Wednesday, January 15, 2014

ഓർമ്മയിലെ സ്മാഷുകൾ


വളരെ ചെറുപ്പത്തിൽ തന്നെ  വൈകുന്നേരങ്ങളില്‍ മുതിർന്നവർ  വോളിബോള്‍ കളിക്കുന്നത്‌ കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഒരു പാട് നല്ല കളിക്കാർ വളർന്നു വന്ന നാടായിരുന്നു ഞങ്ങളുടേത്.   ഇന്നും പല പ്രഗത്ഭ  കളിക്കാരും അവിടെയുണ്ട്.  ഇവരുടെയെല്ലാം കളികള്‍ കണ്ടു വളര്‍ന്നതു കൊണ്ടുതന്നെ വോളിബോളിനെ മറക്കാൻ ഒരിക്കലും  കഴിയില്ല. ഇവിടെ ദോഹയിലെ  തിരക്ക് പിടിച്ച ജീവിതത്തിനിടയിലും വോളിബോള്‍ പ്രേമികല്ക്ക് കളിക്കാനും മത്സരങ്ങൾ കാണാനും സാധിക്കുന്നു എന്നത് വലിയ സന്തോഷം നല്കുന്നു. വോളിബോള്‍ പ്രേമികളെ ഒരുമിച്ചു കൂട്ടി കളിക്കാനും കളി കാണാനും അവസരം ഒരുക്കുന്ന ദോഹയിലെ വോളിഖിന്റെ പ്രവർത്തനം  ശ്ലാഘനിയമാണ്.

ഒരു കാലത്ത് വോളി കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായിരുന്നു അന്ന്  നാട്ടിൻ പുറങ്ങളിൽ വോളിബാൾ കോർട്ടില്ലത്ത ഒരു പ്രദേശം പോലും ഇല്ലായിരുന്നു. ഇന്നു കാലം മാറി പലയിടങ്ങളിലും മറ്റു പല കായിക വിനോദങ്ങൾക്കും വേണ്ടി വോളിബാൾ  വഴി മാറിക്കൊടുക്കയാണ്. പഴയ വോളിബാൾ കോർട്ടുകൾ അതികവും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ നിലങ്ങലിലുമായിരുന്നു ഇന്ന് അവിടെയല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു നില്ക്കുന്നു.  എന്നാലും വോളിബോളിനെ നെഞ്ചോടു ചേർത്തു പിടിക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു എന്നത് വളരെയധികം ആശ്വാസം നല്കുന്നു. ഒരു കാലത്ത് ലോകനിലവാരം പുലര്‍ത്തിയ കളിതന്നെയായിരുന്നു നമ്മുടേത്. മികച്ച പത്തു ലോക കളിക്കാരിൽ ഒരാളാവാൻ അന്ന് ഒരു മലയാളിക്ക് കഴിഞ്ഞിരുന്നു. ആ അതുല്ല്യ പ്രതിഭയായിരുന്നു പേരാവൂർ കാരനായ ജിമ്മി ജോർജ്. ജിമ്മി ജോർജിനെ ഓർക്കാതെ കേരളത്തിലെ വോളിബോളിനെ  കുറിച്ചു സംസാരിക്കാൻ കഴിയില്ല. വോളിബാളിന്റെ സുവർണ കാലഘട്ടമായിരുന്നു ജിമ്മിയുടെത്. അവരുടെ പേരുകൾ ഇന്നത്തെ പോലെ  പത്രങ്ങൾ കൊട്ടി ഘോഷിച്ചിരുന്നില്ല കാരണം അന്ന് മാധ്യമങ്ങൾ  ഇന്നത്തെ പോലെ  സ്പോർടിസിനു അത്രയും പ്രാധാന്യം കൊടുക്കാത്ത ഒരു കാലമായിരുന്നു. കളിയും കളിക്കാരും മാധ്യമങ്ങളിൽ കൊട്ടി ഘോഷിക്കപ്പെടുന്നതിനു മുമ്പേ മറഞ്ഞു പോകാൻ വിധിക്കപ്പെട്ട താരമായി മാറുകയായിരുന്നു ജിമ്മി. ജിമ്മി നമ്മിൽ നിന്നും മറഞ്ഞിട്ട്   27 വർഷം കഴിഞ്ഞു. ഇറ്റാലിയന്‍ ക്ലബ്ബായ യൂറോ സിബയ്ക്കുവേണ്ടി കളിക്കുമ്പോള്‍ 1987 നവംബര്‍ 30ന് മിലാനില്‍ വെച്ചാണ് ജിമ്മി കാറപകടത്തില്‍ മരിച്ചത്.    ലോകത്തിനു മുമ്പിൽ ഇന്ത്യന്‍ വോളിബോളിന്‍റെ കരുത്തറിയിച്ച അർജുന അവാർഡ് ജേതാവായ  ജിമ്മിയെ ഒരിക്കലും മറക്കാൻ കഴിയില്ല.

