Thursday, June 19, 2014

മലയാളത്തിന്റെ സ്വന്തം പൊയ്ത്തും കടവ്

ആത്മാവിന്റെ സഞ്ചാരങ്ങളെ കുറിച്ചു ഒരു പാട് രചനകൾ ലോക സാഹിത്യത്തിലും മലയാളത്തിലും ഉണ്ടായിട്ടുണ്ട്, ചക്രവാളത്തിന്റെ അനന്ത വിഹായസ്സിലൂടെ  ആത്മാവുകൾ സഞ്ചരിരിക്കാറുണ്ട്, ആത്മാവിനെ സ്വയം കണ്ടത്താൻ ശ്രമിച്ച  ഇബ്നു തുഫയിലിന്റെ ഹയ്യുബിൻ യക്ടാനും, ഹയ്യിനെ വളർത്തിയ മാൻപേടയെയും ഹയ്യ്‌ ഒറ്റയ്ക്ക് വളർന്ന സങ്കല്പ ദീപും, അബുൽ അലാ മഅരിയുടെ യുടെ രിസാലത്തുൽ ഗഫ്രാനും, ജിബ്രാന്റെ കഥകളും, പൌലോകൊയ്ലൂടെ ആൽകെമിസ്റ്റിലെ ആട്ടിടയനും, ഗാബോയുടെ  മക്കൊണ്ട എന്ന സങ്കല്പ നഗരവും ഉത്സുലയും പ്രോടെൻഷിയോ അഗ്വലരുടെ അലയുന്ന ആത്മാവും  ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു.
വിഖ്യാത നോവലുകളും കഥകളും  വായിക്കുമ്പോൾ പുതുമ നിറഞ്ഞ സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ  വിസ്മയ കാഴ്ചകളിലൂടെ  നാം കടന്നു പോകാറുണ്ട്. വായനക്കാരെ  വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തിയാണ് അവരുടെ കഥകളിലും നോവലുകളിലും. അത്തരം ഒരു വശീകരണ ശൈലി ശിഹാബുദ്ദിൻ പൊയ്ത്തും കടവിന്റെ  പല രചനകളിലും നമുക്ക് കാണാൻ കഴിയുന്നു. മലയാളത്തിൽ ഫാന്റസികഥകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ശിഹാബ്. 
ശിഹാബിന്റെ  ഫാന്റസി സ്വഭാവമുള്ള  ഒരു കഥയാണ്  "കത്തുന്ന തലയിണ" കത്തുന്ന തലയിണയിലെ  വരികൾ നമ്മെ കൂട്ടികണ്ട്‌ പോകുന്നത് വിസ്മൃതി നിറഞ്ഞ മറ്റൊരു ലോകതെയ്ക്കാണ്, ഇവിടെ  പല വിസ്മയ കാഴ്ചകളും നമുക്ക് കാണാൻ കഴിയുന്നു. രൂപമില്ലാത്ത രൂപ മായും ഭാവമില്ലാത്ത ഭാവമായും മാന്ത്രികമായ ചുവടു വെയ്പുകളോടെ ഭ്രാന്ത് തന്നിലേക്ക് വരികയും പിന്നീടത് ചിറകില്ലാതെ തനിക്ക് ചുറ്റും  പറന്നു കളിക്കുന്നതും അതെ  താഴ്വാരങ്ങളിൽ മഞ്ഞും ആട്ടിടയന്മാർ കടന്നു പോകുന്നതും പറഞ്ഞു കൊണ്ടാണ് കത്തുന്ന തലയിണയിലൂടെ ശിഹാബ് കഥ തുടങ്ങുന്നത്. കഥയുടെ മധ്യ ഭാഗത്ത് എത്തുമ്പോൾ വരികൾക്ക് കൂടുതൽ തീഷ്ണത അനുഭവപ്പെടുന്നു ഭാവനയുടെ ചിറകുകൾ നമ്മെ മറ്റൊരു ലോകത്തേയ്ക്ക് വീണ്ടും കൊണ്ട് പോകുന്നു. "താഴ്വാരങ്ങളിലൂടെ കടന്നു പോയ മനുഷ്യാത്മാക്കൾ വെറും റാന്തൽ വിളക്കായി.  ഞാൻ ആശ്രയമില്ലാതെ കേണു. ഭൂമിയുടെ പുതപ്പുകൾ  വലിച്ചു മൂടിക്കിടക്കാൻ ശ്രമിച്ചു. മേൽ മണ്ണ്  പരിഹാസ്യമാം വിധം അടർന്നു പൊടിഞ്ഞു, ഭ്രാന്ത്  പതുക്കെ എന്റെ  തോളിൽ കൈ വെച്ചു എനിക്ക് തളർച്ചയുടെ പാനിയം തന്നു, ഞാനെഴുന്നെൽക്കുംപോൾ പ്രഭാതം. ഭ്രാന്ത് പോയി കഴിഞ്ഞിരുന്നു. ഭൂമിയിലാകെ  മതിലുകളും അഴികളും കാട് പോലെ നിറഞ്ഞു നില്ക്കുന്നത് ഞാൻ കണ്ടു. കറുത്ത രാത്രിയിൽ മുളച്ചതാണിവയൊക്കെ  ഭൂമിയിലെ ഇരുമ്പഴികൾ പാതാളത്തോളം  അമർന്നു കിടന്നു. എനിക്കതിനെ എങ്ങിനെ നേരിടാനാവും അപ്പോഴേക്കും അവനെത്തി, പേടിക്കേണ്ട ഞാനുണ്ട്, എനിക്ക് എത്ര ശ്രമിച്ചിട്ടും വാക്കുകളെ ഒളിപ്പിക്കാൻ ആയില്ല "നീ ദയാ വായ്പില്ലത്ത  പലിശക്കാരനാണ്, പരപീഡയിൽ പുളച്ചു രസിക്കുന്ന ആത്മാവ്. നീ വെളിച്ചം തന്നു പകരം എന്റെ കണ്ണുകൾ ചോദിക്കും, ശബ്ദം തന്നു കാതുകൾ പറിച്ചെടുക്കും" 
മറ്റൊരു ഫാന്റസി കഥയായ പ്രണയത്തിന്റെ കഥ പറഞ്ഞ  "കാവല്‍പുര". കാവൽ പുരയിൽ ശിഹാബ് പറയുന്നത് ഒരു ചെറുപ്പക്കാരനായ വാച്ച് മാന്റെ സ്വപ്നമാണ്, ഏകാന്തതയില്‍ അയാള്‍ക്ക് തോന്നുന്ന ഭ്രമ കല്പനകൾ വിഷയമാകുമ്പോൾ വായനക്കാരെ താനുദ്ദേശിക്കുന്ന  ഭാഗത്തേക്ക് കൊണ്ട് പോകാൻ  ശിഹാബിന് കഴിയുന്നു, ഒരു ദിവസം ഈ ചെറുപ്പക്കാരൻ ഒരു വിലാസംഅയാള്‍ക്ക് കിട്ടുന്നതായിട്ട് സ്വപ്നം കാണുന്നു,  ആ വിലാസം ജീവിതത്തില്‍ ഇന്ന് വരേയും അയാള്‍ക്ക് അറിയാത്തതാണ്. അയാളുടെ ഒരു കൗതുകം കൊണ്ട്  അയാള്‍ ഉണര്‍ന്ന സമയത്ത് ആ സ്വപ്നത്തില്‍ കണ്ട വിലാസത്തെ കേന്ദ്രീകരിച്ചിട്ട് ഒരു കത്തെഴുതുകയാണ്. ഇങ്ങനെയൊരാളുണ്ടോയെന്നറിയില്ല. സ്വപ്നം കണ്ടതാണ്. പക്ഷേ അവിടുന്ന് ഒരു മറുപടി വരികയാണ്. അത് ഒരു പെണ്‍കുട്ടിയുടെ മറുപടിയാണ്. അങ്ങനെ അവര്‍ തമ്മില്‍ ഒരു പ്രണയം ആരംഭിക്കുന്നു. മനോഹരമായ ഫാന്റസി സ്വഭാവമുള്ള ഒരു പ്രണയ കഥയാണ്  കാവൽപുര. തികച്ചും വ്യത്യസ്ത മാണെങ്കിലും ഈ കഥയുടെ സൌന്ദര്യം ഒരു നിമിഷം പ്രണയത്തിന്റെ വക്താവായി അറിയപ്പെടുന്ന ജിബ്രാന്റെ പ്രണയ കഥ ഓര്മിപ്പിക്കുന്നു   മനസ്സ് അൽപനേരം ബോസ്ടനിലെക്കും ഈജിപ്തിലേക്കും പറക്കുന്നു. ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും.  ജിബ്രാ൯ അമേരിക്കയിലെ ബോസ്ടനിലും, മേസിയാദ ഈജിപ്‌തിലും.  ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം, എന്നിട്ടും  അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു.  ആത്മാവിലായിരുന്നുഅവരുടെ പ്രണയം, ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും ആയിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്. ശിഹാബിന്റെ മറ്റു ചില ഫാന്റസി കഥകളാണ് വീടുകൾക്ക് ജീവനുണ്ട്, സിൻഡ്രല്ല, നരഭോജികൾ, അഞ്ചാം മണ്ണിലേക്കുള്ള കത്തുകൾ, പണം പെയ്യുന്ന യന്ത്രം, ഉറക്കം, അറവു മൃഗം, കരിമ്പുലി, ചെമ്മണ്‍ കുന്നു, തല, ഈ സ്റെഷനിൽ ഒറ്റയ്ക്ക്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ടു അവസാനം പിരിഞ്ഞു പോയ  ആത്മാവിനെ  പിന്തുടരാൻ ശ്രമിക്കുന്ന  ശിഹാബിന്റെ  "അനാഥത്തിലെ"  വരികൾ  കനൽ കട്ടയായി നമ്മുടെ മനസ്സിൽ എരിയിന്നു  നഷ്ടപ്പെട്ട ആത്മാവിനെ പിന്തുടരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അനാഥമാകുന്ന മനസ്സിനെ ശിഹാബ്    ചിത്രീകരിച്ഛതിങ്ങനെയാണ് .

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

ഒരു എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ എത്രത്തോളം അയാളെ  സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉധാഹരണമാണ് ശിഹാബുദ്ദീന്റെ എഴുത്തുകൾ . അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ചു ശിഹാബ് പങ്കു വെയ്ക്കുന്നത് ഇങ്ങനെയാണ്  "ജീവിതാനുഭവമായിട്ടെഴുതുമ്പോള്‍ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തി കിട്ടുന്നു. നമ്മുടെ അനുഭവമായിട്ട് നമ്മള്‍ നമ്മുടെ രചനയെ അല്ലെങ്കില്‍ വാക്കുകളെ അടുപ്പിക്കുമ്പോള്‍ വാക്കിനകത്ത് ഒരു പ്രകാശം അല്ലെങ്കില്‍ ഒരു ഊര്‍ജ്ജം തെളിയും എന്നുള്ളത് സത്യമായ കാര്യമാണ്. അപ്പോള്‍ ഒരു ആത്മസത്യസന്ധതയോടെ ഒരു പക്ഷേ സമൂഹത്തിന് അത് ഇഷ്ടപ്പെടുന്ന കാര്യമായിരിക്കണമെന്നില്ല. എന്നാലും അതിനോടടുപ്പിച്ചടുപ്പിച്ച് കൊണ്ട് വരുന്നത് എഴുത്തിന്റെ ശക്തി ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എഴുത്തിന്റെ ലോകം അങ്ങനെ അനുഭവ മണ്ഡലവുമായി ബന്ധപ്പെടും. എന്ന് കരുതി എഴുതുന്ന എല്ലാ കഥകളും അനുഭവവുമായി ബന്ധപ്പെട്ടു എന്നല്ല. നമ്മള്‍ കേട്ടനുഭവങ്ങള്‍, കണ്ടറിവുകള്‍ നമ്മുടെ തന്നെ സ്വയം അവബോധങ്ങള്‍ എല്ലാം ഒരു കഥ എഴുതുമ്പോള്‍ ഒരു അസംസ്‌കൃത വസ്തുക്കളായി ചുറ്റുമുണ്ടാകും. നമ്മള്‍ അറിയുന്ന ലോകത്തെ അനാവരണം ചെയ്യുമ്പോഴാണ് എഴുത്തില്‍ കുറെകൂടി സൗകര്യമായിട്ട് വരുന്നത്.

ഗ്രാമ സൌന്ദര്യവും അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ പാവപ്പെട്ടവരെയും  ശാലീനവും ഭാവാത്മകവുമായ ആവിഷ്‌കാരത്തിലൂടെ സംവേദനങ്ങൾ നടത്തുമ്പോഴും കടൽ കടന്നെത്തിയ  പ്രവാസ ലോകത്തെ ജനങ്ങളെയും  ഈ മരുഭൂമിയിലെ മണ്ണിനെ കുറിച്ചും  മറയില്ലാതെ ആവിഷ്‌കരിക്കുന്ന ഒരു പാട്  കഥകളും കവിതകളും  ശിഹാബുദ്ദീൻ രചിച്ചു. പ്രവാസ ജീവിതത്തെ  കുറിച്ചു  ശിഹാബ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്  ഗൾഫ്  കാരന്റെ  ജീവിതം  മരുഭൂമിയിലെ ചുട്ട  വെയിലിനെ  നോക്കി  ഞാറ്റു  വേലയെ  പറ്റി  പറയുന്നു . ഇളം  ബ്രൌണ്‍  നിറത്തിലുള്ള  മരുഭൂമിയിലെ  വരണ്ട  മണ്ണിനെ  നോക്കി   നാട്ടിലെ  പച്ച  വെയിലിനെ പറ്റി വാചാലനാകുന്നു, ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയ കേന്ദ്രമാണ് അത് മാലാഖ പോലെ നമ്മെ അണച്ചു പിടിക്കുന്നു പക്ഷെ നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രവാസ  ജീവിതത്തിന്റെ അകങ്ങളിലെ തുടിപ്പുകള്‍ കാണാൻ  ശിഹാബിന് കഴിഞ്ഞു ഇവിടെ കണ്ട  കാഴ്‌ചകളെ ഹൃദ്യമായി വരച്ചിട്ടത് പ്രവാസ ലോകം പുതുമയോടെ വായിച്ചു.  ഇവിടെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ  മനസ്സുകളിലൂടെ സഞ്ചരിച്ചു  അവരുടെ ആകുലതകളും പ്രയാസങ്ങളും കാണാൻ ശ്രമിച്ചു,  പ്രവാസി തൊഴിൽ കാംപുകളിൽ കാണുന്ന ദുഃഖങ്ങൾ  ആധിപ്പെടുന്ന ഒരെഴുത്തുകാരന്റെ ഹൃദ്‌സ്‌പന്ദനങ്ങളായാണ് ശിഹാബിന്റെ പ്രവാസ കാലത്തെ കവിതകൾ സൂചിപ്പിക്കുന്നത്.  ഗൾഫ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് വേണ്ടി "വേർപിരിഞ്ഞവന്റെ രാത്രിയിലൂടെ"  ശിഹാബ് പറയുന്നത് നമ്മെ നോമ്പരപ്പെടുത്തുന്നുണ്ട് നീണ്ട കവിതയിലെ ചില വരികൾ

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?

