Wednesday, February 5, 2014

വിസ്മയിപ്പിക്കുന്ന ചിത്രകലാ ക്യാംപ്

കല മനുഷ്യന്റെ വൈകാരികമായ അവസ്ഥയുടെ ബഹിസ്ഫുരണമാണ്. സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, വ്യത്യസ്തമായ ഈ ദർശനങ്ങൾ ചില ബിംബങ്ങളുടെ സഹായത്തോടെ ചിത്രകാരന്മാർ അനാവരണം ചെയ്യുമ്പോൾ  ഭൗതികമായ വ്യാഖ്യാനങ്ങൾ  അനിവാര്യമായിത്തീരുന്നു.  കേവലാനന്ദസംവേധനത്തിനപ്പുറം കലയെ പറ്റി ചിന്തിക്കുകയും പ്രവർത്തിക്കുക്കയും ചെയ്യുന്ന ഒട്ടനവധി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്, ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കുവാനും  അതിനു സുസംഘടിതമായ  ദിശാബോധം നല്കാനും കഴിവുള്ള ചിത്രകാരന്മാരെ തിരിച്ചറിയേണ്ടത് സാമൂഹിക സാംസ്കാരിക സംഘടനകളുടെ കർത്തവ്യമാണ്, ഇതിന്റെ ഭാഗമായി ഫ്രണ്ട്സ് കൾചറൽ സെന്റർ (എഫ് സി സി)  ഖത്തറിലെ  പ്രൽഭരായ ചിത്രകാരന്മാരുടെ  ഒരു സംഗമ വേദി അണിയിച്ചൊരുക്കുകയായിരുന്നു. ആധുനിക ചിത്ര കലയെ അടുത്തറിയാനും അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാനും നവീന ദൃശ്യ ഭാഷാ സംസ്കാരം വളർത്തിയെടുക്കുവാനും ഈ ചിത്ര കലാ ക്യാമ്പിലൂടെ ഇതിന്റെ പ്രവർത്തകർ ശ്രമിച്ചു. ചിത്ര ഭാഷയെന്നത് സാഹസത്തിൽ സാംഷീകരിച്ചെടുക്കാവുന്ന കാഴ്ച്ചയുടെ സംസ്കാരമെന്ന് കരുതുന്ന കലാ കാരന്മാരാണ് അധികവും. ഒരു ഛായാചിത്രം പ്രകൃതി ചിത്രീകരണം എന്നിവ കൊണ്ട് മാത്രം മാധ്യമ ശ്രദ്ധ നേടുക എന്നതിനപ്പുറം ചിത്രകാരെനെന്ന നിലയിൽ ചിരപ്രതിഷ്ഠ നേടാൻ ഇവർക്ക് സാധിക്കുന്നില്ല. വികലമായ ദുർഗ്രഹത സൃഷ്ടിച്ചു പലപ്പോഴും ആസ്വാദകരിൽ നിന്നും അകലുന്നു. ഈ തിരിച്ചറിവായിരിക്കും ഖത്തര്‍ കേരളീയം സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി  ഇത്തരമൊരു ക്യാമ്പിനെ പറ്റി ചിന്തിക്കാൻ എഫ് സി സി യെ പ്രേരിപ്പിച്ചത്. മനുഷ്യസൃഷ്ടിക്കുള്ള ആഹ്വാനമാണ് കല. മുഴുവന്‍ കലാസൃഷ്ടികളും നാം പെടാത്ത ഒരു ലോകത്തെക്കുറിച്ചുള്ള അവബോധമാണ്. മറ്റൊരു ലോകത്തെയും ക്രമത്തെയും സ്വപ്‌നം കണ്ടുകൊണ്ടാണ് ചിത്രകലയെ ചിത്രകാരന്‍ തന്റേതുമാത്രമായ ചിന്തയിലൂടെ ആവിഷ്‌കരിക്കുന്നത്.