ഇതുപോലെ ജ്വലിച്ചു നിന്ന വേറെയും ഒരു പാട് താരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ഉദയകുമാർ, സിറിള്‍ സി.വെള്ളൂര്‍, റസാക്ക്, അൻവർ ഹുസൈൻ, ജോബി ജോസഫ്, ടീ ടീ ജോസഫ് (പപ്പൻ), മല്ലപ്പള്ളി വര്ക്കി, കുട്ടി കൃഷ്ണൻ, റഹ്മാൻ  ഇങ്ങനെ ഒരു പാട് പ്രതിഭകൾ ഉദിച്ചുയർന്ന നാടായിരുന്നു  നമ്മുടെത്,  വനിതകളും ഒട്ടും പിന്നിലായിരുന്നില്ല ദേശിയ കിരീടം നേടിയ  വനിതാ കളിക്കാരും നമുക്കുണ്ടായിരുന്നു, ഏലമ്മ, സാലി, സരസമ്മാൾ, ജെയ്സമ്മ മുത്തേടൻ, റോസമ്മ കുര്യൻ, ഗീത വളപ്പിൽ അവരിൽ ചിലരായിരുന്നു. കേരള വനിതാ വോളിയിലെ വെട്ടിത്തിളങ്ങുന്ന താരമായിരുന്നു ഒരു കാലത്ത്  ഏലമ്മ. ഏലമ്മയെ മറികടക്കുന്ന മറ്റൊരു താരം ഇത് വരെ വന്നിട്ടില്ല എന്ന് തന്നെ പറയാം.  അർജുന അവാർഡിനു ആദ്യമായി അർഹയായ വനിതാ താരവും  ഏലമ്മയായിരുന്നു. മലയാളികർക്ക് ആവേശം നല്കിയ ഒരു പാട് ടീമുകളും കേരളത്തിൽ ഉണ്ടായിരുന്നു പ്രീമിയര്‍ ടയേഴ്സ്‌, കേരളപോലീസ്‌, ടൈറ്റാനിയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌, പോര്‍ട്ട്‌ട്രസ്റ്റ്‌, കെ.എസ്‌.ഇ.ബി, ഇവയോക്കെ  വോളിബോൾ പ്രേമികല്ക്ക് ഹരം പകർന്ന കേരത്തിലെ പ്രകൽഭ ടീമുകളായിരുന്നു.

1986 ല്‍ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഏഷ്യൻ ഗയ്മ്സിൽ ഇന്ത്യ ജപ്പാനെ തോല്പിച്ചു വെങ്കലം കരസ്ഥമാക്കിയത് ഇന്ത്യൻ വോളിയുടെ  കരുത്ത് ലോകത്തിനു മുമ്പിൽ കാണിച്ചു കൊണ്ടായിരുന്നു. ആ ആവേശം പിന്നീട് ഇല്ലാതെ പോയി എന്നതാണ് സത്യം. അന്ന് കളിക്കളത്തിൽ ജിമ്മിയും സിറിൽ സി വെള്ളൂർ  ഉദയകുമാർ അടങ്ങിയ മലയാളി താരങ്ങൾ ഉണ്ടായിരുന്നു.  ടീമിന്റെ നട്ടെല്ല്  ജിമ്മിയായിരുന്നു. ഏഷ്യയിലെ കരുത്തരായ ജപ്പാൻ ചൈന കൊറിയ ടീമുകാളോടൊപ്പം ഇന്ത്യയും ഉണ്ടാവുമെന്ന പ്രതീക്ഷ നല്കുന്ന കളിയായിരുന്നു അന്ന് ഇന്ത്യ കാഴ്ചവെച്ചത്. പക്ഷെ പിന്നീട് അത്തരം ഒരു നേട്ടം ഇന്ത്യക്ക് കൈ വരിക്കാൻ സാധിക്കാതെ പോയി. പിന്നീട് അല്പമെങ്കിലും പ്രതീക്ഷ നല്കിയത് ജൂനിയര്‍ ടീമുകളായിരുന്നു.

