Sunday, October 31, 2021

ഒരു പൂവിന്റെ പ്രണയം

 


ഒരു പൂവിന്റെ പ്രണയം 

മനസ്സിനുള്ളിൽ 
ആകർഷകമായ സുഗന്ധമുള്ള 
മനോഹരമായ വർണത്തിലുള്ള 
നിറയെ ചെടികളും പൂക്കളും 

കാലവും 
അതിന്റെ ഋതു ഭേദങ്ങൾക്കനുസരിച്ചു 
വിവിധ വർണ്ണത്തിലുള്ള 
പൂക്കളെ വിരിയിക്കുന്നു.  

വയലറ്റ് ഓർക്കിഡുകൾ ചിരിക്കുമ്പോൾ 
മനസ്സിനുള്ളിലെ പൂക്കൾ 
വയലറ്റ് പൂക്കളുമായി 
സല്ലപിക്കുക്കയാണ് 

പൂക്കളോടും ചെടികളോടും  ഒരു പാട് നേരം 
സല്ലപിച്ചു കൊണ്ടിരിക്കാനും  
അവയെ  തലോടുന്ന മന്ദമാരുതനോടൊത്ത്  
അൽപ നേരം സഞ്ചരിക്കാനും   
ഒരു പാട് ആഗ്രഹം ഉണ്ട് 

ഉടലുകൾ 
അതിനെ തടയുന്നു 
മനസ്സിലെ ആ വെളുത്ത പൂവ്  
ചുവന്ന  പനനീർ  പൂവുമായി 
പ്രണയത്തിലായി
 
പ്രണയം 
അകലെ നിന്നു മാത്രം 
ഒന്ന് തലോടാൻ  
ഉടലുകൾ  അനുവദിക്കുന്നില്ല  

കാലം മാറുമ്പോഴേക്കും 
പനനീർ പൂവ് വാടാൻ തുടങ്ങി  
ആ വെളുത്ത പൂവ് കാത്തിരിക്കുകയാണ്  
ആ ചുവന്ന പനനീർ പൂവിനെ 

വീണ്ടും ഒരു വസത്തിനായി 
ഇനിയും വസന്തം വരുമോ എന്നറിയാതെ 
മനസ്സിനുള്ളിലെ സൗരഭ്യത്തിന്റെ പൂക്കൾ 
പരിമളം പരത്തുന്നു 

സൗന്ദര്യത്തെ പൊതിഞ്ഞ 
ആ ചുവന്ന പൂവിനെ വീണ്ടും 
കാത്തിരിക്കുകയാണ്  
ആ വെളുത്ത പൂവ് Thursday, March 29, 2018

Astonishing the gods (ദൈവ സമ്മോഹനം)

പ്രശസ്ത നൈജീരിയൻ കവിയും നോവലിസ്റ്റും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുതുകയും പ്രശസ്തി നേടുകയും  ചെയ്ത എഴുത്തുകാരൻ. ആയിരത്തിത്തൊള്ളായിരത്തി എമ്പതിൽ ഇരുപത്തിഒന്നാം വയസ്സിൽ ആദ്യ നോവൽ Flowers and shadows, പ്രസിദ്ധീകരിച്ചു.  The Famished Road, Incidents at the Shrine , The Landscapes Within , Songs of Enchantment, Starbook, Astonishing the gods എന്നിവ മറ്റു പ്രശസ്ത കൃതികളാണ് . The Famished Road എന്ന നോവലിന് ബുക്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്.

Astonishing the gods (ദൈവ സമ്മോഹനം)
ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്, പബ്ലിഷ് ചെയ്തത് ഡി സി ബുക്ക്സ്.

സ്വയം അദൃശ്യനെന്നു ധരിച്ച ഒരു മനുഷ്യൻ ചരിത്ര പുസ്തകങ്ങളിൽ മാത്രം കാണപ്പെടാറുള്ള പ്രതിഭാശാലികളായ മനുഷ്യരെ അഅന്വേഷിച്ചിറങ്ങുന്നതാണു ഈ നോവലിന്റെ ഇതിവൃത്തം. ആത്മാക്കളും അരൂപികളും മാലാഖമാരും  ഒറ്റക്കൊമ്പൻ കുതിരയും വസിക്കുന്ന വിചിത്ര ദ്വീപിലാണ് അവന്റെ അന്വേഷണം അവസാനിക്കുന്നത്. ആ ദ്വീപിലേക്ക് അവനെ എത്തിക്കുന്നത് സാഹസികതയിലൂടെയാണ്. ഒരു മനുഷ്യനെ അദൃശ്യ ോകത്തേക്ക് കൊണ്ട് പോകുന്നു. പലതും അവനു കാണാൻ പറ്റുന്നു. പക്ഷെ അവിടെയുള്ളവർക്ക് അവനെ കാണാൻ പറ്റുന്നില്ല.

വായനയെ ആസ്വാദ്യകരമാക്കുന്ന ഒരു പാട് ഘടകങ്ങൾ ഈ പുസ്തകത്തിലുണ്ട് ഓരോ വായനക്കാരനും വ്യത്യസ്ത രൂപത്തിൽ ആയിരിക്കും അതിനെ ആസ്വദിക്കാൻ കഴിയുക. ഒന്ന് ഈ ദ്വീപിൽ നിർമിച്ചിരിക്കുന്ന വ്യത്യസ്ത ജീവികളുടെയും ശില്പങ്ങളുടെയും നിര്മിതികളുടെയും സവിശേഷത... ഒരു പുതിയ ലോകത്തെ തന്റെ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. മറ്റൊന്ന് സ്വയം രൂപ കല്പന ചെയ്ത അവിടെയുള്ള പണ്ഡിതരുടെയും മാലാഖാമാരുടെയും വഴികാട്ടികളുടെയും അറിവിൽ നിന്നും ലഭിക്കുന്ന മാസ്മരിക കാഴ്ചകൾ അതിലൂടെ നമുക്ക് പകർന്നു തരുന്ന പുതിയ അറിവുകൾ.

അദൃശ്യ മനുഷ്യനാണെങ്കിലും അവനെ ആകർഷിക്കുന്ന അവനോടു സല്ലപിക്കാനും ആസക്തിയുളവാക്കുകയും ചെയ്യുന്ന ഒരു സുന്ദരിയുടെ സ്നേഹ പ്രകടനങ്ങൾ. ചന്ദ്ര പ്രകാശത്തിൽ നിന്നും ഇറങ്ങി വരുന്ന ഒരു സ്ത്രീ. അവളുടെ സ്നേഹ സംഭാഷണം - നോവലിൽ അല്പമെങ്കിലും പ്രേമ സല്ലാപങ്ങൾ  ഉണ്ടാകണമെന്ന് കരുതിയായിരിക്കണം വളരെ ചെറിയൊരു ഭാഗത്തു അത്തരം സ്ത്രീ  കഥാപാത്രത്തെ  നമുക്ക് മുമ്പിൽ കൊണ്ട് വന്നത്. ഈ അദൃശ്യ മനുഷ്യന്റെ സഞ്ചാരത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഏഴു വർഷങ്ങളോളം സഞ്ചരിച്ചു തന്റെ വഴിയിൽ അഭിമുഖമായി വന്ന എല്ലാ ജോലിയും അവൻ ചെയ്തു. പല ഭാഷകളും അവൻ പഠിച്ചു. വിവിധ തരത്തിലുള്ള നിശ്ശബ്ദതകളെ അവൻ തിരിച്ചറിഞ്ഞു. അനേകം സമുദ്രങ്ങളിലൂടെ സഞ്ചരിച്ചു. അനേക നഗരങ്ങൾ സന്ദർശിച്ചു. 

എന്തുകൊണ്ടാണ് യാത്ര ചെയ്യുന്നതെന്നും ഏതാണ് ലക്ഷ്യമെന്ന് ചോദിച്ചിവരോടൊക്കെ അവൻ ഇപ്പോഴും രണ്ടുത്തരങ്ങൾ പറയുന്നു. അവയിൽ ഒരുത്തരം ചോദ്യ കർത്താവിന്റെ കാതുകൾക്ക് വേണ്ടി ഉള്ളതായിരുന്നു.രണ്ടാമത്തെ ഉത്തരം സ്വന്തം ഹൃദയത്തിനു വേണ്ടിയും. ആദ്യത്തെ ഉത്തരം ഇങ്ങനെ ആയിരുന്നു എന്ത്കൊണ്ടാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്കറിയില്ല എവിടേക്കാണ് പോകുന്നത് എന്നും എനിക്കറിയില്ല. രണ്ടാമത്തെ ഉത്തരം എന്ത് കൊണ്ടാണ് ഞാൻ അദൃശ്യനായിരിക്കുന്നത് എന്നറിയാനാണ് ഞാൻ യാത്ര ചെയ്യുന്നത്. ദ്ര്‌ശ്യതയുടെ രഹസ്യം കണ്ടെത്തുക എന്നതാണ് എന്റെ യാത്രാ കൗതുകം.

ഇതിനുള്ള ഉത്തരങ്ങൾ നോവലിന്റെ അവസാനത്തിൽ നമുക്ക് കണ്ടത്താൻ സാധിക്കുന്നുണ്ട് മനോഹരമായി തന്നെ ഉത്തരം നൽകിയിട്ടുണ്ട്. അതാണ് നോവലിന്റെ വിജയവും ആ ഉത്തരം കണ്ടത്താൻ വേണ്ടി ബെൻ ഓക്രി വരച്ചിട്ടത് ഒരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഊഹിക്കാൻ പോലും കഴിയാത്ത രൂപത്തിലാണ്. ഏഴു വർഷത്തെ യാത്രയ്ക്ക് ശേഷം കപ്പലിറങ്ങി അവൻ ചെന്ന് പെട്ടത് കറുപ്പും വെളുപ്പും കളങ്ങളുള്ള ഒരു നഗര ചത്വരത്തിലായിരുന്നു. ആ പട്ടണം ശൂന്യമായിരുന്നു എങ്കിലും അവിടെ തനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടന്ന് അവനു തോന്നി ഇടയ്ക്കിടെ വായുവിൽ ചില മർമ്മരങ്ങൾ കേൾക്കുന്നതായി അവൻ ഭാവന ചെയ്തു. 

മാന്ത്രികത നിറഞ്ഞ ആ പട്ടണത്തിലെ മധുരം കലർന്ന ചന്ദ്ര പ്രകാശത്തിനു കീഴിൽ കന്യകമാരുടെ സംഗീത സ്വരങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു  തിരികെ വരാൻ ആഹ്വാനം ചെയ്തു കൊണ്ട് കപ്പലിന്റെ കാഹളം മുഴങ്ങി. പക്ഷെ ആ കാഹളം ശ്രവിക്കാൻ അവൻ കൂട്ടാക്കുന്നില്ല, ആ പട്ടണത്തിന്റെ മഹത്തായ കറുപ്പും വെളുപ്പും നിറഞ്ഞ ചത്വരത്തിൽ വീണുതിളങ്ങുന്ന ചന്ദ്രിക ദർശിച്ചപ്പോൾ അവന്റെ ഹൃദയത്തിൽ, തന്നെയുള്ള ബാക്കിയുള്ള ജീവിതം മുഴുവൻ പിന്തുടരുന്ന തരത്തിലുള്ള മനോഹരമായ ഒരു ഏകാന്തത അവനിൽ വന്നു നിറയുകയാണ്. തന്റെ ജീവിതത്തിലെ വിസ്മൃതിയിൽ ആണ്ടു പോയ നിമിഷങ്ങളിൽ നിന്ന് പുല്ലാംകുഴൽ ഉതിർക്കുന്ന മധുരോദാര ഗാനങ്ങൾ ശ്രവിച്ചപ്പോൾ അവൻ വിതുമ്പി കരയാൻ തുടങ്ങി. കരച്ചിൽ തുടരവേ അവനൊരു ശബ്ദം കേൾക്കുകയാണ്  നീ എന്ത് കൊണ്ടാണ് കരയുന്നത് ? ആരാണ് തന്നെ അഭിസംബോധന ചെയ്യുന്നത് എന്ന് തിരിച്ചറിയാതെ അവൻ ഞെട്ടുന്നു. ആ ചോദ്യത്തിന് അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു 

"ഈ ദ്വീപിന്റെ മനോഹാരിതയുടെ രഹസ്യം എനിക്ക് മനസ്സിലാകുന്നില്ല അത് കൊണ്ടാണ് ഞാൻ കരയുന്നത്" അങ്ങനെയങ്കിൽ നീ ഇവിടെ തന്നെ എന്ത് കൊണ്ട് കൂടുന്നില്ല പക്ഷെ എനിക്ക് എങ്ങിനെ ഇവിടെ കഴിയാനാകും ഇവിടത്തെ താമസക്കാരെ എനിക്ക് കാണാൻ കഴിയുന്നില്ല ഞാൻ എവിടെയാണെന്ന് പോലും എനിക്കറിയില്ല. "നീ ദുഖിക്കേണ്ട ഇവിടത്തെ നിവാസികൾക്ക് നിന്നെയും കാണാൻ കഴിയുന്നില്ല. നീ എന്നെ സംബന്ധിച്ചടുത്തോളം ഒരു സ്വരം മാത്രമാണ് എന്നാൽ ആസ്വരത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.

