Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Thursday, June 19, 2014

മലയാളത്തിന്റെ സ്വന്തം പൊയ്ത്തും കടവ്

ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ചു ഒരു പാട് രചനകൾ ലോക സാഹിത്യത്തിലും മലയാളത്തിലും ഉണ്ടായിട്ടുണ്ട്, ചക്രവാളത്തിന്റെ അനന്ത വിഹായസ്സിലൂടെ  ആത്മാവുകൾ സഞ്ചരിരിക്കാറുണ്ട്, ആത്മാവിനെ സ്വയം കണ്ടത്താൻ ശ്രമിച്ച  ഇബ്നു തുഫയിലിന്റെ ഹയ്യുബിൻ യക്ടാനും, ഹയ്യിനെ വളർത്തിയ മാൻപേടയെയും ഹയ്യ്‌ ഒറ്റയ്ക്ക് വളർന്ന സങ്കല്പ ദീപും, അബുൽ അലാ മഅരിയുടെ യുടെ രിസാലത്തുൽ ഗഫ്രാനും, ജിബ്രാന്റെ കഥകളും, പൌലോകൊയ്ലൂടെ ആൽകെമിസ്റ്റിലെ ആട്ടിടയനും, ഗാബോയുടെ  മക്കൊണ്ട എന്ന സങ്കല്പ നഗരവും ഉത്സുലയും പ്രോടെൻഷിയോ അഗ്വലരുടെ അലയുന്ന ആത്മാവും  ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു.
വിഖ്യാത നോവലുകളും കഥകളും  വായിക്കുമ്പോൾ പുതുമ നിറഞ്ഞ സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ  വിസ്മയ കാഴ്ചകളിലൂടെ  നാം കടന്നു പോകാറുണ്ട്. വായനക്കാരെ  വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തിയാണ് അവരുടെ കഥകളിലും നോവലുകളിലും. അത്തരം ഒരു വശീകരണ ശൈലി ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ  പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നു. മലയാളത്തിൽ ഫാന്റസികഥകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ശിഹാബ്. 
ശിഹാബിന്റെ  ഫാന്റസി സ്വഭാവമുള്ള  ഒരു കഥയാണ്  "കത്തുന്ന തലയിണ" കത്തുന്ന തലയിണയിലെ  വരികൾ നമ്മെ കൂട്ടികണ്ട്‌ പോകുന്നത് വിസ്മൃതി നിറഞ്ഞ മറ്റൊരു ലോകതെയ്ക്കാണ്, ഇവിടെ  പല വിസ്മയ കാഴ്ചകളും നമുക്ക് കാണാൻ കഴിയുന്നു. രൂപമില്ലാത്ത രൂപ മായും ഭാവമില്ലാത്ത ഭാവമായും മാന്ത്രികമായ ചുവടു വെയ്പുകളോടെ ഭ്രാന്ത് തന്നിലേക്ക് വരികയും പിന്നീടത് ചിറകില്ലാതെ തനിക്ക് ചുറ്റും  പറന്നു കളിക്കുന്നതും അതെ  താഴ്വാരങ്ങളിൽ മഞ്ഞും ആട്ടിടയന്മാർ കടന്നു പോകുന്നതും പറഞ്ഞു കൊണ്ടാണ് കത്തുന്ന തലയിണയിലൂടെ ശിഹാബ് കഥ തുടങ്ങുന്നത്. കഥയുടെ മധ്യ ഭാഗത്ത് എത്തുമ്പോൾ വരികൾക്ക് കൂടുതൽ തീഷ്ണത അനുഭവപ്പെടുന്നു ഭാവനയുടെ ചിറകുകൾ നമ്മെ മറ്റൊരു ലോകത്തേയ്ക്ക് വീണ്ടും കൊണ്ട് പോകുന്നു. "താഴ്വാരങ്ങളിലൂടെ കടന്നു പോയ മനുഷ്യാത്മാക്കൾ വെറും റാന്തൽ വിളക്കായി.  ഞാൻ ആശ്രയമില്ലാതെ കേണു. ഭൂമിയുടെ പുതപ്പുകൾ  വലിച്ചു മൂടിക്കിടക്കാൻ ശ്രമിച്ചു. മേൽ മണ്ണ്  പരിഹാസ്യമാം വിധം അടർന്നു പൊടിഞ്ഞു, ഭ്രാന്ത്  പതുക്കെ എന്റെ  തോളിൽ കൈ വെച്ചു എനിക്ക് തളർച്ചയുടെ പാനിയം തന്നു, ഞാനെഴുന്നെൽക്കുംപോൾ പ്രഭാതം. ഭ്രാന്ത് പോയി കഴിഞ്ഞിരുന്നു. ഭൂമിയിലാകെ  മതിലുകളും അഴികളും കാട് പോലെ നിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടു. കറുത്ത രാത്രിയിൽ മുളച്ചതാണിവയൊക്കെ  ഭൂമിയിലെ ഇരുമ്പഴികൾ പാതാളത്തോളം  അമർന്നു കിടന്നു. എനിക്കതിനെ എങ്ങിനെ നേരിടാനാവും അപ്പോഴേക്കും അവനെത്തി, പേടിക്കേണ്ട ഞാനുണ്ട്, എനിക്ക് എത്ര ശ്രമിച്ചിട്ടും വാക്കുകളെ ഒളിപ്പിക്കാൻ ആയില്ല "നീ ദയാ വായ്പില്ലത്ത  പലിശക്കാരനാണ്, പരപീഡയിൽ പുളച്ചു രസിക്കുന്ന ആത്മാവ്. നീ വെളിച്ചം തന്നു പകരം എന്റെ കണ്ണുകൾ ചോദിക്കും, ശബ്ദം തന്നു കാതുകൾ പറിച്ചെടുക്കും" 
മറ്റൊരു ഫാന്റസി കഥയായ പ്രണയത്തിന്റെ കഥ പറഞ്ഞ  "കാവല്‍പുര". കാവൽ പുരയിൽ ശിഹാബ് പറയുന്നത് ഒരു ചെറുപ്പക്കാരനായ വാച്ച് മാന്റെ സ്വപ്നമാണ്, ഏകാന്തതയില്‍ അയാള്‍ക്ക് തോന്നുന്ന ഭ്രമ കല്പനകൾ വിഷയമാകുമ്പോൾ വായനക്കാരെ താനുദ്ദേശിക്കുന്ന  ഭാഗത്തേക്ക് കൊണ്ട് പോകാൻ  ശിഹാബിന് കഴിയുന്നു, ഒരു ദിവസം ഈ ചെറുപ്പക്കാരൻ ഒരു വിലാസംഅയാള്‍ക്ക് കിട്ടുന്നതായിട്ട് സ്വപ്നം കാണുന്നു,  ആ വിലാസം ജീവിതത്തില്‍ ഇന്ന് വരേയും അയാള്‍ക്ക് അറിയാത്തതാണ്. അയാളുടെ ഒരു കൗതുകം കൊണ്ട്  അയാള്‍ ഉണര്‍ന്ന സമയത്ത് ആ സ്വപ്നത്തില്‍ കണ്ട വിലാസത്തെ കേന്ദ്രീകരിച്ചിട്ട് ഒരു കത്തെഴുതുകയാണ്. ഇങ്ങനെയൊരാളുണ്ടോയെന്നറിയില്ല. സ്വപ്നം കണ്ടതാണ്. പക്ഷേ അവിടുന്ന് ഒരു മറുപടി വരികയാണ്. അത് ഒരു പെണ്‍കുട്ടിയുടെ മറുപടിയാണ്. അങ്ങനെ അവര്‍ തമ്മില്‍ ഒരു പ്രണയം ആരംഭിക്കുന്നു. മനോഹരമായ ഫാന്റസി സ്വഭാവമുള്ള ഒരു പ്രണയ കഥയാണ്  കാവൽപുര. തികച്ചും വ്യത്യസ്ത മാണെങ്കിലും ഈ കഥയുടെ സൌന്ദര്യം ഒരു നിമിഷം പ്രണയത്തിന്റെ വക്താവായി അറിയപ്പെടുന്ന ജിബ്രാന്റെ പ്രണയ കഥ ഓര്മിപ്പിക്കുന്നു   മനസ്സ് അൽപനേരം ബോസ്ടനിലെക്കും ഈജിപ്തിലേക്കും പറക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും.  ജിബ്രാ൯ അമേരിക്കയിലെ ബോസ്ടനിലും, മേസിയാദ ഈജിപ്‌തിലും.  ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം, എന്നിട്ടും  അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു.  ആത്മാവിലായിരുന്നുഅവരുടെ പ്രണയം, ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും ആയിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. ശിഹാബിന്റെ മറ്റു ചില ഫാന്റസി കഥകളാണ് വീടുകൾക്ക് ജീവനുണ്ട്, സിൻഡ്രല്ല, നരഭോജികൾ, അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ, പണം പെയ്യുന്ന യന്ത്രം, ഉറക്കം, അറവു മൃഗം, കരിമ്പുലി, ചെമ്മണ്‍ കുന്നു, തല, ഈ സ്റെഷനിൽ ഒറ്റയ്ക്ക്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ടു അവസാനം പിരിഞ്ഞു പോയ  ആത്മാവിനെ  പിന്തുടരാൻ ശ്രമിക്കുന്ന  ശിഹാബിന്റെ  "അനാഥത്തിലെ"  വരികൾ  കനൽ കട്ടയായി നമ്മുടെ മനസ്സിൽ എരിയിന്നു  നഷ്ടപ്പെട്ട ആത്മാവിനെ പിന്തുടരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അനാഥമാകുന്ന മനസ്സിനെ ശിഹാബ്    ചിത്രീകരിച്ഛതിങ്ങനെയാണ് .

