Wednesday, July 26, 2017

സിക്രീത്തിലേക്ക് ഒരു യാത്ര


സിക്രീത്തിലേക്ക് ഒരു യാത്ര 
മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനംപിടിച്ച രാജ്യത്തെ  ചരിത്രഭൂമിയായി അറിയപ്പെടുന്ന സുബാറഫോർട്ടും അതിനോടൊപ്പം തന്നെ  ഖത്തറിലെ ദുഖാനിലെ സിക്രീതും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം.  ദോഹയിൽനിന്ന് ഏതാണ്ട് നൂറ്റി അഞ്ചു കിലോമീറ്റർ അകലെയാണ് സുബാറ ഫോർട്ട് സ്ഥിതിചെയ്യുന്നത്. മനസ്സിന് ഏറെ സന്തോഷവും ആനന്ദവും നല്കിയ  യായ്ത്രയായിരുന്നു  സുബാറ കോട്ടയും ദോഹയിലെ സിക്രീത്തു സന്ദർശനവും.  ഖത്തരിന്റെ ചരിത്ര പ്രധാനമായ സുബാറ ഫോർട്ട്‌  യുനസ്കോ ഈയിടെയായി അവരുടെ പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിയ സസ്ഥലമാണ്. ഞങ്ങൾ ഒഴിവു ദിവസമായ വെള്ളിയാഴ്ച  രാവിലെ ചരിത്രാന്വേഷണത്തിന്റെയും മാനസിക ഉല്ലാസത്തിനും വേണ്ടി  പുറപ്പട്ടതായിരുന്നു. സുബാറ ഫോർട്ട് സന്ദർശിച്ചു  ജുമുഅ പ്രാർത്ഥനയും  കഴിഞ്ഞു   ദുഖാനില്‍ എത്തുമ്പോൾ ഞങ്ങളെ വരവേല്‍ക്കാന്‍ യാത്രയുടെ ഗൈഡായിരുന്ന  സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും  ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ്  സിക്രീത്തിലേക്ക്  പുറപ്പെട്ടത്. കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ഞങ്ങളെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. 

മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ  കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്രയെത്ര മനുഷ്യർ എത്ര പ്രവാചകന്‍മാര്‍, രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ആ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  
ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകർത്തുന്നത് കണ്ടു. 

നടന്നു  ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു. ചായ കൂടി കഴിഞ്ഞ ഞങ്ങൾ  കൂട്ടുകാർ സ്നേഹ  സൗഹൃദങ്ങൾ പങ്കു വെക്കുകയും  ചെറിയ  കായിക വിനോദ മത്സരങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനു ശേഷം  ഞങ്ങള്‍  കടല്‍ തീരത്തേക്ക്  പുറപ്പെട്ടു. തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്. ചിലർ  കടല്‍ വെള്ളത്തിലേക്ക് ഊളിയിട്ട് കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ആ യാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അന്നത്തെ അസ്തമയം. 

No comments:

Post a Comment

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...