Wednesday, November 26, 2014

കുട്ടികള്‍ ദൈവത്തിന്റെ മാലാഖമാര്‍

ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത, ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത ആ ചെറു പ്രായം. മഴയും വെയിലും നിലാവുമെല്ലാം മനസ്സിന് പ്രത്യേക ആനന്ദം നല്കിയ കാലം. ഇന്ന് ഓരോ മഴ നൂലുകളും മനസ്സില്‍ നെയ്തു കൂട്ടുന്നത് ഓര്‍മകളുടെ പൂക്കാലമാണ്. ഓര്‍മകളുടെ നഷ്ടവസന്തമാണ്. ചാറ്റല്‍ മഴ നനഞ്ഞും കോരിച്ചൊരിയുന്ന മഴയിലൂടെയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ പള്ളിക്കൂടത്തിന്റെ പടിവാതില്‍ക്കല്‍ നീങ്ങിയ ആ ദിനങ്ങള്‍ അവിടെ നിന്നും ആദ്യമായി നുകര്‍ന്ന അറിവുകള്‍, കടലാസ് തോണിയുണ്ടാക്കി കൂട്ടുകാരികളോടൊപ്പം മഴ നനഞ്ഞു പോയ ആ കാലം ഇന്നും ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടിച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. ഓരോ അധ്യാപകരില്‍ നിന്നും ലഭിച്ച ആ അറിവുകള്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അവിടെ കളിക്കാനും ചിരിക്കാനും ആടാനും പാടാനും അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഉണ്ടായിരുന്നില്ല. കൂട്ടിനു കളിക്കാനായി പൂതുമ്പികളും  പുല്‍മേടുകളും പൂമ്പാറ്റകളും... തികച്ചും സ്വതന്ത്രമായ ഒരു ലോകം. അറിവിന്റെ ലോകത്ത് ആദ്യാക്ഷരങ്ങള്‍ നുകരാന്‍ വന്ന  ഒത്തിരി കൂട്ടുകാരും, ഒന്ന് വേദനിച്ചാല്‍, വീണാല്‍ കരയുമ്പോള്‍ സാന്ത്വനിപ്പിക്കാനും തലോടാനും സ്‌നേഹം നല്കാനും മാത്രം അറിയാവുന്ന അധ്യാപകര്‍.

ഇന്നലെകള്‍
മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് വീട്ടിലിരിക്കുന്ന അമ്മമാര്‍ക്ക് മക്കളുടെ സുരക്ഷയെ കുറിച്ച് അന്ന് വലിയ വേവലാതികള്‍ ഉണ്ടായിരുന്നില്ല. സൗഹാര്‍ദത്തിന്റെ പരസ്പരം സ്‌നേഹിക്കുന്ന ലോകമായിരുന്നു.  അതുകൊണ്ട് ഓരോ കുട്ടിയേയും സ്വന്തം കുട്ടികളെ പോലെയായിരുന്നു ഓരോരുത്തരും കണ്ടിരുന്നത്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പ്രത്യേകം സ്‌കൂള്‍ ബസ്സുകള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ വിട്ടു വീട്ടില്‍ പോകാന്‍ ഒന്നോ  രണ്ടോ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒന്ന് വന്നില്ലങ്കില്‍ തിരിച്ചു വരാന്‍ അടുത്ത ബസ് വരുന്നത് വരെ കാത്തിരിക്കണം. അഞ്ചും പത്തും കിലോമീറ്റര്‍ താണ്ടിയാണ് അന്ന്  സ്‌കൂളില്‍ പോയിരുന്നത്. ബസിറങ്ങിയാല്‍ വീണ്ടും കിലോമീറ്ററുകളോളം നടക്കണം. തിരിച്ചു വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ടിക്കഴിയും. മകന്‍ അല്ലെങ്കില്‍ മകള്‍ ബസ് കിട്ടാതെ വീട്ടിലെത്താന്‍ വൈകിയാല്‍ അവരുടെ ആധി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മക്കള്‍ വഴിയില്‍ വീഴുമോ എന്നായിരുന്നു. നാട്ടുകാരില്‍ ആരുടെയങ്കിലും കൈ പിടിച്ചു സുരക്ഷിതമായി തന്റെ മക്കള്‍ വീട്ടില്‍ എത്തുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. ചെറിയ മേനികളെ കാമ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കാമ വെറിയന്മാരായ മനുഷ്യപിശാചുക്കള്‍ അന്നില്ലായിരുന്നു. തന്റെ മക്കള്‍ പീഡിക്കപ്പെടുവെന്ന പേടി അതുകൊണ്ടുതന്നെ അവര്‍ക്കുണ്ടായിരുന്നില്ല.