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ എത്രത്തോളം അയാളെ  സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉധാഹരണമാണ് ശിഹാബുദ്ദീന്റെ എഴുത്തുകൾ . അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ചു ശിഹാബ് പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ്  "ജീവിതാനുഭവമായിട്ടെഴുതുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തി കിട്ടുന്നു. നമ്മുടെ അനുഭവമായിട്ട് നമ്മള്‍ നമ്മുടെ രചനയെ അല്ലെങ്കില്‍ വാക്കുകളെ അടുപ്പിക്കുമ്പോള്‍ വാക്കിനകത്ത് ഒരു പ്രകാശം അല്ലെങ്കില്‍ ഒരു ഊര്‍ജ്ജം തെളിയും എന്നുള്ളത് സത്യമായ കാര്യമാണ്. അപ്പോള്‍ ഒരു ആത്മസത്യസന്ധതയോടെ ഒരു പക്ഷേ സമൂഹത്തിന് അത് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കണമെന്നില്ല. എന്നാലും അതിനോടടുപ്പിച്ചടുപ്പിച്ച് കൊണ്ട് വരുന്നത് എഴുത്തിന്റെ ശക്തി ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എഴുത്തിന്റെ ലോകം അങ്ങനെ അനുഭവ മണ്ഡലവുമായി ബന്ധപ്പെടും. എന്ന് കരുതി എഴുതുന്ന എല്ലാ കഥകളും അനുഭവവുമായി ബന്ധപ്പെട്ടു എന്നല്ല. നമ്മള്‍ കേട്ടനുഭവങ്ങള്‍, കണ്ടറിവുകള്‍ നമ്മുടെ തന്നെ സ്വയം അവബോധങ്ങള്‍ എല്ലാം ഒരു കഥ എഴുതുമ്പോള്‍ ഒരു അസംസ്‌കൃത വസ്തുക്കളായി ചുറ്റുമുണ്ടാകും. നമ്മള്‍ അറിയുന്ന ലോകത്തെ അനാവരണം ചെയ്യുമ്പോഴാണ് എഴുത്തില്‍ കുറെകൂടി സൗകര്യമായിട്ട് വരുന്നത്.

ഗ്രാമ സൌന്ദര്യവും അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ പാവപ്പെട്ടവരെയും  ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനങ്ങൾ നടത്തുമ്പോഴും കടൽ കടന്നെത്തിയ  പ്രവാസ ലോകത്തെ ജനങ്ങളെയും  ഈ മരുഭൂമിയിലെ മണ്ണിനെ കുറിച്ചും  മറയില്ലാതെ ആവിഷ്‌കരിക്കുന്ന ഒരു പാട്  കഥകളും കവിതകളും  ശിഹാബുദ്ദീൻ രചിച്ചു. പ്രവാസ ജീവിതത്തെ  കുറിച്ചു  ശിഹാബ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്  ഗൾഫ്  കാരന്റെ  ജീവിതം  മരുഭൂമിയിലെ ചുട്ട  വെയിലിനെ  നോക്കി  ഞാറ്റു  വേലയെ  പറ്റി  പറയുന്നു . ഇളം  ബ്രൌണ്‍  നിറത്തിലുള്ള  മരുഭൂമിയിലെ  വരണ്ട  മണ്ണിനെ  നോക്കി   നാട്ടിലെ  പച്ച  വെയിലിനെ പറ്റി വാചാലനാകുന്നു, ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയ കേന്ദ്രമാണ് അത് മാലാഖ പോലെ നമ്മെ അണച്ചു പിടിക്കുന്നു പക്ഷെ നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രവാസ  ജീവിതത്തിന്റെ അകങ്ങളിലെ തുടിപ്പുകള്‍ കാണാൻ  ശിഹാബിന് കഴിഞ്ഞു ഇവിടെ കണ്ട  കാഴ്‌ചകളെ ഹൃദ്യമായി വരച്ചിട്ടത് പ്രവാസ ലോകം പുതുമയോടെ വായിച്ചു.  ഇവിടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ  മനസ്സുകളിലൂടെ സഞ്ചരിച്ചു  അവരുടെ ആകുലതകളും പ്രയാസങ്ങളും കാണാൻ ശ്രമിച്ചു,  പ്രവാസി തൊഴിൽ കാംപുകളിൽ കാണുന്ന ദുഃഖങ്ങൾ  ആധിപ്പെടുന്ന ഒരെഴുത്തുകാരന്റെ ഹൃദ്‌സ്‌പന്ദനങ്ങളായാണ് ശിഹാബിന്റെ പ്രവാസ കാലത്തെ കവിതകൾ സൂചിപ്പിക്കുന്നത്.  ഗൾഫ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് വേണ്ടി "വേർപിരിഞ്ഞവന്റെ രാത്രിയിലൂടെ"  ശിഹാബ് പറയുന്നത് നമ്മെ നോമ്പരപ്പെടുത്തുന്നുണ്ട് നീണ്ട കവിതയിലെ ചില വരികൾ

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?

പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന്  പുത്തൻ  ഉണർവ് നല്കാൻ ശിഹാബിന്റെ എഴുത്തുകൾക്ക് കഴിയുന്നു. എഴുത്തിൽ തീക്ഷ്ണതയുണ്ട്, ഓരോ കവിതയും നമ്മുടെ മനസ്സിൽ നൊമ്പരം സൃഷ്ടിക്കുന്നു,    സത്യത്തിന്റെ  പോരാളിയായി എഴുത്തിലൂടെ മാറുകയാണ്  ശിഹാബ്, കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിഷ്കളങ്കരായ  കുട്ടികളും സ്ത്രീകളും അനാഥകളും ഭൂമിയിലെ അശണരും അവശരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങലാണ്  കഥയിലും കവിതകളിലും  അധികവും വിഷയമാക്കുന്നത്. കഥയിലും കവിതയിലും പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും  നിറയുന്നു. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,വിജയങ്ങളും പരാജയങ്ങളും എല്ലാം നോക്കി കാണുകയും അത് എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നു.  സാധാരണക്കാരന്റെ ക്ലേശങ്ങളുടെ കഥയാണ്   ‘ദാസന്റെ ചെരുപ്പുകളിലൂടെ ശിഹാബ് നമ്മോട് പറയുന്നത്’.  ഒരു ചെരിപ്പു വാങ്ങാന്‍ കഴിയാത്ത ദാസൻ  ഉള്ള ചെരിപ്പ് തുന്നിയിട്ടും ആണിയടിച്ചുമൊക്കെ മുന്നോട്ട് പോകുന്നു.  ചെരിപ്പ് വാങ്ങാന്‍ കഴിയാത്തതിലുള്ള സങ്കടത്തിന്റെ  കഥയും അത് അദ്ദേഹത്തിന്റെ കുടുംബ പാശ്ചാലത്തിൽ അയാള്  അനുഭവിക്കുന്ന ഏകാന്തതയും പറയുകയാണ്‌   ‘ദാസന്റെ ചെരിപ്പുകള്‍’. ദാസനെ പോലെ അനേകം ദാസൻമാർ ജീവിക്കുന്നുണ്ട് എന്നതാണ് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തെന്ന കലയെ പറ്റി ശിഹാബ് പറയുന്നത് ഇങ്ങനെയാണ്  "എഴുത്തുകാരന്‍ കാണുന്ന ലോകം വായനക്കാരന്റെ മനസ്സിലേയ്ക്ക് അത്‌പോലെ പകര്‍ത്തിക്കൊടുക്കുക എന്നതാണ് സത്യത്തില്‍ എഴുത്തിന്റെ ഒന്നാമത്തെ കല. അവരെ വായിപ്പിക്കുക, ആ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, ആ ലോകത്തിന്റെ ചിന്തകളെ കൈമാറാന്‍ കഴിയുക, മനുഷ്യരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുക, ഇങ്ങനെയൊക്കെയുള്ള ആ ഭാവലോകം എഴുത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു കലയാണ് സത്യത്തില്‍ കഥ എന്ന് പറയുന്നത്"
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗി  അതെ പോലെ അനാവരണം ചെയ്ത കഥയാണ് ശിഹാബിന്റെ ഒമ്പതാം ക്ലാസ്സിലെ കേരള പാഠാവലി മലയാള പാഠ പുസ്തകത്തിൽ ഉൾപെടുത്തിയ  "കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ" എന്ന കഥ ആ കഥയിലെ ഉമ്മയും സഹോദരിമാരും വായനകാരുടെ  ഉമ്മയായും സഹോദരിയായ്യും മാറുന്നു,  ഗ്രാമീണ സ്ത്രീയുടെ എല്ലാ നിഷ്കളങ്കതയും ഈ കഥയിൽ നമുക്ക് കാണാൻ കഴിയും, പുറം ലോകം കൂടുതൽ അറിയാത്ത ഒരു അമ്മയാണെങ്കിലും  അവരുടെ ഉൾകാഴ്ച വളരെ വലുതാണെന്ന് കഥയിലൂടെ നമ്മോട് പറയുന്നു. പ്രവാസ ലോകത്ത് വളരുന്ന കുട്ടികൾ ഈ കഥ വായിക്കുമ്പോൾ കുറുക്കനെയും കോഴിയെയും കുന്നുകളെയും കാടിനേയും ഭാവനയിൽ കാണേണ്ടി വരുമ്പോൾ നാട്ടിലെ ഗ്രാമ വാസികളായ കുട്ടികൾക്ക് ജീവിതത്തിൽ ദിനേന കാണാൻ കഴിയുന്ന കാഴ്ചകളാണ് ഈ കഥ. ഈ കഥയോടുള്ള കാഴ്ചപാടും ബന്ധവും പ്രവാസ കുട്ടികളിലും നാട്ടിലെ കുട്ടികളിലും വ്യത്യാസ പെട്ടിരിക്കും. ഗൾഫിൽ മാത്രം വളർന്ന കുട്ടികൾക്ക് നാട്ടിലെ ഗ്രാമീണ ജീവിതത്തെ  ഓർത്തെടുക്കാനും  പഠിക്കാനും ഈ കഥ പ്രചോദനമാകുന്നു.
കുറച്ചു കാലം പ്രവാസിയായി ജീവിച്ച ശിഹാബിന് പ്രവാസികളുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്  ഒരു പ്രവാസിയുടെ ആശങ്കയും നൊമ്പരങ്ങളും നിഷ്കളങ്കതയും വരച്ചു കാട്ടിയ കഥയാണ് ശിഹാബിന്റെ "ഇക്ക" നാട്ടിലേക്ക് പോകുന്ന യാത്രക്കാരനും അവനെ എയര് പോർട്ടിൽ  എത്തിക്കുന്നതും അതിനിടയിലുള്ള സംസാരവും ശരിക്കും അതൊരു  കഥയായിരുന്നില്ല, ഗൾഫ് കാരന്റെ സാധാരണ ജീവിതമാണ്.
ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: ”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.”
പ്രവാസിയുടെ യാത്ര അയപ്പും യാത്രയുടെ അവസ്ഥയും അവന്റെ  ജീവിത ബന്ധവും തുറന്നു പറഞ്ഞു വളരെ രസകരമായി അവതരിപ്പിച്ച കഥയുടെ അവസാനം തെല്ലൊന്നുമല്ല ഒരു പ്രവാസീയെ ചിന്തിപ്പിക്കുന്നത് ഓരോരുത്തരുടെയും  മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇതിലെ ഓരോ കഥാ പാത്രവും പിന്നെ അതൊരു കഥയായല്ല  സ്വന്തം ജീവിതമായി മാറുകയാണ്
”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?”
എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല…

കണ്ണുകളെ തിരികെ വിളിച്ചിട്ടും ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ കവിതയുടെ താളം, നിദ്രയിൽ മരണം കാണുന്ന , അസ്തമയത്തിൽ വിഷാദം നിറഞ്ഞ വർണ്ണ മേഘങ്ങൾ കാണുന്ന  പുലരിയിൽ ഉന്മാദം കാണുന്ന ഉദയാസ്തമയം പോലെ കവിത മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. അത് ജീവിതത്തിൽ ആവർത്തിക്കുന്നു.  ചില  നേരങ്ങളിൽ തെളിഞ്ഞ അരുവിയിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു. ആ തെളിഞ്ഞ  അരുവി പോലെയാവണം കവിത ഉള്ളം എന്ന കവിതയിലൂടെ  ശിഹാബ്  നമ്മോടു പറയുന്നതിങ്ങനെയാണ്

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവ് ഗ്രാമാത്തിൽ ജനിച്ചു. മാതാവ് ഖദീജ, പിതാവ് ഇബ്രാഹീം. ഭാര്യ നജ്മ, മക്കൾ റസ്സൽ, റയാൻ, റസിയ, സഹീർ.  കുറച്ചു കാലം പ്രവാസിയായി യു എ ഇ യിൽ  ജോലി ചെയ്തു   ഇപ്പോൾ നാട്ടിൽ ചന്ദ്രികയിൽ പത്രാധിപരായി ജോലി.   പ്രധാന കൃതികൾ ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞു കാലം, തല, കത്തുന്ന തലയിണ, കടൽ മരുഭൂമിയിലെ വീട്, തിരഞ്ഞെടുത്ത കഥകൾ, മലബാർ എക്സ്പ്രസ്സ്‌ (കഥാ സമാഹാരം), നൂറ്റാണ്ടുകളായി കാത്തു വെച്ചത് (കവിതാ സമാഹാരം), ഈർച്ച, നല്ല അയൽക്കാരൻ (നോവലെറ്റ്) കഥാ പാത്രം വീട്ടു മുറ്റത്ത് (ലേഖന സമാഹാരം). 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചു . പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ അങ്കണം അവാർഡ്,  കല(ഷാർജ) അവാർഡ്,  വി.ടി.ഭട്ടതിരിപ്പട് അവാർഡ് ഇവയൊക്കെ ഇതിനകം തന്നെ  ശിഹാബിനെ തേടിയെത്തിയ അവാർഡ്കലാണ്. കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.

