Wednesday, November 23, 2016

പ്രവാസി സമൂഹം വായന എഴുത്ത്

വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും  രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ പ്രവാസിയെ  പ്രവാസിയാക്കി മാറ്റിയത്. 

വ്യത്യസ്ഥ സ്ഥലങ്ങളില്‍  അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ  ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. എന്നതാണ്  പ്രവാസി,  എഴുത്തിലൂടെയും   വായനയിലൂടെയും  വിളിച്ചു  പറയുന്നത് .

പ്രവാസ ലോകത്ത് ഒരു പാട് പുതിയ  എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും  മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കാൻ  ചിലരെങ്കിലും  ശ്രമിക്കുന്നു.

പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ  ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍,  അസഹിഷ്ണുത   പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം  രൂപപ്പെടുന്ന  ഉപഭോഗ  ക്രയ വിക്രയങ്ങളിലെ   പ്രശ്നം, നാട്ടിൽ  വര്‍ധിച്ചുവരുന്ന ജീര്‍ണത,  മൂല്യച്യുതി ഇത്തരം   വിഷയങ്ങളിൽ  അവഘാഹത്തോടു  കൂടെയുള്ള  എഴുത്തു  കുറവാണ് . ബാഹ്യമായുള്ള  ഒരു  തൊട്ടു  പോക്ക്  മാത്രമേ  ഇത്തരം  വിഷയങ്ങളിൽ  പലപ്പോഴും  ഉണ്ടാവാറുള്ളൂ . ഇത്തരം   കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് അത്  എഴുത്തിൽ  പ്രതിവാദ്യ  വിഷയമാകുകയുളൂ . അതിനു  ആഴത്തിലുള്ള  വായന  അനിവാര്യമാണ്, വായന  കുറയുന്നതും  പ്രവാസികൾ ഇത് നേരിട്ട്  അനുഭവിക്കുന്നില്ല എന്നതും ഇതിനു ഒരു കാരണമാണ്.

രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ഓരോ  എഴുത്തുകാരന്റെയും  ധര്‍മ്മം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയണം   സമൂഹത്തെ ശരിയായി അറിയുന്നവനെ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. എങ്കിലേ  നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  എഴുത്തുകാർക്ക്   കഴിയുകയുള്ളൂ,  സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ  എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. 

കഥകളിലും കവിതകളിലും

ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകൾക്കും കവിതകൾക്കും  ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെയും കവിതകളുടെയും മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. 

പക്ഷെ ഇത് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ യോചിക്കാൻ കഴിയില്ല, പ്രവാസി ഒരിക്കലും ഈ ഒരു പ്രാദേശിക സ്ഥലത്തെ അനുഭവങ്ങളിൽ മാത്രം തളച്ചിടപ്പെടേണ്ടവരല്ല.
ഇത്തരം വിഷയങ്ങൾ ആധാരമാക്കിയ കഥകൾ വായനക്കാർ നെഞ്ചോടു ചേർത്തു വെക്കുന്നു എന്നത് പല എഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു.
 പ്രവാസികളിൽ പ്രശസ്തി നേടിയ പല എഴുത്തും പഠന വിധയമാക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പ്രവാസി  എഴുത്തുകാരുടെ  കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും പ്രവാസ ജീവിതം എന്ന വികാരത്തില്‍ ഒതുങ്ങുന്നു എന്നതാണ്. 

ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു  അത്തരം കഥകള്‍ അധികവും. 
മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ പ്രവാസ   എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. 

കഥയേക്കാൾ ഉപരി അത് പ്രവാസിയുടെ നേരിട്ടുള്ള ജീവിതമായി മാറുന്നു എന്ന ഒരു സത്യമാണ് അതിന്റെ മർമ്മം. അതിനെ ഒരിക്കലും നിഷേധിക്കാനോ തള്ളിപ്പറയാനോ കഴിയില്ല .
ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും  വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ  പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക്  കാണിക്കുകയും ചെയ്തു എന്നതാണ്. 

ഇത്  തുടരുമ്പോഴും  നേരത്തെ സൂചിപ്പിച്ചത് പോലെ നാട്ടിലെ  മലീസമായ  സാമൂഹിക  വ്യവസ്ഥയ്‌ക്കെതിരെ  എഴുതാൻ  പ്രവാസികൾ  മടിക്കുന്നു   എന്നത്  യാഥാർഥ്യമാണ് ലോക മെംബാടും  പീഡിപ്പിക്കപ്പെടുന്ന മൗനഷ്യരുണ്ടന്നിരിക്കെ, ചിന്തയും വിഷയവും ഈ പ്രവാസ ലോകത്ത് പരിമിതപ്പെടുന്നത്  പോലെ.

നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ലോകത്ത് എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ്  സംഭവിക്കുന്നത്. മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും എഴുത്തിലൂടെ കഴിയണം.

ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല പ്രവാസ എഴുത്തുകാരും  വിഷയ മാക്കുന്നു.
സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും  വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ സ്ത്രീ എഴുത്തുകാരും മുന്നോട്ട്  വരാറുണ്ട്,  പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ് .

അറബ് ലോകത്തെ പ്രവാസികൾ .

ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി  അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും പ്രവാസി അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. 

അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും മലയാളികൾ  പരിചയപ്പെട്ടിട്ടുണ്ട്  അറിയാത്ത  ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും   ശ്രമിക്കേണ്ടതുണ്ട്‌.   അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ  വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ വര്ഷം( 2014 ) കേരള സാഹിത്യ അക്കാദമി ആദ്യമായി  നാട്ടിൽ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളം അറബി അന്തർ ദേശീയ സാഹിത്യോത്സവം ഒരു പാട് പ്രതീക്ഷ നൽകുന്നതായിരുന്നു.  
മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരധ്യായം രേഖപ്പെടുത്തുകയായിരുന്നു. ടാഗോർ പുരസ്കാരം നേടിയ ശിഹാബ് ഗാനിമിനെ ആദരിക്കുകയുണ്ടായി. അറബ് ലോകത്തെ എഴുത്തുകാരായ സ്വാലിഹ ഉബൈദ് ഗാബിശ്, ഡോ. മര്‍യം അശ്ശിനാസി, ഖാലിദ് സാലിം അല്‍റുമൈമി, അസ്ഹാര്‍ അഹ്മദ്, ഫലസ്തീൻ കവയത്രി ലിയാന ബദ്ര്‍ , ഇറാഖ് കവി മഹമൂദ് സായിദ്, സിറിയൻ കവി അലി ഖനാണ്, ഈജിപ്ത് കവി മുഹമ്മദ് ഈദ് ഇബ്‌റാഹീം, തുടങ്ങിയവർ ആ സംഗമത്തിൽ പങ്കെടുത്തിരുന്നു. സാമൂഹികജാഗരണത്തിന്റെ ആഴമുള്ള അനുഭൂതികള്‍ കാവ്യഭാവുകത്വത്തിലേക്ക് സന്നിവേശിപ്പിച്ചു  മലയാള കവിതയുടെയും  അറബി കവിതയുടെയും  കാല്പനികതയുടെ ധാരയെ സജീവമാക്കി അപൂര്‍വ്വ ചാരുതയാര്‍ന്ന സാഹിത്യ ശില്‍പ്പങ്ങള്‍ കൊത്തി വെക്കുകയായിരുന്നു.  തനിമയാര്‍ന്നതും ബഹുസ്വരവുമായ അറബി സാഹിത്യത്തില്‍നിന്ന് അനേകം ആവിഷ്‌കാര മാതൃകകള്‍ മലയാളത്തിന് സ്വാംശീകരിക്കാനുണ്ടെന്നും നമ്മുടെ ഭാഷയില്‍നിന്ന് അറബിയിലേക്കും തിരിച്ചും നടക്കുന്ന ആദാന പ്രദാനങ്ങള്‍ ഇരുഭാഷകളെയും സര്‍ഗാത്മകമായി സമ്പുഷ്ടമാക്കുമെന്നും സംഗമം വിളിച്ചോതി.കേരളവും ഗൾഫ് നാടുകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ കൊണ്ട്  സാധിക്കുമെന്നതിൽ സംശയമില്ല.  
അറബ്  ലോകത്തും ഇത്തരം അറബ് മലയാളം സാഹിത്യ സംഗമങ്ങൾ  കൂടുതലായി  നടക്കേണ്ടിയിരിക്കുന്നു. ഖത്തറിലെ എഫ് സി സി  സംഘടിപ്പിച്ച ഇൻഡോ അറബ് സംസ്കാര വേദി ശ്രദ്ധേയമായിരുന്നു. ഗൾഫിൽ നടക്കുന്ന അന്താ രാഷ്ട്ര പുസ്തക മേളകളിൽ കേരളത്തിന്റെ പ്രസാധകർ പുസ്തകവുമായി വരുന്നത് പ്രവാസി വായനയ്ക്കാർ ഒരു പാട് സന്തോഷം നൽകുന്നു.

വിവർത്തകർക്ക്  പ്രവാസി  സമൂഹം  കൂടുതൽ  പ്രോത്സാഹനം   കൊടുക്കേണ്ടിയിരിക്കുന്നു .

സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം കുറെയൊക്കെ മലയാളികൾ അറിഞ്ഞിട്ടുണ്ട് .
സച്ചിതാനന്ദനെ പോലെയുള്ള   കവികൾ   ഇതിനു  വേണ്ടി  ഒരു  പാട്  ശ്രമങ്ങൾ  നടത്തുന്നു . അവരുടെ സേവനം വളരെ വലുതാണ്  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും മലയാളികൾ  നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ  അവരെ  പരിചയപ്പെടുത്താൻ  മുൻപന്തിയിൽ  നിൽക്കേണ്ടത്  പ്രവാസ  എഴുത്തുകാരും  വായനക്കാരുമാണ്. പക്ഷെ  എത്ര  പ്രവാസികൾ  അതിനു  ശ്രമിക്കുന്നുണ്ട് 

പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്   ആശയ ദാരിദ്ര്യം പ്രവാസ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ  ചിന്തയില്‍നിന്നും  ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും  ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.

ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു.  എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, 

ചില എഴുത്തുകൾ  നാം  വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.

പ്രവാസികളുടെ  ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന  സോഷ്യൽ  മീഡിയ  ബ്ലോഗ് പോലുള്ള   സംവിധാനങ്ങൾ  സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.  യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം  പ്രവാസ  എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ഓരോ  എഴുത്തുകാരനും  കഴിയണം. 
നിരന്തരമായ വായനയും ഓരോ വിഷയത്തിലുള്ള പഠനവും പ്രവാസികൾക്കാവശ്യമാണ്. എങ്കിൽ മാത്രമേ മൂല്യവത്തായ രചനകൾ സമൂഹത്തിനു മുൻപിൽ പ്രവാസികൾക്ക് സമർപ്പിക്കാൻ കഴിയുകയുള്ളൂ

Thursday, August 11, 2016

അയാള്‍ ശരിക്കും ക്യാപ്റ്റനായിരുന്നു

സ്വപ്‌നങ്ങളുടെ ആകാശത്തേക്ക് ഒരായിരം പേരെ പറത്താന്‍ കഴിയുന്ന പൈലറ്റായിരുന്നു അയാള്‍- ക്യാപ്റ്റന്‍ അബൂ റായിദ്. ശരിക്കും അയാള്‍ ക്യാപ്റ്റനായിരുന്നില്ല, വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരന്‍ മാത്രമായിരുന്നു. എന്നിട്ടും വിമാനത്താവളത്തിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും കിട്ടിയ ക്യാപ്റ്റന്റെ ഒരു പഴയ തൊപ്പി അയാളെ കുട്ടികള്‍ക്കിടയിലെ ഹീറോയാക്കുന്നു. അയാള്‍കുട്ടികളുടെ മാത്രം ഹീറോ ആയിരുന്നില്ല, ജീവിതത്തിലും ഹീറോ തന്നെയായിരുന്നു. 

ക്യാപ്റ്റന്‍ അബൂ റായിദ് എന്ന ചലച്ചിത്രം കാഴ്ചക്കാരനെ കൊണ്ടുപോകുന്നത് അതിമനോഹരമായ ഇതിവൃത്തത്തിലേക്കാണ്. പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറാദ് ചെറിയൊരു കുട്ടിയായിരുന്നു. അബൂ റായിദ് എന്ന 'ക്യാപ്റ്റന്‍ അബൂ റായിദ്' കുട്ടികള്‍ക്കു കഥപറഞ്ഞും മുതിര്‍ന്നവരുടെ ലോകത്ത് ഇടപെട്ടും കഴിഞ്ഞിരുന്ന അക്കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 

മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഈ ചലച്ചിത്രത്തിന് വേണ്ടി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജോര്‍ദാനിയന്‍ സ്വദേശി അമിന്‍ മതാല്‍ഖാ രചനയും സംവിധാനവും നിര്‍വഹിച്ച ക്യാപ്റ്റന്‍ അബു റായിദ് 2007ലാണ് പുറത്തിറങ്ങിയത്. 27ലേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച അറബിക് സിനിമയില്‍ അബു റായിദായി നദീം സ്വാല്‍ഹയാണ് വേഷമിട്ടത്. റനാ സുല്‍ത്താന്‍ നൂറയായും ഹുസൈന്‍ അല്‍സൂസ് മുറാദായും ഉദയ് അല്‍ ഖുദ്‌സി താരിഖായും ഗാന്ധി സാബിര്‍ അബു മുറാദായും ദിനാ രഅദ് ഉമ്മു മുറാദായും അഭിനയിച്ചിരിക്കുന്നു. 

അബൂ റായിദ് താമസിക്കുന്ന മനോഹരമായ പഴയ വീടിനടുത്ത് കുറേ കുട്ടികള്‍ കളിക്കാറുണ്ട്. അവര്‍ റായിദുമായി വളരെ വേഗത്തിലാണ് അടുപ്പത്തിലാകുന്നത്. പ്രസന്നമായ മുഖമുള്ള അബൂ റായിദ് എപ്പോഴും പുഞ്ചിരിയോടെയാണ് സംസാരിക്കുക. ഒറ്റ നോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്ന മുഖത്തോടെയുള്ള മധ്യവയസ്‌കനാണ് അദ്ദേഹം.

വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരനാണ് അബു റായിദ്. ഒരു ദിവസം അദ്ദേഹത്തിന് എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും ക്യാപ്റ്റന്റെ പഴയയൊരു തൊപ്പി ലഭിക്കുന്നു. അതും ധരിച്ചെത്തുന്ന അബൂ റായിദിനെ കാണുന്ന കുട്ടികള്‍ അദ്ദേഹം പൈലറ്റാണെന്ന് വിശ്വസിക്കുകയും ക്യാപ്റ്റനെന്ന് വിളിക്കുകയും ചെയ്യുന്നു. താരിഖ് എന്ന കുട്ടി അബൂ റായിദിനോട് നിങ്ങള്‍ കാപ്റ്റനല്ലേയെന്ന് ചോദിക്കുന്നുമുണ്ട്. അതിനദ്ദേഹം അല്ല എന്നാണ് മറുപടി നല്കുന്നതെങ്കിലും അത് വിശ്വസിക്കാന്‍ താരീഖ് തയ്യാറാകുന്നില്. താരിഖ് മറ്റു കുട്ടികളെയും കൂട്ടി അബൂ റായിദിന്റെ അടുത്ത വരികയും എല്ലാവരും ചേര്‍ന്ന് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു അബൂ റായിദിന്റെ കൂടെ ഇരിക്കുകയുമാണ്. ഈണത്തില്‍ അവര്‍ പാട്ടുകള്‍ പാടുന്ന അവരോടൊപ്പം ഡിങ് ഡിങ് ടോം ടോം, ഡിങ് ഡിം ഡോങ് ടോമെന്ന് അബൂറായിദും കൂടുന്നുണ്ട്. 

കുട്ടികളുമായി കളി ചിരിയുമായി കഴിയുന്ന രംഗം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമാനം പറക്കുന്നതിനെ കുറിച്ച് അബൂ റായിദിനോട് ചോദിക്കുന്ന കുട്ടികള്‍ സാഹസികതയെ കുറിച്ചും ഓരോന്നായി അന്വേഷിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ വിമാനം പറത്തിയിട്ടുണ്ടെന്നുള്‍പ്പെടെയുള്ള കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ റായിദിനെ അത്ഭുതപ്പെടുത്തുന്നു. അതിനെല്ലാം രസകരമായ മറുപടിയാണ് അദ്ദേഹം നല്കുന്നത്. യഥാര്‍ഥത്തില്‍ അമ്മാന്‍ എയര്‍പോര്‍ട്ടിലെ ക്ലീനിംഗ് ജോലിക്കാരനാണെങ്കിലും കുട്ടികളുടെ ആകാംക്ഷയും അതവരില്‍ നിറക്കുന്ന പ്രതീക്ഷയും മനസ്സിലാക്കി അബൂ റായിദ് അവരുടെ മുമ്പാകെ ക്യാപ്റ്റനായി മാറുകയായിരുന്നു.


എന്നും കലഹമുണ്ടാക്കുന്ന ഒരു കുടുംബമായിരുന്നു അബൂ റായിദിന്റെ അയല്‍പക്കത്തുണ്ടായിരുന്നത്. കുടുംബനാഥനായ അബൂ മുറാദ് എന്നും കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്നയാളാണ്. കലഹത്തിന്റെ ശബ്ദം പലപ്പോഴും അബൂ റായിദിന് അസഹ്യമായിരുന്നു. 


കുട്ടികളില്‍ മുറാദ് എന്ന മുതിര്‍ന്ന കുട്ടി മാത്രം അബൂ റായിദിന്റെ സംസാരം കേള്‍ക്കാതെ മാറി ഇരിക്കുകയാണ്. അബൂ റായിദ് ക്യാപ്റ്റനല്ലെന്ന് മനസ്സിലാക്കിയ മുറാദ് മറ്റു കുട്ടികളോട് ഇക്കാര്യം പറയുന്നു. മുറാദിന്റെ വാക്കുകള്‍ മറ്റു കുട്ടികള്‍ വിശ്വസിക്കാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നും പിതാവിന്റെ പണം മോഷ്ടിച്ചു മൂന്നു കുട്ടികളെയും കൂട്ടി മുറാദ് ടാക്‌സിയില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് എയര്‍പോര്‍ട്ടിലേക്ക് പോവുകയാണ്. അവിടെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ട റായിദിനെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും മറ്റു കുട്ടികളുടെ മനസ്സില്‍ അത് വല്ലാത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. 