കല, കലയ്ക്കുവേണ്ടി എന്നതിനപ്പുറം കല മാനവികതയുടെ ആവിഷ്‌കാരത്തിന് ഉപയോഗപ്പെടുത്തുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. സംഭാഷണരഹിതമായ ചിത്രകലയെ പുതിയലോകത്തെ സൃഷ്ടിക്കാന്‍ ചിത്രകാരന്മാര്‍ക്ക് സാധിക്കണമെന്ന്  എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ ക്യാമ്പ് ഉത്ഘാടന വേളയിൽ പറഞ്ഞു.
ഇന്ത്യയിൽ ജനിച്ചു വളർന്ന ഒട്ടനവധി ചിത്രകാരന്മാർ പ്രവാസികൾക്കിടയിലുണ്ട്. ഈ മേഘലയിൽ കഴിവ് തെളിയിച്ച ചിത്രകാരന്മാരും ചിത്രകാരികളും ഒത്തു ചേരുകയും അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും പൂർവകാല ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു ഈ ക്യാമ്പിലൂടെ.  ഒരോ ചിത്രവും ഓരോ അനുഭവമായിരുന്നു  രൂപങ്ങളെ, വര്‍ണങ്ങളെ, പ്രതലങ്ങളെയൊക്കെ ഭേദിച്ചു കൊണ്ടുള്ള ഒരു ഉത്തമ കലാവിഷ്കാരം. ക്യാമ്പിൽ നിന്നും കാൻവാസിലേക്ക്  വർണ്ണം പകർന്നു തുടങ്ങിയപ്പോൾ അത് ദോഹയിലെ കലാ സാംസ്കാരിക കൂട്ടായ്മയിൽ പുതിയ ചരിത്രവും അനുഭവവുമായി. ഇന്ത്യയിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്ന് കടൽ കടന്നു വന്ന ഇവർ ചിത്ര കലയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരായിരുന്നു. കലയായും ജീവിത ഉപാധിയായും വർണ്ണങ്ങളെ അക്ഷരാർഥത്തിൽ ഉപാസിക്കുന്നവർ. ഇങ്ങനെയുള്ള കുറച്ചു പേര്  ഒരു മുറ്റത്ത് അണിനിരന്നപ്പോൾ അവർ  വരച്ചു തീർത്ത ഇരുപതോളം  ചിത്രങ്ങൾ  ചിത്ര കലയെ സ്നേഹിക്കുന്നവർക്ക്  നിർവചിക്കാനാവാത്ത അനുഭൂതിയാണ് നല്കിയത്.

