Thursday, March 17, 2016

അവര്‍ നാടകം കളിക്കുകയാണ്

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരത്തില്‍ ഖത്തറില്‍ നിന്ന് മൂന്നും ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുവീതം നാടകങ്ങളുമായിരുന്നു പങ്കെടുത്തത് - മൊത്തം പതിമൂന്നു നാടകങ്ങള്‍. സംസ്‌കൃതി  അവതരിപ്പിച്ച 'കടല്‍ കാണുന്ന പാചകക്കാരന്‍', ക്യു മലയാളത്തിന്റെ 'കരടിയുടെ മകന്‍', കൂറ്റനാട് കൂട്ടായ്മയുടെ 'കാഴ്ച ബംഗ്ലാവ്' എന്നിവയായിരുന്നു ഖത്തറിലെ നാടകങ്ങള്‍.

നാടക പ്രവര്‍ത്തകനും ചലച്ചിത്ര താരവും തിരക്കഥാകൃത്തും സംവിധാനയകനുമായ പ്രൊഫ. പി ബാലചന്ദ്രനും നാടക പ്രവര്‍ത്തകനും ലോകധര്‍മ്മി നാടക സംഘം സ്ഥാപക ഡയരക്ടറുമായ പ്രൊഫ. ചന്ദ്രദാസുമായിരുന്നു ജൂറി അംഗങ്ങള്‍. 

സൈബര്‍ ബന്ധങ്ങള്‍ കൂടുകയും ജൈവികമായ ബന്ധങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ കാലത്ത് നാട്ടിലെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത, സ്‌നേഹം വറ്റി വരണ്ട ആസുര കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രവാസ ലോകത്ത് നിന്നും തോന്നും. സര്‍ഗാത്മകത നഷ്ടപ്പെടുന്നിടത്ത് അനീതിയും അക്രമവും വളരും എന്ന തിരിച്ചറിവിലൂടെ കലകള്‍ വളരണം. അങ്ങനെ പുതിയ കാലത്തിന്റെ സര്‍ഗ്ഗാത്മകതയിലേക്ക് ഒഴുകിച്ചേരാന്‍ കഴിയേണ്ടിയിരിക്കുന്നു. താന്‍ ജീവിക്കുന്ന കാലത്തിന്റേതായ സമയവര്‍ണം കൂരിരുട്ടിനെ കുറിച്ചാണെന്നും നാം എത്തിച്ചേരേണ്ടത് ഒരു വലിയ വെളിച്ചത്തിലേക്കാണെന്നും ആ വെളിച്ചത്തിന് സ്‌നേഹമെന്നും സ്വാതന്ത്ര്യമെന്നും ശാന്തിയെന്നും സൗന്ദര്യമെന്നും സഹിഷ്ണതയെന്നും വിളിപ്പേരുണ്ടെന്നും തിരിച്ചറിയാനാവണം.  സംസ്‌കൃതി അവതരിപ്പിച്ച 'കടല്‍ കാണുന്ന പാചകക്കരന്‍' നാടകത്തിലൂടെ ഖലീല്‍, ശിവാനന്ദന്‍ എന്നീ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഇവിടെയാണ്.

നാടകം പ്രേക്ഷകരില്‍ അസഹിഷ്ണുതക്കെതിരെയുള്ള പ്രതിരോധത്തിന്റെ പാലങ്ങള്‍ തീര്‍ക്കുകയായിരുന്നു -  സ്‌നേഹബന്ധങ്ങളിലേക്ക് നീളുന്ന പാലങ്ങള്‍. സാംസ്‌കാരിക അധിനിവേശം മനുഷ്യന്റെ വായനയേയും വായനശാലകളെയും കൊല്ലുമ്പോള്‍ പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കുന്ന ശിവാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യം അതിമനോഹരമായ ദൃശ്യഭാഷയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുവേള ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു നാട്ടിന്‍പുറത്തെ പഴയകാല നാടകകൂട്ടായ്മയുടെയും വായനശാല വാര്‍ഷികത്തിന്റെയും ദൃശ്യങ്ങള്‍ നാടകത്തില്‍ പുനരവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും ആ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തിട്ടുണ്ടാവും.