തന്റെ ജോലിക്കിടയില്‍ വ്യത്യസ്തരായ നിരവധി പ്രമുഖരെ അബൂ റായിദ് കാണുന്നുണ്ട്. വ്യത്യസ്ത ഭാഷകളില്‍ കൊച്ചു പദങ്ങള്‍ ഉപയോഗിക്കാനും റായിദിന് കഴിയുന്നുണ്ട്. ഒരു ഫ്രഞ്ച് യാത്രക്കാരനോടുള്ള സംസാരത്തിലൂടെയാണ് സംവിധായകന്‍ അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കുന്നത്. അതിനിടയില്‍ അബൂ റായിദ് യഥാര്‍ഥ പൈലറ്റായ നൂറയെ പരിചയപ്പെടുകയാണ്. അബൂ റായിദിനോടൊപ്പം ഒരു ബസ് യാത്ര ചെയ്യാന്‍ ഇടയായ നൂറ, ഇത്രയും അറിവും ബുദ്ധിയും ഉണ്ടായിട്ടും നിങ്ങള്‍ എന്താണ് ക്ലീനിംഗ് ജോലി ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ട്. അതിന് വ്യക്തമായ ഉത്തരം നല്‍കാതെ ജീവിതത്തിന്റെ മറ്റു മേഖലയിലേക്കുള്ള ചിന്തയിലേക്ക് നീങ്ങുകയാണ് റായിദ്. നൂറയോടൊപ്പം ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ റായിദ് പുസ്തകം വായിക്കുകയായിരുന്നു. ഏതു പുസ്തകമാണ് താങ്കള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്ന നൂറയുടെ ചോദ്യത്തിന് 'മൗസിമുല്‍ ഹിജ്‌റത് ഇല ഷമാല്‍' എന്ന പേരാണ് അബൂ റായിദ് മറുപടിയായി പറയുന്നത്. ത്വയ്യിബ് സാലിഹിന്റെ പുസ്തകമല്ലേ ഇതെന്ന നൂറയുടെ ചോദ്യത്തിന് അതെയെന്ന് പറയുന്നു. (അറബി ഭാഷയിലെ വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ് അത്). രണ്ടായിരത്തോളം പ്രശസ്തമായ പുസ്തകങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നും അബൂ റായിദ് നൂറയോട് പറയുന്നുണ്ട്. ആ സംസാരത്തില്‍ നിന്നും നൂറയ്ക്ക് റായിദിനോടുള്ള ബഹുമാനം വര്‍ധിക്കുകയാണ്. 

ഒരു ദിവസം തന്റെ മുറി സന്ദര്‍ശിക്കുന്ന നൂറയുമായി റായിദ് വീടിന്റെ മുകളിലെ ടെറസ്സിലേക്ക് പോകുന്നു. തനിക്ക് ലോകം കാണണമെന്ന് തോന്നുമ്പോള്‍ ഈ ടെറസ്സില്‍ മലര്‍ന്നു കിടക്കുമെന്നും അമ്മാനിന്റെ മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ നിന്നും കാണാമെന്നും അദ്ദേഹം പറയുന്നു. കുറച്ചു നേരം അവിടെ ഇരുന്ന നൂറ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നുണ്ട്. റായിദാകട്ടെ മകന്‍ നഷ്ടപ്പെട്ട കഥയും ഭാര്യയുടെ മരണത്തെ കുറിച്ചുമാണ് നൂറയോട് സംസാരിക്കുന്നത്. 

മദ്യപിച്ച് വന്ന അബൂ മുറാദ് ഭാര്യയേയും മക്കളേയും തല്ലുന്നു. കൈക്ക് മുറിവേറ്റ് മുറാദ് വേദന സഹിക്കാതെ റായിദിന്റെ വീട്ടിലേക്കാണ് പോയത്. റായിദ് മുറാദിന്റെ മുറിവ് വെച്ച് കെട്ടുകയാണ്. മുറാദ് തന്റെ പഴയകാല പ്രവര്‍ത്തനങ്ങളില്‍ റായിദിനോട് ക്ഷമ ചോദിക്കുന്നുണ്ട്. 

സ്‌കൂളില്‍ പോകാതെ ബിസ്‌കറ്റ് വിറ്റു നടക്കുന്ന താരിഖിനെ കാണുന്ന റായിദ് മുഴുവന്‍ ബിസ്‌കറ്റും വില കൊടുത്തു വാങ്ങി അവനെ സഹായിക്കുകയാണ്. അവനോട് സ്‌കൂളില്‍ പോകാന്‍ പറയുകയും താരിഖിന്റെ പിതാവിനെ കാണാന്‍ പോവുകയും ചെയ്യുന്നു. താരിഖിനെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അബു റായിദ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ മകന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുട്ടികളുടെ പ്രതീക്ഷകളെയും അവര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന കഴിവുകളെയും അബൂ റായിദിന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നല്‍കുന്ന ചിന്തകള്‍ വലിയ മാറ്റത്തിന് സാധ്യമാകുന്നു. ഇത്തരം സാമൂഹിക പാശ്ചാലത്തില്‍ അബൂ റായിദിനെ പോലെയുള്ളവര്‍ ജീവിക്കേണ്ട ആവശ്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന് കഴിയുന്നു എന്നത് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ വിജയമാണ്.  


അബൂ മുറാദിന്റെ പീഡനം സഹിക്കവയ്യാതായ ഭാര്യയേയും കുടുംബത്തേയും രക്ഷപ്പെടുത്താന്‍ നുറ തയ്യാറാവുകയാണ്. അബൂ മുറാദ് വീട്ടില്‍ തിരികെയെത്തുന്നതിന് മുമ്പ് നൂറയോടൊപ്പം പോകാന്‍ തയ്യാറാകുന്ന മുറാദ് യാത്രയ്ക്കു മുമ്പ് അബൂ റായിദിന്റെ പഴയ ക്യാപ്റ്റന്‍ തൊപ്പി അദ്ദേഹത്തിന് തിരികെ നല്കുകയാണ്. എന്നാല്‍ ഈ തൊപ്പി മുറാദിന്റെ തലയില്‍വെച്ചുകൊടുത്താണ് അബൂ റായിദ് അവരെ യാത്രയയക്കുന്നത്. 

അബൂ മുറാദിന്റെ വരവും കാത്ത് അബൂ റായിദാണ് അവരുടെ വീട്ടിലിരിക്കുന്നത്. ഭാര്യയേയും മക്കളേയും കാണാതെ അബൂ റായിദിനെ മാത്രം കാണുന്ന അബു മുറാദ് ദേഷ്യപ്പെടുകയാണ്. തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അബു റായിദിനുനേരെ വലിയൊരു വടിയുമായി അബു മുറാദ് തിരിയുകയാണ്. അടഞ്ഞുകിടക്കുന്ന വാതിലിനപ്പുറത്തി നിന്നുള്ള ബഹളം മാത്രമാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്.

പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 

2007ല്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍, 2008ല്‍ ഡര്‍ബന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, ഹേര്‍ട്ട്‌ലാന്റ് ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റര്‍ ഹേര്‍ട്ട് അവാര്‍ഡ്, ന്യൂപോര്‍ട്ട്ബീച്ച് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള ജൂറി പുരസ്‌ക്കാരം, സെറ്റില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് തുടങ്ങിയവ ക്യാപ്റ്റന്‍ അബു റായിദ് കരസ്ഥമാക്കിയിട്ടുണ്ട്.

Friday, July 1, 2016

യൂഫ്രട്ടീസ് തീരത്തെ ആട്ടിന്‍ കുട്ടികള്‍ അനാഥരാണ്


ഖലീഫ ഉമര്‍(റ) തന്റെ സഹായിയായ അസ്‌ലമിനോടൊപ്പം വേഷപ്രച്ഛന്നനായി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി നടക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടിനടുത്ത് എത്തിയപ്പോള്‍ അവിടെ വെളിച്ചമുണ്ട്. കുട്ടികളുടെ കരച്ചിലും കേള്‍ക്കുന്നു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ അടുപ്പില്‍ ഒരു കലം വെച്ചു തീ കത്തിക്കുന്ന സ്ത്രീയേയും അതിനും ചുറ്റും വിശന്നു കരയുന്ന കുട്ടികളെയും  അദ്ദേഹം കണ്ടു. 
ഉമര്‍ ചോദിച്ചു: 'ഈ കലത്തില്‍ എന്താണ്?'
സ്ത്രീ പറഞ്ഞു: 'വെറും വെള്ളം. കുട്ടികള്‍ക്ക്  ഉറക്കം വരുംവരെ അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിവെച്ചതാണ്. ഈ നാട്ടിലെ ഭരണാധികാരിയായ ഉമര്‍ ഇതൊന്നും കാണുന്നില്ലല്ലോ?'
ഇത് കേട്ടപ്പോള്‍ ഉമര്‍ അവിടെ നിന്നും നേരെ പൊതുഖജനാവിലേക്ക് പോയി ഗോതമ്പിന്റെ ചാക്കും വെണ്ണയും എടുത്ത് ആ വീട്ടിലേക്കു തിരിച്ചു.

'ഈ ഗോതമ്പ് ചാക്ക്  ഞാന്‍ ചുമക്കാം'-  അസ്‌ലം പല തവണ  പറഞ്ഞിട്ടും ഉമര്‍ അതിന് സമ്മതിച്ചില്ല. അദ്ദേഹം തന്നെ ഗോതമ്പ് മാവും  വെണ്ണയും ചുമന്നു. ആ വീട്ടിലെത്തിയപ്പോള്‍ ഉമര്‍ തന്നെ അടുപ്പില്‍ തീ ഊതി ഗോതമ്പ് മാവ് പാകം ചെയ്ത് സ്ത്രീ നല്കിയ ഒരു പാത്രത്തില്‍ വിളമ്പി. കുട്ടികളെ ഭക്ഷിപ്പിക്കാന്‍ സ്ത്രീയോട് പറഞ്ഞു.
കുട്ടികള്‍ വയറു നിറച്ചു തിന്നു. മിച്ചമുള്ളത് അവിടെ വെച്ചിട്ട് ഉമറും അസ്‌ലമും തിരിച്ചു പോകാന്‍ എഴുന്നേറ്റു.
വേഷപ്രച്ഛന്നനായ ഭരണാധികാരിയെ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ഉമറിനോട്  പറഞ്ഞു: 'നിങ്ങള്‍ ചെയ്ത ഉപകാരത്തിന് ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കട്ടെ. ഭരണം നടത്താന്‍ ഉമറിനെക്കാള്‍ പറ്റിയ ആള്‍ നിങ്ങളാണ്.'
ഉമര്‍ ആ സ്ത്രീയോട് പറഞ്ഞു: 'നിങ്ങള്‍ നാളെ അമീറുല്‍ മുഅ്മിനീന്റെ അടുത്ത വരണം. അവിടെ എന്നെ കാണാം.'
ഈ റമദാനിലും  ഭക്ഷണമായും വസ്ത്രങ്ങളായും മരുന്നായും മറ്റും ലക്ഷക്കണക്കിന് റിയാലിന്റെ സഹായ വിതരണമാണ് നടക്കുന്നത്.  അഭയാര്‍ഥി കാംപുകളിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും മികച്ച ആസൂത്രണത്തോടെ ഖത്തര്‍ പോലെയുള്ള അറബ് രാജ്യങ്ങള്‍ സഹായമെത്തിക്കുന്നു. എന്നിട്ടും എത്രയോ പാവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  ഇത്തരം സഹായങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. 
  പല സന്നദ്ധ സംഘടനകളും ദരിദ്രരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഒരുപാട് പാവങ്ങള്‍ക്കും നിരാലംബര്‍ക്കും ഈ സഹായം തുണയാവുന്നു. റിലീഫിന്റെ കിറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്ന എത്രയോ പാവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരം നല്ല സംരംഭങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് സുമനസ്സുകള്‍ നാട്ടിലും പ്രവാസ ലോകത്തുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും യാതൊരു തരത്തിലുമുള്ള പ്രസിദ്ധിയും ആഗ്രഹിക്കാത്തവരാണ്. ദൈവപ്രീതി മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഓരോ വര്‍ഷവും റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തുമ്പോള്‍ നാട്ടിലെ സംഘടനകള്‍ തമ്മില്‍  കുറച്ചു കൂടെ ആസൂത്രണം നടത്തേണ്ടിയിരിക്കുന്നു. പല മഹല്ല് കൂട്ടായ്മകളും തങ്ങളുടെ മഹല്ലിലെ കഷ്ടത അനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആസൂത്രണമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയും. ഈ രംഗത്തും സാമ്പത്തിക വിദഗ്ധരേയും പട്ടിണി നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കും.

