Wednesday, September 30, 2015

എന്റെ നാദാപുരം - 2

എന്റെ നാദാപുരം
ഉണ്ണിയാര്‍ച്ചയുടെ ചരിത്രമുറങ്ങുന്ന നാട്, കുറ്റിപ്പുറം കോവിലകം ഉള്‍പ്പെട്ടിരുന്ന പ്രദേശം, വടക്കന്‍ പാട്ടിന്റെ വീര ഗാഥകള്‍ കേട്ട് പുളകമണിഞ്ഞ മണ്ണ്, അങ്കത്തട്ടുകളുടെ പടകാളി മുറ്റം, കടത്തനാടന്‍ കളരി ചൂരക്കുടി കളരി എന്നിവ കൊണ്ട് പേരുകേട്ട നാട്. പ്രസിദ്ധമായ നാദാപുരം പള്ളി സ്ഥിതിചെയ്യുന്ന നാദാപുരം ഒരു കാലത്ത് ഇസ്‌ലാംമത പഠന രംഗത്ത് രണ്ടാം പൊന്നാനി എന്നായിരുന്നു അറിയപ്പെട്ടത്.

പാറയില്‍ ശിവക്ഷേത്രം, വിഷ്ണുമംഗലം ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ഹിന്ദു ആരാധനാലയങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. ഇങ്ങനെ നിരവധി ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന, സാംസ്‌കാരിക പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നാടാണ് നാദാപുരം.

സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും ഉണര്‍ത്തി വലിയ മനുഷ്യര്‍ കടന്നു പോയ പ്രദേശം. സംസ്‌കാരം ജ്വലിച്ചു നിന്ന മനുഷ്യരാശിക്ക് ഒരുപാട് വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത മണ്ണാണ് നാദാപുരത്തിന്റേത്. മരങ്ങളും ചെടികളും നിറഞ്ഞ പ്രകൃതി മനോഹരമായ പ്രദേശം. നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും നദിയുടെ ഒഴുക്കും വയലേലകളും മരങ്ങളും മനസ്സിന് കുളിരേകിയിരുന്നു. 

ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ ആ നാടിനെ സ്വപ്‌നം കാണുമ്പോള്‍ മനസ്സില്‍ നാടിനെ ഓര്‍ത്തുള്ള ആകുലതകളാണ്.
ഇന്ന് അവിടെ നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും ഇല്ല. എല്ലാം ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു. വറ്റിപ്പോകുന്ന നദികയോടൊപ്പം സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നുപോയ വഴികളില്‍ ദുഷ്ടരൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു. മനുഷ്യരുടെ ചോര കുടിക്കാന്‍ ദാഹാര്‍ത്തരായ പിശാചുക്കള്‍ അലഞ്ഞു നടക്കുന്നു. ഈ ദുഷ്ട രൂപങ്ങള്‍ മനസ്സിനെ വല്ലാതെ ഭീതിപ്പെടുത്തുന്നു.

സ്വസ്ഥമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനവും സന്തോഷവും നഷ്ടപ്പെട്ട പഴയ നാളുകള്‍ ഒരിക്കലും ആവര്‍ത്തിക്കരുത് എന്ന പ്രാര്‍ഥനയും നാടിന്റെ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം ജനങ്ങളാണ് നാദാപുരത്തുള്ളത്. വളരെ കുറഞ്ഞ, വിരലിലെണ്ണാകുന്ന പേര് മാത്രമേ അവിടെ പ്രശ്‌നമുണ്ടാക്കുന്നുള്ളൂ.
 
ഇവര്‍ മാനവികതയുടെ ശത്രുക്കളാണ്. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവര്‍ ഒരിക്കലും സംരക്ഷിക്കപ്പെട്ടു കൂടാ. അവര്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. അതുകൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും നാം ഒത്തൊരുമിച്ചു പോരാടണം.

പ്രവാസികളായ ഞങ്ങളുടെ ആശങ്ക വളരെ വലുതാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നത് പാവങ്ങളായ ഇവിടെയുള്ള പ്രവാസികള്‍ കൂടിയാണ്. ജീവിത കാലം മുഴുവന്‍ ആധ്വാനിച്ചത് നിമിഷം നേരം കൊണ്ട് ചെറിയ ഒരു കലാപം കൊണ്ട് നഷ്ടമാകുക എന്നത് ഒരിക്കലും താങ്ങാന്‍ കഴിയുകയില്ല. ഉറ്റവരേയും ബന്ധുക്കളെയും ഓര്‍ത്ത് അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ആധിയാണ് മനസ്സില്‍.

ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങളും നിസ്സഹായതയും നേരിട്ടനുഭവിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്നവരാണ് പലരും. ഓരോ തുള്ളി വിയര്‍പ്പ് ഒഴുക്കുമ്പോഴും സ്വന്തം നാടിന്റെ വികസനമാണ് അവര്‍ സ്വപ്‌നം കാണുന്നത്. സ്വന്തം നാടിനോടുള്ള സ്‌നേഹമാണ്, സമാധാനമാണ് ആഗ്രഹിക്കുന്നത്.

