Thursday, June 12, 2014

നദ പിന്നെയും പിന്നെയും സ്വപ്നം കാണുന്നു ....


കീറിദ്രവിച്ച വസ്ത്രവും പുറത്തേക്ക് തള്ളി നില്ക്കുന്ന കണ്ണുകളും ജടപിടിച്ച കെട്ടുപിണഞ്ഞ മുടിയും ഒട്ടിയ വയറും ചുളിഞ്ഞ  മുഖവുമായി ഒരു കൊച്ചു കുഞ്ഞിനേയും കയ്യിലടുത്ത് ആ തെരുവോരത്ത് ഇരിക്കുന്ന അമ്മയാണ് നദ.  ഭർത്താവ് അവൾക്കു രണ്ടു കുട്ടികളെയും സമ്മാനിച്ചു നേരത്തെ അങ്ങ് പോയി, ഉപ്പയും ഉമ്മയും അതിനു മുമ്പേ അവളോട്‌ യാത്ര പറഞ്ഞിരുന്നു. ചിലപ്പോൾ ആരോടും ഒന്നും സംസാരിക്കാതെ  വഴിയോരങ്ങളിൽ  സ്ഥാപിച്ച കല്‍‌പ്രതിമയെ പോലെ അനങ്ങാതെ നില്ക്കും, മനസ്സ് മുഴുവൻ ദുഖത്തിന്റെ കടലാണ്, നട്ടുച്ച സമയങ്ങളിൽ അവളുടെ  കണ്ണില്‍നിന്നും കണ്ണു നീര്‍ മഴയായി വർഷിക്കും,  എത്ര വലിച്ചിട്ടും മുലപ്പാൽ കിട്ടാതെ കരഞ്ഞു തളർന്നു മാറിൽ ചേർന്ന് കിടക്കുന്ന കൊച്ചു കുഞ്ഞു, ആഹാരം കഴിക്കാതെ മുലപ്പാൽ വറ്റിപ്പോയിരിക്കുന്നു, വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാൻ കഴിയാത്ത കൊച്ചു കൂര, അടുപ്പിൽ തീ എരിഞ്ഞിട്ട് ദിവസങ്ങളായി,  നിവൃത്തികേടു കാരണം "വല്ലതും കഴിച്ചിട്ടു  നാളുകളായി" എന്ന് പറഞ്ഞു ആരോടങ്കിലും കൈ നീട്ടിയാൽ കൂടുതലും കിട്ടുന്നത്  ആട്ടും തുപ്പും, കരുണയുള്ളവർ വല്ലതും കൊടുത്താൽ അന്നത്തെ ആഹാരമായി.

 ഒരു ദിവസം ഭിക്ഷാടനത്തിനിടയിൽ   "ദൈവത്തിന്റെ സ്വന്തം നാടിനെ" പറ്റി അവൾ കേട്ടു. ഭിക്ഷതേടി എത്തിയ  അല്പം ദയയുള്ള ഒരു വീട്ടിൽ നിന്നാണ്  അവളതറിയുന്നത്, നദയോട് അനുകമ്പ കാട്ടാറുള്ള അപൂര്വം അമ്മമാരിൽ ഒരാളാണ് ആ വീട്ടിലെ സരോജിനിയമ്മ,  "മകൻ അശ്രുവിന്റെ  സമപ്രായത്തിലുള്ള ഈ പ്രദേശത്തുള്ള കുറെ  അനാഥ കുട്ടികൾ ആ നാട്ടിൽ പഠിക്കുന്നു, അവർക്ക് മൂന്നു നേരം ആഹാരവും പരിചരണവും മതിയായ സ്നേഹവും അവിടെ ലഭിക്കുന്നു". ആ കുട്ടികൾ ഇപ്പോൾ ഇവിടെ അവധിക്കു വന്നിരിക്കുന്നു, അവർ അടുത്ത് തന്നെ അവധി കഴിഞ്ഞു തിരിച്ചു പോകും" സരോജിനിയുടെ വാക്ക് കേട്ടപ്പോൾ തന്റെ മകനെയും അവിടെ അയക്കാനുള്ള ആഗ്രഹം നദയുദെ മനസ്സിൽ നിറഞ്ഞു. മൂന്നു നേരം ആഹാരവും പഠിക്കാനുള്ള സൌകര്യവും അവൾക്കു ചിന്തിക്കാൻ കഴിയാത്ത അത്രയും വലുതായിരുന്നു അവരുടെ വാക്കുകൾ,  ഭൂമിയിലെ സ്വർഗമായി നദയ്ക്ക് തോന്നി.