ഈ കാര്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റു ചിലതുണ്ട്. ചെറിയ സഹായങ്ങളാണങ്കിലും അതിന് വലിയ പ്രചാരണം കൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായതോടെ പ്രചരണവും കൊഴുത്തിട്ടുണ്ട്. സഹായം ലഭിച്ച ആളുടേയോ കുടുംബത്തിന്റേയോ ഫോട്ടോയും വിവരണങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. സഹായം ലഭിക്കുന്ന ആളുടെ താത്പര്യം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടാറേയില്ല. ഒരുപക്ഷെ അവരുടെ ഗതികേട് കൊണ്ടും നിര്‍ബന്ധം കൊണ്ടുമായിരിക്കും ഫോട്ടോ എടുക്കാന്‍ പോലും നില്‍ക്കേണ്ടി വന്നത്. അവരുടെ ദയനീയ അവസ്ഥയെ തികച്ചും ചൂഷണം ചെയ്യുന്നത് പോലെയാണിത്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് സഹായം വാങ്ങാന്‍ എത്തുക. കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ ഫോട്ടോ എടുത്ത് അത് പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ അവനുണ്ടായേക്കാവുന്ന  പ്രയാസം കാണാതെ പോവുകയാണ്. ഈ കാര്യങ്ങളൊന്നും മനഃപ്പൂര്‍വ്വമായിരിക്കില്ലെങ്കിലും സഹായം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ മറന്നു പോവുകയാണ് പതിവ്. 

ദരിദ്രരെ ആരുമറിയാതെ സഹായിക്കുന്ന രീതി എത്ര മാതൃകാപരവും മഹത്തരവുമായിരിക്കും. സഹായങ്ങള്‍ ആരുമറിയാതെ വീട്ടിലെത്തിച്ച് ഇത് നിങ്ങളുടെ അവകാശമാണെന്നും ഞങ്ങളുടെ ആനുകൂല്യമല്ലെന്നും പറയുമ്പോള്‍  അവര്‍ അനുഭവിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളുമുണ്ടെന്നു കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 

പ്രശസ്ത ഈജിപ്ത്യന്‍എഴുതുകാരന്‍ മുസ്തഫ ലുതുഫി തന്റെ വീക്ഷണം എന്ന പക്തിയില്‍ ഒരിക്കല്‍ എഴുതി, 'നീ രാത്രി കാലങ്ങളില്‍ പാവപ്പെട്ടവരുടെ വീടിന്റെ മുമ്പിലൂടെ നടക്കുക. നീ അറിയാതെ, നീ സഹായിച്ച പാവങ്ങള്‍ നിന്നെ പറ്റി പറയുന്ന നല്ല വാക്കുകള്‍ ഉണ്ടല്ലോ അത് കേള്‍ക്കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ല. അത്രയും ആനന്ദകരമായിരിക്കും നിന്റെ കാതുകള്‍ക്ക് അവരുടെ ആ സംസാരം.' ഇവിടെയാണ് ഖലീഫ ഉമര്‍ നമുക്ക് കാണിച്ചു തന്ന മാതൃക പിന്തുടരേണ്ടത്. ഭക്ഷണവുമായി ഉമര്‍ ആ വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചുമക്കാം ഈ ഗോതമ്പ് മാവ് എന്ന് പല തവണ അസ്‌ലം പറഞ്ഞിട്ടും സമ്മതിക്കാതെ ഖലീഫ തിരികെ ചോദിച്ച ഒരു ചോദ്യമുണ്ട്- 'അന്ത്യനാളില്‍ എന്റെ പാപഭാരം ചുമക്കാന്‍ നിനക്ക് കഴിയുമോ അസ്‌ലം'?. ഈ ചോദ്യം ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. 

മറ്റൊരിക്കല്‍ ഖലിഫ ഉമര്‍ രാത്രി സഞ്ചരിക്കുമ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു. പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയുടെ കരച്ചില്‍ ആയിരുന്നു അത്. അവള്‍ പറഞ്ഞു എനിക്കിവിടെ ആരുമില്ല. ഇത് കേട്ടപ്പോള്‍ ഉമര്‍ വീട്ടിലേക്ക് ഓടി ഭാര്യ ഉമ്മുക്കുല്‍സൂമിനോട് പറഞ്ഞു, നിനക്ക് പുണ്യം ലഭിക്കാന്‍ ഒരു വഴി തുറന്നു വന്നിട്ടുണ്ട്. കാര്യങ്ങള്‍ ഉമര്‍ വിവരിച്ചു കൊടുത്തു. കുറച്ചു ഭക്ഷണവും വെണ്ണയും ഉമറും, പ്രസവ ശുശ്രൂക്കാവശ്യമായ സാധനങ്ങളുമായി ഉമ്മുകുത്സൂമും ആ വീട്ടിലേക്ക് വേഗത്തില്‍ നടന്നു.

ഉമര്‍ അവരുടെ ഭര്‍ത്താവിനോടൊപ്പം പുറത്തും ഉമ്മുകുത്സൂം വീട്ടിനുള്ളിലേക്കും പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ഉമ്മുകുത്സൂം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍ ഒരാണ്‍ കുഞ്ഞ്.' ഇത് കേട്ടപ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവ് ഞെട്ടി.  അപ്പോഴാണ് തന്റെ വീട്ടില്‍ ഭാര്യയേയും കൂട്ടി വന്നിരിക്കുന്നത് ഖലീഫ ഉമര്‍ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തന്റെ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി', അത് ഏർപ്പാട്   ചെയ്തത് റോമ- പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ  കണ്ണുകള്‍ നിറഞ്ഞു. ഉമറിനോട് ഖേദം പ്രകടിപ്പിച്ചു. ഉമര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് തിരിച്ചു പോന്നു.

ജാതി- മത ചിന്തകള്‍ക്കതീതമായി എല്ലാ ജാതി മത വിഭാഗങ്ങളിലുള്ള പാവങ്ങളെയും ഒരു പോലെ കാണാനും അയല്‍ക്കാര്‍ക്ക് തങ്ങളുടെ സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുന്നുവെന്ന ബോധം പകര്‍ന്നു നല്കുവാനും ഓരോ വിശ്വാസിക്കും കഴിയണം. സഹായിക്കാന്‍ കഴിയുമെന്നിരിക്കെ ഒരു വിശ്വാസിയുടെയും അയല്‍ക്കാരന്‍ പട്ടിണിയാലോ സാമ്പത്തിക ബാധ്യതയാലോ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. നോമ്പ്തുറകളിലും മറ്റും ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി  അത് പാഴാക്കപ്പെടുമ്പോള്‍ ലോകത്ത് ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ടെന്ന ബോധം ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതുണ്ട്. വിശപ്പിന്റെ വില ശരിക്കും അറിഞ്ഞവരായിരുന്നു പ്രവാചകരും അനുയായികളും. ഒരിക്കല്‍ പ്രവാചകന്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. വഴിയില്‍ അദ്ദേഹം അബൂബക്കറിനേയും ഉമറിനെയും കണ്ടു. വിശപ്പ് സഹിക്ക വയ്യാതെ അബൂബകറും ഉമറും രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. പ്രവാചകന്‍ ചോദിച്ചു: നിങ്ങളെന്താണ് ഈ സമയത്ത്? അവര്‍ പറഞ്ഞു: 'വിശപ്പാണ് പ്രവാചകരെ.'  എന്നിട്ടവര്‍ തിരികെ ചോദിച്ചു: 'എന്താണ് നബിയേ അങ്ങീ രാത്രിയില്‍ ഇറങ്ങി നടക്കുന്നത്?' 'നിങ്ങള്‍ ഏതു കാരണത്താലോ വന്നത്, അതേ കാരണം തന്നെ.'
സര്‍വ ഐശ്വര്യങ്ങള്‍  കൊണ്ട് അനുഗ്രഹീതമായ മക്കയെ വിളിച്ചു മഹാനായ  കവി അല്ലാമാ ഇഖ്ബാലിന്റെ ചോദ്യം എത്ര പ്രസക്തം:
'ഹേ; മക്കാ ദേശമേ.... എന്തുകൊണ്ട് നീയൊരു ഉമര്‍
ഫാറൂഖിനെ വീണ്ടും ഉയര്‍ത്തുന്നില്ല'
ഭരണാധികാരിയായ  ഉമര്‍ ആണ് ഈ കാര്യങ്ങള്‍ ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് കൊട്ടിഘോഷിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പ്രവാചകന് ശേഷം യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി സംരക്ഷണം ലഭിക്കാതെ ചത്തു പോയാല്‍ അതിന്റെ പേരില്‍ അല്ലാഹു എന്നെ ചോദ്യം ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് പ്രഖ്യാപിച്ച ഉമറിനെക്കാള്‍ മാതൃകയാക്കാന്‍ ലോകത്ത് വേറെ ഏത് ഭരണാധികാരിയുണ്ട്?