പുതിയ ഭാവം, പുതിയ ഭാഷ, പുതിയ ജീവിതപശ്ചാത്തലം ഇവയിലൂടെ ചെറുകഥാസാഹിത്യത്തിന്  പുത്തൻ  ഉണർവ് നല്കാൻ ശിഹാബിന്റെ എഴുത്തുകൾക്ക് കഴിയുന്നു. എഴുത്തിൽ തീക്ഷ്ണതയുണ്ട്, ഓരോ കവിതയും നമ്മുടെ മനസ്സിൽ നൊമ്പരം സൃഷ്ടിക്കുന്നു,    സത്യത്തിന്റെ  പോരാളിയായി എഴുത്തിലൂടെ മാറുകയാണ്  ശിഹാബ്, കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന നിഷ്കളങ്കരായ  കുട്ടികളും സ്ത്രീകളും അനാഥകളും ഭൂമിയിലെ അശണരും അവശരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങലാണ്  കഥയിലും കവിതകളിലും  അധികവും വിഷയമാക്കുന്നത്. കഥയിലും കവിതയിലും പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും  നിറയുന്നു. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,വിജയങ്ങളും പരാജയങ്ങളും എല്ലാം നോക്കി കാണുകയും അത് എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നു.  സാധാരണക്കാരന്റെ ക്ലേശങ്ങളുടെ കഥയാണ്   ‘ദാസന്റെ ചെരുപ്പുകളിലൂടെ ശിഹാബ് നമ്മോട് പറയുന്നത്’.  ഒരു ചെരിപ്പു വാങ്ങാന്‍ കഴിയാത്ത ദാസൻ  ഉള്ള ചെരിപ്പ് തുന്നിയിട്ടും ആണിയടിച്ചുമൊക്കെ മുന്നോട്ട് പോകുന്നു.  ചെരിപ്പ് വാങ്ങാന്‍ കഴിയാത്തതിലുള്ള സങ്കടത്തിന്റെ  കഥയും അത് അദ്ദേഹത്തിന്റെ കുടുംബ പാശ്ചാലത്തിൽ അയാള്  അനുഭവിക്കുന്ന ഏകാന്തതയും പറയുകയാണ്‌   ‘ദാസന്റെ ചെരിപ്പുകള്‍’. ദാസനെ പോലെ അനേകം ദാസൻമാർ ജീവിക്കുന്നുണ്ട് എന്നതാണ് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എഴുത്തെന്ന കലയെ പറ്റി ശിഹാബ് പറയുന്നത് ഇങ്ങനെയാണ്  "എഴുത്തുകാരന്‍ കാണുന്ന ലോകം വായനക്കാരന്റെ മനസ്സിലേയ്ക്ക് അത്‌പോലെ പകര്‍ത്തിക്കൊടുക്കുക എന്നതാണ് സത്യത്തില്‍ എഴുത്തിന്റെ ഒന്നാമത്തെ കല. അവരെ വായിപ്പിക്കുക, ആ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, ആ ലോകത്തിന്റെ ചിന്തകളെ കൈമാറാന്‍ കഴിയുക, മനുഷ്യരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയുക, ഇങ്ങനെയൊക്കെയുള്ള ആ ഭാവലോകം എഴുത്തിലേയ്ക്ക് കൊണ്ടു വരുന്ന ഒരു കലയാണ് സത്യത്തില്‍ കഥ എന്ന് പറയുന്നത്"
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗി  അതെ പോലെ അനാവരണം ചെയ്ത കഥയാണ് ശിഹാബിന്റെ ഒമ്പതാം ക്ലാസ്സിലെ കേരള പാഠാവലി മലയാള പാഠ പുസ്തകത്തിൽ ഉൾപെടുത്തിയ  "കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ" എന്ന കഥ ആ കഥയിലെ ഉമ്മയും സഹോദരിമാരും വായനകാരുടെ  ഉമ്മയായും സഹോദരിയായ്യും മാറുന്നു,  ഗ്രാമീണ സ്ത്രീയുടെ എല്ലാ നിഷ്കളങ്കതയും ഈ കഥയിൽ നമുക്ക് കാണാൻ കഴിയും, പുറം ലോകം കൂടുതൽ അറിയാത്ത ഒരു അമ്മയാണെങ്കിലും  അവരുടെ ഉൾകാഴ്ച വളരെ വലുതാണെന്ന് കഥയിലൂടെ നമ്മോട് പറയുന്നു. പ്രവാസ ലോകത്ത് വളരുന്ന കുട്ടികൾ ഈ കഥ വായിക്കുമ്പോൾ കുറുക്കനെയും കോഴിയെയും കുന്നുകളെയും കാടിനേയും ഭാവനയിൽ കാണേണ്ടി വരുമ്പോൾ നാട്ടിലെ ഗ്രാമ വാസികളായ കുട്ടികൾക്ക് ജീവിതത്തിൽ ദിനേന കാണാൻ കഴിയുന്ന കാഴ്ചകളാണ് ഈ കഥ. ഈ കഥയോടുള്ള കാഴ്ചപാടും ബന്ധവും പ്രവാസ കുട്ടികളിലും നാട്ടിലെ കുട്ടികളിലും വ്യത്യാസ പെട്ടിരിക്കും. ഗൾഫിൽ മാത്രം വളർന്ന കുട്ടികൾക്ക് നാട്ടിലെ ഗ്രാമീണ ജീവിതത്തെ  ഓർത്തെടുക്കാനും  പഠിക്കാനും ഈ കഥ പ്രചോദനമാകുന്നു.
കുറച്ചു കാലം പ്രവാസിയായി ജീവിച്ച ശിഹാബിന് പ്രവാസികളുടെ മനസ്സ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്  ഒരു പ്രവാസിയുടെ ആശങ്കയും നൊമ്പരങ്ങളും നിഷ്കളങ്കതയും വരച്ചു കാട്ടിയ കഥയാണ് ശിഹാബിന്റെ "ഇക്ക" നാട്ടിലേക്ക് പോകുന്ന യാത്രക്കാരനും അവനെ എയര് പോർട്ടിൽ  എത്തിക്കുന്നതും അതിനിടയിലുള്ള സംസാരവും ശരിക്കും അതൊരു  കഥയായിരുന്നില്ല, ഗൾഫ് കാരന്റെ സാധാരണ ജീവിതമാണ്.
ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: ”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.”
പ്രവാസിയുടെ യാത്ര അയപ്പും യാത്രയുടെ അവസ്ഥയും അവന്റെ  ജീവിത ബന്ധവും തുറന്നു പറഞ്ഞു വളരെ രസകരമായി അവതരിപ്പിച്ച കഥയുടെ അവസാനം തെല്ലൊന്നുമല്ല ഒരു പ്രവാസീയെ ചിന്തിപ്പിക്കുന്നത് ഓരോരുത്തരുടെയും  മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇതിലെ ഓരോ കഥാ പാത്രവും പിന്നെ അതൊരു കഥയായല്ല  സ്വന്തം ജീവിതമായി മാറുകയാണ്
”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?”
എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല…

കണ്ണുകളെ തിരികെ വിളിച്ചിട്ടും ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ കവിതയുടെ താളം, നിദ്രയിൽ മരണം കാണുന്ന , അസ്തമയത്തിൽ വിഷാദം നിറഞ്ഞ വർണ്ണ മേഘങ്ങൾ കാണുന്ന  പുലരിയിൽ ഉന്മാദം കാണുന്ന ഉദയാസ്തമയം പോലെ കവിത മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. അത് ജീവിതത്തിൽ ആവർത്തിക്കുന്നു.  ചില  നേരങ്ങളിൽ തെളിഞ്ഞ അരുവിയിൽ നിന്ന് ഒരു മുഖം നമ്മെ നോക്കുന്നു. ആ തെളിഞ്ഞ  അരുവി പോലെയാവണം കവിത ഉള്ളം എന്ന കവിതയിലൂടെ  ശിഹാബ്  നമ്മോടു പറയുന്നതിങ്ങനെയാണ്

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

1963 ഒക്ടോബർ 29-ന് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പൊയ്ത്തും കടവ് ഗ്രാമാത്തിൽ ജനിച്ചു. മാതാവ് ഖദീജ, പിതാവ് ഇബ്രാഹീം. ഭാര്യ നജ്മ, മക്കൾ റസ്സൽ, റയാൻ, റസിയ, സഹീർ.  കുറച്ചു കാലം പ്രവാസിയായി യു എ ഇ യിൽ  ജോലി ചെയ്തു   ഇപ്പോൾ നാട്ടിൽ ചന്ദ്രികയിൽ പത്രാധിപരായി ജോലി.   പ്രധാന കൃതികൾ ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞു കാലം, തല, കത്തുന്ന തലയിണ, കടൽ മരുഭൂമിയിലെ വീട്, തിരഞ്ഞെടുത്ത കഥകൾ, മലബാർ എക്സ്പ്രസ്സ്‌ (കഥാ സമാഹാരം), നൂറ്റാണ്ടുകളായി കാത്തു വെച്ചത് (കവിതാ സമാഹാരം), ഈർച്ച, നല്ല അയൽക്കാരൻ (നോവലെറ്റ്) കഥാ പാത്രം വീട്ടു മുറ്റത്ത് (ലേഖന സമാഹാരം). 'തിരഞ്ഞെടുത്ത കഥകൾ'ക്ക് 2007-ലെ കേരള സാഹിത്യ അകാഡമി അവാർഡ് ലഭിച്ചു . പി. പത്മരാജൻ പുരസ്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ അങ്കണം അവാർഡ്,  കല(ഷാർജ) അവാർഡ്,  വി.ടി.ഭട്ടതിരിപ്പട് അവാർഡ് ഇവയൊക്കെ ഇതിനകം തന്നെ  ശിഹാബിനെ തേടിയെത്തിയ അവാർഡ്കലാണ്. കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.

Thursday, June 12, 2014

നദ പിന്നെയും പിന്നെയും സ്വപ്നം കാണുന്നു ....


കീറിദ്രവിച്ച വസ്ത്രവും പുറത്തേക്ക് തള്ളി നില്ക്കുന്ന കണ്ണുകളും ജടപിടിച്ച കെട്ടുപിണഞ്ഞ മുടിയും ഒട്ടിയ വയറും ചുളിഞ്ഞ  മുഖവുമായി ഒരു കൊച്ചു കുഞ്ഞിനേയും കയ്യിലടുത്ത് ആ തെരുവോരത്ത് ഇരിക്കുന്ന അമ്മയാണ് നദ.  ഭർത്താവ് അവൾക്കു രണ്ടു കുട്ടികളെയും സമ്മാനിച്ചു നേരത്തെ അങ്ങ് പോയി, ഉപ്പയും ഉമ്മയും അതിനു മുമ്പേ അവളോട്‌ യാത്ര പറഞ്ഞിരുന്നു. ചിലപ്പോൾ ആരോടും ഒന്നും സംസാരിക്കാതെ  വഴിയോരങ്ങളിൽ  സ്ഥാപിച്ച കല്‍‌പ്രതിമയെ പോലെ അനങ്ങാതെ നില്ക്കും, മനസ്സ് മുഴുവൻ ദുഖത്തിന്റെ കടലാണ്, നട്ടുച്ച സമയങ്ങളിൽ അവളുടെ  കണ്ണില്‍നിന്നും കണ്ണു നീര്‍ മഴയായി വർഷിക്കും,  എത്ര വലിച്ചിട്ടും മുലപ്പാൽ കിട്ടാതെ കരഞ്ഞു തളർന്നു മാറിൽ ചേർന്ന് കിടക്കുന്ന കൊച്ചു കുഞ്ഞു, ആഹാരം കഴിക്കാതെ മുലപ്പാൽ വറ്റിപ്പോയിരിക്കുന്നു, വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാൻ കഴിയാത്ത കൊച്ചു കൂര, അടുപ്പിൽ തീ എരിഞ്ഞിട്ട് ദിവസങ്ങളായി,  നിവൃത്തികേടു കാരണം "വല്ലതും കഴിച്ചിട്ടു  നാളുകളായി" എന്ന് പറഞ്ഞു ആരോടങ്കിലും കൈ നീട്ടിയാൽ കൂടുതലും കിട്ടുന്നത്  ആട്ടും തുപ്പും, കരുണയുള്ളവർ വല്ലതും കൊടുത്താൽ അന്നത്തെ ആഹാരമായി.

 ഒരു ദിവസം ഭിക്ഷാടനത്തിനിടയിൽ   "ദൈവത്തിന്റെ സ്വന്തം നാടിനെ" പറ്റി അവൾ കേട്ടു. ഭിക്ഷതേടി എത്തിയ  അല്പം ദയയുള്ള ഒരു വീട്ടിൽ നിന്നാണ്  അവളതറിയുന്നത്, നദയോട് അനുകമ്പ കാട്ടാറുള്ള അപൂര്വം അമ്മമാരിൽ ഒരാളാണ് ആ വീട്ടിലെ സരോജിനിയമ്മ,  "മകൻ അശ്രുവിന്റെ  സമപ്രായത്തിലുള്ള ഈ പ്രദേശത്തുള്ള കുറെ  അനാഥ കുട്ടികൾ ആ നാട്ടിൽ പഠിക്കുന്നു, അവർക്ക് മൂന്നു നേരം ആഹാരവും പരിചരണവും മതിയായ സ്നേഹവും അവിടെ ലഭിക്കുന്നു". ആ കുട്ടികൾ ഇപ്പോൾ ഇവിടെ അവധിക്കു വന്നിരിക്കുന്നു, അവർ അടുത്ത് തന്നെ അവധി കഴിഞ്ഞു തിരിച്ചു പോകും" സരോജിനിയുടെ വാക്ക് കേട്ടപ്പോൾ തന്റെ മകനെയും അവിടെ അയക്കാനുള്ള ആഗ്രഹം നദയുദെ മനസ്സിൽ നിറഞ്ഞു. മൂന്നു നേരം ആഹാരവും പഠിക്കാനുള്ള സൌകര്യവും അവൾക്കു ചിന്തിക്കാൻ കഴിയാത്ത അത്രയും വലുതായിരുന്നു അവരുടെ വാക്കുകൾ,  ഭൂമിയിലെ സ്വർഗമായി നദയ്ക്ക് തോന്നി.

അന്ന്  അവൾ  നേരത്തെ തന്നെ തന്റെ കൂരയിലേക്ക്‌ തിരിച്ചു, മനസ്സ് നിറയെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു, ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല.  സ്വപ്നത്തിന്റെ ചിറകുകൾ അവളെയും കൂട്ടി പറക്കാൻ തുടങ്ങി, സ്വപ്നത്തിൽ അവൾ സന്തോഷം നല്കുന്ന  കാഴ്ചകൾ കണ്ടു, അവധിയിൽ വന്നു തിരിച്ചു പോകുന്ന കുട്ടികൾ അശ്രുവിനെയും കൂടെ കൊണ്ട് പോകുന്നു, കരുണയുള്ളവരുടെ നാട്, അവിടെ മകന് മൂന്നു നേരം ഭക്ഷണവും പഠിക്കാനുള്ള സൌകര്യവും ലഭിക്കുമെന്നവർ പറയുന്നു,  തന്റെ കൈകുഞ്ഞിനെ മാറോട് ചേർത്തു, പത്ത്  വയസ്സായ തന്റെ പൊന്നുമകൻ അശ്രുവിനെ ചെളി നിറഞ്ഞ തെരുവോരത്ത്  നിന്നും സന്തോഷത്തോടെ  "ഭൂമിയിലെ സ്വർഗത്തിലേക്ക്", യാത്ര അയക്കുന്നു. മകന് വേണ്ടി പൊഴിക്കാൻ വറ്റിവരണ്ട കണ്ണിൽ ഇനി ഒരു തുള്ളി കണ്ണ് നീര് ബാക്കിയില്ല, മകന്റെ തലയിൽ തലോടി മനസ്സ്  മന്ത്രിച്ചു, കരുണ വറ്റാത്ത നാട്ടിലേക്കാണ് നീ പോകുന്നത്  "അതാണ്‌ എന്റെ ഏക സമാധാനം" പോയി വരൂ   "നിനക്കും അവരോടൊപ്പം അടുത്ത അവധിക്കാലത്ത്‌ തിരിച്ചു വരാമല്ലോ".

വീണ്ടും അവൾ സ്വപ്നത്തിന്റെ ചിറകിലൂടെ പറക്കാൻ തുടങ്ങി, ഇരുട്ടിനു കനം കൂടി അവളുടെ ഉറക്കിനും ആഴം കൂടി, കാഴ്ചകൾ മാറാൻ തുടങ്ങി, കേൾക്കാൻ ഇഷ്ടപ്പെടാത്ത ശബ്ദങ്ങൾ കേട്ടു തുടങ്ങി,  അവശബ്ദങ്ങൾ അവളുടെ കാതുകളെ അലോസരപ്പെടുത്തി ക്കൊണ്ടിരുന്നു  അശ്രുവിനെ  നോക്കി ഒരാൾ വിളിച്ചു പറഞ്ഞു,  " നിയമം  പാലിക്കപ്പെട്ടിട്ടില്ല ", അശ്രു  പറഞ്ഞു തെരുവിൽ ജനിച്ച എനിക്ക് നിയമം അറിയില്ല, പട്ടിണിയിൽ നിന്നും വിശപ്പിൽ നിന്നും അല്പം ആശ്വാസം ലഭിക്കാൻ എന്നെ എന്റെ ഉമ്മ ഇവരുടെ കൂടെ അയച്ചതാണ്, അവനോടു വീണ്ടും ആരോ വിളിച്ചു പറഞ്ഞു "ഇവിടെ പട്ടിണിയല്ല വിഷയം നിയമാണ്, വിശപ്പ് അറിയാത്തത് കൊണ്ടല്ല, പക്ഷെ നിയമം കുഞ്ഞിനെ  അതനുവദിക്കുന്നില്ല",  എന്നെ എന്റെ ഉമ്മയുടെ അടുത്തേയ്ക്ക് തന്നെ വിട്ടേക്കൂ, അവൻ കരയാൻ തുടങ്ങി, നിയമക്കുരുക്കിൽ പെട്ട്  അവിടെ പഠിക്കാൻ അവസരം ലഭിക്കാതെ  മകൻ ഈ തെരുവിൽ തന്നെ തിരിച്ചു വരാൻ  വിധിക്കപ്പെട്ടു,  മറ്റു കുട്ടികളോടൊപ്പം അവധിക്കാലം വരെ കാത്തു നില്ക്കേണ്ടി വന്നില്ല, ആരും കാണാതെ അവൻ കരയാൻ തുടങ്ങി, മകന്റെ കണ്ണ്നീർ തുള്ളികൾ അവളുടെ മുഖത്ത് ഉറ്റി വീഴാൻ തുടങ്ങി, അതവളുടെ ഉറക്കം ഉണർത്തി, സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണര്ന്ന നദ അശ്രുവിനെ ഉറക്കെ വിളിച്ചു.  

തന്റെ അടുത്തു വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന അശ്രുവിന്റെ കണ്ണ് നീരായിരുന്നു അവളുടെ മുഖത്ത് പതിച്ചത്, തന്റെ മകനെ നോക്കി, ഞാൻ കണ്ടത് സ്വപ്നമോ യാതാർത്ഥ്യമോ എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.

Wednesday, June 4, 2014

പകൽ കിനാവന്റെ കാഴ്ചകൾ ...

"പടം എടുക്കാൻ വേണ്ടി ഇത് വരെ പടം എടുത്തിട്ടില്ല എവിടെ പോകുമ്പോഴും ക്യാമറ കരുതും പോകുന്ന വഴിക്ക് കാണുന്ന ദൃശ്യം ക്യാമറയിൽ പകർത്തും" പകൽ കിനാവൻ എന്നറിയപ്പെടുന്ന ഷിജു എസ് ബഷീർ എന്ന ഫോട്ടോഗ്രാഫരുടെ  ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത്   നാഷണൽ  ജിയോഗ്രാഫിക്  മാഗസിൻ ഫോട്ടോഗ്രാഫറായിരുന്ന "ഓറിയറി"ന്റെ  വാക്കുകളും ചിത്രവുമാണ്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ  സാന്‍ഫ്രാന്‍സിസ്കോയിലെ ഫ്രണ്ടിനെ കാണാൻ "ഓ റിയർ" ഡ്രൈവ് ചെയ്തു പോകുമായിരുന്നു. ഒരു വെള്ളിയാഴ്ച ഡ്രൈവിനിടയിൽ  വാഹനം നിർത്തി അല്പം വിശ്രമിക്കാൻ നേപ്പാ കൌണ്ടിയുടെ പരിസര പ്രദേശത്ത്  ഇറങ്ങിയപ്പോള്‍  തന്റെ ക്യാമറ കണ്ണുകളിലൂടെ തികച്ചും യാദൃശ്ശ്ചികമായി എടുത്ത ചിത്രം ഏതാണ്ട് ഒരു ബില്ല്യനിൽ അധികം ആളുകൾ  കണ്ടു എന്നാണു പറയപ്പെടുന്നത്. രണ്ടായിരത്തി രണ്ടു മുതൽ വിൻഡോസ്‌ എക്സ് പി  യുടെ വാൾപേപറിൽ  കാണുന്ന ആ ചിത്രം  "ഓറിയർ"  യാദൃശ്ശ്ചികമായി എടുത്തതായിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ തന്റെ കണ്‍മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കാണ് യതാർത്ഥ ജീവൻ നല്കാൻ കഴിയുക എന്ന് വിശ്വസിക്കുന്ന  ഫോട്ടോഗ്രാഫറാണ്  ഷിജു എസ് ബഷീർ.
ഒരേ തൂവൽ
തോരാതെ പെയ്യുമീയേകാന്തത...
സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, ഫോട്ടോ ഗ്രാഫിയും ഇതിൽ നിന്നും വ്യത്യസ്തമല്ല സമയത്തിന്റെ ആപേക്ഷികതയ്ക്കുള്ളിൽ തന്റെ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഒരു ക്ലിക്ക് ചിലപ്പോൾ ഒരു കാലത്തെ തന്നെയാണ് ഒപ്പിയെടുക്കുന്നത്, ചിലപ്പോൾ വലിയൊരു ദർശനത്തിനു തന്നെ വഴി ഒരുക്കുന്നു.  ക്യാമറയുടെ  സഹായത്തോടെ ഫോട്ടോ ഗ്രാഫെർസ്  ഒപ്പിയെടുക്കുന്ന ഇത്തരം  ദർശനങ്ങൾക്ക് ചിലപ്പോൾ ഭൗതികമായ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്നു. ഇത്തരം ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കാൻ കഴിവുള്ള അപൂർവം ഫോട്ടോ ഗ്രാഫർമാരിൽ  ഒരാളാണ് ഷിജു എസ്  ബഷീർ.