ഡബിള്‍ ഡക്കറില്‍ കിടക്കുന്ന ബഷീറും ജോസഫും രാഘവനും ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കുന്നു, ദുഃഖങ്ങള്‍ ഒന്നിച്ചു പങ്കുവെക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ അതിവിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍. വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുകയാണ് ഇവിടെ. ഭാഷയേയും സംസ്‌കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് തിരിച്ചരിഞ്ഞവരാണ് പ്രവാസികള്‍. വിശപ്പിന്റെ വിളിയാണല്ലോ ഞങ്ങളെ പ്രവാസിയാക്കി മാറ്റിയത്.

ഇവിടെ ഓണവും പെരുന്നാളും വിഷുവും കൃസ്മസ്സും ഒന്നിച്ചു ചേര്‍ന്നാണ് ആഘോഷിക്കുന്നത്. സൗഹൃദം കാത്തുസൂക്ഷിക്കുന്ന നോമ്പ് തുറയും ക്രിസ്മസ്, ഓണ ആഘോഷ പരിപാടികളും ഇവിടേെത്തത് പോലെ നാട്ടിലും ഉണ്ടാകാന്‍ ആഗ്രഹിച്ചു പോകുന്നു.

നിഷ്പക്ഷമായി ചിന്തിക്കുന്നവരില്‍ നിന്നും അവിടെയുള്ള സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാകാന്‍ കഴിഞ്ഞതും അവിടെ നടക്കുന്ന പ്രശ്‌നങ്ങളെ അവര്‍ വിലയിരുത്തിയത് ഏതാണ്ട് ഒരേ രൂപത്തിലാണ്. നാട്ടിലെ ക്രിമിനലുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

'അക്രമകാരികള്‍ നാടിന്റെ ജീവന്‍ കൈയിലെടുക്കുമ്പോള്‍ അവരെ തടയാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്നിടത്തോളം കാലം നാദാപുരത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ്. അപക്വത മാത്രം കൈമുതലായുള്ള ഈ കുട്ടിക്രിമിനലുകളെ എല്ലാകാലത്തും സംരക്ഷിക്കുന്നത് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. പൊലിസിന്റെ ഭാഗത്ത് നിന്നും കര്‍ശന നിലപാടും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മതിയായ ശിക്ഷ നല്‍കുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് പ്രശ്‌നങ്ങളുടെ പ്രധാന പരിഹാരം.'

സാധാരണക്കാരാണ് പലപ്പോഴും ഇവയുടെയൊക്കെ ഇരകള്‍. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജീവിതങ്ങള്‍ താറുമാറാകുന്നു. അന്നന്നേക്കു ആഹാരം കണ്ടത്താന്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍ ആഴ്ചകളോളം ജോലി ഇല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്നു. അങ്ങനെ പട്ടിണി കിടക്കുന്നവരെ പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും അറിയുന്നില്ല എന്നതാണ് സത്യം.

എന്നുമുതലാണ് അവിടെ ഓലയാള്‍ നമ്മ്‌ളെയാള്‍ പ്രയോഗം വന്നത്. അത് മാറേണ്ടിയിരിക്കുന്നു. ഒരു പ്രശ്‌നം ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഓലയാള്‍ക്കോ നമ്മളയാള്‍ക്കോ എന്ന് ചോദിക്കുന്ന അവസ്ഥ മാറിയേ തീരൂ. പി കെ പാറക്കടവിന്റെ 'ഓലെയാള്‍ നമ്മളയാള്‍' എന്ന് സൂചിപ്പിച്ചു കരളലയിപ്പിക്കുന്ന നാദാപുരം എന്ന കഥയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട് . ഏതു കുറ്റവാളിയുടെയും ഒരു നിമിഷമെങ്കിലും കണ്ണുതുറപ്പിക്കുന്ന ശക്തമായ ചിന്ത

'അമ്മ പൊന്നുമോനെ പുതപ്പിനിടയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി, മോന്‍ പതുക്കെയെഴുന്നെറ്റ് ജാലകപ്പാളി തുറന്നു.
കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു:
'ആരാളീ. ഓലോ ഞമ്മളോ (ആരാണ് അവരോ നമ്മളോ?)
അമ്മ അടുക്കളയിലേക്ക് നടന്നു; രണ്ടു ഗ്ലാസ് കണ്ണീരുമായി തിരിച്ചു വന്നു.
ഒരു ഗ്ലാസ് മോന് കൊടുത്തു. അമ്മയും മോനും ഓരോ ഗ്ലാസ് കണ്ണീര് കുടിച്ചു കൊണ്ടിരിക്കെ ഇടി വെട്ടുന്ന പോലെ ശബ്ദവും മിന്നല്‍ വെളിച്ചവും. അമ്മ ചോദിച്ചു: ആരാളീ, ഓലോ ഞമ്മളോ'.

നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം: വളരെ ചെറിയ ഒരു കുട്ടി അറുപത് വയസ്സുള്ള കണ്ണേട്ടനു നേരെ കണ്ണന്‍ എന്ന് പേര് വിളിക്കുന്നു കേട്ടപ്പോള്‍ പ്രയാസം തോന്നി. എല്ലാവരും ആദരിക്കുന്ന ഒരു മുസ്‌ലിം പണ്ഡിതനെ അമുസ്‌ലിം സുഹൃത്ത് നിന്ദിക്കുന്ന രൂപത്തില്‍ പേര് വിളിക്കുന്നു. പരസ്പരം ബഹുമാനം നഷ്ടപ്പെടുന്നു. ഈ പ്രവാസ ലോകത്ത് കുട്ടികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നു രാമനെ വിളിക്കുന്നത് രാമനിക്കാ എന്നോ രാമേട്ടാ എന്നോ ആണ്. ഓരോരുത്തരും പരസ്പരം റെസ്‌പെക്ട് ചെയ്തു കൊണ്ട് ഏട്ടനെനും ഇക്കയെന്നും ആണ് മുതിര്‍ന്നവരെ വിളിക്കുന്നത്. 

നാട്ടില്‍ മുമ്പ് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എപ്പോഴാണ് നമുക്ക് നഷ്ടമായത്, എപ്പോഴാണ് ഒലെയാള്‍ നമ്മളെയാള്‍ എന്ന ഒരു വേര്‍തിരിവ് ഉണ്ടായത്. അത് മാറി നമ്മള്‍ ഒന്ന് എന്ന ഒരൊറ്റ ചിന്തയിലേക്ക് എത്താന്‍ നമുക്ക് കഴിയണം.

വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും രാഷ്ട്രീയവത്കരിക്കുന്ന കാഴ്ച വേദനാജനകമാണ്. എല്ലാ മത വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒന്നിച്ചു ചേര്‍ന്നുകൊണ്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകളും വായനശാലകളും കാലാ- സാംസ്‌കാരിക പരിപാടികളും കൂടുതലായി നടത്തേണ്ടിയിരിക്കുന്നു. 

ഇന്ന് സ്കൂൾ  ബസുകളിലും കളി സ്ഥലങ്ങളിലും എതങ്കിലും  ഒരു സമുദായത്തിൽ പെട്ടവർ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മുമ്പ് ചെറുപ്പത്തിൽ പഠിക്കുന്ന കാലത്ത് ഒരേ ബെഞ്ചിൽ മുഹമ്മദും ശശിയും ദിനേശനും ഉണ്ടായിരുന്നു.  കളിക്കലങ്ങളിലും ക്ലബുകളിലും സാംസ്കാരിക കേന്ത്രങ്ങളിലും  എതങ്കിലും ഒരു വിഭാഗം ആളുകളിൽ പരിമിതിപെടുന്ന കാഴ്ച കൂടി കൂടി വരികയാണ് . സഹായ ക്കുറി നടത്താനും കല്യാണത്തിന് പന്തലുകൾ ഇടാനും ദിനേശനും ബഷീറും ഉണ്ടായിരുന്ന  ഒരു  മെയ്യിയായി  പരസ്പരം സ്നേഹം പങ്കു വെച്ച കാലം. ആ കാലം ഇനിയും നമ്മളിൽ തിരിച്ചു വരണം  അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാദാപുരം ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ചെയ്യാൻ കഴിയട്ടെ ....

എന്റെ നാദാപുരം - 1

ഇന്ത്യയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയ നാദാപുരത്തിന്റെ പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടെരിയുമയി അഭിമുഖം
നാദാപുരത്തുകാരാണെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് 'പ്രശ്‌നങ്ങളുടെ നാട് അല്ലെ?' അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു പാട് പ്രയാസമുണ്ടാകാറുണ്ട്. നാദാപുരത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതുകൊണ്ടാണ് അവര്‍ അങ്ങനെ ചോദിക്കുന്നതെന്ന് കരുതി സമാധാനിക്കും. പിന്നെ അവിടെ സംഭവിച്ച പ്രശ്‌നങ്ങളെ ഓര്‍ത്ത് ദുഃഖിക്കുകയും ഇനി ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യും. അക്ബര്‍ കക്കട്ടില്‍ പറഞ്ഞത് പോലെ 'ശാന്തമായ നാദാപുരം മേഖല നല്ല മനുഷ്യരുടെ സ്‌നേഹസാമ്രാജ്യമാണ്. നല്ല നേരത്ത് നിങ്ങള്‍ ഇവിടെ വന്നു നോക്കൂ. അതിഥിസല്‍ക്കാരം കൊണ്ട് ആളുകള്‍ നിങ്ങളെ വീര്‍പ്പുമുട്ടിക്കും. ഒരു കാര്യത്തിനും നിങ്ങളിവിടെ വിഷമിച്ചു പോവില്ല. എന്നാല്‍ കുഴപ്പങ്ങളാരംഭിച്ചാലോ? ഒന്നിച്ചുണ്ണുകയും ഒരു പായയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പോലും വഴിയില്‍ കണ്ട ലോഗ്യമുണ്ടാവില്ല.'