സ്‌കൂള്‍ വിട്ടു തിരിച്ചു വരുമ്പോള്‍ മഴ നനയാതിരിക്കാന്‍ പരിചയമില്ലാത്ത ഏതെങ്കിലും വീടിന്റെ  ഉമ്മറത്ത്  കയറിയാല്‍, മഴ തോരാന്‍ ഇത്തിരി വൈകിയാല്‍, അവിടെയുള്ള അമ്മ, വീട് എവിടെയാണ് എന്ന് അന്വേഷിക്കും. നേരം ഇരുട്ടാകുകയാണെങ്കില്‍ അമ്മ, വീട്ടിലുള്ള മുതിര്‍ന്ന മക്കളോട് പറയും 'കുട്ടിയുടെ അമ്മ മകന്‍ വീട്ടില്‍ എത്താത് കൊണ്ട് വിഷമിക്കുന്നുണ്ടാകും. മോനും ഈ കുട്ടിയുടെ വീട് വരെ പോയി സുരക്ഷിതമായി അവനെ വീട്ടില്‍ എത്തിക്കൂ'. അവര്‍  കുട്ടികളുടെ  മതമോ ജാതിയോ നോക്കിയിരുന്നില്ല.   ഇത്തരം സ്‌നേഹ നിധികളായ അമ്മമാരെ ഇന്നും ഓര്‍ക്കുന്നു. മുകളില്‍ എഴുതിയത് ചെറുപ്പ കാലത്തിലെ ഞങ്ങളുടെ നാടായ നാദാപുരത്തിന്റെ ഒരു ചിത്രമാണ്.

ഞെട്ടലുളവാക്കുന്ന വാര്‍ത്തകള്‍
ഇന്ന് ആ ചിത്രം മാറുകയാണോ. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വളരെയധികം ഞെട്ടലോടെയാണ് പ്രവാസ ലോകത്ത് നിന്നും വായിച്ചത്. സമാധാനം നഷ്ടപ്പെടുന്ന വാര്‍ത്തകളും കഥകളുമാണ് കേട്ടുകൊണ്ടിരിക്കുന്നത്. നാലര വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിരയായ വാര്‍ത്തയും പീഡനത്തിനിരയായ കൊച്ചുകുട്ടിയെ അപഹസിച്ച് മോശമായ രൂപത്തില്‍  സ്‌കൂള്‍ അധികാരി കൂടിയായ ഒരു പണ്ഡിതന്‍ നടത്തിയ പ്രസംഗവും ഓരോരുത്തരുടെയും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷ കിട്ടേണ്ട സ്ഥലമാണ് വീടും വിദ്യാലയവും സമൂഹവും, അവിടെ ഭയത്തിന്റേയും ഭീഷണിയുടെയും പീഡനത്തിന്റെയും അവസ്ഥ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ വളരെയധികം ദയനീയമാണ്. സ്‌നേഹ വിശ്വാസങ്ങള്‍ ഏറ്റവും കൂടുതല്‍ വേണ്ടിടത്ത് അതില്ലാതാകുമ്പോള്‍ നാം പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ നടക്കുന്നത് നൂറു ശതമാനം സാക്ഷരത നേടിയ അറിവിന്റേയും സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കേരളത്തിലാണ് എന്നത് ഒരു ദുഃഖസത്യമാണ്. ഒരുപാട് നവോഥാന നായകന്മാര്‍ ചേര്‍ന്ന് സമൂഹത്തില്‍ നടമാടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍ത്തലാക്കിയ നാടാണ് നമ്മുടേത്.