ഇതൊക്കെയായിരുന്ന് മുൻകാല ചരിത്രമെങ്കിലും  ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കാൻ വളരെ കുറഞ്ഞ പേരെ കേരളത്തിൽ നിന്നും ഉള്ളൂ എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. മലയാളികളിൽ കളിക്കാർ കുറയുകയാണോ. ടോമിനെയും കപിലിനെയും അസീസിനെയും പോലെ കുറച്ചു നല്ല കളിക്കാർ ഇക്കാലത്തും ഉണ്ട് എന്നത് നമുക്ക് സന്തോഷം നല്കുന്നുണ്ടങ്കിലും ഒന്നോ രണ്ടോ മലയാളികല്ക്കെ  ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നുള്ളൂ എന്നത് ഒരു സത്യമാണ്. ഇന്ന് ലോക റാങ്കിങ്ങിൽ  ഇന്ത്യയുടെ സ്ഥാനവും പിന്നിലാണ്. ഇന്ത്യുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കുറച്ചു കൂടെ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.  വോളിബോളില്‍ ഏഷ്യന്‍ നിലവാരത്തില്‍  മുന്നേറാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്ന തിരിച്ചറിവ് നമ്മുടെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.

നാം ആദ്യം ശ്രമിക്കേണ്ടത് ഏഷ്യയിലെ ഏറ്റവും കരുത്തരായ വോളിബോള്‍ ശക്തിയായി മാറാനാണ്. ഇവിടെ നാം മാതൃകയാക്കേണ്ടത് ഇറാനെയാണ്. പിറകിലായിരുന്ന  ഇറാന്‍ കൃത്യമായ ഗെയിം പ്ലാനും ചിട്ടയായ പരിശീലനവും വഴി ഇന്ന് ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ ഏറ്റവും  നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു.  ഈ നേട്ടം അവര്‍ കൈവരിച്ചത്  പടിപടിയായാണ്‌.

അന്താരാഷ്‌ട്ര മത്സരങ്ങളിലെ  പരിചയക്കുറവാണു പലപ്പോഴും നമ്മുടെ ടീം പരാജയപ്പെടാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കാറുള്ള ഒരു പോരായ്മ. പലപ്പോഴും ജൂനിയര്‍ തലങ്ങളില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പോലും മികവു  തെളിയിച്ച  പലരും  സീനിയര്‍  ടീമില്‍ ഇടം കണ്ടെത്തുമ്പോള്‍ അവസരത്തിനൊത്ത് ഉയരുന്നത് കാണാറില്ല എന്നതാണ് സത്യം. സീനിയര്‍ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഇവരെ  നേരെ എറിഞ്ഞു കൊടുക്കുന്ന രീതിയാണ് ഇന്ന് അവലംബിച്ചു പോരുന്നത്. ഇതിനു പകരം ഇവരെ എല്ലാ തരത്തിലും  വാര്‍ത്തെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്ന വിദേശ ടൂറുകള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തിയാൽ ഏറെ പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല. വിവര സാങ്കേതികത ഏറെ വികസിച്ച ഈ കാലത്ത് പോലും   മറ്റു രാജ്യങ്ങള്‍ നല്കുന്നത്  പോലെയുള്ള ആധുനിക രീതിയിലുള്ള പരിശീലനം ലഭിക്കുന്നുണ്ടോ എന്നത് സംശയകരമാണ് .  ശാസ്ത്രീയമായ പരിശീലനത്തിന്റെ കുറവാണ് ഇന്ത്യൻ ടീമിന്റെ പരാജയത്തിനു കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്. വോളിബോളിനെ നെഞ്ചോടു ചേര്‍ക്കുന്ന കേരള ടീമുകൾക്ക് ശാസ്ത്രീയ പരിശീലനക്കളരികളും ആധുനിക സൌകര്യമുള്ള കളിക്കളങ്ങളും ഒരുക്കണം അത് വഴി മറ്റൊരു ജിമ്മിയെയും ഏലിയമ്മയെയും നമുക്ക് വളര്‍ത്തിക്കൊണ്ട് വരാൻ കഴിയും. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തതാണ് നമ്മുടെ കഴിവ് കേട്.  ശോഭനമായ ഭാവിയുള്ള കായിക ഇനങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ട്‌ ലഭ്യമാക്കാതെ ഏതെങ്കിലും ചില കളികളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന അധികാരികളുടെ മനോഭാവവും മാറേണ്ടിയിരിക്കുന്നു.