Thursday, September 5, 2013

നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും ചരിത്ര ശേഷിപ്പുകളും

പ്രവാസി വർത്തമാനം
നഷ്ടമാവുന്ന സംസ്കാരിക അടയാളങ്ങളും
ചരിത്ര ശേഷിപ്പുകളും  

പ്രശസ്ത സിറിയൻ കവി നിസാർ  ഖബ്ബാനി ഒരിക്കൽ പാടി ....
ഹംറയുടെ  കവാടത്തിൽ ഞങ്ങൾ കണ്ടു മുട്ടി
യാദ്ര്ശ്ചികമായൊരു കണ്ടു മുട്ടൽ   
എത്ര സുന്ദരമായ നിമിഷം !!!
"ഞാൻ അവളോട്‌ ചോദിച്ചു" നീ സ്പയിൻ  കാരിയാണോ ?
അവൾ പറഞ്ഞു എന്റെ നാട്  "കൊർഡോവ"
ആ കണ്‍കളിൽ ഏഴു നൂറ്റാണ്ടുകളിലെ  ഉറക്കം  വിട്ടുമാറി
അമവികളുടെ  പാറിപ്പറക്കും  കൊടികൾ,
നിരന്നു നില്ക്കുന്ന കുതിരകൾ.
ചരിത്രമെന്തു വിസ്മയം !!
എന്റെ പേരക്കുട്ടികളിൽ
ഒരുവളെ എനിക്ക് തിരിച്ചു ലഭിച്ചിരിക്കുന്നു
ഒരു ദമാസ്കിയൻ വദനം അവളിലൂടെ  ഞാൻ കണ്ടു
ബല്കീസിന്റെ കണ്ണുകളും
സുആദയുടെ ശരീരവും
ഞങ്ങളുടെ  പഴയ വീട് ഞാൻ കണ്ടു
വീടിന്റെ മുറിയിൽ  നിന്നും  എനിക്കെന്റെ ഉമ്മ
ഒരു വിരിപ്പ് നീട്ടി തരുന്നതും.
"ദമാസ്കെസ്" അത് എവിടെയാണ് അവൾ ചോദിച്ചു
ഞാൻ പറഞ്ഞു നിനക്ക് ദമാസ്കസിനെ കാണാം
ഈ നദിപോൽ ഒഴുകും നിൻ കറുത്ത മുടിയിൽ
നിന്റെ അറബിയൻ പുഞ്ചിരിയിൽ   
എന്റെ നാടിന്റെ കിരണങ്ങളെ സൂക്ഷിച്ചു വെച്ച നിൻ മാറിടത്ത്
സുഗന്ധംപൊഴിക്കുന്ന നിൻ ഹ്രദയ ദളങ്ങളിൽ
അവളന്റെ കൂടെ നടന്നു
പിന്നിൽ അവളുടെ മുടി, കൊയ്യാത്ത കതിർക്കുല പോലെ
ഒരു കുട്ടിയെ  പോലെ ഞാനെന്റെ വഴി കാട്ടിയുടെ
പിന്നിലൂടെ നടന്നു
ചരിത്രം  കൂട്ടിയിട്ട ഒരു ചാരംപോലെ
ശില്പ കലാ വേലകളുടെ ഹൃദയ  മിടുപ്പുകൾ എനിക്ക്  കേൾക്കാം
അവൾ എന്നോട് പറഞ്ഞു  ഇതാണ് "ഹംറാ"
ഞങ്ങളുടെ പ്രതാപവും മഹത്വവും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!
രക്തമൊലിക്കുന്ന ഒരു മുറിവ് ഞാൻ തുടച്ചു
എന്റെ ഹൃദയത്തിന്റെ മറ്റൊരു മുറിവും
തന്റെ  പിതാമഹാന്മാരെയാണവൾ കണ്ടതെന്ന്
എന്റെ സുന്ദരിയായ പേരക്കുട്ടി  അറിയുന്നുവോ

അവളോട്‌ യാത്ര പറയവേ
ആലിംഗനം  ചെയ്തു ഞാൻ
ഒരു പുരുഷനെ,
താരിഖ് ബിന് സിയാദിനെ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ.  കിഴക്കു ഭാഗത്ത് ഇറാഖ്, തെക്കു ജോർദ്ദനും പടിഞ്ഞാറുഭാഗത്ത് ലബ്നാനും  തെക്ക്  പടിഞ്ഞാറ് ഇസ്രായേലും  വടക്കുഭാഗത്ത് തുർക്കിയുമാണ്. തലസ്ഥാന നഗരം  ദമാസ്കസ്. ഇന്ന് സിറിയൻ തെരുവുകളിൽ രക്തവും കണ്ണ് നീരും നീർചാലുകളായി ഒഴികിക്കൊണ്ടിരിക്കുന്നു. കുട്ടികൾ അനാഥരാകുന്നു. സ്ത്രീകൾ വിധവകളാകുന്നു. കെട്ടിടങ്ങൾ  ചാമ്പലാക്കപ്പെടുന്നു, മാനവിക സ്നേഹത്തിന്റെ  സർവ്വ മൂല്യങ്ങളും  നഷ്ടമാവുന്നു, ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ലക്ഷക്കണക്കിന്‌ ജനങ്ങൾ അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നു. വീടും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഓടിപ്പോകുന്ന സ്ത്രീകളെയും വൃദ്ധന്മാരെയും ഉൾകൊള്ളാൻ പറ്റാത്ത വിധം ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു, അവരുടെ ഉരുകുന്ന വേദനകളും കണ്ണുനീരും തളം കെട്ടി നില്ക്കുകയാണ്. ആഭ്യന്തര കലാപംമൂലം എത്ര നിരപരാധികരികളായ പാവങ്ങളാണ് മരിച്ചു വീഴുന്നത്, എത്ര ഗ്രാമങ്ങളും പട്ടണങ്ങളും വീടുകകളുമാണ്  നശിക്കുന്നത്. രാസായുധങ്ങൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ട  കുഞ്ഞുങ്ങളുടെ മുഖം മറക്കാൻ ആർക്കു കഴിയും. ഒരു വ്യവസ്ഥിക്കെതിരെയുള്ള  സമരത്തിനും യുദ്ധത്തിനും വില കൊടുക്കുന്നത് എത്ര എത്ര മനുഷ്യ ജീവനാണ്,  ഇനിയുമൊരു  യുദ്ധത്തിനു ആ നാടിനു ശേഷിയുണ്ടോ,  യുദ്ധത്തിനു പദ്ധതിയിടുന്ന ലോക ശക്തികൾ  കണ്ണ്  തുറക്കേണ്ടിയിരിക്കുന്നു.

ആഭ്യന്തര കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന മനുഷ്യ ജീവനു  വില കല്പിക്കാതെയോ അതിൽ പ്രയാസമില്ലതെയൊ അല്ല ഈ കുറിപ്പ് എഴുതുന്നത് മനസ്സു മുഴുവൻ അവിടെ മരിച്ചു വീഴുന്ന കുട്ടികളിലും സ്ത്രീകളിലുമാണ്.

ചരിത്രത്തിന്റെ ചിറകിലേറി സിറിയക്കു  മുകളിലൂടെ പറക്കുമ്പോൾ കാണാൻ നഷ്ടങ്ങൾ മാത്രം, എങ്ങും വിഷാദിച്ചിരിക്കുന്ന  സന്ധ്യകളും  പ്രഭാതങ്ങളും, വെറുങ്ങലിച്ചു നില്ക്കുന്ന ദുഖത്തിന്റെ നിഴല്പാടുകളും മാത്രം. അരുവികളുടെയും മലകളുടെയും ചുണ്ടിൽ ശോക ഗാനത്തിന്റെ ഈരടികൾ മാത്രം, ഭൂതകാലത്തിന്റെ താഴ്വരകളിലൂടെ സഞ്ചരിച്ചാൽ ഒരു പാട് നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകൾ കണ്ടത്താൻ നമുക്ക് കഴിയും  യുഗ യുഗാന്തരങ്ങളായി കാത്തു സൂക്ഷിച്ച  സ്മാരകങ്ങളും ചരിത്രാവിഷിടങ്ങളും ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാവുന്നത് മനുഷ്യകുലത്തിന്റെ അടിവേരുകൾ തന്നെയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മധ്യവയവസ്കരുടെയും യുവാക്കളുടെയും വൃദ്ധരുടെയും കരച്ചിലുകളോടൊപ്പം തന്നെ ചരിത്രാതീത കാലത്തിന്റെ സംസ്കാരങ്ങളുടെയും സ്മാരകങ്ങളുടെയും പൈത്രുകങ്ങളുടെയും തേങ്ങലുകൾ അവിടെ നിന്നും കേൾക്കാം. ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരുപാട്  ഭരണ മാറ്റങ്ങളും വ്യവസ്ഥിതി മാറ്റങ്ങളും ഉണ്ടായതായി കാണാം. അതൊക്കെ അവിടെ  അടയാളപ്പെടുതിയതായും  നമുക്ക് കാണാം, ആ മാറ്റങ്ങളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളും നാഗരിതകളും അവിടെ  ഉയര്ന്നു വന്നു. പക്ഷെ ഇന്ന് ആ അവസ്ഥ ആകെ മാറുകയാണ്,   ഷെല്ലും ബോംബും  ഉപയോഗിച്ചു കൊണ്ടുള്ള ഇന്നത്തെ ഈ വ്യവസ്ഥിതി മാറ്റത്തിനും  ഭരണ മാറ്റത്തിനും വേണ്ടിയുള്ള യുദ്ധവും കലാപവും ഈ ഒരു  കാലത്തെ മാത്രമല്ല നശിപ്പിക്കുന്നത്, ആയിരം വർഷങ്ങൾ കാത്തു സൂക്ഷിച്ച സാംസ്കാരിക പൈത്രുകങ്ങളും കൂടിയാണ്, അതിന്റെ കെടുതികൾ അനുഭവിക്കേണ്ടത്  ഇന്നത്തെ തലമുറയോടൊപ്പം തന്നെ  ഭാവിയിൽ വരാൻ പോകുന്ന തലമുറ കൂടിയാണ്. ആ രാഷ്ട്രത്തെ തകര്ക്കാൻ ശ്രമിക്കുമ്പോൾ അവിടെ അവശേഷിക്കുന്ന ചരിത്രത്തിന്റെ വേരുകൾ പിഴുതെറിയപ്പെടുകയാണ്. വേരുകൾ പിഴുതെറിയപ്പെടുമ്പോൾ മാനവികതയുടെയും നാഗരികതയുടെയും നാശമാണ് സംഭവിക്കുന്നത്.

 ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ സിറിയൻ സംസ്കാരം  കൃസ്തുവിനു 2500 വർഷങ്ങൾ  മുമ്പത്തെ  പഴക്കമുണ്ട്. ഒരു പാട് നാഗരിതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട് ഒഗരിത്, മാരി, ഹമൂകർ, ഘസാന, അഫാമിയാ, അര്ഫാദ്, രസാഫ, അര്വാദ്, അര്ബൂസ്, ബസരി, സര്ജീല, ശഹ്ബ, കനവാത്, രാമീന, തടാമുർ, ഖുത്നാ, അബല, ഇവയൊക്കെ  അവിടെയുണ്ടായിരുന്ന  മഹത്തായ നാഗരികതയുടെ അറിയപ്പെട്ട പട്ടണങ്ങളായിരുന്നു. ക്രിസ്തുവിനു 2500 വർഷങ്ങൾക്ക് പിറകിലേക്കാണ് അവർ സംസ്കാരങ്ങൾ തുടങ്ങുന്നത്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാരുടേതാതാണ്‌  ക്രി.മു തന്നെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. സുമാറിയൻ, അകാദിയൻ, അമൂരിയൻ,  ബാബ്ലിയൻ,  അറാമിയൻ, അശൂരിയൻ, പേര്ഷിയൻ, ഗ്രീക്ക് കൃസ്തു വിനു മുമ്പ് തന്നെ ഉടലെടുത്ത സാമ്രാജ്യങ്ങളായിരുന്നു.  അസീറിയക്കാരും ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും  സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട്  അബ്ബാസി അമവി  അയ്യൂബി  മമാലീക് , ഉത്മാനികളും.  ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ഇവിടെ ഇസ്ലാം മതം പ്രചരിച്ചു. ഏഴാം നൂറ്റാണ്ടിൽ ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിൽ  വൻ പുരോഗതിയുണ്ടായി.  ഈ കാലയളവിൽ  ഒരു പാട് പള്ളികളും പൌരാണിക കെട്ടിടങ്ങളും  ഗ്രന്ഥാലയങ്ങളും അവിടെ നിർമ്മിക്കപ്പെട്ടു . പിന്നീട്  ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ശേഷം  സിറിയയിൽ  ഫ്രഞ്ചുകാർ അവരുടെ കോളനികൾ സ്ഥാപിച്ചു.  അവസാനം സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയായിരുന്നു. ക്രിസ്തുമതവും ഇസ്ലാമും സിറിയൻ സംസ്കാരത്തിന്  വലിയ സംഭാവനകളാണ് നല്കിയത്,  ഈ അവശേഷിപ്പുകലാണ് മുഖ്യമായും ആഭ്യന്തരയുദ്ധത്താൽ ഇന്ന് തകർക്കപ്പെടുന്നത്, ചുരുക്കത്തിൽ  ബാബിലോണിയക്കാരും   പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും അമവികളും ഉത്മാനികളും സിറിയയെ സ്വന്തമാക്കുകയും  അവരൊക്കെ വിവിധ കാലഘട്ടങ്ങളിലായി വിവിധ സംസ്കാരങ്ങൾ നെയ്തെടുക്കുകയും തങ്ങളുടെ സംസ്കാരത്തിന്റെ പാദമുദ്രകൾ സിറിയയിൽ പതിപ്പിക്കുകയും ചെയ്തു.

പൌരാണിക ദമാസ്കസ് പട്ടണവും ആലപ്പയും ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര സംസ്കാര പൈത്രുകങ്ങളായി  കണക്കാക്കപ്പെട്ടു, ഇന്ന് അറിയപ്പെടുന്ന ഇരുപതിലധികം ചരിത്ര മ്യൂസിയങ്ങൾ സിറിയയിൽ ഉണ്ട്,  ഹോംസ് അതിൽ പ്രധാനമാണ്  ‘ഹമാ’ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന  എട്ടാം നൂറ്റാണ്ടിലെ പല അമൂല്യ നിധികളും ആഭ്യന്തര യുദ്ധത്തിനിടയിൽ കൊള്ളയടിക്കപ്പെട്ടതായി പറയപ്പെടുന്നു. അതിൽ ശില്പങ്ങളും പാത്രങ്ങളും ആഭരണങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. അത് പോലെ  ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും ഇന്ന് നഷ്ടമാവുകയാണ്. അറബ് ഫിലോസഫരും ചിന്തകനുമായ "രിസാലത്തുൽ ഗഫ്രാനിലൂടെ" പുതിയ  ചിന്ത ലോകത്തിനു മുമ്പിൽ സമർപ്പിച്ച അന്ധനായിരുന്ന അബുൽ അഅലാ അൽ  മഅരിയുടെ പ്രതിമ നശിപ്പിക്കപ്പെട്ടതായി വാർത്തകളിൽ കണ്ടു, അദ്ദേഹത്തിന്റെ ദർശനത്തോടു പൂർണമയും ജോജിക്കുന്നില്ലങ്കിലും, ഒരു കാലത്തെ സാഹിത്യ ലോകത്തിന്റെ വളർച്ചയുടെ  പ്രതീകമായിരുന്നു ആ പ്രതിമ,  കവികളുടെയും   പണ്ഡിതരുടെയും  ശില്പങ്ങൾ ഓരോ കാലത്തും അവർ ജീവിച്ച സംസ്കാരങ്ങളുടെയും മുദ്രകളായിരുന്നു. ആ മുദ്രകളാണ് ഇന്ന് തകർക്കപ്പെടുന്നത്, മുതനനബ്ബിയുടെയും അബുൽ അഅലാ അൽ  മഅരിയുടെയും ജാഹിളിന്റെയും മറ്റു അനവധി ദാര്ശനികരുടെയും  പൌരാണിക ഗ്രന്ഥങ്ങളും കൈയ്യെഴുത്തു പ്രതികളും ശില്പങ്ങളും പത്താം നൂറ്റാണ്ടിലും  പതിനൊന്നാം  നൂറ്റാണ്ടിലും ജീവിച്ച പല തത്വ ചിന്തകരുടെയും ദർശനികരുടെയും ചിന്തകളും മറ്റു അമൂല്യ വസ്തുക്കളും  അവിടെയുള്ള മ്യുസിയങ്ങളിലും ലൈബ്രരികളിലുമുണ്ട്. നിസാര് ഖബ്ബനിയും, ശൌകി ബാഗ്ദാദ്,  അലി അഹ്മദ് സാദ്,  ഗാദ അൽ സമാൻ മുതലായ   ലോകോത്തര കവികല്ക്കും ജന്മം നല്കിയ മണ്ണാണത്. യുനസ്കോ പോലുള്ള സംഘടനകൾ അവിടെ നഷ്ടമാവുന്ന സംസ്കാരങ്ങളെയും  പൈതൃകങ്ങളെയും പറ്റി  ആശങ്കപ്പെടുന്നുണ്ട്. ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടനവധി ചരിത്ര ശേഷിപ്പുകളാണ് ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ നഷ്ടമാവാൻ സാധ്യത കല്പിക്കുന്നത്, വടക്കൻ സിറിയയിലെ പുരാവസ്തു ഗ്രാമങ്ങൾ, ബസ്ര പട്ടണം, പാൽമിറയിലെ റോമൻ കേന്ദ്രം, പുരാതന ഡമാസ്കസ് നഗരം, പുരാതന ആലപ്പോ നഗരം എന്നിവ ചരിത്രത്തിൽ ഇടം നേടിയ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ്.  കാലത്തിന്റെ സാക്ഷിയായി  മാറിയ ഈ സംസ്കാര പൈത്രകങ്ങളും  അവശേഷിപ്പുകളും  നഷ്ടമാവുമ്പോൾ അതിനു പകരമായി മറ്റൊന്ന് കണ്ടത്താൻ ലോകത്തിനു സാധിക്കില്ല, ആ ഒരു ചിന്ത ചരിത്രകാരന്മാരെ ഏറെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ' നഗരത്തിലെ ഉമയ്യ മസ്ജിദും അവിടെയുള്ള മനോഹരമായ ചര്ച്ച്കളും നഷ്ടമാവുമോ എന്ന പേടിയിലാണ്, അതിന്റെ നിർമ്മാണ ഭംഗി  ചരിത്രത്തിന്റെ വിസ്മയ കാഴ്ചകളാണ്. അതി മനോഹരമായ മാർബിൾ കൊണ്ട് നിര്മ്മിച്ച മതിലുകൾ, മനോഹരമായ കൊത്തു പണികൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ് ആ "ഉമയ്യ  മോസ്ക്" ചരിത്രത്തിന്റെ ഓർമകളാവുകയാണോ? ഇറാക്ക് യുദ്ധ കാലത്ത്  സംഭവിച്ചത് നമുക്കറിയാം എത്ര വിലപിടിപ്പുള്ള അമൂല്യ ചരിത്ര വസ്തുക്കളാണ്  അവിടത്തെ  മ്യുസങ്ങളിൽ നിന്നും മറ്റും നഷ്ടമായത്. ഒട്ടനവധി വിദേശ സന്ദർശകർ വിനോദ സഞ്ചാരത്തിനും ചരിത്ര പഠനത്തിനും അവിടെ വരാറുണ്ടായിരുന്നു ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കെടുപോൾ നഷ്ടമാകുന്നത് നാം ഊഹിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദമാസ്കസിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കട്ടെ.