പൊതുസമൂഹത്തിലെ പല കാര്യങ്ങളോടും ബോധപൂർവ്വം  സൃഷ്ടിക്കാതെതന്നെ  കലാകാരന്റെ  പ്രതിപ്രവര്‍ത്തനം ചിത്രത്തിൽ വന്നു കൊള്ളൂമെന്ന് പറയുന്നത് ശരിക്കും  അന്വർതമാക്കുന്നതായിരുന്നു പല ചിത്രങ്ങളും. ചിത്രകല എന്നത് തികച്ചും വ്യക്തിപരമായ ആവിഷ്കരണമായത് കൊണ്ട് തന്നെ ഓരോരുത്തരും തങ്ങളുടെ സ്വതന്ത്ര ചിന്തയിലൂടെ  സ്വന്തമായ കൈയ്യൊപ്പ് ചാർതുകയായിരുന്നു. ലോകകലാരംഗത്തെ സമകാലികമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങൾ ചിത്രകലയിലെ സജീവമായ വര്‍ത്തമാനം, ആധുനിക  ചിത്രങ്ങള്‍, പ്രവാസ ജീവിതവും  പരിസ്ഥിതിപ്രശ്‌നങ്ങളും കാലാവസ്ഥാമാറ്റവും വ്യതിയാനവും പ്രമേയമാക്കിയ ചിത്രങ്ങൾ ഇങ്ങനെ ഇരുപതോളം ചിത്രങ്ങൾ മൂന്നു ദിവസം കൊണ്ട്  "കളർസ് ഓഫ് പാരഡയ്സ്" എന്ന പേരിലൂടെ   സൃഷ്ടിക്കപ്പെടുകയായിരുന്നു.  ഈ പത്തു  കലാകാരന്മാരിൽ ആറു പേര് മലയാളികളായിരുന്നു.  അസമിൽ നിന്ന് രണ്ടു പേരും ചത്തിസ്ഖഡിൽ നിന്നും  ബംഗാളിൽ നിന്നുമുള്ള ഓരോ കലാ കാരന്മാരും. മലയാളികളുടെ സാന്നിധ്യം ഏറെ സന്തോഷം നല്കി. ഇന്ന് ഇന്ത്യന്‍ ചിത്ര-ശില്പ കലയില്‍ നൂതനമായ പല പരീക്ഷണങ്ങളും നടത്തി അസൂയാവഹമായ പല നേട്ടങ്ങളും ഈ രംഗത്ത് കൈവരിച്ചവരില്‍ അധികവും മലയാളികളാണ് എന്നത് നമുക്ക് ഇവിടെ ഓർക്കാം, അതു തുടരുകയുമാണ്. ഇങ്ങനെ നമ്മുടെ നാട്ടില്‍ പുതിയ തലമുറയില്‍പ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും ഉണ്ടെങ്കിലും അവരില്‍ പലരും നേരിടുന്ന വെല്ലുവിളി സ്വസ്ഥമായി ഇരുന്ന് വരക്കാന്‍ ഒരു ഇടമില്ല എന്നതും അവര്‍ക്ക് സഹായം നല്‍കാനുള്ള സംവിധാനമില്ല എന്നതുമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ഈ അഭാവമാണ്  ഇവരില്‍ പലരെയും മറുനാട്ടില്‍ കുടിയേറാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു ഈ ഒരു പൊരായ്മയെയും നാം കാണേണ്ടതുണ്ട്.

ക്യാമ്പിൽ പങ്കെടുത്ത പത്തിൽ എട്ടു പേരും കലാ അധ്യാപകരും  രണ്ടു പേർ  ഗ്രാഫിക് ഡിസൈനറുമായിരുന്നു  ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദോഹയിലും ചിത്ര പ്രദർശനങ്ങൾ നടത്തിയവരാണ് മിക്കവാറും എല്ലാവരും ചിത്ര കലയിൽ ഉയർന്ന ബിരുദങ്ങൾ കരസ്തമാക്കിയവർ, ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയവർ, മലയാളിയായ  ഷാജി ലളിത കലാ അക്കാദമി സ്റ്റേറ്റ് അവാർഡ്, രാജാരവിവർമാ പുരസ്കാരം, ഐ എച്  ആർ ഡി ഫെല്ലോഷിപ്പ് എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായിരുന്നു. ചിത്രകാരന്മാരോട് സംവദിക്കാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ചിത്രകലയുടെ സംവേദനം, വീക്ഷണം, നൂതനഭാവങ്ങള്‍, 'ആധുനിക ചിത്രകലയും കാലവും' എന്നീ വിഷയങ്ങളിൽ  പഠനാർഹമായ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ അർത്ഥതലം  അന്വേഷിക്കുന്നതിനപ്പുറം  അത് ആസ്വദിക്കാനുള്ളതാണെന്ന വെളിപാട് അനുവാചരിലുണ്ടാക്കാൻ ക്യാമ്പിലൂടെ സാധിച്ചിട്ടുണ്ടന്നു ചിത്രകാരനായ ഷാജി ചേലാട് പറഞ്ഞു,   മലയാളികൾ സാക്ഷരതയിൽ പ്രബുദ്ധരാണങ്കിലും  ചിത്ര  ഭാഷയിൽ അല്പം പിറകോട്ടാണ്. ഇത്തരം ക്യാമ്പുകളിലൂടെ പുതിയ ദൃശ്യാ ഭാഷാ സംസ്കാരത്തിന് രൂപം നല്കാൻ കഴിയുമെന്നു സ്കൊല്ലെഴ്സ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ഷാജി പറഞ്ഞു. മൂന്നു തവണ ലളിത കലാ അക്കാദമി അവാർഡുകൾ നേടിയ അദ്ദേഹം എറണാകുളം കോതമംഗലം സ്വദേശിയാണ്. അദ്ദേഹത്തിൻറെ ചിത്രത്തിൽ പ്രതിഫലിച്ചത്  യന്ത്രവത്കരണ ജീവിതവും  ഗ്രുഹാഹരുതത്വവും   ഒറ്റപ്പെടലുകളും അനുഭവമാക്കുന്ന രൂപങ്ങൾ ആയിരുന്നു, അതിനു വേണ്ടിയുള്ള ബിംബങ്ങൾ ഉപയോഗിച്ചു സമകാലീന ചിത്രകലയിലൂടെ പ്രത്യേക ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു.