സാംസ്‌കാരിക നാദാപുരം
മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ വിജ്ഞാന വിപ്ലവം നയിച്ച പണ്ഡിതര്‍ നവീകരണ പരിഷ്‌കരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മണ്ണായിരുന്നു നാദാപുരം. നാദാപുരം ജുമാമസ്ജിദിലെ ദറസ് കേരളത്തിലാകെ പ്രസിദ്ധമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിവുകള്‍ തേടി വിദ്യാര്‍ഥികള്‍ അവിടെ വന്നിരുന്നു. പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ അവിടെ താമസിച്ചിരുന്നു. സാംസ്‌കാരിക വിപ്ലവങ്ങള്‍ക്ക് വിളക്ക് കൊളുത്താനും നിരവധി  സാംസ്‌കാരിക സംഘടനകള്‍ക്ക് രൂപം നല്കാനും സാംസ്‌കാരിക വേദികള്‍ ഉണ്ടാക്കാനും ഗ്രന്ഥാലയങ്ങള്‍ നിര്‍മിക്കാനും അവര്‍ക്ക് കഴിഞ്ഞു. വിവിധ വിജ്ഞാന ഗ്രന്ഥങ്ങള്‍ അവിടെ വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. സംസ്‌കൃത പണ്ഡിതന്മാരായ ഹിന്ദു വിദ്വാന്മാരുമായി സൗഹൃദ  സംവാദം നടത്തിയിരുന്ന സംസ്‌കൃതം അറിയാവുന്ന പണ്ഡിതര്‍വരെ   അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഹജ്ജ് കര്‍മങ്ങളെ കുറിച്ച് മലയാളത്തില്‍ പുസ്തകം വിരളമായിരുന്ന കാലത്ത് നാദാപുരത്ത് തന്നെയുള്ള പണ്ഡിതനായിരുന്ന ഖാലിദ് (കലന്തന്‍) മുസ്‌ലിയാരുടെ ഹജ്ജ് കര്‍മ്മം  പ്രതിപാദിക്കുന്ന 'ഹാജിമാര്‍ക്ക് ഒരു ഉപഹാരം' അക്കാലത്ത് എഴുതപ്പെട്ടതായിരുന്നു. അക്കാലത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വഴികാട്ടിയായിരുന്നു ആ പുസ്തകം.  പിന്നീട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും വര്‍ത്തമാന പത്രങ്ങളും ഉള്‍പ്പെടുത്തിയ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന  മത സാമൂഹിക സാഹിത്യ ശാസ്ത്രീയ സാമ്പത്തിക വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥാലയം അവിടെ സ്ഥാപിക്കപ്പെട്ടു. വീട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന  വിജ്ഞാന കുതുകികളായ സ്ത്രീകള്‍ക്കും സ്‌കൂള്‍ കോളെജ്  വിദ്യാര്‍ഥികളും യുവജനങ്ങള്‍ക്കും ജാതി മത ഭേദമന്യേ  ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.

ജാതി വ്യവസ്ഥയും ജന്മിത്വ സമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു കുടിയാന്മാര്‍ ജന്മികള്‍ക്ക് മുമ്പില്‍ നേന്ത്രവാഴക്കുലയും പശുവിന്‍ നെയ്യും  കാഴ്ച വെക്കുന്ന കാലം. തൊഴിലാളികളും ജന്മി മുതലാളിമാരും കുടിയാന്മാരും ഉള്‍ക്കൊള്ളുന്ന സമൂഹം  ജാതിയുടെയും വര്‍ഗ്ഗത്തിന്റേയും പേരില്‍ വേര്‍തിരിക്കപ്പെട്ടവര്‍.  ദേശീയ പ്രസ്ഥാനത്തിന്റേയും സാമൂഹ്യനവോത്ഥാന യത്‌നങ്ങളുടെയും ഫലമായി ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ ഇവിടെയും ശക്തിപ്പെടുകയായിരുന്നു. സംഘടിത കര്‍ഷകത്തൊഴിലാളി ബഹുജന പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചുവന്നു. ഇതിന്റെ യൊക്കെ പരിണിത ഫലമായി ഒരു പാട് നല്ല മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. നാദാപുരത്തിന്റെ പഴയ സാംസ്‌കാരിക ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടി എന്ന് മാത്രം. വടക്കന്‍ പാട്ടിന്റേയും അങ്കത്തട്ടുകളുടേയും കളരി പരമ്പരകളുടേയും ചരിത്രമുറങ്ങുന്ന നാടെന്ന വിശേഷണങ്ങള്‍ കൂടിയുള്ള നാദാപുരത്തിനു നിരവധി സാംസ്‌ക്കാരിക കഥകള്‍ ഇനിയും പറയാനുണ്ട്.