ബോംബയിൽ ഒരു കമ്പനിയിൽ ആനിമേറ്റർ ആയി ജോലി ചെയ്തു നിരവധി പ്രമുഖ തമിൾ ഹിന്ദി തെലുങ്ക് സിനിമകളിലും  പരസ്യ ചിത്രങ്ങളിലും  പ്രവര്‍ത്തിച്ചശേഷമാണ് ഷിജു ദുബായിൽ ഒരു കമ്പനിയിൽ എത്തിപ്പെടുന്നത്. രണ്ടായിരത്തി അഞ്ചിൽ ദുബൈലായിരുന്നപ്പോൾ  പ്രമുഖ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജെയിംസ് നാച്ച്വേയെക്കുറിച്ച് ക്രിസ്ത്യന്‍ ഫ്രൈ സംവിധാനംചെയ്ത വാര്‍ ഫോട്ടോഗ്രാഫര്‍ എന്ന ഡോക്യുമെന്ററി ഷിജുവിനെ സ്വാധീനിക്കുകയും  ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയും ചെയ്തു. അന്ന് മുതൽ ഫോട്ടോഗ്രാഫി എന്ന ലഹരി ഷിജുവിന്റെ തലയ്ക്കു പിടിക്കുകയും "ലൈഫ് ഇന്‍ ട്രാഷ്"  ഫോട്ടോ പരമ്പര ഷിജു സ്വയം സൃഷ്ടിക്കുകയും  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ അച്ഛടിച്ചു  വരികയും ചെയ്തു. അത് ഷിജുവിന്റെ  ഫോട്ടോ ഗ്രഫിയുടെ ചിറകുകൾക്ക് കൂടുതൽ കരുത്ത് നല്കി. ഒരു സ്ഥലത്ത് ഒതുങ്ങി നില്ക്കാതെ നിരവധി രാജ്യങ്ങളിലേക്ക് ഷിജു പറന്നു. തന്റെ ചിറകുകളിൽ ക്യാമറക്കണ്ണുകൾ പിടിപ്പിച്ചു.  എത്യോപ്യ, കെനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ആംസ്റ്റര്‍ഡാം, നേപ്പാള്‍, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മധ്യേഷ്യന്‍, ആഫ്രികന്‍  ഇങ്ങനെ നിരവധി രാജ്യങ്ങളിൽ ഷിജു യാത്ര ചെയ്തു  ഫോട്ടോകൾ എടുത്തു. ഒപ്പം ഗള്‍ഫിന്റെ നേര്‍കാഴ്ചകളിലേക്കും പ്രവാസിജീവിതത്തിന്റെ ഒറ്റപ്പെടലുകളിലെക്കും  കണ്ണെത്താദൂരം നീളുന്ന ഗൾഫിലെ മരുഭൂമിയിലേക്കും ക്യാമറ ചലിപ്പിച്ചു.

പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!
മുറിവുകളുടെ ഒറ്റമുറി
ദയനീയ ഭാവങ്ങൾ നിറഞ്ഞ ഓരോ ചിത്രങ്ങളും  വിരല്തുംപും ക്യാമറക്കണ്ണും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതകളായി. ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം ഷിജുവിന്റെ ചിത്രങ്ങളിൽ കാണാം. മനോഹരമായ പ്രക്രതിയുടെ പച്ചപ്പും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളും   അകലെ സൂര്യോദയവും വർണ്ണാഭമായ മേഘങ്ങളും  അരുവികളും  ദേശാടനക്കിളികളും തന്റെ ചിത്രങ്ങൾക്ക് മനോഹാരിത പകരുംപോഴും മനുഷ്യന്റെ നീറുന്ന  പ്രശ്നങ്ങൾക്ക് തന്നെയാണ്  ഷിജു പ്രാധാന്യം കൊടുത്തത്. ജീവിതത്തിന്റെ  സന്തോഷങ്ങളും , വസന്തങ്ങളും  ഓര്‍മയില്‍ നിന്നും  മറഞ്ഞു  വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ മനസ്സിൽ നിറയുന്ന മനുഷ്യ ജീവനുകളുടെ ചിത്രങ്ങൾ, ഓരോ തലമുറകളുടെയും കാലത്തിന്റെയും ഗോത്രത്തിന്റെയും കഥകളായി  നമുക്ക് പറഞ്ഞു തരുന്നു.  ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിനുള്ളിൽ നിന്നും  ജീവിക്കുന്ന ആയിരം കഥകൾ നമുക്ക് വായിക്കാൻ കഴിയും. നിസ്സാര സംഭവം എന്ന് തോന്നിക്കുന്ന പലതും കാലത്തെയും ചിന്തയെയും  മാറ്റാൻ കെൽപുള്ളതാക്കുന്നു.

കെട്ടിട സമുച്ചയങ്ങൾക്കുള്ളിൽ  ആഡംബര ജീവിതം നയിക്കുന്നവർക്കിടയിൽ  ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആഹാരവും പാഴ്വസ്തുക്കളും പെറുക്കാൻ വിധിക്കപ്പെട്ട മനുഷ്യ മക്കളുടെ  ദയനീയ   "ചിത്രങ്ങളാണ്  "ലൈഫ് ഇന്‍ ട്രാഷ്". ഈ  വിഷയത്തിൽ പന്ത്രണ്ടോളം ചിത്രങ്ങളാണ്  അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോട്ടോജേണലില്‍ പ്രസിദ്ധീകരിച്ചത്.

ഷിജുവിന്റെ  നിശബ്ദ  ചിത്രങ്ങൾക്ക്  പുതിയലോകത്തെ സൃഷ്ടിക്കാന്‍  കഴിയുന്നു.  മനുഷ്യന്റെ   സ്വപ്ന സാക്ഷാൽകാരത്തിനു വേണ്ടിയുള്ള നെട്ടോട്ടം, സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുദ്യം, വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഷിജു നല്കുന്ന അടിക്കുറിപ്പുകൾ ഓരോ കവിതയായി  മാറുകയാണ്, പൊള്ളുന്ന ചില നോട്ടങ്ങളിലേക്ക് കുരുങ്ങിപ്പിടയുമ്പോള്‍!, കഥയില്ലാത്ത ചില ഫ്രെയ്മുകള്‍", ആകാശദൂരം, തോരാതെ പെയ്യുമീയേകാന്തത... മുറിവുകളുടെ ഒറ്റമുറി,  ചില നോട്ടങ്ങള്‍... ഒറ്റ വാക്കില്‍ ഒതുങ്ങാതെ പോകുന്നത് ,   ഓരോ മരത്തിലും വീടുണ്ട് അതിരുകളില്ലാതെ,  ഷിജു വിന്റെ അടിക്കുറിപ്പുകളാണ് ഇവയൊക്കെ.

ഒരു ചിത്രത്തിന് താഴെ ഷിജു കുറിച്ചിട്ട വരികൾ  ഇങ്ങനെയാണ് 
എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത
സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ മങ്ങിയ പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി വീഴുമ്പോള്‍...

താനൊരു ഫോട്ടോ ഗ്രാഫർ മാത്രമല്ല ഒരു കവി കൂടിയാണ് എന്ന് തെളിയിക്കുന്നതാണ് ഷിജുവിന്റെ  ഈ വാക്കുകൾ. പേര് പകൽകിനാവൻ എന്നാണങ്കിലും തന്റെ ചിത്ര ലോകത്തെ കിനാവുകൾ മുഴുവൻ അന്വര്തമാക്കുന്ന രൂപത്തിലുള്ളതാണ് ഓരോ ചിത്രങ്ങളും. ഷിജുവിന്റെ ചിത്രങ്ങളും  വരികളും "അൻ സ്ക്രിപ്റ്റെഡു  ലൈവ്സ്‌", "ലൈഫ് ഇൻ ട്രാഷ്", "ഷൈഡ്‌സ് ഓഫ് ലൈഫ്", എന്നിങ്ങനെ ഫോട്ടോ എസ്സെകളായി പൊതു സമൂഹത്തിനു മുമ്പിൽ തുറന്നു വെച്ചിരിക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയെടുത്ത അമ്പതോളം ചിത്രങ്ങൾ ഷൈഡ്‌സ് ഓഫ് ലൈഫ്ൽ കാണാം.

അടുത്ത ഫോട്ടോ പ്രദർശനം ഈ വിഷയത്തിൽ ആയിരിക്കുമെന്ന് ബഷീർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ  ഷിജുവിന്റെ  ഫോട്ടോ പ്രദർശനങ്ങൾ നടക്കുകയുണ്ടായി, തിരുവനന്തപുരത്തെ  പ്രദർശനം "എഴുതപ്പെടാത്ത ജീവിതങ്ങൾ" സന്ദർശനമനസ്സുകളിൽ വരച്ചിട്ടു. പ്രദർശനം കണ്ട ഒരു അച്ഛന്റെ വികാരം പങ്കു വെച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ഷിജു പറയുന്നു, "അച്ഛൻ" എന്ന  ചിത്രം  കണ്ട  ഒരച്ചൻ എന്നോട് പറഞ്ഞു " എന്റെ ജീവിതമാണ് നിങ്ങൾ പകർത്തിയിരിക്കുന്നത്  അത് പറയുമ്പോൾ അയാളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. അയാളുടെ വാക്കുകൾ എനിക്ക്  കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു". രാജസ്ഥാനിലെ  ഇത് വരെ ഒരു ഫോട്ടോ  പ്രകാശവും തന്റെ മുഖത്ത് പ്രതിഫലിക്കാത്ത തൊണ്ണൂർ വയസ്സോളം പ്രായം വരുന്ന ഒരു അമ്മൂമയുടെ പടം എടുക്കുമ്പോൾ ക്യാമറയുടെയും  ടെക്നോളജിയുടെയും ലോകം എന്താണെന്ന് അറിയാത്ത ആ ഗ്രാമീണ സ്ത്രീ നാളെ എന്നെ ലോകം കാണുമല്ലോ എന്ന് പറഞ്ഞത്  ഇന്നും ഓർക്കുന്നതായി ഷിജു പറഞ്ഞു.  ഷിജുവിന്റെ അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരുന്നു ആ വൃദ്ധ സ്ത്രീയുടെ ചിത്രം.

നിന്റെ കണ്ണില്‍ തനിച്ചു നില്‍പ്പാണിപ്പോഴും, ഒരു കടല്‍!
ദക്ഷിണപടിഞ്ഞാറന്‍ എത്യോപ്യയിലെ ഓമോ നദീതടത്തിലേക്ക് നടത്തിയ യാത്ര ഷിജുവിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അതിനെ പറ്റി ഷിജു  പറയുന്നത് ഇങ്ങനെയാണ്. "ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു സ്വപ്ന സഞ്ചാരമായിരുന്നു അത്. തലസ്ഥാന നഗരമായ അദ്ദിസ് അബാബയില്‍ നിന്നും തൊള്ളായിരം കിലോമീറ്റര്‍ അകലെ ഒമോവാല്ലി എന്ന അതിമനോഹരമായ താഴ്വരയിലേക്കായിരുന്നു യാത്ര.  കുടിവെള്ളം ശേഖരിച്ചു പോകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നീണ്ട നിരതന്നെ കാണാം. കന്നാസുകളിൽ വെള്ളം നിറച്ചു കഴുതകളുടെ പുറത്തു കെട്ടിവെച്ചാണ് അവർ പോയിരുന്നത്. ഒരു കുട്ടി പോലും സ്കൂളിലേക്ക് പോകുന്ന കാഴ്ച എവിടെയും കണ്ടില്ല. എല്ലാവരും വണ്ടിയിൽ ചിരിച്ചും സന്തോഷിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോഴും നഷ്ടപെട്ടുപോകുന്ന ഇവരുടെ ബാല്യവും വിദ്യാഭ്യാസവും ജനങ്ങളെ കാര്‍ന്നു തിന്നുന്ന പട്ടിണിയും എന്നെ വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് ഇടയ്ക്കിടെ തള്ളിവിടുന്നുണ്ടായിരുന്നു.  എന്റെ ക്യാമറക്കണ്ണുകള്‍ ഈ പച്ച മനുഷ്യരെ, അവരെ ചൂഴ്ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയെ ഇരുട്ടും വെളിച്ചവും ചാലിച്ച് പകര്‍ത്തിക്കൊണ്ടേയിരുന്നു.
ഷിജുവിന്  ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദക്ഷിണ  എത്യോപിയയിൽ നിന്നും ലഭിച്ചത്. അർദ്ധനഗ്ന ആദിവാസി ഗോത്രമാണവിടെ ജീവിക്കുന്നത്. അവരുടെ അർദ്ധനഗ്ന ചിത്രങ്ങൾ നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നു വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ഉള്ള ഗോത്ര, ഗിരിവർഗ വിഭാഗങ്ങളാണ് ദക്ഷിണ എത്യോപ്യയിലെ തുർമിയിൽ ഉള്ളത്. ‘ഹരോ’ , ‘മുർസി ‘, ‘ഹാമർ’ എന്നിവരാണ് പ്രധാനമായും.  മാറു മറയ്ക്കാത്ത ഗോത്രവരഗ്ഗ സ്ത്രീകള്‍. നമ്മുടെ ജീവിത പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കാണുന്നത്, അവരുടെ ജീവിതം അറിയുന്നത് ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടതായി ഷിജു പറയുന്നു. ഒരോ യാത്രയും ജീവിതത്തോട് പറയുന്നത് പകരം വയ്ക്കാനാവാത്ത ചില അപൂര്‍വ്വ നിമിഷങ്ങളാണെന്നു ഷിജുവിന്റെ ഈ  യാത്രയിലൂടെയുള്ള ചിത്രങ്ങൾ പറയുന്നു. സര്‍ഗ്ഗാത്മകത യിലൂടെ തന്റെ  കാഴ്ചയും കാഴ്ചപ്പാടുകളും നവീകരിക്കാനും  അഭൂതപൂര്‍വ്വമായ ചിത്രങ്ങളിലൂടെ യാത്രകള്‍ പകര്‍ത്തി വെയ്ക്കാനും കഴിയുമെന്നു ഷിജു തെളിയിക്കുന്നു.

ഇനിയെത്ര ദൂരം!
അടുത്ത യാത്രയ്ക്കും ഒരു ഡോക്യുമെന്റ്രി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഷിജു  അതിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്  ആസ്ത്രേലിയക്കടുത്തുള്ള   "വനത്തോ" ആദിവാസി ഗോത്രത്തെ കുറിച്ചാണ് പഠനവും ഡോക്യുമെന്റ്രിയും, ഇതും ആഫ്രിക്കയിലെ ഹാമർ ഗോത്ര വർഗക്കാരെ പോലെയുള്ള ഒരു ആദിവാസി ഗോത്ര വർഗമാണ് .

കായം കുളം സ്വദേശിയായ  ഷിജു മലപ്പുറം തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം ബംഗ്ലൂരിൽ നിന്നും  ആനിമേഷന്‍ പഠിച്ചു. ബോംബയിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. പിതാവ് ബഷീറും  മാതാവ് സുലൈഖയ്മാണ്, ഷിജുവിന് രണ്ടു പെണ്‍ മക്കളാണ് കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലത്ത്  തന്റെ കലാപരമായ  കഴിവുകൾ  യുവജനോല്‍സവവേദികളില്‍ തെളിയിക്കുകയും പോളിടെക്നിക്കില്‍ ആര്‍ട്സ്ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. shijusbasheer@gmail.com
http://www.daydreamerfotos.com/
http://www.facebook.com/daydreamer.fotos

Wednesday, April 30, 2014

അനുഭവങ്ങളിലൂടെ സാഹിത്യം

ദോഹയിലെ അക്ഷര സ്നേഹികളായ മലയാളികൾ  കഴിഞ്ഞ ആഴ്ചയിൽ അക്ഷരപ്രവാസത്തിൽ ആയിരുന്നു. മലയാളത്തിലെ പെരുമ്പടവും മുകുന്ദനും ഉൾപ്പെട്ട അഞ്ചു എഴുത്തുകാർ. എഴുത്തിന്റെ ലോകത്ത് എങ്ങിനെ എത്തിയെന്നും ഏതുവിധം എഴുതി തുടങ്ങി എന്നും പങ്കു വെച്ച നാളുകൾ. സാഹിത്യാഭിരുചി ഉള്ളിലുണ്ടെങ്കിൽ എന്നെങ്കിലും അത്  പുറത്തുവരുമെന്ന് ഓർമിപ്പിച്ച ദിനങ്ങൾ. പത്രതാളുകളിൽ നിറഞ്ഞു നിന്നത് സാഹിത്യനായകന്മാരുടെ വാക്കും കുറിയുമായിരുന്നു. കേരള സാഹിത്യ അക്കാദമി  ഇന്ത്യക്ക് പുറത്ത് നടത്തിയ ആദ്യ ക്യാമ്പാണ് അക്ഷരപ്രവാസം, അക്കാദമി  പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ ഉൾപ്പെടെ അഞ്ചു സാഹിത്യകാരന്മാർ പങ്കെടുത്ത അക്ഷരപ്രവസത്തിനു ദോഹയിൽ വേദി ഒരുക്കിയത് ഫ്രെണ്ട്സ് കള്ച്ചരൽ സെന്ററും ശില്പ ശാല  നയിച്ചത് ശ്രീ പെരുമ്പടവം ശ്രീധരനും, മുകുന്ദനുമായിരുന്നു. ഒപ്പം അക്ബർ കക്കട്ടിൽ, പി കെ പാറക്കടവ്, ജോസ് പനച്ചിപ്പുറം എന്നിവരും.