ഭവൻസ് സ്കൂളിലെ അധ്യാപകനും അങ്കമാലി സ്വദേശിയുമായ പ്രഹ്ലാദൻ  ലളിത കലാ അക്കാദമി അവാർഡ്  ലഭിച്ച പ്രതിഭയാണ്. കേരളത്തിനകത്തും പുറത്തും ക്യാമ്പുകൾ നടത്തി പരിചയമുള്ള ഈ കലാകാരൻ ചിത്ര രചനയ്ക്ക് പുറമേ ഒരു ശില്പിയും കൂടിയാണ്.  ശില്പമാണ് മുഖ്യവിഷയമെങ്കിലും ചിത്രരചനയിലേക്കു  പ്രവേശിക്കുകയായിരുന്നു.  സര്‍ഗസംവാദത്തിനും ആശയവിനിമയത്തിനും വിപുലമായ ഇടം തേടിയാണ് ചിത്ര രചനയിലേക്ക് പ്രവേശിച്ചതന്ന്  അദ്ദേഹം പറഞ്ഞു. അതിനു പുറമേ പത്തു വർഷത്തോളം മ്യൂസിക്‌ അഭ്യസിച്ച അതുല്യ പ്രതിഭയാണ് ഈ കലകാരൻ ഭീമാകാരമായ കെട്ടിടങ്ങൾ അതിന്റെ സ്വാധീനം ചിത്രത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഇടയിലൂടെ മുസികിന്റെ വേവും അനാവരണം ചെയ്യാൻ ശ്രമിച്ചപ്പോൾ ചിത്രം കാണുന്നവർക്ക്  ഒരു താളാത്മകത അനുഭവവപ്പെടുകയായിരുന്നു

മറ്റൊരു കലാ കാരനായിരുന്ന സന്തോഷ്‌ കൊല്ലം  എം ഇ  എസ് സ്കൂളിലെ ചിത്രാ കലാ അധ്യാപകനാണ്. അദ്ദേഹം നിർമ്മിച്ച ഇന്‍സ്റ്റലേഷൻ വർക്ക്‌ കാഴ്ചക്കാരെ വല്ലാതെ ആകർഷിക്കുന്നതായിരുന്നു. ഒരു പ്രവാസി തന്റെ ആശയും ആഗ്രഹങ്ങളും പെട്ടിക്കകത്ത്  കൊണ്ട് പോകുന്നു. പെട്ടിക്കിടയിൽയിൽ നിന്നും പുറത്തേക്കു ചാടുന്ന ആശകളും ആഗ്രഹങ്ങളും  പ്രവാസികളെ കാത്തിരിക്കുന്ന ചില ചൂഷകന്മാരെയും എടുത്തു കാണിച്ച ഇന്‍സ്റ്റലേഷൻ വർക്ക്‌ വർഷങ്ങളായി ആവർതിക്കപ്പെടുന്ന ഓരോ പ്രവാസിയുടെയും  അനുഭവ യാതാർത്ഥ്യങ്ങളായിരുന്നു.