വലിയ പരീക്ഷണങ്ങളൊന്നും നടത്താതെ പരിമിതമായ സമയവും സ്ഥലവും ഉപയോഗിച്ചു കുറച്ചു കലാകാരന്മാര്‍ ചേര്‍ന്ന് ഓരോ നാടകവും അരങ്ങില്‍ എത്തിക്കുകയായിരുന്നു. പ്രവാസി നാടക വേദികളില്‍ ഇപ്പോഴും എഴുപതുകളിലെയും എണ്‍പതുകളിലെയും പരമ്പരാഗത രീതിയാണ് തുടരുന്നത് എന്ന ജൂറി അംഗങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാന്‍ പ്രവാസി നാടക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ലോകനാടകത്തെ കുറിച്ചും കേരളത്തിലെ 
സമകാലീന നാടക ശൈലിയെ കുറിച്ചും തികച്ചും ബോധമുള്ളവരാണ് പ്രവാസി നാടക പ്രവര്‍ത്തകരില്‍ പലരും. കാലത്തിനനുസരിച്ച് നാടകത്തെ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല എന്നത് സത്യമാണ്. എങ്കിലും വെറും ഫലിതങ്ങളും പൊള്ളയായ കുറെ വാക്കുകളും പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനു പകരം സമകാലീന വിഷയങ്ങള്‍ നാടകത്തിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അടുക്കിവെക്കലിലും ശൈലിയിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാങ്കിലും നാടകത്തില്‍ ഉടനീളം ജൈവികത നില നിര്‍ത്താനും സമകാലീന വിഷയങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികള്‍ ഇല്ലാതെ പക്വമായി അവതരിപ്പിക്കാനും അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. കടല്‍ കാണുന്ന പാചകക്കാരന്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. 

വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട പല നാടകങ്ങളും ജനപ്രീതിയിലും പ്രചാരത്തിലും ഏറെ മുമ്പില്‍ നില്‍ക്കാന്‍ കാരണം അന്നത്തെ സാമൂഹിക ചുറ്റുപാടുകളായിരുന്നു. ഇന്നും അത്തരം സാഹചര്യങ്ങളില്‍ പലതും നിലനില്‍ക്കുന്നുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മലയാള നാടക ചരിത്രത്തിലെ അപൂര്‍വസംഭവമായാണ് പലരും വിലയിരുത്തുന്നത്. അക്കാലത്തെ നാടക സംഘങ്ങളും ഗ്രാമീണ നാടക പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് നാടകത്തെ ജനകീയവത്കരിച്ചത് പോലെ ഈ കാലത്തും നാടക കലയെ ജനകീയമാക്കുകയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ഇരകളുടെ ശബ്ദമായി മാറുന്ന നാടകങ്ങള്‍ കൂടുതലായി വരേണ്ടിയിരിക്കുന്നു. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് എന്ന നാടകം ആദ്യം നോവലായി എഴുതാനായിരുന്നു വി ടി ചിന്തിച്ചത്. ഒരു നോവലിനേക്കാള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക നാടകത്തിനാണ് എന്ന ചിന്തയാണ് മാറ്റത്തിന് കാരണമായത്. അക്ഷരാഭ്യാസമില്ലാത്തആളുകള്‍ക്കുകൂടി പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തിലാണ് ആശയം നാടക മാറ്റാന്‍ പ്രധാന 
കാരണം. അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിച്ച ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളായിരുന്നു അവ. അനീതിക്കെതിരെ കലയിലൂടെ പ്രതിരോധം തീര്‍ക്കാനും നഷ്ടപ്പെടുന്ന സൗഹാര്‍ദവും സമാധാനവും പരസ്പര സ്‌നേഹവും തിരിച്ചു കൊണ്ടുവരാനും ഈ കലയിലൂടെ സാധിക്കും. അതിനു വേണ്ടിയുള്ള വേഷപ്പകര്‍ച്ച തന്നെയായിരുന്നു ഖത്തറിലെ നാടക മത്സരത്തില്‍ കണ്ടത്. ഓരോ രംഗവും ഓരോ അഭിനേതാവും പ്രേക്ഷകരോട് നേരിട്ട് സംവദിക്കുകയായിരുന്നു. നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനും വേണ്ടിയാണ് മൂന്നു നാടകങ്ങളും ശ്രമിച്ചത്. 