ഇന്ന് ഞങ്ങള്‍ നാദാപുരത്തുകാര്‍ക്ക് പറയാന്‍ സന്തോഷമുള്ള ഒരു വാര്‍ത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഖ്യാതി നാദാപുരം ഗ്രാമപഞ്ചായത്ത് നേടിയ സന്തോഷം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയെ ഇക്കഴിഞ്ഞ സെപ്തംബര്‍ 18ന് ദോഹയില്‍ കെ എം സി സി ഹാളില്‍ നാദാപുരം പഞ്ചായത്ത് കെ എം സി സി സ്വീകരണ പരിപാടി ഒരുക്കി ആദരിക്കുകയുണ്ടായി. ഞങ്ങളുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കാണാനും സമയം ലഭിക്കുകയാണെങ്കില്‍ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനും ആഗ്രഹം തോന്നി. തിരക്കിനിടയിലും കുറച്ചു നേരം സംസാരിക്കാന്‍ സമയം നല്കുകയായിരുന്നു. വികസനത്തെ കുറിച്ചും വികസന കാഴ്ചപ്പാടിനെ പറ്റിയും നാദാപുരത്തിന്റെ കഴിഞ്ഞകാല അവസ്ഥയെ കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചു.

നരിക്കാട്ടേരിയിലും നാദാപുരത്തിന്റെ പല ഭാഗങ്ങളിലും നല്ല റോഡുകള്‍ ഇല്ലായിരുന്നു. യാത്ര ചെയ്യാനും അസുഖമായാല്‍ ആശുപത്രിയില്‍ എത്താനും പ്രയാസപ്പെടുന്നത് കണ്ടപ്പോള്‍ വളരെ ചെറുപ്പത്തില്‍ ചന്ദ്രികയിലെ ശബ്ദത്തില്‍ സൂപ്പി എഴുതിയ കുറിപ്പായിരുന്നു റോഡില്ലത്ത നരിക്കാട്ടേരി. അന്നുമുതല്‍ നാടിന്റെ വികസനം സ്വപ്‌നം കണ്ടു വളര്‍ന്ന നരിക്കാട്ടേരിക്കാരനായ സൂപ്പിയുടെ മനസ്സില്‍ നാടിന്റെ വികസനത്തിന് വേണ്ടിയുള്ള ചിന്തകളും സ്വപ്‌നവും ചിറക് മുളക്കുകയായിരുന്നു. മനസ്സിലെ ആ ചിന്ത വളര്‍ന്നു. ഇന്ത്യയിലെ മികച്ച പഞ്ചായത്തായി നാദാപുരത്തെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അറിവിന്റെ ആഴങ്ങള്‍ തൊട്ട വാക്ക് ചാതുരിയിലൂടേയും അവസരോചിതമായ ഇടപെടലുകളിലൂടേയും സ്‌കൂള്‍ പഠന കാലത്ത് രാഷ്ട്രീയ മേഖലയില്‍ തിളങ്ങി. നേതൃത്വ പാടവം കൊണ്ട് പെട്ടെന്ന് തന്നെ വിവിധ നിലകളിലേക്ക് എത്തുകയായിരുന്നു. 1978ല്‍ കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ലീഡര്‍ഷിപ്പില്‍ തുടങ്ങി വടകര താലൂക്ക് എം എസ് എഫ് സെക്രട്ടറി മുതല്‍ ഇന്ന് വിവിധ സമിതികളുടെ തലപ്പത്തിരിക്കുന്നു.
1992ല്‍ കുന്നുമ്മല്‍ ബ്ലോക്ക് ബി ഡി സി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2000, 2005, 2010 എന്നീ വര്‍ഷങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയി. 2010ല്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 

കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി ചെയയര്‍മാന്‍, അതുകൂടാതെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ചേര്‍ന്നുള്ള സര്‍ക്കാര്‍ കമ്മിറ്റിയില്‍ അംഗം.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് നേടിയെടുക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇന്ത്യയിലെ മികച്ച ഗ്രാമപഞ്ചായതിനുള്ള അവാര്‍ഡ് ഗ്രാമ വികസന പഞ്ചായത്ത് മന്ത്രി വീരേന്ദ്ര സിംഗ് ചൗധരിയില്‍ നിന്നും ഏറ്റു വാങ്ങി.
രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌ക്കാരവും ഒട്ടനേകം അവാര്‍ഡുകളും ഇതിനകം തന്നെ നാദാപുരം ഗ്രാമപഞ്ചായതിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെയാണ് ദേശീയ അവാര്‍ഡിനും അര്‍ഹത നേടിയത്.