അനുഭവങ്ങളുടെ പങ്കു വെപ്പിന്റെ ദിനങ്ങൾ. കഥയും കഥാ പാത്രങ്ങളും എന്ന   സെഷനിൽ അവർ പരിചയപ്പെടുത്തിയ  പല കഥാപാത്രങ്ങളും മുമ്പ് പുസ്തകം വായിച്ചപ്പോൾ സ്വാധീനിക്കത്ത അത്രയും  ആഴത്തിൽ ഇപ്പോൾ മനസ്സിൽ തട്ടുന്നു. ബഷീറിന്റെ ശബ്ദത്തിലെ കഥാ പാത്രം ആ പട്ടാളക്കാരൻ ബഷീറിനോടല്ല കഥകൾ പറയുന്നത്. നമ്മുടെ ഓരോ മനസ്സിനോടുമാണ് മുറിവേറ്റു പട്ടാളത്തിൽ നിന്നും വരുമ്പോൾ ഒരു ഭക്ഷണ ശാലയിൽ നിന്നും അല്പം ഭക്ഷണം ചോദിച്ചു വാങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിനു തടയുന്നതായി അനുഭവപ്പെടുന്നത്  മനുഷ്യരുടെ വിരലുകളും കണ്ണുകളുമായിരുന്നു. അങ്ങിനെ പല കഥാ പത്രങ്ങളെയും നമ്മോടു നേരിൽ സംവദിക്കുന്ന രൂപത്തിൽ അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഇങ്ങനെ ഓരോ സെശ്ശനിലും ഞങ്ങളെ ഒരു മാന്ത്രിക ലോകത്തേയ്ക്ക് അവർ കൊണ്ടുപോകുകയായിരുന്നു. ചിരിച്ചും ചിന്തിച്ചും മൂന്നു ദിനങ്ങൾ.
"ഒരു കഥ അല്ലങ്കിൽ ഒരു നോവൽ എഴുതാൻ കഥാ പാത്രങ്ങളൊക്കെ മനസ്സിൽ കടന്നു കൂടിയാൽ അത് എഴുതി തീർക്കുന്നതിനിടയിൽ മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുമോ? എന്താണ് ആ സമയത്തുണ്ടാകുന്ന അവസ്ഥ ? ഈ ചോദ്യങ്ങൾക്ക്  ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുത്തിനിടയിലെ അനുഭവങ്ങൾ പെരുമ്പടവം ഞങ്ങളോട് പങ്കുവെച്ചു "ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുതിത്തുടങ്ങിയത് മുതൽ ഞാൻ വലിയ ആത്മ സംഘർഷത്തിൽ ആയിരുന്നു, ഞാൻ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു, എഴുത്ത് വിചാരിച്ച പോലെ നടന്നില്ല. ഞാൻ ഒറ്റയ്ക്ക് പല മുറികളിലും പോയി എഴുതാൻ തുടങ്ങി, അവസാനം എന്റെ വീട്ടിന്റെ മുകളിലിരുന്നു എഴുതി തുടങ്ങി ആ സമയത്ത് എന്റെ അവസ്ഥ എനിക്ക് പറയാൻ പറ്റാത്തതായിരുന്നു, ഭാര്യ പിന്നീട് പറഞ്ഞത് ഓർക്കുന്നു. എനിക്ക് ആസമയങ്ങളിൽ ശരിക്കും ഭ്രാന്ത് പോലെയായിരുന്നു. ആരുടെയോ ബാധ കൂടിയത് പോലെ, തമാശയായി അദ്ദേഹം പറഞ്ഞു, അതെ എനിക്ക് ബാധ തന്നെയായിരുന്നു.  "ദസ്തയേവ്‌സ്കിയുടെ". വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു  പെരുമ്പടവം ഈ നോവലിൽ പറഞ്ഞത്.

പല കാഴ്ച്ചകളും അനുഭവങ്ങളും ഒരുപാട്  എഴുത്തുകാർക്ക് വലിയ കഥകളും നോവലുകളും എഴുതാൻ നിമിത്തമായിട്ടുണ്ട്, ലോകപ്രശസ്ത എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയ്‌ "അന്നാ കരേനിന" എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരു സ്ത്രീയുടെ ആത്മഹത്യ ആയിരുന്നു. ടോൾസ്റ്റോയ്‌ ഒരു ദിവസം റെയിൽവേ സ്ടഷനിൽ ഇരിക്കുമ്പോൾ സുന്ദരിയായ കുലീനയായ ഒരു യുവതി ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുന്നത് കണ്ടു, അദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും അതിന്റെ പിന്നിലെ കഥാന്വേഷണത്തിലൂടെ അന്നാ കരേനിന എന്ന നോവൽ എഴുതി തീർക്കുകയായിരുന്നു. ട്രെയിനിനുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലൂടെ തന്നെയാണ് ഈ കഥ ടോൾസ്റ്റോയ്‌ അവസാനിപ്പിചതും. 'യുദ്ധവും സമാധാനവും', 'അന്നാ കരേനിന' എന്നീ നോവലുകളിലൂടെ അദ്ദേഹം ലോകപ്രശസ്തനാവുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് മുകുന്ദൻ ഏതാണ്ട് ഇങ്ങനെ എഴുതിയിരുന്നു  "രണ്ടു യുവതി യുവാക്കൾ  ദൽഹി തെരുവീഥിയിലൂടെ നടന്നു നീങ്ങുന്നു പെട്ടെന്ന് കുറെ അക്രമികൾ അവരുടെ മേൽ ചാടി വീഴുന്നു. യുവാവിനെ  അടിച്ചു അവശനാക്കുന്നു. ആ സ്ത്രീയെ ബാലാല്ക്കാരം ചെയ്യുന്നു, ഇത് കണ്ടു നിന്ന  ആ തെരുവിലെ  ഒരാൾ പോലും പ്രതികരിക്കുന്നില്ല. ദൂരെ ഒരു കെട്ടിടത്തിനു മുകളിൽ ഇരുന്നു ഈ കാഴ്ച കാണുന്ന പ്രാവുകൾ പറന്നു വന്നു ഈ ആക്രമികളുടെ കണ്ണിനും കാതിനും കൊത്തി മുരിവെല്പിക്കുന്നു,   വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പീഡനങ്ങൾ ഡൽഹിയിൽ  നടക്കുമ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യരെ വരച്ചു കാണിച്ച  മുകുന്ദന്റെ ദൽഹി 81 നു ഇന്നും ഏറെ പ്രസക്തിയുണ്ട്. "ഇത്തരം സംഭവങ്ങൾ ദിനേന ഡൽഹിയിൽ നടക്കുന്നുണ്ട്. നമ്മൾ കാണാത്ത  നിരവധി കാഴ്ചകൾ നമ്മൾ കേൾക്കാത്ത ഒരു പാട് വാർത്തകൾ. പല സംഭവങ്ങൾ"  മുകുന്ദൻ പറഞ്ഞു  കേട്ടപ്പോൾ  ശരിക്കും കണ്ണ് നിറയുകയായിരുന്നു. ലഹരിയിലും  മയക്കു മരുന്നിലും അടിമപ്പെട്ടു അവസാനം റോഡരികിൽ മരിച്ചു കിടക്കുന്ന എത്രയോ ആളുകൾ  പേടിപ്പിക്കുന്ന ഭീകരമായ കാഴ്ചകൾ. ഇങ്ങനെ ഒരു പാട് കാഴ്ചകൾ. കാലങ്ങൾ കഴിഞ്ഞിട്ടും മാറാത്ത ദൽഹി. എത്ര എഴുതിയാലും ദൽഹി കഥകൾ തീരില്ല .

രണ്ടിടങ്ങിയിലെ തകഴിയുടെ കഥാ പാത്രം നമ്മെ തെല്ലൊന്നുമല്ല  ചിന്തിപ്പിച്ചത് ഒരു തുണ്ട് ഭൂമിയില്ലാതെ തന്റെ അഛൻ മരിച്ചപ്പോൾ പായയിൽ പൊതിഞ്ഞു തോണിയിൽ കിടത്തി  ദൂരെ കടലിലേക്ക്‌ എറിഞ്ഞത്, മലയാള സമൂഹത്തിനിടയിൽ വൻ ചലനം സൃഷ്ടിക്കുകയായിരുന്നു. ഏറെ ചിന്തിപ്പിക്കുകയും പിന്നീട് അത്  ഒരു മാറ്റത്തിന്റെ ശബ്ദമായിമാറുകയും ചെയ്തു. പല കഥപാത്രങ്ങൾക്കും വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിന് ഉദാഹരണമായാനു ഈ കഥ പത്രത്തെ സൂചിപ്പിച്ഛത്. പഴയ പല എഴുത്തുകാരും കഥാ പാത്രങ്ങളെ സൃഷ്ടിച്ചത് വലിയ എഴുതുകാരാനാവാൻ വേണ്ടിയായിരുന്നില്ല സാമൂഹിക വിപ്ലവം സൃഷ്ടിക്കാനും ആത്മ സാക്ഷാൽക്കാരത്തിനും വേണ്ടിയായിരുന്നു. ജീവിതം തികഞ്ഞ സന്തോഷത്തിലാകാതിരിക്കാനാണ്  ഒരു എഴുത്ത് കാരാൻ എപ്പോഴും ശ്രദ്ധിക്കേണ്ടത്, ദുഖത്തിൽ നിന്നും അശാന്തിയിൽ നിന്നും അസ്വതതകളിൽ നിന്നുമാണ് എഴുത്തുകൾ ജനിക്കുന്നത്, ഉളളിൽ കനൽ എരിയുംപോഴാണ് ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ കുറിച്ച് എഴുതാൻ കഴിയുകയുള്ളൂ. 

ഏറെ സന്തോഷം നല്കിയ ഒരു കാര്യം.
ഈജിപ്ത്തിലും ഫലസ്‌തീനിലും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും  ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും  സാഹിത്യ അക്കാദമി കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടോ?  അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച  നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, സുദാനി എഴുത്ത് കാരന്‍ തയ്യിബ് സാലിഹിനെയും അവരുടെ രചനകളെയും വിവിധ ഭാഷകളിൽ  വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. മലയാളത്തിൽ കൂടുതലായി കാണുന്നില്ല. ഇവരുടെ സാഹിത്യങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതിൽ സാഹിത്യ അകാദമിക് എന്താണ്  ചെയ്യാൻ കഴിയുക? ഈ ചോദ്യത്തിന് വളരെ സന്തോഷകരമായ മറുപടിയാണ് അകാദമിയുടെ ഭാഗത്ത് നിന്നും ലഭിച്ചത് പ്രശസ്ത എഴുതുകാരാൻ മഹമൂദ് ദാർവിഷിന്റെ കവിതകൾ സച്ചിദാനന്ദൻ വിവർത്തനം ചെയ്തതും, ഇരാകിലെയും ലബനാനിലെയും എഴുത്തുകാരെ പറ്റിയും അവരുടെ പല  സൃഷ്ടികളെ പറ്റിയും പി കെ പാറക്കടവ് പരിചയപ്പെത്തി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരെയൊക്കെ പാറക്കടവ് ഓർമിപ്പിച്ചു. ഞാൻ പ്രവാസി ആയിട്ടും കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്റെ ആദ്യ കഥാ സമാഹാരത്തിനു അറബി ബന്ധമുള്ള "ഖോർഫുക്കാൻ കുന്ന്" എന്ന് പേരിടാൻ എനിക്ക് കഴിഞ്ഞു . ഇനിയും  ഈ വിഷയങ്ങൾ നല്ല പഠനങ്ങൾ നടത്തുമെന്നും അടുത്തു തന്നെ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് നാട്ടിൽ ഒരു  സംവാദം സംഗടിപ്പിക്കുമെന്നും അക്കാദമി പ്രസിഡന്റ്‌ പറഞ്ഞു. ഇത്തരം സംവാദങ്ങളിലൂടെ  ഒരു പാട് സാഹിത്യ ഇടപെടലുകൾ നടത്താനും മലയാളത്തെ അറബി ഭാഷയുമായി കൂടുതൽ അടുപ്പികാൻ കഴിയുമെന്നും പെരുമ്പടവം പറഞ്ഞു. അറബ് ഭാഷ സ്നേഹിയും അറബ് എഴുത്തുകാരെ പരിചയപ്പെടുത്താൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലക്ക് ഏറെ സന്തോഷം നല്കിയ മറുപടിയായിരുന്നു ഈ വിഷയത്തിൽ അകാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അടുത്തു തന്നെ നാട്ടിൽ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കേരളം ഇന്ന് സ്വപ്നങ്ങൾക്ക് പോലും ജീവിക്കാൻ പറ്റാത്ത ഇടമായി മാറിയതായും കേരളത്തിൽ നിന്ന് മലയാളിയുടെ സ്വപ്നങ്ങൾ കടൽ കടക്കുകയാണെന്നും പറഞതോടെ ഖത്തറിനെയും പ്രതിപാദിച്ചു  കൊണ്ടായിരുന്നു മുകുന്ദൻ  സമാപന പരിപാടിയിൽ  പൊതു ജനങ്ങളോട് സംവദിച്ഛത്. ഖത്തർ കാരുണ്യത്തിന്റെ നഗരമാണ്, ഖത്തറിനെ കുറിച്ചു ഇനി മരുഭൂമി എന്ന് പറയരുത്. ലോകത്തെ സമ്പന്നമായ നഗരങ്ങളിൽ ഒന്നാണ് ഖത്തർ. ഇവിടത്തെ പ്രവാസി സംഘടനകൾ കാരുണ്യത്തിന്റെ  ഉറവകൾആണെന്നും, നാട്ടിൽ നിന്നും ഏറെ അകലെയിരുന്നു മലയാളത്തെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ കണ്ടതാണ് സാഹിത്യ അക്കാദമിക് ക്യാമ്പിലൂടെ ലഭിച്ചതെന്നും തുടർ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് അനുഭവങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നും അക്ഷര പ്രവാസം കേരള അക്കാദമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു എന്നും സാഹിത്യ നായകന്മാർ സമാപന സമ്മേളനത്തിൽ പറഞ്ഞു. ഫ്രെണ്ട്സ് കൾച്ചർ  സെന്റെറിന്റെ  ക്രിയാത്മകമായ ഇടപെടലുകൾ മൂലം സാധ്യമായ ഈ ക്യാമ്പ് സംഘാടക മികവു കൊണ്ടും പങ്കാളിത്വം കൊണ്ടും ഖത്തർ മലയാളികളുടെ ചരിത്രത്തിൽ  കൂട്ടി ചേർക്കാൻ പറ്റിയ ഒരു പൊൻതൂവലാണ്.

Wednesday, April 23, 2014

മലയാളത്തിന്റെ സ്വന്തം ഗാബോ

മലയാളത്തിന്റെ സ്വന്തം ഗാബോ
കേരളക്കര കാണാത്ത മലയാളം അറിയാത്ത ഒരെഴുത്തുകാരൻ മലയാളത്തിനു സ്വന്തമായുണ്ട് - മലയാളത്തിന്റെ സ്വന്തം ഗാബോ. ഗാബോ ജനിച്ചതും വളർന്നതും ലാറ്റിനമേരിക്കയിലെ കൊളംബിയയിലാണ്. പക്ഷെ ഗാബോയുടെ എഴുത്തുകളിൽ പലപ്പോഴും നിഴലിച്ചത് മലയാള സംസ്കാരവും ജീവിതങ്ങലുമായിരുന്നു. കായിക ലോകം ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളെ നെഞ്ചിൽ ഏറ്റിയ പോലെ മലയാള സാഹിത്യ പ്രേമികൾ മലയാളിയെന്നു കരുതി മനസ്സിൽ താലോലിച്ചു മാജികൽ റിയലിസത്തിന്റെ പിതാവ് ഗബ്രീൽ ഗാര്സിയ മാര്കെസിനെ. മലയാള ഭാഷാ പരിഭാഷകളിൽ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലാണ്‌  ഗാബോയുടെ ഏകാന്തതയുടെ നൂറു വർഷങ്ങൾ.

ലാറ്റിൻഅമേരിക്കൻ ഫുട്ബോൾ  മലയാളികളുടെ മനസ്സിൽ കുടിയേറിയത്  പോലെ  സാഹിത്യ ലോകത്ത് കേരളവും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധത്തിന്  ഈ നോവൽ ശക്തി പകരുന്നുണ്ട്. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻനിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥ മാർക്വേുസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തി.  ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായാണ് നിരൂപകർ ഇതിനെ വിലയിരുത്തുന്നത്, സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മലയാളത്തിലെ പല എഴുത്തുകാരും മാജിക്കൽ റിയലിസം ശീലിച്ചത്  ഈ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടാവാം. സേതുവിന്റെ 'പാണ്ഡവപുരം', കെ.വി. മോഹൻകുമാറിന്റെ 'ഏഴാംഇന്ദ്രിയം' എന്നിവ മാജിക്കൽ റിയലിസത്തിനുദാഹരണങ്ങളാണ്. 

ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ഇഴകി ചേരുന്നുണ്ട്. ലാറ്റിനമേരിക്കയെയും കേരളത്തെയും  ബന്ധിപ്പിക്കുന്ന ഒരു പാട് ഘടകങ്ങൾ  ഈ നോവലിൽ ഉണ്ട്.  കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളുടെ പല ചിത്രങ്ങളും ഇതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഈ നോവലിനെ നിരൂപണം ചെയ്ത പല എഴുത്തുകാരും അമേരിഇന്ത്യൻ ബന്ധം ഈ നോവലിനെ സ്വാധീനിച്ചതായി പറയുന്നു. ഉൽസുല എന്ന കഥാപാത്രം  അമേരിന്തയ്ക്കാരും യൂറോപ്യന്മാരും ചെർന്നുണ്ടായ സങ്കര വർഗത്തിന്റെ അനശ്വര പ്രതീകമാണ്. ഒരു സാങ്കല്പിക ഗ്രാമമായ   മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ്  നോവലിന്റെ ഇതിവൃത്തം. ഇതിൽ പറയപ്പെടുന്ന പിതൃ ബോധത്തിനും മലയാളിയുടെ പിതൃ സങ്കല്പത്തിനും വളരെയധികം സാദൃശ്യമുണ്ട്. പ്രശസ്ത നിരൂപകനായ കോവിലന്റെ  വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്  "ഉൾസുലയും അവരുടെ ഉദ്ധതനായ  ഭർത്താവും മരിച്ചുപോയവരെ മുഖതാവിൽ സ്പർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്, മൃതന്റെ ദാഹം പോക്കാൻ  പലയിടത്തും വീട്ടിൽ വെള്ളം കരുതി വെക്കുന്നുണ്ട്, മലയാളത്തിലാകുമ്പോൾ ഈ സമ്പ്രദായം "വീത്" എന്ന പേരിൽ അറിയപ്പെടുന്നു. വീത് വെക്കാൻ ഗ്രാമീണ ഗൃഹങ്ങളിൽ പ്രത്യേകം ഉറി കെട്ടാറുണ്ട്. മരണാനന്തരം ഇവരുടെ വീട്ടിലേക്ക്‌ തിരിച്ചു വരുന്ന മഹാവൃദ്ധൻ  താമസിച്ചു പോന്ന പ്രത്യേക അകത്തളം മച്ചും കൊട്ടിലും പരിചയിച്ചിട്ടുള്ള മലയാളിയെ വശീകരിച്ചെക്കാം. അതിനകത്തിരുന്നു തന്നെ പരേതൻ തോൽ ചുരുളുകളിൽ ഗ്രന്ഥരചനയും സാധിച്ചു. വൃദ്ധൻ വീണ്ടും മരിച്ചു പോയി. പക്ഷെ കുടുംബ പരമ്പരയിൽ ഓരോ തലമുറയിൽ നിന്നും ഒരാൾ വൃദ്ധന്റെ താളത്തിൽ ആവിഷ്ടനെ പോലെ താമസിക്കുക പതിവായി. തലമുറകളിലൂടെ കോമരങ്ങളെ കൈ മാറുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ടല്ലോ."   

നോവലിൽ ഒരിടത്ത് മരിച്ചവർ വീണ്ടും പ്രത്യക്ഷപ്പെടുന്നതു മാർക്യൂസ് ചിത്രീകരിക്കുന്നതിങ്ങനെയാണ്. ഉൾസുല തന്റെ ഭർത്താവിനു  കിടപ്പറ പങ്കിടാൻ സമ്മദിച്ചിരുന്നില്ല.  പന്നിയുടെ വാലുള്ള മനുഷ്യൻ ജനിക്കുമെന്ന ഭയത്താൽ തോലുകളും കമ്പിയും ചേർത്ത  അടിവസ്ത്രം ധരിച്ചു  തന്റെ  കന്യകത്വം സൂക്ഷിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ ഇങ്ങനെ കഴിഞ്ഞപ്പോൾ  ഭർത്താവ് ആർകെഡിയോ ബൂവേഡിയോയെ  ജനങ്ങൾ തമാശയാക്കാൻ തുടങ്ങി, ഒരിക്കൽ പ്രൂടെൻഷിയോ അഗ്വലരുടെ പരിഹാസം ആർകെഡിയോ ബൂവേഡിയോ ഇഷ്ടപ്പെട്ടില്ല. ആർകെഡിയോ തന്റെ മുത്തച്ഛന്റെ ഉന്നവും കാട്ടുപോത്തിന്റെ ശക്തിയും ചേർത്തു ഒരു കുന്തമെടുത്ത്  പ്രൂടെൻഷിയോവിനെ എറിഞ്ഞു. പ്രൂടെൻഷിയോവിന്റെ  തൊണ്ട കീറിമുറിഞ്ഞു.  അന്ന് രാത്റി എല്ലാവരും ശവത്തിനരികിൽ ഉറങ്ങാതെ ഇരുന്നു. ആർകെഡിയോ തന്റെ  ഭാര്യയുടെ മുറിയിൽകയറിച്ചെന്നു. അവൾ കന്യകാത്വം  സൂക്ഷിക്കാനുള്ള ട്രോയർ വലിച്ചു കയറ്റുകയായിരുന്നു. അവളുടെ നേർക്ക്‌ കുന്തം ഓങ്ങി അയാൾ ആജ്ഞാപിച്ചു "ഊരി മാറ്റു" ഉൽസുല വഴങ്ങി.  അവൾ പറഞ്ഞു എന്ത് സംഭവിക്കുന്നുവോ അതിനുത്തരവാദി നിങ്ങൾ ആയിരിക്കും. നീ വാലുള്ള ജന്തുക്കളെ പ്രസവിക്കുകയാണങ്കിൽ  നാം അവരെ വളർത്തും അയാൾ പറഞ്ഞു. പക്ഷെ നിന്റെ കാര്യം പറഞ്ഞു ഈ നഗരത്തിൽ ഇനി കൊല നടക്കാൻ പാടില്ല. അവർ വെളുക്കുവോളം ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടു. 

ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രി ഉൾസുല കുറച്ചു വെള്ളമെടുക്കാനായി മുറ്റത്തിറങ്ങി. വെള്ളമെടുക്കുന്ന പാത്രത്തിനടുത്തു പ്രൂടെൻഷിയോ അഗ്വലർ നില്ക്കുന്നതായി അവർ കണ്ടു. വിളറിദയനീയ ഭാവത്തോടെ തൊണ്ടയിലെ മുറിവിൽ മരുന്ന് വെക്കുകയാണ് അയാൾ. ഭർത്താവിനോട് ഉൽസുല ഇക്കാര്യം പറഞ്ഞു. അവർ അത്ര ശ്രദ്ധിച്ചില്ല. രണ്ടു രാത്രികൾക്ക് ശേഷം പ്രൂടെൻഷിയോ വീണ്ടും കുളിമുറിയിൽ നില്ക്കുന്നതായി ഉൽസുല കണ്ടു. തൊണ്ടയിലെ മുറിവിലെ കട്ടപിടിച്ച രക്തം കഴുകി മാറ്റുകയായിരുന്നു അയാൾ. മറ്റൊരു രാത്രി മഴയത്ത് നടക്കുന്നതായി കണ്ടു. ആർകെഡിയോ ബൂവേഡിയോ  കുന്തവുമെടുത്തു കൊണ്ട് മുറ്റത്തിറങ്ങി. മരിച്ച മനുഷ്യൻ തന്റെ ദൈന്യ ഭാവവുമായി അവിടെ നില്ക്കുന്നു. ആർകെഡിയോ ബൂവേഡിയോ അയാളെ നോക്കി അലറി. നീ എത്ര തവണ തിരികെ വരുന്നുവോ അത്രയും തവണ നിന്നെ ഞാൻ കൊല്ലും. പ്രൂടെൻഷിയോ തിരിച്ചു പോയില്ല. പിന്നീട് ഉൽസുല പ്രൂടെൻഷിയോ അടുപ്പിലെ പാത്രങ്ങൾ തുറക്കുന്നത് കണ്ടു. അത് എന്തിനാണന്ന് മനസ്സിലാക്കി. മനസ്സലിഞ്ഞ ഉൽസുല വീട്ടിനു ചുറ്റും നിറച്ച ജല പാത്രങ്ങൾ വെച്ചു. അവസാനം ആർകെഡിയോ കുന്തം  മുറ്റത്തു കുഴിച്ചിട്ടു. പ്രുടന്ഷിയോ അംഗലർക്ക് ശാന്തി കിട്ടാൻ തന്റെ പോര്കോഴികളുടെ കഴുത്തറുത്തു തർപ്പണം നല്കി,  ഉൽസുലയെയും കൂട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറിതാമസിക്കുകയും പിന്നീട് തന്റെ അനുജരന്മാരോടൊപ്പം മക്കണ്ടോ എന്ന സ്വപ്ന നഗരം സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്‌ .  

കാലത്തിനു ശേഷം നരച്ച മുടിയും അവ്യക്തമായ അംഗ വിക്ഷെപങ്ങളുമായി തന്റെ മുറിയിൽ വീണ്ടും പ്രൂടെൻഷിയോ കടന്നു വരുന്നുണ്ട്. ആദ്യം മനസ്സിലായില്ലങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു. മരണമടഞ്ഞവർക്കും വാർധക്യമാകുമെന്നറിഞ്ഞു അയാൾ ഞെട്ടുന്നു. മരിച്ചു കഴിഞ്ഞു വളരെ വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരിക്കുന്നവരെ കാണാനും ചങ്ങാത്തം കൂടാനുമുള്ള അതിര് കവിഞ്ഞ ആവേശത്തോടു കൂടി മരണത്തിനുള്ളിലെ മരണം അടുത്താണെന്ന് അറിഞ്ഞു കൊണ്ട് പ്രൂടെൻഷിയോ തന്റെ ഏറ്റവും കടുത്ത ശത്രുവിനെ സ്നേഹിക്കുന്നു.  

ഈ നോവലിന്റെ പല കഥാ പാത്രങ്ങളും ഇന്ത്യയുമായി ബന്ധമുണ്ടന്നു തെളിച്ചു പറയുന്നില്ലങ്കിലും പല രൂപത്തിലും പല ആചാരങ്ങളിലും മലയാളികളുമായി ബന്ധ്പ്പെടുന്നുണ്ടോ എന്ന് വായനക്കാർക്ക് തോന്നുന്നു. ഇന്ന്  മനുഷ്യനെ മൃഗീയനാക്കുന്നകാമ വികാരം  കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. ഈ നോവലിന്റെ ചില ഭാഗങ്ങളിൽ  മൃഗീയവും അനിയന്ത്രിതവുമായ കാമാവെഷം വരച്ചിടുന്നുണ്ട്.   കൌമാരപ്രായക്കാരിയായ മുലാറ്റോ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ലൈംഗിക പീഡനം   വായനക്കാർക്ക് വേദന നല്കുന്നു. മുലാറ്റോയുടെ അമ്മൂമ ഓരോ രാത്രിയും  എഴുപതോളം പേർക്കാണ് മുലാറ്റോയെ കാഴ്ച വെക്കുന്നത്. ഒടുവിൽ അറീലിയിനോ അവളുടെ മുറിയിൽ എത്തുകയാണ്. അറീലിയോവിനു മുമ്പേ ആ രാത്രിയിൽ അറുപത്തിമൂന്ന് പുർഷന്മാർ ആ മുറിയിലൂടെ കടന്നു  പോയിട്ടുണ്ട്. അയാൾക്ക്‌ അവളോട്‌ സ്നേഹം തോന്നുന്നു. അറീലിയാനോവിന്റെ പ്രേമം വായനക്കാർക്ക്  കൌതുകം നൽകുമ്പോൾ  പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകൾ നോവലിലൂടെ വളരുകയാണ്. ആശാമേനോൻ പുസ്തകത്തിന്റെ പരിഭാഷയുടെ  ആമുഖത്തിൽ പറഞ്ഞത് പോലെ "പുരാതന ജിറെനിയങ്ങളുടെ മർമ്മരം പുരണ്ട കാറ്റ് ശമിക്കുമ്പോൾ  ബാക്കിയാവുന്ന ശൂന്യത നമ്മിൽ ഒരു തരം നിരാസക്തി പടർത്തുകയാണ്. വേദനയ്ക്കും      ആഹ്ലാദത്തിനുമുപരി കല പകർന്നു തരേണ്ട കരടറ്റ  സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യപ്പെടുന്നു. അതിനാൽ നിമിഷങ്ങളിലേക്ക് കുറുകുന്ന സമയ സാന്ദ്രതയ്ക്ക് പകരം നൂറ്റാണ്ടുകളിലേക്ക് പടരുന്ന സമയ വ്യാപനം ഈ കൃതിയുടെ അച്ചുതണ്ടായി തീരുന്നു. ലൌകികമായ ചതുരശ്ര മാനങ്ങളെ മാർക്യൂസിന്റെ ഈ കൃതി അതിക്രമിക്കുന്നത് ഈ വ്യാപനത്തിലൂടെയാണ്".
 
നിരൂപകർ സൂചിപ്പിക്കുന്നത് പോലെ സപാനിഷ് കോളനി വൽക്കരണത്തിനു ശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങളും ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്. പരഗതിയും ചലനവും നഷ്ടപ്പെട്ട ഒരു ജനത ജീർണിക്കുകയെ  ഉള്ളൂ. പ്രഗതി ശീലരായ ഒരു ജനതയുടെ പാശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടത്, ശാസ്ത്രത്തിന്റെയും ടെക്നോലജിയുടെയും വികാസ പരിണാമങ്ങളും ചൂഷണവും പീഡനങ്ങളും  വിപ്ലവും എല്ലാം ഈ നോവലിൽ ഉണ്ട്.   മാർക്യൂസ് ഈ നോവൽ എഴുതാൻ തുടങ്ങിയത് ഒരു ദിവ്യ വെളിപാട് പോലെയായിരുന്നു  വീട്ടിൽ ദാരിദ്ര്യം വാഴുമ്പോഴും ലോകം ഒരു വിഖ്യാത സൃഷ്ടിക്കായി കാതോർക്കുകയായിരുന്നു. ഒരിക്കല്‍ ഗബ്രിയേൽ തന്റെ കുടുംബവുമായി അക്കാപുല്ക്കോകയിലേക്ക് പോകവെ  പെട്ടെന്ന് ബോധോതയം വന്നത് പോലെ ഏകാന്തതയുടെ നൂറു വർഷ്ങ്ങളുടെ ചിന്തകൾ  മനസ്സിൽ ഉദിക്കുകയായിരുന്നു.  ഉടനെതന്നെ അദ്ദേഹം വണ്ടി തിരിച്ചു വിട്ടു. വീട്ടിലേക്കു മടങ്ങി,  ഇനി ഞാന്‍ എന്റെ മുറിയിൽ നിന്നും  പുറത്തിറങ്ങുകയില്ലെന്നും ചുരുങ്ങിയത് ആറോ ഏഴോ മാസം എഴുത്തിലായിരിക്കുമെന്നും  അദ്ദേഹം ഭാര്യോടു പറഞ്ഞു. അകത്തുകയറി വാതിലടച്ചു മാർക്യൂസ്  എഴുതിത്തുടങ്ങി. ശല്യപ്പെടുത്തരുതെന്നു പറഞ്ഞു. ഭാര്യ  വീട്ടിൽ വരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും അതിഥികളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.  വർഷങ്ങള്‍ കടന്നുപോയി.  ഭർത്താവ് മുഴു സമയഎഴുത്തിലായപ്പോൾ   ജീവിക്കാനായി ഭാര്യ തന്റെ കാര്‍ വിറ്റു.  പലരോടും കടം പറഞ്ഞും പ്രയാസപ്പെട്ടും  ജീവിതം മുമ്പൊട്ട്  നീക്കി പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകള്‍ തേടിയ മാർക്യൂസ് 18 മാസത്തോളം ദിവസവും എഴുതിയാണ്  നോവല്‍ പൂർത്തിയാക്കിയത്. 1967ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കണക്കാക്കപ്പെടാറുണ്ട്. നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തത്  ഡോ എസ് വേലായുധനാണ്. മാർക്യൂസിന്റെ മാന്ത്രിക വിരൽ ചലനം നിലച്ചെങ്കിലും 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' നമ്മളെന്നും അനുഭവിച്ചു കൊണ്ടേയിരിക്കും ....

Sunday, April 13, 2014

ശ്രദ്ധേയമായ മെഡിക്കൽ ക്യാമ്പ്‌ .. .......


ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്റ്റെഴ്സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദോഹയിൽ നടന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രവാസി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തെ ആയിരക്കണക്കിന് തോഴിലാളികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധവല്‍ക്കരണം നല്‍കാനും ഉപകരിച്ച ക്യാമ്പ് തികച്ചും മാതൃകാപരമായിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിര്‍വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹം അവരുടെ സഹോദരങ്ങള്‍ക്ക് എത്രമാത്രം പ്രധാന്യം നല്‍കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മെഡിക്കല്‍ ക്യാമ്പെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ഇന്ത്യക്കാരെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ഖത്തരി സമൂഹമെന്നും അവരുടെ ആരോഗ്യ കാര്യങ്ങളില്‍ ഖത്തര്‍ നിറഞ്ഞ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേരുള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. പ്രവാസ ജീവിതത്തിനിടയിൽ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിത രീതി, തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആരോഗ്യ സെമിനാറുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയ വിവിധ പവലിയനുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബോധാവത്കരണത്തിൽ ശ്രദ്ധ ചെലുത്തി ആരോഗ്യ പവലിയനുകൾ 
ദോഹയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവത്കരണ പവലിയനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എം ഇ എസ് ഇന്ത്യൻ സ്കൂൾ, ദോഹ മോഡേണ്‍ ഇന്ത്യൻ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ. ഐഡിയൽ ഇന്ത്യൻ സ്കൂൾ, ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, ഡി പി സ് മോഡേണ്‍ സ്കൂൾ, എന്നീ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ആരോഗ്യ എക്സിബിഷൻ സന്ദർശകരെ ആകര്ശിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ രോഗാരോഗ്യ ദിന പ്രചാരണ പ്രമേയമായ "ജന്തു ജന്യ രോഗങ്ങൾ തടയുക" എന്ന വിഷയത്തെ കേന്ദ്രീ കരിച്ചായിരുന്നു മുഴുവൻ പ്രദർശനങ്ങളും, രോഗം പരത്തുന്ന ജീവികളിൽ നിന്നും എങ്ങിനെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത് എന്ന് ലളിതമായി വിവരിക്കുന്ന പ്രദർശനങ്ങളും പ്രവത്തന മാതൃകകളും കുട്ടികൾ അവതരിപ്പിച്ചു. പ്രധാന ജന്തു ജന്യ രോഗങ്ങളെ കുറിച്ചും വളരെ അപൂര്വമായി കാണപ്പെടുന്ന രോഗങ്ങളെ കുറിച്ചു സന്ദർശകരെ  ബോധിപ്പിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെയും വീടും നാടും വൃത്തിയായി സൂക്ഷിക്കെണ്ടാതിന്റെയും ആവശ്യകതകൾ അവർ എടുത്തു പറഞ്ഞു. മലേറിയ, പ്ലേഗ്, മന്ത്, ചികൻ ഗുനിയ മുതലായ രോഗങ്ങൾ പടരുന്ന രീതികൾ കുട്ടികൾ ഒരുക്കിയ പ്രദര്ശന വസ്തുക്കളിൽ നിന്നും അവരുടെ വിശദീകരണത്തിൽ നിന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നന്നതായിരുന്നു.  