കടല്‍ കാണുന്ന പാചകക്കാരന്‍
അടുക്കളയുടെ നാല് ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെടുമ്പോഴും പിറന്ന നാടും കടലും നാട്ടിലെ വായനശാലയും അവിടുത്തെ സൗഹൃദങ്ങളും സുഹറ എന്ന തന്റെ പ്രണയിനിയെയും ഒരു വികാരമായി കൊണ്ടുനടക്കുന്ന ഖലീല്‍ എന്ന പ്രവാസിയിലൂടെയാണ് 'കടല്‍ കാണുന്ന പാചകക്കരന്‍' കഥ നീങ്ങുന്നത്. പ്രവാസികളുടെ നൊമ്പരത്തെ അടയാളപ്പെടുത്തുകയായിരുന്നു ഈ നാടകം.
മനസ്സില്‍ ആര്‍ത്തിപൂണ്ട മനുഷ്യന്റെ കയ്യേറ്റം സമുദ്രസമ്പത്തിനെ ഊറ്റിയെടുത്ത് ഇല്ലാതാക്കുമ്പോള്‍ 'കടലിന്റെ അടിമാന്തി ഞങ്ങളുടെ അണ്ഡങ്ങളെയും നിങ്ങള്‍ കവര്‍ന്നെടുത്തു, ഞങ്ങളുടെ കുഞ്ഞു മക്കളെയെങ്കിലും വെറുതെ വിട്ടുകൂടായിരുന്നോ' എന്ന പെണ്‍മീനിന്റെ ചോദ്യം പ്രേക്ഷകരെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. പെണ്‍മീനിന്റെ നിലവിളികളില്‍ വംശഹത്യകളും ഭ്രൂണഹത്യകളും മാതൃഹത്യകളും മാറിമാറി നിഴലിക്കുകയായിരുന്നു. പെണ്‍മീനായി വേഷമിട്ടത് ദര്‍ശന രാജേഷായിരുന്നു. മികച്ച കഥാപാത്രമായി മാറാന്‍ പെണ്‍മീനിലൂടെ ദര്‍ശനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖലീലിന്റേയും സുഹറയുടെയും പ്രണയവും പെരുകിവരുന്ന സ്ത്രീപീഡനങ്ങളും പിഞ്ചുകുഞ്ഞുങ്ങളോടു പോലും കാണിക്കുന്ന ക്രൂരതകളോടുള്ള സുഹറയുടെ പ്രതിഷേധവും മനോഹരമായി വരച്ചു ചേര്‍ക്കുന്നു.

ഖലീല്‍, ശിവാനന്ദന്‍, പെണ്‍മീന്‍, ആയിഷ, സുഹറ, ജോസേട്ടന്‍, ബാപ്പ, രാഘവേട്ടന്‍ തുടങ്ങി കടലോരം സമൃദ്ധമാക്കിയ പ്രതിഭകള്‍, മാലാഖമാരായി അവതരിച്ച കുരുന്നുകള്‍ തുടങ്ങിയവരെല്ലാം അഭിനയകലയുടെ മര്‍മ്മംകണ്ട പ്രകടനം കാഴ്ചവെച്ചു. ഇരുളും വെളിച്ചവും വിദഗ്ധമായി സന്നിവേശിപ്പിച്ച ദൃശ്യചാരുത, വേദിയുടെ പിരിമുറുക്കങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പശ്ചാത്തല സംഗീതം, അങ്ങനെ ഒരുപിടി പ്രതിഭാ വിലാസങ്ങളെ ഒരു കുടക്കീഴിലേക്ക് മനോഹരമായി പ്രതിഷ്ഠിച്ച സംവിധാന മികവ് ഈ നാടകത്തില്‍ പ്രകടമായിരുന്നു. സമകാലിക ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പാശ്ചത്തലങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികളില്ലാതെ പക്വമായി അവതരിപ്പിച്ചു എന്നത് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നു.