"അവർ റെസ്പോൻസിബിലിറ്റി"  എന്ന സന്തോഷിന്റെ  ചിത്രം പ്രകൃതിയും  മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നു.  മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയും സന്തുലിതത്തിനു വിഘാതം നില്ക്കുകയും ചെയ്തപ്പോൾ  അതിനെ  സംരക്ഷിക്കേണ്ട ബാധ്യത കൂടി മനുഷ്യന് ഉണ്ട്  എന്ന്  വിളിച്ചറിയിക്കുക്കയാണ്.  മേഘത്തെ താങ്ങി പിടിച്ചു കൊണ്ടുള്ള മനുഷ്യ രൂപം  കാഴ്ചക്കാരെ ചിന്തിപ്പിച്ചു. ഏതു സമയവും ആ മേഘം  നമ്മുടെ തലയിൽ വീഴുമെന്ന രൂപത്തിൽ ആയിരുന്നു ചിത്രം. സന്തോഷിന്റെ തന്നെ മറ്റൊരു ചിത്രവും ഇതേ വിഷയത്തിൽ തന്നെയായിരുന്നു. ചിത്രം ഒരു കവിത വായിക്കുന്ന സുഖമായിരുന്നു നല്കിയത്.   മുളപൊട്ടി വരുന്ന ഒരു തെങ്ങിൻ തൈയുമായി ഇരിക്കുന്ന സ്ത്രീ.  തന്റെ കൊച്ച് കുഞ്ഞിനെ വളർത്തേണ്ട വികാരത്തോടെ അതിനെ നോക്കി കാണുന്നു.  ഇതിനെ വളർത്തി വലുതാക്കാനുള്ള  ബാധ്യത തനിക്കുണ്ടെന്ന്  ചിന്തിക്കുന്ന ആ സ്ത്രീ രൂപം മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം സൂചിപ്പിക്കുകയാണ്.  എല്ലാ ചിത്രങ്ങളും പ്രക്രുത്യുമായി ബന്ധപ്പെട്ടാണ് താൻ വരക്കുന്നത് എന്ന് സന്തോഷ്‌ പറയുന്നു. ബംഗ്ലൂരിൽ ശില്പ കലയുടെ മാസ്റ്റെർ പഠനത്തിനു ചേർന്നത് മുതൽ പ്രകൃതിതത്വമായ മെറ്റീരിയൽ ഉപയോഗിച്ചു ശില്പങ്ങൾ ചെയ്യാൻ തുടങ്ങി, ചിത്ര കലയോടോപ്പം ശില്പ കലയും സന്തോഷ്‌    ചെയ്തിരുന്നു. "അന്ധവിശ്വാസങ്ങളുടെ ബലിയാട്" എന്ന ശില്പത്തിന് ആയിരുന്നു 2001 ലെ ലളിത കലാ അക്കദമി അവാർഡ് ലഭിച്ചത്. മനുഷ്യൻ അന്ധവിശ്വാസത്താൽ  ബാധ ഒഴിപ്പിക്കാൻ മരത്തിൽ ആണി അടിക്കുമ്പോൾ ആ മരം ഇലകൾ കൊഴിഞ്ഞു ഇല്ലാതാകുന്ന ഒരു ശില്പമായിരുന്നു അന്ധവിശ്വാസങ്ങളുടെ ബലിയാട്.

മറ്റൊരു കലാ കാരനായിരുന്നു എം ഇ എസ്  അധ്യാപകനായ എറണാകുളം പനയമ്പള്ളി സ്വദേശി പി എം സഗീര്  പ്രതീക്ഷയും സ്വപ്നവും എന്ന പ്രമേയത്തിലായിരുന്നു ചിത്രം വരച്ചത്. പ്രകൃതിയിലെ മരങ്ങളെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്ന  ചിത്രമായിരുന്നു. മനുഷ്യന്റെ   സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിനു വേണ്ടിയും  സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുധ്യവും  ബന്ധവും സഗീറിന്റെ  ചിത്രം നമുക്ക് പറഞ്ഞു തരുന്നു. വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളില്‍ പ്രതിബിംബിച്ചു.