Friday, April 22, 2016

ഇബ്നു തുഫൈലിന്റെ ദാർശനികത - 2

മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി......
കഥ തുടരുന്നു
മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II
ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. 
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. 
ജീവിതത്തിന്റെ  പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി.

മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല  ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു,  കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും,  വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാനിന്റെ  ഉള്ളറ മുഴുവന്‍  പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ  രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.

തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു.  നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അവന്റെ  ചിന്ത സസ്യങ്ങളിലും  ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ  കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ്  ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍  നിന്നുള്ള  ജല്പനങ്ങള്‍  അവന്‍ കേട്ടുകൊണ്ടിരുന്നു. ന്തരാത്മാവിനും അനുഭൂതികള്‍ക്കും  ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍  മനോഹരമായ പച്ചപ്പിലേക്കും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,  കിളികളോടു തത്തകളോടും  കുരുവികളോടും  നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍  അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു  ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. 

പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു  പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ  കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും  നിലാവിലും  സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ  കണ്ടത്തി.

തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി  പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി,  നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല,  ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം.
ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ്  ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു.

നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍  എത്തിയ  ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.

ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന്‍ നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും  തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍  ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ  ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.

ചുറ്റും വിജനതയായിരുന്നു.  തന്റെ ചുറ്റുപാടുകളെ  ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ  തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

പുറംലോകത്തിന്റെ ആരവങ്ങളില്‍  നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ  വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍  ആവിർഭവിച്ചു. ഹയ്യ്  ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു.

കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്,  തിന്മകള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം  ഉസാലിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന്‍ പറഞ്ഞു,  ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു.

മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു.  മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി  ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്‍റെ മനസ്സില്‍ ഒന്നുരണ്ടു  ചോദ്യങ്ങള്‍ ബാക്കിയായി,  പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു  അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം  ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്കുന്നുണ്ട്.

ഉസാലിന്റെ ദ്വീപിലേക്ക്  പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക്  അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന്‍ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............

ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ   ഹയ്യ്  സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു  പ്രയോജനവുമില്ലന്നു  വിശ്വസിക്കുകയും  ഇതാണ്  ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍  തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി  ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി. 

മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മ
ത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.  .വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".ഇബ്നു തുഫൈലിന്റെ ദാർശനികത - 1


മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ ഹ്ര്‍ദയം  ചലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി,  രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹ്ര്‍ദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, അതോടൊപ്പം  ശരീരത്തില്‍ എന്തോ ഒന്നു നഷ്ടപ്പെട്ടതായി അവന് അനുഭവപ്പെട്ടു.  അത് ആത്മാവാണന്നും മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യവും അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടത്തലായിരുന്നു. 
മാന്‍ പേട വളര്‍ത്തിയ മനുഷ്യക്കുഞ്ഞു

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗ്രനാഡ പട്ടണത്തിലെ വാദി ആഷ് എന്ന ഗ്രാമത്തിലാണ് ഇബ്നു തുഫൈല്‍ ജനിക്കുന്നത്. എല്ലാ വിജ്ഞാന  ശാഖകളിലും   നിപുണനായ  അദ്ദേഹം അനേകം  തത്വ ചിന്തകള്‍ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു, മറാകിഷിലാണ് അദ്ദേഹം മരിക്കുന്നതു. ഇബ്നു തുഫൈലിന്റെ ജീവിതചരിത്രത്തെ ആസ്പദമാകിയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ ദാര്‍ശനിക നോവല്‍ "ഹയ്യിബ്നു യഖ്ളാന്‍" ലോക പ്രശസ്തമാണ്, ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കിയ അഡ്വാര്‍ഡ് ബോകൊക്ക് എന്ന ബ്രിടീഷുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ പരിഭാഷയോട് കൂടിയ മൂല ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു, ഇന്ന് ഫ്രെഞ്ച് സ്പാനിഷ്, ഡച്ച് ഇംഗ്ലിഷ് ഭാഷകളില്‍ പ്രസിദ്ധമാണ് ഈ നോവല്‍. "റോബിന്‍സ് ക്രൂസോയെ"   The Life and Strange Surprising Adventures എന്ന നോവല്‍ എഴുതാന്‍ പ്രചോദനം  നല്കിയത് ഈനോവല്‍ ആണന്നു പറയപ്പെടുന്നു, റോബിന്‍സണ്‍ കൃസോയുടെ നോവലും ഈ നോവലും തമ്മില്‍  നല്ല ബന്ധമുണ്ട് എന്നതാണ് കാരണമായി പറയപ്പെടുന്നത്.


പില്ക്കാലത്ത് അബുല്‍അലാമഅരിയും ഇത്തരം ഒരു കഥയുമായി അറബ് ലോകത്ത് കടന്നു വന്നിട്ടുണ്ട് "രിസാലത്തുല്‍  ഗഫ്രാന്‍" ഇത്തരം ചിന്തയുടെ ഭാഗമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു.

നോവലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ആമുഖമായി  പറയേണ്ടതുണ്ട്. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,
ഹാറൂന്‍ റഷീദിന്റെ പുത്രനായ മഅമൂന്റെ കാലത്ത് അന്യ ഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട്മെന്‍റ് തന്നെ രൂപം കൊള്ളുകയുണ്ടായി, അരിസ്റ്റോടലിന്റ്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു,   അക്കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ് , ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയില്‍ നിന്നുണ്ടായ തത്വ ശാസ്ത്ര  സംകൃത കൃതികളും അക്കാലത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ണ്ട്, പഞ്ചതന്ത്ര കഥകളായി അറിയപ്പെട്ട കലീല വദിംന പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലഹിബ്നു മുഖ്‌ഫ്ഫ ആണ് അറബിയില്‍ വിവര്‍ത്തനം ചെയ്തത്, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, രചനയില്‍  മനശാസ്ത്രവും രാഷ്ട്ര മീമാംസയും വിശകലനത്തിന്  വിധേയമാക്കി, സിയാസത്തുല്‍ മദനിയ്യ (സാധാരണക്കാരന്റെ രാഷ്ട്രീയം) ഭരണ കൂടത്തെ മനുഷ്യ ശരീരത്തോട് തുലനം ചെയ്തു, ഇത് പ്ലാടോവിന്‍റെ "റിപബ്ലിക്" നോട് സാമ്യമുള്ളതായി പറയപ്പെടുന്നു, മുസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മുസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" പദാര്‍ഥങ്ങളെ  അഞ്ചു രൂപമായി തിരിച്ചു, വസ്തു, രൂപം, ചലനം, ദേശം, കാലം, അരിസ്റ്റോടലിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. 
മറ്റൊരു ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു  ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോക പ്രശസ്തമാണ്. ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. മധ്യകാല തത്വജ്ഞാനത്തിന്റെ ഗിരി ശൃംഗത്തിലാണ് അദ്ദേഹം സ്ഥാനമുറപ്പിച്ചത്. പക്ഷേ വിജ്ഞാനത്തിന്റെ സകല മേഘലകളിലും വ്യാപരിച്ച അബൂ റൈഹാന്‍ അല്‍ ബിറൂനിയോളം ശാസ്ത്രജ്ഞാനമാര്‍ജിക്കാന്‍ ഇബ്നുസീനക്ക് സാധിച്ചില്ല. പക്ഷേ, ഇബ്നുസീനയുടെ പ്രശസ്തിയുടെ നിഴലില്‍ വീണ്‌പോവുകയായിരുന്നു അല്‍ബിറൂനി. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ മാത്രമല്ല ആ പ്രതിഭ സംഭാവനകളര്‍പ്പിച്ചത്. വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം അദ്ദേഹം അസാമാന്യ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചു. ചുരുക്കത്തില്‍ ഗ്രീക് തത്വചിന്തയെ ഇസ്ലാമിക ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ "കിന്ദി" തുടക്കം കുറിക്കുകയും "ഫാറാബിയിലൂടെയും"  "ഇബ്നു സീനയിലൂടെയും" "ഇബ്നു റുശുദ്ലൂടെയും", ഇബ്നു തുഫൈല്‍  അത് പൂര്‍ത്തീകരിക്കുകയുണ്ടായി.
ഇവരുടെ ഓരോരുത്തരുടെയും  ജീവിതവും ദര്‍ശനവും വായനക്കാരുടെ പ്രതികരണമനുസരിച്ച് അടുത്ത പോസ്റ്റുകളായി പ്രസിദ്ധീകരിക്കാം.