ബാബു വൈലത്തൂര്‍ രചനയും ഫിറോസ് മൂപ്പന്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തലസംഗീതം സുഹാസ് പാറക്കണ്ടിയും ദീപ നിയന്ത്രണം ഗണേഷ് ബാബുവും ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍ നൗഫല്‍ ഷംസ്, രംഗ സജ്ജീകരണം വിനയന്‍ ബേപ്പൂരും നിര്‍വഹിച്ചു.
നാടകത്തില്‍ മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടത് ഫിറോസ് മൂപ്പന്‍, ദര്‍ശന രാജേഷ്, മനീഷ് സാരംഗി, ജെയിസ് കിളന്നമണ്ണില്‍, ഫൈസല്‍ അരിക്കാട്ടയില്‍, ശ്രീലക്ഷി സുരേഷ്, ഗൗരി മനോഹരി തുടങ്ങിയവരാണ്. കൂടാതെ നേഹ കൃഷ്ണ, അസ്ലേശ സന്തോഷ്, ശ്രീനന്ദ രാജേഷ്, സഞ്ജന എസ് നായര്‍, റഫീക്ക് തിരുവത്ര, മന്‍സൂര്‍ ചാവക്കാട്, ഷെറിന്‍ പരപ്പില്‍, താഹിര്‍, വിനയന്‍ ബേപ്പൂര്‍, നിതിന്‍ എസ് ജി, സുരേഷ്‌കുമാര്‍ ആറ്റിങ്ങല്‍, ശരത് തുടങ്ങിയവരും അഭിനയിച്ചു.

കരടിയുടെ മകന്‍
ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യുന്ന പ്രൊഫസര്‍ ചാണ്ടിയും ഏതാനും കോളെജ് വിദ്യാര്‍ഥികളും തമ്മിലുള്ള ഒരു അഭിമുഖീകരണമായിരുന്നു കരടിയുടെ മകന്‍. എല്ലാം പദാര്‍ഥത്തിന്റെ നിയമങ്ങളിലൂടെ മനസ്സിലാക്കി അതില്‍ തന്നെ വ്യഥ അനുഭവിക്കുന്ന പ്രൊഫസര്‍, സത്യാന്വേഷണത്തിനു മുന്നില്‍ വ്യക്തിപരമായ ദുഃഖങ്ങള്‍ പ്രൊഫസര്‍ അവഗണിക്കുന്നു. പ്രകൃതി മനുഷ്യനെ പരിഗണിക്കുന്നുണ്ടോ എന്ന ജ്ഞാനിയുടെ സംശയംകൊണ്ട് പ്രൊഫസര്‍ വിദ്യാര്‍ഥികളിലുണ്ടാക്കുന്ന മാറ്റം ഏതു തരത്തിലുള്ളതാണെന്നും തന്റെ വേദനകളെ നിസ്സംഗമായി നേരിടുന്ന ഒരു മനുഷ്യന് കഴിയുന്നതെന്ത് എന്നും നാടകം പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കുകയായിരുന്നു.
കരടിയുടെ മകന്‍ തത്വചിന്തകളിലൂടെ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു. കളിയും ചിരിയുമായി കോളെജ് കാംപസും കാന്റീനും കോളെജ് ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ചിത്രീകരിച്ച മനോഹര രംഗങ്ങള്‍. എപ്പോഴും തലച്ചോറിനെ കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന പട്ടാളച്ചിട്ടയുള്ള ചാണ്ടി മാഷ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലെയും തത്വജ്ഞാനം പുതുതലമുറയിലെ കുട്ടികള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ചിന്തകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുട്ടികള്‍ അദ്ദേഹത്തിനു നല്കുന്ന പേരാണ് കരടി. കൃത്യതയിലും അച്ചടക്കത്തിലും പട്ടാള സമാനമായ സ്വഭാവമായത് കൊണ്ടും പരുക്കന്‍ പ്രകൃതമായതുകൊണ്ടും അവര്‍ അദ്ദേഹത്തെ എപ്പോഴും കരടി എന്ന് വിളിക്കുന്നു. അദ്ദേഹത്തിനു കൂടുതല്‍ സമയവും പറയാനുണ്ടായിരുന്നത് മനുഷ്യന്റെ തലച്ചോറിനെ കുറിച്ചായിരുന്നു.
എന്നും ശത്രുവിനെ പോലെ അവര്‍ കണ്ടിരുന്ന അധ്യാപകന്‍ ആശുപത്രിയുടെ ഐ സി യുവിന്റെ മുമ്പില്‍ ഇരിക്കുന്ന തന്റെ വിദ്യാര്‍ഥികളോട് മകന്റെ തലയുടെ എക്‌സ്‌റേ വിറക്കുന്ന കയ്യാലെ പിടിച്ച് അതിന്റെ ഓരോ ഭാഗത്തേക്കും വിരല്‍ചൂണ്ടി വികാരത്തോടെ പറയുന്ന രംഗം എന്നും ഓര്‍മ്മയില്‍ അവശേഷിക്കും.
'ഇതാ ഇവിടെയാണ് ഇഞ്ചുറി, ഇവിടെ ബ്ലഡ് ക്ലോട്ട് ചെയ്തിട്ടുണ്ട്. ആ വെളുത്ത ഒരു ശര്‍ക്കരപ്പൊതിയുടെ വലിപ്പം മാത്രമുള്ള ഈ തലച്ചോറിനകത്താണ് എല്ലാം. മൂന്ന് മിനിറ്റ് ഓക്‌സിജന്‍ കിട്ടിയില്ലെങ്കില്‍ ബ്രെയിന്‍ സെല്ലുകള്‍ മരിക്കും. നിങ്ങളുടെയൊക്കെ മുന്നില്‍ വന്നുനിന്ന് എപ്പോഴും അപമാനിതനാകുമ്പോഴും ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. മനുഷ്യനില്ലെങ്കിലും ഈ പ്രകൃതിക്ക് ഒന്നും വരാനില്ല.'
'ഒരു മൃഗത്തിനും സസ്യത്തിനും പറവയ്ക്കും മനുഷ്യനെ ആവശ്യമില്ല. പിന്നെ എന്തിനാണ് മനുഷ്യര്‍ അഹങ്കരിക്കുന്നത്. നോക്ക്, ഈ ഫിലിമില്‍ കാണുന്നതാണ് അവന്റെ തലച്ചോറ്. എന്നാല്‍ ഞാന്‍ വരാന്‍ വൈകിയാല്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന അവന്‍ ഇതിലെവിടെയാണ്. ഉറങ്ങുമ്പോള്‍ ഏതോ സ്വപ്‌നംകണ്ട് വിതുമ്പിയിരുന്ന അവന്റെ ചുണ്ടുകള്‍ ഇതില്‍ കാണാനില്ലല്ലോ.'
'കഴിഞ്ഞ വിഷുവിന്റന്ന് ഒരു കൊച്ചു കുരുവി അവന്റെ കൈത്തണ്ടയില്‍ വന്നിരുന്ന് ചിറകനക്കി. മഞ്ഞച്ചിറകുള്ള ഒരു കുരുവി. അതിനുശേഷം കണ്ണടച്ചാല്‍ ആ പക്ഷിയെ കാണാറുണ്ടെന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു. ഇതാ…ഇതില്‍ ആ പക്ഷി എവിടെ? എനിക്കറിയാം, അവന്‍ ഇനി കണ്ണ് തുറക്കില്ല.'
പ്രൊഫസറുടെ സംസാരം കേള്‍ക്കുന്ന വിദ്യാര്‍ഥികളെ ഐ സി യുവിന്റെ ചില്ലുജനലിലൂടെ വരുന്ന തളര്‍ന്ന വെളിച്ചത്തില്‍ നാം കാണുമ്പോള്‍ ഒരു നെഞ്ചിടിപ്പ് അനുഭവപ്പെടുകയായിരുന്നു. അതിലൊരു കുട്ടിയുടെ ചോദ്യമുണ്ട്. മനസ്സില്‍ തറക്കുന്ന ചോദ്യം. 'ഈ പൂവും വാടും ഇല്ലേ. ഈ പൂവ് വാടാതിരുന്നങ്കില്‍...' അത് കേള്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും കണ്ണ് നനയുകയായിരുന്നു. പ്രേക്ഷകരെ മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് നാടകത്തോടൊപ്പം സഞ്ചരിപ്പിക്കാന്‍ കരടി മാഷ് എന്ന കഥാപാത്രത്തിലൂടെ ശംസുവിനു കഴിഞ്ഞു.