വീണ്ടും നിസാർ ഖബ്ബാനിയുടെ വരികളിലേക്ക് തന്നെ മടങ്ങാം
ഹംറയുടെ കവാടത്തിൽ ദമസ്കിയാൻ വദനം കാണാൻ ഇനി  സാധിക്കുമോ ?
ഈ ചോദ്യം അവശേഷിക്കുന്ന രൂപത്തിലാണ് ചരിത്രത്തിന്റെ നിയോഗം
ഇനി ദാമാസ്കസിന്റെ കവാടത്തിൽ നിന്നും കണ്ടു മുട്ടുക
മറ്റൊരു പേരക്കുട്ടിയെ ആയിരിക്കും
ആലിംഗനം ചെയ്യാൻ മറ്റൊരു താരിക്കുമുണ്ടാകും
ചരിത്രമൊരു ചാരത്തിന്റെ കൂന പോലെ
ശില്പ കലാ വേലകളുടെ ഹൃദയ മിടുപ്പുകൾ കേൾക്കുമ്പോൾ
പറയപ്പെടും  ഇതാണ് "ദമാസ്കസ്"
ഞങ്ങളുടെ മഹിമയും പൊലിമയും
ഞങ്ങളുടെ മഹത്വങ്ങൾ ആ ചുമരുകളിൽ നിങ്ങൾക്ക് വായിക്കാം
അവളുടെ മഹത്വങ്ങൾ !!!

ഹംറയെ ഓർത്ത്‌ എന്റെ മനസ്സും വേദനിച്ചു
ഇനി ദമസ്കസും അങ്ങിനെയാവുമൊ എന്ന ഭയവും

-------


Wednesday, August 21, 2013

അറബ് സാഹിത്യ ലോകവും പ്രവാസികളും

അറബ് സാഹിത്യ ലോകവും പ്രവാസികളും

പ്രവാസി വർത്തമാനത്തിൽ വന്ന ലേഖനം. 
പ്രവാസ ലോകത്ത് ഒരു പാട് പുതിയ  എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും  മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ  ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല, എന്തിന് അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍  നാം മടിക്കണം.

ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകള്‍ക്ക് ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെ മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും  അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം.

വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും  രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു എന്നത് നമുക്ക് ഓര്‍ക്കാം, കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്‍മാരുടെയും ആചാര്യന്‍മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോളും, പ്രകൃതിക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന്‍ പലര്‍ക്കും കഴിയുന്നില്ല, നമ്മുടെ എഴുത്ത് അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിക്കാനുമുള്ളതു മാവണം.

ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും  വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ  പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക്  കാണിക്കുകയും ചെയ്തു എന്നതാണ്. അങ്ങിനെ വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ബെന്യാമിന് കഴിഞ്ഞു. ബെന്യാമിന്റെ ഈ വാക്കുകള്‍ നമുക്ക് ഒരു പാടു കരുത്തേകും എന്നതില്‍ സംശയമില്ല. "എത്ര ലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു, എത്ര ലക്ഷം പേര്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു, അവരില്‍ എത്ര പേര്‍ സത്യമായും മരുഭൂമിയുടെ തീഷ്ണത അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. നജീബിന്റെ ജീവിതത്തിന് മേല്‍ വായനക്കാരന്റെ രസത്തിന് വേണ്ടി  കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെ ഒന്നും വെച്ചു കെട്ടുവാന്‍ എനിക്കു തോന്നിയില്ല അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്". പ്രവാസത്തിന്റെ ചൂടും മണവും അല്പം പോലും ചോരാതെ അനുഭവങ്ങളായും കഥയായും ഇനിയും ഭൂലോകത്തെ വായനക്കാരില്‍ എത്തിക്കാന്‍ ഓരോ പ്രവാസി എഴുത്ത്കാരനും കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം .... 

ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി  അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. അത് പോലെ മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. "പ്രവാസി വർത്തമാനത്തിൽ" ഖത്തറിലെ  അറബി കവിതകളെ കുറിച്ചു ഡോക്ട്രറ്റ് എടുത്ത ഹിലാൽ അഴിയൂരിന്റെ ലേഖനം ഈ വിഷയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും നാം  പരിചയപ്പെട്ടു, നമ്മൾ അറിയാത്ത  അറിയേണ്ടതായ ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും   ശ്രമിക്കേണ്ടതുണ്ട്‌  അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ  വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

നമ്മുടെ പൂർവികന്മാർ അതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തിയിരുന്നു. അന്യ ഭാഷകളും അവരുടെ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുമ്പോൾ അവര്ക്ക് പ്രോത്സാഹനങ്ങൾ കൊടുക്കുന്നതിനു പകരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതായി കാണാറുണ്ട്‌, വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ടാണ് പലരും മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരിക്കുന്നത്  അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ  വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നമുക്ക് നന്മകൾ നേരാം. അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുത്തോലകളും  പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യംമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ കൃതികളും മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി.

പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു, ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി. സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല പ്രവാസി എഴുത്തുകാരും  വിവര്‍ത്തനം ചെയ്തതായി കണ്ടു.  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. ഇത് പോലെ ഇനിയും ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കയ്യി എടുത്തു ചെയ്യേണ്ട സമയം  അതി ക്രമിച്ചിരിക്കുന്നു. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും  എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക്  കഴിയട്ടെ .