വോളിയെ നെഞ്ചിലേറ്റുന്ന വോളിഖ്
വോളിബാൾ പ്രേമികല്ക്ക്  വേണ്ടി ദോഹയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വോളിഖ്" വോളിഖിനെ ദോഹയിലെ വോളിബോൾ പ്രേമികളുടെ വലിയൊരു കൂട്ടയ്മയാക്കിയത് വോളിബാൾ കളിക്കാരനായ ആഷിക് അഹ്മദ് ആണ്. ഇന്നും അതിന്റെ ചുക്കാൻ പിടിക്കുന്നത് ആഷിക് തന്നെ. ചെറുപ്പം മുതല്ക്കേ കളിച്ചു വളർന്ന ആഷിക് ഇപ്പോഴും ദോഹയിൽ നടക്കുന്ന എല്ലാ ടൂർണമെന്റികളിലും കളിക്കുകയും മറ്റുള്ളവരെ കളിപ്പിക്കുകയും ചെയ്യുന്നു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭ ടീമുകളെ അണി നിരത്തി തുടർച്ചയായി നാല് തവണ ഇന്റർനാഷനൽ വോളിബോള്‍ ടൂര്‍ണമെന്റ്  വോളിഖ്  നടത്തി.  ഇന്ത്യയിലെ  പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായ  വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്  ഖത്തർ വോളിബാൾ അസോസിയേഷന്റെ സഹകരണത്തോടെ വോളിഖു് സംഘാടകര്‍ ഇവിടെ ഓരോ പ്രാവശ്യവും സംഘടിപ്പിച്ചത്. ഇന്ത്യൻ ടീമിൽ നിന്നും തിരഞ്ഞെടുത്ത കളിക്കാരെ ചേർത്തു കൊണ്ട് ഖത്തർ ടീമുമായി സൗഹ്ര്ദ മത്സരം നടത്താനും വോളിഖിനു കഴിഞ്ഞു. ഇത് മൂലം ഇന്ത്യൻ കളിക്കാർക്ക്  വിദേശ ടീമിനോട് കളിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു വോളിഖു്. ടോം, അസീസ്‌, കപിൽ, കിഷോർ, ശിജാസ് ഇവരുടെ കളികൾ മലയാളികളെ ശരിക്കും ആവേശം കൊള്ളിക്കുകയായിരുന്നു. കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ഖത്തറിലെ സ്റ്റെഡിയം ആരവത്തോടെയും കയ്യടികളോടെയുമായിരുന്നു കളികൾ  വീക്ഷിച്ചത്.

ഖത്തറിലെ  ഇന്ത്യക്കാരായ വോളിബാൾ പ്രേമികളുടെ  ജീവിതത്തിന്റെ  ഭാഗമായി മാറിക്കഴിഞ്ഞ വോളിഖ്  കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി വിവിധ മത്സരങ്ങൾ നടത്തുകയും  കളിക്കാൻ വേദികൾ ഒരുക്കുകയും , യുവതലമുറയെ കായികരംഗത്തേക്ക്‌ ആകര്‍ഷിക്കുന്നതിനായി വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു. ജിമ്മിയുടെ ഇരുപത്തഞ്ചാം ചരമ വാർഷികത്തൊടനുബന്ധിച്ചു ഐഡിയൽ  ഇന്ത്യൻ  സ്കൂളിൽ ജിമ്മിയുടെ കളി പ്രദർഷിപ്പിക്കുകയും അനുസ്മരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.  ഐ സി  സി  നടത്തിയ ഒരു പരിപാടിയിലായിരുന്നു വോളിഖ്  ജിമ്മി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.  ഖത്തർ പ്രവാസി വോളിബോൾ  അസോസിയേഷൻ  ദോഹയിലെ കളിക്കാരെ  ഉൾപെടുത്തി രണ്ടു വർഷങ്ങളിലായി നടത്തിയ കമ്മ്യുനിറ്റി ലീഗ് മത്സരത്തിൽ നിര്‍ണായക ശക്തി ആവാൻ ഇന്ത്യൻ കമ്മ്യുനിറ്റിക്കു കഴിഞ്ഞതും കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായി ഉയരാൻ കഴിഞ്ഞതും വോളിഖിന്റെ ഏകോപനം മൂലമായിരുന്നു.

