Wednesday, April 23, 2014

മലയാളത്തിന്റെ സ്വന്തം ഗാബോ

മലയാളത്തിന്റെ സ്വന്തം ഗാബോ
കേരളക്കര കാണാത്ത മലയാളം അറിയാത്ത ഒരെഴുത്തുകാരൻ മലയാളത്തിനു സ്വന്തമായുണ്ട് - മലയാളത്തിന്റെ സ്വന്തം ഗാബോ. ഗാബോ ജനിച്ചതും വളർന്നതും ലാറ്റിനമേരിക്കയിലെ കൊളംബിയയിലാണ്. പക്ഷെ ഗാബോയുടെ എഴുത്തുകളിൽ പലപ്പോഴും നിഴലിച്ചത് മലയാള സംസ്കാരവും ജീവിതങ്ങലുമായിരുന്നു. കായിക ലോകം ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളെ നെഞ്ചിൽ ഏറ്റിയ പോലെ മലയാള സാഹിത്യ പ്രേമികൾ മലയാളിയെന്നു കരുതി മനസ്സിൽ താലോലിച്ചു മാജികൽ റിയലിസത്തിന്റെ പിതാവ് ഗബ്രീൽ ഗാര്സിയ മാര്കെസിനെ. മലയാള ഭാഷാ പരിഭാഷകളിൽ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലാണ്‌  ഗാബോയുടെ ഏകാന്തതയുടെ നൂറു വർഷങ്ങൾ.

ലാറ്റിൻഅമേരിക്കൻ ഫുട്ബോൾ  മലയാളികളുടെ മനസ്സിൽ കുടിയേറിയത്  പോലെ  സാഹിത്യ ലോകത്ത് കേരളവും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധത്തിന്  ഈ നോവൽ ശക്തി പകരുന്നുണ്ട്. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻനിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥ മാർക്വേുസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തി.  ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായാണ് നിരൂപകർ ഇതിനെ വിലയിരുത്തുന്നത്, സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മലയാളത്തിലെ പല എഴുത്തുകാരും മാജിക്കൽ റിയലിസം ശീലിച്ചത്  ഈ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടാവാം. സേതുവിന്റെ 'പാണ്ഡവപുരം', കെ.വി. മോഹൻകുമാറിന്റെ 'ഏഴാംഇന്ദ്രിയം' എന്നിവ മാജിക്കൽ റിയലിസത്തിനുദാഹരണങ്ങളാണ്. 

ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ഇഴകി ചേരുന്നുണ്ട്. ലാറ്റിനമേരിക്കയെയും കേരളത്തെയും  ബന്ധിപ്പിക്കുന്ന ഒരു പാട് ഘടകങ്ങൾ  ഈ നോവലിൽ ഉണ്ട്.  കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളുടെ പല ചിത്രങ്ങളും ഇതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഈ നോവലിനെ നിരൂപണം ചെയ്ത പല എഴുത്തുകാരും അമേരിഇന്ത്യൻ ബന്ധം ഈ നോവലിനെ സ്വാധീനിച്ചതായി പറയുന്നു. ഉൽസുല എന്ന കഥാപാത്രം  അമേരിന്തയ്ക്കാരും യൂറോപ്യന്മാരും ചെർന്നുണ്ടായ സങ്കര വർഗത്തിന്റെ അനശ്വര പ്രതീകമാണ്. ഒരു സാങ്കല്പിക ഗ്രാമമായ   മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ്  നോവലിന്റെ ഇതിവൃത്തം. ഇതിൽ പറയപ്പെടുന്ന പിതൃ ബോധത്തിനും മലയാളിയുടെ പിതൃ സങ്കല്പത്തിനും വളരെയധികം സാദൃശ്യമുണ്ട്. പ്രശസ്ത നിരൂപകനായ കോവിലന്റെ  വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്  "ഉൾസുലയും അവരുടെ ഉദ്ധതനായ  ഭർത്താവും മരിച്ചുപോയവരെ മുഖതാവിൽ സ്പർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്, മൃതന്റെ ദാഹം പോക്കാൻ  പലയിടത്തും വീട്ടിൽ വെള്ളം കരുതി വെക്കുന്നുണ്ട്, മലയാളത്തിലാകുമ്പോൾ ഈ സമ്പ്രദായം "വീത്" എന്ന പേരിൽ അറിയപ്പെടുന്നു. വീത് വെക്കാൻ ഗ്രാമീണ ഗൃഹങ്ങളിൽ പ്രത്യേകം ഉറി കെട്ടാറുണ്ട്. മരണാനന്തരം ഇവരുടെ വീട്ടിലേക്ക്‌ തിരിച്ചു വരുന്ന മഹാവൃദ്ധൻ  താമസിച്ചു പോന്ന പ്രത്യേക അകത്തളം മച്ചും കൊട്ടിലും പരിചയിച്ചിട്ടുള്ള മലയാളിയെ വശീകരിച്ചെക്കാം. അതിനകത്തിരുന്നു തന്നെ പരേതൻ തോൽ ചുരുളുകളിൽ ഗ്രന്ഥരചനയും സാധിച്ചു. വൃദ്ധൻ വീണ്ടും മരിച്ചു പോയി. പക്ഷെ കുടുംബ പരമ്പരയിൽ ഓരോ തലമുറയിൽ നിന്നും ഒരാൾ വൃദ്ധന്റെ താളത്തിൽ ആവിഷ്ടനെ പോലെ താമസിക്കുക പതിവായി. തലമുറകളിലൂടെ കോമരങ്ങളെ കൈ മാറുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ടല്ലോ."   