കുട്ടിക്കാലത്തെ നരിക്കാട്ടേരി
എന്റെ ചെറുപ്പ കാലത്ത് നരിക്കാട്ടേരിയില്‍ നല്ല റോഡുകള്‍ ഇല്ലായിരുന്നു. യാത്ര ചെയ്യാനും അസുഖമായാല്‍ ഒന്ന് ആശുപത്രിയില എത്താനും പ്രയാസപ്പെടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അക്കാലത്തൊരിക്കല്‍ ഞാന്‍ ചന്ദ്രികയിലെ ശബ്ദത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു 'റോഡില്ലത്ത നരിക്കാട്ടേരി'. വായനശാലയോ പത്രങ്ങളോ ഇല്ലാതിരുന ആ കാലത്ത് ഗോപാലന്റെ പീടികയില്‍ ഇടയ്ക്ക് വരുന്ന മാതൃഭൂമി പത്രത്തിന് ഞങ്ങള്‍ കാത്തിരുന്നു. അവിടെ നിന്നും അല്പം മുമ്പോട്ട് പോയാല്‍ ഗംഗാധരന്റെ ബാര്‍ബര്‍ഷാപ്പിലാണ് പത്രം ലഭിക്കുക. അവിടെ നിന്നായിരുന്നു പത്രവായന. ഒരാള്‍ ഉച്ചത്തില്‍ വായിക്കും, ബാക്കിയുള്ളവര്‍ കേള്‍ക്കും. പിന്നെ ചര്‍ച്ചയാണ്. ഞങ്ങള്‍ കുറച്ചു പേര്‍ അന്നത്തെ പുരോഗമന സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ചര്‍ച്ച അതിരുകള്‍ കടന്നു അന്താരാഷ്ട്ര തലത്തില്‍ എത്തും. 

അങ്ങ് അമേരിക്കയിലും സോവിയറ്റ് യൂനിയന്‍ വരെ എത്തും. രാത്രി ചൂട്ടും കത്തിച്ച് നടന്നു നീങ്ങുമ്പോള്‍ അന്നത്തെ ചര്‍ച്ചയുടെ ആഴവും വ്യാപ്തിയും മനസ്സില്‍ നിറയും.
പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒരു കാലമായത് കൊണ്ട് മിക്കവാറും ദിവസങ്ങളില ആരുടെയെങ്കിലും പണപ്പയറ്റ് ഉണ്ടാകും. ഒരാള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാകുമ്പോള്‍ കടയിലോ വീട്ടിലോ പ്രദേശത്തെ എല്ലാവരെയും ക്ഷണിച്ച് ചായസല്‍ക്കാരം നടത്തും. ജാതിമത വേര്‍തിരിവുകളില്ലാതെ എല്ലാവരും അതില്‍ പങ്കെടുത്തു പണം നല്‍കി സഹായിക്കും. ആവശ്യം വരുമ്പോള്‍ തിരിച്ചും. 

ഇങ്ങനെ ശക്തമായ ആത്മബന്ധവും സ്‌നേഹബന്ധവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏതാണെങ്കിലും ഒരു വീട്ടില്‍ പെട്ടെന്ന് അതിഥി വന്നാല്‍ വീട്ടില്‍ ഭക്ഷണം ഇല്ലെങ്കില്‍ അതിഥി അറിയാതെ തൊട്ടപ്പുറത്തെ വീട്ടില്‍ അന്വേഷിക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും പരസ്പരം ഇടപെട്ടിരുന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്തിരുന്നു. കല്യാണങ്ങള്‍ നടത്താന്‍ അന്ന് കല്യാണ മണ്ഡപങ്ങള്‍ ഉണ്ടായിരുന്നില്ല, പരസ്പരം സഹായിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കെട്ടുന്ന പന്തലായിരുന്നു അന്നത്തെ കല്യാണ മണ്ഡപം.

വികസന പ്രവര്‍ത്തനത്തില്‍ വായനയുടെ സ്വാധീനം
ഇന്ന് വായന വളരെ കുറവാണ്. സമയക്കുറവാണ് പ്രധാന കാരണം. ചെറുപ്പത്തില്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. വായിച്ച പുസ്തകത്തിലെ ഓരോ കഥാപാത്രവും ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു. പലപ്പോഴും വേദനകളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തേക്ക് പ്രവേശിക്കുകയും മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഓരോന്നും പുറന്തള്ളാന്‍, മനസ്സില്‍ വരുന്ന ചിന്തകള്‍ പങ്കു വെക്കാന്‍, കൂട്ടുകാരോടൊത്ത് ഇരിക്കുക പതിവായിരുന്നു. തകഴിയുടെ ചെമ്മീന്‍, അതിലെ ഓരോ കഥാപാത്രവും ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. ബഷീറിന്റെ പുസ്തകങ്ങള്‍ ആസ്വദിച്ചു തന്നെ വായിച്ചു. തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയും തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ പായയില്‍ പൊതിഞ്ഞു തോണിയില്‍ കിടത്തി ദൂരെ കടലിലേക്ക് എറിഞ്ഞ തകഴിയുടെ രണ്ടിടങ്ങഴിലെ കഥാപാത്രവും മനസ്സില്‍ വേദനകള്‍ നല്കുന്നതിനോടൊപ്പം തന്നെ മാറ്റത്തിന് വേണ്ടിയുള്ള ഒരു ചിന്ത മനസ്സില്‍ നാമ്പെടുക്കയായിരുന്നു. ഉള്ളില്‍ കനല്‍ എരിയുമ്പോഴാണ് ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും ചിന്തിക്കാനും അതിനു പരിഹാരം കാണാന്‍ ശ്രമിക്കാനും കഴിയുക.

