻ  ശിഹാബിന് കഴിയുന്നു, ഒരു ദിവസം ഈ ചെറുപ്പക്കാരൻ ഒരു വിലാസംഅയാള്‍ക്ക് കിട്ടുന്നതായിട്ട് സ്വപ്നം കാണുന്നു,  ആ വിലാസം ജീവിതത്തില്‍ ഇന്ന് വരേയും അയാള്‍ക്ക് അറിയാത്തതാണ്. അയാളുടെ ഒരു കൗതുകം കൊണ്ട്  അയാള്‍ ഉണര്‍ന്ന സമയത്ത് ആ സ്വപ്നത്തില്‍ കണ്ട വിലാസത്തെ കേന്ദ്രീകരിച്ചിട്ട് ഒരു കത്തെഴുതുകയാണ്. ഇങ്ങനെയൊരാളുണ്ടോയെന്നറിയില്ല. സ്വപ്നം കണ്ടതാണ്. പക്ഷേ അവിടുന്ന് ഒരു മറുപടി വരികയാണ്. അത് ഒരു പെണ്‍കുട്ടിയുടെ മറുപടിയാണ്. അങ്ങനെ അവര്‍ തമ്മില്‍ ഒരു പ്രണയം ആരംഭിക്കുന്നു. മനോഹരമായ ഫാന്റസി സ്വഭാവമുള്ള ഒരു പ്രണയ കഥയാണ്  കാവൽപുര. തികച്ചും വ്യത്യസ്ത മാണെങ്കിലും ഈ കഥയുടെ സൌന്ദര്യം ഒരു നിമിഷം പ്രണയത്തിന്റെ വക്താവായി അറിയപ്പെടുന്ന ജിബ്രാന്റെ പ്രണയ കഥ ഓര്മിപ്പിക്കുന്നു   മനസ്സ് അൽപനേരം ബോസ്ടനിലെക്കും ഈജിപ്തിലേക്കും പറക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും.  ജിബ്രാ൯ അമേരിക്കയിലെ ബോസ്ടനിലും, മേസിയാദ ഈജിപ്‌തിലും.  ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം, എന്നിട്ടും  അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു.  ആത്മാവിലായിരുന്നുഅവരുടെ പ്രണയം, ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും ആയിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. ശിഹാബിന്റെ മറ്റു ചില ഫാന്റസി കഥകളാണ് വീടുകൾക്ക് ജീവനുണ്ട്, സിൻഡ്രല്ല, നരഭോജികൾ, അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ, പണം പെയ്യുന്ന യന്ത്രം, ഉറക്കം, അറവു മൃഗം, കരിമ്പുലി, ചെമ്മണ്‍ കുന്നു, തല, ഈ സ്റെഷനിൽ ഒറ്റയ്ക്ക്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ടു അവസാനം പിരിഞ്ഞു പോയ  ആത്മാവിനെ  പിന്തുടരാൻ ശ്രമിക്കുന്ന  ശിഹാബിന്റെ  "അനാഥത്തിലെ"  വരികൾ  കനൽ കട്ടയായി നമ്മുടെ മനസ്സിൽ എരിയിന്നു  നഷ്ടപ്പെട്ട ആത്മാവിനെ പിന്തുടരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അനാഥമാകുന്ന മനസ്സിനെ ശിഹാബ്    ചിത്രീകരിച്ഛതിങ്ങനെയാണ് .