നോവലിൽ ഒരിടത്ത് മരിച്ചവർ വീണ്ടും പ്രത്യക്ഷപ്പെടുന്നതു മാർക്യൂസ് ചിത്രീകരിക്കുന്നതിങ്ങനെയാണ്. ഉൾസുല തന്റെ ഭർത്താവിനു  കിടപ്പറ പങ്കിടാൻ സമ്മദിച്ചിരുന്നില്ല.  പന്നിയുടെ വാലുള്ള മനുഷ്യൻ ജനിക്കുമെന്ന ഭയത്താൽ തോലുകളും കമ്പിയും ചേർത്ത  അടിവസ്ത്രം ധരിച്ചു  തന്റെ  കന്യകത്വം സൂക്ഷിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ ഇങ്ങനെ കഴിഞ്ഞപ്പോൾ  ഭർത്താവ് ആർകെഡിയോ ബൂവേഡിയോയെ  ജനങ്ങൾ തമാശയാക്കാൻ തുടങ്ങി, ഒരിക്കൽ പ്രൂടെൻഷിയോ അഗ്വലരുടെ പരിഹാസം ആർകെഡിയോ ബൂവേഡിയോ ഇഷ്ടപ്പെട്ടില്ല. ആർകെഡിയോ തന്റെ മുത്തച്ഛന്റെ ഉന്നവും കാട്ടുപോത്തിന്റെ ശക്തിയും ചേർത്തു ഒരു കുന്തമെടുത്ത്  പ്രൂടെൻഷിയോവിനെ എറിഞ്ഞു. പ്രൂടെൻഷിയോവിന്റെ  തൊണ്ട കീറിമുറിഞ്ഞു.  അന്ന് രാത്റി എല്ലാവരും ശവത്തിനരികിൽ ഉറങ്ങാതെ ഇരുന്നു. ആർകെഡിയോ തന്റെ  ഭാര്യയുടെ മുറിയിൽകയറിച്ചെന്നു. അവൾ കന്യകാത്വം  സൂക്ഷിക്കാനുള്ള ട്രോയർ വലിച്ചു കയറ്റുകയായിരുന്നു. അവളുടെ നേർക്ക്‌ കുന്തം ഓങ്ങി അയാൾ ആജ്ഞാപിച്ചു "ഊരി മാറ്റു" ഉൽസുല വഴങ്ങി.  അവൾ പറഞ്ഞു എന്ത് സംഭവിക്കുന്നുവോ അതിനുത്തരവാദി നിങ്ങൾ ആയിരിക്കും. നീ വാലുള്ള ജന്തുക്കളെ പ്രസവിക്കുകയാണങ്കിൽ  നാം അവരെ വളർത്തും അയാൾ പറഞ്ഞു. പക്ഷെ നിന്റെ കാര്യം പറഞ്ഞു ഈ നഗരത്തിൽ ഇനി കൊല നടക്കാൻ പാടില്ല. അവർ വെളുക്കുവോളം ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടു. 

ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രി ഉൾസുല കുറച്ചു വെള്ളമെടുക്കാനായി മുറ്റത്തിറങ്ങി. വെള്ളമെടുക്കുന്ന പാത്രത്തിനടുത്തു പ്രൂടെൻഷിയോ അഗ്വലർ നില്ക്കുന്നതായി അവർ കണ്ടു. വിളറിദയനീയ ഭാവത്തോടെ തൊണ്ടയിലെ മുറിവിൽ മരുന്ന് വെക്കുകയാണ് അയാൾ. ഭർത്താവിനോട് ഉൽസുല ഇക്കാര്യം പറഞ്ഞു. അവർ അത്ര ശ്രദ്ധിച്ചില്ല. രണ്ടു രാത്രികൾക്ക് ശേഷം പ്രൂടെൻഷിയോ വീണ്ടും കുളിമുറിയിൽ നില്ക്കുന്നതായി ഉൽസുല കണ്ടു. തൊണ്ടയിലെ മുറിവിലെ കട്ടപിടിച്ച രക്തം കഴുകി മാറ്റുകയായിരുന്നു അയാൾ. മറ്റൊരു രാത്രി മഴയത്ത് നടക്കുന്നതായി കണ്ടു. ആർകെഡിയോ ബൂവേഡിയോ  കുന്തവുമെടുത്തു കൊണ്ട് മുറ്റത്തിറങ്ങി. മരിച്ച മനുഷ്യൻ തന്റെ ദൈന്യ ഭാവവുമായി അവിടെ നില്ക്കുന്നു. ആർകെഡിയോ ബൂവേഡിയോ അയാളെ നോക്കി അലറി. നീ എത്ര തവണ തിരികെ വരുന്നുവോ അത്രയും തവണ നിന്നെ ഞാൻ കൊല്ലും. പ്രൂടെൻഷിയോ തിരിച്ചു പോയില്ല. പിന്നീട് ഉൽസുല പ്രൂടെൻഷിയോ അടുപ്പിലെ പാത്രങ്ങൾ തുറക്കുന്നത് കണ്ടു. അത് എന്തിനാണന്ന് മനസ്സിലാക്കി. മനസ്സലിഞ്ഞ ഉൽസുല വീട്ടിനു ചുറ്റും നിറച്ച ജല പാത്രങ്ങൾ വെച്ചു. അവസാനം ആർകെഡിയോ കുന്തം  മുറ്റത്തു കുഴിച്ചിട്ടു. പ്രുടന്ഷിയോ അംഗലർക്ക് ശാന്തി കിട്ടാൻ തന്റെ പോര്കോഴികളുടെ കഴുത്തറുത്തു തർപ്പണം നല്കി,  ഉൽസുലയെയും കൂട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറിതാമസിക്കുകയും പിന്നീട് തന്റെ അനുജരന്മാരോടൊപ്പം മക്കണ്ടോ എന്ന സ്വപ്ന നഗരം സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്‌ .  

കാലത്തിനു ശേഷം നരച്ച മുടിയും അവ്യക്തമായ അംഗ വിക്ഷെപങ്ങളുമായി തന്റെ മുറിയിൽ വീണ്ടും പ്രൂടെൻഷിയോ കടന്നു വരുന്നുണ്ട്. ആദ്യം മനസ്സിലായില്ലങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു. മരണമടഞ്ഞവർക്കും വാർധക്യമാകുമെന്നറിഞ്ഞു അയാൾ ഞെട്ടുന്നു. മരിച്ചു കഴിഞ്ഞു വളരെ വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരിക്കുന്നവരെ കാണാനും ചങ്ങാത്തം കൂടാനുമുള്ള അതിര് കവിഞ്ഞ ആവേശത്തോടു കൂടി മരണത്തിനുള്ളിലെ മരണം അടുത്താണെന്ന് അറിഞ്ഞു കൊണ്ട് പ്രൂടെൻഷിയോ തന്റെ ഏറ്റവും കടുത്ത ശത്രുവിനെ സ്നേഹിക്കുന്നു.  

