Showing posts with label നമുക്ക് ചുറ്റും. Show all posts
Showing posts with label നമുക്ക് ചുറ്റും. Show all posts

Thursday, July 30, 2015

നോക്കുന്ന കണ്ണുകള്‍

രാവിലെ
അവര്‍ അവളെ കാണുമ്പോള്‍
കയ്യില്‍ ഒരുപാത്രമുണ്ടായിരുന്നു
പിച്ച പ്പാത്രം എന്ന് പരിഹസിച്ചു വിളിക്കുമ്പോള്‍
അവള്‍ക്കത് സ്വര്‍ണപ്പാത്രമായിരുന്നു
ഗേറ്റില്‍ എത്തുമ്പോഴേക്കും പാറാവുകാരന്‍
അവളെ ആട്ടിയോടിച്ചു
ഇവറ്റകളെ ശ്രദ്ധിക്കണം
കിട്ടുന്നതെന്തും എടുത്തു പോകും

ഉച്ചയ്ക്ക്
അവര്‍ അവളെ കാണുമ്പോള്‍
കടലിന്റെ അഗാധതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു
കടലിന്റെ ഇരമ്പലിനെക്കാള്‍ ശക്തമായിരുന്നു
അവളുടെ ഹൃദയമിടിപ്പ്
മുഖം കറുത്ത് കരിവാളിച്ചിരുന്നു
വയര്‍ ഒട്ടിയിരുന്നു
വാരിയെല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു
ദിവസങ്ങളായി രുചി അറിഞ്ഞിട്ട്

വൈകുന്നേരം
അവര്‍ അവളെ കാണുമ്പോള്‍
മലര്‍ക്കെ തുറന്ന കയ്യുമായി
തെറിച്ചുവീണ സ്വര്‍ണപ്പാത്രത്തിനടുത്ത്
തല പൊട്ടിയൊലിച്ച രക്തവുമായി
തറയില്‍ കിടക്കുകയായിരുന്നു.

ഇങ്ങനെയുണ്ട് കുറെ എണ്ണം
ജീവിതം വെറുതെ വലിച്ചെറിയാനായിട്ട്
അവര്‍ ആക്ഷേപിച്ചു കൊണ്ട്
തിരിഞ്ഞു നടന്നു.




Related Posts Plugin for WordPress, Blogger...