പ്രതികരണം
ഇത്രയും  സാംസ്‌കാരിക പാരമ്പര്യമുള്ള നാട്ടില്‍ ഇത്തരം ഒരു സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. കുട്ടിയുടെ കുടുംബത്തെ അതിക്ഷേപിച്ച് സംസാരിച്ചത്  ഗൗരവകരമാണെന്ന് ബാലാവകാശ കമ്മീഷന്‍  അഭിപ്രായപ്പെട്ടതായി  പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം പീഡന വാര്‍ത്തകള്‍  നാദാപുരത്തിന്റെ ചൈതന്യത്തിനും ഒജസ്സിനും വീണ്ടും മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നതില്‍ മത വിഭാഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാകുന്നത് വേദനാജനകമാണ്. ഇവിടെ മത വിഭാഗങ്ങള്‍ക്കിടയിലുള്ള വഴക്കാവാതെ എല്ലാ മതവിഭാഗങ്ങളും ഈ അനീതിക്കെതിരെ ഒരുമിച്ച് ശബ്ദിക്കേണ്ടിയിരിക്കുന്നു.

ലൈംഗിക പീഡനത്തെ ഒരു സാമൂഹിക വിപത്തായി കണ്ട് ജാതി- മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു. നാളെ നമ്മുടെ ഓരോരുത്തരും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളരാനുള്ള ഇടം സൃഷ്ടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. നമ്മുടെ പ്രതിഷേധങ്ങള്‍ ഏതെങ്കിലും  രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ വ്യക്തി താത്പര്യങ്ങള്‍ക്കോ വേണ്ടി ആവാതെ നാളത്തെ തലമുറയെ രക്ഷിക്കാന്‍ വേണ്ടിയായിരിക്കണം അവര്‍ ഇത്തരം പീഡനത്തിനു ഇരയാകാതിരിക്കാന്‍ വേണ്ടി. എതങ്കിലും ഒരു പണ്ഡിതന്റെ  വില കുറഞ്ഞ വാക്കുകള്‍കൊണ്ട് എല്ലാ പണ്ഡിതന്മാരെയും കുട്ടപ്പെടുത്തുന്നതും ഒരു സ്ഥാപനത്തിന്റെ മോശമായ പ്രവര്‍ത്തികൊണ്ട് മറ്റു  നല്ല സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയും ശരിയല്ല. ഇതിന്റെ പേരില്‍ വല്ലാത്ത ഒരു ഭീതി സൃഷ്ടിക്കാതെ  ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിയമ നടപടികളുമായി മുമ്പോട്ട് പോകുകയാണ് വേണ്ടത്. ഒരു നിരപാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. കുറ്റം ചെയ്തത് ആരായാലും അവരെ ശിക്ഷിക്കുക തന്നെ വേണം.