ഈ വർഷത്തെ  ഖത്തർ നാഷണൽ ഡേയുടെ  ഭാഗമായി മിനിസ്ട്രി ഓഫ് ഇന്റെരിയരിന്റെ സഹകരണത്തോടെ  വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടൂർണമെന്റ് നടത്താൻ വോളിഖിനു സാധിച്ചു, ഫിലിപ്പീന്‍സ്, പാക്കിസ്താന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കളിക്കാരുടെ ഓരോ ടീമുകളും നേപ്പാള്‍ കമ്യൂണിറ്റിയുടെ രണ്ടു ടീമുകളും ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നാല് ടീമുകളുമാണ് അല്‍ വക്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ കളിച്ചത്. ഇതിനു നേത്രത്വം നല്കിയത് വോളിഖിന്റെ ജനറൽ സിക്രട്ടറി ആഷിക് അഹ്മദ് ആയിരുന്നു. കഴിഞ്ഞ വർഷവും വോളിഖ് മത്സരം ഒരുക്കിയിരുന്നു.

കളിയെ സ്നേഹിക്കുന്ന ഏതൊരു  മലയാളിക്കും ഇതിൽ ചേർന്ന് പ്രവർത്തിക്കാമെന്നും നാട്ടിൽ നിന്നും നന്നായി കളിച്ചു ജോലി തേടി ഇവിടെ എത്തിയ കളിക്കാർക്ക്‌  അവരുടെ കളി മുരടിച്ചു പോകാതെ വീണ്ടും കളിയ്ക്കാൻ വോളിക്ക്  ഇവിടെ അവസരം ഒരുക്കുന്നതായും  സംഘാടകർ പറയുന്നു. പൂര്‍ണ ആരോഗ്യമുള്ള ഒരു ശരീരത്തിനുമാത്രമേ നന്നായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ക്രിയാറ്റീവായ കാര്യങ്ങൾ ചെയ്യാനും  കെല്‍പ്പുള്ള ഒരു മനസിന്റെ ഉടമയാകാന്‍ സാധിക്കൂ. കായിക വിനോദം ആരോഗ്യത്തോടൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു. ആരോഗ്യമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്പോർടിസിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   ദോഹയിൽ കായിക പ്രേമികളെ വളർത്തി എടുക്കാനാണ് വോളിക്ക് ലക്ഷ്യമിടുന്നത്.

കളിയുടെ മാറ്റം
1895 ൽ കായികാധ്യാപകനായ മോർഗൻ  സമ്മാനിച്ച കായിക വിനോദമായിരുന്നു വോളിബോൾ, ആർക്കും കളിക്കാൻ കഴിയുന്ന ഒരു നെറ്റിനു മുകളിലൂടെ പന്ത് എറിയുന്ന കളിയായിരുന്നു മോർഗൻ തുടങ്ങിയത്. കാല ക്രമേണ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി. അമേരിക്കൻ  അതിർത്തി കടന്നു മറ്റു രാജ്യങ്ങളിലും വോളിബോളിനു  പ്രചാരം ലഭിച്ചു, 1924 പാരീസ് ഒളിമ്പിക്സിൽ പ്രദർശന മത്സരമായി വോളിബാൾ രംഗത്ത് എത്തുകയും 1964 ടോകിയോ ഒളിമ്പിക്സിൽ ആദ്യമായി  വോളിബാൾ മത്സരങ്ങൾ പുരുഷ വിഭാഗത്തിൽ ഉൾപെടുത്തുകയും ചെയ്തു. 1947 മുതൽ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന ചുമതല  അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ ഏറ്റെടുത്തു. ദോഹയിലെ പഴയ പല പ്രവാസി കളിക്കാരും  കളിച്ചു ശീലിച്ചത് പതിനഞ്ചു സ്കൊരിലായിരുന്നു ഇപ്പോഴും പല നാട്ടിൻ പുറങ്ങളിലും  സാധാരണ കളികളിൽ ഈ  രീതി തന്നെ തുടരുന്നു. പഴയ പതിനഞ്ചു സ്കോറിൽ നിന്നും 25 പോയിന്റിൽ കളി അവസാനിപ്പിക്കുന്ന രീതിയാണിപ്പോൾ,  മുമ്പ് സർവ് ചെയ്തിരുന്ന ടീമിനു മാത്രമേ പോയിന്റ് ലഭിക്കുക  ഉണ്ടായിരുന്നുള്ളു. ഇന്ന് പന്ത് താഴെയിടുന്ന ടീമിന്റെ എതിർ ടീമിന് സർവും പോയിന്റും ലഭിക്കുന്നു. അനന്തമായി നീണ്ടു പൊയ്ക്കൊണ്ടിരുന്ന കളികളെ നിയന്ത്രിക്കാൻ ഈ മാറ്റം മൂലം സാധിച്ചു. പഴയ കളിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഈ കളിയുടെ പുതിയ നിയമത്തിൽ വന്നിട്ടുണ്ട്.
Related Posts Plugin for WordPress, Blogger...