Showing posts with label ബ്ലോഗ്‌ മീറ്റ്‌. Show all posts
Showing posts with label ബ്ലോഗ്‌ മീറ്റ്‌. Show all posts

Saturday, February 11, 2012

ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് മീറ്റില്‍ കേട്ട വേറിട്ട ചില ശബ്ദങ്ങള്‍


ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും  നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം...........
2012 ഫെബ്രുവരി 10 :  ഇന്നലെ ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ നടത്തിയ ബ്ലോഗ് മീറ്റ് ദോഹയിലെ ബ്ലോഗ്ഗേര്‍സിന് മറക്കാനാവാത്ത അനുഭവമായി മാറി, സ്നേഹ സൌഹൃദങ്ങൾ കൊണ്ട് ധന്യമായ ഒരു ദിനം സമ്മാനിച്ച ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് കൂട്ടായ്മ എക്കാലത്തും മധുരിക്കുന്ന ഓര്‍മയായി അവശേഷിക്കും  എന്നതില്‍ സംശയമില്ല.

ഒത്തു ചേരലുകള്‍ നടന്നു, ഗൌരവമായ ചര്‍ച്ചകള്‍ നടന്നു, നല്ല എഴുത്തുകളെ കുറിച്ചു പലരും വാചാലമായി, ഉത്തമ സാഹിത്യങ്ങളെ സൈദ്ധാന്തിക തലത്തില്‍ നിര്‍വചിച്ചു. പുതിയലോകക്രമത്തില്‍ ക്രിയാത്മകമായ മൂല്യബോധം സ്വയംസൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയോടെ സന്തോഷത്തോടെ ഓരോരുത്തരും പിരിഞ്ഞു.

മീറ്റില്‍ കേട്ട ചില ശബ്ദങ്ങള്‍ 
ബ്ലോഗ് എഴുത്തുകാര്‍  സമൂഹത്തെ അറിയണം, നിര്‍മലമായും ഗാഢമായും ചിന്തിക്കുന്നവരായിരിക്കണം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യണം. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഓരോ ബ്ലോഗേര്‍സിനും കഴിയണം. ഓരോ വരികളും അനീതിക്കും ജീര്‍ണതകള്‍ക്കുമെതിരിലുള്ള ശബ്ദമായി മാറണം, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാരന്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ്.

എഴുത്തുകാരില്‍ സാമൂഹിക അറിവും ദര്‍ശനവും കൊഴിഞ്ഞു പോകുമ്പോള്‍ എഴുത്തിന്റെ ലോകത്ത് ജീര്‍ണതകള്‍  ഉടലെടുക്കുന്നു. സമൂഹത്തിന് വേണ്ട അറിവും വെളിച്ചവും നല്കാന്‍ എഴുത്തുകാര്‍ക്കു കഴിയണം. എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരിക്കമെന്നും സ്വപ്നങ്ങള്‍ക്ക് ജീവനുള്ള തേജോ നിര്‍ഭരമായ ഭാവിയുടെ വഴി കാട്ടിയായ ഒരു പുതിയ ഭൂലോകത്തെ സൃഷ്ടിക്കാന്‍ ബൂലോക എഴുത്തുകാര്‍ക്കു കഴിയുമെന്നും പലരും പ്രത്യാശിച്ചു.

പരസ്പരം സുഖിപ്പിക്കുന്ന പുകഴ്ത്തുന്ന ഒരു രീതി സാമ്രാജ്യ ശക്തികള്‍ ലോകത്തിന് മുമ്പില്‍ കാഴ്ച വെക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍, നാം അതില്‍ അടിമപ്പെടാതെ നോക്കണം. നമ്മുടെ ബ്ലോഗില്‍ പോലും പലരും ആ രീതി തുടരുന്നു. വെറും പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരം അത്തരം പുറം ചൊറിയലിന്റെ ഭാഗമാകാതെ, ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം.