സാംസ്‌കാരിക അധഃപതനം നേരിടുകയാണോ
സ്വന്തം അസ്തിത്വത്തെ പറ്റി ചിന്തിക്കാന്‍ കഴിയാതെ ഭൗതിക സുഖങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലുകള്‍ക്കിടയില്‍ പുതുതലമുറയുടെ സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ സാംസ്‌ക്കാരിക സംഘടനകളുടെയും ഗ്രന്ഥാലയങ്ങളുടെയും ശിലകള്‍ പോലും ഇന്ന് നഷ്ടപ്പെട്ടു പോകുകയാണ്. സാംസ്‌കാരിക നവോഥാന പണ്ഡിതന്മാരുടെ കഥകള്‍ കേട്ടായിരുന്നു പഴയ തലമുറ  വളര്‍ന്നത്. ഇന്നത്തെ തലമുറ അത് കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. ഗള്‍ഫ്  പണത്തിന്റെ ഫലത്തില്‍ പഴയ സംസ്‌കാരങ്ങളും ജീവിത  നിഷ്ഠയും കുറഞ്ഞു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വലിയ സംസ്‌കാരത്തിന്റെ അവകാശ വാദം പറയുമ്പോഴും  സാംസ്‌കാരിക ച്യുതിയിലേക്ക് നീങ്ങുകയാണോ നമ്മള്‍.  ഗള്‍ഫ് പണവും ഭൗതിക സുഖസൗകര്യങ്ങളും കൂടിയപ്പോള്‍ തങ്ങളുടെ കുട്ടികള്‍ ധാര്‍മികത എന്തെന്ന് മറന്നു പോകുന്നു. വളരെ പ്രയാസപ്പെട്ടു ജീവിച്ച പലര്‍ക്കും ഗള്‍ഫിന്റെ വാതിലുകള്‍ തുറന്നു കിട്ടിയപ്പോള്‍ പ്രവാസ ജീവിതം അവര്‍ക്ക് സമ്മാനിച്ചത് വലിയ സൗഭാഗ്യങ്ങളാണ്. ഓലമേഞ്ഞ വീടുകള്‍ കോണ്‍ക്രീറ്റ് സൗധങ്ങളായി, ഗ്രാമ ചിത്രങ്ങള്‍ മാറ്റപ്പെട്ടു, തിരിയിട്ട വിളക്കുകള്‍ക്ക് പകരം ഇലക്ട്രിക് ബള്‍ബുകള്‍ കൊണ്ട് അകത്തളങ്ങള്‍ പ്രകാശ പൂരിതമായി. ചെറുപ്പത്തില്‍ പഠിച്ചിരുന്ന ഓലമേഞ്ഞ സ്‌കൂളുകള്‍ക്ക് പകരം വലിയ സൗകര്യങ്ങളുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയി. കുട്ടികള്‍ക്ക്  വീട്ടിനു മുമ്പില്‍തന്നെ സ്‌കൂള്‍ വാഹനങ്ങള്‍ വരുന്നു, കാലില്‍  ചെളിയും മഴ വെള്ളവും നനയാതെ വിലകൂടിയ വസ്ത്രവും ബാഗും സുഗന്ധങ്ങളും ഉപയോഗിച്ചു ക്ലാസ് റൂമിലേക്ക് പോകാന്‍ കഴിയുന്നു. ഉപയോഗിക്കാന്‍ മൊബൈലും ലാപ് ടോപ്പും ഇന്റര്‍നെറ്റും. പല കുട്ടികളും ഫേസ് ബുക്കിലും  വാട്‌സ് ആപ്പിലും സമയം ചെലവഴിക്കുന്നു. മറ്റ് ഉപയോഗ ശൂന്യമായ കാണാന്‍ പാടില്ലാത്ത  സൈറ്റുകളില്‍ മേയുന്നു. പലപ്പോഴും ഇത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോകുന്നു. മറ്റൊരു വിഭാഗം കുട്ടികള്‍ നാല് ചുവരുകള്‍ക്കിടയില്‍ സൗഹൃദങ്ങളുടെ ലോകം എന്തെന്ന് അറിയാതെ അവരുടെ ചിന്തകളെ തളച്ചിട്ടിരിക്കുന്നു. സ്‌കൂളിന്റേയും വീടിന്റേയും മതിലുകള്‍ക്കുള്ളില്‍ നിന്നും പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ കഴിയാതെ ബന്ധങ്ങളുടെയും തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും വില മനസ്സിലാക്കാന്‍ കഴിയാതെ മാതാപിതാകളുടെ സമ്മര്‍ദ്ദം മൂലം പഠനം എന്നാ ഒരൊറ്റ ചിന്തയുമായി  സമൂഹത്തില്‍ നിന്നും ഒരു പാട് അകന്നു ജീവിക്കുന്നു.

ജീവിത നിലവാരം
ഇവിടെ ജീവിത നിലവാരം ഒരുപാടുയര്‍ന്നപ്പോള്‍ നമ്മുടെ സാമൂഹിക ബന്ധങ്ങളും സംസ്‌കാരവും എത്രത്തോളം ഉയര്‍ന്നിട്ടുണ്ട് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ കണക്കുകളും നിഷ്‌കളങ്ക മനസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരങ്ങളിലേക്ക്  കാമക്കണ്ണുകളോടെ നോക്കുന്ന കാമപൂര്‍ത്തീകരണത്തിനായി കാത്തുനില്‍ക്കുന്ന ക്രൂരന്മാരും കൂടി വരുന്നുണ്ട് എന്നാണ് സമീപകാല ചരിത്രം. അവരില്‍ സമൂഹത്തിലെ  ഉന്നതരുടെ മക്കളാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മറച്ചു വെക്കുകയും ഇരകള്‍ക്ക് കിട്ടേണ്ട നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പ്രവാസികളായ ഓരോ രക്ഷിതാക്കളും കുട്ടികളെ പറഞ്ഞയക്കുന്ന സ്ഥാപനങ്ങള്‍ തികച്ചും സുരക്ഷിതമായ സ്ഥാപനങ്ങള്‍ ആണെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു, മക്കളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം അവര്‍ക്ക്  ധാര്‍മിക ബോധം നല്കുകയും അവരുടെ ജീവിത രീതികള്‍ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