ആരോഗ്യ ക്ലാസ്സുകൾ
പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു വിവിധ വിഷയങ്ങളിൽ  വിദഗ്ദ ഡോക്ടര്‍മാര്‍  ക്ലാസ്സുകൾ  നടത്തി. നൂറു ക്കണക്കിന് പേരാണ് ഓരോ ക്ലാസ്സുസ്സുകളിലും  പങ്കെടുത്തത്, "വാ
ഷിക വൈദ്യ പരിശോധനയുടെ പ്രാധാന്യം"  "കാൻസർ പ്രതിരോധിക്കാൻ കഴിയുമോ"  "കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ"  "വീട് കുട്ടികൾക്കുള്ള സുരക്ഷ ഗേഹം" "ആരോഗ്യ പൂണമായ ഹൃദയത്തിന് ജീവിത ശൈലിയിലെ മാറ്റങ്ങൾ", "പുറം വേദന ആധുനിക കാലത്തെ ആരോഗ്യ പ്രശ്നം" "ബ്രസ്റ്റ് കാൻസർ മുന്കൂട്ടി കണ്ടത്താം" "ആസ്ത്മ ബോധ വത്കരണം കുടുംബങ്ങളിൽ"  ഈ വിവിഷയങ്ങളിലായിരുന്നു ക്ലാസ്സുകൾ നടന്നത്. 


ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് ഒരുക്കിയ "ശലഭകാലം"
"ഗത കാലത്തിന്റെ ചിത്രങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്" വർത്തമാന കാലത്തിന്റെ അവിവേഗങ്ങളും അതി വേഗങ്ങളും കാണിക്കുന്ന അനുഭവങ്ങളുടെ പുനരാവിഷ്കാരം, ഭാവിയിൽ സംഭവിക്കരുതേ എന്ന് പ്രാർഥിക്കുന്ന ദുരന്ത ഭാവനകളുടെ സുന്യാത്മ ചിത്രീകരണം, ഗതകാലത്തിന്റെ നന്മകളും സമ കാലത്തിന്റെ പ്രതീക്ഷകളും സമന്വയിക്കുന്ന ശലഭ കാലത്തിനായുള്ള പ്രാർഥനകൾ. ഇവയായിരുന്നു ശലഭത്തിലൂടെ ആവിഷ്കരിച്ചത്. പഴയ കാല ഓർമകളെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഉതകുന്ന നാടൻ ജീവിത രീതികൾ അനാവരണം ചെയ്യുന്ന "ശലഭ കാലം" ഓരോ പ്രവാസിയുടെ മനസ്സിനെയും കുളിരണിയിക്കുന്നതായിരുന്നു. പവനിയനിൽ ഒരുക്കിയ പഴയ ചാരുകസേരയും അതിലിരിക്കുന്ന വലിയ കാരണവരെയും, അവരോടു കഥ പറയുന്ന മുത്തശിയും മരക്കൊമ്പുകളിൽ ഊഞ്ഞാലു കെട്ടിയാടുന്ന കുട്ടികളും മരങ്ങളും ചിത്ര ശലഭങ്ങളും വീണ്ടും കുട്ടിക്കാലതെയ്ക്ക് കൊണ്ട്  പോകുകയായിരുന്നു. ഇന്ന് പ്രവാസി കുട്ടികൾ അറിയാതെ പോകുന്ന പലതും കാണിക്കാൻ ശലഭകാലങ്ങളിലൂടെ ശ്രമിച്ചു. പഴയ ചിരവയും അമ്മിയും അമ്മിക്കല്ലും അതിനുധാഹരണം. മനുഷ്യ ജീവിതത്തിനു അനുഭവക്കുറിപ്പുകളും പുതിയ അടിക്കുറിപ്പുകളും ചേര്ത്തു കൊണ്ട് ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് അണിയിച്ചൊരുക്കിയ ഈ ശലഭ കാലത്തിന്റെ പ്രധാന ശിൽപികൾ എം ഇ എസ സ്കൂൾ അധ്യാപകരായ മൊയിദീൻ, ഷമാൽ എന്നിവരായിരൂന്നു. വിവിധ സ്കൂളുകൾ നിന്നുള്ള മിടുക്കന്മാരും മിദുക്കികളുമായ നാല്പത്തിആറോളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.


മറ്റു പവലിയനുകൾ
ഖത്തര്‍ ഗ്രീന്‍ സെന്‍റര്‍, യൂത്ത് ഫോറം, ഹമദ് ട്രെയിനിങ് വിഭാഗം എന്നിവരുടെ  പവലിയനുകളും ഏറെ ശ്രദ്ധിക്കക്കപ്പെട്ടു. ബാസിക് ലൈഫ് സപ്പോര്ടിനെ കുറിച്ചുള്ള ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തിയ  പ്രസന്‍േറഷന്‍ വളരെ ഉപകാര പ്രധമായിരുന്നു. ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൗണ്ടറുകളിലായി നടന്ന സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധന  സംവിധാനം നിരവധി പേര്ക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.

Wednesday, February 5, 2014

വിസ്മയിപ്പിക്കുന്ന ചിത്രകലാ ക്യാംപ്

കല മനുഷ്യന്റെ വൈകാരികമായ അവസ്ഥയുടെ ബഹിസ്ഫുരണമാണ്. സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളും പ്രതി സന്ധികളും മനുഷ്യനിലും ജീവിതത്തിലും സൃഷ്ടിക്കുന്ന  വ്യതിരക്തമായ ദർശനങ്ങൾ കലയിലും സാഹിത്യത്തിലും ദൃശ്യമാണ്, വ്യത്യസ്തമായ ഈ ദർശനങ്ങൾ ചില ബിംബങ്ങളുടെ സഹായത്തോടെ ചിത്രകാരന്മാർ അനാവരണം ചെയ്യുമ്പോൾ  ഭൗതികമായ വ്യാഖ്യാനങ്ങൾ  അനിവാര്യമായിത്തീരുന്നു.  കേവലാനന്ദസംവേധനത്തിനപ്പുറം കലയെ പറ്റി ചിന്തിക്കുകയും പ്രവർത്തിക്കുക്കയും ചെയ്യുന്ന ഒട്ടനവധി കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്, ദൃശ്യ ഭാഷാ സംസ്കാരത്തിന് നവീനമായ സംഭാവന നല്കുവാനും  അതിനു സുസംഘടിതമായ  ദിശാബോധം നല്കാനും കഴിവുള്ള ചിത്രകാരന്മാരെ തിരിച്ചറിയേണ്ടത് സാമൂഹിക സാംസ്കാരിക സംഘടനകളുടെ കർത്തവ്യമാണ്, ഇതിന്റെ ഭാഗമായി ഫ്രണ്ട്സ് കൾചറൽ സെന്റർ (എഫ് സി സി)  ഖത്തറിലെ  പ്രൽഭരായ ചിത്രകാരന്മാരുടെ  ഒരു സംഗമ വേദി അണിയിച്ചൊരുക്കുകയായിരുന്നു. ആധുനിക ചിത്ര കലയെ അടുത്തറിയാനും അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാനും നവീന ദൃശ്യ ഭാഷാ സംസ്കാരം വളർത്തിയെടുക്കുവാനും ഈ ചിത്ര കലാ ക്യാമ്പിലൂടെ ഇതിന്റെ പ്രവർത്തകർ ശ്രമിച്ചു. ചിത്ര ഭാഷയെന്നത് സാഹസത്തിൽ സാംഷീകരിച്ചെടുക്കാവുന്ന കാഴ്ച്ചയുടെ സംസ്കാരമെന്ന് കരുതുന്ന കലാ കാരന്മാരാണ് അധികവും. ഒരു ഛായാചിത്രം പ്രകൃതി ചിത്രീകരണം എന്നിവ കൊണ്ട് മാത്രം മാധ്യമ ശ്രദ്ധ നേടുക എന്നതിനപ്പുറം ചിത്രകാരെനെന്ന നിലയിൽ ചിരപ്രതിഷ്ഠ നേടാൻ ഇവർക്ക് സാധിക്കുന്നില്ല. വികലമായ ദുർഗ്രഹത സൃഷ്ടിച്ചു പലപ്പോഴും ആസ്വാദകരിൽ നിന്നും അകലുന്നു. ഈ തിരിച്ചറിവായിരിക്കും ഖത്തര്‍ കേരളീയം സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി  ഇത്തരമൊരു ക്യാമ്പിനെ പറ്റി ചിന്തിക്കാൻ എഫ് സി സി യെ പ്രേരിപ്പിച്ചത്. മനുഷ്യസൃഷ്ടിക്കുള്ള ആഹ്വാനമാണ് കല. മുഴുവന്‍ കലാസൃഷ്ടികളും നാം പെടാത്ത ഒരു ലോകത്തെക്കുറിച്ചുള്ള അവബോധമാണ്. മറ്റൊരു ലോകത്തെയും ക്രമത്തെയും സ്വപ്‌നം കണ്ടുകൊണ്ടാണ് ചിത്രകലയെ ചിത്രകാരന്‍ തന്റേതുമാത്രമായ ചിന്തയിലൂടെ ആവിഷ്‌കരിക്കുന്നത്.

കല, കലയ്ക്കുവേണ്ടി എന്നതിനപ്പുറം കല മാനവികതയുടെ ആവിഷ്‌കാരത്തിന് ഉപയോഗപ്പെടുത്തുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. സംഭാഷണരഹിതമായ ചിത്രകലയെ പുതിയലോകത്തെ സൃഷ്ടിക്കാന്‍ ചിത്രകാരന്മാര്‍ക്ക് സാധിക്കണമെന്ന്  എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ ക്യാമ്പ് ഉത്ഘാടന വേളയിൽ പറഞ്ഞു.
ഇന്ത്യയിൽ ജനിച്ചു വളർന്ന ഒട്ടനവധി ചിത്രകാരന്മാർ പ്രവാസികൾക്കിടയിലുണ്ട്. ഈ മേഘലയിൽ കഴിവ് തെളിയിച്ച ചിത്രകാരന്മാരും ചിത്രകാരികളും ഒത്തു ചേരുകയും അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും പൂർവകാല ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു ഈ ക്യാമ്പിലൂടെ.  ഒരോ ചിത്രവും ഓരോ അനുഭവമായിരുന്നു  രൂപങ്ങളെ, വര്‍ണങ്ങളെ, പ്രതലങ്ങളെയൊക്കെ ഭേദിച്ചു കൊണ്ടുള്ള ഒരു ഉത്തമ കലാവിഷ്കാരം. ക്യാമ്പിൽ നിന്നും കാൻവാസിലേക്ക്  വർണ്ണം പകർന്നു തുടങ്ങിയപ്പോൾ അത് ദോഹയിലെ കലാ സാംസ്കാരിക കൂട്ടായ്മയിൽ പുതിയ ചരിത്രവും അനുഭവവുമായി. ഇന്ത്യയിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്ന് കടൽ കടന്നു വന്ന ഇവർ ചിത്ര കലയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരായിരുന്നു. കലയായും ജീവിത ഉപാധിയായും വർണ്ണങ്ങളെ അക്ഷരാർഥത്തിൽ ഉപാസിക്കുന്നവർ. ഇങ്ങനെയുള്ള കുറച്ചു പേര്  ഒരു മുറ്റത്ത് അണിനിരന്നപ്പോൾ അവർ  വരച്ചു തീർത്ത ഇരുപതോളം  ചിത്രങ്ങൾ  ചിത്ര കലയെ സ്നേഹിക്കുന്നവർക്ക്  നിർവചിക്കാനാവാത്ത അനുഭൂതിയാണ് നല്കിയത്.

പൊതുസമൂഹത്തിലെ പല കാര്യങ്ങളോടും ബോധപൂർവ്വം  സൃഷ്ടിക്കാതെതന്നെ  കലാകാരന്റെ  പ്രതിപ്രവര്‍ത്തനം ചിത്രത്തിൽ വന്നു കൊള്ളൂമെന്ന് പറയുന്നത് ശരിക്കും  അന്വർതമാക്കുന്നതായിരുന്നു പല ചിത്രങ്ങളും. ചിത്രകല എന്നത് തികച്ചും വ്യക്തിപരമായ ആവിഷ്കരണമായത് കൊണ്ട് തന്നെ ഓരോരുത്തരും തങ്ങളുടെ സ്വതന്ത്ര ചിന്തയിലൂടെ  സ്വന്തമായ കൈയ്യൊപ്പ് ചാർതുകയായിരുന്നു. ലോകകലാരംഗത്തെ സമകാലികമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങൾ ചിത്രകലയിലെ സജീവമായ വര്‍ത്തമാനം, ആധുനിക  ചിത്രങ്ങള്‍, പ്രവാസ ജീവിതവും  പരിസ്ഥിതിപ്രശ്‌നങ്ങളും കാലാവസ്ഥാമാറ്റവും വ്യതിയാനവും പ്രമേയമാക്കിയ ചിത്രങ്ങൾ ഇങ്ങനെ ഇരുപതോളം ചിത്രങ്ങൾ മൂന്നു ദിവസം കൊണ്ട്  "കളർസ് ഓഫ് പാരഡയ്സ്" എന്ന പേരിലൂടെ   സൃഷ്ടിക്കപ്പെടുകയായിരുന്നു.  ഈ പത്തു  കലാകാരന്മാരിൽ ആറു പേര് മലയാളികളായിരുന്നു.  അസമിൽ നിന്ന് രണ്ടു പേരും ചത്തിസ്ഖഡിൽ നിന്നും  ബംഗാളിൽ നിന്നുമുള്ള ഓരോ കലാ കാരന്മാരും. മലയാളികളുടെ സാന്നിധ്യം ഏറെ സന്തോഷം നല്കി. ഇന്ന് ഇന്ത്യന്‍ ചിത്ര-ശില്പ കലയില്‍ നൂതനമായ പല പരീക്ഷണങ്ങളും നടത്തി അസൂയാവഹമായ പല നേട്ടങ്ങളും ഈ രംഗത്ത് കൈവരിച്ചവരില്‍ അധികവും മലയാളികളാണ് എന്നത് നമുക്ക് ഇവിടെ ഓർക്കാം, അതു തുടരുകയുമാണ്. ഇങ്ങനെ നമ്മുടെ നാട്ടില്‍ പുതിയ തലമുറയില്‍പ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും ഉണ്ടെങ്കിലും അവരില്‍ പലരും നേരിടുന്ന വെല്ലുവിളി സ്വസ്ഥമായി ഇരുന്ന് വരക്കാന്‍ ഒരു ഇടമില്ല എന്നതും അവര്‍ക്ക് സഹായം നല്‍കാനുള്ള സംവിധാനമില്ല എന്നതുമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ഈ അഭാവമാണ്  ഇവരില്‍ പലരെയും മറുനാട്ടില്‍ കുടിയേറാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു ഈ ഒരു പൊരായ്മയെയും നാം കാണേണ്ടതുണ്ട്.

ക്യാമ്പിൽ പങ്കെടുത്ത പത്തിൽ എട്ടു പേരും കലാ അധ്യാപകരും  രണ്ടു പേർ  ഗ്രാഫിക് ഡിസൈനറുമായിരുന്നു  ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദോഹയിലും ചിത്ര പ്രദർശനങ്ങൾ നടത്തിയവരാണ് മിക്കവാറും എല്ലാവരും ചിത്ര കലയിൽ ഉയർന്ന ബിരുദങ്ങൾ കരസ്തമാക്കിയവർ, ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയവർ, മലയാളിയായ  ഷാജി ലളിത കലാ അക്കാദമി സ്റ്റേറ്റ് അവാർഡ്, രാജാരവിവർമാ പുരസ്കാരം, ഐ എച്  ആർ ഡി ഫെല്ലോഷിപ്പ് എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായിരുന്നു. ചിത്രകാരന്മാരോട് സംവദിക്കാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ചിത്രകലയുടെ സംവേദനം, വീക്ഷണം, നൂതനഭാവങ്ങള്‍, 'ആധുനിക ചിത്രകലയും കാലവും' എന്നീ വിഷയങ്ങളിൽ  പഠനാർഹമായ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ അർത്ഥതലം  അന്വേഷിക്കുന്നതിനപ്പുറം  അത് ആസ്വദിക്കാനുള്ളതാണെന്ന വെളിപാട് അനുവാചരിലുണ്ടാക്കാൻ ക്യാമ്പിലൂടെ സാധിച്ചിട്ടുണ്ടന്നു ചിത്രകാരനായ ഷാജി ചേലാട് പറഞ്ഞു,   മലയാളികൾ സാക്ഷരതയിൽ പ്രബുദ്ധരാണങ്കിലും  ചിത്ര  ഭാഷയിൽ അല്പം പിറകോട്ടാണ്. ഇത്തരം ക്യാമ്പുകളിലൂടെ പുതിയ ദൃശ്യാ ഭാഷാ സംസ്കാരത്തിന് രൂപം നല്കാൻ കഴിയുമെന്നു സ്കൊല്ലെഴ്സ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ഷാജി പറഞ്ഞു. മൂന്നു തവണ ലളിത കലാ അക്കാദമി അവാർഡുകൾ നേടിയ അദ്ദേഹം എറണാകുളം കോതമംഗലം സ്വദേശിയാണ്. അദ്ദേഹത്തിൻറെ ചിത്രത്തിൽ പ്രതിഫലിച്ചത്  യന്ത്രവത്കരണ ജീവിതവും  ഗ്രുഹാഹരുതത്വവും   ഒറ്റപ്പെടലുകളും അനുഭവമാക്കുന്ന രൂപങ്ങൾ ആയിരുന്നു, അതിനു വേണ്ടിയുള്ള ബിംബങ്ങൾ ഉപയോഗിച്ചു സമകാലീന ചിത്രകലയിലൂടെ പ്രത്യേക ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു.