അന്ധമായ വിമര്‍ശനങ്ങളെ അതിജീവിക്കാനും, ഇച്ചയും സഹനശക്തിയും മാനുഷികമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള മനസ്സും ഉണ്ടാവണം, വിവേകമെന്ന മാനസിക പ്രഭ നമ്മില്‍ എപ്പോഴും ഉണരണം. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വാക്കും വചനവും, വരകളും വരികളും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നാം കഴിവതും ശ്രമിക്കണം.
ബ്ലോഗിലെ പലരും അക്കാഡെമിക് ബിരുദം നേടിയവര്‍ അല്ലങ്കിലും സമകാലിക വാര്‍ത്തകളില്‍ അവര്‍ക്ക് അവഗാഹമുണ്ടായിരിക്കണം ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, മാധ്യമ ധര്‍മങ്ങളെ  കുറിച്ചും പല ബ്ലോഗ്ഗേര്‍സും അവരുടെ പരിചയപ്പെടുത്തലിനിടയില്‍ പ്രതിപാദിച്ചതായി കണ്ടു,  ബ്ലോഗ് എഴുത്തുകാര്‍ക്ക്  രോഗാതുരയായ സമൂഹത്തെ ചികിത്സിക്കാനും അവര്‍ക്ക് ശരിയായ  ദിശാബോധം നല്കാനും കഴിയണം.

ബ്ലോഗ് എഴുത്തില്‍  സ്ത്രീകള്‍, അവരുടെ സാന്നിധ്യം നന്നായി അറിയിച്ചുകൊണ്ടിരിക്കുന്നു.  സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് വനിതാ ബ്ലോഗേര്‍സിന്റെ ഇടപെടലുകള്‍ ഏറെ  ശ്രദ്ധേയമായിരുന്നു.
സ്ത്രീ വിമോചനത്തിനു ശേഷവും, ഫെമിനസത്തിന്റെ വ്യാപനത്തിനും ശേഷവും, വലിയ എഴുത്ത് കാരികളുടെ വരവിനു ശേഷവും, സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ശീലയുടെയും സ്മിത ആദര്‍ശിന്റെയും, മാധവിക്കുട്ടിയുടെയും  ഷാഹിദാ ജലീലിന്റെയും വാക്കുകള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
 
ശക്തമായ ജീവിതാനുഭവങ്ങളാണ് പലരുടെയും വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്. ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ ജീവിത അനുഭവങ്ങളും പലരും പങ്ക് വെച്ചു. സമയ പരിമിതി കാരണം, പറയാന്‍ ആഗ്രഹിച്ചതും പറയേണ്ടതുമായിരുന്ന  പലതും പലര്‍ക്കും  പറയാന്‍ കഴിഞ്ഞില്ല.

കൂട്ടായ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട ഒരാള്‍ക്ക് ഒരു ലാപ് ടോപ് അയച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ നല്ല കാര്യമായി.  മീറ്റിന്റെ ഭാഗമായി ഇത്തരം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് ശരിക്കും മാതൃകാ പരമാണെന്ന്  പലരും സൂചിപ്പിച്ചു.


നേരത്തെ നിശ്ചയിച്ചത് പ്രകാരം ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം, സാഹിത്യം, സാമൂഹ്യ പ്രശ്നങ്ങൾ  എന്നിവയെ പരാമർശിച്ച് നാമൂസും ഹബീബും,  ഖത്തര്‍ മലയാളം ബ്ലോഗേര്‍സിനെ കുറിച്ചു ശഫീഖും സംസാരിച്ചു.

ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും ടോയ്ലറ്റ് സാഹിത്യമാണെന്നും വിശേഷിപ്പിച്ച ഇന്ദുമേനോന്റെ ബ്ലോഗിലേക്കുള്ള തിരിച്ചുവരവിനെയും ബ്ലോഗിനെ വിമര്‍ശിക്കുന്ന ചിലമുഖ്യധാരാ എഴുത്തുകാരെ   വിമര്‍ശിക്കാനും ചിലര്‍ സമയം കണ്ടെത്തി. ലോകത്ത് ബ്ലോഗും ഫേസ് ബൂക്കും ചെലുത്തിയ സ്വാധീനം വളരെ വലുതാണ്, അതിനെ കുറിച്ച് വ്യാപകവും ഗാഢവുമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവത്തെ അവര്‍ ഉദാഹരിച്ചു.
 