ഇബ്നു തുയഫിലിലേക്ക് നമുക്ക് വീണ്ടും മടങ്ങിയെത്താം, ഇബ്നു തുഫൈലിന്റെ ദാര്‍ശനിക നോവലായഹയ്യിബ്നു യഖ്ളാനിലേക്ക് നിങ്ങളെ "ആര്‍ട്ട് ഓഫ് വേവ് " ഒരിക്കല്‍ കൂടെ സ്വാഗതം ചെയ്യുന്നു.
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, മനുഷ്യ വാസമില്ലാത്ത ദ്വീപ്. പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.........
തുടരും

ബാക്കി അടുത്ത പോസ്റ്റില്‍

Thursday, March 17, 2016

അവര്‍ നാടകം കളിക്കുകയാണ്

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരത്തില്‍ ഖത്തറില്‍ നിന്ന് മൂന്നും ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുവീതം നാടകങ്ങളുമായിരുന്നു പങ്കെടുത്തത് - മൊത്തം പതിമൂന്നു നാടകങ്ങള്‍. സംസ്‌കൃതി  അവതരിപ്പിച്ച 'കടല്‍ കാണുന്ന പാചകക്കാരന്‍', ക്യു മലയാളത്തിന്റെ 'കരടിയുടെ മകന്‍', കൂറ്റനാട് കൂട്ടായ്മയുടെ 'കാഴ്ച ബംഗ്ലാവ്' എന്നിവയായിരുന്നു ഖത്തറിലെ നാടകങ്ങള്‍.

നാടക പ്രവര്‍ത്തകനും ചലച്ചിത്ര താരവും തിരക്കഥാകൃത്തും സംവിധാനയകനുമായ പ്രൊഫ. പി ബാലചന്ദ്രനും നാടക പ്രവര്‍ത്തകനും ലോകധര്‍മ്മി നാടക സംഘം സ്ഥാപക ഡയരക്ടറുമായ പ്രൊഫ. ചന്ദ്രദാസുമായിരുന്നു ജൂറി അംഗങ്ങള്‍. 

സൈബര്‍ ബന്ധങ്ങള്‍ കൂടുകയും ജൈവികമായ ബന്ധങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ കാലത്ത് നാട്ടിലെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത, സ്‌നേഹം വറ്റി വരണ്ട ആസുര കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രവാസ ലോകത്ത് നിന്നും തോന്നും. സര്‍ഗാത്മകത നഷ്ടപ്പെടുന്നിടത്ത് അനീതിയും അക്രമവും വളരും എന്ന തിരിച്ചറിവിലൂടെ കലകള്‍ വളരണം. അങ്ങനെ പുതിയ കാലത്തിന്റെ സര്‍ഗ്ഗാത്മകതയിലേക്ക് ഒഴുകിച്ചേരാന്‍ കഴിയേണ്ടിയിരിക്കുന്നു. താന്‍ ജീവിക്കുന്ന കാലത്തിന്റേതായ സമയവര്‍ണം കൂരിരുട്ടിനെ കുറിച്ചാണെന്നും നാം എത്തിച്ചേരേണ്ടത് ഒരു വലിയ വെളിച്ചത്തിലേക്കാണെന്നും ആ വെളിച്ചത്തിന് സ്‌നേഹമെന്നും സ്വാതന്ത്ര്യമെന്നും ശാന്തിയെന്നും സൗന്ദര്യമെന്നും സഹിഷ്ണതയെന്നും വിളിപ്പേരുണ്ടെന്നും തിരിച്ചറിയാനാവണം.  സംസ്‌കൃതി അവതരിപ്പിച്ച 'കടല്‍ കാണുന്ന പാചകക്കരന്‍' നാടകത്തിലൂടെ ഖലീല്‍, ശിവാനന്ദന്‍ എന്നീ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഇവിടെയാണ്.

നാടകം പ്രേക്ഷകരില്‍ അസഹിഷ്ണുതക്കെതിരെയുള്ള പ്രതിരോധത്തിന്റെ പാലങ്ങള്‍ തീര്‍ക്കുകയായിരുന്നു -  സ്‌നേഹബന്ധങ്ങളിലേക്ക് നീളുന്ന പാലങ്ങള്‍. സാംസ്‌കാരിക അധിനിവേശം മനുഷ്യന്റെ വായനയേയും വായനശാലകളെയും കൊല്ലുമ്പോള്‍ പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കുന്ന ശിവാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യം അതിമനോഹരമായ ദൃശ്യഭാഷയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുവേള ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു നാട്ടിന്‍പുറത്തെ പഴയകാല നാടകകൂട്ടായ്മയുടെയും വായനശാല വാര്‍ഷികത്തിന്റെയും ദൃശ്യങ്ങള്‍ നാടകത്തില്‍ പുനരവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും ആ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തിട്ടുണ്ടാവും.

വലിയ പരീക്ഷണങ്ങളൊന്നും നടത്താതെ പരിമിതമായ സമയവും സ്ഥലവും ഉപയോഗിച്ചു കുറച്ചു കലാകാരന്മാര്‍ ചേര്‍ന്ന് ഓരോ നാടകവും അരങ്ങില്‍ എത്തിക്കുകയായിരുന്നു. പ്രവാസി നാടക വേദികളില്‍ ഇപ്പോഴും എഴുപതുകളിലെയും എണ്‍പതുകളിലെയും പരമ്പരാഗത രീതിയാണ് തുടരുന്നത് എന്ന ജൂറി അംഗങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാന്‍ പ്രവാസി നാടക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ലോകനാടകത്തെ കുറിച്ചും കേരളത്തിലെ 
സമകാലീന നാടക ശൈലിയെ കുറിച്ചും തികച്ചും ബോധമുള്ളവരാണ് പ്രവാസി നാടക പ്രവര്‍ത്തകരില്‍ പലരും. കാലത്തിനനുസരിച്ച് നാടകത്തെ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല എന്നത് സത്യമാണ്. എങ്കിലും വെറും ഫലിതങ്ങളും പൊള്ളയായ കുറെ വാക്കുകളും പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനു പകരം സമകാലീന വിഷയങ്ങള്‍ നാടകത്തിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അടുക്കിവെക്കലിലും ശൈലിയിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാങ്കിലും നാടകത്തില്‍ ഉടനീളം ജൈവികത നില നിര്‍ത്താനും സമകാലീന വിഷയങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികള്‍ ഇല്ലാതെ പക്വമായി അവതരിപ്പിക്കാനും അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. കടല്‍ കാണുന്ന പാചകക്കാരന്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. 

വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട പല നാടകങ്ങളും ജനപ്രീതിയിലും പ്രചാരത്തിലും ഏറെ മുമ്പില്‍ നില്‍ക്കാന്‍ കാരണം അന്നത്തെ സാമൂഹിക ചുറ്റുപാടുകളായിരുന്നു. ഇന്നും അത്തരം സാഹചര്യങ്ങളില്‍ പലതും നിലനില്‍ക്കുന്നുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മലയാള നാടക ചരിത്രത്തിലെ അപൂര്‍വസംഭവമായാണ് പലരും വിലയിരുത്തുന്നത്. അക്കാലത്തെ നാടക സംഘങ്ങളും ഗ്രാമീണ നാടക പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് നാടകത്തെ ജനകീയവത്കരിച്ചത് പോലെ ഈ കാലത്തും നാടക കലയെ ജനകീയമാക്കുകയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ഇരകളുടെ ശബ്ദമായി മാറുന്ന നാടകങ്ങള്‍ കൂടുതലായി വരേണ്ടിയിരിക്കുന്നു. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് എന്ന നാടകം ആദ്യം നോവലായി എഴുതാനായിരുന്നു വി ടി ചിന്തിച്ചത്. ഒരു നോവലിനേക്കാള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക നാടകത്തിനാണ് എന്ന ചിന്തയാണ് മാറ്റത്തിന് കാരണമായത്. അക്ഷരാഭ്യാസമില്ലാത്തആളുകള്‍ക്കുകൂടി പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തിലാണ് ആശയം നാടക മാറ്റാന്‍ പ്രധാന 
കാരണം. അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിച്ച ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളായിരുന്നു അവ. അനീതിക്കെതിരെ കലയിലൂടെ പ്രതിരോധം തീര്‍ക്കാനും നഷ്ടപ്പെടുന്ന സൗഹാര്‍ദവും സമാധാനവും പരസ്പര സ്‌നേഹവും തിരിച്ചു കൊണ്ടുവരാനും ഈ കലയിലൂടെ സാധിക്കും. അതിനു വേണ്ടിയുള്ള വേഷപ്പകര്‍ച്ച തന്നെയായിരുന്നു ഖത്തറിലെ നാടക മത്സരത്തില്‍ കണ്ടത്. ഓരോ രംഗവും ഓരോ അഭിനേതാവും പ്രേക്ഷകരോട് നേരിട്ട് സംവദിക്കുകയായിരുന്നു. നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനും വേണ്ടിയാണ് മൂന്നു നാടകങ്ങളും ശ്രമിച്ചത്. 

കടല്‍ കാണുന്ന പാചകക്കാരന്‍
അടുക്കളയുടെ നാല് ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെടുമ്പോഴും പിറന്ന നാടും കടലും നാട്ടിലെ വായനശാലയും അവിടുത്തെ സൗഹൃദങ്ങളും സുഹറ എന്ന തന്റെ പ്രണയിനിയെയും ഒരു വികാരമായി കൊണ്ടുനടക്കുന്ന ഖലീല്‍ എന്ന പ്രവാസിയിലൂടെയാണ് 'കടല്‍ കാണുന്ന പാചകക്കരന്‍' കഥ നീങ്ങുന്നത്. പ്രവാസികളുടെ നൊമ്പരത്തെ അടയാളപ്പെടുത്തുകയായിരുന്നു ഈ നാടകം.
മനസ്സില്‍ ആര്‍ത്തിപൂണ്ട മനുഷ്യന്റെ കയ്യേറ്റം സമുദ്രസമ്പത്തിനെ ഊറ്റിയെടുത്ത് ഇല്ലാതാക്കുമ്പോള്‍ 'കടലിന്റെ അടിമാന്തി ഞങ്ങളുടെ അണ്ഡങ്ങളെയും നിങ്ങള്‍ കവര്‍ന്നെടുത്തു, ഞങ്ങളുടെ കുഞ്ഞു മക്കളെയെങ്കിലും വെറുതെ വിട്ടുകൂടായിരുന്നോ' എന്ന പെണ്‍മീനിന്റെ ചോദ്യം പ്രേക്ഷകരെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. പെണ്‍മീനിന്റെ നിലവിളികളില്‍ വംശഹത്യകളും ഭ്രൂണഹത്യകളും മാതൃഹത്യകളും മാറിമാറി നിഴലിക്കുകയായിരുന്നു. പെണ്‍മീനായി വേഷമിട്ടത് ദര്‍ശന രാജേഷായിരുന്നു. മികച്ച കഥാപാത്രമായി മാറാന്‍ പെണ്‍മീനിലൂടെ ദര്‍ശനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖലീലിന്റേയും സുഹറയുടെയും പ്രണയവും പെരുകിവരുന്ന സ്ത്രീപീഡനങ്ങളും പിഞ്ചുകുഞ്ഞുങ്ങളോടു പോലും കാണിക്കുന്ന ക്രൂരതകളോടുള്ള സുഹറയുടെ പ്രതിഷേധവും മനോഹരമായി വരച്ചു ചേര്‍ക്കുന്നു.