Friday, August 2, 2013

ഇബുനു റുശ്ദ്ന്റെ ദാർശനികത

ഇബുനു റുശ്ദ്ന്റെ ദാർശനികത

ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കിയ മുസ്ലിം സമൂഹം പുറകോട്ട പോകുകയാണോ? യഥാര്‍ത്ഥ ഇസ്ലാമിനെ മറ്റുള്ളവർക്ക്‌ അറിയിച്ചു കൊടുക്കാൻ  കഴിയാതെ തെറ്റിദ്ധരിക്കപ്പെട്ടു പോകുന്ന ഒരു കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു പാശ്ചാത്യരിൽ,  ഈ ഒരവസ്ഥയ്ക്ക് മാറ്റം വരാനും അസ്ഥിത്വം നില നിർത്താനും  നവീനമായ ഒരു ചിന്തയ്ക്ക് രൂപം കൊടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. പല നിലയിലും തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിനെ പാശ്ചാത്യരിൽ സത്യം തുറന്നു കാണിക്കാനും അവരുടെ തെറ്റിദ്ധാരണകളെ മറികടക്കാനും മുസ്ലിംകൾ രംഗത്ത് വരേണ്ടിയിരിക്കുന്നു, പൂര്വികരുടെ ചരിത്രപരവും ദാർശനികവും ശാസ്ത്ര സംബന്ധവുമായ  സംഭാവനകൾ പുതിയ ലോക വീക്ഷണത്തിനു ശക്തി പകരണം അതിലൂടെ ഇന്നിന്റെ സന്ദിഗ്ധതതകളെ മറികടക്കാൻ ആത്മ പരിശോധനയിൽ ഊന്നിയ ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ച പരലോക വിജയം നേടാവുന്ന പുതിയൊരു ജീവിത രീതി അനിവാര്യമായിരിക്കുന്നു. പൂർവ്വീകർ അവരുടെ  പഠനങ്ങളുടെ ഭാഗമായി ലോകത്തിനു നല്കിയ സംഭാവനകളുടെ ഫലമായിരുന്നു ഇന്നത്തെ പല ടെക്നോലജികളുടെയും വളർച്ചയ്ക്ക് കാരണം. അവർ ലോകത്തിനു നല്കിയ സംഭാവനകളെ കുറിച്ചും അവർക്കത്തിനു സാദ്യമായത്  എങ്ങിനെയായിരുന്നുവെന്നും പഠന വിഷയമാക്കെണ്ടതുണ്ട്, അവർ അവരുടെ ജീവിത വ്യാപാരവുമായി ബന്ധപ്പെടുത്തിയായിരുന്നു  പല കണ്ടത്തലുകളും നടത്തിയത്, ഇന്നത്തെ പോലെ ദിശ നിർണയിക്കാനും സമയം കണ്ടത്താനും ഉപകരണങ്ങളില്ലാത്ത  കാലത്ത്  സമയവും കാലവും ദിശയും അറിയാൻ മുസ്ലിംകൾ നിർബന്ധിതരായിരുന്നു  പ്രാർഥിക്കാൻ കിബ്ലയുടെ സ്ഥാനവും സമയവും ഹജ്ജിനു പോകാൻ  ദിശയും കാലാവസ്ഥയും ഭൂഗർഭ ജലത്തെ പറ്റിയും  കടലിലൂടെയുള്ള  യാത്രയ്ക്ക് കാറ്റിന്റെ ഗതി വിഗതികളെയും അറിയണമായിരുന്നു, പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവുമായി ബന്ധപ്പെട്ടിരുന്നത് കൊണ്ട് അവർ ഇത്തരം കണ്ടത്തലുകളുടെ പുറകെ പോകുകയായിരുന്നു, ഇസ്ലാമിക രാജ്യം വിശാലമായ കാലത്ത്  ഭരണാധികാരികൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ഖലീഫ ഹാറൂന്‍ റഷീദിന്റെ പുത്രനായ മാമൂണ്‍  ഗ്രീക്ക് ഗ്രന്ഥങ്ങളും മറ്റു  അന്യ ഭാഷാ പുസ്തകങ്ങളും  വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍  ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട് മെന്റിന്  രൂപം നല്കുകയായിരുന്നു, ടോളമിയുടെ ഗോള ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം  ചെയ്തതോടെ  ഭൂമി ശാസ്ത്രം എന്ന ഒരു ശാഖ അറബി വിജ്ഞാന ശാഖയിൽ ഇടം കണ്ടത്തുകയായിരുന്നു.  ഗ്രീക്ക് ചിന്തകർക്ക് പറ്റിയ പല തെറ്റുകളും  മുസ്ലിംകൾ തിരുത്തുകയും  ടോളമിയുടെ പല ചിന്തകളും അവർ പരീക്ഷിക്കുകയും ചെയ്തു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍  എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" ആയിരുന്നു ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത് .

വിശുദ്ധ ഖുറാന്റെ ആയത്തുകളും അവരെ ഗോള ശാസ്ത്ര  ഭൂമി ശാസ്ത പഠനത്തിനു പ്രേരിപ്പിക്കുകയായിരുന്നു ഭൂമിയെ സംബന്ധിച്ചും കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ചുമുള്ള ഖുറാന്റെ പ്രസ്താവനകൾ പഠന നിരീക്ഷണങ്ങൾ നടത്തുന്നതിനു മുസ്ലിംകളെ പ്രേരിപ്പിച്ചു, സൂര്യ ഗോളങ്ങളുടെ ചലനങ്ങളെ പറ്റി നിരീക്ഷണങ്ങൾ നടത്തി. പ്രകൃതിയെ  കുറിച്ചും പ്രപഞ്ചത്തെ  കുറിച്ചും രാപകലുകൾ മാറുന്നതിനെ  കുറിച്ചും വിവിധ  ജന്തു ജാലങ്ങളെ പറ്റിയും ഖുറാനിൽ വന്ന ആയത്തുകൾ അവർ പഠന വിഷയമാക്കി, ഓരോന്നിനും പ്രത്യേകം പ്രത്യേകം ശാസ്ത്ര ശാഖകൾ  തന്നെ അവർ കൂട്ടിച്ചേര്ത്തു, ഗോള ശാസ്ത്രം വൈദ്യ ശാസ്ത്രം  ഇങ്ങനെ വിവിധ വിഷയങ്ങൾ അവഗാഹമായി പഠിക്കുകയും അതിലൂടെ വിലപ്പെട്ട സംഭാവനകൾ  അവർ ലോകത്തിനു നല്കുകയും ചെയ്തു.  ഗ്രീകിലെ പല തത്വ ചിന്തകന്മാരുടെയും പ്രധാന കൃതികൾ അറബിയിലേക്ക് തർജമ ചെയ്യുകയും, അത്തരം പുസ്തകങ്ങളുടെ വായനയുടെ ഫലമായി പുതിയ കണ്ടത്തലുകൾ നടത്താനും പുതിയ ഒരു ചിന്ത ലോകത്തിനു നല്കാനും അറബ് തത്വ ചിന്തകന്മാര്ക്ക് സാധിച്ചു. ഗ്രീകില്‍ നിന്നും ഉടലെടുത്ത  പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി,  അരിസ്റ്റോടലിന്റെയും,  പ്ലാറ്റൊവിന്റെയും ചിന്തകള്‍  അവര്‍ അറബിയിലേക്കു കൊണ്ടുവന്നു. അക്കാലത്താണ് വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത് എന്ന് പറയാം. അങ്ങിനെ അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നിവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അക്കാലത്ത്  ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം  ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ്, ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..

അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, മ്യൂസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മ്യൂസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ  അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. മറ്റൊരു  ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍  വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു    ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോകത്തിനു നല്കി, ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളിലും  വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം ദാർശനികനായ അല്‍ബൈറൂനി   ലോകത്തിനു വിലമാധിക്കാന്‍ പറ്റാത്ത സംഭാവനകളായിരുന്നു  നല്കിയത്.