രാവിലെ 9 മുതല്‍ 11 മണി വരെ നടന്ന ഫോട്ടോ പ്രദര്‍ശനവും ഫോട്ടോ ഗ്രാഫി എക്സിബിഷനും  അണിയറ പ്രവര്‍ത്തകരുടെ കഴിവും മികവും വിളിച്ചറിയിക്കുന്നതായിരുന്നു. അത്രയും മനോഹരമായിട്ടാണ് ഓരോ ഫോട്ടോകളും അവര്‍ ക്രമീകരിച്ചിരുന്നത്. വ്യാഴായ്ച്ച  വൈകുന്നേരം മുതല്‍ നേരം പുലരുവോളം അവരുടെ വിലപ്പെട്ട സമയം ഈ ക്രമീകരണത്തിന് വേണ്ടി അവര്‍ സ്കില്‍സ് സെന്ററിന്‍റെ ഹാളില്‍ ചിലവഴിക്കുകയായിരുന്നു. ഫോട്ടോ ഗ്രാഫിയുടെ സാങ്കേതികവും വൈദഗ്ദ്യവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വളരെയധികം പ്രയോജനപ്പെട്ടു . സാങ്കേതിക സംശയങ്ങള്‍ക്കുള്ള മറുപടി ഈ രംഗത്തെ വിദഗ്ധര്‍ കൃത്യമായി തന്നെ നല്കി.
സിന്ധു രാമചന്ദ്രന്‍ ഒരുക്കിയ കുട്ടികളുടെ കാര്‍ണിവലും  രണ്ടു കൊച്ചു കുട്ടികള്‍ (സന്‍സീത, സാന്ദ്ര) അവരെയും അവരുടെ  ബ്ലോഗിനെ പരിചയപ്പെടുത്തിയതും അവരുടെ കൊച്ചു വര്‍ത്തമാനങ്ങളും  ബ്ലോഗേര്‍സിന്  ഏറെ കൌതുകമായി. ഇങ്ങിനെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫോട്ടോ ഗ്രാഫെര്‍സിന്റെയും നിറഞ്ഞ പങ്കാളിത്തമുള്ള വളരെ രസകരമായ ഒരു മീറ്റായി മാറുകയായിരുന്നു.  

ഷമീറിന്റെയും നാമൂസിന്റേയും ഹബീബിന്റെയും ഒരു ബ്ലോഗര്‍ അല്ലാതെ നമ്മുടെ അതിഥിയായി എത്തിയ രാജന്‍  ജൊസേഫിന്റെയും  വാക്കുകള്‍  ഏറെ ശ്രദ്ധേയമായിരുന്നു. 

