Friday, July 1, 2016

യൂഫ്രട്ടീസ് തീരത്തെ ആട്ടിന്‍ കുട്ടികള്‍ അനാഥരാണ്


ഖലീഫ ഉമര്‍(റ) തന്റെ സഹായിയായ അസ്‌ലമിനോടൊപ്പം വേഷപ്രച്ഛന്നനായി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി നടക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടിനടുത്ത് എത്തിയപ്പോള്‍ അവിടെ വെളിച്ചമുണ്ട്. കുട്ടികളുടെ കരച്ചിലും കേള്‍ക്കുന്നു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ അടുപ്പില്‍ ഒരു കലം വെച്ചു തീ കത്തിക്കുന്ന സ്ത്രീയേയും അതിനും ചുറ്റും വിശന്നു കരയുന്ന കുട്ടികളെയും  അദ്ദേഹം കണ്ടു. 
ഉമര്‍ ചോദിച്ചു: 'ഈ കലത്തില്‍ എന്താണ്?'
സ്ത്രീ പറഞ്ഞു: 'വെറും വെള്ളം. കുട്ടികള്‍ക്ക്  ഉറക്കം വരുംവരെ അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിവെച്ചതാണ്. ഈ നാട്ടിലെ ഭരണാധികാരിയായ ഉമര്‍ ഇതൊന്നും കാണുന്നില്ലല്ലോ?'
ഇത് കേട്ടപ്പോള്‍ ഉമര്‍ അവിടെ നിന്നും നേരെ പൊതുഖജനാവിലേക്ക് പോയി ഗോതമ്പിന്റെ ചാക്കും വെണ്ണയും എടുത്ത് ആ വീട്ടിലേക്കു തിരിച്ചു.

'ഈ ഗോതമ്പ് ചാക്ക്  ഞാന്‍ ചുമക്കാം'-  അസ്‌ലം പല തവണ  പറഞ്ഞിട്ടും ഉമര്‍ അതിന് സമ്മതിച്ചില്ല. അദ്ദേഹം തന്നെ ഗോതമ്പ് മാവും  വെണ്ണയും ചുമന്നു. ആ വീട്ടിലെത്തിയപ്പോള്‍ ഉമര്‍ തന്നെ അടുപ്പില്‍ തീ ഊതി ഗോതമ്പ് മാവ് പാകം ചെയ്ത് സ്ത്രീ നല്കിയ ഒരു പാത്രത്തില്‍ വിളമ്പി. കുട്ടികളെ ഭക്ഷിപ്പിക്കാന്‍ സ്ത്രീയോട് പറഞ്ഞു.
കുട്ടികള്‍ വയറു നിറച്ചു തിന്നു. മിച്ചമുള്ളത് അവിടെ വെച്ചിട്ട് ഉമറും അസ്‌ലമും തിരിച്ചു പോകാന്‍ എഴുന്നേറ്റു.
വേഷപ്രച്ഛന്നനായ ഭരണാധികാരിയെ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ഉമറിനോട്  പറഞ്ഞു: 'നിങ്ങള്‍ ചെയ്ത ഉപകാരത്തിന് ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കട്ടെ. ഭരണം നടത്താന്‍ ഉമറിനെക്കാള്‍ പറ്റിയ ആള്‍ നിങ്ങളാണ്.'
ഉമര്‍ ആ സ്ത്രീയോട് പറഞ്ഞു: 'നിങ്ങള്‍ നാളെ അമീറുല്‍ മുഅ്മിനീന്റെ അടുത്ത വരണം. അവിടെ എന്നെ കാണാം.'
ഈ റമദാനിലും  ഭക്ഷണമായും വസ്ത്രങ്ങളായും മരുന്നായും മറ്റും ലക്ഷക്കണക്കിന് റിയാലിന്റെ സഹായ വിതരണമാണ് നടക്കുന്നത്.  അഭയാര്‍ഥി കാംപുകളിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും മികച്ച ആസൂത്രണത്തോടെ ഖത്തര്‍ പോലെയുള്ള അറബ് രാജ്യങ്ങള്‍ സഹായമെത്തിക്കുന്നു. എന്നിട്ടും എത്രയോ പാവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  ഇത്തരം സഹായങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. 
  പല സന്നദ്ധ സംഘടനകളും ദരിദ്രരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഒരുപാട് പാവങ്ങള്‍ക്കും നിരാലംബര്‍ക്കും ഈ സഹായം തുണയാവുന്നു. റിലീഫിന്റെ കിറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്ന എത്രയോ പാവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരം നല്ല സംരംഭങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് സുമനസ്സുകള്‍ നാട്ടിലും പ്രവാസ ലോകത്തുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും യാതൊരു തരത്തിലുമുള്ള പ്രസിദ്ധിയും ആഗ്രഹിക്കാത്തവരാണ്. ദൈവപ്രീതി മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഓരോ വര്‍ഷവും റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തുമ്പോള്‍ നാട്ടിലെ സംഘടനകള്‍ തമ്മില്‍  കുറച്ചു കൂടെ ആസൂത്രണം നടത്തേണ്ടിയിരിക്കുന്നു. പല മഹല്ല് കൂട്ടായ്മകളും തങ്ങളുടെ മഹല്ലിലെ കഷ്ടത അനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആസൂത്രണമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയും. ഈ രംഗത്തും സാമ്പത്തിക വിദഗ്ധരേയും പട്ടിണി നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കും.

