Tuesday, November 21, 2023

പ്രവാസ എഴുത്തും അറബ് ഭാഷയും


വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ബൗദ്ധിക വളർച്ചക്കൊപ്പം ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്‍മാരുടെയും ആചാര്യന്‍മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോഴും ഒരു പാട് വിപത്തുകൾ മുമ്പിൽ കാണുമ്പോഴും മൂല്യച്യുതിക്കെതിരെ ശബ്ദിക്കാനും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന്‍ പലര്‍ക്കും കഴിയുന്നില്ല, സൃഷ്ടികൾ ആസ്വാദനത്തിനൊപ്പം ഉൾക്കാമ്പുള്ളത് കൂടെ ആയിരിക്കണം കല കലക്ക് വേണ്ടി എന്നത് മാത്രം ആയിക്കൂടാ. സൃഷ്ടികൾ അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിച്ചു കൊണ്ടുമായിരിക്കണം അപ്പോഴാണ് അത് ഉദാത്ത സൃഷ്ടിയാവുന്നത്. സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം. പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്. .. ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. പലരും അതിനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നത് ആശാവഹമാണ്. അങ്ങിനെ ചെയ്യുമ്പോൾ ആണ് സംസ്കാരങ്ങൾ തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ നടക്കുക.അത് രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കാനും സംസ്കാരങ്ങൾ പരസ്പരം കയിമാറാനും ഉപകരിക്കും. മലയാളികൾ പരിചയിച്ചിട്ടില്ലാത്ത ഒരു പാട് എഴുത്തുകാര് അറബ് ലോകത്തുണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരും തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി,


ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, നാം ജീവിക്കുന്ന ഖത്തറിലും ഒരു പാട് പ്രശസ്തരായ എഴുത്തുകാരുണ്ട് അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട്‌ അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല. ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ ഒരു പാട് കൃതികൾ മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങുക ആയിരുന്നു , മലയാളി സ്വത്വത്തിലേക്ക്‌ അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു പരിചയപ്പെടുത്താൻ മുമ്പ് പലരും ശ്രമിച്ചിരുന്നു . സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല എഴുത്തുകാരും പരിചയപ്പെടുത്താൻ ശ്രമിച്ചു. ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. അറബ് ഭാഷകളിലുള്ള ഒരു പാട് രചനകൾ ഉണ്ടായിട്ടും അധിക രചനകളും പരിചയപ്പെടുത്തപ്പെട്ടത് ഇംഗ്ലീഷ് നിന്നുള്ളതാണ് എന്നതും ഒരു സത്യമാണ്. മുമ്പ് ഇത്തരം എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളുടെയും പരിചയപ്പെടുത്തലുകൾ നടന്നെങ്കിലും ഇത്തരം പരിചയപ്പെടുത്തലുകൾ ഇന്ന് വളരെ അതികം കുറഞ്ഞു വന്നിരിക്കുന്നു എന്നതാണ് സത്യം അറബ് ലോകത്ത് ഇന്ന് ഒരു പാട് അറബ് ഭാഷയിലുള്ള സിനിമകളും കാലത്തോട് സംവദിക്കുന്ന വൈവിധ്യങ്ങളായ ഒരു പാട് കലാ സൃഷ്ടികളും ഉണ്ട്, ഗൾഫ് നാടുകളിൽ അവർ അവതരിപ്പിക്കുന്ന പല ന്യൂതനമായ പദ്ധതികളും പഠന വേദികളും സെമിനാറുകളും എക്സിബിഷനുകളും മ്യൂസിയങ്ങളും കാണുമ്പോഴും അതിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് അറബ് ഭാഷയുടെ വലിപ്പവും കലാ സൃഷികളിൽ അവർ കാണിക്കുന്ന മികവ് മനസ്സിലാക്കാൻ കഴിയുക. അവരുടെ അനുവാദത്തോടെ അവർ സംഘടിപ്പിക്കുന്ന കവിയരങ്ങുകൾ നാടകങ്ങൾ സാഹിത്യ ചർച്ചകൾ ഇതിലൊക്കെ പങ്കെടുക്കാനുള്ള അവസരങ്ങൾ കണ്ടത്താനും ഇവിടെയുള്ള ഭാഷാ പണ്ഡിതന്മാർ ശ്രമിക്കേണ്ടതുണ്ട് അപ്പോഴാണ് ക്ലാസ്സ് റൂമിൽ നിന്നും പഠിച്ച അറബിയിൽ നിന്നുമുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയുക. അതോടൊപ്പം അറബ് ഭാഷ പഠിക്കാൻ താത്പര്യമുള്ളവർ കണ്ടത്തി അവരെ പഠിപ്പിച്ചു കൊടുക്കാനുള്ള ഒരു ശ്രമവും നടത്തിയാൽ നന്നായിരിക്കും ഇത്തരം ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കൈ എടുത്തു ചെയ്യേണ്ടിയിരിക്കുന്നു അതിനുള്ള പ്രോത്സാഹനങ്ങളും മത്സരങ്ങളും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട് മലയാളി സമ്മേളനം പോലെയുള്ള വലിയ ഇവന്റിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട് അതിനായി സമ്മേളനത്തിനിടയിൽ ഒരു പ്രത്യേകം സെഷൻ തന്നെ വെച്ചാൽ നന്നായിരിക്കും. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക്  കഴിയട്ടെ .