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ എത്രത്തോളം അയാളെ  സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉധാഹരണമാണ് ശിഹാബുദ്ദീന്റെ എഴുത്തുകൾ . അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ചു ശിഹാബ് പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ്  "ജീവിതാനുഭവമായിട്ടെഴുതുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തി കിട്ടുന്നു. നമ്മുടെ അനുഭവമായിട്ട് നമ്മള്‍ നമ്മുടെ രചനയെ അല്ലെങ്കില്‍ വാക്കുകളെ അടുപ്പിക്കുമ്പോള്‍ വാക്കിനകത്ത് ഒരു പ്രകാശം അല്ലെങ്കില്‍ ഒരു ഊര്‍ജ്ജം തെളിയും എന്നുള്ളത് സത്യമായ കാര്യമാണ്. അപ്പോള്‍ ഒരു ആത്മസത്യസന്ധതയോടെ ഒരു പക്ഷേ സമൂഹത്തിന് അത് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കണമെന്നില്ല. എന്നാലും അതിനോടടുപ്പിച്ചടുപ്പിച്ച് കൊണ്ട് വരുന്നത് എഴുത്തിന്റെ ശക്തി ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എഴുത്തിന്റെ ലോകം അങ്ങനെ അനുഭവ മണ്ഡലവുമായി ബന്ധപ്പെടും. എന്ന് കരുതി എഴുതുന്ന എല്ലാ കഥകളും അനുഭവവുമായി ബന്ധപ്പെട്ടു എന്നല്ല. നമ്മള്‍ കേട്ടനുഭവങ്ങള്‍, കണ്ടറിവുകള്‍ നമ്മുടെ തന്നെ സ്വയം അവബോധങ്ങള്‍ എല്ലാം ഒരു കഥ എഴുതുമ്പോള്‍ ഒരു അസംസ്‌കൃത വസ്തുക്കളായി ചുറ്റുമുണ്ടാകും. നമ്മള്‍ അറിയുന്ന ലോകത്തെ അനാവരണം ചെയ്യുമ്പോഴാണ് എഴുത്തില്‍ കുറെകൂടി സൗകര്യമായിട്ട് വരുന്നത്.

ഗ്രാമ സൌന്ദര്യവും അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ പാവപ്പെട്ടവരെയും  ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനങ്ങൾ നടത്തുമ്പോഴും കടൽ കടന്നെത്തിയ  പ്രവാസ ലോകത്തെ ജനങ്ങളെയും  ഈ മരുഭൂമിയിലെ മണ്ണിനെ കുറിച്ചും  മറയില്ലാതെ ആവിഷ്‌കരിക്കുന്ന ഒരു പാട്  കഥകളും കവിതകളും  ശിഹാബുദ്ദീൻ രചിച്ചു. പ്രവാസ ജീവിതത്തെ  കുറിച്ചു  ശിഹാബ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്  ഗൾഫ്  കാരന്റെ  ജീവിതം  മരുഭൂമിയിലെ ചുട്ട  വെയിലിനെ  നോക്കി  ഞാറ്റു  വേലയെ  പറ്റി  പറയുന്നു . ഇളം  ബ്രൌണ്‍  നിറത്തിലുള്ള  മരുഭൂമിയിലെ  വരണ്ട  മണ്ണിനെ  നോക്കി   നാട്ടിലെ  പച്ച  വെയിലിനെ പറ്റി വാചാലനാകുന്നു, ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയ കേന്ദ്രമാണ് അത് മാലാഖ പോലെ നമ്മെ അണച്ചു പിടിക്കുന്നു പക്ഷെ നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രവാസ  ജീവിതത്തിന്റെ അകങ്ങളിലെ തുടിപ്പുകള്‍ കാണാൻ  ശിഹാബിന് കഴിഞ്ഞു ഇവിടെ കണ്ട  കാഴ്‌ചകളെ ഹൃദ്യമായി വരച്ചിട്ടത് പ്രവാസ ലോകം പുതുമയോടെ വായിച്ചു.  ഇവിടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ  മനസ്സുകളിലൂടെ സഞ്ചരിച്ചു  അവരുടെ ആകുലതകളും പ്രയാസങ്ങളും കാണാൻ ശ്രമിച്ചു,  പ്രവാസി തൊഴിൽ കാംപുകളിൽ കാണുന്ന ദുഃഖങ്ങൾ  ആധിപ്പെടുന്ന ഒരെഴുത്തുകാരന്റെ ഹൃദ്‌സ്‌പന്ദനങ്ങളായാണ് ശിഹാബിന്റെ പ്രവാസ കാലത്തെ കവിതകൾ സൂചിപ്പിക്കുന്നത്.  ഗൾഫ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് വേണ്ടി "വേർപിരിഞ്ഞവന്റെ രാത്രിയിലൂടെ"  ശിഹാബ് പറയുന്നത് നമ്മെ നോമ്പരപ്പെടുത്തുന്നുണ്ട് നീണ്ട കവിതയിലെ ചില വരികൾ

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?

പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന്  പുത്തൻ  ഉണർവ് നല്കാൻ ശിഹാബിന്റെ എഴുത്തുകൾക്ക് കഴിയുന്നു. എഴുത്തിൽ തീക്ഷ്ണതയുണ്ട്, ഓരോ കവിതയും നമ്മുടെ മനസ്സിൽ നൊമ്പരം സൃഷ്ടിക്കുന്നു,    സത്യത്തിന്റെ  പോരാളിയായി എഴുത്തിലൂടെ മാറുകയാണ്  ശിഹാബ്, കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിഷ്കളങ്കരായ  കുട്ടികളും സ്ത്രീകളും അനാഥകളും ഭൂമിയിലെ അശണരും അവശരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങലാണ്  കഥയിലും കവിതകളിലും  അധികവും വിഷയമാക്കുന്നത്. കഥയിലും കവിതയിലും പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും  നിറയുന്നു. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,വിജയങ്ങളും പരാജയങ്ങളും എല്ലാം നോക്കി കാണുകയും അത് എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നു.  സാധാരണക്കാരന്റെ ക്ലേശങ്ങളുടെ കഥയാണ്   ‘ദാസന്റെ ചെരുപ്പുകളിലൂടെ ശിഹാബ് നമ്മോട് പറയുന്നത്’.  ഒരു ചെരിപ്പു വാങ്ങാന്‍ കഴിയാത്ത ദാസൻ  ഉള്ള ചെരിപ്പ് തുന്നിയിട്ടും ആണിയടിച്ചുമൊക്കെ മുന്നോട്ട് പോകുന്നു.  ചെരിപ്പ് വാങ്ങാന്‍ കഴിയാത്തതിലുള്ള സങ്കടത്തിന്റെ  കഥയും അത് അദ്ദേഹത്തിന്റെ കുടുംബ പാശ്ചാലത്തിൽ അയാള്  അനുഭവിക്കുന്ന ഏകാന്തതയും പറയുകയാണ്‌   ‘ദാസന്റെ ചെരിപ്പുകള്‍’. ദാസനെ പോലെ അനേകം ദാസൻമാർ ജീവിക്കുന്നുണ്ട് എന്നതാണ് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തെന്ന കലയെ പറ്റി ശിഹാബ് പറയുന്നത് ഇങ്ങനെയാണ്  "എഴുത്തുകാരന്‍ കാണുന്ന ലോകം വായനക്കാരന്റെ മനസ്സിലേയ്ക്ക് അത്‌പോലെ പകര്‍ത്തിക്കൊടുക്കുക എന്നതാണ് സത്യത്തില്‍ എഴുത്തിന്റെ ഒന്നാമത്തെ കല. അവരെ വായിപ്പിക്കുക, ആ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, ആ ലോകത്തിന്റെ ചിന്തകളെ കൈമാറാന്‍ കഴിയുക, മനുഷ്യരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുക, ഇങ്ങനെയൊക്കെയുള്ള ആ ഭാവലോകം എഴുത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു കലയാണ് സത്യത്തില്‍ കഥ എന്ന് പറയുന്നത്"
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗി  അതെ പോലെ അനാവരണം ചെയ്ത കഥയാണ് ശിഹാബിന്റെ ഒമ്പതാം ക്ലാസ്സിലെ കേരള പാഠാവലി മലയാള പാഠ പുസ്തകത്തിൽ ഉൾപെടുത്തിയ  "കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ" എന്ന കഥ ആ കഥയിലെ ഉമ്മയും സഹോദരിമാരും വായനകാരുടെ  ഉമ്മയായും സഹോദരിയായ്യും മാറുന്നു,  ഗ്രാമീണ സ്ത്രീയുടെ എല്ലാ നിഷ്കളങ്കതയും ഈ കഥയിൽ നമുക്ക് കാണാൻ കഴിയും, പുറം ലോകം കൂടുതൽ അറിയാത്ത ഒരു അമ്മയാണെങ്കിലും  അവരുടെ ഉൾകാഴ്ച വളരെ വലുതാണെന്ന് കഥയിലൂടെ നമ്മോട് പറയുന്നു. പ്രവാസ ലോകത്ത് വളരുന്ന കുട്ടികൾ ഈ കഥ വായിക്കുമ്പോൾ കുറുക്കനെയും കോഴിയെയും കുന്നുകളെയും കാടിനേയും ഭാവനയിൽ കാണേണ്ടി വരുമ്പോൾ നാട്ടിലെ ഗ്രാമ വാസികളായ കുട്ടികൾക്ക് ജീവിതത്തിൽ ദിനേന കാണാൻ കഴിയുന്ന കാഴ്ചകളാണ് ഈ കഥ. ഈ കഥയോടുള്ള കാഴ്ചപാടും ബന്ധവും പ്രവാസ കുട്ടികളിലും നാട്ടിലെ കുട്ടികളിലും വ്യത്യാസ പെട്ടിരിക്കും. ഗൾഫിൽ മാത്രം വളർന്ന കുട്ടികൾക്ക് നാട്ടിലെ ഗ്രാമീണ ജീവിതത്തെ  ഓർത്തെടുക്കാനും  പഠിക്കാനും ഈ കഥ പ്രചോദനമാകുന്നു.