ഈ കാര്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റു ചിലതുണ്ട്. ചെറിയ സഹായങ്ങളാണങ്കിലും അതിന് വലിയ പ്രചാരണം കൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായതോടെ പ്രചരണവും കൊഴുത്തിട്ടുണ്ട്. സഹായം ലഭിച്ച ആളുടേയോ കുടുംബത്തിന്റേയോ ഫോട്ടോയും വിവരണങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. സഹായം ലഭിക്കുന്ന ആളുടെ താത്പര്യം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടാറേയില്ല. ഒരുപക്ഷെ അവരുടെ ഗതികേട് കൊണ്ടും നിര്‍ബന്ധം കൊണ്ടുമായിരിക്കും ഫോട്ടോ എടുക്കാന്‍ പോലും നില്‍ക്കേണ്ടി വന്നത്. അവരുടെ ദയനീയ അവസ്ഥയെ തികച്ചും ചൂഷണം ചെയ്യുന്നത് പോലെയാണിത്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് സഹായം വാങ്ങാന്‍ എത്തുക. കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ ഫോട്ടോ എടുത്ത് അത് പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ അവനുണ്ടായേക്കാവുന്ന  പ്രയാസം കാണാതെ പോവുകയാണ്. ഈ കാര്യങ്ങളൊന്നും മനഃപ്പൂര്‍വ്വമായിരിക്കില്ലെങ്കിലും സഹായം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ മറന്നു പോവുകയാണ് പതിവ്. 

ദരിദ്രരെ ആരുമറിയാതെ സഹായിക്കുന്ന രീതി എത്ര മാതൃകാപരവും മഹത്തരവുമായിരിക്കും. സഹായങ്ങള്‍ ആരുമറിയാതെ വീട്ടിലെത്തിച്ച് ഇത് നിങ്ങളുടെ അവകാശമാണെന്നും ഞങ്ങളുടെ ആനുകൂല്യമല്ലെന്നും പറയുമ്പോള്‍  അവര്‍ അനുഭവിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളുമുണ്ടെന്നു കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 

പ്രശസ്ത ഈജിപ്ത്യന്‍എഴുതുകാരന്‍ മുസ്തഫ ലുതുഫി തന്റെ വീക്ഷണം എന്ന പക്തിയില്‍ ഒരിക്കല്‍ എഴുതി, 'നീ രാത്രി കാലങ്ങളില്‍ പാവപ്പെട്ടവരുടെ വീടിന്റെ മുമ്പിലൂടെ നടക്കുക. നീ അറിയാതെ, നീ സഹായിച്ച പാവങ്ങള്‍ നിന്നെ പറ്റി പറയുന്ന നല്ല വാക്കുകള്‍ ഉണ്ടല്ലോ അത് കേള്‍ക്കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ല. അത്രയും ആനന്ദകരമായിരിക്കും നിന്റെ കാതുകള്‍ക്ക് അവരുടെ ആ സംസാരം.' ഇവിടെയാണ് ഖലീഫ ഉമര്‍ നമുക്ക് കാണിച്ചു തന്ന മാതൃക പിന്തുടരേണ്ടത്. ഭക്ഷണവുമായി ഉമര്‍ ആ വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചുമക്കാം ഈ ഗോതമ്പ് മാവ് എന്ന് പല തവണ അസ്‌ലം പറഞ്ഞിട്ടും സമ്മതിക്കാതെ ഖലീഫ തിരികെ ചോദിച്ച ഒരു ചോദ്യമുണ്ട്- 'അന്ത്യനാളില്‍ എന്റെ പാപഭാരം ചുമക്കാന്‍ നിനക്ക് കഴിയുമോ അസ്‌ലം'?. ഈ ചോദ്യം ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. 