തന്റെ മകനെ മടിയില്‍ കിടത്തി ശലഭങ്ങളെ പറ്റി പറയുന്ന രംഗം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. 'ശലഭങ്ങള്‍ ഇലകള്‍ക്കടിയില്‍ തൂങ്ങിക്കിടക്കുന്നത് ഇരപിടിയന്മാരായ പക്ഷികളില്‍നിന്നും പിന്നെ മഴയില്‍ നിന്നും രക്ഷപ്പെടാനാണ്. ഈ ലോകത്തെവിടേയും ഇരകളും ഇരപിടിയന്മാരുമാണ്. ശലഭങ്ങള്‍ ഉറങ്ങുമ്പോള്‍ അവയെ തിന്നാന്‍ തക്കം പാര്‍ത്തു നടക്കുന്ന ഇരപിടിയന്മാരുണ്ട്. ഒരു ജീവിയുടെ ഉറക്കമാണ് മറ്റൊരു ജീവിയുടെ ഭക്ഷണം.…ഇവിടെ പറയാതെ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്- ഒന്നുറങ്ങുന്നതും മയങ്ങുന്നതും കാത്ത് ഇരകളെ പിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരാണ് ഇവിടുത്തെ ഇരകള്‍. ഇരകളെന്നും ഇരകള്‍ തന്നെയാണ്- ഈ ശലഭങ്ങലെ പോലെ.