അന്ന്  അവൾ  നേരത്തെ തന്നെ തന്റെ കൂരയിലേക്ക്‌ തിരിച്ചു, മനസ്സ് നിറയെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു, ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല.  സ്വപ്നത്തിന്റെ ചിറകുകൾ അവളെയും കൂട്ടി പറക്കാൻ തുടങ്ങി, സ്വപ്നത്തിൽ അവൾ സന്തോഷം നല്കുന്ന  കാഴ്ചകൾ കണ്ടു, അവധിയിൽ വന്നു തിരിച്ചു പോകുന്ന കുട്ടികൾ അശ്രുവിനെയും കൂടെ കൊണ്ട് പോകുന്നു, കരുണയുള്ളവരുടെ നാട്, അവിടെ മകന് മൂന്നു നേരം ഭക്ഷണവും പഠിക്കാനുള്ള സൌകര്യവും ലഭിക്കുമെന്നവർ പറയുന്നു,  തന്റെ കൈകുഞ്ഞിനെ മാറോട് ചേർത്തു, പത്ത്  വയസ്സായ തന്റെ പൊന്നുമകൻ അശ്രുവിനെ ചെളി നിറഞ്ഞ തെരുവോരത്ത്  നിന്നും സന്തോഷത്തോടെ  "ഭൂമിയിലെ സ്വർഗത്തിലേക്ക്", യാത്ര അയക്കുന്നു. മകന് വേണ്ടി പൊഴിക്കാൻ വറ്റിവരണ്ട കണ്ണിൽ ഇനി ഒരു തുള്ളി കണ്ണ് നീര് ബാക്കിയില്ല, മകന്റെ തലയിൽ തലോടി മനസ്സ്  മന്ത്രിച്ചു, കരുണ വറ്റാത്ത നാട്ടിലേക്കാണ് നീ പോകുന്നത്  "അതാണ്‌ എന്റെ ഏക സമാധാനം" പോയി വരൂ   "നിനക്കും അവരോടൊപ്പം അടുത്ത അവധിക്കാലത്ത്‌ തിരിച്ചു വരാമല്ലോ".

വീണ്ടും അവൾ സ്വപ്നത്തിന്റെ ചിറകിലൂടെ പറക്കാൻ തുടങ്ങി, ഇരുട്ടിനു കനം കൂടി അവളുടെ ഉറക്കിനും ആഴം കൂടി, കാഴ്ചകൾ മാറാൻ തുടങ്ങി, കേൾക്കാൻ ഇഷ്ടപ്പെടാത്ത ശബ്ദങ്ങൾ കേട്ടു തുടങ്ങി,  അവശബ്ദങ്ങൾ അവളുടെ കാതുകളെ അലോസരപ്പെടുത്തി ക്കൊണ്ടിരുന്നു  അശ്രുവിനെ  നോക്കി ഒരാൾ വിളിച്ചു പറഞ്ഞു,  " നിയമം  പാലിക്കപ്പെട്ടിട്ടില്ല ", അശ്രു  പറഞ്ഞു തെരുവിൽ ജനിച്ച എനിക്ക് നിയമം അറിയില്ല, പട്ടിണിയിൽ നിന്നും വിശപ്പിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ എന്നെ എന്റെ ഉമ്മ ഇവരുടെ കൂടെ അയച്ചതാണ്, അവനോടു വീണ്ടും ആരോ വിളിച്ചു പറഞ്ഞു "ഇവിടെ പട്ടിണിയല്ല വിഷയം നിയമാണ്, വിശപ്പ് അറിയാത്തത് കൊണ്ടല്ല, പക്ഷെ നിയമം കുഞ്ഞിനെ  അതനുവദിക്കുന്നില്ല",  എന്നെ എന്റെ ഉമ്മയുടെ അടുത്തേയ്ക്ക് തന്നെ വിട്ടേക്കൂ, അവൻ കരയാൻ തുടങ്ങി, നിയമക്കുരുക്കിൽ പെട്ട്  അവിടെ പഠിക്കാൻ അവസരം ലഭിക്കാതെ  മകൻ ഈ തെരുവിൽ തന്നെ തിരിച്ചു വരാൻ  വിധിക്കപ്പെട്ടു,  മറ്റു കുട്ടികളോടൊപ്പം അവധിക്കാലം വരെ കാത്തു നില്ക്കേണ്ടി വന്നില്ല, ആരും കാണാതെ അവൻ കരയാൻ തുടങ്ങി, മകന്റെ കണ്ണ്നീർ തുള്ളികൾ അവളുടെ മുഖത്ത് ഉറ്റി വീഴാൻ തുടങ്ങി, അതവളുടെ ഉറക്കം ഉണർത്തി, സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണര്ന്ന നദ അശ്രുവിനെ ഉറക്കെ വിളിച്ചു.  

തന്റെ അടുത്തു വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന അശ്രുവിന്റെ കണ്ണ് നീരായിരുന്നു അവളുടെ മുഖത്ത് പതിച്ചത്, തന്റെ മകനെ നോക്കി, ഞാൻ കണ്ടത് സ്വപ്നമോ യാതാർത്ഥ്യമോ എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

2 comments:

 1. നിയമം മനുഷ്യര്‍ക്ക് വേണ്ടി എന്നായിരുന്നു സങ്കല്പം,
  മനുഷ്യര്‍ നിയമങ്ങള്‍ക്ക് വേണ്ടി എന്നത് യാഥാര്‍ത്ഥ്യവും!

  ReplyDelete
 2. പട്ടിണി അറിയാത്തത് കൊണ്ടല്ല,
  നിയമം അനുവദിക്കുന്നില്ല.

  നിയമം നിയമത്തിന്റെ വഴിക്ക് അല്ലെ.

  ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...