കുറച്ചു കാലം പ്രവാസിയായി ജീവിച്ച ശിഹാബിന് പ്രവാസികളുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്  ഒരു പ്രവാസിയുടെ ആശങ്കയും നൊമ്പരങ്ങളും നിഷ്കളങ്കതയും വരച്ചു കാട്ടിയ കഥയാണ് ശിഹാബിന്റെ "ഇക്ക" നാട്ടിലേക്ക് പോകുന്ന യാത്രക്കാരനും അവനെ എയര് പോർട്ടിൽ  എത്തിക്കുന്നതും അതിനിടയിലുള്ള സംസാരവും ശരിക്കും അതൊരു  കഥയായിരുന്നില്ല, ഗൾഫ് കാരന്റെ സാധാരണ ജീവിതമാണ്.
ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: ”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.”
പ്രവാസിയുടെ യാത്ര അയപ്പും യാത്രയുടെ അവസ്ഥയും അവന്റെ  ജീവിത ബന്ധവും തുറന്നു പറഞ്ഞു വളരെ രസകരമായി അവതരിപ്പിച്ച കഥയുടെ അവസാനം തെല്ലൊന്നുമല്ല ഒരു പ്രവാസീയെ ചിന്തിപ്പിക്കുന്നത് ഓരോരുത്തരുടെയും  മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇതിലെ ഓരോ കഥാ പാത്രവും പിന്നെ അതൊരു കഥയായല്ല  സ്വന്തം ജീവിതമായി മാറുകയാണ്
”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?”
എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല…

കണ്ണുകളെ തിരികെ വിളിച്ചിട്ടും ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ കവിതയുടെ താളം, നിദ്രയിൽ മരണം കാണുന്ന , അസ്തമയത്തിൽ വിഷാദം നിറഞ്ഞ വർണ്ണ മേഘങ്ങൾ കാണുന്ന  പുലരിയിൽ ഉന്മാദം കാണുന്ന ഉദയാസ്തമയം പോലെ കവിത മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. അത് ജീവിതത്തിൽ ആവർത്തിക്കുന്നു.  ചില  നേരങ്ങളിൽ തെളിഞ്ഞ അരുവിയിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു. ആ തെളിഞ്ഞ  അരുവി പോലെയാവണം കവിത ഉള്ളം എന്ന കവിതയിലൂടെ  ശിഹാബ്  നമ്മോടു പറയുന്നതിങ്ങനെയാണ്

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവ് ഗ്രാമാത്തിൽ ജനിച്ചു. മാതാവ് ഖദീജ, പിതാവ് ഇബ്രാഹീം. ഭാര്യ നജ്മ, മക്കൾ റസ്സൽ, റയാൻ, റസിയ, സഹീർ.  കുറച്ചു കാലം പ്രവാസിയായി യു എ ഇ യിൽ  ജോലി ചെയ്തു   ഇപ്പോൾ നാട്ടിൽ ചന്ദ്രികയിൽ പത്രാധിപരായി ജോലി.   പ്രധാന കൃതികൾ ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞു കാലം, തല, കത്തുന്ന തലയിണ, കടൽ മരുഭൂമിയിലെ വീട്, തിരഞ്ഞെടുത്ത കഥകൾ, മലബാർ എക്സ്പ്രസ്സ്‌ (കഥാ സമാഹാരം), നൂറ്റാണ്ടുകളായി കാത്തു വെച്ചത് (കവിതാ സമാഹാരം), ഈർച്ച, നല്ല അയൽക്കാരൻ (നോവലെറ്റ്) കഥാ പാത്രം വീട്ടു മുറ്റത്ത് (ലേഖന സമാഹാരം). 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചു . പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ അങ്കണം അവാർഡ്,  കല(ഷാർജ) അവാർഡ്,  വി.ടി.ഭട്ടതിരിപ്പട് അവാർഡ് ഇവയൊക്കെ ഇതിനകം തന്നെ  ശിഹാബിനെ തേടിയെത്തിയ അവാർഡ്കലാണ്. കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.
Related Posts Plugin for WordPress, Blogger...