എം കമറുദ്ദീന്‍ രചനയും അസീസ് വടക്കേക്കാട് സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തല സംഗീതം പ്രജിത് രാമകൃഷ്ണനും ദീപ നിയന്ത്രണം നിക്കുകേച്ചേരിയും രംഗ സജ്ജീകരണം മുത്തു ഐ സി ആര്‍ സിയും നിര്‍വ്വഹിച്ചു. നാടകത്തില്‍ വേഷമിട്ടത് ശംസുദ്ദീന്‍, പോക്കര്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, നവാസ് മുക്രിയകത്ത്, ഡെന്നി തോമസ്, ശ്രീനാഥ് ശങ്കരന്‍ കുട്ടി, ഷാന്‍ റിയാസ്, ആരതി രാധാകൃഷ്ണന്‍, അസി സബീന, ഷഫീക് കെ ഇ, രാഹുല്‍ കല്ലിങ്ങല്‍, ബേബി മനോജ്, ഷറഫുദ്ദീന്‍, ബീന പ്രദീപ്, സൈനുദ്ദീന്‍ ഷംസു എന്നിവരാണ്.

കാഴ്ചബംഗ്ലാവ്
മുതലാളിത്വ വ്യവസ്ഥിതിയുടെ ആര്‍ത്തിമൂലം സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെട്ട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കര്‍ഷകര്‍ ഒരു പ്രകൃതിദുരന്തത്തില്‍ നിസ്സഹായരാവുമ്പോള്‍ അതിജീവനത്തിനായി നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ കഥയാണ് 'കാഴ്ചബംഗ്ലാവ്' പറഞ്ഞുവെച്ചത്. മുതലാളിമാരുടെ ബംഗ്ലാവുകളില്‍ ചലനമറ്റുകിടക്കുന്ന വസ്തുക്കള്‍ക്ക് കാറ്റിനോടുള്ള പ്രണയത്തിന്റേയും അനുകമ്പയുടേയും നിറഭേദങ്ങള്‍ ബിംബവത്കരിച്ച് അമേച്വര്‍ നാടകവേദിയില്‍ വ്യത്യസ്തമായ രംഗഭാഷാ ശൈലിയാണ് കാഴ്ചബംഗ്ലാവില്‍ ഉപയോഗിച്ചത്.
കൂറ്റനാട് ജനകീയ കൂട്ടായ്മ അവതരിപ്പിച്ച 'കാഴ്ച ബംഗ്ലാവ്' രാജേഷ് എം പിയുടെ സ്വതന്ത്ര രചന ഖത്തര്‍ പ്രവാസിയായ അജയ് വേല്‍ സംവിധാനം നിര്‍വ്വഹിച്ചു.
ഫൈസല്‍ കുഞ്ഞുമോന്‍, പാര്‍വ്വതി, മുസ്തഫ കമാല്‍, നിഹാരിക പ്രദോഷ്, ജംഷീദ് കേച്ചേരി, സ്മിജാന്‍, ഷാഹുല്‍ ഹമീദ്, ഐഷു അഷറഫ്, അമര്‍ നവാസ്, ഋത്വിക് പ്രദോഷ് എന്നിവര്‍ വേഷമിട്ടു. സംഗീതം ഫൈസല്‍ അലിയും രംഗപടം ഷറഫുദ്ദീനും ചമയം ഹസ്‌ന ഫൈസലും ബേബി റുബീഷും നിര്‍വഹിച്ചു. ഷമീര്‍ ടി കെ ഹസ്സന്‍, വി ബുക്കാര്‍, പി എ അഷ്‌റഫ്, സക്കീര്‍ വി പി തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