നന്ദി പക്ഷെ എന്റെ കപ്പൽ എന്നെ തിരികെ വിളിക്കുന്നു. അവർ എത്ര പ്രാവശ്യം ഇവിടെ വന്നു പോകാറുണ്ടെന്നു എനിക്കറിയില്ല പോകാനായില്ലങ്കിൽ എനിക്ക് എന്റെ സമുദ്രങ്ങളെയും യാത്രകളെയും നഷ്ടമാകും. കടലുകൾ ഇപ്പോഴും അവിടെ തന്നെയുണ്ട് കപ്പലുകൾ അവയ്ക്ക് തോന്നുമ്പോൾ വരും യാത്രകൾ എക്കാലവും തുടരുക തന്നെ ചെയ്യും എന്നാൽ ഈ ദ്വീപ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ടു പിടിക്കപ്പെടുകയുള്ളു  അതും നിനക്ക് ഭാഗ്യം മുണ്ടങ്കിൽ മാത്രം. അപ്പോൾ ആ പ്രദേശത്തുള്ള ഒരു നീലപ്പള്ളിയുടെ ഗോപുരത്തിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദത്തിൽ ഒരു ഗാനം അവൻ കേൾക്കുന്നു. കാറ്റിലെ മര്മരങ്ങൾ പോലും നിശബ്ദമായി അദൃശ്യമായ എല്ലാ വസ്തുക്കളും  ആ സംഗീതത്തിനായി കാതോർത്ത് നിൽക്കുന്നതായി അവനു തോന്നി.

നനുത്ത ചന്ദ്രികയിലേക്ക് ആ സംഗീതം സ്വർണ്ണത്തിളക്കം കോരിയൊഴുക്കുകയായിരുന്നു. എമ്പാടും സന്തുഷ്ടി കലർന്ന നിശ്ശബ്ദത പൊന്തിപ്പടരവെ അവിടെത്തന്നെ താമസിക്കാൻ അവൻ തീരുമാനിച്ചു. തന്റെ വഴി കാട്ടിയായി വന്ന ശബ്ദം അപ്പോൾ നിശബ്ദമായിരുന്നു. മറ്റൊരു അരൂപിയുടെ സാന്നിധ്യം അവനു പ്രകടമാകുകയാണ്. അരൂപി അവനോടു പറഞ്ഞു

നീ എന്തൊക്കെ കാണുന്നുവോ അതെല്ലാം നിന്റെ സ്വകാര്യ സ്വത്തുക്കളും സ്വർഗവുമാണ് ഈ അതിശയകരമായ കാഴ്ചകൾ നിനക്ക് മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

 നീ എന്ത് കാണുന്നുവോ അത് തന്നെയാണ് നീ 
 അല്ലങ്കിൽ നീ അതായി പരിണമിക്കും 

മഹാന്മാരും മഹതികളുമായ പലരും നൂറ്റാണ്ടു ണ്ടു കളായി ഇവിടെ വരാറുണ്ട്. പക്ഷെ അവർക്കാർക്കും ഒറ്റക്കൊമ്പൻ കുതിരയെ കാണാൻ കഴിഞ്ഞിട്ടില്ല. നീ ഇപ്പോൾ വന്നിറങ്ങിയതേയുള്ളൂ എങ്കിലും നിനക്ക് അതിനെ കാണാൻ കഴിഞ്ഞു. ഇവിടത്തെ സഭ ഇതറിയുമ്പോൾ ഏറെ സന്തോഷിക്കും ഈ നിമിഷത്തെ മുൻകൂട്ടി പ്രവചിച്ച രാജകീയ ജ്യോത്സ്യന്മാർ ഇതറിയുമ്പോൾ ആനന്ദത്തിൽ ആറാടും, ഇതേ കുറിച്ച് അറിയാതെ ഏറെക്കാലമായി നിന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്നതിനെ നിനക്കു അതി ജീവിക്കാൻ കഴിയുമെങ്കിൽ അദൃശ്യന്മാരുടെ ഒരു പുതിയ ചക്രത്തിനു സമാരംഭം കുറിക്കുന്നത് നീ ആയിരിക്കും എന്നതിന് സാധ്യതകൾ ഏറെയാണ്.

പിന്നീട് അത്ഭുതങ്ങളുടെ മാന്ത്രിക ചെപ്പ് തുറക്കുകയാണ്..

ഈ നോവലിൽ  ഒരു പാലത്തിനു  വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് നോവലിന്റെ പലയിടങ്ങളിലും ആകാംക്ഷ  നിറഞ്ഞ ഈ പാലത്തെ പ്രതിപാദിക്കുന്നുണ്ട്.  നോവലിന്റെ പ്രധാന ഭാഗമാണ് ഈ മാന്ത്രിക പാലം. പൂർണമായും ജലബാഷ്പത്തിനാലും മൂടൽ മഞ്ഞിനാലും സൃഷ്ടിക്കപ്പെട്ട മനോഹാരിത നിറഞ്ഞ ഒരു നിര്മിതിയാണ് ആ പാലം.  അവന്റെ വഴി കാട്ടിയോടു പാലത്തെ പറ്റി  അവൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
ഈ പാലത്തെ താങ്ങുന്നത് എന്താണ് ? 
ഈ പാലം കടക്കുന്നവൻ മാത്രം 

അതായത് ഞാനീ പാലം കിടക്കവേ അതിനെ തങ്ങുകയും അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സഹായിക്കുകയും ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത് . അതെ, എന്നാൽ അവ രണ്ടും ഒരേ സമയം ചെയ്യാൻ എനിക്ക് എങ്ങിനെയാണ് കഴിയുക, പാലം കടക്കുകയാണെങ്കിൽ നീ അത് ചെയ്തേ പറ്റൂ. അല്ലാതെ മറ്റൊരു വൈഴിയില്ല. അപ്പോൾ ഞാനീ പാലം കടന്നെ മതിയാകൂ? അതെ നീ ഈ പാലം കടക്കുക തന്നെ വേണം.  അഥവാ കടന്നില്ലങ്കിലോ നീ ഒരിടത്തും എത്തില്ല ഒരിടത്തും എത്താത്തിനെക്കാൾ ഭീകരമായ അവസ്ഥയിലായിരിക്കും നീ അപ്പോൾ . നിനക്ക് ചുറ്റും എല്ലാം ക്രമേണ അപ്രത്യക്ഷ മാകും നീ ഒരു ശൂന്യസ്ഥലത്തായത് പോലെ നിനക്ക് തോന്നും ആ പാലം കടക്കാൻ വൈമുഖ്യം  പ്രകടിപ്പിക്കുന്നിടത്തോളം ശൂന്യത അവനു ചുറ്റും പുഷ്പിക്കാൻ തുടങ്ങി .

ഈ പാലമെന്താണെന്നും അത് എന്താണ് ഉദ്ദേശിക്കുന്നത് എന്നും നോവലിന്റെ അവസാനമെത്തുമ്പോൾ നമുക്ക് മനസ്സിലാകും. അവന്റെ സഞ്ചാരത്തിനിടയിൽ മറ്റൊരു സ്ഥലത്ത് എത്തുകയാണ്. ഇത് ഏത് തരത്തിലുള്ള ഇടമാണ് അവൻ വൈകാട്ടിയോടു ചോദിക്കുന്നു. വളരെ വിചിത്രമായ ചില സംഭാഷണങ്ങൾ നമുക്ക് ഇവിടെ വായിക്കാൻ പറ്റും. ഇവിടെ കാണുന്നതൊന്നും അതായി തന്നെ നില നിൽക്കുന്നില്ല. എന്തായി കാണപ്പെടുന്നുവോ  അവയെല്ലാം അതൊക്കെ തന്നെയാണ് വഴി കാട്ടി ഉത്തരം പറഞ്ഞു. ഞാൻ ഞാനായി  കാണപ്പെടുന്നില്ലങ്കിൽ പിന്നെ മറ്റെന്താണ് ? അത് പറയേണ്ടത് നീ തന്നെയാണ് എങ്കിൽ നീ എന്താണ് വഴി കാട്ടി ചോദിക്കുന്നു?
വിചിത്രമായ ഒരിടത്തു വന്നു പെട്ട് പോയ ഒരു സാധാരണ മനുഷ്യൻ. അരൂപിയുടെ തിരിച്ചുള്ള ചോദ്യം? സാധാരണമായ ഒരു സ്ഥലത്തു വന്നെത്തിയ ഒരു വിചിത്ര മനുഷ്യനായി കൂടെ നിനക്ക് ...

ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തെ നിർമ്മിച്ചെടുക്കുക എന്നത്. ആ ലോകത്തെ ജനങ്ങളെ കുറിച്ചും  അവിടത്തെ ജീവിത രീതിയെ കുറിച്ചും ക്രയവിക്രയങ്ങളെ കുറിച്ചും ആശയ വിനിമയത്തെ കുറിച്ചും ഭാവനയിലൂടെ രൂപപ്പെടുത്തുക എന്നത് നിസ്സാരമല്ല, ഒരു പുതിയ ജീവിത ക്രമവും ജീവിത രീതിയും ബെൻ ഓക്രി ഇവിടെ ആവിഷ്കരിക്കുന്നുണ്ട്. അവ നമുക്ക് വിവരിച്ചു തരുന്നത് ഇങ്ങനെയാണ്. അവൻ നീതി പീഠങ്ങളെയും സർവ ശാലകളും ഹോസ്പിറ്റലുകളും അവിടെ കണ്ടു. സർവ്വശാലകൾ എന്നത് സ്വയം പൂർണറാകാനും ജീവിതത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടുന്നതിനും വേണ്ടിയുള്ള ഇടമായിരുന്നു. എല്ലാവരും എല്ലാവരെയും പഠിപ്പിച്ചു എല്ലാവരും അധ്യാപകനായിരുന്നു അതെ സമയം എല്ലാവരും വിദ്യാർത്ഥികളും. 