വികസനത്തിന്റെ തുടക്കം
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിനു തുടക്കം കുറിച്ചത് 2000ലാണ്. 'കൂട്ടായ്മയില്‍ നിന്ന് കൂട്ടായ്മയിലേക്ക്' എന്ന മുദ്രാവാക്യവുമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഏകോപിപ്പിച്ച് പുതിയൊരു വികസന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ പരിഹരിക്കാന്‍ കഴിയുന്നു എന്ന ചാരിതാര്‍ഥ്യം എനിക്കുണ്ട്.

നാദാപുരത്തെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍
പഞ്ചായത്ത് പ്രവര്‍ത്തങ്ങളില്‍ പാശ്ചാത്തല സൗകര്യം ഒരുക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന്റെ ഫലമായി പല റോഡുകളും പി ഡബ്ല്യു ഡിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി വീതി കൂട്ടി വികസിപ്പിച്ചു. പഞ്ചായത്തിലെ നാദാപുരം- കല്ലാച്ചി പൈപ്പ് ലൈന്‍ റോഡുകള്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് കാര്യാലയം നില്‍ക്കുന്നത് കംപ്യൂട്ടര്‍വത്കരിച്ചതും മികച്ച പശ്ചാത്തല സൗകര്യമുള്ളതുമായ നാലുനിലയോടു കൂടിയ കെട്ടിടത്തിലാണ്. ഒരു ഇന്‍ഡോര്‍ സ്റ്റേഡിയവും കല്യാണ മണ്ഡപവും മാലിന്യ സംസ്‌ക്കരണ പ്ലാന്റും സ്ഥാപിച്ചു. നാദാപുരത്തും കല്ലാച്ചിയിലും മത്സ്യ മാര്‍ക്കറ്റിനോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതു. പഞ്ചായത്തിലെ ആകെയുള്ള രണ്ട് യു പി സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടം നിര്‍മിച്ചു. മുപ്പത് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ചു. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ പശ്ചാത്തല വികസനം സമ്പുഷ്ടമാക്കുകയായിരുന്നു. 

കേളത്തില്‍ ഐ എസ് ഒ ലഭിച്ച പഞ്ചായത്തായി നാദാപുരം മാറി. സര്‍വീസ് രംഗത്ത് സേവനങ്ങള്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും പരമാവധി ഫണ്ട് ലഭിക്കാന്‍ കഴിഞ്ഞതും നേട്ടമായി. സാശ്രയ സംരംഭങ്ങളും സ്ത്രീ ശാക്തീകരണവും സൂക്ഷ്മ സംരംഭങ്ങളും യാതാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നു. ശുചിത്വ മേഖലയില്‍ കേരളത്തിന് മാതൃകയായി ഒരു പ്രൊജക്ടാണ് നടപ്പാക്കി വരുന്നത്. പഞ്ചായത്തില്‍, ടൗണില്‍ നിന്നും മറ്റുമായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്ലാന്റില്‍ എത്തിച്ച് ജൈവ വസ്തുക്കളും അജൈവ വസ്തുക്കളും തരം തിരിച്ച് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. ആരോഗ്യ രംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് സമിതിയും ആരോഗ്യ ശുചിത്വ സമിതിയും ചേര്‍ന്ന് കിടപ്പ് രോഗികളെ വീട്ടില്‍ചെന്ന് പരിചരിക്കാനും ചികിത്സിക്കാനും പൊതു ജനങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും വികസനങ്ങള്‍ ശരിക്കും കാണാനും മനസ്സിലാക്കാനും പറ്റും.