ഇബ്നു റുശ്ദ്
ദാർശനികനായിരുന്ന ഇബ്നു തുഫയിലിന്റെ  നിർദേശ പ്രകാരം ഇബ്നു റുശ്ദ് അരിസ്റ്റൊട്ടലിന്റെ കൃതികൾ വായിച്ചു സംഗ്രഹിച്ചു. നൂതനമായ ഒരു കാഴ്ചപ്പാടോടെ  മനുഷ്യ ചിന്തയുടെ വളർച്ചയിൽ സ്വതന്ത്രമായ ഒരു ചിന്ത മുമ്പോട്ട്‌ വെച്ച ഇബ്നു റുശ്ദിന്റെ പ്രവർത്തനം വളരെയധികം പ്രശംസിക്കപ്പെട്ടു, അരിസ്റ്റൊട്ടൽ കൃതികളുടെ വ്യഖ്യാതാവ് എന്ന നിലക്കാണ് പാശ്ചാത്യലോകത്ത് ഇബ്നു റുശ്ദ് അറിയപ്പെടുന്നത്. സ്പൈനിലെ ഏറ്റവും വലിയ സംസ്കാരിക്ട കേന്ദ്രമായി അറിയപ്പെട്ട ഗൊർതൊബയിൽ 1126ൽ ആണ് ഇബ്നു റുശ്ദ് ജനിക്കുന്നത്, പിതാവും പ്രപിതാവും പണ്ഡിതന്മാരയിരുന്നു, അത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ പൂന്തോട്ടത്തിലായിരുന്നു  ഇബ്നു റുശ്ദ് വളർന്നത്, മാലികീ കർമാശാസ്ത്രം അവഘാഹമായി പഠിച്ചതിനു ശേഷം മറ്റു വിഷയങ്ങളിലേക്ക് മുഴുകി, അധ്യാപകനെ കവച്ചു വെക്കുന്ന ശിഷ്യനായി മാറുകയായിരുന്നു ഇബ്നു റുശ്ദ്, എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായി. ആദ്യമായി വൈദ്യ ശാസ്ത്രത്തിൽ അദ്ദേഹം കുല്ലിയ്യാത് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു  പാശ്ചാത്യർ അതിനെ കൊല്ലിഗേറ്റ്  എന്ന് വിളിക്കുന്നു. ഇബ്നു റുശ്ദിന്റെ പണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഭരണാധികാരി അബൂ യാക്കൂബ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി,  ആദരിക്കുകയും ഉന്നത പദവികൾ നല്കുകയും ചെയ്തു. 1169l ഇഷ്ബീളിയയിലും 1171 ഗോര്ടോബ യിലും ചീഫ് ജസ്റ്റിസ്  ആയി അദ്ദേഹത്തെ നിയോഗിച്ചു. 1182ൽ  കൊട്ടാരത്തിലേക്ക്  തന്നെ തിരിച്ചു വിളിക്കുകയും കൊട്ടാരത്തിൽ വൈദ്യ ശാസ്ത്ര മേഖലയിൽ  സമയം ചിലവയിക്കാൻ രാജാവ് ആവശ്യപ്പെട്ടു, അങ്ങിനെ കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിച്ചു.

ഫിലോസഫർമാർക്ക് ഭരണാധികാരികൾ വലിയ സ്ഥാനം നല്കുന്നത് മത പണ്ഡിതന്മാരെ പ്രകോപിപ്പിച്ചു, ഇബ്നു റുശ്ദ്ന്റെ ചിന്തകളോട് അന്നത്തെ പല പണ്ഡിതന്മാർക്കും യോചിപ്പുണ്ടായിരുന്നില്ല. അവർ ഇബ്നു റുശ്ദ് നെതിരെ പരസ്യമായി രംഗത്ത് വന്നു, പണ്ഡിതന്മാരുടെ പ്രീതി നേടേണ്ടത് രാജാവിനാവശ്യമായി വന്നു. അവരുടെ പ്രീതിക്ക് വേണ്ടി  ഖലീഫ ഇബ്നു റുശ്ദ്നെ പള്ളിയിലേക്ക് വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും പളളിയിൽ നിന്നും പുറത്താക്കുകയും വൈദ്യ ശാസ്ത്ര ഗ്രന്ഥവും  ഖിബ്‌ലയും സമയമറിയാനുള്ള പുസ്തകവും  ഒഴികെ മറ്റു ഗ്രന്ഥങ്ങൾ എല്ലാം  ചുട്ടുകരിക്കാൻ രാജാവ് ഉത്തരവ് നല്കുകയും അല്യസാന എന്ന ജൂത പ്രദേശത്തേക്ക്  നാട് കടത്തുകയും ചെയ്തു. ഇത് തെറ്റായി പോയി എന്ന് പിന്നീടു രാജാവിന് ബോധ്യമാവുകയും രാജാവ് അദ്ദേഹത്തെ കാണാൻ പോയിരുന്നു എന്നും പറയപ്പെടുന്നു.

പാശ്ചാത്യർ അദ്ദേഹത്തെ "അവറോസ്" എന്നാണു വിളിക്കുന്നത് വൈദ്യ ശാസ്ത്രത്തിൽ മാത്രം പതിനെട്ടോളം പ്രസിദ്ധമായ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ജോണ്‍ റോബര്ട്ട്സൻ റുശ്ദിനെ ഏറ്റവും  പ്രസിദ്ധനായ മുസ്ലിം തത്വ ചിന്തകൻ  എന്ന്  വിശേഷിപ്പിക്കുന്നു, പ്രൊഫസർ മൈകൾ  ഹെര്നെട്സും  ഇബ്നു റുശ്ദിനെ പ്രശംസിച്ചിട്ടുണ്ട്‌, ഇവരുടെ പ്രശംസകൾ പാശ്ചാത്യർ  അദ്ദേഹത്തിനു നല്കിയ അംഗീകാരത്തിന്റെ  തെളിവാണ്,   മതവും തത്വ ചിന്തയും തമ്മിൽ വൈരുധ്യമില്ല എന്ന് തെളിയിക്കുന്ന ഇബ്നു റുശ്ദിന്റെ കൃതിയാണ്  "ഫസ്ലുൽ മകാൽ". പ്രപഞ്ചം അനാദിയാണന്നു ഇബ്നു റുശ്ദ് വിശ്വസിക്കുന്നു. ദൈവത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്തയായിരുന്നു ഇബ്നു റുശ്ദിന്റെത് അത് ഒരിക്കലും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല ശൂന്യത എന്ന ഒരവസ്ഥ ഈ പ്രപഞ്ചത്തിനില്ല എന്ന വീക്ഷണമാണ് രുശ്ടിന്റെത് ഇതിന്റെ മൂലകം ദൈവത്തോടൊപ്പമുണ്ട് അതിന്റെ ചലനത്തിന്റെ കാരണം ദൈവമാണ്. ഇത് പ്രപഞ്ചം ദൈവ സൃഷ്ടിയാണന്ന വിശ്വാത്തിനെതിരല്ല  എന്നാണു ഇബ്നു റുശ്ദിന്റെ വാദം. ഇമാം ഗസാലി തത്വ ചിന്തകല്ക്കെതിരെ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു  കൊണ്ട് തഹാഫത്തുൽ ഫലാസ്സിഫ എന്ന  ഒരു ഗ്രന്ഥം രചിച്ചിരുന്നു,  തത്വ ചിന്തയ്ക്കും മുസ്ലിം ദാർശനികതയ്ക്കും എതിരിൽ എഴുതിയ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് മറുപടിയായി  ഇബ്നു രുശ്ദ്  തഹാഫത്തുൽ തഹാഫത്തു എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. അതോടോപ്പം തന്നെ ഗസാലിയുടെ  മുസ്തസ്ഫ എന്ന ഗ്രന്ഥത്തിന് സംഗ്രഹവും എഴുതുകയും ചെയ്തു.

ദാർശനിക ചിന്തകളെ സംഗ്രഹിച്ചതും  അന്ധവിശ്വാസങ്ങല്ക്ക് മോചനം നല്കിയതും യാഥാസ്ഥികരായ  പണ്ഡിതന്മാർക്കെതിരെ തന്റെ സ്വതന്ത്ര ചിന്തയിലൂടെ ദാര്ശനിക വിപ്ലവത്തിന് ഒരുങ്ങിയതും, ശരീഅത്ത് വിഷയത്തിൽ മത പണ്ഡിതന്മാർക്ക് മാതൃകാ പരമായ "ബിദായതുൽ മുജ്തഹിദ് വ നിഹായത്തുൽ മുഖ്തസിദ്" പോലെയുള്ള  ഘഹനമായ ഗ്രന്ഥങ്ങൾ രചിച്ചതും, ഇമാം ഗസാലിയുടെ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് തന്റെ തഹാഫത്തുൽ തഹാഫതിലൂടെ ശക്തമായി മറുപടി നല്കിയതും  മതവും ഫിലോസഫിയും തമ്മിൽ ഏകോപിപ്പിച്ചു  ഉറച്ച നിലപാട്  വ്യക്തമാക്കിയതും   വൈദ്യ ശാസ്ത്ര രംഗത്ത്  നല്കിയ അമൂല്യ ഗ്രന്ഥങ്ങളും ചരിത്രത്തിൽ എന്നും  ഓർമിക്കപ്പെടുന്ന വ്യക്തിയായി ഇബ്നു രുഷ്ദിനെ മാറ്റുകയായിരുന്നു. മറാകിശിലാണ് അദ്ദേഹം .......
തുടരും 
Related Posts Plugin for WordPress, Blogger...