സർവ്വശാലകളും അക്കാദമികളും ഒരേ സമയത്ത് തന്നെ ആളുകൾ ധ്യാനിക്കാനായി ഒത്തു കൂടുന്ന ഇടങ്ങളായിരുന്നു. അവിടെ വെച്ച് അവർ നിശബ്ദതയിൽ നിന്ന് ജ്ഞാനത്തെ ആഗിരണം ചെയ്യുന്നു.  ഗവേഷണം എന്നത് നിരന്തരം നടക്കുന്ന പ്രക്രിയ ആയിരുന്നു. അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്നേഹമായിരുന്നു. ബാങ്കുകൾ എന്നത് ആളുകൾ ആരോഗ്യകരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളും ധനത്തെ കുറിച്ചുള്ള ആലോചനകളും നന്മയെ കുറിച്ചുള്ള വിചാരങ്ങളും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്‌യുന്ന ഇടങ്ങളായിരുന്നു. ആളുകൾ അസുഖം വരുമ്പോൾ പോകുന്നത് ബാങ്കുകളിലേക്കാണ് ആരോഗ്യമുള്ളഅപ്പോൾ പോകുന്നത് ആശുപത്രികളിലും  ആശുപത്രികൾ എന്നത് ചിരിക്കാനും കളിക്കാനും രസിക്കാനും ഉള്ള ഇടങ്ങളായിരുന്നു ആനന്ദത്തിന്റെ വസതികളായിരുന്നു. നർമ്മ എന്ന കലയിലെ വിഷാദൻമാരായിരുന്നു അവിടുത്തെ ഡോക്ടർമാരും നഴ്സ്മാറും കൂടാതെ ഒരു കലയിൽ അല്ലങ്കിൽ മറ്റൊന്നിൽ നൈപുണ്യം പുലർത്തുന്ന കലാകാരമാരും ആയിരിക്കണം അവർ. അവിടെ ആളുകൾ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പണം നൽകുന്നതിന് പകരം തങ്ങളുടെ പ്രതിഭകളാണ് വിനിമയം ചെയ്തിരുന്നത്.നല്ലൊരു ആശയം കൊടുത്താൽ വീട് വാങ്ങാൻ കഴിയുന്നു. വളരെ ബുദ്ധി പരമായ ഒരു ചിന്ത കൈമാറിയാൽ മേൽക്കൂരകൾ നവീകരിക്കാം, 

ലോകത്തെമ്പാടുമുള്ള അദൃശ്യ മനുഷ്യർ ആശ്ശ്യങ്ങൾ വിൽക്കാനും വാങ്ങാനും എത്തിയിരുന്ന  ചന്തയിൽ ഈ മനുഷ്യൻ എത്തുന്നുണ്ട്. ഇവിടെ വ്യാപാരം നടത്തിയിരുന്നത് തത്വ ചിന്തകൾ
പ്രചോദനങ്ങൾ ഉൾവിളികൾ ,പ്രവചനങ്ങൾ വൈരുധ്യങ്ങൾ, കടങ്കഥകൾ പ്രഹേളികകൾ ദർശനങ്ങൾ കിനാവുകൾ എന്നിവയായിരുന്നു. തത്വ ചിന്തകൾ സുവർണ ആഭരണങ്ങളും  വൈരുധ്യങ്ങൾ വെള്ളികളായിരുന്നു നേർമ ആയിരുന്നു അവരുടെ അളവ്കോൽ, പ്രചോദനങ്ങൾ സ്വര്ണ്ണവും പ്രവചങ്ങൾ ഭാഷയും ദർശനങ്ങൾ നാടകങ്ങളും കിനാവുകൾ അവരുടെ മാനക സൂചിയും ആയിരുന്നു. നമ്മുടെ സർഗാത്മകതയുടെ ഉദാത്തമായ ഉദാഹരണങ്ങൾ ശൂന്യ സ്ഥലങ്ങളിലും വായുവിലും സ്വപ്നങ്ങളിലും അദൃശ്യ വിധാനങ്ങളിലുമാണ്. അവിടെ നമുക്ക് നമ്മുടെ നഗരങ്ങളും കോട്ടകളും പുസ്തകങ്ങളും മഹത്തായ സംഗീതവും കലയും ശാസ്ത്രവും നമ്മുടെ യഥാർത്ഥ പ്രണയവും പൂർണമായ അതി ജീവനവുമൊക്കെ കുടി കൊള്ളുന്നു. നമ്മുടെ പാതകളും കണ്ടു പിടുത്തങ്ങളുമൊക്കെ ഇപ്പോഴും അതിന്റെ ശൈശവ അവസ്ഥയിലാണ് എല്ലാ ദിവസവും നാം ഉണരുന്നത് നമുക്ക് മുന്നിൽ തുറന്നു കിടക്കുന്ന അനന്ത സാധ്യതകൾക് നേരെയുള്ള വിനയത്തോടും ആനന്ദത്തോടുമാണ്.

നേരത്തെ പറഞ്ഞ പാലത്തിലൂടെ  സഞ്ചരിച്ചു അവിടെയുള്ള പണ്ഡിത സഭയുടെ എല്ലാ സംസാരങ്ങളും ശ്രവിച്ചു അവരെക്കാൾ ഉയരത്തിൽ എത്തിയ ഈ അദ്ര്ശ്യ മനുഷ്യനോട് അവസാനമായി  അരൂപികളും മാലാഖകളും ചില ചോദ്യങ്ങൾ  ചോദിക്കുന്നുണ്ട്. അദ്ര്യശ്യതയുടെ ഉദ്ദേശം എന്താണ്? അവൻ ഉത്തരം പറഞ്ഞു സംപൂർണത. മാലാഖമാരുടെ ചോദ്യം അദൃശ്യരുടെ  സ്വപ്നം എന്താണ്. നീതിയുടെയും സ്നേഹത്തിന്റെയും ആദ്യത്തെ പ്രപഞ്ച സംസ്കാരത്തെ സൃഷ്ടിക്കുന്നതിന് വേണ്ടി. ആ പാലത്തിന്റെ രഹസ്യം എന്താണ് ? സർഗാത്മകത, ആഭിജാത്യം. ആ നിമിഷത്തിൽ അവനെ പ്രകാശം വന്നു പൊതിയുന്നു. അവനിൽ അതീതങ്ങളുടെ ബുദ്ധി ശക്തി കോരിച്ചൊരിയപ്പെടുന്നു.  അരൂപികൾ തന്നെ പ്രകീർത്തിക്കുന്നത് അവനു കേൾക്കാൻ കഴിയുന്നു.

Tuesday, August 15, 2017

ആഴങ്ങളില്‍ തീര്‍ത്ത പാലം

സമകാലിന സാമൂഹിക പശ്ചാത്തലത്തില്‍ കലാസൃഷ്ടികളെ വിലയിരുത്തുമ്പോഴാണ് അതിന്റെ മൂല്യം കൂടുതല്‍ വ്യക്തമാവുക. സങ്കല്‍പ്പങ്ങള്‍ക്കും ഭാവനയ്ക്കും അപ്പുറം യാഥാര്‍ഥ്യങ്ങള്‍ നിരവധിയുണ്ടെന്ന് ചിലത് നമ്മോട് പറയാതെ പറയും. ഭാവനക്കുമപ്പുറം യാഥാര്‍ഥ്യങ്ങളെ അതേപടി രൂപപ്പെടുത്തുമ്പോള്‍ ആസ്വാദനം എന്ന ലക്ഷ്യം മറികടന്ന് ബോധനമെന്ന തലത്തിലേക്ക് എത്തുകയാണ് ആവിഷ്‌കാരങ്ങള്‍. ഇത്തരം ബോധനങ്ങളും ചിന്തയും പ്രേക്ഷക മനസ്സിലേക്ക് എത്തിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയുന്നിടത്താണ് വിജയങ്ങള്‍ സംഭവിക്കുന്നത്. അത്തരമൊരു വിജയമായിരുന്നു ബ്രിഡ്ജ് ഖത്തര്‍ നാഷണലല്‍ തിയേറ്ററിന്റെ സഹകരണത്തോടെ അവതരിപ്പിച്ച 'ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്, ഐക്യദാര്‍ഢ്യത്തിന്റെ ആഘോഷം' ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിക്കും ഖത്തര്‍ ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ഓളം കലാകാരന്മാരാണ് വിവിധ ആവിഷ്‌ക്കാരങ്ങളുമായി വേദിയിലെത്തിയത്.  ക്ലോക്ക് നിര്‍മിച്ച കുട്ടിയുടെ കഥ ഭാവനയോ സങ്കല്പമോ ആയിരുന്നില്ല! അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ ആ കുട്ടിയുടെ ചിത്രം മിന്നിമറയുകയായിരുന്നു. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ പ്രയാസം അനുഭവിച്ച ബാലന്‍ അഹമ്മദ് മുഹമ്മദിന്റെ ആത്മ സംഘര്‍ഷങ്ങളും തുടര്‍ന്ന് അവനെ ഖത്തര്‍ സ്വീകരിക്കുന്നതും ആവിഷ്‌കരിച്ച ക്ലോക്ക് ബോയ് മ്യൂസിക്കല്‍ ഡ്രാമ പ്രേക്ഷകരുടെ ഉള്ളുണര്‍ത്തി. സ്വന്തമായി ക്ലോക്ക് ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കാണിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം, അത് ടീച്ചറില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്‌കൂളിലേക്ക് പോയ അവന് ലഭിച്ചത് വേദനിക്കുന്ന അനുഭവമായിരുന്നു. കുഞ്ഞുമനസ്സിന്റെ വേദനയും പിടയലും പ്രേക്ഷകരുടെ മുമ്പില്‍ മികവോടെ അവതരിപ്പിക്കാനായി. 

ഫലസ്തീനിയന്‍ കവി മഹമൂദ് ദര്‍വേശിന്റെ കവിതയുടെ രംഗാവിഷകാരം പ്രേക്ഷകരില്‍ നൊമ്പരമുണര്‍ത്തി. യുദ്ധക്കെടുതിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ഒരു ജനതയിലേക്ക് സഹായ ഹസ്തവുമായി എത്തുന്ന ഖത്തറിനെ വേദിയില്‍ ആവിഷക്കരിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. മനസ്സിനുള്ളില്‍ ഖത്തര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നേരില്‍ കാണുംപോലെ തോന്നി. കടല്‍ത്തരത്തണഞ്ഞ ആ പിഞ്ചു കുഞ്ഞ് ഓരോരുത്തരുടെയും മനസ്സില്‍ വീണ്ടും ജീവിക്കുകയായിരുന്നു. അഭയാര്‍ഥി ക്യാംപില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സ്ത്രീകളുടെയും മുന്നില്‍ സഹായഹസ്തവുമായി വരുന്ന ഖത്തറിനെ മനസ്സില്‍തട്ടി അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘവും വാരിപ്പുണര്‍ന്ന് ഉമ്മ നല്‍കുന്ന ചിത്രവും ഖത്തറിന്റെ സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നതായിരുന്നു. 

