Sunday, October 2, 2011

പലസ്തീന്‍ നല്‍കിയ അപേക്ഷ

പലസ്തീന്റെ അപേക്ഷ പൊതുസഭയില്‍ എത്തുമോ ? 
അമേരിക്ക വീറ്റോ ചെയ്യുമോ ? 
15 അംഗ രക്ഷാസമിതിയില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍  പലസ്തീനിന്‍ സാധിക്കുമോ ?
ഐക്യരാഷ്ട്രസഭയില്‍ അംഗത്വം ആവശ്യപ്പെട്ട് പലസ്തീന്‍ നല്‍കിയ അപേക്ഷ രക്ഷാസമിതിയുടെ പ്രത്യേക കമ്മിറ്റി വെള്ളിയാഴ്ച ചര്‍ച്ചയ്‌ക്കെടുത്തു. പലസ്തീന്റെ അപേക്ഷയെ പിന്തുണയ്ക്കുന്നതായി ഇന്ത്യ യോഗത്തില്‍ അറിയിച്ചു. യു.എന്‍.
അംഗത്വം തേടിയുള്ള അപേക്ഷ കഴിഞ്ഞയാഴ്ചയാണ് പലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ മഹമ്മൂദ് അബ്ബാസ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു സമര്‍പ്പിച്ചത്. ബാന്‍ കി മൂണ്‍ അത് രക്ഷാസമിതിയുടെ പരിഗണനയ്ക്കു വിട്ടു.

ഇതേത്തുടര്‍ന്നാണ് പുതിയ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യം പരിഗണിക്കാനുള്ള പ്രത്യക കമ്മിറ്റി യോഗം ചേര്‍ന്നത്. പലസ്തീന്റെ അപേക്ഷ ഐക്യരാഷ്ട്രസഭാ ചട്ടങ്ങള്‍ക്ക് അനുസൃതമാണോ എന്നു പരിശോധിച്ചശേഷം കമ്മിറ്റി അടുത്തയാഴ്ച രക്ഷാസമിതിക്ക് റിപ്പോര്‍ട്ടു നല്‍കും. ഈ റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ രക്ഷാസമിതി അപേക്ഷ പരിഗണിക്കും.

പലസ്തീന്റെ അപേക്ഷ ശരിവെച്ച് രക്ഷാസമിതിക്കു കൈമാറണമെന്നാണ് ശനിയാഴ്ചത്തെ യോഗത്തില്‍ ഇന്ത്യയുടെ പ്രതിനിധി ഹര്‍ദീപ് സിങ് പുരി ആവശ്യപ്പെട്ടത്. അപേക്ഷയില്‍ യു.എന്‍. ചട്ടങ്ങള്‍ക്കു നിരക്കാത്തതായി ഒന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിനെ ഇന്ത്യ അനുകൂലിക്കുന്നതായി ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കിയിരുന്നു.

പ്രത്യേക കമ്മിറ്റിയിലെ ഭൂരിപക്ഷംപേരും അനുകൂലിച്ചാലേ പലസ്തീന്റെ അപേക്ഷ രക്ഷാസമിതിക്കു കൈമാറൂ. രക്ഷാസമിതി അംഗീകാരം നല്‍കിയാല്‍ അത് പൊതുസഭയുടെ പരിഗണനയ്ക്കു വരും. 193 അംഗ പൊതുസഭയില്‍ മൂന്നില്‍ രണ്ടു അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പലസ്തീന് യു.എന്‍. അംഗത്വം ലഭിക്കും. എന്നാല്‍ 15 അംഗ രക്ഷാസമിതിയുടെ അംഗീകാരം ലഭിക്കണമെങ്കില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണം.

1 comment:

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...