ഭവൻസ് സ്കൂളിലെ അധ്യാപകനും അങ്കമാലി സ്വദേശിയുമായ പ്രഹ്ലാദൻ  ലളിത കലാ അക്കാദമി അവാർഡ്  ലഭിച്ച പ്രതിഭയാണ്. കേരളത്തിനകത്തും പുറത്തും ക്യാമ്പുകൾ നടത്തി പരിചയമുള്ള ഈ കലാകാരൻ ചിത്ര രചനയ്ക്ക് പുറമേ ഒരു ശില്പിയും കൂടിയാണ്.  ശില്പമാണ് മുഖ്യവിഷയമെങ്കിലും ചിത്രരചനയിലേക്കു  പ്രവേശിക്കുകയായിരുന്നു.  സര്‍ഗസംവാദത്തിനും ആശയവിനിമയത്തിനും വിപുലമായ ഇടം തേടിയാണ് ചിത്ര രചനയിലേക്ക് പ്രവേശിച്ചതന്ന്  അദ്ദേഹം പറഞ്ഞു. അതിനു പുറമേ പത്തു വർഷത്തോളം മ്യൂസിക്‌ അഭ്യസിച്ച അതുല്യ പ്രതിഭയാണ് ഈ കലകാരൻ ഭീമാകാരമായ കെട്ടിടങ്ങൾ അതിന്റെ സ്വാധീനം ചിത്രത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഇടയിലൂടെ മുസികിന്റെ വേവും അനാവരണം ചെയ്യാൻ ശ്രമിച്ചപ്പോൾ ചിത്രം കാണുന്നവർക്ക്  ഒരു താളാത്മകത അനുഭവവപ്പെടുകയായിരുന്നു

മറ്റൊരു കലാ കാരനായിരുന്ന സന്തോഷ്‌ കൊല്ലം  എം ഇ  എസ് സ്കൂളിലെ ചിത്രാ കലാ അധ്യാപകനാണ്. അദ്ദേഹം നിർമ്മിച്ച ഇന്‍സ്റ്റലേഷൻ വർക്ക്‌ കാഴ്ചക്കാരെ വല്ലാതെ ആകർഷിക്കുന്നതായിരുന്നു. ഒരു പ്രവാസി തന്റെ ആശയും ആഗ്രഹങ്ങളും പെട്ടിക്കകത്ത്  കൊണ്ട് പോകുന്നു. പെട്ടിക്കിടയിൽയിൽ നിന്നും പുറത്തേക്കു ചാടുന്ന ആശകളും ആഗ്രഹങ്ങളും  പ്രവാസികളെ കാത്തിരിക്കുന്ന ചില ചൂഷകന്മാരെയും എടുത്തു കാണിച്ച ഇന്‍സ്റ്റലേഷൻ വർക്ക്‌ വർഷങ്ങളായി ആവർതിക്കപ്പെടുന്ന ഓരോ പ്രവാസിയുടെയും  അനുഭവ യാതാർത്ഥ്യങ്ങളായിരുന്നു.

"അവർ റെസ്പോൻസിബിലിറ്റി"  എന്ന സന്തോഷിന്റെ  ചിത്രം പ്രകൃതിയും  മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നു.  മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയും സന്തുലിതത്തിനു വിഘാതം നില്ക്കുകയും ചെയ്തപ്പോൾ  അതിനെ  സംരക്ഷിക്കേണ്ട ബാധ്യത കൂടി മനുഷ്യന് ഉണ്ട്  എന്ന്  വിളിച്ചറിയിക്കുക്കയാണ്.  മേഘത്തെ താങ്ങി പിടിച്ചു കൊണ്ടുള്ള മനുഷ്യ രൂപം  കാഴ്ചക്കാരെ ചിന്തിപ്പിച്ചു. ഏതു സമയവും ആ മേഘം  നമ്മുടെ തലയിൽ വീഴുമെന്ന രൂപത്തിൽ ആയിരുന്നു ചിത്രം. സന്തോഷിന്റെ തന്നെ മറ്റൊരു ചിത്രവും ഇതേ വിഷയത്തിൽ തന്നെയായിരുന്നു. ചിത്രം ഒരു കവിത വായിക്കുന്ന സുഖമായിരുന്നു നല്കിയത്.   മുളപൊട്ടി വരുന്ന ഒരു തെങ്ങിൻ തൈയുമായി ഇരിക്കുന്ന സ്ത്രീ.  തന്റെ കൊച്ച് കുഞ്ഞിനെ വളർത്തേണ്ട വികാരത്തോടെ അതിനെ നോക്കി കാണുന്നു.  ഇതിനെ വളർത്തി വലുതാക്കാനുള്ള  ബാധ്യത തനിക്കുണ്ടെന്ന്  ചിന്തിക്കുന്ന ആ സ്ത്രീ രൂപം മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം സൂചിപ്പിക്കുകയാണ്.  എല്ലാ ചിത്രങ്ങളും പ്രക്രുത്യുമായി ബന്ധപ്പെട്ടാണ് താൻ വരക്കുന്നത് എന്ന് സന്തോഷ്‌ പറയുന്നു. ബംഗ്ലൂരിൽ ശില്പ കലയുടെ മാസ്റ്റെർ പഠനത്തിനു ചേർന്നത് മുതൽ പ്രകൃതിതത്വമായ മെറ്റീരിയൽ ഉപയോഗിച്ചു ശില്പങ്ങൾ ചെയ്യാൻ തുടങ്ങി, ചിത്ര കലയോടോപ്പം ശില്പ കലയും സന്തോഷ്‌    ചെയ്തിരുന്നു. "അന്ധവിശ്വാസങ്ങളുടെ ബലിയാട്" എന്ന ശില്പത്തിന് ആയിരുന്നു 2001 ലെ ലളിത കലാ അക്കദമി അവാർഡ് ലഭിച്ചത്. മനുഷ്യൻ അന്ധവിശ്വാസത്താൽ  ബാധ ഒഴിപ്പിക്കാൻ മരത്തിൽ ആണി അടിക്കുമ്പോൾ ആ മരം ഇലകൾ കൊഴിഞ്ഞു ഇല്ലാതാകുന്ന ഒരു ശില്പമായിരുന്നു അന്ധവിശ്വാസങ്ങളുടെ ബലിയാട്.

മറ്റൊരു കലാ കാരനായിരുന്നു എം ഇ എസ്  അധ്യാപകനായ എറണാകുളം പനയമ്പള്ളി സ്വദേശി പി എം സഗീര്  പ്രതീക്ഷയും സ്വപ്നവും എന്ന പ്രമേയത്തിലായിരുന്നു ചിത്രം വരച്ചത്. പ്രകൃതിയിലെ മരങ്ങളെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്ന  ചിത്രമായിരുന്നു. മനുഷ്യന്റെ   സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിനു വേണ്ടിയും  സ്വപ്നവും  യാഥാര്‍ഥ്യവും തമ്മിലുള്ള വൈരുധ്യവും  ബന്ധവും സഗീറിന്റെ  ചിത്രം നമുക്ക് പറഞ്ഞു തരുന്നു. വിഹ്വലതകള്‍, ഭാവനകള്‍, ആകാംക്ഷകൾ , ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളില്‍ പ്രതിബിംബിച്ചു.

ഗ്രാഫിക് ഡിസൈനറായ ചേന്ദമങ്ങല്ലൂർ സ്വദേശി എം ബാസിത് ഖാൻ, കണ്ണൂർ സ്വദേശി മഹേഷ്‌ കുമാർ എന്നിവരുടെ വരയും മനോഹരമായിരുന്നു. കഴിഞ്ഞുപോയ ബാല്യങ്ങളും ഇപ്പോൾ ചുറ്റിലും കാണുന്ന ജീർണതകളും ചെറിയ ഒരു പ്രകാശത്തിലൂടെ പ്രതീക്ഷയും സ്വപ്നവും ഒരു മരക്കുതിരയിൽ കണ്ണ് കെട്ടി ഇരിക്കുന്ന കുട്ടിയുടെ ചിത്രത്തിലൂടെ പറയുന്നു. മറ്റൊരു ചിത്രത്തിൽ  കാലുകളിലൂടെ  രക്തമൊലിപ്പിക്കുന്ന ഒരു പ്രാവിലൂടെ  സമാധാനം നഷ്ടപ്പെട്ട ഒരു കാലത്തെ ഭംഗിയായി വരച്ചു കാണിക്കാൻ ശ്രമിക്കുന്നു  "കളർസ് ഓഫ് പാരഡയിസ്" എന്ന  പേരിൽ നടത്തിയ ഈ  ചിത്ര കലാ ക്യാമ്പ് വിജയിപ്പിക്കാൻ നേത്രത്വം നല്കിയത്  ബാസിതായിരുന്നു.

മറ്റൊരു പ്രതിഭയായിരുന്നു അസമിൽ നിന്നുള്ള സായിദ ഷമീം ബിന്ത സാകിയാ കൂട്ടത്തിലെ ഏക പെണ്‍സാന്നിദ്യമായിരുന്നു. ബിർള പബ്ലിക് സ്കൂളിലെ ക്രാഫ്റ്റ് അധ്യാപികയാണ് ഈ കലാകാരി. ബിർള സ്കൂളിലെ ചിത്ര കലാ വിഭാഗം മേധാവിയായ സുമന്‍പാല്‍ അസമിൽ നിന്ന് തന്നെയുള്ള മറ്റൊരു ചിത്രകാരനായിരുന്നു. ഭാരതീയ പാരമ്പര്യത്തനിമ ഉള്‍ക്കൊണ്ട സാംസ്‌കാരിക ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ അമൂർത്ത കലയെ ആസ്വാദമാക്കിയുള്ള  വര്‍ണങ്ങളുടെ സമന്വയയമായിരുന്നു അവരുടെ ചിത്രം. കറുപ്പും സ്വർണനിറവും കലർന്ന ലോഹത്തിൽ വാർത്തെടുത്ത പ്രതിമ പോലുള്ള വിശ്വ രൂപങ്ങളായിരുന്നു ഇവരുടെ ചിത്രം. ആദിത്യ വിക്രം ബിർള കലാ കിരണ്‍ പുരസ്കാരം നേടിയ ചത്തീസ്ഗഡിൽ നിന്നുള്ള അമിത് കുമാർ ചക്രവർത്തി ഡി പി എസ്  മോഡേൻ സ്കൂളിലെ  അധ്യാപകനാണ്. ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റെ നേർകാഴ്ച്ചയെയാണ്  അദ്ദേഹം തന്റെ ചിത്രത്തിൽ പ്രതിഫലിപ്പിച്ചത്.  രോഗികൾക്ക് നല്കുന്ന ഇഞ്ചക്ഷൻ  സിറിഞ്ചുകൾ  തലയിലും മുഖത്തും കുത്തി വെക്കുന്ന രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. ഇത്തരം ബിംബങ്ങളും  അടയാളങ്ങളുമെല്ലാം ദൃശ്യമാക്കി സമകാലീന ചിത്രകലയിലൂടെ പ്രത്യേക ദൃശ്യഭാഷ ചമയ്ക്കുകയാണ് ഈ വലിയ ചിത്രകാരന്‍. ചില അടി ച്ചേൽപ്പിക്കലുകൾ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെ പിറകോട്ടു വലിക്കുന്നതായി ചിത്രം പറയുന്നു. മിനിസ്ട്രി ഓഫ് ഹ്യുമൻ റിസോർസ് ഡൽഹി, നാഷണൽ സ്കോളർഷിപ്പ് ആൻഡ്‌  ജൂനിയർ ഫെല്ലോ ഷിപ്പിന് അർഹനായ  കലാകാരനാണ് ഈ ചിത്രകാരൻ. 

രണ്ടായിരത്തി രണ്ടിലെ നന്ദന അവാർഡ്  ലഭിച്ച പശ്ചിമ ബംഗാളിലെ ജൽപാൽ ഗുരിയിൽ നിന്നുള്ള അമിത് മജുംദർ ഡി പി സ് മോഡേണ്‍ സ്കൂളിലെ അധ്യാപകനാണ്. കൂട്ടിലകപ്പെട്ട സ്വാതന്ത്ര്യം  നിഷേധിക്കപ്പെട്ട ഒരു പക്ഷിയുടെ ചിത്രവും, എല്ലാം നോക്കി കാണുകയും വായ്‌ മൂടിക്കെട്ടപ്പെട്ട  ഒരു മുഖവും ഒരു പാട് കാര്യങ്ങൾ കാഴ്ചക്കാരോട് പറയുന്നു. കുതിരയുടെ പകുതി ഭാഗം ഒരു സ്ഫടിക പാത്രത്തിന്റെ അകത്തും പകുതി ഭാഗം പുറത്തും വരച്ചു കൊണ്ട് കാലഘട്ടത്തിന്റെ മാറ്റം വിവരിക്കുകയും പ്രവചിക്കുകയും ചെയ്ത ചിത്രം  കാമ്പിലെ  ഏറ്റവും മനോഹരമായ ചിത്രങ്ങലൊന്നായിരുന്നു. ആക്രിലിക്ക്, കളർ ഓയിൽ മിക്സഡ്‌ മീഡിയം എന്നീ മാധ്യമത്തിലാണ് പത്തു പേരും വരക്കുന്നത്.

ദോഹയിൽ ഇത്തരത്തിൽ ഒരു ഒത്തു ചേരൽ ഇതാദ്യമായിരുന്നു.  കാമ്പ് സമാപന ചടങ്ങിൽ ഖത്തര്‍ കലാ-സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ യൂത്ത് ക്രിയേറ്റീവ് ആര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ മുഅത്വി ചിത്രകലാ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. ആധുനികതയുടെ പുതുഭാവങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ചിത്രകാരന്മാരെ അദ്ദേഹം പരിചയപ്പെട്ടു. നാടക പ്രവര്‍ത്തകനും കുട്ടികളുടെ നാടക പ്രചാരകനുമായ വി.എസ്. ശ്രീകുമാര്‍ കല, ജീവിതം, നാടകം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി, ക്യാമ്പ് കണ്വീനർ  ഷാജി ചേലാട് എന്നിവര്‍ സംസാരിച്ചു. സന്തോഷ്‌കൃഷ്ണ സ്വാഗതവും ആര്‍ട്ടിസ്റ്റ് സുമന്‍പാല്‍ നന്ദിയും പറഞ്ഞു. ബൃഹത്തായ ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ശില്പങ്ങളും ഇനിയും പ്രദർശിപ്പിക്കാൻ ഈ കലാകാരന്മാർക്ക് കഴിയട്ടെ .

Wednesday, January 15, 2014

ഓർമ്മയിലെ സ്മാഷുകൾ


വളരെ ചെറുപ്പത്തിൽ തന്നെ  വൈകുന്നേരങ്ങളില്‍ മുതിർന്നവർ  വോളിബോള്‍ കളിക്കുന്നത്‌ കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഒരു പാട് നല്ല കളിക്കാർ വളർന്നു വന്ന നാടായിരുന്നു ഞങ്ങളുടേത്.   ഇന്നും പല പ്രഗത്ഭ  കളിക്കാരും അവിടെയുണ്ട്.  ഇവരുടെയെല്ലാം കളികള്‍ കണ്ടു വളര്‍ന്നതു കൊണ്ടുതന്നെ വോളിബോളിനെ മറക്കാൻ ഒരിക്കലും  കഴിയില്ല. ഇവിടെ ദോഹയിലെ  തിരക്ക് പിടിച്ച ജീവിതത്തിനിടയിലും വോളിബോള്‍ പ്രേമികല്ക്ക് കളിക്കാനും മത്സരങ്ങൾ കാണാനും സാധിക്കുന്നു എന്നത് വലിയ സന്തോഷം നല്കുന്നു. വോളിബോള്‍ പ്രേമികളെ ഒരുമിച്ചു കൂട്ടി കളിക്കാനും കളി കാണാനും അവസരം ഒരുക്കുന്ന ദോഹയിലെ വോളിഖിന്റെ പ്രവർത്തനം  ശ്ലാഘനിയമാണ്.

ഒരു കാലത്ത് വോളി കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായിരുന്നു അന്ന്  നാട്ടിൻ പുറങ്ങളിൽ വോളിബാൾ കോർട്ടില്ലത്ത ഒരു പ്രദേശം പോലും ഇല്ലായിരുന്നു. ഇന്നു കാലം മാറി പലയിടങ്ങളിലും മറ്റു പല കായിക വിനോദങ്ങൾക്കും വേണ്ടി വോളിബാൾ  വഴി മാറിക്കൊടുക്കയാണ്. പഴയ വോളിബാൾ കോർട്ടുകൾ അതികവും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ നിലങ്ങലിലുമായിരുന്നു ഇന്ന് അവിടെയല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു നില്ക്കുന്നു.  എന്നാലും വോളിബോളിനെ നെഞ്ചോടു ചേർത്തു പിടിക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു എന്നത് വളരെയധികം ആശ്വാസം നല്കുന്നു. ഒരു കാലത്ത് ലോകനിലവാരം പുലര്‍ത്തിയ കളിതന്നെയായിരുന്നു നമ്മുടേത്. മികച്ച പത്തു ലോക കളിക്കാരിൽ ഒരാളാവാൻ അന്ന് ഒരു മലയാളിക്ക് കഴിഞ്ഞിരുന്നു. ആ അതുല്ല്യ പ്രതിഭയായിരുന്നു പേരാവൂർ കാരനായ ജിമ്മി ജോർജ്. ജിമ്മി ജോർജിനെ ഓർക്കാതെ കേരളത്തിലെ വോളിബോളിനെ  കുറിച്ചു സംസാരിക്കാൻ കഴിയില്ല. വോളിബാളിന്റെ സുവർണ കാലഘട്ടമായിരുന്നു ജിമ്മിയുടെത്. അവരുടെ പേരുകൾ ഇന്നത്തെ പോലെ  പത്രങ്ങൾ കൊട്ടി ഘോഷിച്ചിരുന്നില്ല കാരണം അന്ന് മാധ്യമങ്ങൾ  ഇന്നത്തെ പോലെ  സ്പോർടിസിനു അത്രയും പ്രാധാന്യം കൊടുക്കാത്ത ഒരു കാലമായിരുന്നു. കളിയും കളിക്കാരും മാധ്യമങ്ങളിൽ കൊട്ടി ഘോഷിക്കപ്പെടുന്നതിനു മുമ്പേ മറഞ്ഞു പോകാൻ വിധിക്കപ്പെട്ട താരമായി മാറുകയായിരുന്നു ജിമ്മി. ജിമ്മി നമ്മിൽ നിന്നും മറഞ്ഞിട്ട്   27 വർഷം കഴിഞ്ഞു. ഇറ്റാലിയന്‍ ക്ലബ്ബായ യൂറോ സിബയ്ക്കുവേണ്ടി കളിക്കുമ്പോള്‍ 1987 നവംബര്‍ 30ന് മിലാനില്‍ വെച്ചാണ് ജിമ്മി കാറപകടത്തില്‍ മരിച്ചത്.    ലോകത്തിനു മുമ്പിൽ ഇന്ത്യന്‍ വോളിബോളിന്‍റെ കരുത്തറിയിച്ച അർജുന അവാർഡ് ജേതാവായ  ജിമ്മിയെ ഒരിക്കലും മറക്കാൻ കഴിയില്ല.