ഇന്ത്യയുടെയും ഖത്തറിന്റെയും പരമ്പരാഗത നൃത്തച്ചുവടുകളും സമകാലിക നൃത്തം, അര്‍ഗ ഡാന്‍സ്, കഥകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, വടക്കേ ഇന്ത്യന്‍ നൃത്തം എന്നിവയും അരങ്ങേറി. അനശ്വര ഇന്ത്യന്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങളടങ്ങിയ ഹിന്ദി ഗാനങ്ങളും സൂഫി സംഗീതവും ഗസലും വേദിയിലെത്തി. 
കോല്‍ക്കളിയും നാടന്‍ പാട്ടും പഞ്ചാബി ഡാന്‍സും ഗാനങ്ങളും ഖത്തറിന്റെ നന്മയാര്‍ന്ന ചില നല്ല പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ചിത്രീകരണങ്ങളും ചേര്‍ത്ത് കൊളാഷ് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ 'ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ' എന്ന പേര് അന്വര്‍ഥമാവുകയായിരുന്നു.Wednesday, July 26, 2017

സിക്രീത്തിലേക്ക് ഒരു യാത്ര


സിക്രീത്തിലേക്ക് ഒരു യാത്ര 
മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനംപിടിച്ച രാജ്യത്തെ  ചരിത്രഭൂമിയായി അറിയപ്പെടുന്ന സുബാറഫോർട്ടും അതിനോടൊപ്പം തന്നെ  ഖത്തറിലെ ദുഖാനിലെ സിക്രീതും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം.  ദോഹയിൽനിന്ന് ഏതാണ്ട് നൂറ്റി അഞ്ചു കിലോമീറ്റർ അകലെയാണ് സുബാറ ഫോർട്ട് സ്ഥിതിചെയ്യുന്നത്. മനസ്സിന് ഏറെ സന്തോഷവും ആനന്ദവും നല്കിയ  യായ്ത്രയായിരുന്നു  സുബാറ കോട്ടയും ദോഹയിലെ സിക്രീത്തു സന്ദർശനവും.  ഖത്തരിന്റെ ചരിത്ര പ്രധാനമായ സുബാറ ഫോർട്ട്‌  യുനസ്കോ ഈയിടെയായി അവരുടെ പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിയ സസ്ഥലമാണ്. ഞങ്ങൾ ഒഴിവു ദിവസമായ വെള്ളിയാഴ്ച  രാവിലെ ചരിത്രാന്വേഷണത്തിന്റെയും മാനസിക ഉല്ലാസത്തിനും വേണ്ടി  പുറപ്പട്ടതായിരുന്നു. സുബാറ ഫോർട്ട് സന്ദർശിച്ചു  ജുമുഅ പ്രാർത്ഥനയും  കഴിഞ്ഞു   ദുഖാനില്‍ എത്തുമ്പോൾ ഞങ്ങളെ വരവേല്‍ക്കാന്‍ യാത്രയുടെ ഗൈഡായിരുന്ന  സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും  ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ്  സിക്രീത്തിലേക്ക്  പുറപ്പെട്ടത്. കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ഞങ്ങളെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. 

മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ  കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്രയെത്ര മനുഷ്യർ എത്ര പ്രവാചകന്‍മാര്‍, രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ആ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  
ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകർത്തുന്നത് കണ്ടു. 

നടന്നു  ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു. ചായ കൂടി കഴിഞ്ഞ ഞങ്ങൾ  കൂട്ടുകാർ സ്നേഹ  സൗഹൃദങ്ങൾ പങ്കു വെക്കുകയും  ചെറിയ  കായിക വിനോദ മത്സരങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനു ശേഷം  ഞങ്ങള്‍  കടല്‍ തീരത്തേക്ക്  പുറപ്പെട്ടു. തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്. ചിലർ  കടല്‍ വെള്ളത്തിലേക്ക് ഊളിയിട്ട് കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ആ യാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അന്നത്തെ അസ്തമയം. 

Monday, July 3, 2017

കലയുടെ ഘോഷയാത്ര


കലയുടെ ഘോഷയാത്ര 
കല ജീവിതത്തിന്റെ ഭാഗമാണ്,  മനുഷ്യ മനസ്സിന് കേവലം ആസ്വാദനാനുഭൂതി  നല്‍കുക മാത്രമല്ല കലയുടെ ധര്‍മം. അനീതികള്‍ കാണുന്പോൾ അതിനെതിരെ പോരാടാനുള്ള മികച്ച ആയുധം കൂടിയാണ് കല.  കല ജീവിതഗന്ധി ആയിരിക്കണം, ചുറ്റിലും കാണുന്ന സംഭവങ്ങൾ പ്രത്യേകിച്ച് മാറുന്ന വ്യവസ്ഥികളുടെ നന്മയും തിന്മയും തിരിച്ചറിയാനും നമ തിന്മകൾ വേർതിരിച്ചു സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനും കലാവിഷ്കാരങ്ങളിലൂടെ  കഴിയണം അപ്പോഴേ കലകൾക്കും കലാവിഷ്കാരങ്ങൾക്കും ജീവനുണ്ടാകുകയുള്ളൂ.

വർത്തമാനകാലത്തിന്റെ ജീർണതകൾ തുറന്നു കാട്ടാനും അതിനെതിരെ പോരാടാനും കല ഒരു മാധ്യമമായി മാറുകയായിരുന്നു ഇവിടെ.

സാംസ്‌കാരങ്ങളുടെ ഘോഷയാത്ര അരങ്ങേറിയത് ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരുന്നു. സാങ്കേതിക സൗകര്യങ്ങളുമുള്ള വേദി  കലാസ്വാദകരെ കൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു. ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ല അത് തീര്‍ത്തും ചലനാത്മകമാണ്, വിശാല സമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക് കലയെ ചുരുക്കുക അസാധ്യമാണ് എന്ന് വിളിച്ചു പറയുകയായിരുന്നു ഈ പരിപാടി.  

വൺ വേൾഡ് വൺ ലൗവ് എന്ന യൂത്ത് ലൈവ് മുദ്രാവാക്യം സ്നേഹത്തിനും സൌഹാര്‍ദത്തിനും വേണ്ടിയുള്ള ആശയങ്ങളുടെ മഴവില്ലായിരുന്നു. നിലവിലെ സാഹചര്യങ്ങളോടുള്ള സമരവും ചുറ്റുമുള്ളവയിലേക്കുള്ള സമന്വയവും ആണ് സാമൂഹികപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതും നനവുള്ളതാക്കുന്നതും. എതിര്‍ക്കേണ്ടവയോടുള്ള സമരവും അതിനായി യോജിപ്പുകളോടുള്ള സമന്വയവും ഒരുപോലെ പ്രധാനമാണ്. എല്ലാ വൈവിധ്യങ്ങളെയും ബഹുമാനിച്ചും നിലനിർത്തി കൊണ്ടും തന്നെ അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ നമുക്കൊരുമിച്ച് നിൽക്കാൻ കഴിയും എന്ന വലിയ സന്ദേശം ദോഹ -യൂത്ത് ലൈവിന് നൽകാൻ കഴിഞ്ഞു.

‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര്‍ അരങ്ങിലെത്തിച്ച നിധിന്‍, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിച്ച ‘കനല്‍ചൂളകള്‍’ എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സങ്കടത്തിന്റെയും, നിരാശയുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയുമൊക്കെ കനലുകള്‍ തെളിയിച്ച് കാഴ്ചയുടെ കപടകതകളും കടന്ന് സത്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു. പുത്രവിയോഗത്തിന്റെ വേദനകള്‍ ഇന്നലെകളില്‍ തുടങ്ങി ഇന്നിലൂടെ നീറി നാളെയുടെ പ്രതിരോധങ്ങളുടെ ആവശ്യകതയുടെ ആഹ്വാനങ്ങളിലേക്ക് പാത്രസൃഷ്ടിയുടെ ഭദ്രതയിലൂടെ പ്രേക്ഷകരോട് സംവദിക്കാൻ  കനല്‍ ചൂളകളുടെ ശില്പികള്‍ക്ക് കഴിഞ്ഞു". നാടകാന്ത്യത്തിൽ  പ്രസക്തമായ ഒരു ചോദ്യം അവശേഷിപ്പിക്കുന്നുണ്ട്‌ സമൂഹത്തിലേക്കു വീണ്ടും വീണ്ടും തൊടുക്കപ്പെടുകയാണ് ആ ചോദ്യം ." നമ്മളാണ് ശരി, എന്നിട്ടും നമ്മളെന്തേ തോറ്റു പോകുന്നു?".

ഒരുമയയുര്‍ത്തുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയം മനസിലാക്കാനും വായിച്ചെടുക്കാനുള്ള ശേഷിയാര്‍ജിക്കുകയാണ് യൂത് ഫോറം ഇത്തരം ഒരു പരിപാടികൊണ്ടു ലക്ഷ്യമിടുന്നത് എന്ന് അവരുടെ സംഘാടനത്തിൽ നിന്നും മനസ്സിലാകുന്നു. മുതിർന്നവരും കുട്ടികളും പുരുഷനും സ്ത്രീയും മതരഹിതനും മതവിശ്വാസിയും വ്യത്യസ്ത രാഷ്ട്രീയ -സാംസ്കാരിക കാഴ്ചപ്പാടുകൾ ഉള്ളവരുമെല്ലാം ചേർന്ന് നടത്തിയ അസഹിഷ്ണുതക്കെതിരെയുള്ള കലയുടെ ആഘോഷമായിരുന്നു യൂത് ലൈവ്. 

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാകുമ്പോൾ യോജിപ്പ് ഉത്തരവാദിത്വ മാണെന്നും അതിനാൽ പൊതു നന്മകളിൽ യോജിക്കാൻ കഴിയുന്നവരുടെ വേദിയൊരുക്കൽ ഒരു യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തിൽ നിന്നാണ് സ്നേഹത്തിനും സൗഹാര്ദത്തിനും വേണ്ടി യൂത് ലൈവ് സംഘടിപ്പിച്ചതെന്ന യൂത് ഫോറം പ്രസിഡന്റ എസ എ ഫിറോസിന്റ് വാക്കുകൾ ശ്രദ്ധേയമായിരുന്നു. സിനിമ സംവിധായകൻ  മുഹ്‌സിൻ പരാരി   സോളിഡാരിറ്റി യൂത് മൂവേമെന്റ് പ്രസിഡണ്ട് ടി ശാക്കിർ തുടങ്ങിയവർ സദസ്സിനോട് സംവദിച്ചു. ഒരു മനുഷ്യന് അവന്റെ എല്ലാ വ്യത്യസ്‌തകളെയും മുന്നോട് വെക്കാൻ കഴിയുന്ന ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തെ കുറിച്ചാണ് നമുക്ക് സംസ്‌കാരിക്കേണ്ടതെന്നു മുഹ്‌സിൻ പറഞ്ഞു. 


ശിഹാബുദീന്‍ പൊയ്ത്തും കടവിന്റെ “മത ഭ്രാന്തന്‍ എന്ന കഥയെ ആസ്പതമാക്കി ‘സലാം കോട്ടക്കൽ സംവിധാനം ചെയ്ത്‌ "ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിച്ച നാടകം 'പേരിന്റെ പേരില്‍', കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത “സ്നേഹ ജ്വാല”, ജമീല്‍ അഹമ്മദ് രചിച്ച്  ആർ എൻ റിയാസ് കുറ്റ്യാടി വേഷം പകര്‍ന്ന ഏകാങ്ക നടകം തീമണ്ണ്, ആനുകാലിക സംഭവ വികാസങ്ങളുടെ നേര്‍ സാക്ഷ്യമായ യൂത്ത്ഫോറം കലാവേദിയുടെ മൈമിങ്ങ്, തസ്നീം അസ്‌ഹര്‍ അണിയിയിച്ചൊരുക്കിയ അധിനിവേശത്തിന്റെ കെടുതികള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയ  റിഥം ഓഫ് ലൗ, തനത്’ കലാ വേദിയുടെ നാടന്‍ പാട്ട്, സ്മൃതി ഹരിദാസ് അവതരിപ്പിച്ച കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിച്ച മോണോആക്റ്റ്, മലര്വാടിയുടെ കുരുന്നുകള്‍ അവതരിപ്പിച്ച വണ്‍ വേള്‍ഡ് വണ്‍ ലൗ ഷോ, തീം സോങ്ങ്, പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ഫോക്ക് ഡാന്‍സ്, ഷഫീഖ് പരപ്പുമ്മല്‍ രചന നിർവഹിച്ച അമീന്‍ യാസര്‍ സംഗീതം നൽകിയ ഗാനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ വേദിയായി.

ജേണലിസം അദ്ധ്യാപകനും ഫ്രീലാന്‍സ് ഡിസൈനറുമായ പ്രഭുല്ലാസ്‌‌ സംവിധാനം ചെയ്ത് സിനിമാ താരം നിര്‍മ്മല്‍ പാലാഴി മുഖ്യവേഷം ചെയ്ത, അഖില കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാമതെത്തിയ ഹ്രസ്വ ചിത്രം ബുഹാരി സലൂണിന്റെ പ്രദർശനവും. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ഇന്തോ-പാക്-നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരന്ന ഗസല്‍ സന്ധ്യയും വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും കൂടുതൽ ആസ്വാദകരമാക്കി.