ഖലീല്‍, ശിവാനന്ദന്‍, പെണ്‍മീന്‍, ആയിഷ, സുഹറ, ജോസേട്ടന്‍, ബാപ്പ, രാഘവേട്ടന്‍ തുടങ്ങി കടലോരം സമൃദ്ധമാക്കിയ പ്രതിഭകള്‍, മാലാഖമാരായി അവതരിച്ച കുരുന്നുകള്‍ തുടങ്ങിയവരെല്ലാം അഭിനയകലയുടെ മര്‍മ്മംകണ്ട പ്രകടനം കാഴ്ചവെച്ചു. ഇരുളും വെളിച്ചവും വിദഗ്ധമായി സന്നിവേശിപ്പിച്ച ദൃശ്യചാരുത, വേദിയുടെ പിരിമുറുക്കങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പശ്ചാത്തല സംഗീതം, അങ്ങനെ ഒരുപിടി പ്രതിഭാ വിലാസങ്ങളെ ഒരു കുടക്കീഴിലേക്ക് മനോഹരമായി പ്രതിഷ്ഠിച്ച സംവിധാന മികവ് ഈ നാടകത്തില്‍ പ്രകടമായിരുന്നു. സമകാലിക ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പാശ്ചത്തലങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികളില്ലാതെ പക്വമായി അവതരിപ്പിച്ചു എന്നത് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നു.

ബാബു വൈലത്തൂര്‍ രചനയും ഫിറോസ് മൂപ്പന്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തലസംഗീതം സുഹാസ് പാറക്കണ്ടിയും ദീപ നിയന്ത്രണം ഗണേഷ് ബാബുവും ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍ നൗഫല്‍ ഷംസ്, രംഗ സജ്ജീകരണം വിനയന്‍ ബേപ്പൂരും നിര്‍വഹിച്ചു.
നാടകത്തില്‍ മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടത് ഫിറോസ് മൂപ്പന്‍, ദര്‍ശന രാജേഷ്, മനീഷ് സാരംഗി, ജെയിസ് കിളന്നമണ്ണില്‍, ഫൈസല്‍ അരിക്കാട്ടയില്‍, ശ്രീലക്ഷി സുരേഷ്, ഗൗരി മനോഹരി തുടങ്ങിയവരാണ്. കൂടാതെ നേഹ കൃഷ്ണ, അസ്ലേശ സന്തോഷ്, ശ്രീനന്ദ രാജേഷ്, സഞ്ജന എസ് നായര്‍, റഫീക്ക് തിരുവത്ര, മന്‍സൂര്‍ ചാവക്കാട്, ഷെറിന്‍ പരപ്പില്‍, താഹിര്‍, വിനയന്‍ ബേപ്പൂര്‍, നിതിന്‍ എസ് ജി, സുരേഷ്‌കുമാര്‍ ആറ്റിങ്ങല്‍, ശരത് തുടങ്ങിയവരും അഭിനയിച്ചു.

കരടിയുടെ മകന്‍
ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യുന്ന പ്രൊഫസര്‍ ചാണ്ടിയും ഏതാനും കോളെജ് വിദ്യാര്‍ഥികളും തമ്മിലുള്ള ഒരു അഭിമുഖീകരണമായിരുന്നു കരടിയുടെ മകന്‍. എല്ലാം പദാര്‍ഥത്തിന്റെ നിയമങ്ങളിലൂടെ മനസ്സിലാക്കി അതില്‍ തന്നെ വ്യഥ അനുഭവിക്കുന്ന പ്രൊഫസര്‍, സത്യാന്വേഷണത്തിനു മുന്നില്‍ വ്യക്തിപരമായ ദുഃഖങ്ങള്‍ പ്രൊഫസര്‍ അവഗണിക്കുന്നു. പ്രകൃതി മനുഷ്യനെ പരിഗണിക്കുന്നുണ്ടോ എന്ന ജ്ഞാനിയുടെ സംശയംകൊണ്ട് പ്രൊഫസര്‍ വിദ്യാര്‍ഥികളിലുണ്ടാക്കുന്ന മാറ്റം ഏതു തരത്തിലുള്ളതാണെന്നും തന്റെ വേദനകളെ നിസ്സംഗമായി നേരിടുന്ന ഒരു മനുഷ്യന് കഴിയുന്നതെന്ത് എന്നും നാടകം പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കുകയായിരുന്നു.
കരടിയുടെ മകന്‍ തത്വചിന്തകളിലൂടെ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു. കളിയും ചിരിയുമായി കോളെജ് കാംപസും കാന്റീനും കോളെജ് ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ചിത്രീകരിച്ച മനോഹര രംഗങ്ങള്‍. എപ്പോഴും തലച്ചോറിനെ കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന പട്ടാളച്ചിട്ടയുള്ള ചാണ്ടി മാഷ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലെയും തത്വജ്ഞാനം പുതുതലമുറയിലെ കുട്ടികള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ചിന്തകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുട്ടികള്‍ അദ്ദേഹത്തിനു നല്കുന്ന പേരാണ് കരടി. കൃത്യതയിലും അച്ചടക്കത്തിലും പട്ടാള സമാനമായ സ്വഭാവമായത് കൊണ്ടും പരുക്കന്‍ പ്രകൃതമായതുകൊണ്ടും അവര്‍ അദ്ദേഹത്തെ എപ്പോഴും കരടി എന്ന് വിളിക്കുന്നു. അദ്ദേഹത്തിനു കൂടുതല്‍ സമയവും പറയാനുണ്ടായിരുന്നത് മനുഷ്യന്റെ തലച്ചോറിനെ കുറിച്ചായിരുന്നു.
എന്നും ശത്രുവിനെ പോലെ അവര്‍ കണ്ടിരുന്ന അധ്യാപകന്‍ ആശുപത്രിയുടെ ഐ സി യുവിന്റെ മുമ്പില്‍ ഇരിക്കുന്ന തന്റെ വിദ്യാര്‍ഥികളോട് മകന്റെ തലയുടെ എക്‌സ്‌റേ വിറക്കുന്ന കയ്യാലെ പിടിച്ച് അതിന്റെ ഓരോ ഭാഗത്തേക്കും വിരല്‍ചൂണ്ടി വികാരത്തോടെ പറയുന്ന രംഗം എന്നും ഓര്‍മ്മയില്‍ അവശേഷിക്കും.
'ഇതാ ഇവിടെയാണ് ഇഞ്ചുറി, ഇവിടെ ബ്ലഡ് ക്ലോട്ട് ചെയ്തിട്ടുണ്ട്. ആ വെളുത്ത ഒരു ശര്‍ക്കരപ്പൊതിയുടെ വലിപ്പം മാത്രമുള്ള ഈ തലച്ചോറിനകത്താണ് എല്ലാം. മൂന്ന് മിനിറ്റ് ഓക്‌സിജന്‍ കിട്ടിയില്ലെങ്കില്‍ ബ്രെയിന്‍ സെല്ലുകള്‍ മരിക്കും. നിങ്ങളുടെയൊക്കെ മുന്നില്‍ വന്നുനിന്ന് എപ്പോഴും അപമാനിതനാകുമ്പോഴും ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. മനുഷ്യനില്ലെങ്കിലും ഈ പ്രകൃതിക്ക് ഒന്നും വരാനില്ല.'
'ഒരു മൃഗത്തിനും സസ്യത്തിനും പറവയ്ക്കും മനുഷ്യനെ ആവശ്യമില്ല. പിന്നെ എന്തിനാണ് മനുഷ്യര്‍ അഹങ്കരിക്കുന്നത്. നോക്ക്, ഈ ഫിലിമില്‍ കാണുന്നതാണ് അവന്റെ തലച്ചോറ്. എന്നാല്‍ ഞാന്‍ വരാന്‍ വൈകിയാല്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന അവന്‍ ഇതിലെവിടെയാണ്. ഉറങ്ങുമ്പോള്‍ ഏതോ സ്വപ്‌നംകണ്ട് വിതുമ്പിയിരുന്ന അവന്റെ ചുണ്ടുകള്‍ ഇതില്‍ കാണാനില്ലല്ലോ.'
'കഴിഞ്ഞ വിഷുവിന്റന്ന് ഒരു കൊച്ചു കുരുവി അവന്റെ കൈത്തണ്ടയില്‍ വന്നിരുന്ന് ചിറകനക്കി. മഞ്ഞച്ചിറകുള്ള ഒരു കുരുവി. അതിനുശേഷം കണ്ണടച്ചാല്‍ ആ പക്ഷിയെ കാണാറുണ്ടെന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു. ഇതാ…ഇതില്‍ ആ പക്ഷി എവിടെ? എനിക്കറിയാം, അവന്‍ ഇനി കണ്ണ് തുറക്കില്ല.'
പ്രൊഫസറുടെ സംസാരം കേള്‍ക്കുന്ന വിദ്യാര്‍ഥികളെ ഐ സി യുവിന്റെ ചില്ലുജനലിലൂടെ വരുന്ന തളര്‍ന്ന വെളിച്ചത്തില്‍ നാം കാണുമ്പോള്‍ ഒരു നെഞ്ചിടിപ്പ് അനുഭവപ്പെടുകയായിരുന്നു. അതിലൊരു കുട്ടിയുടെ ചോദ്യമുണ്ട്. മനസ്സില്‍ തറക്കുന്ന ചോദ്യം. 'ഈ പൂവും വാടും ഇല്ലേ. ഈ പൂവ് വാടാതിരുന്നങ്കില്‍...' അത് കേള്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും കണ്ണ് നനയുകയായിരുന്നു. പ്രേക്ഷകരെ മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് നാടകത്തോടൊപ്പം സഞ്ചരിപ്പിക്കാന്‍ കരടി മാഷ് എന്ന കഥാപാത്രത്തിലൂടെ ശംസുവിനു കഴിഞ്ഞു.