-------------------------------

ജൂറിയുടെ വിലയിരുത്തലുകൾ :
'പ്രേക്ഷകരോളം വളരാന്‍ നാടകങ്ങള്‍ക്ക് കഴിയണം' ജൂറിഅംഗങ്ങളുടെ    ക്രിയാത്മകമായ നിർദേശങ്ങളും വിമർശനങ്ങളും പൊസറ്റീവ് ആയി എടുത്തു കൊണ്ട് കൂടുതൽ മെച്ചപ്പെടുത്താൻ ഈ രംഗത്തുള്ളവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും അവരുടെ വിലയിരുത്തലുകൾ : നാടകങ്ങളിൽ രംഗ     പാഠം   ദുര്ഭാലമായിരുന്നു 1970  കളിലെയും 80 തു  കളിലെയും നാടക ശൈലിയാണ് ഇവിടങ്ങളിലെ   നാടക വേദികൾ തുടർന്ന് വന്നിരിക്കുന്നത്. കേരളത്തിൽ ഉൾപടെ നാടക വേദികൾ വളരെമുന്നോട്ട് സഞ്ചരിച്ചതായും ലോക     നാടക രംഗത്ത്   വലിയ   പരീക്ഷണങ്ങൾ നടക്കുന്നതായും     ജൂറി അംഗങ്ങൾ പറഞ്ഞു.  സംഭാഷണങ്ങളിൽ ഒച്ച വെക്കലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കലുമല്ല നാടകം. കൃതിയിൽ നിന്ന് രംഗപടതിലെക്ക് മാറുന്ന ജൈവികതയാണ് നാടകത്തിൽ ഉണ്ടാവേണ്ടത്.  ഊർജമുള്ള അഭിനേതാക്കൾ ഉണ്ടങ്കിലും അവർക്കിടയിൽ സംഭവിക്കേണ്ട ചില ജൈവിക പ്രതിഭാസങ്ങളുടെ അഭാവമാണ് പൊതുവെ മുഴച്ചു നിന്നത്. കഥപറയൽ അടുക്കി  വെക്കൽ  ലോജിക്   ശൈലി സങ്കേതം   ഇവയിലെല്ലാം അപാകതകൾ ഉണ്ടായിട്ടുണ്ട്.  ഗൾഫ് രാജ്യങ്ങളിൽ മത്സരിച്ച 13 നാടകങ്ങളിൽ എട്ടണ്ണത്തിൽ സംവിധായകൻ വേഷമിട്ടിട്ടുണ്ട് സംവിധായകൻ അഭിനയിക്കുന്നതിന് പകരം അഭിനേതാക്കളെ വേദിയിലേക്ക് ഒരുക്കുകയാണ് വേണ്ടത്. അമിത സാങ്കെതികതകളിൽ ശ്രദ്ധിക്കുകയും വേദിയിലെ കഥാ പാത്രങ്ങളെ അത്ര ശ്രദ്ധിക്കാതിരിക്കുകയും ചെയൂന്ന പ്രവണത നാടക മത്സരത്തിൽ പങ്കെടുത്ത നാടകങ്ങളിൽ കാണുകയുണ്ടായി. വേദിയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളുടെ അറിവില്ലായ്മ പ്രധാന പോരായ്മയാണ്.  വെളിച്ചവും സംഗീതവും എങ്ങിനെയെന്ന് പഠിക്കേണ്ടിയിരിക്കുന്നു. പരിമിതികൾ ഉണ്ടായപ്പോഴാണ് എല്ലാ നാടുകളിലും മികച്ച നാടകങ്ങൾ സുര്ഷ്ടിക്കപ്പെട്ടത്  ഇന്ത്യയിൽ പഞ്ചാബും നാഗാലാണ്ടും അതിനുധാഹരങ്ങലാണ്  അത്കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നും  മികച്ച നാടകങ്ങൾ പ്രതീക്ഷിക്കുന്നതായി  അവർ പറഞ്ഞു. നാടകങ്ങളെ കുറിച്ചു പഠിക്കാൻ സൗകര്യമുണ്ടാകണമെന്നും പുതിയ അന്വേഷണങ്ങൾ നടക്കണമെന്നും അവർ സൂചിപ്പിച്ചു.

1 comment:

  1. ജൂറി അംഗങ്ങളിൽ പി.ബാലചന്ദ്രൻ ബന്ധുവും പ്രൊ. ചന്ദ്രദാസൻ അയൽക്കാരനും ആയിരുന്നു. കുറെ സമയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു ഇവിടെ ബഹറിനിൽ. നാടകത്തോട് വലിയ താല്പര്യമില്ലാത്തതിനാൽ നാടകം കാണാൻ പോയില്ലെന്ന് മാത്രം

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...