യൂത്ത് ഐക്കണ്‍ 
'യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്കുള്ള “യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.

ഏതൊരു സമൂഹത്തിന്റെയും നില നില്പിന്നും പുരോഗതിക്കും വ്യത്യസ്ത മത സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയ സംവാദങ്ങളും ആവശ്യമാണ്‌. ഈയൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ ദോഹ മതാന്തര സംവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ: ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദോഹയിലെ ഇന്ത്യന്‍ സമൂഹം സാമൂഹിക സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരവും അഭിനന്ദനാര്‍ഹവുമാണ്‌. ഡി.ഐ.സി.ഐ.ഡി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ 'ഒരു ലോകം, ഒരു സ്നേഹം' എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഫോറം കലാപരമായി ആവിഷ്കരിച്ച് ഇന്ത്യന്‍ പ്രവാസികളിലെക്ക് എത്തിച്ചത് അഭിനന്ദനാര്‍ഹമാണ്‌. സമൂഹിക സംസ്കരണത്തില്‍ യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്‌. ഇത്തരം പരിപാടികള്‍ അതിന്‌ വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാദിര്‍  അബ്ദുല്‍ സലാം (അറബ് സംഗീതം), മനീഷ് സാരംഗി (നാടകം),  മുഹമ്മദ്‌  ശാക്കിര്‍ (ശാസ്ത്രം), ഫൈസല്‍ ഹുദവി (സാമൂഹിക പ്രവര്‍ത്തനം),  അബ്ദുല്‍ കരീം (കലിഗ്രഫി),  രജീഷ്   രവി (ആര്‍ട്ട് ), സാന്ദ്ര രാമചന്ദ്രന്‍ (ഡിബേറ്റ്), അബ്ബാസ്‌ ഒഎം (എഴുത്ത്), ശ്രീദേവി ജോയ് (പത്രപ്രവര്‍ത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടനം, യുവ സംരഭകത്വം) തുടങ്ങിയവരാണ്‌ യൂത്ത് ഐക്കണ്‍ പുരസ്കാരത്തിനര്‍ഹരായത്. 26 ഫൈനലിസ്റ്റുകളില്‍ നിന്നാണ് പുരസ്കാര അര്‍ഹരെ കണ്ടെത്തിയത്.

ഫൈനലിസ്റ്റുകളായ റിയാസ് കരിയാട്, കൃഷ്ണനുണ്ണി, തന്‍സീം കുറ്റ്യാടി, സഫീര്‍ ചേന്ദമംഗല്ലൂര്‍, ഷിറാസ് സിത്താര, ഷിഹാര്‍ ഹംസ, ഷെജി വലിയകത്ത്, സീന ആനന്ദ്, ആര്‍. ജെ. സൂരജ്, നൌഫല്‍ കെ.വി, നൌഫല്‍ ഈസ, മുഹ്സിന്‍ തളിക്കുളം, ഇജാസ് മുഹമ്മദ്‌, ഹംദാന്‍ ഹംസ, അഷ്ടമിജിത്ത്, അക്ബര്‍ ചാവക്കാട് എന്നിവര്‍ക്കുള്ള പ്രശസ്തി പത്രവും പരിപാടിയില്‍ വിതരണം ചെയ്തു.

ചിത്ര പ്രദർശനം
യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ ദോഹയിലെ പ്രമുഘ ചിത്രകാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ദേയമായി. 'വണ്‍ വേള്‍ഡ്, വണ്‍ ലൗ' എന്ന യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ്‌ നടന്നത്. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൌഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാന്‍, സുധീരന്‍ പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്‍, മഹേഷ്‌ കുമാര്‍, സഗീര്‍ പി.എം, സന്തോഷ്‌ കൃഷ്ണന്‍, ബൈജു, ഷാജി ചേലാട്, അര്‍ച്ചന ഭരദ്വാജ്, സവിത ജാക്കര്‍, സന്‍സിത രാമചന്ദ്രന്‍, സന അബുല്ലൈസ്, വാസു വാണിമേല്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും തത്സമയ പെയിന്റിങ്ങിനുമാണ്‌ യൂത്ത് ലൈവ് വേദിയായത്. അൽ ദഖീര യൂത്ത്‌ സെന്റർ അസിസ്റ്റന്റ്‌ ഡയറക്റ്റർ ഈസ അൽ മുഹന്നദി എക്സിബിഷനിലെ കൊച്ചു ചിത്രകാരി സൻസിത രാമചന്ദ്രനു സമ്മാനം നൽകി ആദരിച്ചു.

Wednesday, November 23, 2016

പ്രവാസി സമൂഹം വായന എഴുത്ത്

വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും  രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ പ്രവാസിയെ  പ്രവാസിയാക്കി മാറ്റിയത്. 

വ്യത്യസ്ഥ സ്ഥലങ്ങളില്‍  അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ  ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. എന്നതാണ്  പ്രവാസി,  എഴുത്തിലൂടെയും   വായനയിലൂടെയും  വിളിച്ചു  പറയുന്നത് .

പ്രവാസ ലോകത്ത് ഒരു പാട് പുതിയ  എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും  മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കാൻ  ചിലരെങ്കിലും  ശ്രമിക്കുന്നു.

പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ  ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍,  അസഹിഷ്ണുത   പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം  രൂപപ്പെടുന്ന  ഉപഭോഗ  ക്രയ വിക്രയങ്ങളിലെ   പ്രശ്നം, നാട്ടിൽ  വര്‍ധിച്ചുവരുന്ന ജീര്‍ണത,  മൂല്യച്യുതി ഇത്തരം   വിഷയങ്ങളിൽ  അവഘാഹത്തോടു  കൂടെയുള്ള  എഴുത്തു  കുറവാണ് . ബാഹ്യമായുള്ള  ഒരു  തൊട്ടു  പോക്ക്  മാത്രമേ  ഇത്തരം  വിഷയങ്ങളിൽ  പലപ്പോഴും  ഉണ്ടാവാറുള്ളൂ . ഇത്തരം   കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് അത്  എഴുത്തിൽ  പ്രതിവാദ്യ  വിഷയമാകുകയുളൂ . അതിനു  ആഴത്തിലുള്ള  വായന  അനിവാര്യമാണ്, വായന  കുറയുന്നതും  പ്രവാസികൾ ഇത് നേരിട്ട്  അനുഭവിക്കുന്നില്ല എന്നതും ഇതിനു ഒരു കാരണമാണ്.

രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ഓരോ  എഴുത്തുകാരന്റെയും  ധര്‍മ്മം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയണം   സമൂഹത്തെ ശരിയായി അറിയുന്നവനെ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. എങ്കിലേ  നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  എഴുത്തുകാർക്ക്   കഴിയുകയുള്ളൂ,  സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ  എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. 

കഥകളിലും കവിതകളിലും

ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകൾക്കും കവിതകൾക്കും  ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെയും കവിതകളുടെയും മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. 

പക്ഷെ ഇത് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ യോചിക്കാൻ കഴിയില്ല, പ്രവാസി ഒരിക്കലും ഈ ഒരു പ്രാദേശിക സ്ഥലത്തെ അനുഭവങ്ങളിൽ മാത്രം തളച്ചിടപ്പെടേണ്ടവരല്ല.
ഇത്തരം വിഷയങ്ങൾ ആധാരമാക്കിയ കഥകൾ വായനക്കാർ നെഞ്ചോടു ചേർത്തു വെക്കുന്നു എന്നത് പല എഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു.
 പ്രവാസികളിൽ പ്രശസ്തി നേടിയ പല എഴുത്തും പഠന വിധയമാക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പ്രവാസി  എഴുത്തുകാരുടെ  കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും പ്രവാസ ജീവിതം എന്ന വികാരത്തില്‍ ഒതുങ്ങുന്നു എന്നതാണ്. 

ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു  അത്തരം കഥകള്‍ അധികവും. 
മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ പ്രവാസ   എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. 

കഥയേക്കാൾ ഉപരി അത് പ്രവാസിയുടെ നേരിട്ടുള്ള ജീവിതമായി മാറുന്നു എന്ന ഒരു സത്യമാണ് അതിന്റെ മർമ്മം. അതിനെ ഒരിക്കലും നിഷേധിക്കാനോ തള്ളിപ്പറയാനോ കഴിയില്ല .
ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും  വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ  പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക്  കാണിക്കുകയും ചെയ്തു എന്നതാണ്. 

ഇത്  തുടരുമ്പോഴും  നേരത്തെ സൂചിപ്പിച്ചത് പോലെ നാട്ടിലെ  മലീസമായ  സാമൂഹിക  വ്യവസ്ഥയ്‌ക്കെതിരെ  എഴുതാൻ  പ്രവാസികൾ  മടിക്കുന്നു   എന്നത്  യാഥാർഥ്യമാണ് ലോക മെംബാടും  പീഡിപ്പിക്കപ്പെടുന്ന മൗനഷ്യരുണ്ടന്നിരിക്കെ, ചിന്തയും വിഷയവും ഈ പ്രവാസ ലോകത്ത് പരിമിതപ്പെടുന്നത്  പോലെ.

നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ലോകത്ത് എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ്  സംഭവിക്കുന്നത്. മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും എഴുത്തിലൂടെ കഴിയണം.

ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല പ്രവാസ എഴുത്തുകാരും  വിഷയ മാക്കുന്നു.
സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും  വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ സ്ത്രീ എഴുത്തുകാരും മുന്നോട്ട്  വരാറുണ്ട്,  പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ് .

അറബ് ലോകത്തെ പ്രവാസികൾ .

ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി  അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും പ്രവാസി അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. 

അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും മലയാളികൾ  പരിചയപ്പെട്ടിട്ടുണ്ട്  അറിയാത്ത  ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും   ശ്രമിക്കേണ്ടതുണ്ട്‌.   അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ  വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ വര്ഷം( 2014 ) കേരള സാഹിത്യ അക്കാദമി ആദ്യമായി  നാട്ടിൽ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളം അറബി അന്തർ ദേശീയ സാഹിത്യോത്സവം ഒരു പാട് പ്രതീക്ഷ നൽകുന്നതായിരുന്നു.  
മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരധ്യായം രേഖപ്പെടുത്തുകയായിരുന്നു. ടാഗോർ പുരസ്കാരം നേടിയ ശിഹാബ് ഗാനിമിനെ ആദരിക്കുകയുണ്ടായി. അറബ് ലോകത്തെ എഴുത്തുകാരായ സ്വാലിഹ ഉബൈദ് ഗാബിശ്, ഡോ. മര്‍യം അശ്ശിനാസി, ഖാലിദ് സാലിം അല്‍റുമൈമി, അസ്ഹാര്‍ അഹ്മദ്, ഫലസ്തീൻ കവയത്രി ലിയാന ബദ്ര്‍ , ഇറാഖ് കവി മഹമൂദ് സായിദ്, സിറിയൻ കവി അലി ഖനാണ്, ഈജിപ്ത് കവി മുഹമ്മദ് ഈദ് ഇബ്‌റാഹീം, തുടങ്ങിയവർ ആ സംഗമത്തിൽ പങ്കെടുത്തിരുന്നു. സാമൂഹികജാഗരണത്തിന്റെ ആഴമുള്ള അനുഭൂതികള്‍ കാവ്യഭാവുകത്വത്തിലേക്ക് സന്നിവേശിപ്പിച്ചു  മലയാള കവിതയുടെയും  അറബി കവിതയുടെയും  കാല്പനികതയുടെ ധാരയെ സജീവമാക്കി അപൂര്‍വ്വ ചാരുതയാര്‍ന്ന സാഹിത്യ ശില്‍പ്പങ്ങള്‍ കൊത്തി വെക്കുകയായിരുന്നു.  തനിമയാര്‍ന്നതും ബഹുസ്വരവുമായ അറബി സാഹിത്യത്തില്‍നിന്ന് അനേകം ആവിഷ്‌കാര മാതൃകകള്‍ മലയാളത്തിന് സ്വാംശീകരിക്കാനുണ്ടെന്നും നമ്മുടെ ഭാഷയില്‍നിന്ന് അറബിയിലേക്കും തിരിച്ചും നടക്കുന്ന ആദാന പ്രദാനങ്ങള്‍ ഇരുഭാഷകളെയും സര്‍ഗാത്മകമായി സമ്പുഷ്ടമാക്കുമെന്നും സംഗമം വിളിച്ചോതി.കേരളവും ഗൾഫ് നാടുകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ കൊണ്ട്  സാധിക്കുമെന്നതിൽ സംശയമില്ല.  
അറബ്  ലോകത്തും ഇത്തരം അറബ് മലയാളം സാഹിത്യ സംഗമങ്ങൾ  കൂടുതലായി  നടക്കേണ്ടിയിരിക്കുന്നു. ഖത്തറിലെ എഫ് സി സി  സംഘടിപ്പിച്ച ഇൻഡോ അറബ് സംസ്കാര വേദി ശ്രദ്ധേയമായിരുന്നു. ഗൾഫിൽ നടക്കുന്ന അന്താ രാഷ്ട്ര പുസ്തക മേളകളിൽ കേരളത്തിന്റെ പ്രസാധകർ പുസ്തകവുമായി വരുന്നത് പ്രവാസി വായനയ്ക്കാർ ഒരു പാട് സന്തോഷം നൽകുന്നു.