ഈ നോവലിന്റെ പല കഥാ പാത്രങ്ങളും ഇന്ത്യയുമായി ബന്ധമുണ്ടന്നു തെളിച്ചു പറയുന്നില്ലങ്കിലും പല രൂപത്തിലും പല ആചാരങ്ങളിലും മലയാളികളുമായി ബന്ധ്പ്പെടുന്നുണ്ടോ എന്ന് വായനക്കാർക്ക് തോന്നുന്നു. ഇന്ന്  മനുഷ്യനെ മൃഗീയനാക്കുന്നകാമ വികാരം  കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. ഈ നോവലിന്റെ ചില ഭാഗങ്ങളിൽ  മൃഗീയവും അനിയന്ത്രിതവുമായ കാമാവെഷം വരച്ചിടുന്നുണ്ട്.   കൌമാരപ്രായക്കാരിയായ മുലാറ്റോ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ലൈംഗിക പീഡനം   വായനക്കാർക്ക് വേദന നല്കുന്നു. മുലാറ്റോയുടെ അമ്മൂമ ഓരോ രാത്രിയും  എഴുപതോളം പേർക്കാണ് മുലാറ്റോയെ കാഴ്ച വെക്കുന്നത്. ഒടുവിൽ അറീലിയിനോ അവളുടെ മുറിയിൽ എത്തുകയാണ്. അറീലിയോവിനു മുമ്പേ ആ രാത്രിയിൽ അറുപത്തിമൂന്ന് പുർഷന്മാർ ആ മുറിയിലൂടെ കടന്നു  പോയിട്ടുണ്ട്. അയാൾക്ക്‌ അവളോട്‌ സ്നേഹം തോന്നുന്നു. അറീലിയാനോവിന്റെ പ്രേമം വായനക്കാർക്ക്  കൌതുകം നൽകുമ്പോൾ  പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകൾ നോവലിലൂടെ വളരുകയാണ്. ആശാമേനോൻ പുസ്തകത്തിന്റെ പരിഭാഷയുടെ  ആമുഖത്തിൽ പറഞ്ഞത് പോലെ "പുരാതന ജിറെനിയങ്ങളുടെ മർമ്മരം പുരണ്ട കാറ്റ് ശമിക്കുമ്പോൾ  ബാക്കിയാവുന്ന ശൂന്യത നമ്മിൽ ഒരു തരം നിരാസക്തി പടർത്തുകയാണ്. വേദനയ്ക്കും      ആഹ്ലാദത്തിനുമുപരി കല പകർന്നു തരേണ്ട കരടറ്റ  സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യപ്പെടുന്നു. അതിനാൽ നിമിഷങ്ങളിലേക്ക് കുറുകുന്ന സമയ സാന്ദ്രതയ്ക്ക് പകരം നൂറ്റാണ്ടുകളിലേക്ക് പടരുന്ന സമയ വ്യാപനം ഈ കൃതിയുടെ അച്ചുതണ്ടായി തീരുന്നു. ലൌകികമായ ചതുരശ്ര മാനങ്ങളെ മാർക്യൂസിന്റെ ഈ കൃതി അതിക്രമിക്കുന്നത് ഈ വ്യാപനത്തിലൂടെയാണ്".
 