വിദ്യഭ്യാസത്തിൽ നാദാപുരത്ത് വന്ന മാറ്റം
വിദ്യാഭ്യാസത്തെക്കുറിച്ചും മുസ്ലിം സമുദായത്തിന്റെ നവീകരണത്തെക്കുറിച്ചും സീയെച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു സി.എച്ച്  വിദ്യാഭ്യാസത്തെ സാമൂഹികവിപ്ളവത്തിന്‍െറയും പ്രാദേശിക വികസനത്തിന്‍െറയും ആയുധമാക്കി ക്കൊണ്ട്  സര്‍വകലാശാലയും മലബാര്‍ പ്രദേശത്ത് പള്ളിക്കൂടങ്ങളും കലാശാലകളും സ്ഥാപിക്കാൻ ശ്രമിച്ചു. അതിന്റെ തുടര്ച്ചയെന്നോണം നാദാപുരത്തും ഒരു പാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നു ,ഓരോ  ഭൂപ്രദേശത്തിന്റെയും അവിടെ അധിവസിക്കുന്ന നാനാ ജാതി മതസ്ഥരായ ജനസമൂഹത്തിന്റെയും നന്മ ലക്ഷ്യമിട്ട് കൊണ്ടായിരിക്കണം വിദ്യാഭ്യാസ പ്രവര്തങ്ങളും മറ്റും നടത്തേണ്ടത് എന്ന സി എചിന്റിന്റെ പാത തന്നെയാണ് തുടര്ന്നത്.  വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിച്ച സമൂഹമായി മുസ്ലിങ്ങലും മറ്റു മതസ്ഥരും മാറാൻ തുടങ്ങി, ആധുനിക വിദ്യാഭ്യാസത്തില്‍ മുസ്ലിം സ്ത്രീകൾ കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസ പുരോഗതി വളരെ വലുതാണ്‌. വര്‍ഷങ്ങൾക്ക് മുമ്പ്   ഐഷ എന്ന മുസ്ലിം  പെണ്  കുട്ടി പത്താം ക്ലാസ് പാസ്സായപ്പോൾ അവിടെ ചില പുരോഹിതരും മറ്റും കാട്ടി കൂട്ടിയ പുകിലുകൾ ഇന്നും ഓര്‍ക്കുന്നു.  ഇന്ന് ഡിഗ്രിയും പിജിയും കഴിഞ്ഞ ഉയര്‍ന്ന പഠനം അഭ്യസിച്ച നിരവധി മുസ്ലിം പെണ്‍കുട്ടികൾ അവിടെ ഉണ്ട്. ഇത് നാദാപുരം വിദ്യാഭ്യാസപരമായി നേടിയ വലിയ നേട്ടം തന്നെയാണ്.  മേഖലയിലെ സാമ്പത്തിക ഉന്നമനത്തിനു ഗല്ഫിന്റെ സ്വാദീനം വളരെ വലുതാണ്‌ .

വിജയ രഹസ്യം
എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥയും ആസൂത്രണവും വേണം. ഇവിടെ ഗള്‍ഫില്‍ ഒരുപാട് കച്ചവടക്കാരെ കാണാം. ഒരു ജോലി മാത്രമായി മുമ്പോട്ട് പോകുന്നവരെയും കാണാം. അവസരം കിട്ടാത്തത് കൊണ്ടാണ് അവര്‍ ജോലിയുമായി മാത്രം മുമ്പോട്ടു പോകുന്നത്. എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. അത് ഞാന്‍ വളരെ ചിട്ടയോടും പ്ലാനിംഗിലൂടെയും ഉപയോഗിച്ചു എന്ന് മാത്രം. യാത്രകളിലും ഔദ്യോഗികമായി പോകുന്ന യോഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ടൂറുകളില്‍ നിന്നും ഗ്രാമപഞ്ചായത്ത് സംവിധാന ചര്‍ച്ചകളില്‍ നിന്നും നേതാക്കന്മാരുമായി സംസാരിക്കുമ്പോഴും ലഭിക്കുന്ന അറിവുകള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

പുസ്തക പ്രേമി എന്ന നിലയില്‍
നാദാപുരം ലൈബ്രറിയും, അതുപോലെ ഇയ്യംകോട് ലൈബ്രറിയും വികസിപ്പിക്കാന്‍ കഴിഞ്ഞു. ചേലക്കാട് ഒരു വലിയ ലൈബ്രറിക്ക് തറക്കല്ലിടാനും കഴിഞ്ഞു. നാദാപുരത്ത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു കൊണ്ട് റവന്യൂ ജില്ലാ കലോത്സവം നടത്താന്‍ കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളിലും മറ്റും കലാ- സാംസ്‌കാരിക പരിപാടിയിലും പരമാവധി മത- സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രകൃതി നശിക്കാതിരിക്കാന്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് വാണിമേല്‍ പുഴയുടെ തീരത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ഒരു പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഹരിത ഗ്രാമം ശുചിത്വ ഗ്രാമം എന്ന പദ്ധതിക്കായി പണം നീക്കി വെക്കുന്നു. പ്രശ്‌നങ്ങളും മറ്റും ഉണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ചര്‍ച്ച ചെയ്യാനും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നു.

Monday, September 28, 2015

ഹൃദയ ദിന ചിന്തകൾ...

ദുഖത്തിന്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുയിരുന്നത്, ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട് നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്. യുദ്ധത്തിന്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്റെ മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്. അത് കൊണ്ടായിരിക്കാം മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി തുടിക്കുകയായിരുന്നു. 