വിവർത്തകർക്ക്  പ്രവാസി  സമൂഹം  കൂടുതൽ  പ്രോത്സാഹനം   കൊടുക്കേണ്ടിയിരിക്കുന്നു .

സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം കുറെയൊക്കെ മലയാളികൾ അറിഞ്ഞിട്ടുണ്ട് .
സച്ചിതാനന്ദനെ പോലെയുള്ള   കവികൾ   ഇതിനു  വേണ്ടി  ഒരു  പാട്  ശ്രമങ്ങൾ  നടത്തുന്നു . അവരുടെ സേവനം വളരെ വലുതാണ്  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും മലയാളികൾ  നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ  അവരെ  പരിചയപ്പെടുത്താൻ  മുൻപന്തിയിൽ  നിൽക്കേണ്ടത്  പ്രവാസ  എഴുത്തുകാരും  വായനക്കാരുമാണ്. പക്ഷെ  എത്ര  പ്രവാസികൾ  അതിനു  ശ്രമിക്കുന്നുണ്ട് 

പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്   ആശയ ദാരിദ്ര്യം പ്രവാസ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ  ചിന്തയില്‍നിന്നും  ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും  ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.

ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു.  എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, 

ചില എഴുത്തുകൾ  നാം  വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.

പ്രവാസികളുടെ  ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന  സോഷ്യൽ  മീഡിയ  ബ്ലോഗ് പോലുള്ള   സംവിധാനങ്ങൾ  സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.  യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം  പ്രവാസ  എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ഓരോ  എഴുത്തുകാരനും  കഴിയണം. 
നിരന്തരമായ വായനയും ഓരോ വിഷയത്തിലുള്ള പഠനവും പ്രവാസികൾക്കാവശ്യമാണ്. എങ്കിൽ മാത്രമേ മൂല്യവത്തായ രചനകൾ സമൂഹത്തിനു മുൻപിൽ പ്രവാസികൾക്ക് സമർപ്പിക്കാൻ കഴിയുകയുള്ളൂ

Thursday, August 11, 2016

അയാള്‍ ശരിക്കും ക്യാപ്റ്റനായിരുന്നു

സ്വപ്‌നങ്ങളുടെ ആകാശത്തേക്ക് ഒരായിരം പേരെ പറത്താന്‍ കഴിയുന്ന പൈലറ്റായിരുന്നു അയാള്‍- ക്യാപ്റ്റന്‍ അബൂ റായിദ്. ശരിക്കും അയാള്‍ ക്യാപ്റ്റനായിരുന്നില്ല, വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരന്‍ മാത്രമായിരുന്നു. എന്നിട്ടും വിമാനത്താവളത്തിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും കിട്ടിയ ക്യാപ്റ്റന്റെ ഒരു പഴയ തൊപ്പി അയാളെ കുട്ടികള്‍ക്കിടയിലെ ഹീറോയാക്കുന്നു. അയാള്‍കുട്ടികളുടെ മാത്രം ഹീറോ ആയിരുന്നില്ല, ജീവിതത്തിലും ഹീറോ തന്നെയായിരുന്നു. 

ക്യാപ്റ്റന്‍ അബൂ റായിദ് എന്ന ചലച്ചിത്രം കാഴ്ചക്കാരനെ കൊണ്ടുപോകുന്നത് അതിമനോഹരമായ ഇതിവൃത്തത്തിലേക്കാണ്. പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറാദ് ചെറിയൊരു കുട്ടിയായിരുന്നു. അബൂ റായിദ് എന്ന 'ക്യാപ്റ്റന്‍ അബൂ റായിദ്' കുട്ടികള്‍ക്കു കഥപറഞ്ഞും മുതിര്‍ന്നവരുടെ ലോകത്ത് ഇടപെട്ടും കഴിഞ്ഞിരുന്ന അക്കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 

മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഈ ചലച്ചിത്രത്തിന് വേണ്ടി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജോര്‍ദാനിയന്‍ സ്വദേശി അമിന്‍ മതാല്‍ഖാ രചനയും സംവിധാനവും നിര്‍വഹിച്ച ക്യാപ്റ്റന്‍ അബു റായിദ് 2007ലാണ് പുറത്തിറങ്ങിയത്. 27ലേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച അറബിക് സിനിമയില്‍ അബു റായിദായി നദീം സ്വാല്‍ഹയാണ് വേഷമിട്ടത്. റനാ സുല്‍ത്താന്‍ നൂറയായും ഹുസൈന്‍ അല്‍സൂസ് മുറാദായും ഉദയ് അല്‍ ഖുദ്‌സി താരിഖായും ഗാന്ധി സാബിര്‍ അബു മുറാദായും ദിനാ രഅദ് ഉമ്മു മുറാദായും അഭിനയിച്ചിരിക്കുന്നു. 

അബൂ റായിദ് താമസിക്കുന്ന മനോഹരമായ പഴയ വീടിനടുത്ത് കുറേ കുട്ടികള്‍ കളിക്കാറുണ്ട്. അവര്‍ റായിദുമായി വളരെ വേഗത്തിലാണ് അടുപ്പത്തിലാകുന്നത്. പ്രസന്നമായ മുഖമുള്ള അബൂ റായിദ് എപ്പോഴും പുഞ്ചിരിയോടെയാണ് സംസാരിക്കുക. ഒറ്റ നോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്ന മുഖത്തോടെയുള്ള മധ്യവയസ്‌കനാണ് അദ്ദേഹം.

വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരനാണ് അബു റായിദ്. ഒരു ദിവസം അദ്ദേഹത്തിന് എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും ക്യാപ്റ്റന്റെ പഴയയൊരു തൊപ്പി ലഭിക്കുന്നു. അതും ധരിച്ചെത്തുന്ന അബൂ റായിദിനെ കാണുന്ന കുട്ടികള്‍ അദ്ദേഹം പൈലറ്റാണെന്ന് വിശ്വസിക്കുകയും ക്യാപ്റ്റനെന്ന് വിളിക്കുകയും ചെയ്യുന്നു. താരിഖ് എന്ന കുട്ടി അബൂ റായിദിനോട് നിങ്ങള്‍ കാപ്റ്റനല്ലേയെന്ന് ചോദിക്കുന്നുമുണ്ട്. അതിനദ്ദേഹം അല്ല എന്നാണ് മറുപടി നല്കുന്നതെങ്കിലും അത് വിശ്വസിക്കാന്‍ താരീഖ് തയ്യാറാകുന്നില്. താരിഖ് മറ്റു കുട്ടികളെയും കൂട്ടി അബൂ റായിദിന്റെ അടുത്ത വരികയും എല്ലാവരും ചേര്‍ന്ന് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു അബൂ റായിദിന്റെ കൂടെ ഇരിക്കുകയുമാണ്. ഈണത്തില്‍ അവര്‍ പാട്ടുകള്‍ പാടുന്ന അവരോടൊപ്പം ഡിങ് ഡിങ് ടോം ടോം, ഡിങ് ഡിം ഡോങ് ടോമെന്ന് അബൂറായിദും കൂടുന്നുണ്ട്. 

കുട്ടികളുമായി കളി ചിരിയുമായി കഴിയുന്ന രംഗം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമാനം പറക്കുന്നതിനെ കുറിച്ച് അബൂ റായിദിനോട് ചോദിക്കുന്ന കുട്ടികള്‍ സാഹസികതയെ കുറിച്ചും ഓരോന്നായി അന്വേഷിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ വിമാനം പറത്തിയിട്ടുണ്ടെന്നുള്‍പ്പെടെയുള്ള കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ റായിദിനെ അത്ഭുതപ്പെടുത്തുന്നു. അതിനെല്ലാം രസകരമായ മറുപടിയാണ് അദ്ദേഹം നല്കുന്നത്. യഥാര്‍ഥത്തില്‍ അമ്മാന്‍ എയര്‍പോര്‍ട്ടിലെ ക്ലീനിംഗ് ജോലിക്കാരനാണെങ്കിലും കുട്ടികളുടെ ആകാംക്ഷയും അതവരില്‍ നിറക്കുന്ന പ്രതീക്ഷയും മനസ്സിലാക്കി അബൂ റായിദ് അവരുടെ മുമ്പാകെ ക്യാപ്റ്റനായി മാറുകയായിരുന്നു.


എന്നും കലഹമുണ്ടാക്കുന്ന ഒരു കുടുംബമായിരുന്നു അബൂ റായിദിന്റെ അയല്‍പക്കത്തുണ്ടായിരുന്നത്. കുടുംബനാഥനായ അബൂ മുറാദ് എന്നും കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്നയാളാണ്. കലഹത്തിന്റെ ശബ്ദം പലപ്പോഴും അബൂ റായിദിന് അസഹ്യമായിരുന്നു. 


കുട്ടികളില്‍ മുറാദ് എന്ന മുതിര്‍ന്ന കുട്ടി മാത്രം അബൂ റായിദിന്റെ സംസാരം കേള്‍ക്കാതെ മാറി ഇരിക്കുകയാണ്. അബൂ റായിദ് ക്യാപ്റ്റനല്ലെന്ന് മനസ്സിലാക്കിയ മുറാദ് മറ്റു കുട്ടികളോട് ഇക്കാര്യം പറയുന്നു. മുറാദിന്റെ വാക്കുകള്‍ മറ്റു കുട്ടികള്‍ വിശ്വസിക്കാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നും പിതാവിന്റെ പണം മോഷ്ടിച്ചു മൂന്നു കുട്ടികളെയും കൂട്ടി മുറാദ് ടാക്‌സിയില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് എയര്‍പോര്‍ട്ടിലേക്ക് പോവുകയാണ്. അവിടെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ട റായിദിനെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും മറ്റു കുട്ടികളുടെ മനസ്സില്‍ അത് വല്ലാത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. 