Monday, November 6, 2023

എന്നിട്ടും


എന്നിട്ടും

തകർത്ത കെട്ടിടങ്ങൾക്കിടയിൽ
കണ്ണീർ തളം കെട്ടിയ തടാകങ്ങൾ 
തകർത്ത വീടുകൾക്കുള്ളിൽ ഒഴുകുന്ന
ചോരപ്പുഴകൾ .!

എന്റെ 
കാൽപാദങ്ങളിടറുന്നു,
കാഴ്ച്ചകൾ മങ്ങി  
കണ്ണുകൾ തളരുന്നു.
വിഷാദത്തിന്റെ നിഴലുകളിഴച്ചു ഇവിടെ ഞാൻ ഏകനായ്
അലയുന്നു  
ആകാശമാകെ പിടിച്ചുലയ്ക്കുന്ന ശബ്ദങ്ങൾ.. 
കത്തിയമർന്ന മണ്ണിന്റെ ദാഹമടക്കാൻ 
ഒരു തുള്ളി ജലമെവിടെ?  
അമ്മമാർ കുഞ്ഞുങ്ങൾ എത്രയെത്ര ജീവനുകൾ ....  

എന്നിട്ടും 
കാതടിപ്പിക്കുന്ന മിസൈൽ ശബ്ദങ്ങൾക്കിടയിലും
ഒട്ടും പേടിയില്ലാത്ത
അവരുടെ കണ്ണുകൾ സ്വപ്നം കാണുന്നു..!

ഈ നിഷ്കളങ്ക ബാല്യങ്ങൾക്ക്  നൽകാൻ
കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
എന്ത് പേരാണുള്ളത്?
ഏതു നിഘണ്ടുവിൽ തെരഞ്ഞാലാണ്
അത് കണ്ടത്താൻ കഴിയുക..!

പോർവിമാനങ്ങളുടെ മുഴക്കം താരാട്ടു പാട്ടാക്കി കുഞ്ഞുങ്ങളെ
ഉറക്കാൻ വിധിക്കപ്പെട്ട അമ്മമാർ...
ഈ മനക്കരുത്തിനെ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
എന്ത് പേരിട്ടു വിളിക്കും ?

കരിഞ്ഞുണങ്ങിയ ഭൂമിയോടൊപ്പം 
ചാരമായി മാറിയ കുഞ്ഞു പൈതങ്ങളെ
നിങ്ങളുടെ അമ്മയുടെ അച്ഛന്റെ കണ്ണുനീരൊക്കെയും
പുഴയായി ഒഴുകുന്നുണ്ട്... 
ആ നദിക്കു ചുറ്റും  പുതിയൊരു സംസ്കാരം ഉടലെടുക്കും..
അവിടെ നീതിയുടെ ധർമ്മത്തിന്റെ പുതിയ പുലരികൾ ഉദയം കൊള്ളും
മുറിപ്പെട്ട ജീവനുകൾക്കിടയിൽ നിന്നും ഉയരുന്ന നിലവിളികളൊക്കെയും  
പക്ഷികൾ  പാടുന്ന പുതിയ രാഗമായി പുനർജനിക്കും..
പൂക്കളും ചെടികളും വളരും കായ്കനികൾ നിറയും
നിങ്ങൾ ഇട്ടേച്ചു പോയ ഓരോ നിശ്വാസവും
വസന്തമായി മാറും,
ചെടികളെ തലോടും
സമാധാനത്തിന്റെ, സ്നേഹത്തിന്റെ,
വെള്ളരിപ്പ്രാവുകൾ വട്ടമിട്ടു പറക്കും
 
ആർത്തട്ടഹസിക്കുന്ന ചെകുത്താനും
ചോര കുടിക്കുന്ന ചെന്നായ്‌ക്കളും ഓടി മറയും
രക്തം കുടിക്കാൻ ദാഹിക്കുന്ന ചെകുത്താന്മാരുടെ കറുത്തനിറം
കുഞ്ഞു മനസ്സിന്റെ പ്രകാശത്താൽ ഇല്ലാതാകും
അവിടേയാകെ വെളിച്ചത്തിന്റെ കിരണങ്ങൾ പ്രതിഫലിക്കും
ഈ ഇരുണ്ട ലോകം ആ വെളിച്ചത്താൽ
അപ്രത്യക്ഷമാകുക തന്നെ ചെയ്യും.........

മജീദ് നാദാപുരം 


Related Posts Plugin for WordPress, Blogger...