തന്റെ ചിന്തയെ തന്നെ മാറ്റി മറിച്ച ആത്മ മിത്രമായ ഫെഡെറിക്കോ ഗാര്‍ഷ്യ ലോർക്കയുടെ വിയോഗവും സ്പൈനിലെ ആഭ്യന്തര യുദ്ധവും ആയിരക്കണക്കിന് അഭയാർഥികൾ അവിടെ നരക യാതനകൾ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് മാനവികതയുടെ വിശ്വമഹാകവിയായ നെരൂദ കണ്ടപ്പോൾ, നെരൂദ എഴുത്തിന്റെ ശൈലി തന്നെ മാറ്റുകയും ലോക ക്രമത്തെ തന്നെ മാറ്റാൻ പ്രേരിപ്പിക്കുന്ന ഇന്നും വായിക്കപ്പെടുന്ന മുനകൂര്‍ത്ത ഭാഷ കൊണ്ട് സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും കീഴടക്കുവാൻ കെൽപ്പുള്ള ശക്തമായ കവിതകൾ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി ശബ്ദിക്കുകയായിരുന്നു. അഭയാര്‍ത്ഥികളെ പഴയ ഒരു കപ്പലില്‍ ചിലിയിലേക്ക് രക്ഷപ്പെടുത്തിയ നെരൂദ പറഞ്ഞത് ഞാന്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്വപൂര്‍ണ്ണമായ കര്‍മ്മം എന്നായിരുന്നു.

നെരൂദ എഴുതി
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

നിര്‍ഭയത്വവും വിശപ്പടക്കാൻ ഭക്ഷണം കിട്ടുക എന്നതും വലിയ കാര്യമാണ്. ഇത് രണ്ടും കിട്ടാതെ രാജ്യങ്ങളുടെ മതിൽകെട്ടിനപ്പുറം അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങളെ ദിനേന ഇന്ന് ചാനലുകളിൽ നാം കണ്ടു കൊണ്ടിരിക്കുന്നു. വാർത്തകൾ പത്രങ്ങളിലൂടെ വായിച്ചു കൊണ്ടിരിക്കുന്നു. അഭയാർഥികളുടെ വഞ്ചികളിൽ നിന്നും ഒഴികിപ്പോകുന്ന അനേകായിരം കുട്ടികൾ.... ലോകത്തിന്റെ കണ്ണ് തുറപ്പിക്കും വിധം കടല്പരപ്പിൽ കമഴ്ന്നുരങ്ങിയ ഐലൻ കുർദി, വെടിയുണ്ടയുടെ ചീറ്റലുകളിൽ പൊട്ടിത്തെറിക്കുന്ന തലച്ചോറുകൾ.... ഒഴുകിഒലിക്കുന്ന രക്തപ്പുഴകൾ... ഇതൊക്കെ കാണുമ്പോൾ ഒരു കവിക്ക് ഒരു എഴുത്ത്കാരന് എങ്ങനെ പേന അടച്ചു വെക്കാൻ കഴിയും. പേനയെ ആയുധമാക്കി നന്മയുടെ വിപ്ലവത്തിന് സമൂഹത്തിനു കരുത്തു നല്കാനും പ്രതിരോധത്തിന്റെ ആത്മീയ കവചം തീർക്കാനും ഓരോ എഴുത്തുകാർക്കും കഴിയണം. 

ഇന്ന് ശാസ്ത്രം ഏറെ പുരോഗോമിച്ചു എന്ന് നാം പറയുമ്പോഴും അഭിമാനിക്കുമ്പോഴും മാനവികതയുടെ വിഷയത്തിൽ ഏറെ പിറകിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാനവികതയ്ക്ക് വേണ്ടി പോരാടാൻ നമുക്ക് സാധിക്കുന്നില്ല. മനുഷ്യന് മോചനം ലഭിക്കാത്ത കണ്ണീർകയങ്ങൾ ബാക്കിയാകുന്ന ഈ ആസുര കാലത്തെ നന്മയുടെ മാനവികതയുടെ വസന്തം വിരിയിക്കുന്ന കാലമാക്കി മാറ്റാൻ, ഇന്ന് കാണുന്ന ക്രൂരതകൾക്ക് പ്രതിരോധം തീർക്കാൻ സാധിക്കുന്ന ശക്തമായ രചനകൾ വരേണ്ടിയിരിക്കുന്നു. പീഡിതർക്ക് വേണ്ടി തുടിക്കുന്ന ഹ്രദയവുമായി ലോകത്തെ മാറ്റി മറിക്കാൻ കെൽപ്പുള്ള എഴുത്തുകൾ വരട്ടെ ...

നെരൂദയുടെ വാക്കുകൾ ആവർത്തിക്കേണ്ടി വരുന്നു
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

പ്രവാചകൻ മുഹമ്മദ്‌ നബി (സ) പറയുകയുണ്ടായി "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി അത് ഹൃദയമാണ്, ഈ ലോക ഹൃദയ ദിനത്തിൽ ഹ്രദയ ശുദ്ധി വരുത്താൻ നമുക്കേവർക്കും കഴിയട്ടെ
Related Posts Plugin for WordPress, Blogger...