തന്റെ ജോലിക്കിടയില്‍ വ്യത്യസ്തരായ നിരവധി പ്രമുഖരെ അബൂ റായിദ് കാണുന്നുണ്ട്. വ്യത്യസ്ത ഭാഷകളില്‍ കൊച്ചു പദങ്ങള്‍ ഉപയോഗിക്കാനും റായിദിന് കഴിയുന്നുണ്ട്. ഒരു ഫ്രഞ്ച് യാത്രക്കാരനോടുള്ള സംസാരത്തിലൂടെയാണ് സംവിധായകന്‍ അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കുന്നത്. അതിനിടയില്‍ അബൂ റായിദ് യഥാര്‍ഥ പൈലറ്റായ നൂറയെ പരിചയപ്പെടുകയാണ്. അബൂ റായിദിനോടൊപ്പം ഒരു ബസ് യാത്ര ചെയ്യാന്‍ ഇടയായ നൂറ, ഇത്രയും അറിവും ബുദ്ധിയും ഉണ്ടായിട്ടും നിങ്ങള്‍ എന്താണ് ക്ലീനിംഗ് ജോലി ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ട്. അതിന് വ്യക്തമായ ഉത്തരം നല്‍കാതെ ജീവിതത്തിന്റെ മറ്റു മേഖലയിലേക്കുള്ള ചിന്തയിലേക്ക് നീങ്ങുകയാണ് റായിദ്. നൂറയോടൊപ്പം ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ റായിദ് പുസ്തകം വായിക്കുകയായിരുന്നു. ഏതു പുസ്തകമാണ് താങ്കള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്ന നൂറയുടെ ചോദ്യത്തിന് 'മൗസിമുല്‍ ഹിജ്‌റത് ഇല ഷമാല്‍' എന്ന പേരാണ് അബൂ റായിദ് മറുപടിയായി പറയുന്നത്. ത്വയ്യിബ് സാലിഹിന്റെ പുസ്തകമല്ലേ ഇതെന്ന നൂറയുടെ ചോദ്യത്തിന് അതെയെന്ന് പറയുന്നു. (അറബി ഭാഷയിലെ വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ് അത്). രണ്ടായിരത്തോളം പ്രശസ്തമായ പുസ്തകങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നും അബൂ റായിദ് നൂറയോട് പറയുന്നുണ്ട്. ആ സംസാരത്തില്‍ നിന്നും നൂറയ്ക്ക് റായിദിനോടുള്ള ബഹുമാനം വര്‍ധിക്കുകയാണ്. 

ഒരു ദിവസം തന്റെ മുറി സന്ദര്‍ശിക്കുന്ന നൂറയുമായി റായിദ് വീടിന്റെ മുകളിലെ ടെറസ്സിലേക്ക് പോകുന്നു. തനിക്ക് ലോകം കാണണമെന്ന് തോന്നുമ്പോള്‍ ഈ ടെറസ്സില്‍ മലര്‍ന്നു കിടക്കുമെന്നും അമ്മാനിന്റെ മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ നിന്നും കാണാമെന്നും അദ്ദേഹം പറയുന്നു. കുറച്ചു നേരം അവിടെ ഇരുന്ന നൂറ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നുണ്ട്. റായിദാകട്ടെ മകന്‍ നഷ്ടപ്പെട്ട കഥയും ഭാര്യയുടെ മരണത്തെ കുറിച്ചുമാണ് നൂറയോട് സംസാരിക്കുന്നത്. 

മദ്യപിച്ച് വന്ന അബൂ മുറാദ് ഭാര്യയേയും മക്കളേയും തല്ലുന്നു. കൈക്ക് മുറിവേറ്റ് മുറാദ് വേദന സഹിക്കാതെ റായിദിന്റെ വീട്ടിലേക്കാണ് പോയത്. റായിദ് മുറാദിന്റെ മുറിവ് വെച്ച് കെട്ടുകയാണ്. മുറാദ് തന്റെ പഴയകാല പ്രവര്‍ത്തനങ്ങളില്‍ റായിദിനോട് ക്ഷമ ചോദിക്കുന്നുണ്ട്. 

സ്‌കൂളില്‍ പോകാതെ ബിസ്‌കറ്റ് വിറ്റു നടക്കുന്ന താരിഖിനെ കാണുന്ന റായിദ് മുഴുവന്‍ ബിസ്‌കറ്റും വില കൊടുത്തു വാങ്ങി അവനെ സഹായിക്കുകയാണ്. അവനോട് സ്‌കൂളില്‍ പോകാന്‍ പറയുകയും താരിഖിന്റെ പിതാവിനെ കാണാന്‍ പോവുകയും ചെയ്യുന്നു. താരിഖിനെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അബു റായിദ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ മകന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുട്ടികളുടെ പ്രതീക്ഷകളെയും അവര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന കഴിവുകളെയും അബൂ റായിദിന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നല്‍കുന്ന ചിന്തകള്‍ വലിയ മാറ്റത്തിന് സാധ്യമാകുന്നു. ഇത്തരം സാമൂഹിക പാശ്ചാലത്തില്‍ അബൂ റായിദിനെ പോലെയുള്ളവര്‍ ജീവിക്കേണ്ട ആവശ്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന് കഴിയുന്നു എന്നത് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ വിജയമാണ്.  


അബൂ മുറാദിന്റെ പീഡനം സഹിക്കവയ്യാതായ ഭാര്യയേയും കുടുംബത്തേയും രക്ഷപ്പെടുത്താന്‍ നുറ തയ്യാറാവുകയാണ്. അബൂ മുറാദ് വീട്ടില്‍ തിരികെയെത്തുന്നതിന് മുമ്പ് നൂറയോടൊപ്പം പോകാന്‍ തയ്യാറാകുന്ന മുറാദ് യാത്രയ്ക്കു മുമ്പ് അബൂ റായിദിന്റെ പഴയ ക്യാപ്റ്റന്‍ തൊപ്പി അദ്ദേഹത്തിന് തിരികെ നല്കുകയാണ്. എന്നാല്‍ ഈ തൊപ്പി മുറാദിന്റെ തലയില്‍വെച്ചുകൊടുത്താണ് അബൂ റായിദ് അവരെ യാത്രയയക്കുന്നത്. 

അബൂ മുറാദിന്റെ വരവും കാത്ത് അബൂ റായിദാണ് അവരുടെ വീട്ടിലിരിക്കുന്നത്. ഭാര്യയേയും മക്കളേയും കാണാതെ അബൂ റായിദിനെ മാത്രം കാണുന്ന അബു മുറാദ് ദേഷ്യപ്പെടുകയാണ്. തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അബു റായിദിനുനേരെ വലിയൊരു വടിയുമായി അബു മുറാദ് തിരിയുകയാണ്. അടഞ്ഞുകിടക്കുന്ന വാതിലിനപ്പുറത്തി നിന്നുള്ള ബഹളം മാത്രമാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്.

പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 

2007ല്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍, 2008ല്‍ ഡര്‍ബന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, ഹേര്‍ട്ട്‌ലാന്റ് ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റര്‍ ഹേര്‍ട്ട് അവാര്‍ഡ്, ന്യൂപോര്‍ട്ട്ബീച്ച് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള ജൂറി പുരസ്‌ക്കാരം, സെറ്റില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് തുടങ്ങിയവ ക്യാപ്റ്റന്‍ അബു റായിദ് കരസ്ഥമാക്കിയിട്ടുണ്ട്.

Friday, July 1, 2016

യൂഫ്രട്ടീസ് തീരത്തെ ആട്ടിന്‍ കുട്ടികള്‍ അനാഥരാണ്


ഖലീഫ ഉമര്‍(റ) തന്റെ സഹായിയായ അസ്‌ലമിനോടൊപ്പം വേഷപ്രച്ഛന്നനായി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി നടക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടിനടുത്ത് എത്തിയപ്പോള്‍ അവിടെ വെളിച്ചമുണ്ട്. കുട്ടികളുടെ കരച്ചിലും കേള്‍ക്കുന്നു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ അടുപ്പില്‍ ഒരു കലം വെച്ചു തീ കത്തിക്കുന്ന സ്ത്രീയേയും അതിനും ചുറ്റും വിശന്നു കരയുന്ന കുട്ടികളെയും  അദ്ദേഹം കണ്ടു. 
ഉമര്‍ ചോദിച്ചു: 'ഈ കലത്തില്‍ എന്താണ്?'
സ്ത്രീ പറഞ്ഞു: 'വെറും വെള്ളം. കുട്ടികള്‍ക്ക്  ഉറക്കം വരുംവരെ അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിവെച്ചതാണ്. ഈ നാട്ടിലെ ഭരണാധികാരിയായ ഉമര്‍ ഇതൊന്നും കാണുന്നില്ലല്ലോ?'
ഇത് കേട്ടപ്പോള്‍ ഉമര്‍ അവിടെ നിന്നും നേരെ പൊതുഖജനാവിലേക്ക് പോയി ഗോതമ്പിന്റെ ചാക്കും വെണ്ണയും എടുത്ത് ആ വീട്ടിലേക്കു തിരിച്ചു.

'ഈ ഗോതമ്പ് ചാക്ക്  ഞാന്‍ ചുമക്കാം'-  അസ്‌ലം പല തവണ  പറഞ്ഞിട്ടും ഉമര്‍ അതിന് സമ്മതിച്ചില്ല. അദ്ദേഹം തന്നെ ഗോതമ്പ് മാവും  വെണ്ണയും ചുമന്നു. ആ വീട്ടിലെത്തിയപ്പോള്‍ ഉമര്‍ തന്നെ അടുപ്പില്‍ തീ ഊതി ഗോതമ്പ് മാവ് പാകം ചെയ്ത് സ്ത്രീ നല്കിയ ഒരു പാത്രത്തില്‍ വിളമ്പി. കുട്ടികളെ ഭക്ഷിപ്പിക്കാന്‍ സ്ത്രീയോട് പറഞ്ഞു.
കുട്ടികള്‍ വയറു നിറച്ചു തിന്നു. മിച്ചമുള്ളത് അവിടെ വെച്ചിട്ട് ഉമറും അസ്‌ലമും തിരിച്ചു പോകാന്‍ എഴുന്നേറ്റു.
വേഷപ്രച്ഛന്നനായ ഭരണാധികാരിയെ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ഉമറിനോട്  പറഞ്ഞു: 'നിങ്ങള്‍ ചെയ്ത ഉപകാരത്തിന് ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കട്ടെ. ഭരണം നടത്താന്‍ ഉമറിനെക്കാള്‍ പറ്റിയ ആള്‍ നിങ്ങളാണ്.'
ഉമര്‍ ആ സ്ത്രീയോട് പറഞ്ഞു: 'നിങ്ങള്‍ നാളെ അമീറുല്‍ മുഅ്മിനീന്റെ അടുത്ത വരണം. അവിടെ എന്നെ കാണാം.'
ഈ റമദാനിലും  ഭക്ഷണമായും വസ്ത്രങ്ങളായും മരുന്നായും മറ്റും ലക്ഷക്കണക്കിന് റിയാലിന്റെ സഹായ വിതരണമാണ് നടക്കുന്നത്.  അഭയാര്‍ഥി കാംപുകളിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും മികച്ച ആസൂത്രണത്തോടെ ഖത്തര്‍ പോലെയുള്ള അറബ് രാജ്യങ്ങള്‍ സഹായമെത്തിക്കുന്നു. എന്നിട്ടും എത്രയോ പാവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  ഇത്തരം സഹായങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. 
  പല സന്നദ്ധ സംഘടനകളും ദരിദ്രരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഒരുപാട് പാവങ്ങള്‍ക്കും നിരാലംബര്‍ക്കും ഈ സഹായം തുണയാവുന്നു. റിലീഫിന്റെ കിറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്ന എത്രയോ പാവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരം നല്ല സംരംഭങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് സുമനസ്സുകള്‍ നാട്ടിലും പ്രവാസ ലോകത്തുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും യാതൊരു തരത്തിലുമുള്ള പ്രസിദ്ധിയും ആഗ്രഹിക്കാത്തവരാണ്. ദൈവപ്രീതി മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഓരോ വര്‍ഷവും റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തുമ്പോള്‍ നാട്ടിലെ സംഘടനകള്‍ തമ്മില്‍  കുറച്ചു കൂടെ ആസൂത്രണം നടത്തേണ്ടിയിരിക്കുന്നു. പല മഹല്ല് കൂട്ടായ്മകളും തങ്ങളുടെ മഹല്ലിലെ കഷ്ടത അനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആസൂത്രണമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയും. ഈ രംഗത്തും സാമ്പത്തിക വിദഗ്ധരേയും പട്ടിണി നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കും.