തന്റെ മകനെ മടിയില്‍ കിടത്തി ശലഭങ്ങളെ പറ്റി പറയുന്ന രംഗം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. 'ശലഭങ്ങള്‍ ഇലകള്‍ക്കടിയില്‍ തൂങ്ങിക്കിടക്കുന്നത് ഇരപിടിയന്മാരായ പക്ഷികളില്‍നിന്നും പിന്നെ മഴയില്‍ നിന്നും രക്ഷപ്പെടാനാണ്. ഈ ലോകത്തെവിടേയും ഇരകളും ഇരപിടിയന്മാരുമാണ്. ശലഭങ്ങള്‍ ഉറങ്ങുമ്പോള്‍ അവയെ തിന്നാന്‍ തക്കം പാര്‍ത്തു നടക്കുന്ന ഇരപിടിയന്മാരുണ്ട്. ഒരു ജീവിയുടെ ഉറക്കമാണ് മറ്റൊരു ജീവിയുടെ ഭക്ഷണം.…ഇവിടെ പറയാതെ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്- ഒന്നുറങ്ങുന്നതും മയങ്ങുന്നതും കാത്ത് ഇരകളെ പിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരാണ് ഇവിടുത്തെ ഇരകള്‍. ഇരകളെന്നും ഇരകള്‍ തന്നെയാണ്- ഈ ശലഭങ്ങലെ പോലെ.

എം കമറുദ്ദീന്‍ രചനയും അസീസ് വടക്കേക്കാട് സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തല സംഗീതം പ്രജിത് രാമകൃഷ്ണനും ദീപ നിയന്ത്രണം നിക്കുകേച്ചേരിയും രംഗ സജ്ജീകരണം മുത്തു ഐ സി ആര്‍ സിയും നിര്‍വ്വഹിച്ചു. നാടകത്തില്‍ വേഷമിട്ടത് ശംസുദ്ദീന്‍, പോക്കര്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, നവാസ് മുക്രിയകത്ത്, ഡെന്നി തോമസ്, ശ്രീനാഥ് ശങ്കരന്‍ കുട്ടി, ഷാന്‍ റിയാസ്, ആരതി രാധാകൃഷ്ണന്‍, അസി സബീന, ഷഫീക് കെ ഇ, രാഹുല്‍ കല്ലിങ്ങല്‍, ബേബി മനോജ്, ഷറഫുദ്ദീന്‍, ബീന പ്രദീപ്, സൈനുദ്ദീന്‍ ഷംസു എന്നിവരാണ്.

കാഴ്ചബംഗ്ലാവ്
മുതലാളിത്വ വ്യവസ്ഥിതിയുടെ ആര്‍ത്തിമൂലം സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെട്ട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കര്‍ഷകര്‍ ഒരു പ്രകൃതിദുരന്തത്തില്‍ നിസ്സഹായരാവുമ്പോള്‍ അതിജീവനത്തിനായി നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ കഥയാണ് 'കാഴ്ചബംഗ്ലാവ്' പറഞ്ഞുവെച്ചത്. മുതലാളിമാരുടെ ബംഗ്ലാവുകളില്‍ ചലനമറ്റുകിടക്കുന്ന വസ്തുക്കള്‍ക്ക് കാറ്റിനോടുള്ള പ്രണയത്തിന്റേയും അനുകമ്പയുടേയും നിറഭേദങ്ങള്‍ ബിംബവത്കരിച്ച് അമേച്വര്‍ നാടകവേദിയില്‍ വ്യത്യസ്തമായ രംഗഭാഷാ ശൈലിയാണ് കാഴ്ചബംഗ്ലാവില്‍ ഉപയോഗിച്ചത്.
കൂറ്റനാട് ജനകീയ കൂട്ടായ്മ അവതരിപ്പിച്ച 'കാഴ്ച ബംഗ്ലാവ്' രാജേഷ് എം പിയുടെ സ്വതന്ത്ര രചന ഖത്തര്‍ പ്രവാസിയായ അജയ് വേല്‍ സംവിധാനം നിര്‍വ്വഹിച്ചു.
ഫൈസല്‍ കുഞ്ഞുമോന്‍, പാര്‍വ്വതി, മുസ്തഫ കമാല്‍, നിഹാരിക പ്രദോഷ്, ജംഷീദ് കേച്ചേരി, സ്മിജാന്‍, ഷാഹുല്‍ ഹമീദ്, ഐഷു അഷറഫ്, അമര്‍ നവാസ്, ഋത്വിക് പ്രദോഷ് എന്നിവര്‍ വേഷമിട്ടു. സംഗീതം ഫൈസല്‍ അലിയും രംഗപടം ഷറഫുദ്ദീനും ചമയം ഹസ്‌ന ഫൈസലും ബേബി റുബീഷും നിര്‍വഹിച്ചു. ഷമീര്‍ ടി കെ ഹസ്സന്‍, വി ബുക്കാര്‍, പി എ അഷ്‌റഫ്, സക്കീര്‍ വി പി തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

-------------------------------

ജൂറിയുടെ വിലയിരുത്തലുകൾ :
'പ്രേക്ഷകരോളം വളരാന്‍ നാടകങ്ങള്‍ക്ക് കഴിയണം' ജൂറിഅംഗങ്ങളുടെ    ക്രിയാത്മകമായ നിർദേശങ്ങളും വിമർശനങ്ങളും പൊസറ്റീവ് ആയി എടുത്തു കൊണ്ട് കൂടുതൽ മെച്ചപ്പെടുത്താൻ ഈ രംഗത്തുള്ളവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും അവരുടെ വിലയിരുത്തലുകൾ : നാടകങ്ങളിൽ രംഗ     പാഠം   ദുര്ഭാലമായിരുന്നു 1970  കളിലെയും 80 തു  കളിലെയും നാടക ശൈലിയാണ് ഇവിടങ്ങളിലെ   നാടക വേദികൾ തുടർന്ന് വന്നിരിക്കുന്നത്. കേരളത്തിൽ ഉൾപടെ നാടക വേദികൾ വളരെമുന്നോട്ട് സഞ്ചരിച്ചതായും ലോക     നാടക രംഗത്ത്   വലിയ   പരീക്ഷണങ്ങൾ നടക്കുന്നതായും     ജൂറി അംഗങ്ങൾ പറഞ്ഞു.  സംഭാഷണങ്ങളിൽ ഒച്ച വെക്കലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കലുമല്ല നാടകം. കൃതിയിൽ നിന്ന് രംഗപടതിലെക്ക് മാറുന്ന ജൈവികതയാണ് നാടകത്തിൽ ഉണ്ടാവേണ്ടത്.  ഊർജമുള്ള അഭിനേതാക്കൾ ഉണ്ടങ്കിലും അവർക്കിടയിൽ സംഭവിക്കേണ്ട ചില ജൈവിക പ്രതിഭാസങ്ങളുടെ അഭാവമാണ് പൊതുവെ മുഴച്ചു നിന്നത്. കഥപറയൽ അടുക്കി  വെക്കൽ  ലോജിക്   ശൈലി സങ്കേതം   ഇവയിലെല്ലാം അപാകതകൾ ഉണ്ടായിട്ടുണ്ട്.  ഗൾഫ് രാജ്യങ്ങളിൽ മത്സരിച്ച 13 നാടകങ്ങളിൽ എട്ടണ്ണത്തിൽ സംവിധായകൻ വേഷമിട്ടിട്ടുണ്ട് സംവിധായകൻ അഭിനയിക്കുന്നതിന് പകരം അഭിനേതാക്കളെ വേദിയിലേക്ക് ഒരുക്കുകയാണ് വേണ്ടത്. അമിത സാങ്കെതികതകളിൽ ശ്രദ്ധിക്കുകയും വേദിയിലെ കഥാ പാത്രങ്ങളെ അത്ര ശ്രദ്ധിക്കാതിരിക്കുകയും ചെയൂന്ന പ്രവണത നാടക മത്സരത്തിൽ പങ്കെടുത്ത നാടകങ്ങളിൽ കാണുകയുണ്ടായി. വേദിയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളുടെ അറിവില്ലായ്മ പ്രധാന പോരായ്മയാണ്.  വെളിച്ചവും സംഗീതവും എങ്ങിനെയെന്ന് പഠിക്കേണ്ടിയിരിക്കുന്നു. പരിമിതികൾ ഉണ്ടായപ്പോഴാണ് എല്ലാ നാടുകളിലും മികച്ച നാടകങ്ങൾ സുര്ഷ്ടിക്കപ്പെട്ടത്  ഇന്ത്യയിൽ പഞ്ചാബും നാഗാലാണ്ടും അതിനുധാഹരങ്ങലാണ്  അത്കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നും  മികച്ച നാടകങ്ങൾ പ്രതീക്ഷിക്കുന്നതായി  അവർ പറഞ്ഞു. നാടകങ്ങളെ കുറിച്ചു പഠിക്കാൻ സൗകര്യമുണ്ടാകണമെന്നും പുതിയ അന്വേഷണങ്ങൾ നടക്കണമെന്നും അവർ സൂചിപ്പിച്ചു.

Related Posts Plugin for WordPress, Blogger...