നിരൂപകർ സൂചിപ്പിക്കുന്നത് പോലെ സപാനിഷ് കോളനി വൽക്കരണത്തിനു ശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങളും ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്. പരഗതിയും ചലനവും നഷ്ടപ്പെട്ട ഒരു ജനത ജീർണിക്കുകയെ  ഉള്ളൂ. പ്രഗതി ശീലരായ ഒരു ജനതയുടെ പാശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടത്, ശാസ്ത്രത്തിന്റെയും ടെക്നോലജിയുടെയും വികാസ പരിണാമങ്ങളും ചൂഷണവും പീഡനങ്ങളും  വിപ്ലവും എല്ലാം ഈ നോവലിൽ ഉണ്ട്.   മാർക്യൂസ് ഈ നോവൽ എഴുതാൻ തുടങ്ങിയത് ഒരു ദിവ്യ വെളിപാട് പോലെയായിരുന്നു  വീട്ടിൽ ദാരിദ്ര്യം വാഴുമ്പോഴും ലോകം ഒരു വിഖ്യാത സൃഷ്ടിക്കായി കാതോർക്കുകയായിരുന്നു. ഒരിക്കല്‍ ഗബ്രിയേൽ തന്റെ കുടുംബവുമായി അക്കാപുല്ക്കോകയിലേക്ക് പോകവെ  പെട്ടെന്ന് ബോധോതയം വന്നത് പോലെ ഏകാന്തതയുടെ നൂറു വർഷ്ങ്ങളുടെ ചിന്തകൾ  മനസ്സിൽ ഉദിക്കുകയായിരുന്നു.  ഉടനെതന്നെ അദ്ദേഹം വണ്ടി തിരിച്ചു വിട്ടു. വീട്ടിലേക്കു മടങ്ങി,  ഇനി ഞാന്‍ എന്റെ മുറിയിൽ നിന്നും  പുറത്തിറങ്ങുകയില്ലെന്നും ചുരുങ്ങിയത് ആറോ ഏഴോ മാസം എഴുത്തിലായിരിക്കുമെന്നും  അദ്ദേഹം ഭാര്യോടു പറഞ്ഞു. അകത്തുകയറി വാതിലടച്ചു മാർക്യൂസ്  എഴുതിത്തുടങ്ങി. ശല്യപ്പെടുത്തരുതെന്നു പറഞ്ഞു. ഭാര്യ  വീട്ടിൽ വരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും അതിഥികളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.  വർഷങ്ങള്‍ കടന്നുപോയി.  ഭർത്താവ് മുഴു സമയഎഴുത്തിലായപ്പോൾ   ജീവിക്കാനായി ഭാര്യ തന്റെ കാര്‍ വിറ്റു.  പലരോടും കടം പറഞ്ഞും പ്രയാസപ്പെട്ടും  ജീവിതം മുമ്പൊട്ട്  നീക്കി പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകള്‍ തേടിയ മാർക്യൂസ് 18 മാസത്തോളം ദിവസവും എഴുതിയാണ്  നോവല്‍ പൂർത്തിയാക്കിയത്. 1967ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കണക്കാക്കപ്പെടാറുണ്ട്. നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തത്  ഡോ എസ് വേലായുധനാണ്. മാർക്യൂസിന്റെ മാന്ത്രിക വിരൽ ചലനം നിലച്ചെങ്കിലും 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' നമ്മളെന്നും അനുഭവിച്ചു കൊണ്ടേയിരിക്കും ....

3 comments:

 1. നല്ല അവതരണം, നന്നായി എഴുതി
  ഇദ്ധേഹത്തിന്റെ കോളറ കാലത്തെ പ്രണയം എനിക്ക് നന്നായി ഇഷ്ടായി

  ReplyDelete
 2. മുറിക്കു പുറത്തിറങ്ങാതെ പതിനെട്ടു മാസത്തോളം ദിവസവും എഴുതി തീര്‍ത്ത നോവലും , ജീവിക്കാന്‍ വേണ്ടി കടം പറഞ്ഞും പ്രയാസപ്പെട്ടും കഷ്ടപ്പെട്ട ഭാര്യയും...ഹോ !!!
  മലയാളത്തിന്റെ സ്വന്തം ഗാബോ നന്നായി എഴുതി (y)

  ReplyDelete
 3. നിര്‍ഭാഗ്യം ഇദ്ദേഹത്തെ വായിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല ഇദ്ദേഹത്തെ കുറിച്ചും കൃതികളെ കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ട് നല്ല പരിജയപെടുത്തല്‍ ആശംസകള്‍ മജീദ്‌ ജി

  ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...