ഗ്രാഫിക് ഡിസൈനറായ ചേന്ദമങ്ങല്ലൂർ സ്വദേശി എം ബാസിത് ഖാൻ, കണ്ണൂർ സ്വദേശി മഹേഷ്‌ കുമാർ എന്നിവരുടെ വരയും മനോഹരമായിരുന്നു. കഴിഞ്ഞുപോയ ബാല്യങ്ങളും ഇപ്പോൾ ചുറ്റിലും കാണുന്ന ജീർണതകളും ചെറിയ ഒരു പ്രകാശത്തിലൂടെ പ്രതീക്ഷയും സ്വപ്നവും ഒരു മരക്കുതിരയിൽ കണ്ണ് കെട്ടി ഇരിക്കുന്ന കുട്ടിയുടെ ചിത്രത്തിലൂടെ പറയുന്നു. മറ്റൊരു ചിത്രത്തിൽ  കാലുകളിലൂടെ  രക്തമൊലിപ്പിക്കുന്ന ഒരു പ്രാവിലൂടെ  സമാധാനം നഷ്ടപ്പെട്ട ഒരു കാലത്തെ ഭംഗിയായി വരച്ചു കാണിക്കാൻ ശ്രമിക്കുന്നു  "കളർസ് ഓഫ് പാരഡയിസ്" എന്ന  പേരിൽ നടത്തിയ ഈ  ചിത്ര കലാ ക്യാമ്പ് വിജയിപ്പിക്കാൻ നേത്രത്വം നല്കിയത്  ബാസിതായിരുന്നു.

മറ്റൊരു പ്രതിഭയായിരുന്നു അസമിൽ നിന്നുള്ള സായിദ ഷമീം ബിന്ത സാകിയാ കൂട്ടത്തിലെ ഏക പെണ്‍സാന്നിദ്യമായിരുന്നു. ബിർള പബ്ലിക് സ്കൂളിലെ ക്രാഫ്റ്റ് അധ്യാപികയാണ് ഈ കലാകാരി. ബിർള സ്കൂളിലെ ചിത്ര കലാ വിഭാഗം മേധാവിയായ സുമന്‍പാല്‍ അസമിൽ നിന്ന് തന്നെയുള്ള മറ്റൊരു ചിത്രകാരനായിരുന്നു. ഭാരതീയ പാരമ്പര്യത്തനിമ ഉള്‍ക്കൊണ്ട സാംസ്‌കാരിക ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ അമൂർത്ത കലയെ ആസ്വാദമാക്കിയുള്ള  വര്‍ണങ്ങളുടെ സമന്വയയമായിരുന്നു അവരുടെ ചിത്രം. കറുപ്പും സ്വർണനിറവും കലർന്ന ലോഹത്തിൽ വാർത്തെടുത്ത പ്രതിമ പോലുള്ള വിശ്വ രൂപങ്ങളായിരുന്നു ഇവരുടെ ചിത്രം. ആദിത്യ വിക്രം ബിർള കലാ കിരണ്‍ പുരസ്കാരം നേടിയ ചത്തീസ്ഗഡിൽ നിന്നുള്ള അമിത് കുമാർ ചക്രവർത്തി ഡി പി എസ്  മോഡേൻ സ്കൂളിലെ  അധ്യാപകനാണ്. ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റെ നേർകാഴ്ച്ചയെയാണ്  അദ്ദേഹം തന്റെ ചിത്രത്തിൽ പ്രതിഫലിപ്പിച്ചത്.  രോഗികൾക്ക് നല്കുന്ന ഇഞ്ചക്ഷൻ  സിറിഞ്ചുകൾ  തലയിലും മുഖത്തും കുത്തി വെക്കുന്ന രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. ഇത്തരം ബിംബങ്ങളും  അടയാളങ്ങളുമെല്ലാം ദൃശ്യമാക്കി സമകാലീന ചിത്രകലയിലൂടെ പ്രത്യേക ദൃശ്യഭാഷ ചമയ്ക്കുകയാണ് ഈ വലിയ ചിത്രകാരന്‍. ചില അടി ച്ചേൽപ്പിക്കലുകൾ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെ പിറകോട്ടു വലിക്കുന്നതായി ചിത്രം പറയുന്നു. മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോർസ് ഡൽഹി, നാഷണൽ സ്കോളർഷിപ്പ് ആൻഡ്‌  ജൂനിയർ ഫെല്ലോ ഷിപ്പിന് അർഹനായ  കലാകാരനാണ് ഈ ചിത്രകാരൻ. 

