Saturday, November 9, 2024

ആലിംഗനത്തിന്റെ മഹത്വം

ആലിംഗനത്തിന്റെ മഹത്വം 

ഇന്നലെ യുവ എഴുത്തുകാരനായ എന്റെ  അയൽവാസി ഇസ്മയിലിന്റെ  ഒരു യാത്രാ വിവരണം  വായിച്ചു. മനസ്സലിയിപ്പിക്കുന്ന ഹൃദയ സ്പർശിയായ ആ ഒരു കുറിപ്പ് കുറെ പഴയ ഓർമ്മകളിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയി.  


അലി എത്ര നല്ല മനുഷ്യനായിരുന്നു,  അലിയുടെ പാരത്രിക ജീവിതം വെളിച്ച മുള്ളതാകട്ടെ എന്ന് ഇടയ്ക്ക് ഇടയ്ക്കു ആ രാജ കുടുംബത്തിലെ ഉമ്മ പറയുമ്പോൾ നനയുന്നത് അലിയുടെ കുടുംബത്തിന്റെ  കണ്ണുകൾ   മാത്രമല്ല, അവരെ അറിയാവുന്ന ഓരോരുത്തരുടയും കണ്ണുകളാണ്. പടച്ചവൻ അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ.

ഇസ്മായിൽ ഒരു യാത്ര കുറിപ്പാണു പങ്കു വെച്ചത്  പക്ഷെ അതൊരു സാധാരണ യാത്രാകുറിപ്പ് ആയിരുന്നില്ല. ഒരു പാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. ഒരു തീർത്ഥാടനം അതിനേക്കാൾ മഹത്വരം. ചില യാത്രകൾ അങ്ങിനെയാണ് ചില കണ്ടു മുട്ടലുകൾ അങ്ങിനെയാണ് ആ കണ്ടു മുട്ടലുകളും യാത്രയും പുണ്യ സ്ഥലങ്ങളിൽ തേടിയുള്ള യാത്രയേക്കാൾ മഹത്വരമാണ്.  

രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം അത്  രണ്ടു നാടുകളെ  കൂടെ ബന്ധിപ്പിക്കുന്നു.  അത്  ഒരു രാജ കുടുംബവുമായി എന്നതാണ്   ഏറെ  ശ്രദ്ധേയമാകുന്നത് . സാധാരണക്കാർക്ക് അപ്രാപ്ര്യമായ ഈ ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ ആ വലിയ മനുഷ്യന്റെ ഓർമ്മകളിലേക്കാണ്  മകനായ ഇസ്മായിലിന്റെ കുറിപ്പ് എന്നെ  കൂട്ടി കൊണ്ട് പോയത്.  ഒരിക്കലും  മറക്കാൻ കഴിയാത്ത കുറെ നല്ല ഓർമകളിലേക്ക്. 

പതിനഞ്ചു വർഷത്തെ ജീവിതം ഒരു നാടിനെ  വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു,  ജീവിതം സ്വയം  സമർപ്പിച്ചു കൊണ്ടായിരുന്നു  നാടിനു വെളിച്ചം നൽകിയത് . ചെറുപ്പത്തിലേ മരുഭൂമി തേടിപ്പോയ കുഞ്ഞാലിക്ക  തിരിച്ചെത്തുമ്പോഴേക്കും ഏറെ പ്രയാസപ്പെട്ടിരുന്നു. പക്ഷേ യഥാർത്ഥത്തിൽ  പോകേണ്ടത് മരുഭൂമിക്കുമപ്പുറത്തേക്കാണ്‌, എന്ന ബോധം അദ്ദേഹത്തിൽ ഉണ്ടായിരുന്നു. ഉദ്ദിഷ്ടദിശയിൽ നിന്നു നമുക്കും കണ്ണടയ്ക്കാൻ കഴിയില്ല എന്നത് ഒരു യാഥാർഥ്യമാണ് .  മരുഭൂമി തേടിപ്പോയ  കുഞ്ഞാലിക്കായ്ക്ക് അറിയാമായിരുന്നു   അവസാനം എവിടെയാണ് എത്തുക എന്നത്.   വഴി  തെറ്റിയില്ല  തളർച്ച പറ്റിയില്ല ,  മരണത്തെ മുൻ കൂട്ടി കണ്ടു. അങ്ങിനെ മുൻകൂട്ടി മനസ്സിലാക്കുന്നവർ അവരുടെ സത് പ്രവർത്തങ്ങൾക്ക് വേഗത കൂട്ടും അത് കൊണ്ട് തന്നെ  അവർ മരിച്ചാലും അവരുടെ സത് പ്രവർത്തനങ്ങളിലൂടെ അവർ  ഓർമ്മിക്കപ്പെടും വേരുകൾ നിലംപതിക്കും രൂപത്തിൽ കൊടുംകാറ്റ്  അടിച്ചിട്ടും അതിനെയൊക്കെ അതി ജീവിക്കാൻ കഴിഞ്ഞ മനക്കരുത്തു പത്നി ഫാത്തിമയ്ക്കും ഉണ്ടായിരുന്നു. പറക്കമുറ്റാത്ത  ചെറിയ പൈതങ്ങളെ തനിച്ചാക്കി ആയിരുന്നു കുഞ്ഞാലിക്ക യാത്ര പോയത്.  