രാജന്‍  ജൊസേഫിന്റെ  വാക്കുകള്‍
ബ്ലോഗുകളെ കുറിച്ച് പരസ്പരം നല്ലത് മാത്രം പറയുന്ന കേവലം അരാഷ്ട്രീയ സുഖിപ്പിക്കലുകളായി നമ്മുടെ കൂട്ടായ്മകള്‍ മാറാതെ സൂക്ഷിക്കണം..എന്റെ ബ്ലോഗിനെകുറിച്ച് നീയും, നിന്റെ ബ്ലോഗിനെകുറിച്ച് ഞാനും പരസ്പരം പുകഴ്ത്താം..അങ്ങനെ നമുക്ക് ഉദാത്ത സാഹിത്യകാരന്മാരെന്നു ആത്മരതിയടയാം എന്നതാകരുത് നമ്മുടെ എഴുത്തിന്റെ ലോകം..
ക്രിയാത്മക വിമര്‍ശനത്തിന്റെ ജാലക വാതിലുകള്‍ തുറന്നിടാനും, കഥയും കവിതയുമെല്ലാം സസൂക്ഷ്മായ നിരൂപണത്തിന് വിധേയമാക്കാനും അത് വഴി നമ്മുടെ ബ്ലോഗ്ഗെഴുതുകാരിലെ സര്‍ഗ്ഗപ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയണം.. 
അക്ഷരങ്ങള്‍ക്ക് ഉറച്ച നിലപാടുകള്‍ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്..രാഷ്ട്രീയ വ്യക്തതയും ദാര്‍ശനിക ദൃഡതയുമുള്ള എഴുത്തുകളാണ് ഈ കാലം നിങ്ങളോട് ആവശ്യപ്പെടുന്നത്.. വ്യക്തിത്വത്തിലും എഴുത്തിലും ഒരു പോലെ അടിയുറച്ച നിലപാടുകളും, അചഞ്ചലമായ പക്ഷവും നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌..അപ്പോള്‍ മാത്രമേ താന്‍ ജീവിച്ചിരിക്കുന്ന കാലത്തില്‍ തന്റെ വിരലടയാളം ചാര്‍ത്താനും, കാലത്തെ ഗുണപരമായി സ്വാധീനിക്കാനും എഴുത്തുകാരന് കഴിയൂ.. നടന്നു പോകുന്ന വഴികളില്‍ നിങ്ങളുടെ കാല്പാടുകള്‍ വരും തലമുറയ്ക്ക് വേണ്ടി അടയാളപ്പെടുത്താന്‍, നനവ്‌ തീരെയില്ലാത്ത പ്രവാസ മണ്ണില്‍ നനവേറെയുള്ള സുമനസ്സുകളുടെ ഈ നന്മയുടെ സംഗമം സഹായിക്കട്ടെയെന്നു രാജന്‍ ജോസെഫ് ആശംസിച്ചു.

രക്ത ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് പോലെ, ഉപ്പ് ബന്ധവും നാം കാത്തു സൂക്ഷിക്കണം, ഉപ്പിന്റെ വിലയെ ഷമീര്‍ എടുത്തു പറഞ്ഞു. പ്രവാസികള്‍ അവരുടെ അദ്ധ്വാനത്തിന്റെ  വില ശരിക്കും അറിഞ്ഞവരാണ്. ഇത്തരം കൂട്ടായ്മയുടെ ഒത്തുചേരലിന്റെ പിന്നിലും ഒരു പാടു അദ്ധ്വാനമുണ്ട്, അവരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പിന്റെ രസം ഉപ്പാണ്, ആ ഉപ്പ് പരസ്പരം പങ്ക് വെക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ രുചി വര്‍ദ്ധിക്കുന്നു.

ഓ എന്‍ വി യുടെ വാക്കുകള്‍ ശമീര്‍ ഈണത്തില്‍ പാടിയപ്പോള്‍ സദസ്സാകെ ഹര്‍ഷാരവം മുഴക്കി.
പ്ലാവിലകോട്ടിയ കുമ്പിളില്‍ തുമ്പപോലിത്തിരി ഉപ്പുതരിയടുത്ത്
ആവിപാറുന്ന പൊടിക്കഞ്ഞിയില്‍തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചെര്‍ത്താലേ രുചിയുള്ളൂ
കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോം മട്ടിലെന്നുണ്ണി
നിന്‍മുത്തശ്ശിയും ഒരുനാള്‍ മറഞ്ഞു പോമെങ്കിലും
നിന്നിലെഉപ്പായിരിക്കും ഈമുത്തശ്ശി എന്നുണ്ണിയെ വിട്ടെങ്ങുപോകുവാന്‍.....


ഈ മീറ്റ് വിജയിപ്പിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും  ആശംസകളും ഭാവുകങ്ങളും നേരുന്നു. 





ബ്ലോഗ് മീറ്റില്‍ സംസാരിച്ചവര്‍



Related Posts Plugin for WordPress, Blogger...