ഈ കാര്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റു ചിലതുണ്ട്. ചെറിയ സഹായങ്ങളാണങ്കിലും അതിന് വലിയ പ്രചാരണം കൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായതോടെ പ്രചരണവും കൊഴുത്തിട്ടുണ്ട്. സഹായം ലഭിച്ച ആളുടേയോ കുടുംബത്തിന്റേയോ ഫോട്ടോയും വിവരണങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. സഹായം ലഭിക്കുന്ന ആളുടെ താത്പര്യം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടാറേയില്ല. ഒരുപക്ഷെ അവരുടെ ഗതികേട് കൊണ്ടും നിര്‍ബന്ധം കൊണ്ടുമായിരിക്കും ഫോട്ടോ എടുക്കാന്‍ പോലും നില്‍ക്കേണ്ടി വന്നത്. അവരുടെ ദയനീയ അവസ്ഥയെ തികച്ചും ചൂഷണം ചെയ്യുന്നത് പോലെയാണിത്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് സഹായം വാങ്ങാന്‍ എത്തുക. കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ ഫോട്ടോ എടുത്ത് അത് പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ അവനുണ്ടായേക്കാവുന്ന  പ്രയാസം കാണാതെ പോവുകയാണ്. ഈ കാര്യങ്ങളൊന്നും മനഃപ്പൂര്‍വ്വമായിരിക്കില്ലെങ്കിലും സഹായം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ മറന്നു പോവുകയാണ് പതിവ്. 

ദരിദ്രരെ ആരുമറിയാതെ സഹായിക്കുന്ന രീതി എത്ര മാതൃകാപരവും മഹത്തരവുമായിരിക്കും. സഹായങ്ങള്‍ ആരുമറിയാതെ വീട്ടിലെത്തിച്ച് ഇത് നിങ്ങളുടെ അവകാശമാണെന്നും ഞങ്ങളുടെ ആനുകൂല്യമല്ലെന്നും പറയുമ്പോള്‍  അവര്‍ അനുഭവിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളുമുണ്ടെന്നു കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 

പ്രശസ്ത ഈജിപ്ത്യന്‍എഴുതുകാരന്‍ മുസ്തഫ ലുതുഫി തന്റെ വീക്ഷണം എന്ന പക്തിയില്‍ ഒരിക്കല്‍ എഴുതി, 'നീ രാത്രി കാലങ്ങളില്‍ പാവപ്പെട്ടവരുടെ വീടിന്റെ മുമ്പിലൂടെ നടക്കുക. നീ അറിയാതെ, നീ സഹായിച്ച പാവങ്ങള്‍ നിന്നെ പറ്റി പറയുന്ന നല്ല വാക്കുകള്‍ ഉണ്ടല്ലോ അത് കേള്‍ക്കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ല. അത്രയും ആനന്ദകരമായിരിക്കും നിന്റെ കാതുകള്‍ക്ക് അവരുടെ ആ സംസാരം.' ഇവിടെയാണ് ഖലീഫ ഉമര്‍ നമുക്ക് കാണിച്ചു തന്ന മാതൃക പിന്തുടരേണ്ടത്. ഭക്ഷണവുമായി ഉമര്‍ ആ വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചുമക്കാം ഈ ഗോതമ്പ് മാവ് എന്ന് പല തവണ അസ്‌ലം പറഞ്ഞിട്ടും സമ്മതിക്കാതെ ഖലീഫ തിരികെ ചോദിച്ച ഒരു ചോദ്യമുണ്ട്- 'അന്ത്യനാളില്‍ എന്റെ പാപഭാരം ചുമക്കാന്‍ നിനക്ക് കഴിയുമോ അസ്‌ലം'?. ഈ ചോദ്യം ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. 

മറ്റൊരിക്കല്‍ ഖലിഫ ഉമര്‍ രാത്രി സഞ്ചരിക്കുമ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു. പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയുടെ കരച്ചില്‍ ആയിരുന്നു അത്. അവള്‍ പറഞ്ഞു എനിക്കിവിടെ ആരുമില്ല. ഇത് കേട്ടപ്പോള്‍ ഉമര്‍ വീട്ടിലേക്ക് ഓടി ഭാര്യ ഉമ്മുക്കുല്‍സൂമിനോട് പറഞ്ഞു, നിനക്ക് പുണ്യം ലഭിക്കാന്‍ ഒരു വഴി തുറന്നു വന്നിട്ടുണ്ട്. കാര്യങ്ങള്‍ ഉമര്‍ വിവരിച്ചു കൊടുത്തു. കുറച്ചു ഭക്ഷണവും വെണ്ണയും ഉമറും, പ്രസവ ശുശ്രൂക്കാവശ്യമായ സാധനങ്ങളുമായി ഉമ്മുകുത്സൂമും ആ വീട്ടിലേക്ക് വേഗത്തില്‍ നടന്നു.

ഉമര്‍ അവരുടെ ഭര്‍ത്താവിനോടൊപ്പം പുറത്തും ഉമ്മുകുത്സൂം വീട്ടിനുള്ളിലേക്കും പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ഉമ്മുകുത്സൂം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍ ഒരാണ്‍ കുഞ്ഞ്.' ഇത് കേട്ടപ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവ് ഞെട്ടി.  അപ്പോഴാണ് തന്റെ വീട്ടില്‍ ഭാര്യയേയും കൂട്ടി വന്നിരിക്കുന്നത് ഖലീഫ ഉമര്‍ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തന്റെ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി', അത് ഏർപ്പാട്   ചെയ്തത് റോമ- പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ  കണ്ണുകള്‍ നിറഞ്ഞു. ഉമറിനോട് ഖേദം പ്രകടിപ്പിച്ചു. ഉമര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് തിരിച്ചു പോന്നു.

ജാതി- മത ചിന്തകള്‍ക്കതീതമായി എല്ലാ ജാതി മത വിഭാഗങ്ങളിലുള്ള പാവങ്ങളെയും ഒരു പോലെ കാണാനും അയല്‍ക്കാര്‍ക്ക് തങ്ങളുടെ സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുന്നുവെന്ന ബോധം പകര്‍ന്നു നല്കുവാനും ഓരോ വിശ്വാസിക്കും കഴിയണം. സഹായിക്കാന്‍ കഴിയുമെന്നിരിക്കെ ഒരു വിശ്വാസിയുടെയും അയല്‍ക്കാരന്‍ പട്ടിണിയാലോ സാമ്പത്തിക ബാധ്യതയാലോ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. നോമ്പ്തുറകളിലും മറ്റും ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി  അത് പാഴാക്കപ്പെടുമ്പോള്‍ ലോകത്ത് ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ടെന്ന ബോധം ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതുണ്ട്. വിശപ്പിന്റെ വില ശരിക്കും അറിഞ്ഞവരായിരുന്നു പ്രവാചകരും അനുയായികളും. ഒരിക്കല്‍ പ്രവാചകന്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. വഴിയില്‍ അദ്ദേഹം അബൂബക്കറിനേയും ഉമറിനെയും കണ്ടു. വിശപ്പ് സഹിക്ക വയ്യാതെ അബൂബകറും ഉമറും രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. പ്രവാചകന്‍ ചോദിച്ചു: നിങ്ങളെന്താണ് ഈ സമയത്ത്? അവര്‍ പറഞ്ഞു: 'വിശപ്പാണ് പ്രവാചകരെ.'  എന്നിട്ടവര്‍ തിരികെ ചോദിച്ചു: 'എന്താണ് നബിയേ അങ്ങീ രാത്രിയില്‍ ഇറങ്ങി നടക്കുന്നത്?' 'നിങ്ങള്‍ ഏതു കാരണത്താലോ വന്നത്, അതേ കാരണം തന്നെ.'
സര്‍വ ഐശ്വര്യങ്ങള്‍  കൊണ്ട് അനുഗ്രഹീതമായ മക്കയെ വിളിച്ചു മഹാനായ  കവി അല്ലാമാ ഇഖ്ബാലിന്റെ ചോദ്യം എത്ര പ്രസക്തം:
'ഹേ; മക്കാ ദേശമേ.... എന്തുകൊണ്ട് നീയൊരു ഉമര്‍
ഫാറൂഖിനെ വീണ്ടും ഉയര്‍ത്തുന്നില്ല'
ഭരണാധികാരിയായ  ഉമര്‍ ആണ് ഈ കാര്യങ്ങള്‍ ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് കൊട്ടിഘോഷിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പ്രവാചകന് ശേഷം യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി സംരക്ഷണം ലഭിക്കാതെ ചത്തു പോയാല്‍ അതിന്റെ പേരില്‍ അല്ലാഹു എന്നെ ചോദ്യം ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് പ്രഖ്യാപിച്ച ഉമറിനെക്കാള്‍ മാതൃകയാക്കാന്‍ ലോകത്ത് വേറെ ഏത് ഭരണാധികാരിയുണ്ട്?

Friday, April 22, 2016

ഇബ്നു തുഫൈലിന്റെ ദാർശനികത - 2

മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി......
കഥ തുടരുന്നു
മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II
ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. 
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. 
ജീവിതത്തിന്റെ  പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി.

മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല  ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു,  കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും,  വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാനിന്റെ  ഉള്ളറ മുഴുവന്‍  പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ  രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.

തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു.  നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അവന്റെ  ചിന്ത സസ്യങ്ങളിലും  ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ  കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ്  ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍  നിന്നുള്ള  ജല്പനങ്ങള്‍  അവന്‍ കേട്ടുകൊണ്ടിരുന്നു. ന്തരാത്മാവിനും അനുഭൂതികള്‍ക്കും  ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍  മനോഹരമായ പച്ചപ്പിലേക്കും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,  കിളികളോടു തത്തകളോടും  കുരുവികളോടും  നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍  അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു  ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. 

പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു  പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ  കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും  നിലാവിലും  സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ  കണ്ടത്തി.

തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി  പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി,  നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല,  ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം.
ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ്  ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു.

നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍  എത്തിയ  ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.

ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന്‍ നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും  തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍  ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ  ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.

ചുറ്റും വിജനതയായിരുന്നു.  തന്റെ ചുറ്റുപാടുകളെ  ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ  തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

പുറംലോകത്തിന്റെ ആരവങ്ങളില്‍  നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ  വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍  ആവിർഭവിച്ചു. ഹയ്യ്  ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു.

കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്,  തിന്മകള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം  ഉസാലിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന്‍ പറഞ്ഞു,  ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു.

മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു.  മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി  ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്‍റെ മനസ്സില്‍ ഒന്നുരണ്ടു  ചോദ്യങ്ങള്‍ ബാക്കിയായി,  പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു  അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം  ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്കുന്നുണ്ട്.

ഉസാലിന്റെ ദ്വീപിലേക്ക്  പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക്  അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന്‍ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............

ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ   ഹയ്യ്  സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു  പ്രയോജനവുമില്ലന്നു  വിശ്വസിക്കുകയും  ഇതാണ്  ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍  തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി  ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി. 

മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മ
ത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.  .വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".Related Posts Plugin for WordPress, Blogger...