കൂടിക്കാഴ്ചക്കിടയിൽ നഷ്ടപ്പെട്ടു പോയ പ്രിയതമനെ കുറിച്ചുള്ള ആ നല്ല വാക്കുകൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പോയ തങ്ങളുടെ വന്ദ്യ പിതാവിന്റെ ഓർമ്മകൾ ഓർത്തെടുക്കുന്ന   അവരുടെ വാക്കുകൾ . അവരുടെ ആ സ്പർശം തലോടൽ   കുഞ്ഞാലിക്കയുടെ ആത്മാവ് പോലും  ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ടാകും. സന്തോഷിച്ചിട്ടുണ്ടാകും, കണ്ണ് നീരിൽ കുതിർന്ന കാലം എന്നും  ബാക്കിയാകുന്ന ആലിംഗനം. എത്ര മഹത്വരമായ ആലിംഗനം !!!

ഒരു പക്ഷെ പലരും കുഞ്ഞാലിക്കയെ  മറന്നു കാണും, കുമ്മങ്കോടെ ബദ്രിയ പള്ളിയിൽ എത്തുന്ന മുൻ തലമുറയിലെ   ഒരാൾക്കും കുഞ്ഞാലിക്കയെ മറക്കാൻ കഴിയില്ല അരണ്ട ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ  പാഠങ്ങൾ വായിച്ചു പഠിക്കുന്ന ആ കുഞ്ഞു കാലത്തെ ഓർമയിലേക്ക്   കൊണ്ട് പോകുമ്പോൾ കുഞ്ഞാലിക്കയുടെ മുഖം വലിയൊരു തെളിച്ചമായി മനസ്സിലേക്ക് ഓടി വരും, ഇന്നും മായാതെ  ആ  മുഖമുണ്ട് . ഒരു കാലഘട്ടത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണനാർഹമാകുന്നത് ആ കാലഘട്ടത്തിന്റെ പരിസരത്തിൽ നിന്നുമാണ് . ഭൂതകാലത്തിൽ നിന്നുള്ള ഓര്മകള്ക്കരികിൽ  ഓരോ സമകാലികനിമിഷവും ആ പഴയ കാലത്തെ  മഹദ്‌രൂപങ്ങൾ അനുകരണോത്സുകികളായ മാറുന്നു.  ആ ഓർമ്മകൾ  ഏറെ വിലപ്പെട്ടതാണ്. മണ്മറഞ്ഞേറെക്കാലം കഴിഞ്ഞിട്ടും  അവർ നമ്മോടൊപ്പം ജീവിക്കുന്നു.

നമ്മുടെ പരിസരപ്രദേശത്തു കൂടെ നടക്കുമ്പോൾ പഴയ കുറച്ചു കാര്യങ്ങൾ എങ്ങിനെ ഓർക്കാതിരിക്കും. വൈദ്യുതി ബദ്രിയ പള്ളിയിൽ വന്നത് മുതൽ  മരിക്കുന്നത് വരെ പള്ളിയുടെ മാസാസന്ത വൈദ്യുതി ബില് അടച്ചിരുന്നത് കുഞ്ഞാലിക്കയായിരുന്നു എന്ന് പ്രായമാർ പറഞ്ഞു കേട്ടിട്ടുണ്ട്. മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ ചെയ്തത്  കുഞ്ഞാലിക്ക ആയിരുന്നു. ഇങ്ങു വിദേശത്തു ആണെങ്കിലും ചിന്ത നാട്ടിലുള്ള പള്ളിയെ കുറിച്ചുണ്ടായിരുന്നു എന്നത് ചെറിയ കാര്യമല്ല  എപ്പോഴും  ഹൃദയം  പള്ളിയുമായി ബന്ധപ്പെട്ടു ചിന്തിച്ചു കഴിയുന്നവർക്ക് അര്ശിന്റെ തണൽ   ഉണ്ട് എന്ന് പ്രവാചകൻ  പഠിപ്പിച്ചിട്ടുണ്ട്, നാട്ടിൽ വരുമ്പോൾ ഏറ്റവും കൂടുതൽ മനസ്സ് പള്ളിയുമായി ബന്ധപ്പെട്ട കിടന്ന കുഞ്ഞാലിക്ക കുഞ്ഞാലിക്കയ്ക്ക് പ്രവാചകൻ പറഞ്ഞ അര്ശിന്റെ തണൽ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇങ്ങനെ പള്ളിയുമായി നിരന്തരം ബന്ധമുള്ള കുഞ്ഞാലിക്ക  വളരെ നേരത്തെ തന്നെ പിരിഞ്ഞു പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, ഒരു സുബഹി നമസ്കാര സമയത്ത് ആണെന്നാണ് എന്റെ ഓർമ്മ അദ്ദേഹം ലോകത്തോട് പിരിഞ്ഞു പോകുമ്പോൾ വളരെ ചെറിയ  കുട്ടികളെ  ഭാര്യ ഫാത്തിമയുടെ കൈകളിൽ ഏല്പിച്ചു കൊണ്ടായിരുന്നു പോയത്, ഒരു പക്ഷെ ദുഃഖം ഇത്രയും കടിച്ചു പിടിച്ച ആരും അവിടെ ഉണ്ടായിട്ടുണ്ടാവില്ല മനോധൈര്യം  ഒട്ടു ചോർന്നു പോകാതെ അങ്ങേ അറ്റത്തെ ക്ഷമയോടെ  ഈമാനിന്റെ ഉറച്ച ബലത്തോടെ ഓരോരുത്തരെയും അവർ  വളർത്തി വലുതാക്കി.