മറ്റൊരിക്കല്‍ ഖലിഫ ഉമര്‍ രാത്രി സഞ്ചരിക്കുമ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു. പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയുടെ കരച്ചില്‍ ആയിരുന്നു അത്. അവള്‍ പറഞ്ഞു എനിക്കിവിടെ ആരുമില്ല. ഇത് കേട്ടപ്പോള്‍ ഉമര്‍ വീട്ടിലേക്ക് ഓടി ഭാര്യ ഉമ്മുക്കുല്‍സൂമിനോട് പറഞ്ഞു, നിനക്ക് പുണ്യം ലഭിക്കാന്‍ ഒരു വഴി തുറന്നു വന്നിട്ടുണ്ട്. കാര്യങ്ങള്‍ ഉമര്‍ വിവരിച്ചു കൊടുത്തു. കുറച്ചു ഭക്ഷണവും വെണ്ണയും ഉമറും, പ്രസവ ശുശ്രൂക്കാവശ്യമായ സാധനങ്ങളുമായി ഉമ്മുകുത്സൂമും ആ വീട്ടിലേക്ക് വേഗത്തില്‍ നടന്നു.

ഉമര്‍ അവരുടെ ഭര്‍ത്താവിനോടൊപ്പം പുറത്തും ഉമ്മുകുത്സൂം വീട്ടിനുള്ളിലേക്കും പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ഉമ്മുകുത്സൂം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍ ഒരാണ്‍ കുഞ്ഞ്.' ഇത് കേട്ടപ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവ് ഞെട്ടി.  അപ്പോഴാണ് തന്റെ വീട്ടില്‍ ഭാര്യയേയും കൂട്ടി വന്നിരിക്കുന്നത് ഖലീഫ ഉമര്‍ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തന്റെ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി', അത് ഏർപ്പാട്   ചെയ്തത് റോമ- പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ  കണ്ണുകള്‍ നിറഞ്ഞു. ഉമറിനോട് ഖേദം പ്രകടിപ്പിച്ചു. ഉമര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് തിരിച്ചു പോന്നു.

ജാതി- മത ചിന്തകള്‍ക്കതീതമായി എല്ലാ ജാതി മത വിഭാഗങ്ങളിലുള്ള പാവങ്ങളെയും ഒരു പോലെ കാണാനും അയല്‍ക്കാര്‍ക്ക് തങ്ങളുടെ സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുന്നുവെന്ന ബോധം പകര്‍ന്നു നല്കുവാനും ഓരോ വിശ്വാസിക്കും കഴിയണം. സഹായിക്കാന്‍ കഴിയുമെന്നിരിക്കെ ഒരു വിശ്വാസിയുടെയും അയല്‍ക്കാരന്‍ പട്ടിണിയാലോ സാമ്പത്തിക ബാധ്യതയാലോ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. നോമ്പ്തുറകളിലും മറ്റും ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി  അത് പാഴാക്കപ്പെടുമ്പോള്‍ ലോകത്ത് ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ടെന്ന ബോധം ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതുണ്ട്. വിശപ്പിന്റെ വില ശരിക്കും അറിഞ്ഞവരായിരുന്നു പ്രവാചകരും അനുയായികളും. ഒരിക്കല്‍ പ്രവാചകന്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. വഴിയില്‍ അദ്ദേഹം അബൂബക്കറിനേയും ഉമറിനെയും കണ്ടു. വിശപ്പ് സഹിക്ക വയ്യാതെ അബൂബകറും ഉമറും രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. പ്രവാചകന്‍ ചോദിച്ചു: നിങ്ങളെന്താണ് ഈ സമയത്ത്? അവര്‍ പറഞ്ഞു: 'വിശപ്പാണ് പ്രവാചകരെ.'  എന്നിട്ടവര്‍ തിരികെ ചോദിച്ചു: 'എന്താണ് നബിയേ അങ്ങീ രാത്രിയില്‍ ഇറങ്ങി നടക്കുന്നത്?' 'നിങ്ങള്‍ ഏതു കാരണത്താലോ വന്നത്, അതേ കാരണം തന്നെ.'
സര്‍വ ഐശ്വര്യങ്ങള്‍  കൊണ്ട് അനുഗ്രഹീതമായ മക്കയെ വിളിച്ചു മഹാനായ  കവി അല്ലാമാ ഇഖ്ബാലിന്റെ ചോദ്യം എത്ര പ്രസക്തം:
'ഹേ; മക്കാ ദേശമേ.... എന്തുകൊണ്ട് നീയൊരു ഉമര്‍
ഫാറൂഖിനെ വീണ്ടും ഉയര്‍ത്തുന്നില്ല'
ഭരണാധികാരിയായ  ഉമര്‍ ആണ് ഈ കാര്യങ്ങള്‍ ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് കൊട്ടിഘോഷിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പ്രവാചകന് ശേഷം യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി സംരക്ഷണം ലഭിക്കാതെ ചത്തു പോയാല്‍ അതിന്റെ പേരില്‍ അല്ലാഹു എന്നെ ചോദ്യം ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് പ്രഖ്യാപിച്ച ഉമറിനെക്കാള്‍ മാതൃകയാക്കാന്‍ ലോകത്ത് വേറെ ഏത് ഭരണാധികാരിയുണ്ട്?
Related Posts Plugin for WordPress, Blogger...