രണ്ടായിരത്തി രണ്ടിലെ നന്ദന അവാർഡ്  ലഭിച്ച പശ്ചിമ ബംഗാളിലെ ജൽപാൽ ഗുരിയിൽ നിന്നുള്ള അമിത് മജുംദർ ഡി പി സ് മോഡേണ്‍ സ്കൂളിലെ അധ്യാപകനാണ്. കൂട്ടിലകപ്പെട്ട സ്വാതന്ത്ര്യം  നിഷേധിക്കപ്പെട്ട ഒരു പക്ഷിയുടെ ചിത്രവും, എല്ലാം നോക്കി കാണുകയും വായ്‌ മൂടിക്കെട്ടപ്പെട്ട  ഒരു മുഖവും ഒരു പാട് കാര്യങ്ങൾ കാഴ്ചക്കാരോട് പറയുന്നു. കുതിരയുടെ പകുതി ഭാഗം ഒരു സ്ഫടിക പാത്രത്തിന്റെ അകത്തും പകുതി ഭാഗം പുറത്തും വരച്ചു കൊണ്ട് കാലഘട്ടത്തിന്റെ മാറ്റം വിവരിക്കുകയും പ്രവചിക്കുകയും ചെയ്ത ചിത്രം  കാമ്പിലെ  ഏറ്റവും മനോഹരമായ ചിത്രങ്ങലൊന്നായിരുന്നു. ആക്രിലിക്ക്, കളർ ഓയിൽ മിക്സഡ്‌ മീഡിയം എന്നീ മാധ്യമത്തിലാണ് പത്തു പേരും വരക്കുന്നത്.

ദോഹയിൽ ഇത്തരത്തിൽ ഒരു ഒത്തു ചേരൽ ഇതാദ്യമായിരുന്നു.  കാമ്പ് സമാപന ചടങ്ങിൽ ഖത്തര്‍ കലാ-സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ യൂത്ത് ക്രിയേറ്റീവ് ആര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ മുഅത്വി ചിത്രകലാ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. ആധുനികതയുടെ പുതുഭാവങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ചിത്രകാരന്മാരെ അദ്ദേഹം പരിചയപ്പെട്ടു. നാടക പ്രവര്‍ത്തകനും കുട്ടികളുടെ നാടക പ്രചാരകനുമായ വി.എസ്. ശ്രീകുമാര്‍ കല, ജീവിതം, നാടകം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി, ക്യാമ്പ് കണ്വീനർ  ഷാജി ചേലാട് എന്നിവര്‍ സംസാരിച്ചു. സന്തോഷ്‌കൃഷ്ണ സ്വാഗതവും ആര്‍ട്ടിസ്റ്റ് സുമന്‍പാല്‍ നന്ദിയും പറഞ്ഞു. ബൃഹത്തായ ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ശില്പങ്ങളും ഇനിയും പ്രദർശിപ്പിക്കാൻ ഈ കലാകാരന്മാർക്ക് കഴിയട്ടെ .
Related Posts Plugin for WordPress, Blogger...