ഇതുപോലെ ജ്വലിച്ചു നിന്ന വേറെയും ഒരു പാട് താരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ഉദയകുമാർ, സിറിള്‍ സി.വെള്ളൂര്‍, റസാക്ക്, അൻവർ ഹുസൈൻ, ജോബി ജോസഫ്, ടീ ടീ ജോസഫ് (പപ്പൻ), മല്ലപ്പള്ളി വര്ക്കി, കുട്ടി കൃഷ്ണൻ, റഹ്മാൻ  ഇങ്ങനെ ഒരു പാട് പ്രതിഭകൾ ഉദിച്ചുയർന്ന നാടായിരുന്നു  നമ്മുടെത്,  വനിതകളും ഒട്ടും പിന്നിലായിരുന്നില്ല ദേശിയ കിരീടം നേടിയ  വനിതാ കളിക്കാരും നമുക്കുണ്ടായിരുന്നു, ഏലമ്മ, സാലി, സരസമ്മാൾ, ജെയ്സമ്മ മുത്തേടൻ, റോസമ്മ കുര്യൻ, ഗീത വളപ്പിൽ അവരിൽ ചിലരായിരുന്നു. കേരള വനിതാ വോളിയിലെ വെട്ടിത്തിളങ്ങുന്ന താരമായിരുന്നു ഒരു കാലത്ത്  ഏലമ്മ. ഏലമ്മയെ മറികടക്കുന്ന മറ്റൊരു താരം ഇത് വരെ വന്നിട്ടില്ല എന്ന് തന്നെ പറയാം.  അർജുന അവാർഡിനു ആദ്യമായി അർഹയായ വനിതാ താരവും  ഏലമ്മയായിരുന്നു. മലയാളികർക്ക് ആവേശം നല്കിയ ഒരു പാട് ടീമുകളും കേരളത്തിൽ ഉണ്ടായിരുന്നു പ്രീമിയര്‍ ടയേഴ്സ്‌, കേരളപോലീസ്‌, ടൈറ്റാനിയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌, പോര്‍ട്ട്‌ട്രസ്റ്റ്‌, കെ.എസ്‌.ഇ.ബി, ഇവയോക്കെ  വോളിബോൾ പ്രേമികല്ക്ക് ഹരം പകർന്ന കേരത്തിലെ പ്രകൽഭ ടീമുകളായിരുന്നു.

1986 ല്‍ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഏഷ്യൻ ഗയ്മ്സിൽ ഇന്ത്യ ജപ്പാനെ തോല്പിച്ചു വെങ്കലം കരസ്ഥമാക്കിയത് ഇന്ത്യൻ വോളിയുടെ  കരുത്ത് ലോകത്തിനു മുമ്പിൽ കാണിച്ചു കൊണ്ടായിരുന്നു. ആ ആവേശം പിന്നീട് ഇല്ലാതെ പോയി എന്നതാണ് സത്യം. അന്ന് കളിക്കളത്തിൽ ജിമ്മിയും സിറിൽ സി വെള്ളൂർ  ഉദയകുമാർ അടങ്ങിയ മലയാളി താരങ്ങൾ ഉണ്ടായിരുന്നു.  ടീമിന്റെ നട്ടെല്ല്  ജിമ്മിയായിരുന്നു. ഏഷ്യയിലെ കരുത്തരായ ജപ്പാൻ ചൈന കൊറിയ ടീമുകാളോടൊപ്പം ഇന്ത്യയും ഉണ്ടാവുമെന്ന പ്രതീക്ഷ നല്കുന്ന കളിയായിരുന്നു അന്ന് ഇന്ത്യ കാഴ്ചവെച്ചത്. പക്ഷെ പിന്നീട് അത്തരം ഒരു നേട്ടം ഇന്ത്യക്ക് കൈ വരിക്കാൻ സാധിക്കാതെ പോയി. പിന്നീട് അല്പമെങ്കിലും പ്രതീക്ഷ നല്കിയത് ജൂനിയര്‍ ടീമുകളായിരുന്നു.

ഇതൊക്കെയായിരുന്ന് മുൻകാല ചരിത്രമെങ്കിലും  ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കാൻ വളരെ കുറഞ്ഞ പേരെ കേരളത്തിൽ നിന്നും ഉള്ളൂ എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. മലയാളികളിൽ കളിക്കാർ കുറയുകയാണോ. ടോമിനെയും കപിലിനെയും അസീസിനെയും പോലെ കുറച്ചു നല്ല കളിക്കാർ ഇക്കാലത്തും ഉണ്ട് എന്നത് നമുക്ക് സന്തോഷം നല്കുന്നുണ്ടങ്കിലും ഒന്നോ രണ്ടോ മലയാളികല്ക്കെ  ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നുള്ളൂ എന്നത് ഒരു സത്യമാണ്. ഇന്ന് ലോക റാങ്കിങ്ങിൽ  ഇന്ത്യയുടെ സ്ഥാനവും പിന്നിലാണ്. ഇന്ത്യുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കുറച്ചു കൂടെ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.  വോളിബോളില്‍ ഏഷ്യന്‍ നിലവാരത്തില്‍  മുന്നേറാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്ന തിരിച്ചറിവ് നമ്മുടെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.

നാം ആദ്യം ശ്രമിക്കേണ്ടത് ഏഷ്യയിലെ ഏറ്റവും കരുത്തരായ വോളിബോള്‍ ശക്തിയായി മാറാനാണ്. ഇവിടെ നാം മാതൃകയാക്കേണ്ടത് ഇറാനെയാണ്. പിറകിലായിരുന്ന  ഇറാന്‍ കൃത്യമായ ഗെയിം പ്ലാനും ചിട്ടയായ പരിശീലനവും വഴി ഇന്ന് ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ ഏറ്റവും  നിര്‍ണായക ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു.  ഈ നേട്ടം അവര്‍ കൈവരിച്ചത്  പടിപടിയായാണ്‌.

അന്താരാഷ്‌ട്ര മത്സരങ്ങളിലെ  പരിചയക്കുറവാണു പലപ്പോഴും നമ്മുടെ ടീം പരാജയപ്പെടാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കാറുള്ള ഒരു പോരായ്മ. പലപ്പോഴും ജൂനിയര്‍ തലങ്ങളില്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പോലും മികവു  തെളിയിച്ച  പലരും  സീനിയര്‍  ടീമില്‍ ഇടം കണ്ടെത്തുമ്പോള്‍ അവസരത്തിനൊത്ത് ഉയരുന്നത് കാണാറില്ല എന്നതാണ് സത്യം. സീനിയര്‍ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഇവരെ  നേരെ എറിഞ്ഞു കൊടുക്കുന്ന രീതിയാണ് ഇന്ന് അവലംബിച്ചു പോരുന്നത്. ഇതിനു പകരം ഇവരെ എല്ലാ തരത്തിലും  വാര്‍ത്തെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്ന വിദേശ ടൂറുകള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തിയാൽ ഏറെ പ്രയോജനപ്പെടും എന്നതില്‍ സംശയമില്ല. വിവര സാങ്കേതികത ഏറെ വികസിച്ച ഈ കാലത്ത് പോലും   മറ്റു രാജ്യങ്ങള്‍ നല്കുന്നത്  പോലെയുള്ള ആധുനിക രീതിയിലുള്ള പരിശീലനം ലഭിക്കുന്നുണ്ടോ എന്നത് സംശയകരമാണ് .  ശാസ്ത്രീയമായ പരിശീലനത്തിന്റെ കുറവാണ് ഇന്ത്യൻ ടീമിന്റെ പരാജയത്തിനു കാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്. വോളിബോളിനെ നെഞ്ചോടു ചേര്‍ക്കുന്ന കേരള ടീമുകൾക്ക് ശാസ്ത്രീയ പരിശീലനക്കളരികളും ആധുനിക സൌകര്യമുള്ള കളിക്കളങ്ങളും ഒരുക്കണം അത് വഴി മറ്റൊരു ജിമ്മിയെയും ഏലിയമ്മയെയും നമുക്ക് വളര്‍ത്തിക്കൊണ്ട് വരാൻ കഴിയും. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തതാണ് നമ്മുടെ കഴിവ് കേട്.  ശോഭനമായ ഭാവിയുള്ള കായിക ഇനങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ട്‌ ലഭ്യമാക്കാതെ ഏതെങ്കിലും ചില കളികളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന അധികാരികളുടെ മനോഭാവവും മാറേണ്ടിയിരിക്കുന്നു.

വോളിയെ നെഞ്ചിലേറ്റുന്ന വോളിഖ്
വോളിബാൾ പ്രേമികല്ക്ക്  വേണ്ടി ദോഹയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വോളിഖ്" വോളിഖിനെ ദോഹയിലെ വോളിബോൾ പ്രേമികളുടെ വലിയൊരു കൂട്ടയ്മയാക്കിയത് വോളിബാൾ കളിക്കാരനായ ആഷിക് അഹ്മദ് ആണ്. ഇന്നും അതിന്റെ ചുക്കാൻ പിടിക്കുന്നത് ആഷിക് തന്നെ. ചെറുപ്പം മുതല്ക്കേ കളിച്ചു വളർന്ന ആഷിക് ഇപ്പോഴും ദോഹയിൽ നടക്കുന്ന എല്ലാ ടൂർണമെന്റികളിലും കളിക്കുകയും മറ്റുള്ളവരെ കളിപ്പിക്കുകയും ചെയ്യുന്നു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭ ടീമുകളെ അണി നിരത്തി തുടർച്ചയായി നാല് തവണ ഇന്റർനാഷനൽ വോളിബോള്‍ ടൂര്‍ണമെന്റ്  വോളിഖ്  നടത്തി.  ഇന്ത്യയിലെ  പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായ  വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്  ഖത്തർ വോളിബാൾ അസോസിയേഷന്റെ സഹകരണത്തോടെ വോളിഖു് സംഘാടകര്‍ ഇവിടെ ഓരോ പ്രാവശ്യവും സംഘടിപ്പിച്ചത്. ഇന്ത്യൻ ടീമിൽ നിന്നും തിരഞ്ഞെടുത്ത കളിക്കാരെ ചേർത്തു കൊണ്ട് ഖത്തർ ടീമുമായി സൗഹ്ര്ദ മത്സരം നടത്താനും വോളിഖിനു കഴിഞ്ഞു. ഇത് മൂലം ഇന്ത്യൻ കളിക്കാർക്ക്  വിദേശ ടീമിനോട് കളിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു വോളിഖു്. ടോം, അസീസ്‌, കപിൽ, കിഷോർ, ശിജാസ് ഇവരുടെ കളികൾ മലയാളികളെ ശരിക്കും ആവേശം കൊള്ളിക്കുകയായിരുന്നു. കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ഖത്തറിലെ സ്റ്റെഡിയം ആരവത്തോടെയും കയ്യടികളോടെയുമായിരുന്നു കളികൾ  വീക്ഷിച്ചത്.

ഖത്തറിലെ  ഇന്ത്യക്കാരായ വോളിബാൾ പ്രേമികളുടെ  ജീവിതത്തിന്റെ  ഭാഗമായി മാറിക്കഴിഞ്ഞ വോളിഖ്  കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി വിവിധ മത്സരങ്ങൾ നടത്തുകയും  കളിക്കാൻ വേദികൾ ഒരുക്കുകയും , യുവതലമുറയെ കായികരംഗത്തേക്ക്‌ ആകര്‍ഷിക്കുന്നതിനായി വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു. ജിമ്മിയുടെ ഇരുപത്തഞ്ചാം ചരമ വാർഷികത്തൊടനുബന്ധിച്ചു ഐഡിയൽ  ഇന്ത്യൻ  സ്കൂളിൽ ജിമ്മിയുടെ കളി പ്രദർഷിപ്പിക്കുകയും അനുസ്മരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.  ഐ സി  സി  നടത്തിയ ഒരു പരിപാടിയിലായിരുന്നു വോളിഖ്  ജിമ്മി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.  ഖത്തർ പ്രവാസി വോളിബോൾ  അസോസിയേഷൻ  ദോഹയിലെ കളിക്കാരെ  ഉൾപെടുത്തി രണ്ടു വർഷങ്ങളിലായി നടത്തിയ കമ്മ്യുനിറ്റി ലീഗ് മത്സരത്തിൽ നിര്‍ണായക ശക്തി ആവാൻ ഇന്ത്യൻ കമ്മ്യുനിറ്റിക്കു കഴിഞ്ഞതും കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായി ഉയരാൻ കഴിഞ്ഞതും വോളിഖിന്റെ ഏകോപനം മൂലമായിരുന്നു.

ഈ വർഷത്തെ  ഖത്തർ നാഷണൽ ഡേയുടെ  ഭാഗമായി മിനിസ്ട്രി ഓഫ് ഇന്റെരിയരിന്റെ സഹകരണത്തോടെ  വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടൂർണമെന്റ് നടത്താൻ വോളിഖിനു സാധിച്ചു, ഫിലിപ്പീന്‍സ്, പാക്കിസ്താന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കളിക്കാരുടെ ഓരോ ടീമുകളും നേപ്പാള്‍ കമ്യൂണിറ്റിയുടെ രണ്ടു ടീമുകളും ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നാല് ടീമുകളുമാണ് അല്‍ വക്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ കളിച്ചത്. ഇതിനു നേത്രത്വം നല്കിയത് വോളിഖിന്റെ ജനറൽ സിക്രട്ടറി ആഷിക് അഹ്മദ് ആയിരുന്നു. കഴിഞ്ഞ വർഷവും വോളിഖ് മത്സരം ഒരുക്കിയിരുന്നു.

കളിയെ സ്നേഹിക്കുന്ന ഏതൊരു  മലയാളിക്കും ഇതിൽ ചേർന്ന് പ്രവർത്തിക്കാമെന്നും നാട്ടിൽ നിന്നും നന്നായി കളിച്ചു ജോലി തേടി ഇവിടെ എത്തിയ കളിക്കാർക്ക്‌  അവരുടെ കളി മുരടിച്ചു പോകാതെ വീണ്ടും കളിയ്ക്കാൻ വോളിക്ക്  ഇവിടെ അവസരം ഒരുക്കുന്നതായും  സംഘാടകർ പറയുന്നു. പൂര്‍ണ ആരോഗ്യമുള്ള ഒരു ശരീരത്തിനുമാത്രമേ നന്നായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ക്രിയാറ്റീവായ കാര്യങ്ങൾ ചെയ്യാനും  കെല്‍പ്പുള്ള ഒരു മനസിന്റെ ഉടമയാകാന്‍ സാധിക്കൂ. കായിക വിനോദം ആരോഗ്യത്തോടൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു. ആരോഗ്യമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്പോർടിസിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട്   ദോഹയിൽ കായിക പ്രേമികളെ വളർത്തി എടുക്കാനാണ് വോളിക്ക് ലക്ഷ്യമിടുന്നത്.

കളിയുടെ മാറ്റം
1895 ൽ കായികാധ്യാപകനായ മോർഗൻ  സമ്മാനിച്ച കായിക വിനോദമായിരുന്നു വോളിബോൾ, ആർക്കും കളിക്കാൻ കഴിയുന്ന ഒരു നെറ്റിനു മുകളിലൂടെ പന്ത് എറിയുന്ന കളിയായിരുന്നു മോർഗൻ തുടങ്ങിയത്. കാല ക്രമേണ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി. അമേരിക്കൻ  അതിർത്തി കടന്നു മറ്റു രാജ്യങ്ങളിലും വോളിബോളിനു  പ്രചാരം ലഭിച്ചു, 1924 പാരീസ് ഒളിമ്പിക്സിൽ പ്രദർശന മത്സരമായി വോളിബാൾ രംഗത്ത് എത്തുകയും 1964 ടോകിയോ ഒളിമ്പിക്സിൽ ആദ്യമായി  വോളിബാൾ മത്സരങ്ങൾ പുരുഷ വിഭാഗത്തിൽ ഉൾപെടുത്തുകയും ചെയ്തു. 1947 മുതൽ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന ചുമതല  അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ ഏറ്റെടുത്തു. ദോഹയിലെ പഴയ പല പ്രവാസി കളിക്കാരും  കളിച്ചു ശീലിച്ചത് പതിനഞ്ചു സ്കൊരിലായിരുന്നു ഇപ്പോഴും പല നാട്ടിൻ പുറങ്ങളിലും  സാധാരണ കളികളിൽ ഈ  രീതി തന്നെ തുടരുന്നു. പഴയ പതിനഞ്ചു സ്കോറിൽ നിന്നും 25 പോയിന്റിൽ കളി അവസാനിപ്പിക്കുന്ന രീതിയാണിപ്പോൾ,  മുമ്പ് സർവ് ചെയ്തിരുന്ന ടീമിനു മാത്രമേ പോയിന്റ് ലഭിക്കുക  ഉണ്ടായിരുന്നുള്ളു. ഇന്ന് പന്ത് താഴെയിടുന്ന ടീമിന്റെ എതിർ ടീമിന് സർവും പോയിന്റും ലഭിക്കുന്നു. അനന്തമായി നീണ്ടു പൊയ്ക്കൊണ്ടിരുന്ന കളികളെ നിയന്ത്രിക്കാൻ ഈ മാറ്റം മൂലം സാധിച്ചു. പഴയ കളിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഈ കളിയുടെ പുതിയ നിയമത്തിൽ വന്നിട്ടുണ്ട്.
Related Posts Plugin for WordPress, Blogger...