കുഞ്ഞാലിക്ക നാട്ടിൽ എത്തുമ്പോൾ ഞങ്ങൾക്കും ഒരു പാട് സന്തോഷം ആയിരുന്നു ലീവിന് വടക്കയിൽ എത്തിയാൽ ഒരു പക്ഷെ ആദ്യ സന്ദർശന വീട് ഞങ്ങളുടേത് ആയിരിക്കും, അരണ്ട ചിമ്മിനി വെളിച്ചത്തിൽ പഠിക്കാനിരിക്കുമ്പോൾ കൈ നിറയെ പേനയും മറ്റു സമ്മാനങ്ങളും ആയി  വന്ന കുഞ്ഞാലിക്കയെ ഇന്നും ഓർക്കുന്നു  അന്ന്    നൽകിയ പേന  ഇന്നും എന്റെ കയ്യിൽ ഉള്ളത് പോലെ, ആ പേനകൾ വെറും പേന  ആയിരുന്നില്ല ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങാൻ പ്രേരിപ്പിക്കുന്ന മാന്ത്രിക പെന കൂടെ  ആയിരുന്നു ആ പേനയോടൊപ്പം തരുന്ന  സ്നേഹത്തിന്റെ വാക്കുകൾ ആയിരുന്നു ആ മാന്ത്രികത, പഠന ത്തെ പറ്റി ഇടയ്ക്ക് ചോദിച്ച കൊണ്ട് ആണ് ഉപ്പയോടും ഉമ്മയോടും സംസാരിച്ചതിന് ശേഷം പിരിഞ്ഞു  പോകുക.

കഷ്ടപ്പാടുകൾ പുറം ലോകം അറിയാതെ എല്ലാം ദൈവത്തിലേക്ക് ഏല്പിച്ചു പോയ കുഞ്ഞാലിക്കയുടെ കുടുംബത്തിന് ദൈവം തന്നെ ആയിരുന്നു പിന്നീട് തുണ, ഇന്ന് അത്യാവശ്യം മെച്ചപ്പെട്ട ജീവിതം നയിക്കാൻ എല്ലാ മക്കളെയും പര്യാപ്തമാക്കാൻ ഫാത്തിമയ്ക്ക് കഴിഞ്ഞു എന്നത് ഒരു പാട് പേർക്ക് മാതൃകയാണ്, ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ചു ദോഹയിൽ എത്തിയ കുഞ്ഞാലിക്കയെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ ഈ ഒരു രാജ കുടുംബം ഓർക്കുന്നുണ്ടങ്കിൽ അത് കുഞ്ഞാലിക്കയുടെ നന്മയുടെ മഹത്വം അത് ഒന്ന് കൊണ്ട് മാത്രമാണ്.

കുഞ്ഞാലിക്ക ഇന്നുണ്ടായിരുന്നങ്കിൽ ഒരു പാട് പേര് ആ തണലിൽ ഇന്ന് ഈ ദോഹയിലും മറ്റും ഉണ്ടാകുമായിരുന്നു എന്നതിൽ സംശയമില്ല, നാടിനും നാട്ടുകാർക്കും  വെളിച്ചം നൽകിയ കുഞ്ഞാലിക്കയ്ക്കു  വേണ്ടി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. പടച്ചവൻ അദ്ദേഹത്തെയും ആ അറബ്  കുടുംബത്തെയും  നമ്മെയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

മജീദ് നാദാപുരം 

No comments:

Post a Comment

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...