തന്റെ മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുമ്പോള്‍  കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും നല്കാന്‍ കഴിയാതെ പട്ടിണി കിടന്നു തെരുവില്‍ കഴിയേണ്ടി വരുന്ന ഒരുപാട് മാതാപിതാക്കള്‍ ഉണ്ട്.  അവര്‍ക്ക് സ്വപ്നം കാണാന്‍ ഒരു നേരത്തെ ഭക്ഷണവും താമസിക്കാന്‍ ഒരിടവും മാത്രം അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, സ്വന്തം മക്കളെ ആര്‍ഭാടത്തോടെ വളര്‍ത്തുമ്പോള്‍ ഇത്തരം പാവപ്പെട്ട കുട്ടികളെ കണ്ടില്ല എന്ന് നടിക്കാതെ അവരെ സഹായിച്ചു അവരുടെ സ്വപ്നങ്ങളിലും പങ്കു ചേരാന്‍ നമുക്ക് കഴിയണം.

ദൈവത്തിന്റെ മാലാഖമാര്‍
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണ്. അവരാണ് നാളെ ഈ ലോകം നിയന്ത്രിക്കേണ്ടത്. അവരെ ഒരിക്കലും ക്രൂശിച്ചു കൂടാ. ബാലവേലകള്‍ ചെയ്യുന്ന അടിമ വേലകള്‍ ചെയ്യേണ്ടി വരുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ മോചിപ്പിക്കാന്‍ കഴിയണം. ആരോരുമറിയാതെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ലൈംഗികപീഡനം അനുഭവിക്കുന്ന  കുട്ടികളുണ്ടെങ്കില്‍ അവര്‍ എവിടെയായാലും അവര്‍ക്ക് സംരക്ഷണം നല്കണം. അവര്‍ മാനസിക വൈകൃതങ്ങള്‍ ഉള്ളവരായി വളരേണ്ട ഒരവസ്ഥ ഉണ്ടായാല്‍, ഭാവിയില്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവരായി അവര്‍ വളര്‍ന്നാല്‍ അതിനുത്തരവാദികള്‍ സമൂഹം തന്നെയാണ്.

ഈ പ്രവാസ ലോകത്ത് നിന്നും ചെറിയ കുഞ്ഞങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ നമ്മുടെ പ്രയാസങ്ങളെല്ലാം ഒരുവേള അലിഞ്ഞില്ലാതാകുന്നു. അത്രയും പവിത്രമായതാണ് അവരുടെ മുഖം.  അവര്‍ ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരാണ്  എന്ന് നാം അറിയുന്നു. ഈ കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ ഓര്‍മ വരുന്നു നമ്മുടെ ആ കുട്ടിക്കാലം. ജീവിതത്തിന് നിഷ്‌കളങ്കമായ പുഞ്ചിരികള്‍ മാത്രം സമ്മാനിക്കാന്‍ കഴിയുന്ന, ആരോടും പരിഭവം പറയാത്ത ആരെയും വഞ്ചിക്കാത്ത, കള്ളം പറയാത്ത നിഷ്‌കളങ്കമായ ആ ചെറു പ്രായം.  ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍മകളുടെ കണ്ണാടി ച്ചില്ലുകളില്‍ മായാതെ തെളിഞ്ഞു നില്ക്കുന്ന ആ കുട്ടിക്കാലം! ഇത്തരം നിഷ്‌കളങ്കരായ കുട്ടികളെ പീഡിപ്പിക്കാന്‍ എങ്ങിനെ സാധിക്കുന്നു. അവര്‍ക്കെതിരെ സംസാരിക്കാന്‍ എങ്ങനെ കഴിയുന്നു.
Related Posts Plugin for WordPress, Blogger...